Saturday, March 30, 2013

കാടിന്റെ വില ജീവന്റെ വില

ലേഖനം
ജോൺ പെരുവന്താനം










         മാനവരാശിയുടെ ജീവന്റെ നിലനിൽപ്പിന്റെ അടിസ്ഥാനഘടകങ്ങളെ നിർണ്ണയിക്കുന്ന ധർമ്മമാണ്‌ വിശാല അർത്ഥത്തിൽ വനങ്ങൾ നിർവ്വഹിക്കുന്നത്‌. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും കാലാവസ്ഥാ സുരക്ഷയ്ക്കും വേണ്ടി വനസുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്‌. ആഗോളതാപനം ദുരന്തഭീഷണി ഉണർത്തുന്ന ഈ കാലഘട്ടത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും ദുരന്തങ്ങളിൽ നിന്നും മരുവത്കരണത്തിൽ നിന്നും ഭക്ഷ്യക്ഷാമത്തിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ വനവിസ്തൃതി വർദ്ധിപ്പിക്കുക മാത്രമേ മാർഗമുള്ളൂ. ഇന്നു നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഷികവിളകളുടെ വിത്തിനങ്ങൾ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടുപോയാൽ നമുക്ക്‌ വീണ്ടും ആശ്രയിക്കാവുന്നത്‌ അവയുടെയൊക്കെ പൂർവ്വജനുസ്സുകൾ സ്ഥിതിചെയ്യുന്ന വനങ്ങളെ മാത്രമാണ്‌. ജീവസാന്ദ്രമായ ഭൂമുഖത്ത്‌, കരകളിലെ കാട്‌ എന്ന് നാം വിളിക്കുന്ന സസ്യസമൂഹങ്ങൾക്ക്‌ മനുഷ്യനേക്കാളും വളരെ പഴക്കമുള്ള പരിണാമ പാരമ്പര്യമുണ്ട്‌. നിബിഡതയും വൈവിധ്യവും സസ്യങ്ങൾക്ക്‌ മുൻതൂക്കവുമുള്ള ജീവസമൂഹങ്ങളെയാണ്‌ പൊതുവേ കാട്‌ എന്ന വാക്കു കൊണ്ട്‌ നാം വർണ്ണിക്കുന്നതെങ്കിൽ 3500-4000 ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ തന്നെ ഭൂമുഖത്ത്‌ അതീവവിസ്തൃതിയിൽ കാടുകൾ ഉണ്ടായിരുന്നു. ഈ കാടുകളിൽ ഉൾക്കൊണ്ട ഊർജ്ജവും ജൈവകാർബണും നൈട്രജനും കാരണമാണ്‌ ഭൂമിയിൽ സംഭവിച്ച ജൈവമണ്ഡലത്തിലെ മാറ്റങ്ങൾ ഒക്കെയും. 


ജീവികളുടെ ലോകത്ത്‌ സംഭവിച്ച എല്ലാ പരിണാമ വികാസങ്ങളും കാടുകളുടെ വളർച്ച മൂലമുണ്ടായതാണ്‌. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഉത്ഭവത്തോടെ സസ്യവൈവിധ്യം വളരെയേറെ വർദ്ധിക്കുകയും ജീവിവംശങ്ങളുടെ പരിണാമങ്ങൾക്ക്‌ ഏറെ വേഗത കൂടുകയും ചെയ്തു. പുല്ലുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതും, സസ്യഭുക്കുകളായ സസ്തനികളുടെ വിസ്ഫോടനകരമായ പരിണാമ വളർച്ചയും പരസ്പരം ആശ്രിതമാണ്‌. ജീവശാസ്ത്രമോ, പരിസ്ഥിതിശാസ്ത്രമോ ജന്മം കൊടുത്തൊരു വാക്കല്ല കാട്‌. കാടിനെ തിരിച്ചറിയാൻ മനുഷ്യന്റെ കാഴ്ചപ്പാട്‌ പ്രധാനമാണ്‌. കാടെന്ന നിർവ്വചനത്തിൽപ്പെടാൻ സസ്യസമൂഹത്തിൽ നിബിഡത വളരെ പ്രധാനപ്പെട്ട ഘടകമാണ്‌. പെരുപ്പമാണ്‌ നിബിഡത സൃഷ്ടിക്കുന്നത്‌. പെരുപ്പമാണ്‌ പ്രകൃതിയുടെ രീതി. ഇതാണ്‌ കാടിന്റെ ആവിർഭാവം. സസ്യങ്ങളുടെ നിബിഡത കൊണ്ട്‌ ആ സമൂഹത്തിലെ എണ്ണിയാൽ തീരാത്ത ജീവഘടകങ്ങളുടെ പരസ്പരപൂരക ബന്ധങ്ങളുടെ  ശക്തികൊണ്ട്‌ ജൈവമണ്ഡലത്തിലെ മിക്കവാറും എല്ലാ രാസപ്രവർത്തനങ്ങളെയും സ്വാധീനിച്ച്‌ നിയന്ത്രിച്ചിരുന്ന ആയിരക്കണക്കിന്‌ ലക്ഷം വർഷങ്ങളുടെ പരിണാമചരിത്രമുള്ള കാടുകളെയാണ്‌ മനുഷ്യൻ ചുരുങ്ങിയ കാലം കൊണ്ട്‌ ഭൂമുഖത്ത്‌ നിന്ന് ഏതാണ്ട്‌ തുടച്ചുനീക്കിയത്‌. കോടിക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ പ്രകൃതി രൂപപ്പെടുത്തിയ പ്രകൃതിയുടെ തിരുശേഷിപ്പുകളായ പർവ്വതങ്ങളും മലനിരകളും വനങ്ങളും നീരുറവകളും ജലസ്രോതസ്സുകളും നശിപ്പിക്കുന്ന, പ്രകൃതിയെ കൊള്ളയടിക്കൽ എന്ന വികസനവീക്ഷണം ഭൂമിയിലെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെ സഹായിക്കാനാണ്‌. 


സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയിൽ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി 455 കോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഭൂമിയെന്ന അത്ഭുതഗ്രഹം; പ്രപഞ്ചത്തിലെ ജീവന്റെ അറിയപ്പെടുന്ന ഏകഗോളം. മഞ്ഞുപാടങ്ങളെന്നറിയപ്പെടുന്ന ഗ്ലേസിയറുകൾ, ചൂടുനീരുറവകളായ ഗെയ്സറുകൾ, മേഘങ്ങൾ, വേലിയേറ്റങ്ങൾ, ഗ്രഹണം, ജലമണ്ഡലം, ഭൂഖണ്ഡങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളാൽ, അനന്തമല്ലെങ്കിലും അജ്ഞാതമായ ഭൂമി മനുഷ്യന്റെ തീരാത്ത അത്ഭുതങ്ങളിൽ ഒന്നാണ്‌.


കോടികോടി ജീവജാലങ്ങൾ, കൂറ്റൻ പർവ്വതങ്ങൾ, എണ്ണമറ്റ പുഴകൾ, കരകാണക്കടലുകൾ, ഇരുണ്ട വനങ്ങൾ, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും, എല്ലാമെല്ലാം അവനെ ആലോചിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അനാദികാലം മുതൽ അവയുടെ രഹസ്യങ്ങളിലേക്ക്‌ മനുഷ്യൻ തുടങ്ങിയ അന്വേഷണ സഞ്ചാരം ഇപ്പോഴും തുടരുന്നു.


ഈ അന്വേഷണയാത്രയിൽ വെളിപ്പെട്ടതിനേക്കാൾ ഏറെ കാര്യങ്ങൾ ഇരുളിലാണ്‌ എന്നത്‌ നമ്മുടെ കാൽക്കീഴിൽ കറങ്ങുന്ന ഈ ഗോളത്തെക്കുറിച്ചുള്ള അത്ഭുതത്തിന്റെ തരംഗദൈർഘ്യം കൂട്ടുന്നു. ഭൂമിയുടെ പല പ്രതിഭാസങ്ങൾക്കും ഇന്നും പൂർണ്ണമായ ഉത്തരമില്ല. ഒരു സുനാമി വരുമ്പോൾ, ഭൂകമ്പം വരുമ്പോൾ, അഗ്നിപർവ്വതം പൊട്ടിയൊലിക്കുമ്പോൾ, അമ്ലമഴ പെയ്യുമ്പോൾ, അതിവർഷവും അൽപവർഷവും വരുമ്പോൾ, കൊടുംവരൾച്ചയ്ക്കു പുറമേ വൻ വെള്ളപ്പൊക്കം വന്നുകയറുമ്പോൾ നാം അഹങ്കരിച്ചിരുന്ന അറിവുകൾ പലപ്പോഴും മതിയാവുന്നില്ല. അപൂർണ്ണതയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട്‌ മനുഷ്യപ്രതിഭ അന്വേഷണം തുടരുന്നു.


ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ ഭൂമുഖത്ത്‌ നിലനിൽക്കുവാൻ ഏതാണ്ട്‌ അമ്പതിനായിരം ചരുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ ഉണ്ടായിരിക്കണമെന്നാണ്‌ അന്തർദ്ദേശീയ ശാസ്ത്രമാനദണ്ഡം. 33 ദശലക്ഷത്തിലധികം വരുന്ന ജൈവരാശിയുടെ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണ്‌ മനുഷ്യൻ. മനുഷ്യന്‌ മുൻപ്‌ ജന്മം കൊണ്ടവയാണ്‌ ഈ ഭൂമിയിലെ മുഴുവൻ ജന്തുജീവജാലങ്ങളും സസ്യലതാദികളും. ആഹാരം തേടുന്നതിൽ തുടങ്ങി നാഗരിക സംസ്കാരത്തിന്റെ മുന്നോട്ടൂള്ള പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും കാടുകളെ നശിപ്പിക്കുകയായിരുന്നു നാം. ആധുനികലോകത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്ന പരിസ്ഥിതി മലിനീകരണവും ചുറ്റുപാടുകളെ മാറ്റിമറിക്കാൻ നാം ശ്രമിക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ദുരന്ത ഭീഷണിയുമാണ്‌ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും.


