Saturday, October 29, 2011

മഴുഭൂമി


അജിത്‌.കെ.സി













രം വെട്ടുകാരൻ
ശുദ്ധൻ

നീർദേവത
കനിഞ്ഞേകിയത്
മൂന്നു മഴു മൂർച്ചകൾ

ആദ്യ മഴുവാൽ
മാതൃഗളം തന്നെ!
അച്ഛൻ അനുഗ്രഹിച്ചു
സ്വായുധം സുവർണ്ണം

വെണ്മഴു കൊണ്ടു
നിയമവാഴ്ച തൻ
കുലം മുടിച്ചു
ക്ഷത്രിയം ക്ഷൗരം.

മരം വെട്ടുകാരൻ
ഊർജ്ജസ്വലൻ

പൂക്കൾ കൊഴിഞ്ഞപ്പോൾ
വസന്തം പറഞ്ഞു
ഇനിയും വിടർത്താം

ഇലകൾ ഉതിർന്നപ്പോൾ
മണ്ണ്‌ ആശ്വസിപ്പിച്ചു,
ഗർഭത്തിൽ വിത്തൊളിപ്പിച്ചു
കൂടില്ലാക്കിളികൾ
കണ്ണീർ വെടിഞ്ഞു.

ആചാരം ചൊല്ലി
അനുവാദം വാങ്ങി
മഴു മുറിവിൽ
മരങ്ങൾ വീണു!

പെരും തച്ചനു
കാഴ്ചയായി നേർച്ചയായി
വിറകും വിനോദവും!

മരം വെട്ടുകാരൻ
കാളിയെ സ്തുതിച്ചു
നാവിൽ തറഞ്ഞു
നാദം ത്രിശൂലം.

മഴു നീട്ടിയെറിഞ്ഞ
വരനീളത്തിൽ
മരമൊടിഞ്ഞു

മഴയൊഴിഞ്ഞു
പുഴയൊഴിഞ്ഞു,
കടലൊഴിഞ്ഞുയർന്ന
മരുഭൂമിയിൽ
മനമുരുകി
ഉഷ്ണ താപസം.

രാകിയെറിഞ്ഞ മഴു
ദ്വാപരത്തിൽ
മരമായി കിളിർത്തു
കല്പകം വൃക്ഷം.

ഇനി, ഭൃഗുരാമ,
നിൻ പാദാരവിന്ദങ്ങൾ
വേടന്റെ പക്ഷി
സുവർണ്ണ സ്വർഗ്ഗം
പാപമോക്ഷം !

O
 PHONE : +919387177377

Saturday, October 22, 2011

നീ പറഞ്ഞിരുന്നു...

അനൂപ്‌.എസ്‌













ദ്യം നമ്മൾ
കൈമാറിയിരുന്നത്‌
ചുവന്ന പൂക്കളായിരുന്നു
ചുവപ്പ്‌
എന്റെയും നിന്റെയും
സ്വപ്നങ്ങളുടെ
നിറമാണെന്ന്...


ഒരിക്കൽ നീ
കുറേ മഞ്ഞപ്പൂക്കൾ തന്നു.
വിരഹത്തിന്റെ
നാളുകൾ
നിലാവിനെപ്പോലും
മഞ്ഞയാക്കുന്നുവെന്ന്...


ഞാൻ തനിച്ചായ
പാതവക്കിൽ നിറയെ
വാകപൂത്തിരുന്നു.
വേർപിരിയലിന്റെ ശൂന്യതയ്ക്കും
അഗ്നിയുറങ്ങുന്ന വാകമരത്തിനും
ഏതോ ബന്ധമുണ്ടെന്ന്...


ഒരു
ചാറ്റൽമഴയത്ത്‌,
ആളൊഴിഞ്ഞ
കല്ലറയിൽ
നീ വെച്ചിട്ടുപോയ
പൂക്കൾ ഞാൻ കണ്ടു.


നീ പറഞ്ഞിരുന്നു...
നമ്മൾ മരിച്ചാലും
വർണ്ണമേഘങ്ങളിൽ ചേക്കേറി
വർഷാന്തരങ്ങളിൽ
എവിടെയോ
നീലക്കുറിഞ്ഞികളായി പൂക്കുമെന്ന്...


O

  PHONE : 9846113357


Saturday, October 15, 2011

മലപ്പാമ്പൻ


രവിവർമ്മ തമ്പുരാൻ












       

            ലിയ താഴ്ച്ചയിൽ നിന്നും മണ്ണു ചുമ്മിക്കൊണ്ടു വന്ന് കുടഞ്ഞിടുകയായിരുന്നു മലപ്പാമ്പൻ. രാവിലെ കാലിച്ചാക്കുമായി കുന്നിന്റെ വശത്തുകൂടി കുത്തനെയുള്ള ഇറക്കം ഇറങ്ങി വലിയൊരു കൊക്കയിലേക്ക്‌ പോകുന്നതു കണ്ടപ്പോൾ, അരഞ്ഞാണം കെട്ടിയിട്ടില്ലാത്ത അത്യഗാധമായ ഒരു കിണറ്റിലേക്ക്‌ അയാൾ ഇറങ്ങിപ്പോകുന്നതുപോലെയാണ്‌ അവിടെയുള്ളവർക്ക്‌ തോന്നിയത്‌. എങ്ങോട്ടേക്കാണ്‌ പോകുന്നതെന്നോ എന്തിനാണ്‌ പോകുന്നതെന്നോ ആരും ചോദിച്ചില്ല. ആരോടും ഒന്നും പറഞ്ഞതുമില്ല. അയാൾ അങ്ങനെയാണ്‌. ഇത്രയും കാലമായിട്ടും ആരോടും അങ്ങനെ കാര്യമായി ഒന്നും സംസാരിച്ചു കണ്ടിട്ടില്ല. എന്നു കരുതി ഊമയാണെന്ന് വിചാരിക്കരുത്‌. അവിടത്തുകാർക്ക്‌ അയാളോട്‌ അത്ര തീവ്രമായ അടുപ്പമൊന്നും ഇല്ല. എങ്കിലും അവിടെത്തന്നെയാണ്‌ അയാളുടെ താമസം. അവരുടെയൊക്കെ ഓർമ്മയുറയ്ക്കും മുമ്പേ തന്നെ അവിടെ ഉണ്ടായിരുന്നയാളുമാണ്‌. പാമ്പന്‌ ഒരെൺപതു തൊണ്ണൂറ്‌ വയസു കാണുമെന്ന് ഒരു കൂട്ടർ പറയുന്നു. അതല്ല നൂറു കഴിഞ്ഞിട്ടുണ്ടാവുമെന്ന് മറ്റൊരു കൂട്ടർ. നൂറ്റമ്പതു വയസെങ്കിലും കാണും എന്ന അഭിപ്രായവും ചിലർക്കുണ്ട്‌.


