Saturday, August 30, 2014

ബൊഹീമിയൻ

കഥ
അബിൻ ജോസഫ്‌











    'പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയെ നഗ്നയായി കാണുക എന്നത്‌ എന്റെ വലിയ ഒരാഗ്രഹമായിരുന്നു'. പ്രണയത്തിന്റെ പരേതാത്മാക്കൾ അലഞ്ഞുനടക്കുന്ന കണ്ണുകൾ പാതിയടച്ച്‌ അയാൾ പറഞ്ഞു.' എന്നാൽ ഉദരത്തിൽ പൂർണ്ണചന്ദ്രനെ വഹിക്കുന്ന ഒരു പെൺശരീരവും എനിക്കു മുന്നിൽ നഗ്നമാക്കപ്പെട്ടില്ല. പിളർന്ന ഗർഭപാത്രത്തിൽ നിന്ന് ശിരസ്സ്‌ നീട്ടുന്ന ശിശുവിന്റേതടക്കം ബീഭത്സമായ കാഴ്ചകളാണ്‌ ഗർഭിണികൾ എനിക്ക്‌ സമ്മാനിച്ചത്‌.'

ക്രൂരമായ ഒരാനന്ദത്തിന്റെ പ്രകാശം അയാളുടെ ചിരിയുടെ മൂർച്ചയിൽ തട്ടിത്തിളങ്ങി. മുൻപിലിരുന്ന ഹവ്വാ മേരി ഐ.പി.എസ്‌ അപ്പോൾ തെല്ലൊന്നസ്വസ്ഥയായി. അയാൾ തുടർന്നു: 'നിങ്ങൾ ഗർഭിണികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ എപ്പോഴും ഒരുതരം അവശത ഭാവിക്കും'.

ആരെയോ ഓർത്തെന്ന പോലെ ഒരുനിമിഷം അയാൾ നിശബ്ദനായി. പിന്നെ ഹവ്വാ മേരി ഐ.പി.എസിന്റെ കാർക്കശ്യം കനത്ത മുഖം തെല്ലും ഗൗനിക്കാതെ പറഞ്ഞു: 'കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷയുടെ ആനന്ദവും വരാനിരിക്കുന്ന വേദനയുടെ ഭയവും ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.'

ഏഴ്‌ ഗർഭിണികളെ കൊന്ന കുറ്റത്തിനാണ്‌ പോലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്തത്‌. ബെഞ്ചമിൻ ഡി.സഖറിയാസ്‌ എന്ന് രജിസ്റ്ററിൽ അയാളുടെ പേര്‌ രേഖപ്പെടുത്തിയപ്പോൾ തന്റെ അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയതുപോലെ ഹവ്വാ മേരി ഐ.പി.എസിനു തോന്നി. ചോദ്യം ചെയ്യാൻ മുന്നിലിരുന്നപ്പോൾ, തലച്ചോറിൽ നിന്നിറങ്ങിയ ചുവന്ന ഞരമ്പുകൾ പടർന്നു കിടക്കുന്ന അയാളുടെ കണ്ണുകളിൽ നിന്ന് തീപ്പൊരി ചിതറുന്നത്‌, മങ്ങിയ പ്രകാശത്തിലും അവൾ കണ്ടു.

'കൃത്യസമയത്താണ്‌ നിങ്ങൾ എന്നെ പിടികൂടിയത്‌. ' അയാൾ പറഞ്ഞു. 'ലോകത്തുള്ള എല്ലാ ഗർഭിണികളെയും കൊല്ലുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അതൊരിക്കലും സാധ്യമാവില്ല എന്നു ബോധ്യപ്പെട്ട ദിവസംതന്നെ ഞാൻ അറസ്റ്റിലായി.'

ഒരു ദീർഘനിശ്വാസത്തോടെ അയാൾ തലകുനിച്ചപ്പോൾ ചുണ്ടിന്റെ കോണിൽ സ്വയം പരിഹസിക്കുന്ന ഒരു ചിരി പ്രത്യക്ഷപ്പെട്ടു.

'ഏതെങ്കിലും ഗർഭിണിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ, പുച്ഛം നിറഞ്ഞ ചെറുചിരിയുമായി ഫാത്തിമ ഹോസ്പിറ്റലിലേക്ക്‌ വരുമ്പോൾ നിറവയറും താങ്ങി നിൽക്കുന്ന മൂന്നോ നാലോ പേരേ മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഇക്കാലത്തിനിടയ്ക്ക്‌ ഒരിക്കൽപ്പോലും ചതിക്കാതിരുന്ന എന്റെ പ്രത്യാശ ഇന്നാദ്യമായി എന്നെ കൈവിട്ടു.'

അപ്രതീക്ഷിതമായ ഒരാഘാതത്തിന്‌ ഇരായായവനെപ്പോലെ അയാൾ മുഖം ചുളിച്ചു.

'വെള്ളസാരിക്കുള്ളിൽ ഫുട്‌ബോൾ വലിപ്പത്തിൽ നിറഞ്ഞ വയർ ഇടതുകൈകൊണ്ട്‌ ചേർത്തു പിടിച്ചു നിൽക്കുന്ന നഴ്സിനെ റിസപ്ഷൻ കൗണ്ടറിൽ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു. ഗൂഢമായൊരു ചിരിയോടെ ഗൈനക്കോളജിസ്റ്റിന്റെ മുറിയന്വേഷിച്ച ശേഷം ഞാനവരുടെ വയറിലേക്ക്‌ രൂക്ഷമായി നോക്കി. അതുകണ്ടനിമിഷം, ഞെളിപിരികൊണ്ട നഴ്സ്‌, സാരിത്തലപ്പു കൊണ്ട്‌ വയർ മറച്ചുപിടിച്ച്‌ അകത്തെ മുറിയിലേക്ക്‌ പോയി.'

ആശുപത്രിവരാന്തയിലൂടെ ഗൈനക്കോളജി വിഭാഗത്തിലേക്ക്‌ പോകുമ്പോൾ അനുഭവിച്ച ആനന്ദം മുഴുവൻ അയാളുടെ മുഖത്ത്‌ നിറഞ്ഞു. അത്‌ കണ്ടപ്പോൾ ഹവ്വാ മേരി ഐ.പി.എസിന്‌ വല്ലാത്ത വിമ്മിട്ടം തോന്നി. അയാൾ തുടർന്നു:

