Saturday, September 24, 2011

സംസ്കാരജാലകം

ഡോ.ആർ.ഭദ്രൻ





                      9










 കെ.ആർ.മീരയുടെ 'മോഹമഞ്ഞ'യോട്‌ എം.കൃഷ്ണൻനായർ നീതി പുലർത്തിയോ?


കെ.ആർ.മീര ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാകാരിയായി മാറിയത്‌ 'സാഹിത്യവാരഫല'ത്തിൽ എം.കൃഷ്ണൻനായർ ഈ കഥയെ ഒരു മികച്ച കഥയായി അവതരിപ്പിച്ചതുകൊണ്ടുകൂടിയായിരുന്നു. അതുകൊണ്ടാവാം 'മോഹമഞ്ഞ' എട്ടു കഥകളുടെ സമാഹാരമായി പ്രസിദ്ധീകരിച്ചപ്പോൾ അന്ന് 'കലാകൗമുദി'യിൽ എഴുതിയ കുറിപ്പ്‌ ആമുഖമായി കൊടുത്തത്‌. ഈ കുറിപ്പിൽ 'മോഹമഞ്ഞ'യുടെ മന്ദഗതിയിലുള്ള ആഖ്യാനത്തെ സ്പർശിക്കുകയായിരുന്നു അദ്ദേഹം. ഈ മന്ദഗതിയിലുള്ള ആഖ്യാനം എന്തുകൊണ്ടാണ്‌ കഥയ്ക്ക്‌ കിട്ടിയതെന്നോ അത്‌ സൃഷ്ടിച്ച സൗന്ദര്യലോകം എന്താണെന്നോ കൃഷ്ണൻനായർ കാണുന്നതേയില്ല. മാത്രവുമല്ല,മന്ദഗതിയിലുള്ള ആഖ്യാനമാണെന്ന് സ്ഥാപിക്കുവാൻ അസംഗതവും അനൗചിത്യനിർഭരവും വിമർശനസൗന്ദര്യതരംഗങ്ങൾ സൃഷ്ടിക്കാത്തതുമായ കാടുകയറ്റത്തിൽ അദ്ദേഹം വീണുപോവുകയും ചെയ്തു. ഇത്‌ വല്ലാത്ത ഒരു പതനമാണ്‌. എങ്കിലും എല്ലാം മറന്നുകൊണ്ടാണ്‌ ഈ വാക്യങ്ങൾ നന്ദിസൂചകമായി 'മോഹമഞ്ഞ'യുടെ ആമുഖമായി മീര കൊടുത്തതെന്നു വിചാരിക്കുന്നു.

കെ.ആർ.മീര













അടിച്ചമർത്തപ്പെടുന്ന ആസക്തികളെയും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേർത്തുനിർത്തി കാണുന്നുണ്ട്‌. ഏത്‌ മനുഷ്യ-പ്രകൃതി ബന്ധങ്ങളും മുജ്ജന്മബന്ധിതമാണ്‌ എന്ന വാദം ഉണ്ട്‌. ഏറ്റവും തീവ്രമായ മനുഷ്യബന്ധമാണ്‌ പ്രണയം. അതുകൊണ്ടാണ്‌ ഇവിടെ അതു തെളിഞ്ഞുവരുന്നത്‌. ജീവിതത്തിന്റെ മായയുടെ കനത്ത ഇരുട്ടിനെപോലും പ്രണയത്തിന്റെ വെളിച്ചം എത്ര സുന്ദരമായും സൂക്ഷ്മമായുമാണ്‌ മറികടക്കുന്നത്‌ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അപ്രാപ്യതയിൽ തൊടുവാനുള്ള ഒരു എഴുത്തുകാരിയുടെ / എഴുത്തുകാരന്റെ ഇന്ദ്രിയാതീതത്വം കൊണ്ട്‌ അതും മീര സ്പർശിച്ചിരിക്കുന്നു. "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു."

സത്യം പറഞ്ഞാൽ ഈ കഥയിലെ ആഖ്യാനത്തിന്റെ മന്ദഗതിയല്ല, ആഖ്യാനത്തിനിടയിലെ ക്രിയാകേളികളാണ്‌ ആരെയും ഏറെ ആകർഷിക്കേണ്ടത്‌. ഒരുദാഹരണം നോക്കുക. "മുഖാമുഖമിരുന്നതിനാൽ അവരുടെ നോട്ടങ്ങൾ പലതവണ കാര്യമൊന്നുമില്ലാതെ പരസ്പരം കൈകൊടുത്തുകടന്നുപോയി. ഒരു വട്ടം അയാളുടെ നോട്ടം അവളുടെ കണ്ണുകളിൽ തടഞ്ഞുവീഴുകയും സോറി പറഞ്ഞ്‌ എഴുന്നേറ്റുപോവുകയും ചെയ്തു. മറ്റൊരുവട്ടം അവളുടെ നോട്ടം അയാളുടെ കണ്ണുകളിൽ ഒന്നിടറുകയും അയാളുടെ കൺപീലികൾ അവൾ വീണുപോകാതെ താങ്ങിനിർത്തുകയും ചെയ്തു." ആഖ്യാനം എത്രമാത്രം സൂക്ഷ്മതയോടെ യുദ്ധം ചെയ്താണ്‌ ഓരോ നിമിഷവും പിന്നിടുന്നത്‌ !

രോഗം/മരണം/ലൈംഗികത എന്നീ പ്രശ്നങ്ങളിൽ കെട്ടുപിണഞ്ഞുകിടക്കുന്ന കഥയാണിത്‌. ഏത്‌ ലൈംഗികതയുടെ പിന്നിലും മരണത്തെ ജയിക്കാനുള്ള ഒരഭിവാഞ്ഛ കുടികൊള്ളുന്നു എന്നത്‌ സൈക്കോളജി കാണുന്നുണ്ട്‌. ഈ ധാരണയോടെ വായിക്കുമ്പോൾ മാത്രമേ കഥയുടെ വഴികളിൽ പ്രകാശം പടരുകയുള്ളു. കഥയ്ക്കുള്ളിൽ തെളിയുകയും മറയുകയും ചെയ്യുന്ന വർണ്ണങ്ങൾ (മഞ്ഞ/ചാര നിറങ്ങൾ) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയിൽ നാം കാണണം.

അഗാധനിരീക്ഷണങ്ങളും ഒരു കഥാകാരിക്ക്‌/കഥാകാരന്‌ വേണം. ഇത്‌ നോക്കുക. "പെണ്ണുങ്ങളുടെ നിരാശ അവരുടെ കൺതടങ്ങളിൽ തെളിയും. ആണുങ്ങളുടേതാകട്ടെ അവരുടെ ചുവടുകളിലും".

രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയിൽ കൂടിക്കലരുന്നത്‌! കഥാപാത്രങ്ങളെല്ലാം രോഗികളാണ്‌. അയാളുടെ രോഗം/അവളുടെ രോഗം/അവളുടെ മകന്റെ രോഗം. കഥാസ്ഥലം മെഡിക്കൽ കോളേജും പരിസരവും. രോഗവും പ്രണയവും കാമവും ചേർന്ന ഒരു കഥ വിടരുകയാണ്‌ 'മോഹമഞ്ഞ'യിൽ; ജീവിതത്തിന്റെ ഒരുപാട്‌ മുഗ്ധനിമിഷങ്ങൾ സൃഷ്ടിച്ചുകൊണ്ട്‌. 'സാഹിത്യവാരഫല'ത്തിൽ എം.കൃഷ്ണൻനായർ അവഗണിച്ച വിഷയങ്ങളാണിതെല്ലാം.