പ്രായത്തെക്കുറിച്ചുള്ള ഈ അഭിപ്രായമൊന്നും കാഴ്ചയിൽ ഒട്ടും പ്രസക്തമല്ലെന്നതാണ്‌ സത്യം. ആറടി പൊക്കം. കട്ട ശരീരം. നെഞ്ചിലും പുറത്തുമൊക്കെ മാംസപേശികൾ പെരുത്തു നിൽക്കുന്നു. കൈകളുടെ ആകൃതി കണ്ടാൽ കൂടം പോലെ തോന്നും. നീണ്ടു കൂർത്ത മുഖമാണ്‌. തൊലിപ്പുറത്ത്‌ ചുളിവ്‌ ഒരെണ്ണം പോലുമില്ല. പുറത്തേക്കുന്തി നിൽക്കുന്ന ചെമ്പൻകണ്ണുകൾ. തത്തച്ചുണ്ടുപോലെ വളഞ്ഞ മൂക്ക്‌. കട്ടിമീശ ചുരുട്ടി കൊമ്പു പോലെ വെച്ചിട്ടുണ്ട്‌. കട്ടിത്താടി വളർന്ന് നെഞ്ചുവരെ നിൽക്കുന്നു. കറുകറുപ്പാണ്‌ താടിക്കും മീശയ്ക്കും നിറം. ഒരു ഭാഗത്ത്‌ ചെട പിടിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ മുടിയും കറുത്തതുതന്നെ. അതു വളർന്നു പുറത്തിന്റെ മദ്ധ്യഭാഗം വരെ ഇറങ്ങിക്കിടക്കുന്നു. നെഞ്ചിലും ചെവിയിലുമൊക്കെയുണ്ട്‌ കറുകറുത്ത തഴച്ച രോമങ്ങൾ. ഒരു മരവുരി കീറിയുടുത്തിട്ടുള്ളത്‌ മുട്ടിനു മുകളിൽ വന്നുനിൽക്കും. നെഞ്ചിലെയും തുടകളിലേയും കണങ്കാലിലേയും പേശികൾ തെറിച്ചു നിൽക്കുന്നതു കൊണ്ടാവാം അവിടത്തെ പതിനാലു പതിനഞ്ചുവയസായ പെൺകുട്ടികളുടെ നെഞ്ചിലെ തിളപ്പും തുടിപ്പുമാണ്‌ ഏതു നേരവും പാമ്പൻ. അതിനൊരു കാരണം കൂടിയുണ്ട്‌. പാമ്പൻ നേരത്തെ താമസിച്ചിരുന്ന സ്ഥലത്ത്‌ പത്തുപതിനാറ്‌ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു കൊന്നിട്ടുണ്ടെന്നും അങ്ങനെ അവിടത്തുകാർ കല്ലെറിഞ്ഞോടിച്ചതാണെന്നും ഒരു കഥ ഉച്ചനേരത്തു കൂടിയിരുന്നു കൊച്ചുവർത്തമാനം പറയുന്ന മുതിർന്ന പെണ്ണുങ്ങളുടെ നാവുകളിൽ ആരോ കാട്ടുമുള്ളുകൾ കൊണ്ട്‌ വരഞ്ഞിട്ടുണ്ട്‌. പെമ്പിള്ളാർ വയസറിയിച്ചാൽ പിന്നെ, 'പാമ്പനെ സൂക്ഷിച്ചോണേ' എന്നാണ്‌ ഉറ്റബന്ധുക്കൾ പറയാറ്‌. കൊച്ചുങ്ങളെ ഉള്ളിലാക്കിക്കിടത്തിക്കോണം. ഏതുപാതിരാത്രീലാ കാലൻ കേറിവരുന്നതെന്നറിയില്ല എന്നും പറയും. പെമ്പിള്ളാരെ അകത്താക്കി അമ്മമാർ കവാടത്തിനടുത്തു തന്നെ കിടക്കും. ഇവരിൽ പലരും തൊട്ടടുത്തുകിടക്കുന്ന ഭർത്താവ്‌ ഉറക്കം പിടിച്ചുകഴിഞ്ഞ്‌ പാമ്പനെങ്ങാനും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുമുണ്ട്‌,ദിവസവും. പക്ഷെ ഒരു വീട്ടിലേക്കും രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ പാമ്പൻ വന്നില്ലെന്നതാണ്‌ സത്യം.


ആന ചവിട്ടിക്കൊന്ന ചെള്ളാടന്റെ ഭാര്യ മാധവി മുപ്പത്തിരണ്ടു വയസിന്റെ ചൂടുമായി എല്ലാ ദിവസവും കേറുന്നിടത്തു തന്നെ കിടന്നിട്ടും പാമ്പന്‌ എത്തിനോക്കാൻ കൂടി തോന്നിയില്ല. ഒരു ദിവസം കാട്ടാറ്റിൽ കുളിക്കാൻ ചെന്ന മാധവി മറ്റു പെണ്ണുങ്ങളോട്‌ പറഞ്ഞു.

" ആ പണ്ടാരക്കാലന്‌ സാമാനം ഒണ്ടോന്നു പോലും തോന്നുന്നില്ല."

മാധവിയുടെ കവിളിൽ വലിയ വിരൽപ്പാടുകളഞ്ചെണ്ണം തിണർത്തു കിടക്കുന്നതു കണ്ട്‌ അവർ രഹസ്യമായി ചിരിച്ചു.


പാമ്പന്റെ കാരിരുമ്പൊത്ത ശരീരമാണ്‌ പെണ്ണുങ്ങളെ കൊതിപ്പിക്കുന്നതെങ്കിൽ ആണുങ്ങൾക്ക്‌ മറ്റൊരു കൊതിയാണ്‌ അയാളെക്കുറിച്ചുള്ളത്‌. പാമ്പന്‌ നൂറുതരം വാറ്ററിയാം എന്നാണ്‌ അവർ തമ്മിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഉൾക്കാട്ടിൽ അയാൾ ഇപ്പോഴും വാറ്റാൻ പോകാറുണ്ടെന്നും അതാണ്‌ ദിവസങ്ങളോളം ചിലപ്പോൾ കാണാതാവുന്നതെന്നും അവർ പരസ്പരം പറഞ്ഞു.


പാമ്പന്റെ വിരിഞ്ഞ നെറ്റിക്കു കുറുകെ വെട്ടുകൊണ്ട മാതിരിയൊരു പാട്‌, ശിവന്റെ തൃക്കണ്ണുപോലെ കറുത്തു തിണർത്ത്‌ കിടപ്പുണ്ട്‌. ഒരിക്കൽ വാറ്റിക്കൊണ്ടിരിക്കുമ്പോൾ വനംവകുപ്പുകാരുമായുള്ള ഏറ്റുമുട്ടലിൽ ഏറ്റ വെട്ടാണതെന്ന് ആണുങ്ങൾ വിശ്വസിച്ചു. ഒരുനാൾ തങ്ങളെയും പാമ്പൻ വാറ്റിനു കൂട്ടുമെന്നും അങ്ങനെ അത്യപൂർവ്വമായ വാറ്റുരുചികൾ അറിയാനായേക്കുമെന്നും അവർ കൊതിച്ചു.


പാമ്പന്റെ നെറ്റിക്കു കുറുകെയുള്ള വെട്ടിനെക്കുറിച്ച്‌ പെണ്ണുങ്ങൾ പറയുന്ന കഥ മറ്റൊന്നാണ്‌. ഒരിക്കൽ ഒരു പതിനാറുകാരി പെണ്ണുമായി ക്രിയയിലേർപ്പെടുമ്പോൾ അവൾക്ക്‌ മൂർച്ഛയെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്ക്‌ കാമപൂർത്തി വരാത്തതിനാൽ തൊട്ടടുത്തു കണ്ട കരിങ്കല്ലിൽ പാമ്പൻ സ്വയം തലയിടിച്ചു പൊട്ടിച്ചതിന്റെ പാടാണത്രേ അത്‌. അപ്പോഴും പെണ്ണ്‌ അടിയിൽ കൊരുത്തുകിടപ്പുണ്ടായിരുന്നു പോലും.