ഓരോ പ്രദേശത്തും ലഭ്യമായ സൗരോർജ്ജം, ആർദ്രത, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിലെ ധാതുലവണസ്വഭാവം ഇവയാണ്‌ മുഖ്യമായും അവിടത്തെ ജീവസമൂഹങ്ങൾ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിർജ്ജീവഘടകങ്ങൾ. ഭൂമിയുടെ ഉപരിതലത്തിലെ സസ്യനിബിഡമായ സ്ഥലത്ത്‌ മണ്ണിലെത്തുന്ന സൗരോർജ്ജത്തെയും അവിടെ അന്തരീക്ഷത്തിൽ വാതകരൂപത്തിലും മണ്ണിൽ ഖരരൂപത്തിലും എത്ര ആർദ്രത നിലനിൽക്കുന്നുവെന്നും വെള്ളവും ഊർജ്ജവും എത്രവേഗം ചലിച്ചുകൊണ്ടിരിക്കണമെന്നും തീരുമാനിക്കുന്നത്‌ കാടാണ്‌. ഊർജ്ജത്തിന്റെ അളവും ജലലഭ്യതയുമാണ്‌ ഭൂമുഖത്തെ എല്ലാ ചാക്രിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഈ ചാക്രികതകളുടെ സന്തുലിതാവസ്ഥയിലേ ജീവപരിണാമ തുടർച്ച നിലനിൽക്കുകയുള്ളൂ. കേരളം ഭൂമധ്യരേഖയിൽ നിന്നും 10 ഡിഗ്രിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട്‌ ഇവിടെ ഊർജ്ജലഭ്യത വളരെ കൂടുതലാണ്‌. അത്‌ ഏറ്റുവാങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിച്ച്‌ കാലാവസ്ഥയെ നിയന്ത്രിക്കുവാൻ മഴക്കാടുകൾക്കേ കഴിയൂ. ഒരു ജീവിക്കുപോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാനുള്ള ഭൂവിസ്തൃതിയില്ലാത്ത കേരളത്തിൽ നാലായിരത്തിലധികം ജന്തുസസ്യ ജീവജാതികൾ തിങ്ങിനിറഞ്ഞ്‌ നിൽക്കുന്ന അത്യപൂർവ്വമായ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഒരു ജീൻപൂളാണ്‌ കേരള പശ്ചിമഘട്ടം. കാടുകളുടെ നാശം ഊർജ്ജപ്രവാഹത്തിന്റെ താളം തെറ്റിക്കും. ഈ താളംതെറ്റലുകൾ നാം ഏറ്റവും വ്യക്തമായി അറിയുന്നത്‌ ജലചംക്രമണത്തിൽ വരുന്ന മാറ്റങ്ങളിലൂടെയാണ്‌. പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആർദ്രത വളരെ വേഗം കുറയുകയാണ്‌. ഉണങ്ങിയ വായൂ, മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളിൽ നിന്ന് വെള്ളം ബാഷ്പീകരിച്ച്‌ നഷ്ടപ്പെടുന്നതിന്‌ വേഗത കൂടുന്നു. പാലക്കാട്‌, ഇടുക്കി, വയനാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ്‌ ആറായിരം മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ്‌ കുറഞ്ഞ്‌ ഈ പ്രദേശങ്ങൾ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.


വൻകരകളുടെ കടലിനോട്‌ ചേരുന്ന പടിഞ്ഞാറൻ അതിരുകൾ കൂടുതൽ ചൂടുപിടിക്കുന്ന പ്രദേശങ്ങൾ ആയതുകൊണ്ട്‌ ഏറ്റവും നിശിതമായ മരുവത്കരണം അവിടെയായിരിക്കും അനുഭവപ്പെടുക. ആഫ്രിക്കയിലെ നമീബിയൻ മരുഭൂമി ഭാവിയിൽ കേരളം എന്താകുമെന്നതിന്റെ ഒരു ചൂണ്ടുപലകയാണ്‌. മൺസൂൺ വായൂപ്രവാഹം കാരണം മഴ കിട്ടുന്നതുകൊണ്ടാണ്‌ കേരളം പച്ച പിടിച്ചു നിൽക്കുന്നത്‌. ഭൗമാന്തരീക്ഷത്തിലെ മാറുന്ന വായൂപ്രവാഹങ്ങളും കടൽ ഒഴുക്കുകളും മൺസൂൺ കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി പറയാൻ ആവില്ല. ഭൂമദ്ധ്യരേഖ പസഫിക്‌ സമുദ്രത്തിലെ എൽനിനോ പ്രവാഹവും മറ്റും ദുരന്തസൂ ചകങ്ങളെയാണ്‌ കാണിക്കുന്നത്‌. വനനശീകരണം എല്ലായിടത്തേക്കും വ്യാപിച്ചു. മെഡിറ്ററേനിയൻ കടലിനും ചുറ്റും പശ്ചിമ ഏഷ്യയിലേക്കും, വടക്ക്‌ കിഴക്ക്‌ കാസ്പിയൻ കടൽ വരെ നീണ്ടു കിടക്കുന്ന സമശീതോഷ്ണാവസ്ഥാ പ്രദേശത്തെ കാടുകളെയാണ്‌ നാം ഉന്മൂലനം ചെയ്തത്‌. ലോകത്ത്‌ വ്യാപകമായി നിലനിൽക്കുന്ന, ഉത്തരാർദ്ധ ഗോളങ്ങളെ ചുറ്റിയുള്ള സൂചിയിലെ, വൃക്ഷങ്ങളുടെ ബോറിയൻ കാടുകളാണ്‌. അലസ്ക, കാനഡ, സ്കാൻഡിനോവിയൻ രാജ്യങ്ങൾ, റഷ്യ, സൈബീരിയ എന്നിവിടങ്ങളിലായി ഇത്‌ വ്യാപിച്ചു കിടക്കുന്നു. മഞ്ഞുപാളികൾ മൂടിയിരുന്ന പ്രദേശങ്ങളിലെ മഞ്ഞ്‌ ഉരുകിമാറിയതിനു ശേഷം പരിണമിച്ചുണ്ടായതാണീ കാടുകൾ. ഇന്നിതു പൂർണ്ണമായും നാശത്തിന്റെ വക്കിലാണ്‌. 


1500 ലക്ഷം വർഷം പഴക്കമുള്ള ഉഷ്ണമേഖല മഴക്കാടുകളായ ആമസോൺ കാടുകളുടെ നാശം ലോകത്തിന്റെ കാലാവസ്ഥയെത്തന്നെ തകിടം മറിക്കുന്നു. മനുഷ്യപ്രവൃത്തി കൊണ്ട്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥാമാറ്റവും അതിരൂക്ഷമായ അന്തരീക്ഷമലിനീകരണവും ഒക്കെ കാരണം ഇനി സംരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ട വനങ്ങൾ തന്നെ നിലനിൽക്കുമോ എന്ന ഭയാശങ്കയിലാണ്‌ ശാസ്ത്രജ്ഞന്മാർ. നോർവേ, ഫിൻലാൻഡ്‌ പോലുള്ള നാടുകളിലെ സൂചിയിലെ കാടുകൾ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ വ്യവസായകേന്ദ്രങ്ങൾ പുറത്തുവിടുന്ന വാതകങ്ങൾ മൂലമുള്ള അമ്ലമഴയിൽ കരിഞ്ഞുണങ്ങി കാട്ടുതീയ്ക്ക്‌ വിധേയമായി നശിച്ചു കൊണ്ടിരിക്കുന്നു. അതിസങ്കീർണ്ണമായ ഘടനയിൽ അനന്യ സാധാരണമായ ജൈവവൈവിധ്യം ആഗോളവ്യാപകമായ പാരിസ്ഥിതിക ധർമ്മങ്ങളുടെ ഉഷ്ണമേഖല മഴക്കാടുകളെ ഒട്ടും പരിചയമില്ലാത്ത, പഠിച്ചിട്ടില്ലാത്ത വെള്ളക്കാരന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ വനശാസ്ത്ര കാഴ്ചപ്പാട്‌ കാടിനെ സംരക്ഷിക്കാൻ മതിയാവില്ല. 


കാടും വനവും ഒന്നല്ല. ഭൂമദ്ധ്യരേഖയിൽ നിന്നും 28 ഡിഗ്രി വരെയുള്ള പ്രദേശത്ത്‌ വളരുന്ന പ്രദേശത്തെ കാടെന്നും അതിനപ്പുറത്ത്‌ വളരുന്ന വെജിറ്റേഷനെ വനമെന്നും വിളിക്കാവുന്നതാണ്‌. കാട്‌ എന്ന ആവാസവ്യവസ്ഥയിൽ ആയിരക്കണക്കായ സസ്യ ജന്തുജീവജാതികളും കോടിക്കണക്കായ സൂക്ഷ്മജീവജാലങ്ങളും സജീവമായ പ്രകൃതിയുടെ ജൈവ കലവറയാണ്‌. 28 ഡിഗ്രിക്ക്‌ അപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വനങ്ങളിൽ കുറച്ചിനം മരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. 