'രണ്ടാംനിലയിലെ ഗൈനക്കോളജി ഡോക്ടറുടെ മുറിയിലേക്കുള്ള വരാന്തയിൽ നിറയെ ഗർഭിണികൾ നിൽക്കുന്നുണ്ടായിരുന്നു. ഭർത്താക്കന്മാരുടെ കൈയിൽത്തൂങ്ങിയും തോളിൽ ചാരിയും ചില കന്നിക്കാരികൾ; വീട്ടിൽ ഇരുത്തിയിട്ടുവന്ന മൂത്തകുട്ടിയെക്കുറിച്ചുള്ള ഓർമയിൽ വ്യാകുലപ്പെടുന്ന മധ്യവയസ്കകൾ; കൈയിലെ കുഞ്ഞുപേഴ്സിലും ഭർത്താവിന്റെ കീശയിലും നോക്കി, ഒരു ഗർഭത്തിന്റെ ചിലവ്‌ കൂട്ടിയും കിഴിച്ചും വ്യസനിക്കുന്ന ചിലർ. ഒരുവൾ മാത്രം ഒറ്റയ്ക്ക്‌ മാറിനിൽക്കുന്നുണ്ടായിരുന്നു. മുഷിഞ്ഞ സാരിയുടെ കോന്തല കൈവിരലിൽ ചുറ്റി, ക്ഷീണം പിടിച്ച നിൽപ്പ്‌. ഞാനവളുടെ വയറിലേക്ക്‌ നോക്കി. അവഗണിക്കപ്പെട്ട ഒരു ദയനീയ ഗർഭമാണതെന്ന് എനിക്കു തോന്നി. സാരിയുടെ ഞൊറിവുകൾക്കിടയിലൂടെ അവളുടെ പൊക്കിൾ പുറത്തു കാണുന്നുണ്ടായിരുന്നു. ഉള്ളിലുള്ള കുഞ്ഞ്‌ പുറംലോകം കാണാനുള്ള വ്യഗ്രതയിൽ അതിലൂടെ നോക്കുന്നുണ്ടാവുമെന്ന് ഞാനോർത്തു. മുഖം കുനിച്ചുപിടിച്ച്‌ ഡോക്ടറുടെ മുറിയിലേക്ക്‌ ഒരത്യാവശ്യക്കാരനെപ്പോലെ ഞാൻ തിടുക്കപ്പെട്ടു കയറി. അപ്പോൾ, എന്തിനാണ്‌ ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ തേടി വന്നതെന്ന ഉത്തരം കിട്ടാത്ത ചോദ്യം എന്നെ കുഴക്കി. ഒരു ഗർഭപാത്രത്തിന്റെ ആകൃതിയുള്ള കസേരയിൽ വീർത്ത വയറിനുമേൽ കൈവെച്ച്‌ ചെറുപ്പക്കാരിയായ ഡോക്ടർ ഇരിക്കുന്നുണ്ടായിരുന്നു. ഈ ലോകത്തിന്റെ തന്നെ ഗർഭപാത്രമായ ആശുപത്രിയും ആശുപത്രിയുടെ ഗർഭത്തിലെ മുറിയും അതിന്റെ ഗർഭത്തിലെ കസേരയും അതിലെ ഡോക്ടറും ഡോക്ടറുടെ ഗർഭപാത്രത്തിൽ തലകീഴായിക്കിടക്കുന്ന കുഞ്ഞും എന്റെ ചിന്തയിൽ നിറഞ്ഞു. അതിനിടയിൽ എവിടെയോ ഒരധികപറ്റായി കടന്നുകൂടിയിരിക്കുന്ന എന്നെ, ആരോ കത്രിക കൊണ്ട്‌ നുറുക്കി പുറത്തേക്കിടുന്ന പോലെ തോന്നി. അനേകം ഗർഭിണികളുടെ ആലസ്യം തൂങ്ങിയ നോട്ടങ്ങൾക്കിടയിലൂടെ, ആദ്യമായി പുറംലോകം കാണാനെന്ന പോലെ ഞാൻ തിരിച്ചു നടന്നു.'

ബെഞ്ചമിൻ പറഞ്ഞു നിർത്തി. ഹവ്വാ മേരി ഒരു ദീർഘനിശ്വാസം വിട്ടു. അയാൾ ഹവ്വാ മേരിയുടെ മുന്നിലിരുന്ന കടലാസും പേനയുമെടുത്ത്‌ അതിൽ ഇങ്ങനെയഴുതി: 'അത്രമേൽ ഭയങ്കരനായ ഒരു കുറ്റവാളിക്കു പോലും കൊന്നുതീർക്കാൻ കഴിയാത്ത അത്രയും ഗർഭിണികൾ ഈ ഭൂമിയിലുണ്ട്‌.'

കിടപ്പുമുറിയിൽ ബെഡ്‌ലാമ്പിന്റെ നീലപ്രകാശം പുതച്ചു കിടക്കുമ്പോഴാണ്‌ ഹവ്വാ മേരി, ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ഭർത്താവിനോട്‌ പറഞ്ഞത്‌. അഗതാ ക്രിസ്റ്റിയുടെ ഒരു കുറ്റാന്വേഷണ നോവൽ വായിച്ച ശേഷം അക്രമാസക്തമായ ചില ആലോചനകളിൽ മുഴുകിക്കിടക്കുകയായിരുന്നു, അയാൾ.

ജോഷീ, ഒരു പ്രമുഖ ദിനപത്രത്തിന്റെ സീനിയർ റിപ്പോർട്ടറായ അയാളെ തൊട്ടുവിളിച്ചുകൊണ്ട്‌ ഹവ്വാ മേരി പറഞ്ഞു: 'നിനക്ക്‌ ഒരു പരമ്പര തന്നെ എഴുതാനുള്ള വകുപ്പ്‌ കിട്ടുമെന്നാ എനിക്കു തോന്നുന്നത്‌. ശരിക്കും ഒരു ഭീകരസാധനം. ഉഗ്രൻ കുറ്റവാളി.'

കുറ്റാന്വേഷകർക്ക്‌ മാത്രമുള്ള ഒരു പ്രത്യേകഭാവം അവളുടെ കണ്ണുകളിൽ തിളങ്ങുന്നത്‌ ജോഷി സാമുവൽ കണ്ടു.

'ഹോസ്പിറ്റലിൽ വെച്ച്‌ കസ്റ്റഡിയിൽ എടുത്തപ്പഴോ ചോദ്യം ചെയ്തപ്പഴോ കുഴപ്പങ്ങളൊന്നും കാണിച്ചില്ല. കഥ പറയുന്ന പോലെ കുറേ കാര്യങ്ങൾ പറഞ്ഞു. സത്യത്തിൽ എനിക്കൊന്നും ചോദിക്കേണ്ടിവന്നില്ല.'

ജോഷി സാമുവൽ ഒരു കൊച്ചു വോളിബോൾ കോർട്ടിന്റെ വലിപ്പമുള്ള കട്ടിലിൽ എഴുന്നേറ്റിരുന്ന്, ബെഡ്‌ലാമ്പിനരികെ ഊരിവെച്ചിരുന്ന കണ്ണടയെടുത്തു. അയാളെ കണ്ടാൽ ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ തോന്നുമെന്ന് ഹവ്വാ മേരി ഓർത്തു. കൃത്യമായി വെട്ടിയൊതുക്കിയ ഫ്രഞ്ചുതാടിയിൽ തടവിക്കൊണ്ട്‌ അയാൾ കണ്ണടച്ചിരുന്നു. ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു: 'കൊലപാതകങ്ങളെക്കുറിച്ച്‌ ഇന്നലെ അയാളൊന്നും പറഞ്ഞില്ല. ഞാൻ ചോദിക്കാനും നിന്നില്ല. എനിക്കു തോന്നുന്നത്‌, വിശുദ്ധമായ ഒരു ബലിയർപ്പണം പോലെയായിരിക്കും അയാൾ ഏഴ്‌ കൊലകളും നടത്തിയിരിക്കുക' എന്നാണ്‌. ജോഷി സാമുവലിന്റെ കൈയിൽ പതുക്കെ പിടിച്ചുകൊണ്ട്‌ അവൾ കൂട്ടിച്ചേർത്തു: 'അല്ലെങ്കിൽ ചെയ്ത കൃത്യങ്ങളെക്കുറിച്ച്‌ അയാൾ അങ്ങനെയായിരിക്കും വിവരിക്കുക'.

