Sunday, December 29, 2013

ആപ്പീസുദിവസം

കവിത
ജോഷി.എം.തോമസ്‌











10.00

പ്രാതലത്രയേശിയില്ലൊരു
'തട'കൂടിക്കിടക്കട്ടെ
ലഘുവായൊന്നു കാന്റീനിൽ
ഫയൽമണം മനംപിരട്ടുന്നു
നോക്കട്ടെ ഗ്യാസിന്റെ ഗുളിക.
പതിനൊന്നരയ്ക്കെത്തീ-
ചായവട സൈക്കിൾ
ഇന്നലത്തെ ബാക്കിക്കു
വടയൊന്നു പോരട്ടേ.

13.00

മാറിയില്ലോക്കാനമെങ്കിലു-
മഴിച്ചുനോക്കാം പൊതി-
യുച്ചയ്ക്ക്‌ പാടില്ല, പട്ടിണി.
നാശമവൾ ബീഫുവെച്ചില്ലയതോ
തീർന്നിട്ടു മിണ്ടാഞ്ഞതോ കഴുത.
ഫോണെവിടെ ചോദിക്കാമിപ്പൊഴേ
പിന്നെ മറന്നാലോ?
ഫയൽ മറിക്കുമ്പോൾ
വീണ്ടുമോക്കാനമിന്നിനി വയ്യ.
ഒന്നു ചായാം ആഹാ, ചായ വന്നല്ലോ!

16.00

നേരത്തേയിറങ്ങാം, ഗ്യാസിനിത്തിരി
മരുന്നുവാങ്ങാൻ
'സർക്കാരു'വേണ്ട; തെണ്ടികൾ ക്യൂവാണ്‌.
തൊട്ടുചേർന്നഞ്ചു നക്ഷത്രങ്ങളിലൊരെണ്ണ-
മതുമതിയൊന്നു തണുക്കട്ടെ.

O


 PHONE : 9400469598

Saturday, December 21, 2013

മരിച്ചവരെ കാണുമ്പോൾ

കവിത
റീമ അജോയ്‌








  

വിലകുറഞ്ഞ അത്തറുമണം
നീട്ടിശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നേടുവീർപ്പിടും.

ശേഷം,
അലമുറയിടുന്നവരെ നോക്കി
ഞെക്കി പിഴിഞ്ഞൊരു തുള്ളി
കണ്ണിൽ എടുത്തുവെയ്ക്കും.

കരയാത്തവരെ നോക്കി
'ഹമ്പട നീയെ'
എന്നൊരു പരമപുച്ഛം
ചുണ്ടിൽ വരുത്തും.

അടുത്ത നിമിഷത്തിൽ
വിറച്ചുപാടിയ
മൊബൈൽ ഞെട്ടിത്തരിച്ചു
നിശബ്ദതയിലേക്കാഴ്ത്തും.
അതിൽ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോർത്ത്‌
ഞെരിപിരി കൊള്ളും.

നിന്നു മടുത്താൽ
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും
അതിലെ നായകന്റെ
സിക്സ്‌ പാക്കുകളിൽ
തടവിക്കൊണ്ടിരിക്കും
അരികിൽ നിൽക്കുന്ന കുടവയറു
നോക്കി ഓക്കാനപ്പെടും.

ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെ
കണക്കു
കൂട്ടിക്കുറച്ചു
ഹരിച്ചുഗുണിക്കും.

അകലെ നിൽക്കുന്നവളുടെ
സാരിയുടെ വിലകുറവോർത്ത്‌
പരിതപിക്കും.
വിലപിടിപ്പ്‌ മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും.

ചുറ്റും കളിക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാൾ കുട്ടിയാകും.
ചിലപ്പോൾ
തലതെറിച്ച പിള്ളേർ
എന്ന് നീട്ടിപ്രാകും.

അടുത്തമാസം വാങ്ങേണ്ട
പലചരക്കിന്റെ
ലിസ്റ്റ്‌ വരെ നിന്നനിൽപ്പിൽ
ഉണ്ടാക്കിക്കളയും.

ഏറ്റവും ഒടുവിൽ,
മരിച്ചയാളെയും ചുമന്ന്
ശവവണ്ടി നീങ്ങുമ്പോ
ഞാനൊരിക്കലും മരിക്കില്ലെന്ന പോലെ
ജീവിതത്തിലേക്ക്‌ ഇറങ്ങിനടക്കും.

O




Saturday, December 14, 2013

നിഴൽത്തൂവലുകൾ

കഥ
ബോണി പിന്റോ
 









      ചിലമ്പുന്ന ശബ്ദത്തോടെ വീണ അടി അവിടമാകെ മുഴങ്ങിക്കേട്ടു. പതിനാറു തൂവലുകൾ മേൽക്കുമേൽ കോണാകൃതിയിൽ അടുക്കിവെച്ചിരുന്ന തൂവെള്ള ഷട്ടിൽ കോക്ക്‌, ഫ്ലഡ്‌ ലൈറ്റിലൂടെ എതിർകോർട്ടിലേക്ക്‌ ഒരു വെടിയുണ്ട പോലെ തിരിഞ്ഞു കുതിച്ചു.

അല്ല, അത്‌ വെടിയുണ്ട തന്നെയാണ്‌! കാണികൾക്ക്‌ അങ്ങനെയാണ്‌ തോന്നിയത്‌. 

അളന്നുകുറിച്ച ഒരു അടിയായിരുന്നു അത്‌. കാണികളുടെ തലകൾ ഒന്നിച്ചുകെട്ടിയ, ഒരു കാണാച്ചരടുമായി ബന്ധിച്ചിരുന്ന കോക്ക്‌ വായുവിലൂടെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. എതിരാളി ബാറ്റുമായി വായുവിൽ വില്ലുപോലെ കുതിച്ചുപൊന്തി.

