Saturday, August 19, 2017

സംസ്കാരജാലകം-30


സംസ്കാരജാലകം-30
ഡോ.ആർ.ഭദ്രൻ















സാമൂഹികവിചാരണയും ചാനലുകളും

സാമൂഹികവിചാരണയ്ക്ക് അതിശക്തമായ ഒരിടം നൽകുന്നുണ്ട് ചാനലുകൾ. ‘ധിംതരികിടതോം, നാടകമേ ഉലകം, പൊളിട്രിക്സ്, ഡെമോക്രേസി, മുൻഷി, വക്രദൃഷ്ടി തുടങ്ങിയവ എല്ലാം ഉദാഹരണങ്ങളാണ്‌. അടി കൊടുക്കേണ്ടവർക്ക് എല്ലാം അടികൊടുക്കാൻ ഈ ചാനൽ പരിപാടികൾ നന്നേ ശ്രദ്ധിക്കുന്നുണ്ട്. ഈ പരിപാടികളെല്ലാം ചാനലുകളുടെ ഐശ്വര്യമായി നിലനിൽക്കുന്നു. പുതിയ കാലത്തെ ചാക്യാന്മാരാണ്‌ ചാനലുകളിലൂടെ പുന:രവതരിക്കുന്നത്. സീരിയലുകളുടെ പാപക്കറ കഴുകിക്കളയാൻ ഈ പരിപാടികൾ ഏറെ സഹായിക്കുന്നുണ്ട്.


വിനോദ് ഖന്ന




പ്രമുഖ ബോളിവുഡ് നടനും മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ വിനോദ് ഖന്നയുടെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു. നായകനും പ്രതിനായകനുമായി ഒരേ പോലെ ശോഭിക്കാൻ കഴിഞ്ഞ നടനാണ്‌ വിനോദ് ഖന്ന. 1968 ൽ സുനിൽദത്ത് നിർമ്മിച്ച 'മൻ കാ മീത്' എന്ന സിനിമയിലൂടെയാണ്‌ ബോളിവുഡിൽ എത്തിയത്. 'അമർ അക്ബർ ആന്റണി', 'കുർബാനി', 'മേരേ അപ്നേ' എന്നിവ ഹിറ്റ് സിനിമകളാണ്‌. 2015 ലെ ദിൽവാലെയാണ്‌ അവസാനചിത്രം. ഹിന്ദി സിനിമാലോകത്ത് ഈ അടുത്തകാലം വരെ തിളങ്ങി നിൽ ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. അഭിനയകലയിലൂടെ ആസ്വാദന ലക്ഷങ്ങളുടെ മനം കവർന്ന ഈ മഹാനടൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ അഭിനയലോകത്തിന്റെ ഒരു വലിയ സാമ്രാജ്യം അവശേഷിപ്പിച്ചിട്ടാണ്‌ കടന്നുപോകുന്നതെന്ന് നമുക്ക് ആശ്വസിക്കാം.


ഷീ ന്യൂസ്

വാർത്തകൾ ബഹുസ്വരമായി മറിക്കൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ ചാനലുകളുടെ വാർത്താ അവതരണത്തെയും ഇത് ബാധിച്ചിട്ടുണ്ട്. മാതൃഭൂമി ചാനലിലെ ഷീ ന്യൂസ് അതിന്റെ ഭാഗമാണ്‌. നമ്മുടെ കാലം ഫെമിനിസത്തിന്റെ കാലമായതുകൊണ്ട് ഷീ ന്യൂസിന്‌ അങ്ങനെയും ഒരു പ്രസക്തിയുണ്ട്. വാർത്തകൾ പല രൂപത്തിലാണ്‌ ചാനലുകളിലൂടെ പ്രവഹിക്കുന്നത്. വാർത്താവിശേഷം, നാട്ടുവാർത്തകൾ, പ്രാദേശികവാർത്തകൾ, ലോകവാർത്തകൾ, എന്റർടെയിൻമെന്റ് ന്യൂസ്, ബിസിനസ് ന്യൂസ്, കൗതുകവാർത്തകൽ, എജ്യൂ ടിപ്സ് തുടങ്ങിയവ. ഷീ ന്യൂസിൽ ലോകത്തെ സ്ത്രീകളുടെ വലിയ നേട്ടങ്ങൾ വാർത്തകളായി അവതരിപ്പിക്കുകയാണ്‌.ഇത് ഏറെ ശ്രദ്ധേയമായ ഒരു വാർത്താ പരിപാടിയാണ്‌.