ഹവ്വാ മേരി ലൈറ്റണച്ചു. കട്ടിലിന്‌ എതിർവശത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അവളുടെ പോലീസ്‌ യൂണിഫോമിലെ നക്ഷത്രം ഏതോ നേർത്ത പ്രകാശത്തിൽ തിളങ്ങിയത്‌, ജോഷി സാമുവലിന്റെ കണ്ണിൽ തറച്ചു. അയാൾ ചെറിയ ഭയപ്പാടോടെ ഭാര്യയോട്‌ ചേർന്നുകിടന്നു. കൊലപാതകങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള നൂറുനൂറു ചിന്തകൾ അയാളെ കുഴക്കി. ഹവ്വാ മേരിയുടേ ശരീരത്തിൽ നിന്നും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു തരംഗം പ്രവഹിക്കുന്നതായി അയാൾ സംശയിച്ചു. പത്രപ്രവർത്തകനായ താനും പോലീസ്‌ ഉദ്യോഗസ്ഥയായ ഹവ്വാ മേരിയും കുറ്റവാളിയായ ബെഞ്ചമിൻ ഡി.സഖറിയാസും ഒരു വലിയ കുറ്റാന്വേഷണ നോവലിലെ കഥാപാത്രങ്ങളാണെന്ന്, അർദ്ധബോധത്തിൽ അയാൾ സങ്കൽപ്പിച്ചു. പിന്നെ ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ഒരു വാചകം മനസ്സിൽ കുറിച്ചിട്ടു: ഗർഭിണികളെ മാത്രം കൊലപ്പെടുത്തുന്നവൻ;അപാരമായ മൗലികതയുള്ള കുറ്റവാളി.

'ഓഗസ്റ്റ്‌ മാസത്തെ നെടുകെ പിളർത്തിക്കൊണ്ട്‌ ഇന്ത്യ സ്വാതന്ത്ര്യക്കൊടി നാട്ടിയതിന്റെ അൻപത്തിമൂന്നാം വാർഷികത്തിൽ, ഞാൻ ആദ്യത്തെ കൊലപാതകം നടത്തി'. ഹവ്വാ മേരിക്കു മുന്നിൽ നിർവ്വികാരതയോടെ തലതാഴ്ത്തിയിരുന്ന് ബെഞ്ചമിൻ പറഞ്ഞു: 'സഹസ്രാബ്ദത്തിലെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ, പതിനാലുകാരിയായ പെങ്ങളുടെ ഗർഭം, ഒളിച്ചിരിക്കാനുള്ള എല്ലാ സാധ്യതയും അവസാനിച്ചതിനാൽ എനിക്കുമുന്നിൽ വെളിപ്പെട്ടു. വേദനയും കണ്ണീരും ഞങ്ങൾക്കിടയിൽ ശ്വാസംമുട്ടി നിന്നു. അപ്പോൾ, വീട്‌ ഒരു കോൺസൻട്രേഷൻ ക്യാമ്പാണെന്ന് എനിക്കു തോന്നി'.

അടക്കം ചെയ്ത ശവം മണ്ണുമാന്തിപ്പുറത്തെടുക്കാൻ വന്ന ഒരാളുടെ ഭാവം ഹവ്വാ മേരിയിൽ നിറഞ്ഞു. അവളുടെ കണ്ണിൽത്തന്നെ നോക്കി ബെഞ്ചമിൻ പറഞ്ഞു: 'അന്നു വൈകുന്നേരം, വ്യഭിചാരത്തിനു പിടിക്കപ്പെട്ടവളെപ്പോലെ വെളിച്ചം ഭൂമിയുടെ പരിയമ്പുറത്തെവിടെയോ ഒളിച്ചിരുന്ന സമയം ഞാൻ കഠാരയെടുത്തു. വീടാകെ ഇരുട്ടു നിറഞ്ഞിരുന്നു. ആൾമറയില്ലാത്ത കിണറ്റിനരികെ ആരോ വെട്ടിയിട്ട പാഴ്ച്ചെടി പോലെ പെങ്ങൾ കിടന്നു.'

അനവസരത്തിൽ ചാടിവന്ന അലങ്കാരങ്ങൾ ബെഞ്ചമിനെ നോക്കി പല്ലിളിക്കുന്നത്‌ ഹവ്വാ മേരി കണ്ടു.

'കഠാരയിലും ഇരുളിൽ അവ്യക്തമായിപ്പോയ പെങ്ങളുടെ മുഖത്തും മാറിമാറി നോക്കിയപ്പോൾ എനിക്കു ഭീകരമായ ഏകാന്തത അനുഭവപ്പെട്ടു. ഇരുമ്പിന്റെ മൂർച്ചയെ ഒരു കൊച്ചു ഗ്ലോബിന്റെ വലിപ്പത്തിൽ നിറഞ്ഞ അവളുടെ വയറ്റിലേക്ക്‌ ഞാൻ ആഴത്തിൽ താഴ്ത്തി. കഠാരയുടെ ഖനനത്തിൽ ഉൾക്കാമ്പ്‌ മുറിഞ്ഞപ്പോൾ രക്തം ലാവ പോലെ പ്രവഹിച്ചു. നുറുങ്ങിയ മാംസക്കഷ്ണങ്ങൾ പുറത്തുവന്നു. കുഞ്ഞുകുടൽമാലയും ഉറയ്ക്കാത്ത തലച്ചോറും വലിച്ചൂരിയ കഠാരയ്ക്കൊപ്പം നിലത്തുവീണു.'

പറഞ്ഞു നിർത്തിയപ്പോൾ ബെഞ്ചമിന്റെ കണ്ണുനിറഞ്ഞു. ഈ ഭൂമി മുഴുവൻ തന്റെ തലയിൽ വന്നു പതിച്ചതുപോലെ അയാൾക്കു തോന്നി. ഒരു രക്തസ്രാവക്കാരിയെപ്പോലെ വിളർത്തുപോയ ഹവ്വാ മേരിയെ നോക്കി അയാൾ മുരടനക്കി: 'ഗർഭപാത്രം ബന്ധങ്ങളുടെ അഴിക്കുള്ളിൽ ജീവിതം തളച്ചിടുന്ന ഒരു തടവറ മാത്രമാണ്‌. അതിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള വിപ്ലവമായിരുന്നു, എന്റെ കഠാര. വ്യവസ്ഥകളുടെ വിലങ്ങിട്ട്‌ നിങ്ങൾ അത്‌ പരാജയപ്പെടുത്തിക്കളഞ്ഞു'.     

ബംഗ്ലാവിൽ, സ്വിമ്മിംഗ്‌ പൂളിനരികിലെ പുൽത്തകിടിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ ഹവ്വാ മേരി മനസ്സിൽ പറഞ്ഞു: 'ഗർഭമാണ്‌ ഈ ഭൂമിയിലെ ഏറ്റവും വലിയ സത്യം; ഗർഭപാത്രം അതിന്റെ ഒരേയൊരു സാക്ഷിയും.'