ഗ്രാമത്തിലെ ആണുങ്ങൾ തമ്മിൽ കാണുമ്പോഴും പെണ്ണുങ്ങൾ തമ്മിൽ കാണുമ്പോഴും പാമ്പനെക്കുറിച്ച്‌ കഥകൾ പലതു പറഞ്ഞ്‌ ആനന്ദിച്ചെങ്കിലും  അവ വീട്ടിൽ വന്നിരുന്ന് പറഞ്ഞു രസിച്ചവർ കുറവാണ്‌. വീട്ടിലിരുന്ന് പറയാൻ അവർക്ക്‌ ഭയമായിരുന്നുവെന്നതാണ്‌ കാര്യം. തങ്ങളുടെ പെണ്ണുങ്ങൾ ആരാധന മൂത്ത്‌ പാമ്പന്റെ കൂടെയെങ്ങാനും ഇറങ്ങിപ്പോയാലോ എന്ന് ആണുങ്ങളും തങ്ങളുടെ ആണുങ്ങൾ വാറ്റിനിറങ്ങി ജീവിതം തുലച്ചാലോ എന്ന് പെണ്ണുങ്ങളും ഭയന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ദൂരെ നിന്ന് പാമ്പനെ കാണുന്നതിൽ എല്ലാവരും രഹസ്യമായി സന്തോഷിക്കുകയും ചെയ്തു.


ഗ്രാമം എന്നു പറഞ്ഞതുകൊണ്ട്‌ അത്ര വലിയ പ്രദേശമാണെന്നു ധരിക്കരുത്‌. കുറേ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന മലമുകളിലുള്ളൊരു ചെറിയ സ്ഥലം. ചുറ്റിനും കൊടുങ്കാട്‌. ഇടതിങ്ങിയൊന്നും മരങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ആവശ്യത്തിനു തണലുമുണ്ട്‌. കടുപ്പമേറിയ ഉരുളൻ കല്ലുകൾ നിരന്നു കിടക്കുന്ന സ്ഥലമായതിനാൽ കൃഷിക്കൊന്നും പറ്റിയ മണ്ണല്ല. ചെമ്മണ്ണ്‌ കുഴച്ചു തേച്ച കുടിലുകളാണെല്ലാം.


ആരോഗ്യമുള്ളവരൊന്നും പകൽ സമയത്ത്‌ വീടുകളിൽ ഇരിക്കുന്ന പതിവില്ല. നേരം പുലർന്നാലുടൻ അവർ ഒറ്റയ്ക്കോ കൂട്ടമായോ ചുറ്റിലും നീണ്ടുപരന്നു കിടക്കുന്ന കാടുകളിലേക്കിറങ്ങും. അവിടെ നിന്നു കിട്ടുന്ന കിഴങ്ങുകളും പഴങ്ങളും കല്ലെറിഞ്ഞു പിടിക്കുന്ന കാട്ടുകോഴികളും കൂരനുമൊക്കെയാണ്‌ ആഹാരം. കാടിനെ ആശ്രയിച്ചു ജീവിക്കുന്നതിനാൽ അവർക്ക്‌ സൂക്ഷിച്ചുവയ്ക്കാൻ വലിയ സ്വത്തുക്കൾ ഒന്നുമുണ്ടായിരുന്നില്ല. അന്നന്നത്തെ അദ്ധ്വാനം  കൊണ്ടുണ്ടാക്കുന്നവ അന്നന്നത്തെ ആഹാരത്തിന്‌ തികയും. അതുകൊണ്ടു കൂടിയാവാം ഒരു വീടിനും വാതിലുകളോ ജനൽപ്പാളികളോ പിടിപ്പിച്ചിരുന്നില്ല. ഇങ്ങനെയൊക്കെയായതിനാലാവാം തമ്മിത്തല്ലും വലുതായുണ്ടായിരുന്നില്ല.



മേഘങ്ങളിൽ നിന്ന് പുറപ്പെടുന്നൊരു തണുത്ത കാറ്റ്‌ സദാസമയവും അവിടങ്ങനെ വീശിയടിക്കുണ്ടാവും. ഈ കാറ്റിന്റെ വരവ്‌ വളരെ രസകരമാണ്‌. വെളുത്തതും കറുത്തതുമായ മേഘങ്ങളിൽ നിന്നുള്ള കാറ്റ്‌ കടന്നുവരാറുണ്ട്‌. തോതിൽ വ്യത്യാസമുണ്ടെങ്കിലും രണ്ടിന്റെയും അനുഭവം കുളിർമയാണ്‌. ഓരത്തുള്ള ഏതെങ്കിലും വീടിന്റെ മുകളിലൂടെ പോകുന്ന മേഘത്തിൽ നിന്നാവും പുറപ്പെടുക. തൊട്ടുതാഴെയുള്ള വീടിന്റെ ജനലിലൂടെ ഉള്ളിൽ കടക്കുന്ന കാറ്റ്‌ മുറികളായ മുറികളിലെല്ലാം കയറി ചുറ്റിയടിച്ച്‌ മനുഷ്യരുടെ മനസിലൂടെയും കയറി നേരേ അടുത്ത വീട്ടിലേക്ക്‌ വെച്ചുപിടിക്കും. അവിടെനിന്ന് അടുത്തൊരിടത്തേയ്ക്ക്‌. കറക്കമെല്ലാം കഴിഞ്ഞ്‌ അവസാനം അതുവഴി വരുന്ന മറ്റൊരു മേഘത്തിൽ കയറി സ്ഥലം വിടും. അപ്പോഴേക്കും മറ്റൊരു മേഘത്തിൽ നിന്നുള്ള കാറ്റ്‌  ഏതെങ്കിലും വീടിനുള്ളിൽ കയറിയിട്ടുണ്ടാവും. ചുറ്റിയടിക്കാൻ വേണ്ടി.


ഗ്രാമത്തിന്റെ നടുക്കുള്ള വലിയ വേങ്ങമരത്തിന്റെ ചുവട്ടിലാണ്‌ പാമ്പന്റെ കിടപ്പ്‌. പ്രകൃതിയുടെ നീർക്കോളുകളോ കോപപ്പേച്ചുകളോ ഒന്നും അയാളത്ര കാര്യമാക്കിയിട്ടില്ല. അടുപ്പക്കാരായി ആരുമില്ലാത്തതിനാൽ വീടുകളിലേക്കൊന്നും പാമ്പനെ ആരും വിളിക്കാറില്ല. എന്നു കരുതി പാമ്പൻ എവിടെയും പോകാറില്ലെന്ന് വിചാരിക്കരുത്‌. വിശപ്പായാൽ പാമ്പൻ ഒരിറക്കമുണ്ട്‌. ഏതു വീട്ടിലാണ്‌ ആഹാരമുണ്ടാവുക എന്നു മനക്കണ്ണിലറിയും. എന്നിട്ട്‌ ആ മുറ്റത്തു ചെന്നുനിന്ന് ഉച്ചസ്ഥായിയിലൊന്നു മുരളും. ഒഴിവാക്കാൻ നോക്കിയാൽ പ്രതികരണം എന്താവുമെന്നറിയാത്തതിനാൽ ആരും അതിനു മുതിരാറില്ല. പാമ്പൻ തന്നെ കൊണ്ടുവന്നിട്ടുള്ള തേക്കിലയിൽ ഉള്ളതു ചൊരിഞ്ഞിട്ടുകൊടുക്കും. അതവിടെ നിന്നു വാരിത്തിന്നിട്ട്‌ ആ ഇല തന്നെ കുമ്പിളുകുത്തി വേണ്ടത്ര വെള്ളവും ചോദിച്ചുവാങ്ങിക്കുടിക്കും. പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്നു പൊയ്ക്കൊള്ളും.