 മദ്യപാനത്തെക്കുറിച്ച്‌ ഷേക്സ്പിയർ


നമ്മുടെ പുതിയ എക്സൈസ്‌ വകുപ്പുമന്ത്രി ശ്രീ.കെ.ബാബു വായിച്ചറിയാൻ - ശ്രദ്ധിച്ച്‌ സൂക്ഷിച്ച്‌ കൊണ്ടുനടക്കുകയാണെങ്കിൽ മദ്യം നല്ലൊരു ജന്തുവാണ്‌. 'ഒഥല്ലോ'യിലാണ്‌ ഇങ്ങനെയൊരു ചിന്ത ഇയാഗോയെക്കൊണ്ട്‌ ഷേക്സ്പിയർ നടത്തിയിട്ടുള്ളത്‌. 'ഒഥല്ലോ' യിലെ ഡെസ്ഡിമോണയുടെ ദുരന്തത്തിന്റെ വേരുകൾ പോലും കൂട്ടം കൂടിയുള്ള ഒരു മദ്യപാനത്തിലായിരുന്നു എന്നു കൂടി ഇവിടെ ഓർത്തുകൊള്ളുക.


 ലോകത്തിലേറ്റവും മികച്ച വിടവാങ്ങൽ

കാളിദാസന്റെ 'അഭിജ്ഞാനശാകുന്തള'ത്തിൽ ശകുന്തള കണ്വാശ്രമത്തിൽ നിന്ന് ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക്‌ യാത്രയാകും മുമ്പ്‌ നടത്തിയ വിടവാങ്ങലാണ്‌ ലോകത്തിലെ എക്കാലത്തെയും ഏറ്റവും വികാര വിചാരനിർഭരമായ വിടവാങ്ങൽ എന്ന് ഒരു സംസ്കൃതം പ്രോഫസർ (ആർ. രാധാകൃഷ്ണപിള്ള, ഡി.ബി.കോളേജ്‌, ശാസ്താംകോട്ട) സ്വകാര്യസംഭാഷണത്തിൽ നടത്തിയ നിരീക്ഷണം ഏറെ ചിന്തനീയമാണ്‌!

 മലയാളനിരൂപണത്തിലെ ചങ്ങമ്പുഴ

കെ.പി.അപ്പൻ













കേരളത്തിലെ രണ്ട്‌ സാഹിത്യവിമർശകരായ യൂണിവേഴ്സിറ്റി പ്രഫസർമാരുടെ സംഭാഷണം അവരോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ കേട്ടു. അതിലൊരു പ്രഫസറുടെ അഭിപ്രായത്തിൽ കെ.പി.അപ്പനിൽ നിന്നും ഒരു മികച്ച സാഹിത്യനിരൂപണഗ്രന്ഥവുമുണ്ടായിട്ടില്ല ! കഷ്ടിച്ചു പരിഗണിക്കാവുന്നത്‌ 'മധുരം നിന്റെ ജീവിതം' മാത്രം ! രണ്ടുപേരും ഇതിനോട്‌ പരസ്പരം യോജിച്ചു കൊണ്ട്‌ സംഘഗാനത്തിലെന്ന പോലെ പറഞ്ഞു - മലയാള നിരൂപണത്തിലെ ചങ്ങമ്പുഴയാണ്‌ കെ.പി.അപ്പൻ.

 കേരളത്തിൽ ഒരു യുവാവേ ഉള്ളൂ

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻലാലിന്റെ കരസേനയിലെ ലഫ്റ്റനന്റ്‌ പദവി എടുത്തുകളയണമെന്ന് കേന്ദ്രപ്രതിരോധവകുപ്പുമന്ത്രിയോട്‌ സുകുമാർ അഴീക്കോട്‌ ആവശ്യപ്പെട്ടതായി ഒരു ന്യൂസ്‌ ചാനലിൽ കണ്ടു. കേരളത്തിൽ ഒരേയൊരു വ്യക്തിയേ ഇങ്ങനെ അഭിപ്രായപ്പെടുവാൻ ധൈര്യപ്പെട്ടിട്ടുള്ളൂ എന്നതുകൂടി നാം മനസ്സിലാക്കണം. അതുകൊണ്ടാണ്‌ ചിലരൊക്കെ പറയുന്നത്‌ കേരളത്തിൽ ഒരു യുവാവേ ജീവിച്ചിരിപ്പുള്ളൂ - ഡോ.സുകുമാർ അഴീക്കോട്‌.


 തുമ്പമൺ ടീഷോപ്പ്‌ - പത്തനംതിട്ട

നാം പരിചയപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ ഹോട്ടലുകളിൽ നിന്നും ഭിന്നമാണ്‌ പത്തനംതിട്ടയിലെ തുമ്പമൺ ടീ ഷോപ്പ്‌. അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരെ ഇരകളായിട്ടല്ല മനുഷ്യരായിട്ടാണ്‌ അവർ കാണുന്നത്‌. പണ്ടത്തെ നമ്മുടെ ഒരു പാരമ്പര്യത്തിന്റെ ഒരു തുടർച്ചയാണിത്‌. അന്നപൂർണ്ണേശ്വരി, അന്നപൂർണ്ണാലയം എന്നിങ്ങനെയുള്ള പേരുകളിൽ ഹോട്ടൽ നടത്തി മനുഷ്യർക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ ഒരു ജീവിതമാർഗ്ഗമായും പുണ്യമായും കണ്ടിരുന്നവർ ഈ കൊച്ചുകേരളത്തിൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വരുന്നവരെ ഹിംസ്രജന്തുക്കളെ പോലെയാണ്‌ മാനേജ്‌മെന്റുകളുടെ ആജ്ഞ അനുസരിച്ച്‌ ഇന്ന് നഗരങ്ങളിലെ പല ഹോട്ടലുകളിലും വെയിറ്റർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇവിടെയാണ്‌ തുമ്പമൺ ഹോട്ടൽ പത്തനംതിട്ട നഗരത്തിന്റെ ഐശ്വര്യമായി മാറുന്നത്‌. മനുഷ്യത്വത്തിന്റെയും ദൈവികതയുടെയും ചൈതന്യം പകരുന്ന അവിടെയിരുന്ന് ആഹാരം കഴിക്കുക എന്നതുതന്നെ ആനന്ദദായകമാണ്‌. പ്രത്യേകിച്ചും ലാഭമാത്രകേന്ദ്രിത കച്ചവടകുതന്ത്രങ്ങളുടെ ഈ കലിയുഗത്തിൽ. പലപ്പോഴും പാവപ്പെട്ട മനുഷ്യൻ ആഹാരം യാചിച്ച്‌ വരുമ്പോൾ സ്നേഹത്തോടെ ഭക്ഷണം കൊടുക്കുന്നതും കണ്ടിട്ടുണ്ട്‌. ആർത്തിപണ്ടാരങ്ങളായ മനുഷ്യരുടെയും/സ്ഥാപനങ്ങളുടെയും ഇടയിൽ ഇങ്ങനെയുള്ള മനുഷ്യരെയും സ്ഥാപനങ്ങളെയും കാണുന്നതുതന്നെയാണ്‌ കലിയുഗമനുഷ്യന്റെ ഏക ആശ്വാസം !!