അവൾ ജോഷി സാമുവലിനെ നോക്കി. അയാളപ്പോൾ ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. പെങ്ങളുടെ അവിഹിതഗർഭത്തെ അലങ്കാരങ്ങളുടെ മൂർച്ചയിൽ കോർത്തെടുത്ത പ്രതിഭാശാലിയായ കുറ്റവാളിയെ അയാൾ സങ്കൽപ്പിച്ചു.

ബെഞ്ചമിൻ ഡി.സഖറിയാസിനെ കാണുകയാണെങ്കിൽ, ജോഷി പറഞ്ഞു: 'അയാളുടെ കൈകളിൽ എനിക്ക്‌ ചുംബിക്കണം.'

അപായസൂചകമായ ഒരു കറുത്ത ഫലിതം കേട്ടപോലെ ഹവ്വാ മേരി മുഖം ചുളിച്ചു. ജോഷി സാമുവൽ എഴുന്നേറ്റു നിന്ന് അവളെ നോക്കി. നിലാവെളിച്ചത്തിൽ, ഒരു ഇരുണ്ട നിഴൽ മാത്രമായി മുൻപിൽ നിൽക്കുന്ന ഭർത്താവ്‌ അപരിചിതനായ ഏതോ കുറ്റവാളിയാണെന്ന് അവൾക്ക്‌ തോന്നി.

കൊലപാതകമാണെങ്കിലും ജോഷി പറഞ്ഞു: 'അപാരമായ ചാരുതയോടെയായിരിക്കും അയാളത്‌ ചെയ്തത്‌. ഒരു ഉത്തമമായ കലാസൃഷ്ടി പോലെ മനോഹരമായ ഒരു കൊലപാതകം.'

ജോഷി സാമുവൽ ഒരു ഡ്രാക്കുളയാണെന്ന് ഹവ്വാ മേരി സംശയിച്ച നിമിഷം അയാൾ ഒരു ദീർഘചുംബനം നൽകി. ഉടലാകെ പൊള്ളിയതുപോലെ അവൾക്ക്‌ തോന്നി.

'ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കു ബെഞ്ചമിനാകണം'. ഹവ്വാ മേരിയുടെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ ജോഷി പറഞ്ഞു: 'എന്നിട്ട്‌, ഗർഭപാത്രത്തിന്റെ ആഴങ്ങളിൽ ഉന്മാദത്തിന്റെ ബിംബങ്ങൾ കൊണ്ട്‌ കവിത രചിക്കണം; രക്തം ഒരു ശിശുവിന്റെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്ന കവിത.'

ഭർത്താവിന്റെ വാക്കുകളിൽ രക്തവും തുരുമ്പും കലർന്ന ഒരവ്യക്തഗന്ധം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഹവ്വാ മേരിക്ക്‌ തോന്നി. അവൾ എഴുന്നേറ്റ്‌ കിടപ്പറയിലേക്ക്‌ പോയി. അപ്പോൾ, വർഷങ്ങൾക്ക്‌ മുമ്പ്‌ തറവാട്ടുവീടിന്റെ നടുത്തളത്തിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങി മരിച്ച ഇളയപെങ്ങളെക്കുറിച്ചുള്ള ഓർമ ജോഷി സാമുവലിനെ അസ്വസ്ഥനാക്കി. ഒരു വൈകുന്നേരം കോളേജിൽ നിന്നും മടങ്ങുന്ന വഴിക്കാണ്‌ പെങ്ങളുടെ വയറ്റിൽ ആരുടേതെന്നറിയാത്ത ഒരു കുഞ്ഞ്‌ മുളയിട്ടു കഴിഞ്ഞ വിവരം ജോഷി അറിയുന്നത്‌. വഞ്ചനയുടെ കയ്പുനീർ ഉള്ളിലാകെ നിറഞ്ഞപ്പോൾ, ഭൂമി പിളർന്ന് അതിലേക്ക്‌ പതിച്ചിരുന്നെങ്കിലെന്ന് ആത്മാവുകൊണ്ട്‌ അയാൾ നിലവിളിച്ചു. തന്റെ ജന്മത്തെത്തന്നെ പെങ്ങൾ പരാജയപ്പെടുത്തിക്കളഞ്ഞെന്ന് ജോഷിക്ക്‌ തോന്നി. നെഞ്ചിൽ കടുത്ത ക്ഷോഭത്തിന്റെ തീജ്വാലകൾ വിങ്ങിയപ്പോൾ, അപമാനത്തിന്റെ വിഴുപ്പിനെ എന്നെന്നേക്കുമായി ഒഴിവാക്കണം എന്ന് അയാൾ പല്ലിറുമ്മി. എന്നാൽ പെങ്ങളെ കൊന്ന് കെട്ടിത്തൂക്കാൻ മനസിലുറപ്പിച്ച്‌ വീടിന്റെ പടികയറിയ കൗമാരക്കാരന്റെ സകല പ്രതികാരചിന്തകളെയും പരിഹസിച്ചുകൊണ്ട്‌, പിന്നീട്‌ നാട്ടിൽ പ്രചരിക്കപ്പെട്ട അശ്ലീലം കലർന്ന അനേകം അപസർപ്പകകഥകളിൽ ഒന്നുമാത്രമായി അവൾ മാറി. അന്ന് തനിക്ക്‌ കഴിയാതെ പോയ പകവീട്ടൽ ബെഞ്ചമിൻ ഡി.സഖറിയാസ്‌ ജീവിതം കൊണ്ട്‌ നടപ്പാക്കിയത്‌ ജോഷിയെ ആഹ്ലാദിപ്പിച്ചു. അപ്പോൾ താനും ബെഞ്ചമിനും സത്യത്തിൽ ഒരാളാണെന്ന് ജോഷിക്ക്‌ തോന്നി.

അന്നേരം സ്വിമ്മിംഗ്‌ പൂളിനരികിൽ ഒറ്റയ്ക്ക്‌ നിന്ന ജോഷി സാമുവലിനെ ഇരുട്ടിൽ മുക്കി, നിലാവെളിച്ചം ഒരു രാത്രിമേഘത്തിനുള്ളിൽ കുടുങ്ങി.

പിറ്റേന്ന്, കാലത്തു കഴിച്ച ഭക്ഷണം വാഷ്‌ ബേസിനിലേക്ക്‌ ഒഴുക്കിക്കൊണ്ട്‌, കടിഞ്ഞൂൽ ഗർഭം ഹവ്വാ മേരിയുടെ ഉദരത്തിൽ കൊരുത്തു.

'ശവക്കല്ലറ മനുഷ്യന്റെ രണ്ടാമത്തെ ഗർഭപാത്രമാണ്‌; ഓർമയോ ചിന്തകളോ ഇല്ലാത്ത നിശബ്ദസമാധിയുടെ തൊട്ടിൽ. ഇന്ന്, വീണ്ടുമൊരു ശിശുവായി മാറി ആയുസ്സിന്റെ ഋതു ഞാൻ പൂർത്തിയാക്കുന്നു.'