ശത്രുപക്ഷത്തുനിന്നും അപ്രതീക്ഷിതമായി തിരിച്ച്‌ വെടിവെപ്പുണ്ടായി. ബൻഷി ഒരു മരത്തിനു പിറകിൽ വിറയ്ക്കുന്ന കൈകളോടെ പതിയിരുന്നു. അയാൾ തന്റെ തോക്കിൽ മുറുകെപ്പിടിച്ചു. സൈനിക പരിശീലനത്തിനുശേഷം ബൻഷിയുടെ ആദ്യ നിയമനമായിരുന്നു ആസ്സാമിൽ.

ചെവി തുളയ്ക്കുന്ന ശബ്ദത്തോടെ ശത്രുവിന്റെ വെടിയുണ്ടകൾ ഇലകളെ കീറിമുറിച്ച്‌ കാട്ടിലൂടെ ദൂരേയ്ക്ക്‌ അഗ്നിരേഖകൾ തെളിച്ചിട്ടുകൊണ്ടിരുന്നു. ഉൾഫ തീവ്രവാദികൾ തൊടുത്തുവിട്ട  വെടിയുണ്ടകളിൽ, അടുത്തനിമിഷം അയാളുടെ ഇടംകൈ അവിടമാകെ ചിതറിവീണു. യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാനാവാതെ എന്നെന്നേയ്ക്കുമായി ഒഴിഞ്ഞുപോയ തന്റെ ഇടതുവശത്തെ നോക്കി ബൻഷി സ്തബ്ധനായി ഇരുന്നു.

ഉയർന്നു പൊന്തിയ എതിരാളിയുടെ ശക്തമായ പ്രഹരത്തിൽ തടുക്കാനാളില്ലാതെ ഷട്ടിൽ കോക്ക്‌   നിലംപതിച്ചുയർന്നു. കടന്നൽക്കൂടുപോലുള്ള ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ആരവങ്ങളുടെ കൈപ്പത്തികളുയർന്നു പൊന്തി. പരാജിതർക്കന്യമായ കയ്യടികൾ കേട്ടുകൊണ്ട്‌ അയാളവിടെ ഒരു വിഡ്ഢിയെപ്പോലെ നിന്നു കരഞ്ഞു. അയാൾ പോലുമറിയാതെ തന്റെ ബാറ്റ്‌ കൈയിൽ നിന്നൂർന്ന് നിലംപതിച്ചു.

കണ്ണുനീർ, കാഴ്ചയെ ചെറു ത്രികോണങ്ങളായി മുറിച്ചിട്ടു. കണ്ണുനീരിൽ ചിതറിയ ആയിരത്തിൽപ്പരം ഉപയോഗശൂന്യമായ ഷട്ടിൽ കോക്കുകൾ തന്റെ വശത്തായി കിടക്കുന്നത്‌ അയാൾ നോക്കിനിന്നു.

ബംഗാളിലെ ഉളുംബരിയയിൽ സ്വർണ്ണം തൂക്കുന്ന തുലാസ്‌ വീണ്ടും ഉയർന്നു താഴ്‌ന്നു. 

കൃത്യം അഞ്ചു ഗ്രാം. 

പണിക്കാരൻ ഷട്ടിൽ കോക്കിന്റെ ഭാരം പരിശോധിച്ച്‌ ഉറപ്പുവരുത്തി. വെളുത്ത വാത്തയുടെ ഇടത്തെ ചിറകിലെ മാത്രം തൂവലുകൾ എടുത്ത്‌ ഉണ്ടാക്കിയ ഒന്നായിരുന്നു അത്‌. ഒരു ചെറുകറക്കത്തോടെ വായുവിൽ ദ്രുതഗതിയിൽ നീങ്ങുന്നതിനു വേണ്ടിയാണ്‌ ഇടത്തേച്ചിറകിലെ മാത്രം തൂവലുകൾ ഉപയോഗിക്കുന്നത്‌. മികച്ച പതിനാറു തൂവലുകൾ കൊണ്ട്‌ സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു വെടിയുണ്ട തന്നെയായിരുന്നു അത്‌. അതീവകൃത്യതയോടെ നിർമ്മിച്ച ഒന്ന്! അതും ഒരേ ഒരു തവണയുള്ള കളിക്കു വേണ്ടി മാത്രം.

വ്യാവസായിക മേഖലയായ ഉളുംബരിയയിൽ, ഗംഗയുടെ തീരത്ത്‌, ഇങ്ങനെ കോക്ക്‌ നിർമ്മാണത്തിലേർപ്പെട്ടിരുന്ന ചെറുതും വലുതുമായ എൺപതിൽപ്പരം കമ്പനികളുണ്ടായിരുന്നു. ദിവസം നാനൂറു മുതൽ അഞ്ഞൂറു ഷട്ടിൽകോക്കുകൾ വരെ അവർ നിർമ്മിക്കുന്നുണ്ട്‌. സുറുമയിട്ട നിർമ്മല മുഖമുള്ള നൂറുകണക്കിന്‌ വളർത്തുവാത്തകളുടെ ഇടത്തേ ചിറകുകൾ ദിനംപ്രതി അവിടെ ആവരണവിമുക്തമായി രോമാഞ്ചമണിഞ്ഞുകൊണ്ടിരുന്നു.