തൊണ്ടിമുതലും ദൃക്സാക്ഷിയും




ലളിതമായ ഒരു പ്രമേയത്തെ അതീവലളിതമായി ഒട്ടും സൂക്ഷ്മത ചോരാതെ പറയാനുള്ള സംവിധായകന്റെ മികവ് വെളിവാക്കുന്ന സിനിമയാണ്‌ തൊണ്ടിമുതലും ദൃക്സാക്ഷിയും. റിയലിസ്റ്റിക് സിനിമകളുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നിൽ ദിലീഷ് പോത്തന്റെ ഈ സിനിമ തീർച്ചയായും ഉണ്ടാവും. സിനിമയുടെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി എടുത്തു പറയേണ്ടതാണ്‌. ഒരു കള്ളനും മാലമോഷണുവുമായി ബന്ധപ്പെട്ട കഥ പോലീസ് സ്റ്റേഷൻപരിസങ്ങളിലൂടെ വികസിക്കുന്നത് സുക്ഷ്മഭാവങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ്‌. അനായാസമായ അഭിനയശൈലിയിലൂടെ ഫഹദ് ഫാസിൽ, അലൻസിയർ, സുരാജ് വെഞ്ഞാറമ്മൂട്, പുതുമുഖനടിയായ നിമിഷ തുടങ്ങിയവരെല്ലാം നമ്മെ വിസ്മയിപ്പിക്കുന്നു. കോട്ടയം ബസേലിയോസ് കോളേജിലെ എന്റെ ശിഷ്യനും ഹ്രസ്വസിനിമകളിലൂടെ ശ്രദ്ധേയനുമായ ഷാഹി ഈ സിനിമയുടെ സംവിധാനസഹായിയായി പ്രവർത്തിക്കുകയും ചെറിയറോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തത് അഭിമാനകരമായി തോന്നുന്നു.

മലയാളപത്രങ്ങൾ

കേരളത്തിലെ മൂന്ന് പ്രമുഖപത്രങ്ങളാണ്‌ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി. പരസ്യങ്ങളുടെ ആധിക്യം പത്രങ്ങളുടെ വിശ്വാസ്യത തന്നെ തകർക്കുന്ന കാലമാണിത്. സമൂഹത്തിന്റെ നാവാകുവാൻ ഇന്ന് പത്രങ്ങൾക്ക് കഴിയുന്നില്ല. വാർത്തകളെ പരസ്യങ്ങൾ വിഴുങ്ങുന്ന സമകാലീനദുരന്തത്തിൽ നിന്ന് ദേശാഭിമാനിക്ക് പോലും മാറിനിൽക്കാൻ കഴിയുന്നില്ല എന്നത്, കമ്പോളത്തിന്റെ മേൽക്കോയ്മ എത്രത്തോളം ആണെന്നാണ്‌ കാണിക്കുന്നത്. മനോരമപത്രം ഇപ്പോൾ അച്ചടിക്കുന്നത് ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറിലാണ്‌. ദേശാഭിമാനിയും മാതൃഭൂമിയും സാമാന്യം നല്ല കടലാസിലാണ്‌ അച്ചടിക്കുന്നത്. ഒറ്റ വായന കഴിയുമ്പോഴേക്കും പത്രപ്പേപ്പറുകൾ ചവുണ്ടുപോവുകയാണ്‌. മനോരമയിൽ വാർത്തകൾ നന്നേ കുറവാണ്‌. ദേശാഭിമാനിയിൽ ലോകവാർത്തകൾ ഉൾപ്പെടെ നന്നായി വരുന്നുണ്ട്.