രക്തംകൊണ്ട്‌ ജയിൽമുറിയുടെ ഭിത്തിയിൽ എഴുതിവെച്ച വാക്കുകൾക്കിടയിൽ ബെഞ്ചമിൻ ഡി.സഖറിയാസ്‌ മരിച്ചുകിടന്നു. ഒരു കുഞ്ഞുകഷ്ണം പിച്ചാത്തി അയാളുടെ വയർപിളർന്ന ക്ഷീണത്താൽ ചോര തുപ്പിക്കിടപ്പുണ്ടായിരുന്നു.

കുറ്റകൃത്യങ്ങളുടെ കഥയിൽ നിന്നും ആരോ ഉപേക്ഷിച്ചു കളഞ്ഞ അത്രമേൽ ദുർഗ്രാഹ്യമായ ഒരലങ്കാരം പോലെ അയാൾ കിടക്കുന്നതു കണ്ടപ്പോൾ ഹവ്വാ മേരിക്ക്‌ സഹതാപം തോന്നി. ചുരുങ്ങിയ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇങ്ങനെയൊരാളെ കണ്ടുമുട്ടിയിട്ടില്ലെന്ന് അവളോർത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്‌ വിട്ടുകൊടുത്ത ശേഷം ബെഞ്ചമിനെക്കുറിച്ചുള്ള ഫയലുകൾക്കിടയിൽ തികഞ്ഞ അലസതയിലിരിക്കുമ്പോൾ കീഴുദ്യോഗസ്ഥരിലൊരാൾ ഹവ്വാ മേരിയോട്‌ പറഞ്ഞു: 'ബെഞ്ചമിൻ ഡി.സഖറിയാസിന്റെ ജീവിതം അലസിപ്പോയൊരു ഗർഭം പോലെ തോന്നുന്നു.'

ഭയവും പരിഹാസവും കലർന്ന ഭാവത്തിൽ ഹവ്വാ മേരി അതിനു മറുപടി പറഞ്ഞു: 'അയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടുമ്പോൾ അതൊന്ന് സൂക്ഷിച്ചു വായിക്കണം. ചിലപ്പോൾ ബെഞ്ചമിന്റെ ഉദരത്തിൽ ഒരു ഗർഭപാത്രം ഒളിഞ്ഞിരിപ്പുണ്ടാകും.'

അതുകേട്ടപ്പോൾ കീഴുദ്യോഗസ്ഥൻ തന്റെ ഭീമാകാരമായ ശരീരം മുഴുവനിളക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു.

അപ്പോൾ ഹവ്വാ മേരിക്ക്‌ വീണ്ടും മനംപിരട്ടലുണ്ടായി.

ബെഞ്ചമിൻ ഡി.സഖറിയാസിന്റെ ആത്മഹത്യ,  ചാനലുകൾ ആഘോഷിക്കുന്നതും നോക്കിയിരിക്കുമ്പോൾ ജോഷി സാമുവലിനു അപ്രതീക്ഷിതമായി സന്തോഷം തോന്നി. ഐസ്‌ ക്യൂബുകൾ ചത്തുമലച്ചു കിടക്കുന്ന ഗ്ലാസ്സിൽ നിന്നും വിസ്കി നുണഞ്ഞുകൊണ്ട്‌ അയാൾ മനസിലോർത്തു: 'കർമ്മപരമ്പരയിലെ തന്റെ ഭാഗം അയാൾ പൂർത്തിയാക്കി.'

ഒരു ആലിലയോളം മാത്രം വലിപ്പമുള്ള പിഞ്ഞാണത്തിൽ പരന്നുകിടന്ന അച്ചാറിൽ അയാൾ വിരൽ മുക്കിയപ്പോൾ, ആ ഭാഗം ഏതോ മാദകനടിയുടെ പൊക്കിൾക്കുഴി പോലെ ശൂന്യമായി.

പക്ഷേ, ബെഞ്ചമിൻ ഡി. സഖറിയാസ്‌ ഒരു ഇരയായിരുന്നു. മദ്യം സിരകളിൽ പടരുന്നത്‌ നന്നായി ആസ്വദിച്ചുകൊണ്ട്‌ ജോഷി സാമുവൽ ആരോടെന്നില്ലാതെ പറഞ്ഞു: 'ഭൂമിയിൽ ചെയ്തു തീർക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന ദൗത്യത്തിലേക്ക്‌ വന്നു ചാടിയവൻ; വെറും മനുഷ്യൻ'.

ജോഷി വീണ്ടും ഗ്ലാസുയർത്തി. ഇനിയും അലിഞ്ഞു തീരാത്ത ഐസ്‌ ക്യൂബുകൾ ബാക്കിയാക്കി, 90 മില്ലി ലിറ്റർ മദ്യം അയാളിലേക്ക്‌ നിഷ്ക്രമിച്ചു.

ചരിത്രത്തിൽ എനിക്കും ബെഞ്ചമിൻ ഡി.സഖറിയാസിനും ഇടയിലുള്ള ദൂരം എത്ര കൂടുതലാണ്‌. ഞാൻ കഴിഞ്ഞുപോയ സംഭവങ്ങൾ മാത്രം എഴുതി ജീവിക്കുന്നവൻ. അവനോ തികച്ചും മൗലികമായ കൃത്യങ്ങൾ കൊണ്ട്‌ ജീവിതം കോർത്തെടുത്തവൻ. എനിക്കിനി ചെയ്യാനുള്ളത്‌...

വാക്യം പൂർത്തിയാക്കും മുൻപ്‌ ഹവ്വാ മേരി കടന്നുവന്നു. അവൾ ഗർഭാലസ്യത്തിൽ തെല്ലു വാടിയിരുന്നു. മദ്യക്കുപ്പിയിലേക്ക്‌ അമർഷത്തോടെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ, ഹവ്വാ മേരിയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ്‌ അവളെ ആഞ്ഞുതൊഴിച്ചു. സുഖകരമായ ഒരു വേദന തന്റെ ഉള്ളിലാകെ നിറയുന്നത്‌, അവളറിഞ്ഞു.

ചുവന്നുകലങ്ങിയ കണ്ണുകൾ അവളുടെ ഉദരത്തിലേക്ക്‌ പായിച്ചുകൊണ്ട്‌ ജോഷി എഴുന്നേറ്റു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം അയാൾ വാഷ്‌ബേസനിലേക്ക്‌ ഒഴുക്കിക്കളഞ്ഞു.

ബെഞ്ചമിൻ ഡി.സഖറിയാസ്‌, വലിയ പുസ്തകത്തിലെ ഒരദ്ധ്യായം മാത്രമായിരുന്നു, കാലിയായ കുപ്പി മണത്തുകൊണ്ട്‌ അയാൾ പറഞ്ഞു.

'ഞാനും നീയും ചേർന്ന് പൂരിപ്പിക്കേണ്ട ഭാഗങ്ങൾ ഇനിയും ബാക്കിയാണ്‌.'

ഹവ്വാ മേരി അവിശ്വാസത്തോടെ അയാളെ നോക്കി. വിചിത്രമായ ഒരു കഥയിലെ ദുരന്തകഥാപാത്രത്തിന്റെ മുഖഛായ അയാളിൽ പതിഞ്ഞുകിടക്കുന്നത്‌ അവൾ കണ്ടു. പെട്ടെന്ന് കറന്റ്‌ പോയി. ഇരുട്ട്‌ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഈ ഗ്യാലക്സിയിൽ താനും ഭർത്താവും മാത്രം ഉണർന്നിരിക്കുന്നത്‌, നിഗൂഢമായ ഒരു കൃത്യത്തിന്റെ ഇരകളാകാൻ വേണ്ടി മാത്രമാണെന്ന് അവൾക്ക്‌ തോന്നി.