ലോകത്തിന്റെ നിലനിൽപ്പ്‌ നിർണ്ണയിക്കുന്നത്‌ ജൈവവൈവിധ്യ സമൃദ്ധിയാണ്‌. കാട്‌ എന്നതിന്‌ അർത്ഥം പരസ്പരാശ്രിത പരസ്പര പൂരക ജൈവബന്ധങ്ങളുടെ ഒരു സാന്ദ്രശൃംഖല എന്നാണ്‌. കാലത്തിന്റെ അങ്ങേത്തലയ്ക്കൽ എന്നോ ഉരുത്തിരിഞ്ഞ ഇതിന്റെ പൂർണ്ണതയിൽ നിന്ന് നമുക്ക്‌ കൂടുതലൊന്നും എടുത്തുമാറ്റാനോ കൂട്ടിച്ചേർക്കാനോ ആവില്ല. അതിനു ശ്രമിച്ചാൽ കാട്‌ കാടല്ലാതാവും. ഇന്ന് മനുഷ്യ പ്രവൃത്തികൾ കാരണം മരുവത്കരണവും അതിവൃഷ്ടിയും ധ്രുവങ്ങളിലെ മഞ്ഞുരുകലും എല്ലാം വലിയ പാരിസ്ഥിതിക തകർച്ചയുടെ തെളിവുകളാണ്‌. വനനശീകരണം ഈ തകർച്ചയുടെ ശക്തി വർദ്ധിപ്പിക്കുന്നു. സൂര്യപ്രകാശം ജീവനുവേണ്ട ഊർജ്ജമാക്കിമാറ്റാൻ കഴിവുള്ള സസ്യങ്ങൾ തൊട്ട്‌ അവയെ ഭക്ഷിക്കുന്ന ജീവികളും ഈ ജീവികളെ വേട്ടയാടുന്ന പരഭോജികളും ഭക്ഷ്യയോഗ്യമായ എല്ലാം ആഹരിക്കുന്ന മനുഷ്യനെ പോലുള്ള സർവ്വഭുക്കുകളും ഒരു പരസ്പര ശൃംഖലയിലാണ്‌ നിലനിൽക്കുന്നത്‌. പ്രകൃതിനിയമങ്ങളും പരിസ്ഥിതി നിയമങ്ങളും തെറ്റിക്കുന്ന മനുഷ്യൻ എന്ന ജീവജാതിയുടെ ആവിർഭാവത്തോടെയാണ്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടം തട്ടിത്തുടങ്ങിയത്‌. 


നൈസർഗ്ഗിക ചുറ്റുപാടുകളിൽ ഒരൊറ്റ ജീവിയും ക്രമാതീതമായി പെരുകി മറ്റു ജീവികൾക്കും ആവാസവ്യവസ്ഥയ്ക്കും ദോഷം വരുത്തില്ല. ഒരൊറ്റ ജീവിയും അവരുടെ ആവശ്യങ്ങൾ വർദ്ധിപ്പിച്ച്‌ ജീവാഭയ വിഭവങ്ങളെ ഉന്മൂലനാശനം ചെയ്യില്ല. ഒരു വന്യ സസ്യഭുക്ക്‌ അതിന്റെ ആഹാരം തിന്നുതീർത്ത്‌ മരുഭൂമികൾ ഉണ്ടാക്കില്ല. ഒരു പരഭോജിയും തന്റെ വിശപ്പ്‌ ശമിപ്പിക്കാനല്ലാതെ കൊല്ലില്ല. അതാണ്‌ പ്രകൃതിനിയമം. മനുഷ്യൻ മാത്രം ഇതനുസരിക്കാൻ തയ്യാറല്ല. ജനസംഖ്യാ പെരുപ്പമാണ്‌ വനവും ലോകവും നേരിടുന്ന മുഖ്യ ഭീഷണി. നാളെ ശുദ്ധജലവും പ്രാണവായുവും ഒരു കിട്ടാക്കനിയായിരിക്കും. ഇതായിരിക്കും നമ്മെ അലട്ടുന്ന മുഖ്യ ആശങ്ക. ഒരു ദിവസം ഒരു മനുഷ്യന്‌ കഴിക്കാൻ കഴിയുന്ന പരമാവധി ഭക്ഷണം ഏകദേശം 3 കിലോഗ്രാമാണ്‌. എന്നാൽ ജീവൻ നിലനിർത്തുവാൻ ഏകദേശം 18 കിലോഗ്രാം പ്രാണവായുവെങ്കിലും വേണ്ടിവരും. ഇത്രയും ഓക്സിജൻ ഉൽപ്പാദിപ്പിക്കുവാൻ 14 മരങ്ങൾ എങ്കിലും വേണ്ടിവരും. നമ്മുടെ ജീവന്റെ നിലനിൽപ്പ്‌ പ്രകൃതിയിലെ ഒരോ സസ്യങ്ങളുമായിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മുഴുവൻ സസ്യജാലങ്ങളെയും കാത്തു സൂക്ഷിക്കുന്നതിനുള്ള ഹിതബോധത്തിലേക്ക്‌ ഓരോ മനുഷ്യനും ചുവട്‌ വെക്കേണ്ടതാണ്‌. 

O


 PHONE :9947154564



Sunday, March 24, 2013

വിസ്മൃതിയിലാഴുന്ന കോട്ടത്തോട്‌

ലേഖനം
രാജേഷ്‌ കടമാൻചിറ













     പ്രകൃതിയോട്‌ മനുഷ്യൻ ചെയ്യുന്ന കൊടുംപാതകങ്ങളുടെ തിക്തഫലങ്ങൾ മനുഷ്യനെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലത്തുപോലും തിരിച്ചറിവിന്റെ ഒരു പാഠങ്ങളും അവൻ പഠിക്കുന്നില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തമാകുന്നു, കോട്ടത്തോട്‌ എന്ന ചരിത്രപ്രസക്തമായ ജലപാത. മാവേലിക്കര ദേശത്തോട്‌ ചേർന്ന് അച്ചൻകോവിലാറിന്റെ തീരത്തുനിന്നാരംഭിച്ച്‌ 'വലിയകുളം' എന്ന ജലാശയത്തിൽ വന്നവസാനിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള കോട്ടത്തോട്‌ എന്ന കനാൽ, രാജവാഴ്ചക്കാലത്ത്‌ മാവേലിക്കര കൊട്ടാരത്തിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളും മറ്റ്‌ അവശ്യസാധനങ്ങളും എത്തിക്കുന്നതിലേക്കായി നിർമ്മിച്ചതാണ്‌.




കോട്ടത്തോടിന്റെ നിർമ്മാണസമയത്ത്‌ ഭൂമിയിൽ നിന്നുംകണ്ടെടുത്ത, ഏ.ഡി പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഒരു ബുദ്ധവിഗ്രഹം ഇപ്പോൾ മാവേലിക്കര ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്‌. രാജകുടുംബാംഗങ്ങൾ കോട്ടത്തോട്‌ എന്ന ജലപാതയിലൂടെ ഉല്ലാസയാത്രകൾ നടത്തുകയും തീരങ്ങളിൽ വിശ്രമിക്കുകയും ചെയ്തിരുന്നു. 1928-ൽ കൊത്തുപണികളോടെ കരിങ്കല്ലിൽ നിർമ്മിച്ച വിശ്രമമണ്ഡപം, നഷ്ടപ്രതാപത്തിന്റെ സ്മരണകളും പേറി നിലകൊള്ളുമ്പോൾ മരണത്തിന്റെ വക്കോളമെത്തിയ കോട്ടത്തോട്‌, അധികാരികളുടെ അവഗണനയാലും പ്രദേശവാസികളുടെ ദുരുപയോഗം നിമിത്തവും മാലിന്യങ്ങൾ നിറഞ്ഞും ദുർഗന്ധം വമിച്ചും തളർന്നു കിടക്കുന്നു.




വനംവകുപ്പും 'കോട്ടയം നേച്ചർ സൊസൈറ്റി'യും  സംയുക്തമായി മാവേലിക്കര 'പീറ്റ്‌ മെമ്മോറിയൽ ട്രെയിനിംഗ്‌ കോളേജി'ൽ വെച്ച്‌ നടത്തിയ പ്രകൃതി പഠനക്യാമ്പിന്റെ ഭാഗമായാണ്‌ കോട്ടത്തോടിന്റെ ദയനീയസ്ഥിതി കണ്ടറിയുന്നതിന്‌ നിയോഗം ലഭിക്കുന്നത്‌. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ നടത്തിയ സർവ്വേയിൽ കണ്ട കാഴ്ചകൾ കണ്ണും മനസ്സും മരവിപ്പിക്കുന്നതായിരുന്നു.



പഴയകാലത്ത്‌, മാവേലിക്കരയുടെ വികസനത്തിൽ സുപ്രധാന പങ്ക്‌ വഹിച്ച ഈ കനാൽ, പിന്നീട്‌ പാടേ അവഗണിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം, രാജവാഴ്ച ജനാധിപത്യത്തിന്‌ വഴിമാറിയപ്പോൾ കോട്ടത്തോടിന്റെ രാജപ്രതാപവും നഷ്ടമായി. എങ്കിലും മാവേലിക്കരയുടെയും പ്രാന്തപ്രദേശങ്ങളുടെയും കുടിവെള്ളസ്രോതസ്സായ അച്ചൻകോവിലാറിന്റെ ഒരു കൈവഴി എന്ന നിലയിൽ പ്രദേശവാസികൾ കോട്ടത്തോടിന്റെ ജലസമ്പത്തും മത്സ്യസമ്പത്തും ഉപയോഗിച്ചു പോന്നിരുന്നു. പട്ടണം വികസിച്ചതോടെ കനാലിലേക്ക്‌ മാലിന്യങ്ങൾ ഒഴുകിയെത്താൻ തുടങ്ങുകയും പായലും പാഴ്ച്ചെടികളും വളർന്ന് നീരൊഴുക്ക്‌ നിലയ്ക്കുകയും ചെയ്തു.