ചിലപ്പോൾ പാമ്പൻ കാട്ടിൽ പോയി വരുമ്പോൾ വലിയ മാനിനെയൊക്കെ കൊന്നു തോളിൽ തൂക്കിയെടുത്തുകൊണ്ടു വരും. ഏതെങ്കിലും വീടിന്റെ മുറ്റത്തുകൊണ്ടു കുടഞ്ഞിറക്കിയിട്ട്‌ കയ്യും വീശിയങ്ങുപോകും. ഒരു വലിയ മാനിനെ ഒരു വീട്ടുകാർ ഒറ്റയ്ക്കെന്തു ചെയ്യാനാ? അപ്പോഴാണ്‌ ഗ്രാമത്തിന്റെ ഏറ്റവും വലിയ സഹകരണപ്രദർശനം അരങ്ങേറുക. ഓരോരുത്തരായി ഓരോ ചുമതല ഏറ്റെടുക്കും. കീറൽ, മുറിക്കൽ, ഒരുക്കൽ, തീകൂട്ടൽ, എന്നിങ്ങനെ. സിംഹഭാഗവും ചുടുകയാണ്‌ ചെയ്യുക. കറിവെയ്ക്കൽ രീതിക്ക്‌ അവിടെ പഥ്യക്കാർ കുറവാണ്‌. പൊതുവായ ഒരു സ്ഥലത്ത്‌ അടുപ്പുകൂട്ടി ചുട്ടാൽ പിന്നെ കഷണങ്ങളാക്കി പകുക്കലാണ്‌ പരിപാടി. എല്ലാ വീട്ടിലും എത്തിയെന്ന് പാചകത്തിന്റെ ചുമതലക്കാർ ഉറപ്പാക്കും. ഇങ്ങനെയല്ലാതെ ആ ഇറച്ചി ആരെങ്കിലും തനിച്ചു കഴിക്കാൻ ശ്രമിച്ചാൽ പാമ്പൻ പിന്നീടൊരിക്കലും മാനെ കൊണ്ടുവരില്ല എന്നാണ്‌ അവരുടെ വിശ്വാസം. തങ്ങളെ സഹകരണം പഠിപ്പിക്കാനാണ്‌ പാമ്പൻ വല്ലപ്പോഴും മാനിനെ കൊണ്ടുവരുന്നതെന്ന് വിചാരിക്കുന്നവരുമുണ്ട്‌.


കുറച്ചു ദിവസമായി പാമ്പൻ ആകെ അസ്വസ്ഥനായി നടക്കുകയായിരുന്നു. ആഹാരം കഴിക്കാൻ ഒരിടത്തേക്കും ചെന്നില്ലെന്നു മാത്രമല്ല ഏതുനേരവും ഗ്രാമത്തിന്റെ അരികിൽ പോയി നെറ്റിക്കു മുകളിൽ കൈ ചെരിച്ചുവെച്ച്‌ കിഴക്കോട്ട്‌ നോക്കിയൊരു നിൽപ്പാണ്‌. വേങ്ങച്ചുവട്ടിൽ ഇടയ്ക്കെങ്ങാനും ചെന്നുകിടന്നാൽ തന്നെ അധികം കഴിയും മുമ്പ്‌ ചാടിയെഴുന്നേറ്റ്‌ കിഴക്കോട്ട്‌ ഓടും.


അങ്ങനെയിരിക്കുമ്പോഴാണ്‌ അന്നു രാവിലെ വലിയൊരു ചാക്കുമായി മലയിറങ്ങി കൊക്കയിലേക്ക്‌ പോകുന്നതു കണ്ടത്‌. പാമ്പന്‌ ഈ ചാക്ക്‌ എവിടന്ന് കിട്ടിയെന്ന് ആർക്കുമറിയില്ല. അവിടെങ്ങും അത്തരം സാധനം മുമ്പ്‌ ആരും കണ്ടിട്ടില്ല. എന്തായാലും വലിയ ആ ചാക്കു നിറയെ വെറും മണ്ണ്‌ കൊണ്ടുവന്ന് ഗ്രാമത്തിന്റെ കോണിലെ ഒരു ഭാഗത്ത്‌ ഇടാൻ തുടങ്ങിയപ്പോൾ അത്‌ എന്തിനാണെന്ന് ആർക്കും മനസിലായില്ല. അവർ പരസ്പരം കുശുകുശുത്തതല്ലാതെ പാമ്പനോട്‌ ചോദിക്കാൻ ധൈര്യവുമുണ്ടായില്ല.


സന്ധ്യയ്ക്കു മുമ്പ്‌ പാമ്പൻ കൊണ്ടുവന്നിട്ട മണ്ണ്‌, കൂനയായി ഒരു കുട്ടിമല രൂപപ്പെടാൻ തുടങ്ങി. രണ്ടുമൂന്ന് ദിവസം കൊണ്ട്‌ മല വളർന്നപ്പോൾ ഭയം ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞുവന്ന് അവരുടെ ദേഹത്തു ചുറ്റി. ഗ്രാമത്തിലെ ചില ചോരത്തിളപ്പുകാരിൽ ഇത്‌ അരിശമാണുണ്ടാക്കിയത്‌.


 "കെളവന്‌ ഭ്രാന്തായെന്ന് തോന്നുന്നു." അവർ പറഞ്ഞു. "ഇതങ്ങനെ വിട്ടാൽ ശരിയാവത്തില്ല.ചോദിച്ചിട്ടേയുള്ളൂ ബാക്കി."


ഒന്നു രണ്ടു തവണ നാട്ടിൻപുറത്തൊക്കെ പോയിട്ടുള്ള അൽപം പരിഷ്കാരിയായ രാജുവിന്റെ നേതൃത്വത്തിലാണ്‌ മൂന്നാലുപേർ പാമ്പനെ വഴിയിൽ തടഞ്ഞുനിർത്തിയത്‌.


"നിങ്ങളെന്തിനാ ഇങ്ങനെ മണ്ണു ചുമ്മിക്കൊണ്ടു വന്നിടുന്നത്‌. നാളെ മഴ പെയ്ത്‌ ഈ മണ്ണു മുഴുവൻ ഇവിടത്തെ വീടുകൾക്കുള്ളിലേക്കല്ലേ കേറാൻ പോകുന്നത്‌." ദേഷ്യം അവരുടെ മുഖങ്ങളെ ചുമപ്പിച്ചിട്ടുണ്ടായിരുന്നു. ആ ചുമപ്പൊന്നും പാമ്പനെ ഏശിയില്ല. മറുപടി അയാൾ ആംഗികമാക്കി. കാലുമടക്കി ആഞ്ഞൊരു തൊഴി. പരിഷ്കാരിയായ രാജു തെറിച്ചു പത്തടി അകലെ ചെന്നു വീണു. കൂടെ ചോദിക്കാൻ വന്നവരെ പിന്നെ അവിടെങ്ങും കണ്ടതുമില്ല.