 ചലച്ചിത്രം

കച്ചവടസിനിമയിലെ ഏറ്റവും അസഹനീയമായ ഘടകം സൗണ്ട്‌ ട്രാക്കാണ്‌. മലയാളത്തിലെ വ്യാപകമായി മാർക്കറ്റ്‌ ചെയ്യപ്പെട്ട പല കൊമേഴ്സ്യൽ ചലച്ചിത്രങ്ങളുടെയും സൗണ്ട്‌ ട്രാക്ക്‌ കൈകാര്യം ചെയ്ത ഒരു സൗണ്ട്‌ എൻജിനീയറെ ഒരിക്കൽ ഒരു സെമിനാറിൽ കണ്ടുമുട്ടിയപ്പോൾ പറയുകയുണ്ടായി - വയറ്റുപിഴപ്പിന്‌ ശബ്ദം ചെയ്തുകൊടുക്കുകയാണെന്ന്. പല കൊമേഴ്സ്യൽ ചലച്ചിത്രങ്ങളുടെയും മൊത്തം തിന്മകളുടെ ഭാഗമായി മാത്രം ഇതിനെ കണ്ടാൽ മതി.

 കനൽപോലെ / വാഴമുട്ടം മോഹൻ

വാഴമുട്ടം മോഹൻ













എന്തായാലും വാഴമുട്ടം മോഹന്റെ ഒരു കവിതാസമാഹാരം പുറത്തിറങ്ങിയിരിക്കുന്നു. ഇക്കാര്യത്തിൽ പ്രസക്തി ബുക്സ്‌ ഒരു വലിയ നന്മ ചെയ്തതായിട്ടാണ്‌ മനസ്സിലാക്കപ്പെടേണ്ടത്‌. പല സമാഹാരങ്ങൾക്കുള്ള കവിതകൾ വാഴമുട്ടം മോഹന്റെ കൈയ്യിൽ ഉണ്ടാകും. പ്രതിഭാശാലിയുടെ നിസ്സംഗതയാവാം വാഴമുട്ടത്തിന്റെ സമാഹാരങ്ങൾ പുറത്തുവരാതിരുന്നതിന്റെ കാരണമെന്ന് തോന്നുന്നു. മലയാളകവിതയുടെ ലോകത്ത്‌ അടയാളപ്പെടേണ്ട ഒരു നാമധേയമാണ്‌ മോഹനന്റേത്‌. കവിതയുടെ രൂപഭാവശിൽപങ്ങളെക്കുറിച്ച്‌ ഒന്നാംകിട കവികൾക്കുണ്ടായിരിക്കേണ്ട വൈഭവങ്ങൾ വാഴമുട്ടം എത്രയോ കാലങ്ങൾക്ക്‌ മുമ്പുതന്നെ നേടിക്കഴിഞ്ഞിരുന്നു. ധാരാളം സമാഹാരങ്ങൾ ഉണ്ടാകട്ടെയെന്നും കവിതയുടെ ഒരു നല്ല ഭൂഖണ്ഡം ശ്രീ.മോഹന്‌ സ്വന്തമാകട്ടെ എന്നും ആശംസിക്കുന്നു. നല്ല കുറേ കവിതകൾ 'കനൽപോലെ' എന്ന സമാഹാരത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്‌.
കടമ്മനിട്ടയ്ക്ക്‌ സമർപ്പിച്ചുകൊണ്ട്‌ എഴുതിയ 'ശേഷം' എന്ന കവിതയും ഈ സമാഹാരത്തിൽ കാണാം. കവിതയുടെ പേരു തന്നെ എത്ര ആലോചനാമൃതം ! കവിതയിലെ ഈ വരികൾ വായിച്ചുകൊള്ളുക.


"ഉച്ചവെയിലെരിയുന്നു മേലെ,കുടിക്കുവാൻ
ശുദ്ധജലമിതേതരുവിതരുവാൻ
മൊത്ത സംസ്കാരവ്യവസായികൾ തള്ളുന്ന
ചിത്ത മാലിന്യനിക്ഷേപം"

"കാടെരിയുന്നു,കരിമ്പുകയേറ്റ്‌
കാലം കറുത്തുനിൽക്കുന്നു
കാടസ്തമിക്കുന്നു ചാരമായ്‌, ചാരത്തു
കാവലാളാരുമില്ലാതെ"

വാഴമുട്ടത്തിന്റെ കവിത്വം ലോകത്തെ അറിയിക്കുന്നതിന്‌ ഈ വരികൾ കുറേയൊക്കെ പര്യാപ്തങ്ങളാണ്‌. മലയാളകവിതയുടെ ഏറ്റവും പുതിയ കാൽപെരുമാറ്റങ്ങൾ കൂടി വാഴമുട്ടം കേട്ടുണർന്നാൽ അത്‌ മലയാളകവിതയുടെ ഭാഗ്യമായിത്തീരുന്ന നിമിഷങ്ങളായിരിക്കും. ശക്തമായി മുന്നോട്ട്‌ വരിക.

 ഷെഹ്‌ല മസൂദ്‌

ഷെഹ്‌ല മസൂദ്‌












മദ്ധ്യപ്രദേശിൽ വിവരാവകാശപ്രവർത്തക ഷെഹ്‌ല മസൂദ്‌ അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചു. ജെ.ഡേ, വി.ബി.ഉണ്ണിത്താൻ, ഷെഹ്‌ല മസൂദ്‌ ... ഈ കെട്ട കാലത്ത്‌ ഇത്‌ ഇനിയും നീളും. നീതിബോധമുള്ള ജനങ്ങൾ കൂട്ടത്തോടെ ഇവരുടെ നിലപാടുകൾക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുക. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഇന്ത്യയിൽ പ്രക്ഷോഭം ആളിപ്പടരുമ്പോഴാണ്‌ ഈ രക്തസാക്ഷിത്വം എന്നത്‌ കൂടി നാം ഓർക്കുക.


 എം.കെ.ഹരികുമാർ / അക്ഷരജാലകം

മനോജ്‌ ജാതവേദർ,ബി.മുരളി,രവിവർമ്മത്തമ്പുരാൻ,ആഷാമേനോൻ തുടങ്ങിയ എഴുത്തുകാരെ ആക്രമിക്കുക എന്നത്‌ എം.കെ.ഹരികുമാറിന്‌ ഒരു ദിനചര്യ പോലെ ആയിട്ടുണ്ട്‌. 2011 ആഗസ്റ്റ്‌ 14 ലക്കത്തിൽ ബി.മുരളിയെയാണ്‌ ഹരികുമാർ വളഞ്ഞുവെച്ച്‌ ആക്രമിക്കാൻ ശ്രമിക്കുന്നത്‌. ബി.മുരളിക്ക്‌ ബാർ അനുഭവങ്ങളെ ഉള്ളൂ എന്നാണ്‌ ആക്ഷേപത്തിന്റെ കാതൽ. 'മാലാഖക്കാവൽ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ജൂലൈ 31) 'പഞ്ചമിബാർ' എന്നീ കഥകളാണ്‌ ആക്ഷേപത്തിന്‌ നിദാനം. അനുഭവരാഹിത്യത്തെക്കുറിച്ചല്ല, ആവിഷ്കരിക്കുന്ന അനുഭവത്തെ എങ്ങനെ സർഗ്ഗാത്മകമാക്കുന്നു എന്നാണ്‌ വിമർശകർ അന്വേഷിക്കേണ്ടത്‌ എന്ന കാര്യം കൂടി ഹരികുമാർ പരിഗണിക്കുക. ആഷാമേനോന്‌ ചിന്തയില്ലെന്നും ആഷാമേനോന്റെ ഭാഷയ്ക്ക്‌ അർത്ഥത്തെ സ്ഫുടം ചെയ്യാൻ കഴിയുകയില്ല എന്നൊരു ആക്ഷേപവും മറ്റൊരിടത്ത്‌ ഹരികുമാർ ഉന്നയിച്ചിട്ടുണ്ട്‌. ഈ രണ്ടു കാര്യങ്ങളിലും മഹാവിസ്മയമാണ്‌ ആഷാമേനോൻ എന്ന കാര്യത്തെക്കുറിച്ച്‌ സൗകര്യപൂർവ്വം ഹരികുമാർ ധ്യാനമഗ്നനാകുവാൻ ശ്രമിക്കുക. മേമ്പൊടിയായി ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സക്കറിയുടെ 'മദ്യശാല' എന്ന കഥ കൂടി വായിച്ചുകൊള്ളുക.