എന്നെത്തേയും പോലെ ഏകാന്തവും വിരസവുമായ ആ രാത്രിയിലും കാവൽക്കാരനായ ബൻഷി കോക്കുണ്ടാക്കുന്ന കമ്പനിയുടെ മതിക്കെട്ടിനകത്തെ കൂട്ടിൽ നിന്നുയരുന്ന വാത്തകളുടെ കരച്ചിലും കേട്ടുകിടന്നു. അയാളെ മഥിച്ചിരുന്ന അസ്പഷ്ടമായ ചില ചിന്തകളുടെ ഒരു പ്രതിഫലനം പോലെ  ബീഡിയുടെ കനൽ ആളിയമർന്നു.

ലോകത്തിൽ നിന്ന് വിഛേദിക്കപ്പെട്ടെന്നു തോന്നിച്ച ഒരവസ്ഥയിൽ നിന്നും പേടിപ്പെടുത്തുംവിധം പെട്ടെന്ന് താൻ തനിച്ചല്ലാതായി എന്നയാൾക്ക്‌ തോന്നി. എതോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ എഴുന്നേറ്റിരുന്നു.

ബീഡിപ്പുക കവിളിനോടു ചേർന്ന് പറന്നുയർന്നു. അയാൾ എഴുന്നേറ്റ്‌ കമ്പനിയുടെ മതിക്കെട്ടിനുള്ളിലേക്ക്‌ നടന്നു. അവയെ അടച്ചിരുന്ന ആ വലിയ കൂടിനടുത്തെത്തി. അയാളുടെ വീതിയാർന്ന കഴുത്തിലെ കനത്ത പേശികൾ ഉമിനീരിറക്കി. പൂട്ടിയിട്ടിരുന്ന വാതിലുകൾ ഓരോന്നായി അവയ്ക്കുമുന്നിൽ അയാൾ യാന്ത്രികമായി തുറന്നിട്ടു കൊടുത്തു. ഒരു വശം നഷ്ടപ്പെട്ട വാത്തകൾ കൂട്ടമായി അയാളുടെ കാലുകളെ തഴുകി, വാതിൽ കടന്ന്, ഹാലൊജൻ വിളക്കിന്റെ വെളിച്ചമുള്ള പുറംലോകത്തേക്കോടി.

രാത്രിയുടെ കാവൽക്കാരന്റെ മുഖത്ത്‌ ആത്മാർത്ഥമായ ഒരു പുഞ്ചിരി വിടർന്നു.

അവയുടെ കാലുകളുടെ ആവേഗം അയാളെ അതിശയിപ്പിച്ചു. അയാൾ അതുതന്നെ സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്നു. ഇവയ്ക്ക്‌ ഒന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അയാൾ വെറുതെ ആശിച്ചു. വാത്തക്കുഞ്ഞുങ്ങളെ വേർതിരിച്ച്‌ മറ്റൊരു കൂട്ടിലായിരുന്നു ഇട്ടിരുന്നത്‌. അയാൾ അവിടം ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടെ ഒരു പഴയകാല ചിത്രം അകാരണമായി അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു. "ബൻഷി - 75" നെഞ്ചളവെടുത്ത മീശക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഒന്നര കിലോമീറ്റർ എട്ടു മിനിട്ടുകൊണ്ട്‌ ഓടിത്തീർത്ത്‌ വിയർത്തൊലിച്ചു നിന്നു കിതയ്ക്കുന്ന തന്റെ പല്ലുകൾ വരെ എണ്ണിനോക്കിയ ശേഷം ഒടുവിൽ താൻ പട്ടാളത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അവർ അറിയിച്ചു. എരിയുന്ന നെഞ്ചും പൊട്ടിയൊലിച്ച പാദങ്ങളും തൊടുത്തു വിടുന്ന വേദനകൾക്കിടയിലും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.

എന്തിന്‌? എന്തായിരുന്നു ആ സന്തോഷത്തിന്റെ കാരണം? ബൻഷിക്ക്‌ ഇപ്പോൾ ഉത്തരം ലഭിക്കുന്നില്ല.

രാജ്യത്തിനു വേണ്ടി ത്യജിച്ച തന്റെ ഒഴിഞ്ഞ ഇടത്തെ ഭാഗത്തേക്ക്‌ നോക്കിയിരുന്നപ്പോൾ അയാൾക്ക്‌ സ്വയം ഒരു തരം വെറുപ്പ്‌ തോന്നി. ജീവിതത്തിൽ അവഗണനകളുടെ അടഞ്ഞ വാതിലുകളല്ലാതെ എന്തായിരുന്നു ഇതുകൊണ്ട്‌ ഒരു നേട്ടം? ജവാന്മാരുടെ ശവപ്പെട്ടിയിൽപ്പോലും അഴിമതി നടത്തുന്ന ഒരു നാടിനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ച ഒരുവന്റെ നെടുവീർപ്പ്‌ പുറത്തുവന്നു. പരാജിതർക്ക്‌ മാത്രം സ്വന്തമായ ആരും കാണുവാനില്ലാത്ത ഒരു നെടുവീർപ്പ്‌. കുറ്റബോധത്തിന്റെ ചുവയുള്ള ഒരു നാണക്കേട്‌ അയാളെ പിടികൂടിയിരുന്നു.

ഒടുവിൽ അവശേഷിച്ചിരുന്ന കുഞ്ഞുവാത്തകളുടെ കൂടിന്റെ ആ വാതിലും ബൻഷി മലർക്കെ തുറന്നിട്ടു.

കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ പേടിച്ചിട്ടെന്ന പോലെ സ്തബ്‌ധരായി നിന്നു. അയാൾ കൂട്ടിൽ കയറി ഒരു അലർച്ചയോടെ അവയെ പുറത്തേക്കോടിച്ചു. കരയുന്ന ഒരു ശബ്ദത്തോടെ അവ പുറത്തെ വാത്തക്കൂട്ടത്തെ ലക്ഷ്യമാക്കി പാഞ്ഞു.