മഴ പെയ്ത്‌ പാമ്പൻമല അലിഞ്ഞാലും ഗ്രാമത്തിന്‌ മറുവശത്തേക്കാവും ഒഴുകുക എന്ന് കൂട്ടത്തിലെ പ്രായമായ ചിലർ സ്ഥിരീകരിച്ചു. പിന്നെയാരും പാമ്പനോടൊന്നും ചോദിച്ചിട്ടില്ല. ഒരാഴ്ചത്തെ അദ്ധ്വാനം കഴിഞ്ഞ്‌ പാമ്പൻ എങ്ങോട്ടോ പോയി. ഒരു മാസം കഴിഞ്ഞിട്ടുണ്ടാവില്ല. വർഷകാലം തുടങ്ങി. പ്രകൃതിയുടെ കോപം ഓരോ ദിവസവും എറിയേറി വന്നു. കണ്ണുരുട്ടലും പള്ളുപറയലും ഉറഞ്ഞുതുള്ളലും തന്നെ ഏതുനേരവും. ഗ്രാമത്തിലുള്ളവർ ആകെ പരിഭ്രാന്തിയിലായി. തുടർച്ചയായി പെയ്ത മഴയ്ക്കൊടുവിൽ ഒരു ദിവസം ഗ്രാമത്തിനു കിഴക്കുള്ള മലയിൽ വലിയൊരു ഉരുൾ വീണു പൊട്ടി. കലക്കമണ്ണു കുഴച്ച ചുവന്നവെള്ളവും അളവില്ലാത്ത മണ്ണും പാഴ്ക്കല്ലുകളൂം കൂലംകുത്തി കുതിച്ചൊഴുകി വന്നു. ഗ്രാമത്തിലെ വീടുകളുടെയെല്ലാമുള്ളിലേക്ക്‌ മലവെള്ളവും പാറക്കല്ലുകളും ഇരച്ചൊഴുകി. അവരുടെ ചെറുതും വലുതുമായ വന്യസ്വപ്നങ്ങൾക്ക്‌ മേലേക്ക്‌ ഉരുളൻകല്ലുകൾ കൂട്ടംകൂട്ടമായി ചെന്നു വീണു. പാമ്പനോടു ചോദിക്കാൻ പോയ രാജു മണ്ണിനടിയിൽപ്പെട്ടു തുലഞ്ഞു. പാമ്പൻമല അപ്പോഴും കേടുപാടുകളൊന്നും പറ്റാതെ ഉറച്ചുനിന്നു.


ഗ്രാമം തീർത്തും വാസയോഗ്യമല്ലാതായി. എങ്ങോട്ടു പോകും? എല്ലാവരും ആകെ സംഭ്രാന്തിയിലായി. തിരിച്ചും മറിച്ചുമുള്ള കൂടിയാലോചനകൾക്കൊടുവിൽ അവരൊരു തീരുമാനത്തിലെത്തി. പാമ്പൻ ദിവസവും കുന്നിറങ്ങിപ്പൊയ്ക്കൊണ്ടിരുന്ന വഴിയേ പോയിനോക്കാം. അവിടെ എന്തെങ്കിലും ജീവിതസാദ്ധ്യത ഉണ്ടാകാതെ വരില്ല. മലങ്കോപത്തിൽ പൊള്ളിച്ചുട്ടവരൊന്നൊന്നായി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി നടക്കാനാരംഭിച്ചു. തൂക്കിറക്കം ഇറങ്ങി ഇറങ്ങി അവരെത്തിയത്‌ വിസ്മയിപ്പിക്കുന്ന ഒരു സ്ഥലത്താണ്‌. അവിടെ ഒരു സമതലത്തിൽ ആയിരക്കണക്കിന്‌  ഏത്തവാഴകൾ അതിരില്ലാതെ പച്ചപിടിച്ച്‌ തഴച്ചുനിന്നു. അവയ്ക്കിടയിൽ പയർ, പാവൽ, പടവലം തുടങ്ങിയ വിവിധയിനം കൃഷികൾ പന്തലിട്ടു പടർത്തിയിരുന്നു. ഒരു ഭാഗത്തായി മനോഹരമായ ചീരത്തോട്ടം. പിന്നെയൊരിടത്ത്‌ മത്തൻവള്ളികൾ പത്തി വിരിച്ചു നിന്നു.


കൃഷിയുടെ പച്ചപ്പു കണ്ടു കൊതി പെരുത്തു നിന്നവരോട്‌ കുറച്ചകലെയുള്ള മറ്റൊരു കൃഷിയിടത്തിൽ നിന്നു വന്നവർ പറഞ്ഞു.

"എന്താ നോക്കി നിൽക്കുന്നത്‌. എല്ലാം നിങ്ങൾക്കുള്ളതാ. നിങ്ങൾക്കുവേണ്ടി പാമ്പൻദൈവം നട്ടുപിടിപ്പിച്ചതാ. എത്ര ദിവസത്തെ അദ്ധ്വാനമാണെന്നോ. ഒറ്റയ്ക്കാ അങ്ങേര്‌ ഇതു മുഴുവൻ നനച്ചുവളർത്തിയത്‌. ഇവിടെ വലിയൊരു കുന്നായിരുന്നു. കുന്നിലെ മണ്ണു മുഴുവൻ ചുമ്മി മുകളിലെവിടെയോ കൊണ്ടു ചെന്നിട്ടാ സമനിരപ്പുണ്ടാക്കിയത്‌. അപ്പഴേ ഞങ്ങളു വിചാരിച്ചു പാമ്പൻ മണ്ണു കൊണ്ടിടുന്നയിടത്തു നിന്ന് ഇതിന്റെ ഉടമസ്ഥർ കുന്നിറങ്ങി വരുമെന്ന്. ഞങ്ങളെയും പണ്ട്‌ ഒരു ഉരുൾപ്പൊട്ടലിൽ നിന്ന് ഇതുപോലെ രക്ഷിച്ചുകൊണ്ടു വന്നാക്കിയതാ ഇവിടെ."

"എന്നിട്ട്‌ പാമ്പനെവിടെ" ആരോ അന്വേഷിച്ചു.

"രണ്ടു ദിവസമായി കാണുന്നില്ല."

ഇതുകേട്ടതും വന്നവരാകെയൊരു ആർത്തിയോടെ പാമ്പന്റെ കൃഷിയിടത്തിലേക്ക്‌ ഇരച്ചുകയറി. കഴിയുന്നത്ര കൂടുതൽ സ്ഥലം വളഞ്ഞുപിടിക്കാൻ മത്സരിക്കുകയായിരുന്നു ഓരോരുത്തരും. കയ്യിൽ കിട്ടിയ പത്തലുകളും കല്ലുകളുമൊക്കെ വെച്ച്‌ അവരവരുടെ അതിരു തിരിക്കാൻ എല്ലാവരും പാടുപെട്ടു. കയ്യൂക്കു കൂടുതലുള്ളവർക്ക്‌ കൂടുതൽ സ്ഥലം സ്വന്തമാക്കാൻ കഴിഞ്ഞു. ഈ വെപ്രാളത്തിനിടയിൽ ചിലരൊക്കെത്തമ്മിൽ ചില്ലറ കശപിശകളും കൈവെയ്പ്പുകളും നടന്നു. ചിലർ മുറിവു പറ്റിക്കരഞ്ഞു. പക്ഷെ സ്വന്തമായി കുറച്ചെങ്കിലും എല്ലാവർക്കും കിട്ടിയതോടെ ആദ്യത്തെ കലഹമങ്ങ്‌ അവസാനിച്ചു. പതിനാറു പതിനേഴു വയസ്സായ പെൺകുട്ടികൾ വാഴത്തൈകൾക്കിടയിലെവിടെങ്കിലും മലപ്പാമ്പൻ ഒളിച്ചിരുപ്പുണ്ടോ എന്നറിയാൻ തിരഞ്ഞുകൊണ്ടിരുന്നു. കൃഷിഭൂമി വളഞ്ഞുപിടിക്കുന്നതിനിടയിൽ മുതിർന്നവരുടെ കണ്ണുകൾ പക്ഷേ ആരെയും തിരഞ്ഞില്ല. മലപ്പാമ്പനെപ്പോലും.

ആദ്യദിവസം അങ്ങനെ പോയെങ്കിലും പിറ്റേന്ന് എല്ലാവർക്കും പരിഭ്രമമായി.