 അണ്ണാ ഹസാരെ

അണ്ണാ ഹസാരെയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ച സംഭവത്തെക്കുറിച്ച്‌ ജസ്റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്‌. അണ്ണാ ഹസാരയെ അറസ്റ്റ്‌ ചെയ്തതിലൂടെ യഥാർത്ഥത്തിൽ ഇൻഡ്യ തന്നെയാണ്‌ കാരാഗൃഹത്തിൽ അകപ്പെട്ടത്‌. അണ്ണാ ഹസാരെയുടെയും രാംദേവിന്റെയും സമരത്തിന്റെ ഉൾരാഷ്ട്രീയം വലിയ സംവാദത്തിന്‌ വിധേയമാക്കിയില്ലെങ്കിൽ അഴിമതി ക്കെതിരായുള്ള പോരാട്ടം ദിശ തെറ്റി നിലംപതിക്കും.

 ശ്രദ്ധേയമായ ചിന്ത

"സാങ്കേതികവിദ്യയുടെ പുരോഗതി ലോകത്തെ അങ്ങേയറ്റം ചലനാത്മകമാക്കുമ്പോൾ അതിന്റെ സങ്കീർണ്ണതകളെ നിർദ്ധാരണം ചെയ്യാൻ കഥയ്ക്ക്‌ പുതിയ പുതിയ വഴികൾ വെട്ടിത്തുറക്കേണ്ടി വരുന്നു. അതിന്റെയൊരു പ്രതിഫലനം മലയാളകഥയിലും ദൃശ്യമാണ്‌". (മനോജ്‌ ജാതവേദരുമായി അഭിമുഖം - ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ 2011 ജൂലൈ 2-8)


 ജഗതി ശ്രീകുമാർ ശരിയായ ഉച്ചാരണം പഠിക്കണം

ജഗതി ശ്രീകുമാർ













മലയാളത്തിലെ ചാനലുകളിൽ കാണിച്ചുകൊണ്ടിരിക്കുന്ന ഗോപു നന്തിലത്ത്‌ ജി.മാർട്ടിന്റെ പരസ്യത്തിൽ ജഗതി ശ്രീകുമാർ 'ഗ്രഹോപകരണങ്ങൾ' എന്നത്‌ അടിയന്തിരമായി 'ഗൃഹോപകരണങ്ങൾ' എന്ന് തിരുത്തിപ്പറയണം. മലയാളസിനിമയിലെ അഭിമാനമായ ഈ മഹാനടൻ ഭാഷയോട്‌ കാണിക്കുന്ന  ഈ അപരാധം സഹിക്കുവാൻ കഴിയുന്നതല്ല. പ്രത്യേകിച്ചും ജഗതി.എൻ.കെ.ആചാരിയുടെ മകൻ അങ്ങനെ പറയാൻ പാടുള്ളതല്ല. പല പരസ്യങ്ങളിൽ പലരും അങ്ങനെ പറയുന്നുണ്ട്‌ എന്നത്‌ നമുക്ക്‌ അവഗണിക്കാം. ഇത്‌ അവഗണിക്കാൻ ഒട്ടും കഴിയുകയില്ല.

 യുവധാര


ചിന്ത രവി
ചിന്ത രവിയെ ഓർമ്മിച്ചുകൊണ്ട്‌ എം.സി.പോൾ ഒരു കവിതയെഴുതി. (യുവധാര സെപ്റ്റംബർ 2011)
അഭിനന്ദനീയമായ സർഗ്ഗനടപടിയാണിത്‌. 'ഒറ്റയാൻ' എന്ന ചെറിയ കവിതയിലൂടെ ഒരു വലിയ ജീവിതത്തെ എം.സി.പോൾ ചരിത്രത്തിലേക്ക്‌ അടയാളപ്പെടുത്തിയിരിക്കുകയാണ്‌. 'യുവധാര'യിലൂടെ കടന്നുപോകാൻ കഴിയാത്തവർക്കുവേണ്ടി കവിത ചേർക്കുന്നു.


ഇരുട്ടിന്റെ
കരിമ്പടം
തുമ്പികൊണ്ട്‌
പിളർത്തി
ഒറ്റയാന്റെ സഞ്ചാരം
ജനപഥങ്ങൾ
താണ്ടി
വനനിഗൂഡതയിൽ
മറഞ്ഞുപോകവേ
വെള്ളിടിവെട്ടത്തിൽ
അവർ തിരിച്ചറിയുന്നു
ഹരിജൻ
ഒരേ തൂവൽ പക്ഷികൾ
ഇനിയും മരിച്ചിട്ടില്ലാത്ത
നമ്മൾ!


സഖാവ്‌ പുഷ്പന്‌ സമർപ്പിച്ചുകൊണ്ട്‌ ശ്രീജിത്‌ അരിയല്ലൂർ എഴുതിയ 'പതിവുകൾക്കപ്പുറം'
എന്ന കവിത ധീരസമര സഖാക്കളെ പുളകമണിയിക്കുന്നതാണ്‌.
രണ്ടു രചനകളിലും കവിതയുടെ സാന്നിധ്യം ഉണ്ട്‌.

എന്നാൽ വിനോദ്‌ വൈശാഖിയുടെ 'ചോക്ക്‌', കവിത എന്ന നിലയിൽ വിജയിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.കാരണം, കവിതയിൽ മോഹനകൃഷ്ണൻ കാലടിയുടെ കവിതകളുടെ പ്രേതം ആവേശിച്ചിരിക്കുന്നു. സ്കൂളനുഭവങ്ങളുടെ കവിതാവിഷ്കാരത്തിന്റെ പേറ്റന്റ്‌ എന്നേ മോഹനകൃഷ്ണൻ കാലടി നേടിക്കഴിഞ്ഞു. വിനോദ്‌ മറ്റൊരു ആംഗിൾ സ്വീകരിച്ചിട്ടും കവിത വിജയിക്കാതെ പോയ സാഹചര്യം ഇതാണ്‌. ഇക്കാര്യം ശരിയാണോ എന്ന് വായനക്കാർ കവിത വായിച്ചുതന്നെ തീരുമാനിച്ചുകൊള്ളുക.

വെട്ടിമാറ്റിയ
കൈപ്പത്തിയിലിരുന്ന്
ഒരു ചോക്ക്‌ നിലവിളിച്ചു
കുട്ടികൾ പേടിച്ചു പിൻമാറി
ചോക്ക്‌ പറഞ്ഞു:
"ആരെങ്കിലും
എന്നെ ഒന്നെടുത്തെഴുതൂ !
ഈ പരീക്ഷയെങ്കിലും
ഞാനൊന്നു ജയിച്ചോട്ടെ".