കൂടുകൾക്കിടയിൽ നീണ്ടുകിടന്ന മണൽ വിരിച്ചിരുന്ന ഇടനാഴിയിൽ ദിശയറിയാതെ ഒത്തുകൂടിയിരുന്ന ആയിരക്കണക്കിന്‌ വാത്തകളെ പകുത്തുമാറ്റി അയാൾ വിശുദ്ധനായ ഒരു വഴികാട്ടിയെപ്പോലെ ഗേറ്റിലേക്ക്‌ നടന്നു. പട്ടാളച്ചിട്ടയിൽ ചേർത്ത്‌ വെട്ടിയിരുന്ന അയാളുടെ തലമുടി ഹാലൊജൻ വെളിച്ചത്തിൽ പട്ടുപോലെ തിളങ്ങി. കാറ്റിലാടുന്ന തന്റെ കമ്പിളിക്കുപ്പായത്തിന്റെ ഇടംകൈയ്യൊഴിച്ചാൽ അയാളുടെ ചലനങ്ങൾ ഒരു പട്ടാളക്കാരെന്റെ കൃത്യതയെ ഓർമ്മിപ്പിച്ചു. പക്ഷികൾ ബൻഷിയെ അനുസരണയോടെ പിൻതുടർന്നു.

അയാളുടെ നടത്തം പൊടുന്നനെ നിലച്ചു. ഒരു ചെറിയ നിശബ്ദതയ്ക്ക്‌ ശേഷം അയാൾ വാത്തകളോടെന്ന പോലെ ശിരസ്സുയർത്തിപ്പിടിച്ച്‌ ഉറക്കെ അലറി.

"മാർച്ച്‌!"

പിന്നിൽ താളത്തിൽ പതിക്കുന്ന ബൂട്ടുകളെ അയാൾ കേട്ടു. പരസ്പരബന്ധിതമായ ഒരു കൂട്ടം പോലെ അവർ മുന്നോട്ട്‌ നീങ്ങി.

കമ്പനിയുടെ കവാടവും കടന്ന് അവർ സൂക്ഷ്മതയാർന്ന താളത്തോടെ ഇരുട്ടുവീണ പാതയിലേക്ക്‌ നടന്നുനീങ്ങി. അവയുടെ കാലടികളുടെ ശബ്ദം അയാളിൽ ആത്മവിശ്വാസമുയർത്തി. വാത്തകളോടുള്ള ആജ്ഞകൾ അയാൾ നടത്തത്തിനിടയിൽ തൊണ്ട പൊട്ടുമാറ്‌ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഡിസംബറിന്റെ മഞ്ഞിൽ ആ ശബ്ദം പുതിയ ദൂരങ്ങൾ രേഖപ്പെടുത്തി.

നദിയിൽ നിന്നുള്ള തണുത്ത കാറ്റ്‌ മുഖത്തടിച്ചു തുടങ്ങി. ഗംഗയെത്തിയിരിക്കുന്നു, അയാളോർത്തു. ഗംഗയുടെ എതിർക്കരയിലുണ്ടായിരുന്ന ജൂട്ട്‌ ഫാക്ടറികളിൽ നിന്നുള്ള മഞ്ഞവെളിച്ചം നദിയിലെ ഓളങ്ങളിൽ കുത്തുകളായി പരന്നുകിടന്നിരുന്നു.

വശത്തുണ്ടായിരുന്ന കാളിബാടിയുടെ പടവുകളിലൂടെ സംഘം ഗംഗയിലേക്ക്‌ നടന്നിറങ്ങി. നദിയിലിറങ്ങുന്നതിനു മുമ്പ്‌ അവസാനപടിയിൽ നിന്ന് ബൻഷി ഒരു നിമിഷം വിശാലമായ നദിയിലേക്ക്‌ നോക്കിനിന്നു. ഒരു പക്ഷേ, ഈ രാത്രി പുലരുന്ന വേളയിൽ കമ്പനി മുതലാളിമാർ തന്നെക്കുറിച്ച്‌ പറയാവുന്ന ചില വാചകങ്ങൾ സങ്കൽപ്പിച്ചുനോക്കി.

"എവിടെ ആ ഒറ്റക്കയ്യൻ കാവൽക്കാരൻ, നാറി?" മുതലാളി അലറും.

കേൾവിക്കാർ നിശബ്ദമായിത്തന്നെ നിൽക്കും. നിൽക്കണം. അതാണ്‌ അവർക്കുള്ള വിധി.

"എവിടെയുണ്ടെങ്കിലും അവനെ പിടിച്ചുകെട്ടി എന്റെ മുന്നിൽ കൊണ്ടുവരണം" അയാൾ വീണ്ടുമലറും.

പണിക്കാർ നാലുപാടും ചിതറിയോടും.

എങ്കിലും ഒന്നുണ്ട്‌. എത്ര ആലോചിച്ചാലും ഒരാൾക്കും പിടികിട്ടാത്ത ഒന്ന്.

"അവൻ എന്തിനിത്‌ ചെയ്തു?"

ആജ്ഞ പുറപ്പെടുവിച്ച മുതലാളി പോലും പിന്നീടുള്ള ജീവിതം മുഴുവൻ ഒരു പക്ഷെ ഈ ചോദ്യത്തിനു പിന്നാലെ പായും. പായണം.

ബൻഷി ഉള്ളിൽ ചിരിച്ചു.