ജോഷി സാമുവൽ കൈയിലിരുന്ന കുപ്പി വാഷ്‌ബേസനിൽ ആഞ്ഞടിച്ചു. ചില്ലുകഷ്ണങ്ങൾ ചിതറിത്തെറിച്ച ശബ്ദത്തിൽ ഹവ്വാ മേരിയുടെ ഗർഭപാത്രം ഞടുങ്ങിവിറച്ചു. കുപ്പിച്ചില്ലിന്റെ മൂർച്ചയിൽ വിരലോടിച്ചുകൊണ്ട്‌ ജോഷി ഉറക്കെച്ചിരിച്ചപ്പോൾ, താൻ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഒരാളാണെന്ന് ഹവ്വാ മേരിക്ക്‌ തോന്നി.

ഉന്മാദത്തിന്റെ മൂർച്ഛയിൽ, ക്രൂരമായിത്തിളങ്ങുന്ന കുപ്പിച്ചില്ലുമായി അയാൾ ഹവ്വാ മേരിയുടെ ഗർഭപാത്രത്തിനു നേരേ പാഞ്ഞടുത്തു.

അപ്പോൾ, ഭൂമി ഒരു ശിശുവിനെപ്പോലെ ഞെളിപിരി കൊണ്ടു.  

O

(2013 ലെ അങ്കണം അവാർഡ്‌ നേടിയ കഥ)

Saturday, August 23, 2014

മഴത്തുള്ളിയേറ്റുവന്ന കത്ത്‌

കവിത
ഡോണ മയൂര



യുദ്ധഭൂമിയിലെ മഴകൊള്ളിച്ച്‌
സുഹൃത്ത്‌ കത്തയച്ചിരിക്കുന്നു.

വരികൾക്കിടയിൽ വാക്കുകൾ
മഴത്തുള്ളികൾ വീണു
പൊള്ളിപ്പോയിരിക്കുന്നു.

തീമഴയേറ്റ്‌
പൊള്ളിയടർന്നുപോയ്‌ വാക്കുകൾ
കണ്ണുനീർത്തുള്ളികൊണ്ടവ
അടയ്ക്കാൻ ശ്രമിക്കരുതേ...
എന്നെഴുതിയിരിക്കുന്നു.

സമാധാനത്തിന്റെ
തീവ്രതയറിഞ്ഞവർ
വെള്ളക്കോടി പുതച്ച്‌
വരികൾക്കിടയിലുറങ്ങുന്നു.

ചുവന്ന നൂലുകൊണ്ടു
കത്തിനൊടുവിൽ തുന്നിപ്പിടിപ്പിച്ച
വെള്ളക്കൊടിയിൽ
വരച്ചു ചേർത്തിരിക്കുന്ന
കൺപീലികൾ നനയുന്നു,
മെല്ലെയവ തുറക്കുന്നു.

തീമഴയേറ്റ്‌ എത്തിയ
കത്തുപോലെ
അതാ, രണ്ടുതുള്ളികൾ
അവയ്ക്കുള്ളിലും!

വെയിലത്തേക്ക്‌ ഉയർത്തിപ്പിടിച്ച്‌
ഞാനവയെ
ഉണക്കിയെടുക്കാൻ ശ്രമിക്കുന്നു.

മഴയേറ്റ വാക്കുകളിലൂടെ
എത്തിനോക്കുന്ന
വെയിലേറ്റ്‌ നനഞ്ഞ്‌
പൊടുന്നനെ ഞാൻ മരിച്ചുപോയി.

O


Saturday, August 16, 2014

സംസ്കാരജാലകം - 21

സംസ്കാരജാലകം - 21
ഡോ.ആർ.ഭദ്രൻ












ദളിതനായിരിക്കുന്നത്‌ സിനിമയിൽ ഒരു കുറ്റമാണ്‌


ഡോ.ബിജുവുമായി പ്രിജിത്ത്‌ രാജ്‌ നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2014 മെയ്‌ 18 ലക്കത്തിൽ വന്നിട്ടുണ്ട്‌. അത്‌ ഒരു ജേർണലിസ്റ്റിക്‌ സ്റ്റൈലിൽ ഉള്ള ഇന്റർവ്യൂ ആണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കുറേക്കാലമായുള്ള അജണ്ടകളാൽ അത്‌ നിയന്ത്രിതവുമാണ്‌. ബിജുവിന്റെ സിനിമകളുടെ കലാപരമായ മഹിമയും മാധ്യമശക്തിയുമൊന്നും ആ ഇന്റർവ്യൂവിൽ പ്രതിഫലിക്കുന്നില്ല. ഇതൊരു വല്ലാത്ത ചതിയാണ്‌. ബിജുവിന്റെ സിനിമകളെക്കുറിച്ച്‌ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ള ഒരു ഇന്റർവ്യൂ മറ്റാരെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.


മാതൃഭാഷയെക്കുറിച്ചുള്ള പുതിയ സുപ്രീം കോടതി വിധി

മാതൃഭാഷയെക്കുറിച്ചുള്ള പുതിയ വിധിയുടെ പശ്ചാത്തലത്തിലുള്ള മൂന്നു ലേഖനങ്ങൾ മാതൃഭൂമി ദിനപത്രത്തിൽ (2014 മെയ്‌ 15) വന്നിട്ടുണ്ട്‌. 

1. വിധി ഭീഷണിയല്ല. (പി.പവിത്രൻ)
2. വിധി വിനാശകരം (കെ.പി.രാമനുണ്ണി)
3. ഭാഷാമൗലികവാദം വേണോ (ഡോ.ഇഫ്തിഖാർ അഹമ്മദ്‌.ബി)

ഇതിൽ ഡോ.ഇഫ്തിഖാർ അഹമ്മദ്‌.ബി എഴുതിയ ലേഖനം ആശയപരമായി നിലനിൽക്കുന്നതല്ല. പുതിയകാലത്തിലെ മൗലിക പ്രശ്നങ്ങളെക്കുറിച്ചും തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ആയ ഈ അധ്യാപകൻ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഒരു ഉദാഹരണം നോക്കിക്കൊള്ളുക.

"ഒരു മനുഷ്യന്‌ അവന്റെ അമ്മയുടെ അമൃതതുല്യമായ മുലപ്പാലിലൂടെ ചുരന്നുകിട്ടുന്ന അതിപ്രധാന വരപ്രസാദങ്ങളിലൊന്നാണ്‌ അവന്റെ ഭാഷ എന്ന വാദഗതിക്ക്‌ ന്യൂജനറേഷൻ സമൂഹങ്ങളിൽ വലിയ പ്രസക്തിയൊനുമില്ല."

നമ്മുടെ സാമൂഹികജീവിതത്തിൽ ന്യൂ ജനറേഷൻ നിർമ്മിക്കുന്ന ആദർശാത്മകതകൾ ആർക്കാണ്‌ വേണ്ടത്‌?