പ്രൊഫസർ യശ്പാൽ




പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ.യശ്പാൽ അന്തരിച്ചു. 90 വയസ്സായിരുന്നു അദ്ദേഹത്തിന്‌. പഴയ തലമുറയിലെ ശാസ്ത്രജ്ഞർക്കുണ്ടായിരുന്ന നന്മകൾ യശ്പാലിനും സ്വന്തമായിരുന്നു. ശാസ്ത്രം ലളിതമായി വ്യാഖ്യാനിക്കുക എന്ന ആശയം ഉന്നതമാണ്‌. ശാസ്ത്രത്തെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹത ഇല്ലായ്മ ചെയ്യാൻ ഈ ലളിതവത്കരണം ഏറെ സഹായിക്കും എന്നതാണ്‌ ഇതിന്റെ നേട്ടം. കോസ്മിക് രശ്മികളെക്കുറിച്ചുള്ള പഠനത്തിലും ആസ്ട്രോ ഫിസിക്സിലും അതിഊർജ്ജഭൗതികശാസ്ത്രത്തിലും ഉള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ശാസ്ത്രലോകത്തിന്‌ വലിയ മുന്നേറ്റമാണ്‌ നൽകിയിട്ടുള്ളത്. യശ്പാലിനെ ഓർത്ത് ഭാരതം അഭിമാനിക്കുന്നു. സംസ്കാരജാലകത്തിന്റെ അന്ത്യാഞ്ജലികൾ.



ഉഴവൂർ വിജയൻ




ശുദ്ധനർമ്മത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വലമുഖമായി മാറിയ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (65) അന്തരിച്ചു. അന്ത്യാഞ്ജലികൾ. അധികാര രാഷ്ട്രീയത്തോട് ആർത്തി പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം ആദർശാത്മക രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമുഖമായിരുന്നു.


കെ.ആർ.മോഹനൻ




സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കെ.ആർ.മോഹനന്റെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു. മൂന്ന് ചിത്രങ്ങളിലായി രണ്ട് ദേശീയ അവാർഡും രണ്ട് സംസ്ഥാന അവാർഡും നേടിയ അപൂർവ്വ ചലച്ചിത്രപ്രതിഭ. 1978 ൽ സംവിധാനം ചെയ്ത അശ്വത്ഥാമാവിന്‌ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 1987 ൽ പുരുഷാർത്ഥത്തിന്‌ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു. സ്വരൂപം മികച്ച മലയാള ചലച്ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. വിശുദ്ധവനങ്ങൾ, കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ, ദേവഗൃഹം എന്നീ ഡോക്യുമെന്ററികളും ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരിക്കുമ്പോൾ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഒരു ചലച്ചിത്രോത്സവത്തിൽ വെച്ചാണ്‌ ഞാൻ കെ.ആർ.മോഹനനെ നേരിട്ടു കാണുന്നതും പരിചയപ്പെടുന്നതും. അന്നത്തെ അദ്ദേഹത്തിന്റെ ഉദ്ഘാടനപ്രസംഗം ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. ചൂഷണാധിഷ്ഠിതമായ ലോകക്രമത്തിൽ ചലച്ചിത്രകല ചൂഷകശക്തിയുടെ കൈയ്യിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ വലിയ വേദന ആ കലാകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖഭാവങ്ങളിലും ശരീരഭാഷയിലുമെല്ലാം നിപുണനായ ഒരു ആസ്വാദകന്‌ അത് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. പുരോഗമനചേരിയിൽ അണിനിരന്നതും കലാമൂല്യമുള്ള സിനിമകൾക്ക് വേണ്ടി ധീരമായ നിലപാട് സ്വീകരിച്ചതും അതുകൊണ്ടുതന്നെയാണ്‌. തന്റെ ചലച്ചിത്ര സങ്കൽപ്പങ്ങളെക്കുറിച്ച് അന്ന് അദ്ദേഹം ഒരുപാട് സംസാരിച്ചത് ഇന്നും ഓർക്കുന്നു.



പ്രൊഫ.യു.ആർ.റാവുവിന്റെ മരണം കനത്ത നഷ്ടം.


ബഹിരാകാശരംഗത്ത് ഇന്ത്യയെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ച ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ പ്രൊഫ.യു.ആർ.റാവു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിന്‌ 85 വയസ്സായിരുന്നു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട (1975) മുതൽ 18 വിക്ഷേപണ ദൗത്യങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. നമ്മുടെ പഴയ തലമുറയിലെ ശാസ്ത്രജ്ഞന്മാരുടെ നാനാവിധമായ മഹിമകൾ യു.ആർ.റാവുവിന്‌ സ്വന്തമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പിന്നോക്കാവസ്ഥകൾ ഉൾക്കൊണ്ട് പ്രതിബദ്ധതയോടെ ശാസ്ത്രഗവേഷണം നടത്തുകയായിരുന്നു പ്രൊഫ. യു.ആർ.റാവു. ഇദ്ദേഹം സൃഷ്ടിച്ചത് ഉദാത്തമാതൃകകളായിരുന്നു.

O