അച്ചൻകോവിലാറിൽ നിന്ന് കനാൽ തുടങ്ങുന്നയിടം ഇപ്പോൾ വേനലിൽ വറ്റി, പാഴ്‌ച്ചെടികൾ വളർന്ന് മൂടിയ അവസ്ഥയിലാണ്‌. തുടർന്ന് മുന്നോട്ട്‌ നീങ്ങുമ്പോൾ മാലിന്യങ്ങളുടെ വലിയ ഒരു കൂമ്പാരമാണ്‌ കാണുക. പട്ടണപാർശ്വങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്ലാസ്റ്റിക്‌ വസ്തുക്കൾ നിറഞ്ഞ്‌, ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും പുറംതള്ളുന്ന മലിനജലവും ഉപയോഗശൂന്യമായ വസ്തുക്കളും വഹിച്ച്‌, ദുർഗന്ധത്തിന്റെ അതിർവരമ്പ്‌ തീർത്തുകൊണ്ട്‌ കോട്ടത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും നഗരത്തെ പുൽകുന്നു. ഈ മാലിന്യ നിക്ഷേപത്തിന്റെ നല്ലൊരു പങ്കും പ്രദേശവാസികളുടെ തന്നെ സംഭാവനയാണെന്ന് ചിലരെങ്കിലും സമ്മതിക്കുന്നുണ്ട്‌. അച്ചൻകോവിലാറിൽ നിന്നും ശുദ്ധജലം സ്വീകരിച്ചു വിതരണം ചെയ്യുന്ന പമ്പ്‌ഹൗസ്‌, കോട്ടത്തോടിന്റെ ഉത്ഭവസ്ഥാനത്തോടടുത്ത്‌ തന്നെ സ്ഥിതി ചെയ്യുകയാണെന്ന വസ്തുത ഈ കാഴ്ചയുടെ ഗുരുതരാവസ്ഥ വിളിച്ചറിയിക്കുന്നു. മഴക്കാലത്ത്‌ കോട്ടത്തോടിൽ നിന്നുള്ള മലിനജലം അച്ചൻകോവിലാറിലെത്തുമെന്ന് സംശയമേതുമില്ലാതെ വ്യക്തമാകുമ്പോൾ, പ്രകൃതിചൂഷണത്തിന്റെയും മനുഷ്യൻ മനുഷ്യനെത്തന്നെ നശിപ്പിക്കാൻ
 ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതിന്റെയും ദയനീയചിത്രങ്ങൾ കണ്ട്‌ ഉള്ളു മരവിക്കും.



മാവേലിക്കര പട്ടണത്തിലൂടെയുള്ള കോട്ടത്തോടിന്റെ സഞ്ചാരവഴി ഇപ്പോൾ ഇടയ്ക്കിടെ മാത്രമാണ്‌ പ്രത്യക്ഷപ്പെടുക. മാലിന്യങ്ങളാൽ മൂടപ്പെട്ട അവസ്ഥയാണ്‌ പലഭാഗങ്ങളിലും. തോടിനു മുകളിൽ കോൺക്രീറ്റ്‌ സ്ലാബ്‌ വിരിച്ച്‌, അതിനു മുകളിൽ കെട്ടിടങ്ങളുടെ നിര തന്നെ പടുത്തുയർത്തിയിരിക്കുകയാണ്‌ പലയിടങ്ങളിലും. കെ.എസ്‌.ആർ.ടി.സി യുടെ കെട്ടിടവും നഗരസഭയുടെ തന്നെ പല കെട്ടിടങ്ങളും കൂടാതെ ചില സ്വാകാര്യസ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.



ഏഴടിയോളം ആഴമുള്ള കനാലായി വലിയകുളത്തിൽ ചെന്നുചേർന്നിരുന്ന കോട്ടത്തോട്‌ ഇന്ന്, പട്ടണമദ്ധ്യത്തിൽ അഴുക്കചാലിന്റെ രൂപത്തിൽ വന്നവസാനിക്കുന്ന കാഴ്ചയാണ്‌ ഒടുവിൽ കണ്ടത്‌. വലിയകുളത്തിനു സമീപമായി ദേവസ്വം ബോർഡ്‌ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായി കോട്ടത്തോട്‌ കുളത്തിലേക്ക്‌ വന്നുചേരുന്ന ഭാഗം നികത്തപ്പെടുകയും കനാലും കുളവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തിരിക്കുന്നതായി കാണാം.



വലിയകുളത്തിന്റെ അവസ്ഥയും മറ്റൊന്നല്ല; പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞ്‌, പരിസ്ഥിതിപ്രശ്നമുയർത്തുന്ന സ്ഥിതിവിശേഷത്തിലാണ്‌, ഒരു കാലത്ത്‌ പ്രതാപം പേറിയിരുന്ന ഈ ജലാശയം. വലിയകുളത്തോടു ചേർന്ന് മറ്റൊരു വിശാലമായ കുളം കൂടിയുണ്ട്‌ - വേലക്കുളം. വേലകളിക്കായുള്ള തട്ടും രാജപ്രതാപം വിളിച്ചോതുന്ന പടവുകളും കെട്ടുകളും കൊണ്ട്‌ സമ്പന്നമായ വേലക്കുളവുമായി മുൻപ്‌ വലിയകുളം നീരൊഴുക്കിനാൽ ബന്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവ തമ്മിൽ പ്രത്യക്ഷമായ ബന്ധമൊന്നും കാണാനില്ല.





കനാൽ വൃത്തിയാക്കി നീരൊഴുക്ക്‌ വീണ്ടെടുക്കുന്നതിനേക്കാൾ ശ്രമകരമാണ്‌ കനാലിലേക്ക്‌ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാതെ സംരക്ഷിക്കുക എന്നത്‌. കനാലിലേക്ക്‌ തുറന്നു വെച്ചിരിക്കുന്ന മലിനജലസ്രോതസ്സുകൾ അടയ്ക്കുന്നതിനോടൊപ്പം ആ ജലം മലിനീകരണം കൂടാതെ സംസ്കരിക്കുന്നതിനുള്ള നൂതനമാർഗ്ഗങ്ങൾ ഒരുക്കുന്നതിനായി ക്രിയാത്മക നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഒരു കനാൽ സംരക്ഷിക്കുക എന്നുള്ള ഉദ്ദേശത്തിനപ്പുറം, ആയിരക്കണക്കായ ജനങ്ങളുടെ കുടിവെള്ളത്തിൽ മാലിന്യം കലരുന്ന സാഹചര്യത്തെ ഇല്ലാതാക്കുക എന്ന സുപ്രധാനലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്‌ പ്രദേശവാസികളും അധികാരികളും കൂട്ടായി പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം പരിസ്ഥിതിക്ക്‌ ഭീഷണിയായി തീരുന്ന മലിനീകരണസാഹചര്യങ്ങളെ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമാരംഭിക്കണം.




കനാലിലെ മാലിന്യം നീക്കം ചെയ്യുന്നതിനോടൊപ്പം ജലത്തിലെ മാലിന്യം വലിച്ചെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ കനാലിന്റെ ഇരുവശങ്ങളിലും നട്ടുപിടിപ്പിക്കുകയും വേണം. ഒപ്പംതന്നെ ഇവിടെ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുവാൻ പ്രകൃതിസ്നേഹികളായ സമീപവാസികളെ ഉൾപ്പെടുത്തി സ്ക്വാഡ്‌ രൂപീകരിക്കണം. 'കോട്ടയം നേച്ചർ സൊസൈറ്റി', കനാൽ വൃത്തിയാക്കുവാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി അധികാരികൾക്കു മുമ്പിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.


ശുദ്ധജലദൗർലഭ്യവും വരൾച്ചയും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത്‌, ജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽ ശുദ്ധജലവാഹിനിയായി കോട്ടത്തോട്‌ പഴയ പ്രതാപം വീണ്ടെടുത്ത്‌ ഒഴുകിത്തുടങ്ങുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം. അതിന്‌ അധികാരികളുടെ കണ്ണുകൾ തുറക്കേണ്ടതിനോടൊപ്പം ദേശവാസികൾ ഉണരേണ്ടതുമുണ്ട്‌.

O

PHOTOS :  ANEESH SASIDEVAN


PHONE: 9846136524




Saturday, March 16, 2013

തനിയാവർത്തനം

കവിത
വി.ഗീത











നി അവൾ നാലുചുവട്‌ ഇടത്തോട്ടുനടന്ന്
ടിന്നിൽനിന്നും പഞ്ചസാരയെടുത്ത്‌
ചായയിലിടുമെന്നും,
കൃത്യമായി ആറുതവണ ആറ്റി
എല്ലാവർക്കും കൊടുത്തശേഷം
കറിക്കരിയുന്നതിനിടയിൽ
സ്വയം കുടിക്കാൻ മറന്നുപോകുമെന്നും
ഗ്യാസടുപ്പ്‌ അരവുയന്ത്രത്തോട്‌ ചിരിച്ചു.


അടുക്കളയിലെ റേഡിയോയിൽ
രാവിലെ പ്രഭാതഭേരി കഴിഞ്ഞുള്ള
പരസ്യം കേൾക്കുകയായിരുന്നു അവർ.
അവളുടെ ദിനചര്യകൾ അവർക്ക്‌ മന:പാഠം.
'ഈ റേഡിയോയിലെ പെൺകുട്ടിയെപ്പോലെ
ഇവൾ കൊഞ്ചാത്തതെന്ത്‌?' ഫ്രിഡ്ജ്‌ സംശയിച്ചു.


'ഇനി അരമണിക്കൂറും എട്ടുമിനിട്ടും കഴിഞ്ഞാൽ
അടുക്കളയിൽ കണ്ണീരിന്റെ ഒരു ചാറ്റൽമഴ,
പിറുപിറുപ്പിന്റെ ഒരു മണൽക്കാറ്റ്‌'-
അളന്നുകുറിച്ച ചുവടുകളുമായി
നൃത്തം വയ്ക്കുന്ന സൂചികൾക്ക്‌
ക്ലിക്‌-ക്ലാക്‌ എന്നു താളമിട്ടു കൊടുക്കുന്നതിനിടയിൽ
ചുവരിലെ നാഴികമണിയും പറഞ്ഞു.