 ഡീൽ ഓർ നോ ഡീൽ



കലയെയും കലാകാരനെയും കച്ചവടതാൽപര്യത്തിനുവേണ്ടി ദുർവിനിയോഗം ചെയ്യുന്ന പല പരിപാടികളും നമ്മുടെ ചാനലുകളിൽ തകർക്കുന്നുണ്ട്‌. അതിൽ ഒന്നാണ്‌ 'Deal or No Deal'. സാക്ഷാൽ ഒ.മാധവൻ എന്ന അതുല്യ നാടകാഭിനയപ്രതിഭയുടെ മകനും സിനിമാനടനുമായ മുകേഷാണ്‌ ഈ പരിപാടിയുടെ അവതാരകൻ. vപുള്ളിക്കാരൻ ഇത്‌ നന്നായി തകർത്തുവാരുന്നുണ്ട്‌. പരസ്യങ്ങളിലൂടെയും മറ്റ്‌ പണംവാരി പരിപാടികളിലൂടെയുമാണ്‌ ഇതും ആഘോഷമാക്കി മാറ്റുന്നത്‌. ഒരു ചൂതുകളിയുടെ അകമ്പടി കൂടി ഇതിനുണ്ടെന്നു മാത്രം. ബാങ്കർ എന്ന ഒരദൃശ്യകഥാപാത്രത്തെകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌! പാവപ്പെട്ടവരിൽ ചിലർക്കുകൂടി പണം കിട്ടുന്നു എന്നതാണ്‌ ഈ പരിപാടിക്ക്‌ ഇവർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തിരിക്കുന്ന സാമൂഹിക പ്രതിബദ്ധത. താരമൂല്യമുള്ള പലരെയും ഈ പരിപാടിയുടെ ജനകീയതയ്ക്കുവേണ്ടി എഴുന്നള്ളിക്കുന്നുണ്ട്‌. ഇതൊക്കെ കള്ളക്കളിയുടെ മേമ്പൊടി എന്നേയുള്ളൂ. റിയാലിറ്റി ഷോയിലും മറ്റും ആകെത്തുകയിൽ നടക്കുന്നതും ഇതൊക്കെത്തന്നെയാണ്‌. പാവപ്പെട്ടവരുടെ ജീവിതത്തിന്‌ സമൂലമാറ്റം ഉണ്ടാക്കുന്ന സാമൂഹികവിപ്ലവത്തിന്‌ നേതൃത്വം കൊടുക്കുകയാണ്‌ ഒരു കലാകാരൻ ചെയ്യേണ്ടത്‌. പണഭ്രമത്തെ ഇട്ട്‌ വല്ലാണ്ട്‌ ചൂതുകളിക്കുന്ന ഒരു രീതിയും 'Deal or No Deal' നുണ്ട്‌. കലാകാരന്മാരെയും കലയെയും വിലയ്ക്കെടുക്കുന്ന മുതലാളിത്തതന്ത്രമാണ്‌ ഇതുപോലുള്ള ചാനൽപരിപാടികളിൽ നിന്നും നാം വായിച്ചെടുക്കേണ്ടത്‌. വിദേശചാനലുകളിൽ അരങ്ങുതകർക്കുന്ന കൂടുതൽ അപകടം പിടിച്ച പലതും നമ്മുടെ സ്വീകരണമുറിയിലേക്ക്‌ ഇനിയും വരാൻപോകുകയാണ്‌. 'ലക്ഷോപലക്ഷം പ്രിയവായനക്കാർ' ഓർത്തുകൊള്ളുക. ഒ.മാധവന്റെ മകനായ വലിയ നടനായ മുകേഷിന്‌ ഇത്‌ ഭൂഷണമാണോ എന്ന് ആലോചിക്കുക. ഇത്തരത്തിലുള്ള പരിപാടികളിൽ മാലോകരെ മുഴുവൻ മയക്കി ഇട്ട്‌ ഉദാത്തകലകളിൽ ഇന്നും ആശയലോകത്തുനിന്നും അവരെ ആട്ടിപ്പായിക്കുന്ന മുതലാളിത്തത്തിന്റെ കച്ചവടതന്ത്രത്തെയും രാഷ്ട്രീയത്തെയും ഒ.മാധവന്റെ മകൻ തിരിച്ചറിയുകതന്നെ വേണം. ചിന്തിക്കാനുള്ള പൊതുജനത്തിന്റെ കഴിവിന്റെ അവസാനത്തെ പെട്ടിയിലും  മുതലാളിത്തം ആണിയടിച്ചുകഴിഞ്ഞു എന്ന് ഇവരുടെ അടുത്തൂൺ പറ്റുന്ന കലാകാരന്മാർ ഓർത്തുകൊള്ളുക. ഒരുപാടു പെട്ടികളിൽ പണം വെച്ചിട്ടുള്ള കളിയാണല്ലോ ഇത്‌. ഈ പെട്ടികൾ ചതിയുടെ പെട്ടികളാണ്‌. മുകേഷും പൊതുജനങ്ങളും ഇത്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. നവീകരണം ഉണ്ടാക്കേണ്ട ഉദാത്തമായ കലകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മുച്ചൂടും ഇല്ലാതായതിന്‌ പിന്നിലെ ചതിക്കളികളാണിതെല്ലാം.

 താമരക്കുന്ന് - കവിത
 (ഒ.പി.സുരേഷ്‌ 2011 ആഗസ്റ്റ്‌ 28. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌)

ചന്തയിലുള്ളവർക്ക്‌ മനസ്സിലായില്ലെങ്കിലും ചിന്തയിലുള്ളവർക്ക്‌ മനസിലാകണം. സാഹിത്യത്തെക്കുറിച്ച്‌ ഡോ.കെ.രാഘവൻപിള്ളസാർ ശാസ്താംകോട്ട ഡി.ബി.കോളേജിൽ കോളേജ്‌ യൂണിയൻ ഉദ്ഘാടനപ്രസംഗത്തിനിടയിൽ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. ഏകദേശം മുപ്പതുവർഷങ്ങൾക്ക്‌ മുമ്പ്‌ കേട്ട പ്രസംഗം ! ഒ.പി.സുരേഷിന്റെ കവിത വായിച്ചിട്ട്‌ സംവേദനം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ഒരു സുഹൃത്ത്‌ ഫോണിലൂടെ അഭിപ്രായപ്പെട്ടു. എന്തായാലും...

 'ഉയരങ്ങളിലെ
ജലാശയത്തിൽ
ചത്തുപൊങ്ങിയ രാവുകൾ'
എന്നൊന്നും സുരേഷ്‌ ഇനി എഴുതരുത്‌. എത്രയോ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭവനാശാലിയായ പി.കുഞ്ഞിരാമൻനായർ എഴുതി പലരും അനുകരിച്ച്‌ മുന ഒടിഞ്ഞുപോയ പ്രയോഗങ്ങൾക്ക്‌ പിന്നാലെ പോകരുത്‌. സ്വന്തമായ എക്സ്പ്രഷനുകൾക്ക്‌ ശ്രമിക്കുക. നിങ്ങളുടെ മൗലികതയ്ക്ക്‌ കാലം അടിവരയിടും.