"ഇനി പാമ്പനെങ്ങാനും വന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാലോ?" ഒരുത്തൻ ചോദിച്ചു.

"അങ്ങനെ പാമ്പൻ പറയുമോ?" കൂട്ടത്തിൽ വിവേകവതിയായ ഒരു സ്ത്രീ സംശയപ്പെട്ടു.

"എന്തുകൊണ്ടു പറഞ്ഞുകൂടാ. പാമ്പൻ പറഞ്ഞിട്ടല്ലല്ലോ നമ്മൾ കേറി താമസം തുടങ്ങിയത്‌." കൂട്ടത്തിലെ ചെറുപ്പക്കാരൻ പറഞ്ഞു.

"അപ്പോൾ നമ്മൾ ശരിക്കും സൂക്ഷിക്കണം." മറ്റൊരാൾ അഭിപ്രായപ്പെട്ടു.


ചർച്ചകൾ അങ്ങനെ നീണ്ടപ്പോൾ ഉണ്ടായ തീരുമാനം രണ്ടാണ്‌. ഒന്ന്. പാമ്പൻ ഏതു വഴിയെങ്കിലും വരുന്നുണ്ടോ എന്ന് എപ്പോഴും നോക്കിക്കൊണ്ടിരിക്കണം. രണ്ട്‌. എല്ലാവരും അടച്ചുറപ്പുള്ള വീടുകൾ പണിയണം. പക്ഷേ ഇതെങ്ങനെ സാധിക്കും. അപ്പോഴാണ്‌ ഒരാശയം ഉയർന്നു വന്നത്‌. നാലുപേർ എപ്പോഴും നാലുപുറവും നിരീക്ഷിച്ചു കൊണ്ടിരിക്കുക. രാത്രിയും പകലും ഒരുപോലെ നോട്ടം വേണം. നോട്ടപ്പണി ആർക്കും ബാദ്ധ്യതയാവാതിരിക്കാൻ ഊഴം നിശ്ചയിക്കണം. എല്ലാവർക്കും ഊഴം വരത്തക്കവിധം ഒരു പട്ടിക ഉണ്ടാക്കണം. നോട്ടപ്പണി ഇല്ലാത്തവർ ഒന്നിച്ചുപോയി എവിടെ നിന്നെങ്കിലുമൊക്കെ വീടുപണിക്കുള്ള സാമഗ്രികൾ കൊണ്ടുവരണം. ഒന്നിച്ചുചേർന്ന് വീടുകൾ പണിയണം. തുടർന്നുള്ള ദിവസങ്ങളിൽ വീടുപണിയുടെ തിരക്കായിരുന്നു. മലമ്പുറത്തെ മാതിരി വാതിലില്ലാ വീടുകളല്ല. അടച്ചുപൂട്ടാവുന്ന വീടുകൾ. ദൂരെയൊക്കെ പോയി തെങ്ങോലയും കല്ലും കട്ടയുമൊക്കെ കൊണ്ടുവന്ന് എല്ലാവരും ചേർന്ന് വീടുകൾ പണിതു.


വീടുപണികൾക്കിടയിലോ ചീര പറിക്കുമ്പോഴോ ഒക്കെ കശപിശ ഉണ്ടാവാതെയിരുന്നില്ല. എന്നാലും എല്ലാവരും കൂടി ഒരുവിധമൊക്കെ ഒപ്പിച്ചങ്ങു ജീവിച്ചു. പക്ഷേ ഏതുനേരവും മുതിർന്നവരുടെയെല്ലാം ഉള്ളിൽ തീയായിരുന്നു. മലപ്പാമ്പൻ ഒരു നാൾ മലയിറങ്ങി വന്ന് കൊടുങ്കാറ്റുപോലെ വീശിയടിച്ചാലോ? പെരുമഴപോലെ പെയ്തു തിമിർത്താലോ? ഉരുൾപ്പൊട്ടൽ പോലെ അലറിക്കുതിച്ചുവന്നാലോ? ഇതേ പ്രകൃതികോപങ്ങളെത്തന്നെ ഇതിനുമുമ്പൊരിക്കലും അവരാരും ഇത്രമേൽ ഭയപ്പെട്ടിട്ടുമില്ല. അപ്പോഴാദ്യമായി അവരുടെയൊക്കെ നെഞ്ചിൻകൂടുകളിൽ പാമ്പന്റെ പേശിമുഴകൾ നൊമ്പരമുണ്ടാക്കി. യുവാക്കളും പ്രായമായവരും ഊഴമിട്ടു കാവലിരുന്നു. രാത്രികളിൽ ഉറങ്ങാതെ, പകലുകളിൽ ഇരിക്കാതെ.


വാഴത്തോപ്പിന്റെ നാലുപുറവും തുറിച്ചുനിന്ന എട്ടുകണ്ണുകൾ സദാസമയവും കവാത്തു നടത്തിക്കൊണ്ടിരിന്നു. ഭയവും സംശയവും ഗ്രാമത്തെ വരിഞ്ഞുമുറിക്കിക്കൊണ്ടിരുന്നു. സ്വസ്ഥമായ ഉറക്കം എല്ലാവർക്കും അന്യമായി. കാട്ടുകിഴങ്ങു തിന്നു ജീവിച്ച കാലത്ത്‌ സ്ഥിരമായി നിറഞ്ഞുകിടന്ന സമാധാനത്തടാകം പെട്ടെന്ന് വറ്റിയെന്നു മാത്രമല്ല, തീർത്തും അപ്രത്യക്ഷമാവുകയും ചെയ്തു.

അഗ്നിപർവ്വതങ്ങളിൽ നിന്നു പുറപ്പെടാറുള്ള മാതിരിയൊരു തീക്കാറ്റ്‌ സദാസമയവും അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. വാഴപ്പച്ചയും പയറുപച്ചയും പാവൽപ്പച്ചയുമൊക്കെ തണുപ്പുകാറ്റിനെ കടം കൊടുത്തിട്ടു കൂടിയും അത്‌ അനുഭവിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ചൂടുകാറ്റിന്റെ കറക്കം. കുളിരിനെ വിട്ടുതരാൻ കഴിയുന്ന മേഘങ്ങളും കാഴ്ചയ്ക്കു കൂടി കിട്ടാത്തത്ര ഉയരത്തിൽ പാഞ്ഞുപോകുകയായിരുന്നു. അവ താഴേക്കു നോക്കിയതേയില്ല. വാതിലുകൾ അടച്ചുകുറ്റിയിട്ടിട്ടും ചൂടുകാറ്റ്‌ വീടുകൾക്കുള്ളിൽ കയറി ഉള്ളാകെ ചുറ്റി മനുഷ്യരുടെ മനസിലും കയറി ചെവിയിൽ കൂടിയാണ്‌ പുറത്തു പൊയ്ക്കൊണ്ടിരുന്നത്‌.


അങ്ങനെയിരിക്കെ ഒരു ദിവസം ദൂരെ നിന്ന് പാമ്പന്റെ തലപ്പൊക്കം ഒരു നിരീക്ഷകൻ കണ്ടു. വേഗം വിവരം എല്ലാ വീട്ടിലേക്കും പാഞ്ഞു. തന്റെ കൃഷിയിടത്തിൽ പുതിയ വീടുകളും താമസക്കാരുമൊക്കെ നിൽക്കുന്നതു കണ്ടപ്പോൾ പാമ്പന്‌ സന്തോഷം വന്നു നിറഞ്ഞു. പക്ഷേ അതൊന്നും പുറത്തുകാണിക്കുന്ന ശീലമില്ലാത്തതിനാൽ നേരേ വന്നു പുരയിടത്തിൽ കയറി ഒരു വാഴത്തടത്തിൽ പോയി കിടന്നു.