ചോദ്യങ്ങളും ആജ്ഞകളും അവൾക്കു ചുറ്റും
ഉറഞ്ഞു തുള്ളും.
"എന്റെ ടിഫിൻ റെഡിയായില്ലേ?"
"ഫോണടിച്ചാൽ എടുക്കാൻ ഇവിടാരുമില്ലേ?"
"അമ്മേ, എന്റെ ടൈയെവിടെ?"
"പത്രം വന്നോന്ന് നോക്ക്‌!"


അവൾ എത്തുമ്പോഴേക്കും
ഒമ്പതേകാലിന്റെ സൂപ്പർഫാസ്റ്റ്‌
ചിന്നം വിളിച്ച്‌ പൊയ്ക്കഴിയും.


ജീവിതദണ്ഡകങ്ങളുടെ തനിയാവർത്തനങ്ങളിൽ
ഭീതി പരിതാപ പരിഭൂതയായി, ആസ്യം നമിച്ച്‌
ഓഫീസിൽ വൈകിയെത്തുമ്പോൾ,
കത്തിവേഷങ്ങളുടെയും, ചുവന്ന താടിയുടെയും
കലാശങ്ങൾ, അട്ടഹാസം!


വൈകുന്നേരങ്ങളിൽ അവൾ
വെറുമൊരു പഴന്തുണിക്കെട്ട്‌.


ചുവട്ടിലെ സിലിണ്ടറിൽ നിറഞ്ഞ വിങ്ങലുകൾ
പൊട്ടിത്തെറിച്ച്‌, സീതയെപ്പോലെ അഗ്നിപ്രവേശം ചെയ്ത്‌
അവൾ ശുദ്ധി തെളിയിക്കേണ്ടതെന്നാണ്‌
എന്നു മാത്രമേ ഇനി അറിയാനുള്ളൂ.


മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌
നമുക്ക്‌ കാവ്യാഞ്ജലിയും കഥകളിപ്പദങ്ങളും കേട്ട്,
അടുക്കളയിലെ റേഡിയോയുമായി സല്ലപിച്ച്‌
സുഖമായങ്ങനെ കൂടാം,
എന്ന് ഷോക്കുള്ള മിക്സി
ലീക്കുള്ള ഇസ്തിരിപ്പെട്ടിയോട്‌ പറഞ്ഞു.


O



Saturday, March 9, 2013

മുറവിളിയായി, പ്രാർത്ഥനാശരമായി....

നേർക്കാഴ്ച
എം.കൃഷ്ണകുമാർ










        ശാസ്താംകോട്ട എന്നത്‌ ഒരു സ്ഥലത്തിന്റെ മാത്രം പേരല്ല. ജലസമൃദ്ധിയുടെ സമൃദ്ധമായ ഓർമ്മകൾ, തലമുറകളുടെ ഓർമ്മച്ചിപ്പിൽ അങ്കിതമാക്കി കുളിർമ്മയുടെയും പച്ചപ്പിന്റെയും സാന്ത്വനസന്ദേശങ്ങൾ കൈമാറിയ ഒരു സംസ്കൃതിയുടെ കൂടി പേരാണ്‌; ആകാശത്തിന്റെ വിശാലവിഹാരതകൾ പ്രതിബിംബിക്കുന്ന സൗന്ദര്യബോധത്തിന്റെയും കാവ്യാത്മകതയുടെയും  കൂടി പേര്‌; ബാലേട്ടനെയും (പി.ബാലചന്ദ്രൻ) വിനയചന്ദ്രൻ മാഷിനെയും പോലെ എത്രയോ കലാകാരന്മാരെ വിഭ്രമിപ്പിച്ച അഴകുകളുടെ വിസ്മയജാലകം. ജൈവവൈവിധ്യങ്ങളിൽ കുതൂഹലം പൂണ്ട മനസ്സുകളെ പുനരപി വിളിച്ചുണർത്തിയ ശബ്ദരഹിതമായ ആകർഷണങ്ങളുടെ മുഴക്കം.



ശാസ്താംകോട്ട ഒരു സ്ഥലത്തിന്റെ മാത്രം  പേരായിരുന്നില്ല.

അലയിളകുന്ന ജലവിശുദ്ധിയുടെ ഓർമ്മകൾ തങ്ങൾക്ക്‌ സമ്മാനിച്ച ശാസ്താംകോട്ട തടാകം - ഭാരതത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല തടാകം - ഇനി ഓർമ്മ മാത്രമായിത്തീരുമോ എന്ന സന്ദേഹത്തിലാണ്‌  ഇന്ന് പ്രകൃതിസ്നേഹികൾ. ഒരിക്കലും വറ്റുകയില്ല എന്നെല്ലാവരും കരുതിയിരുന്ന ശാസ്താംകോട്ട ശുദ്ധജലതടാകം ഇന്ന് അമ്പരപ്പിക്കുന്ന വിധം വരണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. ദിനംപ്രതി വരളുന്നതിന്റെ വടുക്കളുമായി നിലകൊള്ളുന്ന തടാകം, പ്രകൃതിയും മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവസംഗീതത്തിന്റെ ശ്രുതിയറിയാവുന്ന ഏതൊരാളിന്റെയും വേദനയായി മാറിയിരിക്കുകയാണ്‌.

ഈ വേദനയുടെ പങ്കുവെക്കലായിരുന്നു 2013 ഫെബ്രുവരി 24 ന്‌ തടാകക്കരയിൽ നടന്ന സാംസ്കാരിക കൂട്ടായ്മ.



കേളികൊട്ട്‌ കൂട്ടായ്മയും സി.എസ്‌.സുബ്രഹ്മണ്യൻപോറ്റി സ്മാരകസമിതിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയുടെ പേരു തന്നെ 'മുറവിളി' എന്നായിരുന്നു. 'മുറവിളിയായും മൂകമായും മുഗ്ദമായും പ്രാർത്ഥനാശരമായും കൗരവപുരം ചുട്ടെരിക്കുന്നൊരഗ്നിയായും' ഒക്കെ വിഭിന്നവിതാനങ്ങളിലും ശ്രുതികളിലും അവിടെ പങ്കുവെക്കപ്പെട്ടത്‌ മനുഷ്യനന്മയുടെ പക്ഷം ചേരാനാഗ്രഹിക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ ആകാംക്ഷകളായിരുന്നു.


ശ്രീ.കരുണാകരൻ പിള്ള, ഇടക്കുളങ്ങര ഗോപൻ, മലപ്പുറത്തു
നിന്നെത്തിയ പരിസ്ഥിതി പ്രവർത്തകനായ ടിജെ.അരീക്കൻ

രാവിലെ 6 മണിക്കാരംഭിച്ച്‌ വൈകുന്നേരം 6 മണിക്ക്‌ സമാപിച്ച സാംസ്കാരിക കൂട്ടായ്മ മുതിർന്ന പരിസ്ഥിതിപ്രവർത്തകനും ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട വ്യക്തിത്വവുമായ ശ്രീ.കെ.കരുണാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നായി നൂറോളം സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത്‌, ജനകീയ പ്രതിരോധസമിതി, സി.എസ്‌.ഐ.സഭ തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും ആളുകൾ എത്തിയിരുന്നു.



ദീർഘകാലമായി നടന്നുവരുന്ന തടാകസംരക്ഷണ പ്രവർത്തനങ്ങളുടെ സംക്ഷിപ്തവിവരണം തടാകസംരക്ഷണ കർമ്മസമിതി ചെയർമാൻ ശ്രീ.കെ.കരുണാകരൻ പിള്ള അവതരിപ്പിച്ചത്‌ വലിയ വൈകാരികത സൃഷ്ടിച്ചു. തടാകസംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ ചില നിരീക്ഷണങ്ങൾ ശ്രീ.മധു (ശാസ്ത്രസാഹിത്യപരിഷത്ത്‌) അവതരിപ്പിച്ചത്‌ വളരെ വിജ്ഞാനപ്രദമായിരുന്നു. കഥകൾ കവിതകൾ പാട്ടുകൾ എന്നിവയിലൂടെ വൈകാരിക പിൻതുണ നൽകാനുള്ള ശ്രമമായിരുന്നു സാംസ്കാരിക കൂട്ടായ്മയുടേത്‌.




ചവറ.കെ.എസ്‌.പിള്ള, സുമൻജിത്ത്‌ മിഷ, അജിത്‌.കെ.സി, നിധീഷ്‌.ജി, സി.എൻ.കുമാർ, ഡോ.ആർ.ഭദ്രൻ, ശാസ്താംകോട്ട അജയകുമാർ, ടി.ജെ.അരീക്കൻ, സുനിലൻ കളീയ്ക്കൽ, റവ.ഫാദർ മാത്യൂസ്‌ ഡേവിഡ്‌, എം.സങ്‌, ബി.എസ്‌.സുജിത്ത്‌, ശാസ്താംകോട്ട ഭാസ്‌, രാജൻ കൈലാസ്‌, കെ.സതീഷ്‌ കുമാർ, ഗിരീഷ്‌ മോഹൻ, രാജേന്ദ്രൻ വയല, ഇഞ്ചക്കാട്‌ ബാലചന്ദ്രൻ, അരുൺ.എസ്‌.കാളിശേരി, ദിവ്യാദേവകി, മൈനാഗപ്പള്ളി ശ്രീരംഗൻ, ബാലമുരളീകൃഷ്ണ, കോട്ടാത്തല വിജയൻ, കെ.വി.രാമകൃഷ്ണപിള്ള, മണി.കെ.ചെന്താപ്പൂര്‌, സി.എസ്‌.രാജേഷ്‌, ശൂരനാട്‌ കൃഷ്ണകുമാർ, ഭൂപേഷ്‌, രാജലക്ഷ്മി, സജീവ്‌ ശൂരനാട്‌, മുജീബ്‌ ശൂരനാട്‌, ഡോ.രാജൻ കല്ലേലിഭാഗം, മുഖേഷ്‌കുമാർ, ശാസ്താംകോട്ട റഹിം, ശരത്‌ കായംകുളം, അരുൺരാജ്‌, ഗുരുകുലം ശശി, ആർ.കെ.ഹരിപ്പാട്‌, ഹാരിസ്‌.എ, വി.കെ.മധുസൂധനൻ, റവ.ഡോ.ജേക്കബ്‌ ചാക്കോ, ഡോ.കരംചന്ദ്‌.ബി തുടങ്ങിയവർ പങ്കെടുത്ത സാംസ്കാരിക കൂട്ടായ്മയുടെ നടപടിക്രമങ്ങൾ നിയന്ത്രിച്ചത്‌ കവിയും സാംസ്കാരിക പ്രവർത്തകനുമായ ഇടക്കുളങ്ങര ഗോപൻ ആയിരുന്നു.