 ജോൺസൺ










ജോൺസനെ കുറിച്ച്‌ സജി ശ്രീവൽസം എഴുതിയത്‌ അക്ഷരംപ്രതി ശരിയാണ്‌ (2011 സെപ്റ്റംബർ 5 മാധ്യമം ആഴ്ചപ്പതിപ്പ്‌ ). " ദേവരാജനും ബാബുരാജിനും ശേഷം കവിതയോട്‌ നീതിപുലർത്തിയ സംഗീതജ്ഞനായിരുന്നു ജോൺസൺ. പാശ്ചാത്യസംഗീതത്തിലുള്ള പ്രാവീണ്യം തനിമ മാറാതെ നമ്മുടെ സംഗീതസങ്കേതങ്ങളിലേക്ക്‌ വിന്യസിക്കുകയായിരുന്നു അദ്ദേഹം". കാലയവനിക യ്ക്കുള്ളിലേക്ക്‌ മറഞ്ഞകന്ന ജോൺസന്‌ 'സംസ്കാരജാലകം' ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 എഴുത്തുസഖാക്കളുടേത്‌ മൂന്നാംകിട സാഹിത്യം

'പഴയവീഞ്ഞ്‌ പുതിയകുപ്പികളിൽ പതഞ്ഞുപൊങ്ങുന്നു'
(മലയാളം വാരിക സെപ്റ്റംബർ 26,2011)

കെ.ബി.ശെൽവമണി പി.മോഹനനുമായി നടത്തിയ അഭിമുഖത്തിൽ പുതിയ ആശയങ്ങളൊന്നും ഉയരുന്നില്ല. എം.മുകുന്ദനെ കടന്നാക്രമിക്കുന്നതാണ്‌ അതിന്റെ പ്രധാന കലാപരിപാടി. മലയാളസാഹിത്യത്തിൽ എം.മുകുന്ദന്‌ ഒരു സ്പേയ്സ്‌ ഉണ്ട്‌. അത്‌ പി.മോഹനനല്ല ദൈവം തമ്പുരാൻ വന്നാലും തകർക്കാൻ പറ്റുന്നതല്ല. കേരളം താൽപര്യപൂർവ്വം വായിച്ച/വായിക്കുന്ന എഴുത്തുകാരനാണ്‌ എം.മുകുന്ദൻ. എഴുത്തിന്റെ ഏകതാനതയെക്കുറിച്ചെല്ലാം നമ്മൾ ഒത്തിരി സംസാരിച്ചുകഴിഞ്ഞതാണ്‌. പുതിയ എഴുത്തിനൊപ്പം നിരൂപകൻ ഓടിയെത്തുന്നില്ല എന്നതും പലവുരു പറഞ്ഞുകഴിഞ്ഞ കാര്യമാണ്‌. 'അമ്മ' മോശപ്പെട്ട കൃതിയാണെന്ന് പുരോഗമന സാഹിത്യത്തിന്റെ ശത്രുക്കൾ പറയാൻ തുടങ്ങിയിട്ട്‌ കാലമെത്രയായി ?  'അമ്മ'യെ ആക്രമിച്ചു കഴിഞ്ഞാൽ പുരോഗമന സാഹിത്യത്തെ ഉടലോടെ കുഴുച്ചുമൂടാമെന്നാണോ പി.മോഹനൻ കരുതുന്നത്‌ ? നാളിതുവരെയുള്ള മലയാളസാഹിത്യത്തിൽ പുരോഗമനസാഹിത്യത്തിന്‌ ഒരു സ്പെയിസും ഇല്ലെന്നാണോ പി.മോഹനൻ വിചാരിക്കുന്നത്‌ ? അതിന്‌ ചില രചനകളിൽ പരിമിതികൾ ഉണ്ട്‌ എന്നു പറഞ്ഞാൽ യോജിക്കാം. ജനങ്ങളുടെ ഇടയിലേക്ക്‌ വ്യാപകമായി കടന്നു ചെല്ലേണ്ടതാണ്‌ സാഹിത്യം എന്ന കാഴ്ചപ്പാട്‌ പുരോഗമനസാഹിത്യകാരന്മാർക്കുണ്ട്‌. അതുകൊണ്ടാണ്‌ പലകൃതികളും കലാത്മകതയുടെ കാര്യത്തിൽ ചില ഒത്തുതീർപ്പുകൾക്ക്‌ വിധേയമായിട്ടുള്ളത്‌. അങ്ങനെ അല്ലാത്ത കൃതികളും ധാരാളം ഉണ്ട്‌. ജനങ്ങളുടെ പോരാട്ടത്തിന്‌  പിന്തുണയേകിയ സാഹിത്യം എന്ന നിലയിൽ ചില പരിമിതികളോടെയാണെങ്കിലും അത്‌ ചരിത്രത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക്‌ അടിവരയിട്ട സാഹിത്യം എന്ന നിലയിൽ, സാഹിത്യം മനസ്സിലുള്ള ആർക്കാണ്‌ പുരോഗമനസാഹിത്യത്തെ തള്ളിക്കളയാൻ കഴിയുക? അങ്ങനെ തള്ളിക്കളയുന്നതിലൂടെ സാഹിത്യകാരനാകാനുള്ള പ്രാഥമിക യോഗ്യതയെയാണ്‌ അയാൾ/അവൾ ഇല്ലാതാക്കുന്നത്‌. പുരോഗമനസാഹിത്യത്തിന്റെ കള്ളിയിൽ ഉൾപ്പെടുത്താത്ത എത്രയോ കൃതികൾ അതിന്റെ പ്രത്യയശാസ്ത്രത്തോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ച്‌ ഉടലെടുത്തിട്ടുണ്ട്‌. രണ്ടു വിഭാഗത്തിലും പുരോഗമനസാഹിത്യം മലയാളത്തിൽ അതിന്റെ ഈട്‌ തെളിയിച്ചിട്ടുണ്ട്‌ എന്ന് സൂക്ഷ്മമായി ഗ്രഹിച്ചെടുക്കാവുന്നതാണ്‌. 'വ്യാസനും വിഘ്നേശ്വരനും' പോലെ 'രണ്ടിടങ്ങഴി' എഴുതേണ്ടതുണ്ടോ? ആഖ്യാനത്തിന്റെയും അനുഭവത്തിന്റെയും അനവധി വഴികൾ വന്നാണ്‌ സാഹിത്യത്തിന്റെ കടൽ രൂപപ്പെടേണ്ടത്‌. പി.മോഹനന്റെ കൃതികളെയും മോഹനനെയും സജീവമായ ശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നു എന്നതിൽ കെ.ബി.ശെൽവമണിക്ക്‌ അഭിമാനിക്കാം. അപ്പോഴും അത്‌ വമിപ്പിച്ച വിഷപ്പുകയുടെ ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകി മാറാമെന്ന് കെ.ബി.ശെൽവമണി കരുതേണ്ട.

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഓഗസ്റ്റ്‌  28,2011 ലക്കത്തിലെ 'വഴുക്കലുള്ള ഭിത്തിയിൽ അള്ളിപ്പിടിച്ചുകയറ്റം' സി.അയ്യപ്പൻ / ദിലീപ്‌ രാജ്‌ / അഭിമുഖം /പുന:പ്രദ്ധീകരണം മേൽ സൂചിപ്പിച്ച അഭിമുഖവുമായി ഒന്നു താരതമ്യപ്പെടുത്തി നോക്കുക. സത്യസന്ധമായ ഒരു അഭിമുഖമാണ്‌ അത്‌. ഈ അഭിമുഖത്തിലെ ഒരു ചിന്ത ആധുനികസാഹിത്യവും പുരോഗമനസാഹിത്യവും പരസ്പരം വായിച്ചറിയേണ്ടതാണ്‌. പി.മോഹനനും വായിച്ചുകൊള്ളുക. 'അതിൽ കുറെയധികം ശരിയുണ്ടെന്ന് ആദ്യകാലത്ത്‌ തോന്നി,എന്നാലത്‌ പൂർണ്ണമല്ല എന്ന അതൃപ്തിയും ശക്തമായുണ്ട്‌. ഒരു വശം മാത്രമേ വരുന്നുള്ളൂ എന്ന തോന്നൽ. മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്‌ എന്നു പറയുമ്പോൾ തന്നെയറിയാം അത്‌ പ്രാധാനപ്പെട്ട കാര്യമാണെന്ന്. അതു പാടെ വിസ്മരിക്കുന്നത്‌ എനിക്ക്‌ സ്വീകാര്യമായി തോന്നിയില്ല.' നമ്മെ വിട്ടുപിരിഞ്ഞ സി.അയ്യപ്പന്‌  'സംസ്കാരജാലക'ത്തിന്റെ പ്രണാമം.