തന്നെക്കടന്ന് ആയിരക്കണക്കിന്‌ വാത്തകൾ അപ്പോഴേക്കും നദിയിലേക്ക്‌ ഒഴുകിച്ചേർന്നിരുന്നു. നിമിഷനേരം കൊണ്ട്‌ കണ്ണെത്താദൂരെ ഒഴുകിനീങ്ങുന്ന പഞ്ഞിക്കെട്ടുകളെക്കൊണ്ട്‌ ഗംഗാതലം നിറഞ്ഞുകഴിഞ്ഞു. ജലപ്രതലത്തെ തൊട്ടുനിന്നിരുന്ന മഞ്ഞിൻപടലങ്ങളും കടന്ന് അവ യാത്ര തുടർന്നു. കുഞ്ഞുങ്ങളെ തന്നോട്‌ ചേർത്തുപിടിച്ചു നീന്തുന്ന വാത്തകളുടെ സുറുമയിട്ട കണ്ണുകൾ നിറഞ്ഞിരുന്നോ? അറിയില്ല.

നദീജലം മുക്കിയ പടവുകളിലേക്ക്‌ അയാൾ പതിയെ ഇറങ്ങിനടന്നു. പുലർച്ചയുടെ മഞ്ഞിൽ അലസമായി കിടന്ന ഗംഗയിലേക്ക്‌ അയാൾ എടുത്തുകുതിച്ചു. നദിയിലെ പ്രകാശത്തിന്റെ പൊട്ടുകളെ വകഞ്ഞുമാറ്റി ബൻഷി നീന്തിത്തുടങ്ങി. പിന്നിൽ വാത്തക്കൂട്ടങ്ങളുടെ തീരാത്ത ഒഴുക്ക്‌ അപ്പോഴും നദിയിലേക്കുള്ള പടവുകളിറങ്ങിക്കൊണ്ടിരുന്നു.

വാത്തകളുടെ രാജാവിനെപ്പോലെ അയാൾ അവയ്ക്കിടയിലൂടെ മറുകര ലക്ഷ്യമാക്കി നീന്തിയകന്നു.

O



Monday, December 9, 2013

സ്വത്വം

കവിത
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ










 
ഴുത്തു കൊഴിയുന്ന ഇല
ഹൃദയത്തിൽ ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്‌.

ഒട്ടിച്ചേർന്നിരുന്ന ശിഖരത്തിലൂടെ
തായ്ത്തടി പറഞ്ഞുകൊടുത്തതാവും.

ഏയ്‌, ഞാനല്ലെന്ന് തായ്ത്തടി,
ആഴം തുരന്നുപോയ വേരുകൾ
ജലകണങ്ങളിൽ നിന്നുമറിഞ്ഞതെന്ന്.

ഭൂമിയുടെ നിലവറകളിൽ നിന്നെന്ന്
വെള്ളത്തുള്ളികളും പറയുന്നു.

ആരു പറയുന്നതാവും ശരിയെന്നു
തെരഞ്ഞു സമയം കളയുന്നില്ല.
പക്ഷെ ഒരു രഹസ്യം ഇവയിലെല്ലാം
അടിസ്ഥാന ഘടകമാവുന്നു.

അതൊരു രഹസ്യമേയല്ലെന്നാണ്‌
ദേശാടനക്കിളി പറയുന്നത്‌.
തന്നിലത്‌ ജീനിൽ കൊളുത്തിയിട്ടൊരു
വടക്കുനോക്കി യന്ത്രമാണെന്നും
ദിക്കുതെറ്റാതെ ദൂരങ്ങൾ താണ്ടി ഇതേ മരത്തിൽ
ഈ വർഷം വന്നില്ലേയെന്നും.

ഇലകളിൽ അത്‌ പാചകക്കുറിപ്പടി
ആറ്റക്കിളിയിൽ പെരുന്തച്ചന്റെ
ശിൽപകലാനൈപുണ്യം.
തേനീച്ചയിൽ ഐക്യപ്പെടൽ മാധുര്യം.

ഇനി എനിക്കെന്നെ ചുഴന്നു നോക്കണം.
അത്‌ സ്നേഹമെന്ന് പറയാൻ
തെളിവൊന്നും കാണുന്നുമില്ല.

O



Sunday, December 1, 2013

പശ്ചിമഘട്ടത്തെ രക്ഷിക്കൂ നമ്മെ തന്നെ രക്ഷിക്കൂ

ലേഖനം
ജോൺ പെരുവന്താനം









 

  അറുപ്പത്തഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ മഡഗാസ്കറിൽ നിന്ന് ഗോണ്ടുവാന ഭൂഖണ്ഡം വേറിട്ട കാലത്ത്‌ രൂപപ്പെട്ട പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യങ്ങൾക്ക്‌ 650 ലക്ഷം വർഷങ്ങളുടെ അനുസ്യൂതമായ പരിണാമ പാരമ്പര്യത്തിന്റെ ചരിത്രമാണുള്ളത്‌. യൂറോപ്പിലെ ആൽപ്സ്‌ പർവ്വതനിരകൾ കഴിഞ്ഞാൽ കടലും പർവ്വതവും ഇത്രയും ചേർന്ന് നിൽക്കുന്നത്‌ അറബിക്കടലും പശ്ചിമഘട്ടവും മാത്രമാണ്‌. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുവരെ പശ്ചിമഘട്ടത്തിന്‌ വലിയ ആഘാതങ്ങൾ ഏറ്റിരുന്നില്ല. ഇംഗ്ലീഷുകാരുടെ വരവോടുകൂടി ആരംഭിച്ച വനനശീകരണം പശ്ചിമഘട്ടത്തിന്റെ ജൈവവ്യവസ്ഥയെ താറുമാറാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ കയ്യേറ്റം പശ്ചിമഘട്ടത്തിലെ 80 ശതമാനം വനവും ഇല്ലാതാക്കി. 