എന്നിരുന്നാലും കവിതയുടെയും കഥയുടെയും പാട്ടിന്റെയും ലോകത്തു കഴിയുന്നവരുടെ മൊഴിയും മറുമൊഴിയുമായി കൂട്ടായ്മ ചുരുങ്ങിപ്പോയത്‌ ഒരു പരിമിതിയായി അനുഭവപ്പെട്ടു. പ്രദേശവാസികളായ ബഹുജനങ്ങളുടെ പങ്കാളിത്തവും മുൻകൈയും ശക്തമായ ഒരു സാന്നിധ്യമായി അനുഭവപ്പെട്ടില്ല. ജാതി-മത-കക്ഷിരാഷ്ട്രീയ സങ്കുചിതത്വങ്ങൾക്ക്‌ അതീതമായി ബഹുജനങ്ങളുടെ മുൻകൈയിൽ തടാകസംരക്ഷണം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടേണ്ടതായിരുന്നു ഈ സാംസ്കാരിക കൂട്ടായ്മ എന്ന അഭിപ്രായമുള്ളവരും ഉണ്ട്‌.



ഉത്കൃഷ്ടമായ രാഷ്ട്രീയപ്രവർത്തനത്തെയും സാമൂഹ്യപ്രവർത്തനത്തെയും പരിസ്ഥിതി പ്രവർത്തനത്തെയും ഒക്കെ സാംസ്കാരിക പ്രവർത്തനത്തിന്റെ മണ്ഡലത്തിലേക്ക്‌ കൊണ്ടുവരേണ്ട കാലം സമാഗതമായിരിക്കുന്നു. ജാതി-മത- കക്ഷി രാഷ്ട്രീയ സങ്കുചിതത്വങ്ങൾ കുടഞ്ഞെറിയുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈകാരികമേളനമാണ്‌ ഏറ്റവും ജനാധിപത്യപരമായ സാംസ്കാരികത എന്നു നമ്മുടെ സാംസ്കാരിക നായകന്മാരും പ്രവർത്തകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിലും നിന്നിലും തിന്മയും സ്വാർത്ഥവും നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും ഭ്രാന്തമായ ഓട്ടത്തിലാണ്‌ എന്നൊക്കെയുള്ള അരാഷ്ട്രീയവും കപടവുമായ സത്യസന്ധതയുടെയോ ദാർശനിക ജാഡ്യത്തിന്റെയോ ഏത്താപ്പുകളുടെ പ്രദർശനമല്ല, എന്നിലും നിന്നിലുമുള്ള സ്വാർത്ഥവും തിന്മയും പിഴുതെറിഞ്ഞു കളയും എന്ന ജാഗ്രതയുടെ വിളംബരമാണ്‌ കാലം കാതോർക്കുന്ന സാംസ്കാരികത.


O
PHOTOS : GIRISH MOHAN


PHONE : 9447786852



പെണ്ണൊഴിഞ്ഞ വീട്‌

കവിത
മണി.കെ.ചെന്താപ്പൂര്‌










പെണ്ണൊഴിഞ്ഞ വീട്ടിൽ
കറുക,മുത്തങ്ങാപ്പുല്ല് പായ് വിരിക്കും
കരിയിലക്കിളികൾ കലപില വയ്ക്കും
ചിതൽപ്പുറ്റ്‌ കേറും
ഇലത്തണുപ്പിൽ കരിനാഗക്കുരുന്നുകൾ
കുറുവടിയായ്‌ കിടക്കും.

പെണ്ണൊഴിഞ്ഞ വീട്ടിൽ
ചുവരോരങ്ങളിൽ
കുഴിയാന കുമ്പിൾ കുത്തി കളിക്കും
പല്ലി വായിൽ പെടുക്കും
അട്ട, പഴുതാര, പാറ്റ
വെട്ടിൽ, വേട്ടാളൻ കൂടുകൂട്ടും
എട്ടുകാലന്മാർ മച്ചിലെങ്ങും
കെണിവല വെച്ച്‌ പാത്തിരിക്കും
ഉത്തരപ്പാതയിൽ
ഗജമുഖവാഹനം കുതികുതിക്കും.

പെണ്ണൊഴിഞ്ഞ വീട്ടിൽ കേൾക്കാം
കുറ്റിച്ചൂലിന്റെ നിലവിളി
അരകല്ലിന്റെ ഗദ്ഗദം
കാണാം അടുപ്പിൻ ഘനമൗനം
പൂത്ത കിനാവുപോൽ മൺചട്ടികൾ
ക്ലാവ്‌ ചുംബിച്ച പാത്രങ്ങൾ
മുശട്‌വാട മണക്കും ഉടയാടകൾ
മുച്ചൂടും മുടിഞ്ഞകം
വേശ്യാഗൃഹം പോലെ
പെണ്ണൊഴിഞ്ഞ വീട്‌.

പെണ്ണൊഴിഞ്ഞ മുറ്റത്ത്‌
ചെടി തളിർക്കാറില്ല
പൂക്കൾ ചിരിക്കാറില്ല
പുതുനാമ്പ്‌ പൊട്ടില്ല,
വണ്ട്‌, തുമ്പികൾ, ചിത്രപതംഗങ്ങൾ
നൃത്തച്ചുവട്‌ വയ്ക്കാറില്ല.
പെണ്ണൊഴിഞ്ഞ വീട്‌
മനോനില തെറ്റിയ
മുഴുഭ്രാന്തിയെപ്പോലെ.

പെണ്ണൊഴിഞ്ഞ വീടിൻ
നെടുംതൂൺ പച്ചയ്ക്ക്‌ കത്തും
ഉള്ളറകളിൽ ഇടിമിന്നൽ
കൊടുങ്കാറ്റടിക്കും
ആത്മദാഹങ്ങളാൽ
അസ്ഥിമജ്ജയിൽ ഉഗ്രസ്ഫോടനങ്ങൾ
പിറക്കും, പാമ്പുകൾ
പത്തിവിരിഞ്ഞെത്തും
പകലിരവുകൾ ബീഭത്സമാകും
കിനാവുകൾ, കയർ, കിണറുകൾ
പാളങ്ങൾ കണ്ട്‌ പിടഞ്ഞുപിടഞ്ഞുണരും!

പെണ്ണൊഴിഞ്ഞ വീടെങ്ങനെ
പെണ്ണൊഴിഞ്ഞ വീടിങ്ങനെ!


O


PHONE : 8281014740


Saturday, March 2, 2013

യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2

നിരൂപണം
ആർ.എസ്‌.കുറുപ്പ്‌








 ആദ്യഭാഗം വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക


ഭാഗം - 2

       പാത്രസൃഷ്ടിയെക്കുറിച്ച്‌ പറയാനിടവന്നതുകൊണ്ട്‌ ആ വിഷയം തന്നെ തുടരട്ടെ. രണ്ടാമൂഴം ഒരു മോശപ്പെട്ട നോവലായിപ്പോയത്‌ പാത്രസൃഷ്ടിയിലെ വൈകല്യങ്ങൾ കൊണ്ടാണ്‌. ഹിഡിംബി ഒരപവാദമാണ്‌. അതുപോലെ ഒരപവാദമാണ്‌ കുന്തി. മഹാഭാരതത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഈ അമ്മ ശക്തിസൗന്ദര്യങ്ങൾ ചോർന്നുപോകാതെ രണ്ടാമൂഴത്തിലുമുണ്ട്‌. "ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം. നിങ്ങൾ ഈ സ്ത്രീയെ കണ്ടിട്ടില്ല, എന്റെ അമ്മയെ". സത്യം.