പുരോഗമനസാഹിത്യത്തെ അടച്ചാക്ഷേപിക്കുന്നവർ സി.അയ്യപ്പന്റെ ഈ വെളിപ്പെടുത്തൽകൂടി തിരിച്ചറിഞ്ഞുകൊള്ളുക. "ഒരു മനുഷ്യനെന്ന നിലയിൽ എന്നോട്‌ പെരുമാറിയിട്ടുള്ളത്‌ അന്ന് കമ്മ്യൂണിസ്റ്റുകാരാണ്‌'. പുരോഗമനസാഹിത്യത്തിന്റെ വേരോട്ടം ഈ വെളിപ്പെടുത്തപ്പെട്ട സത്യത്തിലുണ്ട്‌ എന്ന കാര്യവും മനുഷ്യരാശിക്ക്‌ മറക്കാൻ കഴിയില്ല. 


OO


PHOTOS - GOOGLE

PHONE : 9895734218


Saturday, September 17, 2011

ജെ.എൻ.യു കുറിപ്പുകൾ


രാജു വള്ളിക്കുന്നം















രവല്ലി പർവ്വതത്തിലെ ഒരു ഗുഹ
ജെ എൻ യു കാമ്പസിലാണ്‌
പൊരിച്ച കോഴിയെ തിന്നുകൊണ്ട്‌
ആന്ത്രോപ്പോളജി ഗവേഷകർ
ബന്ധുത്വത്തിലെ ഭാഷാവ്യവസ്ഥയുടെ
ആദിമഗോത്രപാരമ്പര്യമന്വേഷിക്കുന്നതിവിടെയാണ്‌.


വെറുതേ നടക്കുമ്പോൾ എതിരെ വരുന്ന
ശാസ്ത്രനയത്തിലെ ഗവേഷകന്റെ ബിരുദം
ഹിന്ദിയിലാണെന്നോർത്ത്‌ നടുങ്ങരുതെന്ന് മാത്രം
എയ്സ്തെറ്റിക്സിലെ പുതിയ പ്രഫസർക്ക്‌
സൗന്ദര്യശാസ്ത്രമറിയണമെന്നില്ല
റഷ്യൻ സ്റ്റഡീസിലെ ഗവേഷകൻ
തിരുപ്പതിയിൽ നിന്നുവന്ന
ജ്യോതിഷകനായിരിക്കുന്നപോലെ.
പക്ഷെ ഇടക്കിടെ ബാഹ്‌,ഈഗിൾടൺ,ഡർക്കീം
എന്നൊക്കെ പറഞ്ഞാൽ മതിയാകും
യക്ഷഗാനത്തിന്റെ ഫോട്ടോ കാണുമ്പോൾ
വാഹ്‌ വാഹെന്ന് പറഞ്ഞ്‌
വാപൊളിച്ചു നിൽക്കണമെന്നു മാത്രം.


കഴുകനെ കാക്ക റാഞ്ചുന്ന പാഴ്മരച്ചുവട്ടിൽ
പട്ടികൾ കടിപിടികൂട്ടുന്നു
അവ ഒരിക്കലും കുരയ്ക്കാറില്ല.
ലോകത്തെ പലതായി മുറിച്ച്‌
വെസ്റ്റേഷ്യൻ,ഈസ്റ്റേഷ്യൻ സൗത്തേഷ്യൻ
വിദഗ്ധരുണ്ടാകുന്നതു നോക്കി
പട്ടികൾ ഓരോ വിഭാഗത്തിലേക്ക്‌ ഓടിപ്പോകുന്നു
കോപ്പൻഹേഗനിലെ കാലാവസ്ഥ ഉച്ചകോടി
തകർന്നതോർത്ത്‌ പൂച്ച വിഷണ്ണയാകുന്നു
നന്ദിഗ്രാമിൽ നിന്ന് പുറത്താക്കിയ കീരിയെ
മിസോറാംകാരി തോളിലേറ്റി പോകുന്നു.


തഞ്ചാവൂരിൽ നിന്ന് വന്ന ഗവേഷക
മഥുരയിലെ വേശ്യകളുടെ മൂക്കൂത്തിയെക്കുറിച്ച്‌ വാചാലയാകുന്നു
അതു കാൺകെ പാലക്കാട്ടുകാരൻ
ഗോതമ്പ്‌ കാണാൻ പോയ കാര്യം പറയുന്നു
പാർത്ഥസാരഥി റോക്കിൽ നാഗാലാൻഡ്കാരിയുടെ
ജീൻസിന്റെ സിബ്‌ തുറന്ന്
ഗോവാക്കാരൻ ഐസ്ക്രീം തേയ്ക്കുന്നു
മലർന്നു കിടക്കുന്ന മലയാളിയുടെ
അരയ്ക്കുചുറ്റി പിടിച്ച ബംഗാൾകാരിയുടെ
മാറ്‌ ചുറ്റിവരിഞ്ഞിരിക്കുന്നത്‌
ഒരു മഹാരാഷ്ട്രക്കാരനാണെന്ന് മാത്രം.



പ്രണയത്തിന്റെ മാനസികഭാവങ്ങളെക്കുറിച്ച്‌
കർണാടകക്കാരി വാചകമടിക്കുന്നു
പാറയരുകിന്‌ താഴെക്കണ്ട സോഷ്യൽ സയന്റിസ്റ്റിനൊപ്പം
പെട്ടന്നവൾ ഓടിപ്പോകുന്നു
പഴയ കാമുകർ തങ്ങളുടെ നഷ്ടസ്വപ്നങ്ങളെക്കുറിച്ച്‌
പറയുന്നിടത്തേക്ക്‌ പെട്ടെന്ന് കടന്നുവരുന്ന
സിക്കുകാരൻ കാമുകിയെ കൈവശപ്പെടുത്തുന്നു.
ശല്യമൊഴിഞ്ഞെന്നു കരുതിയ കാമുകന്റെ കഴുത്തിൽ
ചുറ്റിപ്പിടിച്ച തെലുങ്കുകാരി
പോക്കറ്റിലെ പേഴ്സിലെന്തുണ്ടെന്ന് ചോദിക്കുന്നു
സിവിൽ സർവ്വീസിലെ അമാനവികതയെക്കുറിച്ച്‌
ഉറക്കെ സംസാരിക്കുന്ന ബീഹാറുകാരൻ
തൊട്ടുമുമ്പുള്ള പരീക്ഷയിൽ തോറ്റതാണെന്നത്‌ വേറെ കാര്യം.
എം.ജീ യിൽ നിന്നുവരുന്നവരുടെ ഇംഗ്ലീഷിനെ കുറ്റപ്പെടുത്തുന്ന
മധ്യപ്രദേശ്കാരൻ ഹിന്ദിയിലാണ്‌ സംസാരിക്കുന്നതെന്ന് മാത്രം
ഭാഷാവിഭാഗത്തിൽ നിന്നിറങ്ങി വരുന്ന ഭല്ലയും നാരംഗും
തൊട്ടുമുൻപ്‌ നടന്ന ഇന്റർവ്യൂവിൽ
മലയാളിയെ ഒതുക്കിയതിൽ പുളകംകൊള്ളുന്നു.

തിരികെപ്പോരുമ്പോൾ ഞാൻ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.