 ആർട്ടിസ്റ്റ്‌; ശ്യാമപ്രസാദ്‌



മലയാള സിനിമയിലെ അസുലഭ അഭിനയ മുഹൂർത്തങ്ങൾക്ക്‌ ആർട്ടിസ്റ്റ്‌ എന്ന സിനിമയിൽ നാം സാക്ഷിയാവുകയാണ്‌. ഫഹദ്‌ ഫാസിൽ, ആൻ അഗസ്റ്റിൻ എന്നിവർ നടനത്തിന്റെ അപൂർവ്വനിമിഷങ്ങൾ കാഴ്ചവെച്ചു കൊണ്ട്‌ ഈ സിനിമയെ അനശ്വരമാക്കുകയായിരുന്നു. സ്ക്രീൻപ്ലേയുടെ ശക്തിയും ശ്യാമപ്രസാദിന്റെ സംവിധായകമികവും സിനിമയ്ക്ക്‌ അനുഗ്രഹമായിട്ടുണ്ട്‌. ചില്ലറ പോരായ്മകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഈ സിനിമ പ്രമേയത്തിന്റെ ശക്തികൊണ്ടും അപൂർവ്വത കൊണ്ടും മാറുന്ന മലയാളസിനിമയ്ക്ക്‌ ഒരു കൈയ്യൊപ്പ്‌ ചാർത്തുകയാണ്‌.


തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയം


2006 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഇടതുപക്ഷം പരാജയപ്പെടുന്നത്‌ ഇന്നൊരു ചർച്ചാവിഷയമായിരിക്കുകയാണ്‌. തൊഴിലാളിവർഗ്ഗരാഷ്ട്രീയം കൈയാളുന്ന ഇടതുപക്ഷത്തിന്‌ ഉത്തരാധുനികകാലത്ത്‌ നിലനിൽപ്പും അതിജീവനവും പ്രയാസമുള്ളതായിരിക്കും എന്ന് വിവേചനത്തോടുകൂടി മനസ്സിലാക്കുക. ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തെ പുനർനിർവ്വചിക്കാൻ ഇനിയെങ്കിലും നേതൃത്വം തയ്യാറാവണം. സാംസ്കാരിക പ്രവർത്തനങ്ങളെ ശാക്തീകരിച്ചു കൊണ്ടു മാത്രമേ ഉത്തരാധുനിക കാലത്ത്‌ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെ തിരിച്ചുപിടിക്കാൻ കഴിയൂ എന്ന യാഥാർത്ഥ്യം ഇന്ത്യൻ സാഹചര്യത്തിൽ കമ്യൂണിസ്റ്റ്‌ ബുദ്ധിജീവികൾ മനസ്സിലാക്കാത്തത്‌ എന്തുകൊണ്ടാണ്‌?

എം.വി.ദേവൻ



എം.വി.ദേവനെക്കുറിച്ച്‌ എം.ജി.എസ്‌.നാരായണൻ എഴുതിയ ലേഖനം സമയോചിതമായിരിക്കുന്നു (ഉരുക്കി വാർത്തെടുത്ത ഒരു സമരശിൽപം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 2014 മെയ്‌ 18). ലേഖനത്തിന്റെ ടൈറ്റിൽ തന്നെ സമുജ്ജ്വലം. എം.വി.ദേവന്റെ സംഭാവനകൾ സമഗ്രമായിത്തന്നെ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. കൂട്ടത്തിൽ ഒരു നിരീക്ഷണം എത്ര നിശിതമായിരിക്കുന്നു! 'തീർച്ചയായും ദേവൻ വലിയ കഴിവുകൾ ഉള്ള മനുഷ്യനായിരുന്നു. എന്നാൽ ജീവിച്ചിരുന്ന കാലത്ത്‌ കമ്മാളരെ (കർമകാരന്മാരെ) വെറും കൂലിപ്പണിക്കാരായി മാത്രം കണ്ടു പരിചരിച്ചിരുന്ന സമൂഹം ദേവനെയും ഒതുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.'

ജെ.ബി.ജംഗ്ഷൻ



രഞ്ജിനി ഹരിദാസിനെ ജെ.ബി.ജംഗ്ഷന്റെ കസേരയിലിരുത്തിക്കൊണ്ട്‌ ജോൺ ബ്രിട്ടാസ്‌ മറ്റൊരു മാധ്യമ ജീർണ്ണത കൂടി ആഘോഷിച്ചു കഴിഞ്ഞു. ലജ്ജാവഹം! സ്ത്രീയെക്കുറിച്ചുള്ള ആദർശാത്മകവും, ഉജ്ജ്വലവും, മൂല്യവത്തുമായ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുക എന്നത്‌ മുതലാളിത്ത നിയന്ത്രിത മാധ്യമ അജണ്ടയിലുണ്ട്‌. ഇതാണ്‌ ബ്രിട്ടാസ്‌ നിർവ്വഹിക്കുന്നത്‌. രഞ്ജിനി ഹരിദാസിനെപ്പോലെയുള്ള പാവങ്ങളും മിടുക്കികളുമായ പെൺകുട്ടികളും കാഴ്ചക്കാരോടൊപ്പം ഇവിടെ ഇരയായിത്തീരുന്നു എന്നത്‌ ജോൺ ബ്രിട്ടാസിനെപ്പോലെയുള്ളവരുടെ സാമൂഹികദ്രോഹത്തെ ഇരട്ടിപ്പിക്കുകയാണ്‌.

സാഹിത്യം രാഷ്ട്രീയപ്രവർത്തനമാകുമ്പോൾ

സാഹിത്യം എന്നത്‌ ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു. വർഗ്ഗരാഷ്ട്രീയത്തെ മാധ്യമങ്ങൾ ചൂഷകരുടെ ദല്ലാളുമാരായി നിന്നുകൊണ്ട്‌ നിഷ്പ്രഭമാക്കുകയാണ്‌. ഇത്‌ വർഗ്ഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ്‌ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും വേണ്ടത്ര പ്രാധാന്യത്തോടെ മനസ്സിലാക്കുന്നില്ല. അതുകൊണ്ട്‌ ഇത്‌ ഫലപ്രദമായി നിറവേറ്റുന്നത്‌ മലയാളത്തിലെ പുതുസാഹിത്യമാണ്‌. മലയാളത്തിലെ ഉത്തരാധുനിക കഥകൾ അതിന്‌ നല്ല മാതൃകകളാണ്‌. വത്സലൻ വാതുശേരിയുടെ 'ബേണിംഗ്‌ ഇന്ത്യ', ചന്ദ്രമതിയുടെ 'പ്രായോജകരെയും കാത്ത്‌', ഇ.പി.ശ്രീകുമാറിന്റെ 'പരസ്യശരീരം', പി.സുരേന്ദ്രന്റെ 'കോടീശ്വരൻ', എം.ജി.ബാബുവിന്റെ 'ആൽപ്രയോജികയാം ഹേതു'. ഇങ്ങനെയുള്ള എഴുത്തുകാരെ ഇന്നത്തെ കാലം വേണ്ടത്ര ആദരവോടെയും ആരാധനയോടെയും കണ്ടെത്തുന്നില്ല എന്നത്‌ സങ്കടകരമായ കാര്യമാണ്‌. എന്നാൽ ഇത്‌ തിരിച്ചറിയപ്പെടുന്ന ഒരു കാലം വരും. സ്ഥൂലരാഷ്ട്രീയത്തെ  സാഹിത്യം ആദേശം ചെയ്യുന്ന ഒരു കാഴ്ചയാണ്‌ പുതുസാഹിത്യം. അങ്ങനെ അത്‌ സൂക്ഷ്മ രാഷ്ട്രീയപ്രവർത്തനമായി ചരിത്രത്തിൽ അടയാളപ്പെടുകയും ചെയ്യുന്നു.