പക്ഷേ മറ്റു കഥാപാത്രങ്ങളിൽ ആരെക്കുറിച്ചും നമുക്കിത്‌ പറയാൻ കഴിയുകയില്ല. കഥാപുരുഷനായി കൽപിക്കപ്പെട്ടിരിക്കുന്ന ഭീമനെത്തന്നെ നോക്കൂ. മനസ്സിൽത്തോന്നിയതു പറയുകയും പറയുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്ന, ധർമ്മാധർമ്മചിന്തകളുടെ പേരിൽ കർമ്മരംഗത്തു സംശയിച്ചു നിൽക്കാത്ത, സ്വന്തം മനസ്സിന്റെ ശാസനങ്ങളിൽ നിന്നു മാത്രം ശരിതെറ്റുകൾ തിരിച്ചറിയുന്ന മഹാഭാരതഭീമനെ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്‌ മലയാളികളിലെ നിരക്ഷരർ കൂടി. രണ്ടാമൂഴത്തിലെ പ്രധാനകഥാപാത്രത്തിന്റെ സ്ഥിതിയോ? വനപ്രസ്ഥാനത്തിന്റെ നിയമം തെറ്റിക്കുന്നിടത്തുതന്നെ അയാൾക്കു പിഴച്ചു. പിന്നീടുള്ള വിവരണങ്ങളിലാവട്ടെ സ്വന്തം മഹത്വം ഊതിപ്പെരുപ്പിച്ചു കാണിക്കുന്ന, നായകത്വം അർജ്ജുനനിൽ നിന്ന് പിടിച്ചുവാങ്ങാൻ കച്ച കെട്ടിയിറങ്ങിയ ഒരാളാണ്‌ രണ്ടാമൂഴത്തിലെ ഭീമൻ. ദ്രൗപദീസ്വയംവരത്തിൽ വില്ലുകുലയേറ്റുന്നതിന്‌ അർജ്ജുനൻ കർണ്ണനെക്കാൾ പ്രയാസപ്പെടുന്നുണ്ട്‌, അയാളുടെ ദൃഷ്ടിയിൽ. കുരുക്ഷേത്രത്തിൽ കർണ്ണനെ നേരിട്ടുള്ള യുദ്ധത്തിൽ കൊല്ലാൻ പ്രാപ്തനാണത്രേ ഭീമൻ. വിശോകൻ തടുത്തതുകൊണ്ടാണ്‌ അങ്ങനെയുണ്ടാവാതിരുന്നത്‌. അർജ്ജുനനോ? തേർചക്രം മണ്ണിൽ താഴ്‌ന്നതുകൊണ്ടു മാത്രമാണ്‌ അയാൾക്ക്‌ കർണ്ണനെ വധിക്കാൻ കഴിഞ്ഞത്‌. അപ്പോൾ ആരാണ്‌ കേമൻ? അസ്ത്രയുദ്ധത്തിൽ ഭീമനോ അർജ്ജുനനോ? മഹാഭാരതത്തിലെ ജയദ്രഥപർവ്വത്തിലെ ഭീമകർണ്ണയുദ്ധം ശ്രദ്ധിച്ചുവായിക്കുക. ഭീമൻ ഒരു ഗദായുധവിദഗ്ധനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയാത്തവിധം വീര്യത്തോടെ, അഭ്യാസബലത്തോടെ പൊരുതിനിന്നു. അയാൾക്ക്‌ കർണ്ണനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ല. അർജ്ജുനന്റെ പ്രതിജ്ഞയെക്കുറിച്ച്‌ ഓർമ്മയുണ്ടായിരുന്നതുകൊണ്ട്‌. കർണ്ണൻ, വില്ലാളിവീരനായ കർണ്ണൻ ഉചിതമായ പ്രത്യാക്രമണവും നടത്തി. അയാൾക്ക്‌ ഭീ‍മനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കുന്തിക്കു കൊടുത്ത വാക്കോർമ്മയുണ്ടായിരുന്നതുകൊണ്ട്‌. യുദ്ധം അതിന്റെ വഴിക്കു നടന്നു. അസ്ത്രയുദ്ധത്തിൽ കൂടുതൽ സാമർത്ഥ്യമുള്ളയാൾ ജയിക്കുകയും ചെയ്തു. രണ്ടാമൂഴത്തിൽ പക്ഷെ കർണ്ണനാരെന്ന തിരിച്ചറിവാണ്‌ ഭീമനെ നിരായുധനാക്കുന്നത്‌. ആ ഘട്ടത്തിൽ ആ തിരിച്ചറിവുണ്ടാകുന്നതിൽ സൗന്ദര്യശാസ്ത്രപരമായി യാതൊരപാകതയുമില്ല. അനൗചിത്യം കർണ്ണന്റെ വാക്കുകളിലാണ്‌. കർണ്ണൻ പറഞ്ഞത്രേ: 'ഒരാളേ മാത്രമെ കൊല്ലൂ എന്ന് ഞാൻ വാക്കുകൊടുത്തിട്ടുണ്ട്‌ നിന്റെ അമ്മയ്ക്ക്‌. അത്‌ നീയല്ല' എന്ന്. അർജ്ജുനനൊഴികെ മറ്റു പാണ്ഡവരോടെല്ലാം ധർമ്മപുത്രരുൾപ്പെടെ കർണ്ണൻ ഇതു പറഞ്ഞിട്ടുണ്ടാവണമല്ലോ. കർണ്ണനും കുതിയുമായി ഒരു രഹസ്യധാരണയുള്ളതായി സംശയിക്കാൻ ഇത്‌ ഇടകൊടുക്കുകയില്ലേ? മഹാഭാരതത്തിലെ പ്രശസ്തമായ നിഗൂഢതകളിലൊന്ന് അപ്രസക്തമാകുകയല്ലേ ഇതുവഴി. ഈ കർണ്ണവാക്യം അതുകൊണ്ടുതന്നെ അനൗചിത്യത്തിന്റെ പരമകാഷ്ഠയാണ്‌. കർണ്ണന്റെ പാത്രസൃഷ്ടിയിലെ വൈകല്യങ്ങൾ അധികരിപ്പിക്കുന്നതുമാണ്‌.

ഈ ഘട്ടത്തിൽ മഹാഭാരതത്തിലെ ഭീമസേനൻ കർണ്ണന്റെ ആക്ഷേപങ്ങൾക്ക്‌ മറുപടി പറയുന്നുണ്ട്‌. താൻ കീചകനെ കൊന്നവനാണെന്നും കർണ്ണന്‌ കഴിയുമെങ്കിൽ തന്നോട്‌ മല്ലയുദ്ധത്തിനിറങ്ങാമെന്നും. കൂടുതൽ വലിയ വില്ലാളിവീരനെന്ന സ്ഥാനം കർണ്ണന്‌ നിഷേധിക്കുന്നില്ല ഭീമൻ, അവിടെ.

വ്യാസഭാരതം വായിക്കുന്നവർക്കൊക്കെ വാത്സല്യം തോന്നിപ്പോകുന്ന ഒരു കൗരവകുമാരനുണ്ട്‌, വികർണ്ണൻ. ദ്യുതസഭയിൽ നിശബ്ദരായിരിക്കുന്ന ആചാര്യന്മാരെ അയാൾ ചോദ്യം ചെയ്യുന്നു. ദ്രൗപദി അടിമയായിട്ടില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്നു. അപ്പോൾ വൈശമ്പായനൻ പറഞ്ഞു:

"ഇതുകേട്ടു സഭാവാസി ജനഘോഷം മുഴങ്ങിനേ
വികർണ്ണനെ പ്രശംസിച്ചും നിന്ദിച്ചും സൗബലേയനെ"

വാസുദേവൻനായരുടെ ഭീമൻ പറയുന്നതോ "ദുര്യോധനനെ ധിക്കരിച്ചു സംസാരിക്കുന്നു എന്നതിലേറെ അയാൾ ഞാനാലോചിക്കാത്ത ഒരു വാദം സദസ്സിന്റെ മുമ്പിൽ വെക്കുന്നു." അതായത്‌ മല്ലയുദ്ധത്തിലും ഗദായുദ്ധത്തിലും മാത്രമല്ല, ധർമ്മാധർമ്മവിചിന്തനത്തിലും താൻ തന്നെ ഒന്നാമൻ. ധർമ്മപുത്രർ വിളിക്കുന്നതുപോലെ 'മന്ദൻ' എന്നല്ല 'മൂഢൻ' എന്നുതന്നെ മഹാഭാരതവുമായി പരിചയമുള്ള ഏതു വായനക്കാരനും അയാളെ വിളിച്ചുപോകും.

എടുത്തുപറയാൻ ഇങ്ങനെ നിരവധി സന്ദർഭങ്ങളുണ്ട്‌. അതിലേയ്ക്കൊന്നും കടക്കുന്നില്ല. മഹാഭാരതഭീമന്റെ ഒരു ഹാസ്യാനുകരണമായി മാറിപ്പോയി രണ്ടാമൂഴത്തിലെ ഭീമൻ. സേതുവിന്റെയും ഗോവിന്ദൻകുട്ടിയുടെയും സൃഷ്ടാവിന്‌ എന്തുപറ്റി എന്ന് നമ്മൾ സംശയിക്കുന്നു. ചിലപ്പോൾ ആശാനും അടവു പിഴയ്ക്കും എന്നല്ലാതെ എന്തുപറയാൻ?

രണ്ടാമൂഴം ഒരു മികച്ച സാഹിത്യസൃഷ്ടി ആവാതിരിക്കുന്നതിന്‌ ഒരു പ്രധാനകാരണം പാത്രസൃഷ്ടിയിലെ പ്രത്യേകിച്ചും പ്രധാനകഥാപാത്രത്തിന്റെ നിർമ്മിതിയിലെ ഈ വൈകല്യമാണ്‌. പക്ഷെ അത്‌ പ്രധാനപ്പെട്ട ഒരു കാരണം മാത്രമാണ്‌. വേറെയും കാരണങ്ങളുണ്ട്‌.

മഹാഭാരതം വലിയൊരു പുരാവൃത്തം എന്നതിലധികം പുരാവൃത്ത(Myth)ങ്ങളുടെ ഒരു സമാഹാരമാണല്ലോ. പുരാവൃത്തം ഒരു ജനതയുടെ ചരിത്രവും ആശയാഭിലാഷങ്ങളും സ്വപ്നങ്ങളുമെല്ലാം കൂടിച്ചേർന്നതാണ്‌. ഞെക്കിയമർത്തിയ സ്വപ്നങ്ങളാണ്‌ (Compressed dreams) മിത്തുകൾ എന്നു പ്രസ്താവിച്ചപ്പോൾ എറിക്‌ ഫോം ഉദ്ദേശിച്ചത്‌ ഇതായിരിക്കാം.