ഭൂമധ്യരേഖയിൽ നിന്നും 12 ഡിഗ്രി മാത്രം മാറി സ്ഥിതി ചെയ്യുന്ന കേരള പശ്ചിമഘട്ട മലനിരകൾ 70 ഡിഗ്രിയോളം പടിഞ്ഞാറേക്ക്‌ ചെരിഞ്ഞ്‌ അറബിക്കടലിലേക്ക്‌ ഇറങ്ങിക്കിടക്കുന്നതു കൊണ്ടും രണ്ട്‌ വശങ്ങളിലായി ശ്രീലങ്കയും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളും സ്ഥിതി ചെയ്യുന്ന ട്രയാംഗിളിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതവുമാണ്‌ മൺസൂൺ എന്ന പ്രതിഭാസം ഇവിടെനിന്ന് ആരംഭിക്കാൻ കാരണം. ജലഗോപുരമായ പശ്ചിമഘട്ടം ഒരുക്കിയ സമശീതോഷ്ണ കാലാവസ്ഥ,  ലോകത്തിലെ തന്നെ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നിരവധി പ്രകൃതി വിഭവങ്ങളുടെ കലവറയാക്കി ഈ പ്രദേശത്തെ മാറ്റി. ഭൂസൂചികയുടെ അടിസ്ഥാനത്തിൽ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന 600 ൽ പരം വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുരുമുളകും ഏലവും തേടിവന്ന വിദേശികൾ 2000 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇവിടവുമായി വ്യാപരബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 50 വർഷത്തിനിടയിൽ ഉണ്ടായ അനിയന്ത്രിതമായ വനനശീകരണം, ക്വാറി പ്രവർത്തനം, മല ഇടിക്കൽ, അണക്കെട്ട്‌ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ മൂലം ചൂട്‌ 15 ഡിഗ്രി ഉയർന്നു കഴിഞ്ഞു. ലോകത്ത്‌ തന്നെ ചെറിയ സമയത്തിനുള്ളിൽ വലിയ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച സ്ഥലമാണ്‌ പശ്ചിമഘട്ടം. ഭൂമുഖത്ത്‌ ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ 50.000 ചതുരശ്ര കിലോമീറ്റർ എങ്കിലും വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ ഉണ്ടായിരിക്കണം എന്നാണ്‌ അന്തർദേശീയ ശാസ്ത്ര മാനദണ്ഡം. കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ച.കി.മി യാണ്‌. ഒരു സ്പീഷീസിനു പോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ ഭൂവിസ്തൃതി ഇല്ലാത്ത കേരളത്തിൽ നാലായിരത്തിലധികം സ്പീഷീസുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭാസമാണ്‌ ഉള്ളത്‌.

ലോകത്തിൽ ഇവിടെ മാത്രമുള്ളതും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജന്തു-സസ്യ ജീവജാതികളുടെ ആവാസ വ്യവസ്ഥയാണ്‌ കേരള പശ്ചിമഘട്ട മലനിരകൾ. മൂന്നാറിലെ രാജമലയിൽ നിന്നും ഒരു പിടി പുല്ലുപറിച്ചാൽ മുപ്പതോ, മുപ്പത്തിനാലോ ഇനം പുല്ലുകൾ വരെ അതിലുണ്ടാകും. അത്രമാത്രം ജൈവവൈവിധ്യ സമ്പന്നമായ പ്രദേശമായതിനാലാണ്‌ ലോകത്തിലെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്‌ സ്പോട്ടുകളിൽ എട്ടാം സ്ഥാനമുള്ള പ്രദേശമായി പശ്ചിമഘട്ടത്തെ കണ്ടെത്തിയത്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1540 കിലോമീറ്റർ ദൈർഘ്യവും 164000 ച.കി.മി. വിസ്തീർണ്ണവുമുള്ള പശ്ചിമഘട്ടം നാശത്തിന്റെ വക്കിലാണ്‌. 25 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ഉറപ്പുതരുന്ന പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന മുഴുവൻ നദികളും മരണാസന്നമാണ്‌. പശ്ചിമഘട്ടത്തിലെ 1560 അണക്കെട്ടുകൾ ഇവിടുത്തെ ഭൗമപാളികൾക്ക്‌ മീതെ സൃഷ്ടിക്കുന്ന സമ്മർദ്ദം, ഉരുൾപൊട്ടലും മലയിടിച്ചിലും ഭൂമി ഇടിഞ്ഞുതാഴലും പൈപ്പിംഗ്‌ പ്രതിഭാസവും ഭൂചലനവുമുൾപ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുന്നു.

പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട്‌ അട്ടിമറിക്കാൻ കൊണ്ടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ട്‌ നാച്വറൽ ലാൻഡ്‌ സ്കേപ്‌ എന്നും കൾച്ചറൽ ലാൻഡ്‌ സ്കേപ്‌ എന്നും രണ്ടായി തിരിച്ച്‌ 123 വില്ലേജുകളെ ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ (ഇ.എസ്‌.എ) ആയി പ്രഖ്യാപിച്ചു. അഞ്ച്‌ കാര്യങ്ങൾക്ക്‌ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. റെഡ്‌ കാറ്റഗറി വ്യവസായങ്ങൾ, താപനിലയങ്ങൾ, ഖനനം, 50 ഹെക്ടറിൽ അധികമുള്ള പുതുതായി ഉണ്ടാക്കുന്ന ടൗൺ ഷിപ്പുകൾ, 20,000 സ്ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾ ഇവയാണ്‌ നിയന്ത്രണങ്ങൾ. 20,000 സ്ക്വയർ മീറ്റർ എന്നാൽ അഞ്ച്‌ ഏക്കർ വിസ്തീർണ്ണമാണ്‌. ഓരോരുത്തരും അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ എന്താകും പശ്ചിമഘട്ടത്തിന്റെ സ്ഥിതി. പുതുതായി ഓരോ വില്ലേജിലും 50 ഹെക്ടർ വീതമുള്ള 10 ടൗൺഷിപ്പുകൾ വീതമുണ്ടാക്കാൻ ശ്രമിച്ചാൽ പശ്ചിമഘട്ടം മരുഭൂമിയാവും എന്നുറപ്പാണ്‌. പരിസ്ഥിതിക്ക്‌ ഇത്രയും ആഘാതമുണ്ടാക്കുന്ന കച്ചവട ഉദാരതയുള്ള വ്യവസ്ഥകളടങ്ങിയ റിപ്പോർട്ടിനെതിരെയും മലയോരങ്ങളിൽ കലാപമാരംഭിച്ചിരിക്കുകയാണ്‌. 1980ലെ കേന്ദ്ര വനനിയമവും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയന്ത്രണ നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌. രാജ്യത്തെ ഒരു നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്‌. വനം മാഫിയ, ക്വാറി മാഫിയ, റിസോർട്ട്‌ മാഫിയ തുടങ്ങിയ നിരവധി സമ്പന്ന സ്ഥാപിതശക്തികൾ ഒന്നിച്ചണിനിരന്നാണ്‌ രാജ്യത്തിനെതിരെ ജനങ്ങളെ കലാപത്തിന്‌ പ്രേരിപ്പിക്കുന്നത്‌. കർഷകതാൽപര്യം മറയാക്കി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവർ കേരള പശ്ചിമഘട്ടത്തെ കാശ്മീർ ആക്കുമെന്ന ഭീഷണിയാണ്‌ ഉയർത്തുന്നത്‌. 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തിയും അക്രമവും ഭീകരപ്രവർത്തനങ്ങളും വിഘടനവാദവും ശക്തിപ്പെടുന്നതിന്‌ സമാനമാണ്‌ രാജ്യത്തെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ കൈയ്യേറ്റക്കാർക്ക്‌ പ്രത്യേകപദവി വേണമെന്ന് ആവശ്യപ്പെടുന്നത്‌. മിസോറാം പോലുള്ള സംസ്ഥാനങ്ങളിൽ മത-സാമുദായിക ശക്തികളാണ്‌ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്നതെന്ന വസ്തുത വിലയിരുത്തുമ്പോൾ പശ്ചിമഘട്ടത്തിലെ മലയോരങ്ങളിലെ മാഫിയകളാൽ നിയന്ത്രിക്കപ്പെടുന്ന മത-സാമുദായിക ശക്തികളുടെ അധികാര സ്ഥാപനത്തെയാണ്‌ ഈ കലാപം അടയാളപ്പെടുത്താൻ പോകുന്നത്‌. മതതീവ്രവാദികളുടെ രാഷ്ട്രീയമാണ്‌ പഞ്ചാബിൽ വിഘടനവാദം ഉയർത്തി ആയിരങ്ങളെ കൊന്നൊടുക്കിയത്‌. അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ തേടുന്ന അവസരവാദികൾ കള്ളപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെരുവിലിറക്കുന്നു. മാഫിയാ സംഘങ്ങളുടെ ബ്രാൻഡ്‌ അംബാസിഡർമാരായി മതനേതാക്കൾ മാറുകയാണ്‌.

രാജ്യത്ത്‌ ഇതിനുമുമ്പ്‌, ആയിരത്തി ഇരുപത്തിനാല്‌ വില്ലേജുകളിൽ ഇ.എസ്‌.എ പ്രഖ്യാപിച്ചിട്ടുണ്ട്‌. അവിടെയൊന്നും ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഒരാളെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല. പട്ടയം കിട്ടുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക്‌ ലോൺ എടുക്കുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ റോഡ്‌ നിർമ്മിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിൽ കേരളമൊഴിച്ച്‌ മറ്റൊരിടത്തും കലാപങ്ങളും യുദ്ധപ്രഖ്യാപനങ്ങളുമില്ല. ഒരു വിധത്തിലുള്ള സമരവുമില്ല. പശ്ചിമഘട്ടത്തിന്റെ 60 ശതമാനം ഭാഗവും സ്ഥിതി ചെയ്യുന്ന കർണാടകത്തിലെയും മൂന്നിലൊന്ന് പരിസ്ഥിതി ലോല പ്രദേശമുള്ള മഹാരാഷ്ട്രയിലെയും ജനങ്ങൾക്ക്‌ ഒരു വിയോജിപ്പുമില്ല. മഹാരാഷ്ട്രയിൽ 17,000 ച.കി.മി പ്രദേശമാണ്‌ പരിസ്ഥിതി ലോലപ്രദേശമായി കണ്ടെത്തിയിട്ടുള്ളത്‌. 12 ജില്ലകളിലായി 2133 വില്ലേജുകൾ ഈ മേഖലയിലാണ്‌. ഇവിടെ ഇ.എൽ.എൽ ഉം ഇ.എസ്‌.എ യും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്ത കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു.