ദയാഭായി



നമ്മുടെ ഇടയിൽ ദയാഭായിയെപ്പോലുള്ള ഒരു സ്ത്രീരത്നം ഉണ്ടായതിൽ മലയാളികൾക്ക്‌ അഭിമാനിക്കാം. ദയാഭായിയുമായി ഗോപിനാഥ്‌ മഠത്തിൽ (മാതൃഭൂമി വാരാന്തപ്പതിപ്പ്‌) നടത്തിയ ദീർഘസംഭാഷണം വളരെ പ്രസക്തമാണ്‌. പല പത്രങ്ങളിലേയും വാരാന്തപ്പതിപ്പ്‌ തിരിഞ്ഞുനോക്കാൻ കൊള്ളാത്ത തരത്തിൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ്‌ മാതൃഭൂമി ദിനപത്രം ഈ നല്ല കാൽവെയ്പ്പ്‌ നടത്തിയിരിക്കുന്നത്‌. കേരളത്തിലെ എല്ലാ സ്ത്രീകളും - മാധ്യമങ്ങളാൽ തെറ്റായ കർതൃത്വങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളവർ- ഈ ദീർഘസംഭാഷണം വായിച്ചിരിക്കേണ്ടതാണ്‌. കേരളത്തിലെ സ്ത്രീകളെക്കുറിച്ച്‌ ഈ ദീർഘസംഭാഷണത്തിൽ അവർ നല്ലൊരു നിരീക്ഷണവും നടത്തിയിട്ടുണ്ട്‌. അത്‌ ഇങ്ങനെ: "കേരളത്തിലെ മുഖ്യധാരാ സമൂഹത്തിലെ സ്ത്രീകളെപ്പറ്റി എനിക്ക്‌ സഹതാപമാണ്‌. അവർ അവരുടെ ജീവിതമല്ല ജീവിച്ചു തീർക്കുന്നത്‌. എന്റെ ജീവിതത്തിൽ 'ബട്ട്‌' എന്ന വാക്കില്ല. എന്റെ ഉള്ള്‌ നിറയെ കരുത്തും ശക്തിയും ദൃഢനിശ്ചയവുമാണ്‌. പിന്നെ ഒരു ഹയർ പവറിന്റെ സഹായവുമുണ്ട്‌. നമ്മുടെ സ്ത്രീകൾ ഇതൊക്കെ ആർജ്ജിക്കേണ്ടിയിരിക്കുന്നു."

ദേശാഭിമാനി

2013 ലെ ജ്ഞാനപീഠപുരസ്കാരം ഹിന്ദി കവി 'കേദാർനാഥ്‌ സിംഗിന്‌ ലഭിച്ചു. ഈ വാർത്ത എല്ലാ പത്രങ്ങളും മുൻപേജിൽത്തന്നെ കൊടുത്തപ്പോൾ ദേശാഭിമാനി ദിനപത്രം (2014 ജൂൺ 22) ഉൾപേജിൽ ചെറിയൊരു വാർത്തയായിട്ടാണ്‌ കൊടുത്തത്‌. സാഹിത്യത്തെ പൊതുവ്യവഹാര മണ്ഡലത്തിൽ നിന്ന് പുറത്താക്കുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുമ്പോൾ അതിനെ ചെറുക്കാൻ ബാധ്യതപ്പെട്ട പത്രമാണ്‌ ദേശാഭിമാനി. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ ഈ നടപടി അതിക്രൂരമായിപ്പോയി; മാപ്പില്ലാത്തൊരു തെറ്റ്‌.

ഭയങ്കരാമുടി


അൽപമെങ്കിലും ചിന്താജീവിതമുള്ള കേരളത്തിലെ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട നോവലാണ്‌ രവിവർമ തമ്പുരാന്റെ 'ഭയങ്കരാമുടി'. സാഹിത്യപ്രവർത്തകസഹകരണ സംഘമാണ്‌ പുസ്തകത്തിന്റെ പ്രസാധകർ. കേരളത്തിലെ ജാതിമതങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീകരവാദങ്ങളുടെ അർത്ഥശൂന്യത ഈ നോവൽ മറനീക്കി കാണിക്കുന്നു. കേരളത്തിലെ വിഭിന്നമതങ്ങൾ രൂപപ്പെട്ടുവന്ന ചരിത്രസാഹചര്യം അറിയാവുന്നവർ മതമൗലികവാദം ഉപേക്ഷിക്കുകയും 'ഒരു മതം മനുഷ്യന്‌' എന്ന വലിയ ചിന്തയിൽ അണിചേരുകയും ചെയ്യും. ഒരു നോവലിന്റെ കലാലോകത്തുവെച്ച്‌ രവിവർമ ഇത്‌ നിറവേറ്റിയിരിക്കുന്നു എന്നതാണ്‌ ഈ നോവലിന്റെ സവിശേഷപ്രാധാന്യം. ഈ നോവലിനെക്കുറിച്ച്‌ ശ്രീ.ഇഞ്ചക്കാട്‌ ബാലചന്ദ്രൻ (ലോകമലയാളം), ശ്രീ.ശ്രീശൈലം ഉണ്ണികൃഷ്ണൻ (സമകാലിക മലയാളം) എന്നിവർ എഴുതിയ പഠനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

ലോകകപ്പ്‌ ജയിക്കേണ്ടവർ ജയിച്ചു


പതിനാറാമത്‌ ലോകകപ്പ്‌ ബ്രസീലിലെ മാരക്കാനയിൽ ഫൈനൽ കളിച്ചു തീർന്നപ്പോൾ ഒരു കാര്യം വ്യക്തമായി. ജയിക്കേണ്ടവർ ജയിച്ചു. ഒരു ടീമെന്ന നിലയിൽ ജർമ്മനിയുടെ ടീം എണ്ണയിട്ട യന്ത്രം പോലെയാണ്‌ പ്രവർത്തിച്ചത്‌. ഇത്‌ ഒരു കാണേണ്ട കാഴ്ചയായിരുന്നു. ജർമ്മനി ജയിച്ചില്ലായിരുന്നുവെങ്കിൽ അർഹതയ്ക്ക്‌ അംഗീകാരം ലഭിക്കാത്ത ഒരു കളിക്കളമായി മാരക്കാന മാറുമായിരുന്നു. ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങളെക്കുറിച്ച്‌ വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്ന സ്പോർട്ട്സ്‌ ജേർണ്ണലിസവും ടൂർണ്ണമെന്റ്‌ പോലെ തന്നെ ആവേശകരമായിരുന്നു. ഫുട്‌ബോൾ കളിയുടെ ആഖ്യാനത്തെപ്പോലും നിഷ്പ്രഭമാക്കുന്ന ആഖ്യാനഭാഷയാണ്‌ ആനുകാലികങ്ങളിൽ നാം മുഖാമുഖം കണ്ടത്‌.

O

PHONE : 9895734218