പാമ്പന്റെ അടുത്ത നീക്കമെന്താവും എന്നായി നാട്ടുക്കൂട്ടത്തിന്റെ ഉത്കണ്ഠ. സകലർക്കും ഇരിപ്പുറയ്ക്കാതായി. നാലഞ്ചു ചെറുപ്പക്കാരുടെ സംഘം വേഗം അന്തരീക്ഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവർ പറഞ്ഞു.

" എല്ലാവരും സ്വസ്ഥമായി വീടുകളിലേക്ക്‌ പൊയ്ക്കോ. ഞങ്ങൾ പ്രശ്നത്തെ നേരിട്ടുകൊള്ളാം."


ആളുകൾ പിരിഞ്ഞതോടെ യുവസംഘം കൂടിയാലോചിച്ചു. പണി നടത്താൻ ഉപകരണം ഒന്നുമാത്രം മതി. എടുത്താൽ പൊങ്ങുന്ന, എന്നാൽ ചെന്നുവീണാൽ വീഴുന്നിടം തവിടുപൊടിയാവുന്ന വലിയൊരു മുട്ടിക്കരിങ്കല്ല്. അങ്ങനൊന്നു തിരയാൻ പുറപ്പെട്ടു രണ്ടുപേർ. വേറൊരാൾ പിന്നിൽ കൂടി പതുങ്ങിച്ചെന്ന് പാമ്പന്റെ നെറ്റിയിലെ അടയാളം നോക്കിക്കണ്ട്‌ ചില കണക്കുകൂട്ടലുകൾ നടത്തി തിരികെ വന്നു. പാമ്പൻ ഉറങ്ങുമ്പോൾ മലർന്നു മാത്രമേ കിടക്കാറുള്ളൂ എന്നും അയാൾ നിരീക്ഷിച്ചു വെച്ചു. വൈകിട്ട്‌ സംഘം വീണ്ടും ഒത്തുകൂടി. അന്നു രാത്രി മഹത്തായ ദൗത്യം നിർവ്വഹിക്കാൻ ആ യോഗത്തിൽ തീരുമാനിച്ചു. 

ആഴമുള്ളൊരു ഉറക്കത്തിലൂടെ ഒന്നുമറിയാതെ സഞ്ചരിക്കുകയായിരുന്നു അപ്പോൾ പാമ്പൻ. പക്ഷെ,ചുണ്ടിൽ എല്ലാമറിയുന്നയാളിന്റേതുപോലെയൊരു ചിരി ഒട്ടിപ്പിടിച്ചുകിടന്നു.

O

 PHONE : 9495851717  

Saturday, October 8, 2011

സൂം ഇൻ

സിനിമയുടെ നേർക്കാഴ്ച്ചകളുമായി പുതിയ പംക്തി 


ഡോ.മുഞ്ഞിനാട്‌ പത്മകുമാർ













    1

ക്യാൻവാസിനും ബ്രഷിനുമിടയിൽ സംഭവിക്കുന്നത്‌



                   'നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടാണ്‌ ഞാൻ സിനിമയെടുത്തത്‌. ശബ്ദമേ നിന്റെ സ്വാതന്ത്ര്യം എന്റെ കരുത്താകട്ടെ' - പുഡോകിൻ. നിശ്ശബ്ദതയിൽ നിന്ന് ശബ്ദാകാരത്തിലേക്ക്‌ കടക്കുന്ന നിമിഷത്തിന്റെ ധന്യതയെക്കുറിച്ച്‌ കലയുടെ ആഴങ്ങളിൽ അഭിരമിച്ചവർ എല്ലാവരും തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കാഴ്ചയുടെ സംസ്കാരവും വർത്തമാനവുമായി ഇത്തരമൊരനുഭവത്തിന്‌ വളരെ ആഴത്തിൽ വേരോടിയിട്ടുള്ള ഒരാത്മബന്ധമാണുള്ളത്‌. കല,വിവിധ മീഡിയങ്ങളിലൂടെ അനുഭവിച്ചറിയുമ്പോഴും അതിലെവിടെയോ നമ്മുടെ ഹൃദയവുമായി സംവദിക്കുന്നൊരു നിശ്ശബ്ദതയുടെ ഇടമുണ്ട്‌. ആ അർത്ഥത്തിൽ നിശ്ശബ്ദതയുടെ സൗന്ദര്യപക്ഷ ചിന്തയിലേക്കുള്ള യാത്രയാണ്‌ ഓരോ സിനിമയും. 'ടോട്ടൽ ആർട്ട്‌' എന്ന വിപുലമായ സാദ്ധ്യതയിലേക്ക്‌ തുറക്കുന്ന അഭിജാതവേദി കൂടിയാണ്‌ സിനിമ. അതുകൊണ്ട്‌ തന്നെ സിനിമ ഒരു Cultural Tour ആണെന്ന പുതിയ നിർവ്വചനത്തിന്റെ അനുഭവത്തിൽ നിന്നുവേണം നമുക്ക്‌ സിനിമ ആസ്വദിക്കാൻ.


ലെനിൻ രാജേന്ദ്രന്റെ പുതിയ ചിത്രം 'മകരമഞ്ഞ്‌" രണ്ട്‌ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ്‌ നമ്മുടെ ആസ്വാദനത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. ഒരേ കാലം പൗരാണികവും ആധുനികവുമായ ഒരു കാലബോധം സിനിമയിൽ ഒഴുകിപ്പരക്കുന്നത്‌ കാണാം. 'മാറി മാറി ഭരിക്കപ്പെട്ട ഹൃദയം' എന്ന് തോമസ്‌ മൻ എഴുതിയത്‌ പോലെ, ഇവിടെ കഥാപാത്രങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ഉപേക്ഷിച്ച്‌ പൗരാണിക കഥാനുഭവങ്ങളിലേക്ക്‌ പലായനം ചെയ്യുന്നു. പ്രത്യക്ഷത്തിൽ രാജാ രവിവർമ്മയിലെ ചിത്രകാരനും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മോഡലും തമ്മിലുള്ള വൈകാരികവും സ്വതന്ത്രവുമായ ബന്ധത്തിൽ നിന്ന് കാൽപനികനായ പുരൂരവസ്സിലേക്കും ലാവണ്യവതിയായ ഉർവ്വശിയിലേക്കുമുള്ള ആത്മയാനങ്ങളാണ്‌ മകരമഞ്ഞിന്റെ അരിസ്ട്രോക്രാറ്റിക്‌ ഫ്രെയിമുകൾ. തിരുവിതാംകൂറിന്റെ സാംസ്കാരിക ചരിത്രവുമായി,വിശിഷ്യാ ചിത്രകലാസംസ്കാരവുമായി ബന്ധമുള്ള ഒരു പ്രമേയം തെരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കേണ്ട ലാവണ്യനിയമങ്ങളെല്ലാം ലെനിൻ രാജേന്ദ്രനിലെ കലാകാരൻ ഭംഗ്യന്തരേണ നിർവ്വഹിച്ചിട്ടുണ്ട്‌ എന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്‌.