(ഇ.എഫ്‌.എൽ) ഇക്കോളജിക്കലി ഫ്രെജൈൽ ലാൻഡ്‌ വനം വകുപ്പിന്റെ കീഴിലാണ്‌. (ഇ.എസ്‌.എ) ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലാണ്‌. ജില്ലാ ഭരണകൂടത്തിനാണ്‌ മേൽനോട്ട ചുമതല. ഇവിടെ വനംവകുപ്പിന്‌ ഒരു അധികാരവുമില്ല. ഇന്നു നിലനിൽക്കുന്ന ഭൂമി ഇന്നത്തെ ഉടമസ്ഥരിൽ തുടരുന്നതും അവർക്ക്‌ ക്രയവിക്രയം ചെയ്യാൻ തടസ്സമില്ലാത്തതുമാണ്‌. പട്ടയം കിട്ടുന്നതിനോ വികസനപ്രവർത്തനങ്ങൾക്കോ തടസ്സമുണ്ടാകില്ല. സ്വകാര്യഭൂമിയിൽ നിന്നും മരംവെട്ടാനുള്ള അവകാശം, കെട്ടിടനിർമ്മാണം, കരം കെട്ടൽ, ബാങ്ക്‌ ലോൺ, ചെക്ക്‌ഡാം നിർമ്മാണം തുടങ്ങി ഒരു കാര്യത്തിനും ഇ.എസ്‌.എ തടസ്സമാകുന്നില്ല. കേരള പശ്ചിമഘട്ടത്തിലെ 80 ശതമാനം ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത്‌ 20 ശതമാനം വരുന്നവരാണ്‌. ബാക്കി 80 ശതമാനത്തിന്റെ കൈയിൽ 9 ശതമാനം ഭൂമി മാത്രമാണ്‌ ഉള്ളത്‌. 11 ശതമാനം വനവും സർക്കാർ ഭൂമിയാണ്‌. രണ്ട്‌ ശതമാനം ഭൂമി മാത്രമുള്ള 60 ശതമാനത്തോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരും ദളിത്‌ ക്രിസ്ത്യാനികളും മറ്റു പിന്നോക്കക്കാരും അടങ്ങുന്ന മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളെ കുടിയിറക്ക്‌ ഭീഷണി പറഞ്ഞ്‌ ഭയപ്പെടുത്തി വോട്ടു ബാങ്ക്‌ രാഷ്ട്രീയക്കാരും കൈയ്യേറ്റ മാഫിയയും ക്വാറി മാഫിയയും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ തകിടം മറിക്കുകയാണ്‌. 

പശ്ചിമഘട്ടത്തിലെ ആകെ ഭൂമിയുടെ മൂന്നിലൊന്ന് തേയില, യൂക്കാലി, കാപ്പി, ഏലം, റബ്ബർ, കശുമാവ്‌ തോട്ടങ്ങളാണ്‌. കേരളത്തിൽ 29 ശതമാനം വനമുണ്ടെന്ന് പെരുപ്പിച്ച കണക്കാണ്‌ ഭരണാധികാരികൾ പറയുന്നത്‌. 29 ശതമാനത്തിൽ 14 ശതമാനവും കൈയ്യേറ്റക്കാരുടെ കൈകളിലാണ്‌. തേക്ക്‌ തോട്ടം, കശുമാവ്‌ തോട്ടം, എണ്ണപ്പന തോട്ടം, അണക്കെട്ടുകളുടെ ജലാശയം, സർക്കാരിന്റെ വിവിധ പ്രൊജക്ടുകൾക്ക്‌ കൊടുത്തിട്ടുള്ളത്‌ എല്ലാം വനത്തിന്റെ പട്ടികയിലാണ്‌ പെടുന്നത്‌. എല്ലാം കഴിഞ്ഞ്‌ 8 ശതമാനം വനം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇതാകട്ടെ, അണക്കെട്ടുകൾക്ക്‌ ചുറ്റുമായി അവയുടെ സംരക്ഷണത്തിനു വേണ്ടി വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളതും. ബാക്കി വനം കൈയ്യേറ്റക്കാരെ മാടിവിളിക്കുന്നതും ജനങ്ങൾ സഞ്ചരിക്കുന്നതുമായ തുണ്ടുവനങ്ങളാണ്‌.

ഏഴുലക്ഷം ഹെക്ടർ വനഭൂമി കൈയ്യേറിയിട്ടും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത ഭരണാധികാരികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്‌. മുല്ലപ്പെരിയാർ പൊട്ടുമെന്ന ആശങ്കയുയർത്തി തമിഴനെതിരെ സമരം ചെയ്തതിന്റെ ഫലം തമിഴ്‌നാട്ടിലെ ആയിരക്കണക്കായ മലയാളികളുടെ ജീവിതം തകർത്തുകളഞ്ഞു. യൂക്കാലിപ്റ്റസ്‌ പോലുള്ള കൃഷി ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ തേയിലയും, ഏലവും, റബ്ബറും പാടില്ലെന്ന് കള്ളം പ്രചരിപ്പിക്കുന്നു. ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണമെന്ന് പറയുമ്പോൾ കൃഷിയേ നിരോധിച്ചിരിക്കുന്നു എന്നു കള്ളം പറയുന്നു. പശ്ചിമഘട്ടം വനമാക്കി കടുവാ സങ്കേതമാക്കാൻ പോകുന്നു എന്ന നുണ, മാഫിയകൾക്ക്‌ മാത്രം ഗുണം ചെയ്യുന്നതാണ്‌. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ, വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റായി ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും, കൊടുംവരൾച്ച പശ്ചിമഘട്ടത്തെ മരുവൽക്കരണത്തിലേക്ക്‌ നയിക്കുമ്പോഴും ഇനിയും പരിസ്ഥിതിയെ നശിപ്പിക്കണമെന്ന് വാശിപിടിക്കുന്നവർ മാപ്പ്‌ അർഹിക്കുന്നില്ല.    

 O

PHONE :   9947154564