![]() |
അരുണ്‍.എസ്.കാളിശ്ശേരി |
ഒന്ന്.
നട്ടുച്ചയ്ക്ക് തീരത്ത് നില്‍ക്കെ-
നമ്മുടെ ഉച്ചിയില്‍
ഓരോ ചെന്താമര വിടരവേ
കഥ കേള്‍ക്കണമെന്ന് നീ.
മീനിനെ വേട്ടയാടിപ്പിടിക്കുന്ന
ഒരു സ്രാങ്കിന്‍റെ കഥ പറയവേ,
കൊടുങ്കാറ്റിനു മുന്‍പേ
കര പറ്റിയ കഥയൊന്ന്
കടല്‍ കൊള്ളക്കാരില്‍ നിന്ന്
രക്ഷപെട്ട കഥ മറ്റൊന്ന്.
നോക്കുമ്പോള്‍,
നമുക്കരികില്‍
ചത്തു മലച്ചു കിടന്ന
ഒരു പരല്‍ മീനിന്‍റെ
വയറിനുള്ളില്‍
കൊമ്പന്‍ സ്രാവിന്‍റെ അസ്ഥികൂടം.
നമ്മള്‍ പറഞ്ഞു
ഇതൊരു നല്ല കഥ.
നീ പറഞ്ഞു
വരൂ .... നമുക്കിനി മുങ്ങാംകുഴിയിട്ട്
അടിത്തട്ടിലെത്തി
ഒരു കൊമ്പനെ പിടിക്കാം.
രണ്ട്.
തപാലാപ്പീസിന് മുമ്പില്‍ വെച്ച്
പെട്ടിയിലാക്കുന്ന കത്തിനൊപ്പം
അവളെ കണ്ടപ്പോള്‍
ഞാന്‍ ചോദിച്ചു,
അവള്‍ പറഞ്ഞു;
ഈ കത്തിനൊപ്പം ഞാനും
നിന്‍റെ മുറിയിലെത്തും.
വാതിലടച്ച് ഞങ്ങള്‍
ഉറങ്ങാന്‍ കിടന്നു.
എരിഞ്ഞു തീര്‍ന്ന
മെഴുകുതിരി മണത്തോടൊപ്പം
അവളുടെ കുറുകലുകള്‍ ഉയരവേ,
വാതില്‍ തുറന്നു ഞാന്‍
തെരുവിലേക്കോടി...
തെരുവില്‍ വെയിലായി,
മഴയായി, രാത്രിയായി....
ഞാനിപ്പോഴും ഓടുകയാണ്.
മൂന്ന്.
എനിക്ക്
നിന്നെ ഒന്നു കൂടി
കാണണമെന്നുണ്ടായിരുന്നു.
നമ്മുടെ
പ്രണയകാലത്ത്
പറയാതെ പോയ
ഒരു വാക്കു കൂടി പറയാന്‍.
No comments:
Post a Comment
Leave your comment