ലെനിൻ രാജേന്ദ്രൻ

മലയാളസിനിമയിൽ തികച്ചും ഭിന്നമായ പ്രമേയങ്ങൾ കൊണ്ടുവരികയും അതുവഴി നമ്മുടെ പാരമ്പര്യവായനകളെ പുന:പാരായണത്തിനും ഗാഢപാരായണത്തിനും ഉപയുക്തമാകിയ അപൂർവ്വം ചലച്ചിത്രസംവിധായകരിൽ ഒരാളാണ്‌ ലെനിൻ രാജേന്ദ്രൻ. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 'സ്വാതിതിരുനാൾ', 'കുലം' എന്നീ സിനിമകളിൽ  ഉപയോഗപ്പെടുത്തിയ ട്രഡീഷണൽ ഫ്രെയിമുകളിൽ നിന്നെല്ലാം വ്യത്യസ്തങ്ങളായ ചില ഫ്രെയിം പറ്റേണുകൾ കൊണ്ടുവരാനും അതുവഴി ചരിത്രത്തിന്റെയും വിഷയത്തിന്റെയും ആധുനികമായൊരു ആസ്വാദനതലം സൃഷ്ടിക്കുവാനുമാണ്‌ ലെനിൻ രാജേന്ദ്രൻ ശ്രമിക്കുന്നത്‌.


എണ്ണഛായാചിത്രങ്ങളുടെ കളർടോണുകൾ ഉപയോഗിച്ചുള്ള വെളിച്ചവിതാനങ്ങൾ മകരമഞ്ഞിന്റെ സൗന്ദര്യത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു. അതുകൊണ്ടാണ്‌ ചില ഫ്രെയിമുകളിൽ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ അലൗകികമായ കാന്തി, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളുടെ ശരിപ്പകർപ്പുകളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. രാജാ രവിവർമ്മയിലെ ചിത്രകാരനും കലോപാസകനായ കാമുകനും അനുഭവിക്കുന്ന തീവ്രവികാരങ്ങൾ അതിലളിതമായ വാക്കുകൾകൊണ്ടും ഭാവങ്ങൾ കൊണ്ടുമാണ്‌ സംവിധായകൻ ഒപ്പിയെടുക്കുന്നത്‌. തർക്കോവ്സ്കി പറയുന്നതുപോലെ 'ചരിത്രത്തെ സ്വീകരിക്കുമ്പോൾ അകമ്പടിയായി അലർച്ചകൾ വേണം എന്ന് ശഠിക്കേണ്ടതില്ല. നിശ്ശബ്ദതയിൽ നിന്നുപോലും നമുക്ക്‌ ചരിത്രത്തിന്റെ കുളമ്പടികൾ കേൾക്കാനാകണം'. നിശ്ശബ്ദതയിൽ നിന്നുള്ള മഹാമുഴക്കങ്ങളിലൂടെയാണ്‌ മകരമഞ്ഞ്‌ ഒഴുകിപ്പോകുന്നത്‌.






രാജാ രവിവർമ്മയുടെ ചിത്രകലാജീവിതത്തിൽ ആരും ഇതുവരെ എഴുതിചേർത്തിട്ടില്ലാത്ത ഒരദ്ധ്യായമാണ്‌ മകരമഞ്ഞിലൂടെ ലെനിൻ രാജേന്ദ്രൻ അവതരിപ്പിക്കുന്നത്‌. രാജാ രവിവർമ്മയിലെ കലാകാരനെ സ്തുതിച്ചും വ്യാഖ്യാനിച്ചും ക്ഷീണമനുഭവിച്ചു തുടങ്ങിയ മലയാളിക്ക്‌ മകരമഞ്ഞ്‌ പുതിയൊരനുഭവമായിരിക്കും. കാരണം,ക്യാൻവാസിനും ബ്രഷിനുമിടയിൽ എപ്പോഴൊക്കെയോ രൂപപ്പെട്ട ഒരു ചിത്രകാരന്റെ അന്ത:സംഘർഷങ്ങളും മഹാമൗനങ്ങളും പ്രണയാനുഭവങ്ങളും സന്ദേഹങ്ങളും ഒക്കെ ചേർന്നൊരു സുന്ദരചിത്രമാണ്‌ മകരമഞ്ഞിലൂടെ ലെനിൻ രാജേന്ദ്രൻ പറയുന്നത്‌. അതിനനുയോജ്യമായ ഒരു നാടകീയത മകരമഞ്ഞിൽ വളരെ മനോഹരമായി സംവിധായകൻ സന്നിവേശിപ്പിച്ചിരിക്കുന്നു. രാജാ രവിവർമ്മയിൽ നിന്ന് പുരൂരവസ്സിലേക്കുള്ള ദൂരവും മോഡലിൽ നിന്ന് ഉർവ്വശിയിലേക്കുള്ള ദൂരവും നാം കണ്ടുകൊണ്ടിരിക്കെ കുറഞ്ഞുകുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നത്‌, ആസ്വാദനത്തിന്റെ അതിർത്തികളെ മറികടക്കുവാൻ സംവിധായകന്‌ കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌. രാജാ രവിവർമ്മയായി പ്രത്യക്ഷപ്പെടുന്ന സന്തോഷ്‌ ശിവനും മോഡലായി എത്തുന്ന കാർത്തികയും അവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. മധു അമ്പാട്ടിന്റെ ക്യാമറ, മകരമഞ്ഞിന്റെ പ്ലസ്‌ പോയിന്റുകളിൽ ഒന്നാണ്‌.  

O

PHONE : 9447865940

PHOTOS : GOOGLE

Saturday, October 1, 2011

രണ്ട്‌ മണിക്കഥകൾ

മണി.കെ.ചെന്താപ്പൂര്‌













     പിശാചുക്കൾ


                 രാവിലെ ഉറക്കമുണർന്ന് നോക്കുമ്പോൾ അയൽവീടിന്റെ മുറ്റത്ത്‌ മേശ,കസേര,കട്ടിൽ തുടങ്ങിയ വീട്ടുപകരണങ്ങൾ ചിതറിക്കിടക്കുന്നത്‌ കണ്ടു. വഴിയിൽ വാഹനവും. വിവരം അന്വേഷിച്ചു.
" എന്തുപറ്റി?"
" അവർ സ്ഥലം വിറ്റു. വീട്‌ മാറുകയാണ്‌."
അടുത്തദിവസം ഉറക്കമുണർന്ന് നോക്കുമ്പോൾ വീട്ടുമുറ്റത്ത്‌ വീണ്ടും മേശയും കട്ടിലും അലമാരയും കണ്ടു. ഉത്കണ്ഠയോടെ കാര്യം തിരക്കി.
അവിടെ പുതിയ താമസക്കാർ വന്നു. പട്ടണത്തിലുള്ള ക്രിസ്ത്യാനികളാണ്‌.
മൂന്നാം ദിവസം ഒരു സംഘം ആളുകൾ അവിടേയ്ക്ക്‌ ഒഴുകി വരുന്നത്‌ കണ്ടു. അപ്പോൾ വീട്ടുടമയോടാണ്‌ വിവരം തിരക്കിയത്‌.
അയാൾ പറഞ്ഞു.
"ശുദ്ധീകരണമാണ്‌.പാട്ടും പൂജയുമുണ്ട്‌. ഹിന്ദുക്കൾ താമസിച്ച വീടല്ലേ?"
O

   സാമൂഹ്യപാഠം


                കുട്ടികളില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ദമ്പതികളെപ്പറ്റിയുള്ള പത്രവാർത്ത കണ്ടപ്പോൾ അയാളുടെ ചുണ്ടിൽ പരിഹാസച്ചിരി വിരിഞ്ഞു. കുട്ടികളുണ്ടായതിന്റെ പേരിൽ ആത്മഹത്യയെപ്പറ്റി വീണ്ടും ചിന്തിക്കുകയായിരുന്നു അയാൾ !
 O
 PHONE : 9388539394