ജ്യോഫറി ഹോഡ്സൺ പറയുന്നു. "The incredibilities of certain myths may be regarded as arresting indications of  the possible existence of secret meanings deliberately concealed within a number of ancient stories." (The Concealed Wisdom in World Mythologies). അതായത്‌ മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാനങ്ങളും ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട അർത്ഥങ്ങളുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ശാസ്ത്രീയ അനാവരണങ്ങളിലൂടെയേ മഹാഭാരതം ശരിയായി മനസ്സിലാക്കുവാനും പുനരാഖ്യാനം ചെയ്യുവാനും കഴിയൂ. ഭാരതകഥയാകെ ഇതിവൃത്തമാക്കിക്കൊണ്ട്‌ സർഗ്ഗാത്മകരചന നടത്തുമ്പോൾ ഇക്കാര്യം കൂടുതൽ പ്രസക്തമാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പക്ഷേ ഇവിടെ സംഭവിച്ചതെന്താണ്‌? മിത്തുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച്‌ പല അടരുകളിലുള്ള അവയുടെ അർത്ഥം കണ്ടെത്താനുള്ള ഒരു ശ്രമവും വാസുദേവൻനായരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പ്രശസ്തമായ പല കഥകളും യുക്തിരഹിതങ്ങളെന്നു പറഞ്ഞ്‌ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. സ്വീകരിച്ചിട്ടുള്ളവയിൽ ഏതാണ്ടെല്ലാം തന്നെ അശാസ്ത്രീയമായ വ്യാഖ്യാനങ്ങളിലൂടെ നിർജ്ജീവവും വിരസവും ആയിത്തീർന്നിരിക്കുന്നു. ഒരുദാഹരണമായി വ്യാസോൽപ്പത്തിയെക്കുറിച്ചുള്ള കഥ തന്നെയെടുക്കാം. ആ കഥ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതല്ല എന്നറിയാത്തതായി ആരുണ്ട്‌? വാസുദേവൻനായരുടെ വ്യാഖ്യാനം ഇങ്ങനെ: "മഹാനദിയുടെ മദ്ധ്യത്തിൽ വെച്ച്‌ തോണി തുഴയുന്ന മത്സ്യഗന്ധമുള്ള വാലത്തരുണിയെ കീഴടക്കിയ ബ്രാഹ്മണൻ പരാശരൻ അസാമാന്യനായിരിക്കണം. തുഴയില്ലാതെ ഉലയുന്ന തോണി, ആർത്തൊഴുകുന്ന നദി, മത്സ്യഗന്ധം പുരണ്ട ചെളിവെള്ളം കെട്ടിക്കിടക്കുന്ന തോണിത്തട്ടിൽ വീണിടത്തുകിടന്ന് എതിർക്കുന്ന മുക്കുവപ്പെണ്ണിനെ കയ്യൂക്കുകൊണ്ട്‌ കീഴടക്കിയ ബ്രാഹ്മണന്റെ കുശാഗ്രത്തിൽ മൂന്നുരുള തിലോദകമെങ്കിലും അർഹിക്കുന്നുണ്ട്‌..."

പുരോഹിതന്മാരുടെ പീഢനകഥകൾ നിത്യേന കേൾക്കേണ്ടിവരുന്ന ഇക്കാലത്ത്‌ ഈ വർണ്ണനയിൽ അപാകതയൊന്നുമില്ല എന്നു തോന്നാം. പക്ഷെ മഹാഭാരതത്തിലെ പ്രസ്തുതഭാഗം ശ്രദ്ധിച്ചു വായിച്ചിട്ടുള്ള ആർക്കും ഈ സമീപനത്തോട്‌ യോജിക്കാനാവുകയില്ല. നദീമദ്ധ്യത്തിൽ സൃഷ്ടിക്കപ്പെട്ട ദ്വീപ്‌ എന്തുമാകട്ടെ, അവിടെ ജനിച്ച കുമാരൻ അച്ഛന്റെ വഴി പിൻതുടർന്ന് മഹർഷിയും കവിയുമാവുകയാണ്‌. പെൺകുട്ടികൾ, രാജകുമാരിമാർ ഉൾപ്പെടെയുള്ളവർ മഹർഷിമാരുടെ ഇംഗിതത്തിനു വഴങ്ങുന്നതായാണ്‌ മഹാഭാരതത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. എതിർക്കുന്നവരെ, വശീകരിക്കപ്പെടാൻ, വിധേയരാവാൻ വിസമ്മതിക്കുന്നവരെ നിർബന്ധിക്കാതിരിക്കുകയായിരുന്നു ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പതിവ്‌ എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്തായാലും വ്യാസോൽപ്പത്തി ഒരു ബലാത്സംഗ കഥയാക്കിയത്‌ മഹാഭാരത സംസ്കാരത്തിന്റെ നിഷേധമാണ്‌.

ഇതു തന്നെയാണ്‌ മഹാഭാരത്തിലെ മനോഹരങ്ങളായ ഒട്ടു മിക്ക മിത്തുകൾക്കും രണ്ടാമൂഴത്തിൽ സംഭവിച്ചത്‌. പുരാതന ദൈവികപുരാവൃത്തങ്ങളെ നവമാനവ പുരാവൃത്തമാക്കി മാറ്റുന്നതിലൂടെ മനുഷ്യനെ അനശ്വരതയിലേക്കുയർത്തുകയാണ്‌ 'ഫൗസ്റ്റി'ൽ ഗോയ്ഥേ ചെയ്തതെന്ന് ഏണസ്റ്റ്‌ ഫിഷർ പറയുന്നു. (Art Against Ideology P.196). എല്ലാ വലിയ നോവൽകാരന്മാരും ചെയ്യുന്നത്‌ ഇതുതന്നെയാണ്‌. മനുഷ്യനെ അനശ്വരനാക്കുക. പുരാതന ദൈവിക പുരാവൃത്തങ്ങൾ മാത്രമല്ല, സ്വന്തം കാലത്തിലെയോ സമീപഭൂതകാലത്തിലെയോ സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെ മിത്തുകളായി പുന:സൃഷ്ടിച്ചുകൊണ്ട്‌ അനശ്വരമനുഷ്യരെ സൃഷ്ടിക്കുകയാണ്‌ വലിയ നോവലുകൾ ചെയ്യുന്നത്‌. അവിടെ സ്ഥലകാലങ്ങൾക്ക്‌ യാഥാർത്ഥ്യവുമായി താദാത്മ്യമുണ്ടാവുകയില്ല. നെയ്യാറ്റിൻകരയിലെ അമ്മച്ചിപ്ലാവ്‌ സി.വി, കന്യാകുമാരിക്കടുത്തുള്ള ചാരോട്ടേക്ക്‌ പറിച്ചു നട്ടതോർമ്മിക്കുക. കാലത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ്‌ സ്ഥിതി. മഹത്തായ നോവലുകളിൽ കലണ്ടർ കാലം വായനക്കാരന്വേഷിക്കുന്നില്ല. ഭൂതവും ഭാവിയും വർത്തമാനത്തിൽ സംഗമിക്കുന്ന ഇതിഹാസകാലം (Messianic Time) എന്നു വാൾട്ടർ ബെഞ്ചമിൻ വിളിച്ച കാലഗണനയാണ്‌ ഇതിഹാസങ്ങളെപ്പോലെ മഹത്തായ നോവലുകളും പിൻതുടരുന്നത്‌. നശ്വരരായ സാധാരണ മനുഷ്യരുടെ സാധാരണ ജീവിതാനുഭവങ്ങൾക്ക്‌ അർത്ഥത്തിന്റെ അടരുകൾ നൽകി, ഹോഡ്സൺ പറഞ്ഞതുപോലെ ബോധപൂർവ്വമായ നിഗൂഢത നൽകിയാണ്‌ പുതിയ പുരാവൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌. ഗോവിന്ദൻകുട്ടിയുടെയും സേതുവിന്റെയും ജീവിതാനുഭവങ്ങളിൽ നിന്ന് പുതിയ പുരാവൃത്തങ്ങൾ സൃഷ്ടിച്ച്‌ അവരെ അനശ്വരരാക്കിയ വാസുദേവൻനായർക്ക്‌ ഈ രചനാതന്ത്രം അറിയാത്തതല്ല. പക്ഷേ എന്തുകൊണ്ടോ രണ്ടാമൂഴത്തിൽ ഇതിഹാസകവി അനശ്വരതയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാപാത്രങ്ങളെ, മിത്തുകളെ യാഥാർത്ഥ്യത്തിലേക്ക്‌ പരാവർത്തനം ചെയ്യാനും ഇതിഹാസകാലത്തെ കലണ്ടർ കാലമായി ചുരുക്കാനുമുള്ള വ്യഗ്രതയിൽ അദ്ദേഹം നശ്വരതയിലേക്ക്‌., ക്ഷണികതയിലേക്ക്‌ വലിച്ചു താഴ്ത്തിയിരിക്കുന്നു. രണ്ടാമൂഴം ഒരു നല്ല നോവൽ പോലും ആവാതെ പോയതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന് ഇതത്രേ.

ദ്വാപരം അവസാനിക്കുകയും ഭൂമി കലിഗ്രസ്തമാവുകയും ചെയ്തപ്പോഴാണല്ലോ പാണ്ഡവർ ദ്രൗപദീസമേതരായി തങ്ങളുടെ മഹാപ്രസ്ഥാനം ആരംഭിച്ചത്‌. വഴിയിൽ വീഴാതെ സ്വർഗ്ഗാരോഹണം ചെയ്ത ധർമ്മപുത്രർക്കൊപ്പം വഴിയിൽ വീണുപോയവരും ദേവപദത്തിലെത്തിച്ചേർന്നുവെന്ന് തന്നെ നമുക്ക്‌ വിശ്വസിക്കാം. അങ്ങിനെയാണല്ലോ കൃഷ്ണ ദ്വൈപായനൻ പറഞ്ഞിരിക്കുന്നത്‌.

നമുക്ക്‌ ഭഗവാൻ ദ്വൈപായനനെ വീണ്ടും വാഴ്ത്താം.

O


കടപ്പാട്‌ : സാഹിത്യവിമർശം ദ്വൈമാസികം

  
PHONE : 9847294497