O

PHONE : 9447570621

 

Friday, September 9, 2011

മാലൊഴിഞ്ഞ മഹോൽസവം



മാമ്പള്ളി.ജീ.ആർ




'ഓണമോയെന്റെയുള്ളിന്റെയുള്ളിലെ
മാലൊഴിഞ്ഞ മഹോൽസവമാണല്ലൊ
വേണമെല്ലാരുമാഹ്ലാദപൂർണ്ണമീ
യോണമാഘോഷമാഘോഷിച്ചിടുവാൻ'



എന്നു പാടി കേട്ടിട്ടുള്ള ഈ കാലത്ത്‌ ഓണത്തെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നത്‌ നന്നായിരിക്കും. കേരളീയരുടെ ദേശീയോൽസവമായ ഓണം സമൃദ്ധിയുടെ ഉത്സവമാണ്‌. ശ്രാവണമാസത്തിൽ പൂർണ്ണചന്ദ്രൻ ശ്രവണനക്ഷത്രത്തിൽ നിൽക്കുന്ന സുദിനം. നല്ല കാലത്തെയും ഐശ്വര്യത്തെയും ഇത്‌ സൂചിപ്പിക്കുന്നു. ആ ഓർമ്മയെ പുതുക്കാൻ വേണ്ടി നമ്മൾ പാടാറുണ്ട്‌.



മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും



ഓണത്തെക്കുറിച്ച്‌ അനവധി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും മഹാബലിയുടെയും വാമനന്റെയും കഥയാണ്‌ പ്രചുരപ്രചാരം. ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബലിയും വാമനനും നമ്മെക്കാണാൻ വരുന്നു എന്നാണ്‌ വിശ്വാസം. ബുദ്ധമതവിശ്വാസിയായിരുന്ന ഏതോ ഒരു കേരളരാജാവിനെ ബഹിഷ്കരിച്ച്‌ ആര്യമതം സ്ഥാപിച്ചതിന്റെ ഓർമ്മ കേരളത്തിന്റെ വിളവെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുകയാണെന്ന അഭിപ്രായവുമുണ്ട്‌. പരശുരാമനോ മഹാവിഷ്ണുവോ തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുന്ന ദിവസം കൂടിയാണിത്‌. ഗുജറാത്തികൾ ദീപാവലി ആഘോഷത്തിലൂടെ മഹാബലിയെ സ്മരിക്കുന്നു എന്നും പറയപ്പെടുന്നു.



കന്യകമാരുടെ പൂക്കളമൊരുക്കലും സ്ത്രീകളുടെ തിരുവാതിരക്കളിയും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും എല്ലാമെല്ലാം സന്തോഷാധിരേകത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പെരുവണ്ണാന്മാർ ഓണത്തിന്‌ തെയ്യം കെട്ടുന്നു. വടക്കേ അമേരിക്കയിലെ ആദിമ ഇന്ത്യാക്കാരുടെ ഭാഷയിൽ 'ഓണൻ ഡാഗാ' എന്ന വാക്കിന്റെ അർത്ഥം മലമുകളിൽ എന്നാണ്‌. അപ്പോൾ മാമലകൾക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത മലയാളക്കരയുടെ മാഹത്മ്യം എവിടം വരെ ചെന്നെത്തുന്നു എന്ന് നമുക്ക്‌ ഊഹിക്കാം. എങ്കിലും അസ്സീറിയക്കാരുടെ സിഗ്ഗുറാത്ത്‌ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ ശിൽപമാതൃകയാണ്‌ പിരമിഡ്‌ രൂപത്തിൽ ഉണ്ടാക്കുന്ന തൃക്കാക്കരയപ്പൻ എന്ന് ഡോ.കൃഷ്ണവാരിയർ പറയുന്നു. മാങ്കുടി മരുതനാർ എന്ന സംഘകവി 'മതുരൈ കാഞ്ചി' എന്ന ഗ്രന്ഥത്തിൽ തമിഴ്‌നാട്ടിലും തിരുവോണം ആഘോഷിച്ചിരുന്നതായി പ്രസ്താവിക്കുന്നു. തൃക്കാക്കരയ്ക്കും മാവേലിക്കരയ്ക്കും ഓച്ചിറയ്ക്കും ഉത്തരകേരളത്തിനും പാണ്ടിപ്രദേശങ്ങൾക്കും ഓണാഘോഷങ്ങളിൽ പണ്ടുമുതലേ പങ്കുള്ളതായി ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക്‌ മനസ്സിലാക്കാം.



ഐതിഹ്യങ്ങൾ ഇവയൊക്കെയാണെങ്കിലും ജനനന്മ ഉദ്ദേശിച്ച്‌ പല ചരിത്ര സംഭവങ്ങളും ഓണാഘോഷത്തോട്‌ കൂട്ടിയോജിപ്പിക്കാൻ പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ടാകാം. മഹാബലി ഒരു കേരള ചക്രവർത്തിയുടെ സ്ഥാനപ്പേരാണെന്നും അദ്ദേഹത്തിന്‌ മാവേലിക്കരയോടും ഓണാടിനോടും ബന്ധമുണ്ടായിരുന്നെന്നും വരാം.



അസുരചക്രവർത്തിയായിരുന്നിട്ടും മഹാബലിയുടെ ഭരണകാലം സ്വർഗ്ഗതുല്യമായിരുന്നു എന്ന് വേണം കരുതാൻ. നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹത്തിന്‌ ലഭിച്ച ഭഗവൽപ്രാപ്തിയെയാണ്‌ വാമനന്റെ മിലനുവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌. പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള മഹാബലി കേരളീയനാണോ ? അദ്ദേഹത്തിന്റെ പുത്രനായ ബാണൻ വാണിരുന്നത്‌ ഇന്നത്തെ അസമിൽ ആയിരുന്നു. ഏതിനും, സൽഭരണം നടത്തിയിരുന്ന അസുരചക്രവർത്തിക്ക്‌ ലഭിച്ച മോക്ഷമാണ്‌ കഥാസാരം.



ചക്രവർത്തിക്ക്‌ ജീവിതാവസാനം ഉണ്ടായ ഈശ്വരചിന്തയാണ്‌ വാമനരൂപത്തിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്‌. മനനശീലരായ മനുഷ്യർക്കും ഉണ്ടാകേണ്ടത്‌ അതുതന്നെയാണ്‌. മനനമേ വാ എന്നതായിരിക്കാം വാമനൻ ആയത്‌. മൂന്നുലോകവും നിറഞ്ഞത്‌ മനനമാണ്‌ ഈശ്വരീയചിന്തയിൽ മുഴുകിയ അവസ്ഥ. വാമനന്‌ ത്രിവിക്രമൻ എന്നും പേരുണ്ട്‌. മനനശീലം തുടക്കത്തിൽ വളരെ ചെറുതായി വന്നു കയറുന്നു. ഇഷ്ടപ്പെട്ട ഒരു വിഷയത്തെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങുന്ന ആൾ കൂടുതൽ കൂടുതൽ അതിൽത്തന്നെ മുഴുകി ജാഗ്രത്‌ സ്വപ്ന സുഷുപ്തിയിലും ഈശ്വരീയ ചിന്ത തന്നെയായിത്തീരുന്നു. ( അതാണ്‌ മൂന്നു ലോകം മുട്ടെ വളർന്ന വാമനൻ). അങ്ങനെ സൽഭരണം നടത്തിയിരുന്ന ആസുരീയ ചക്രവർത്തി മോക്ഷപ്രാപ്തനായിത്തീരുന്നു. മൂന്നുലോകവും മുട്ടെ വളർന്ന വാമനനോട്‌ പാദം ശിരസ്സിൽ വെച്ച്‌ മൂന്നമത്തെ ചുവട്‌ അളന്നെടുക്കാൻ അഭ്യർത്ഥിക്കുന്നു.മഹാബലി സർവ്വതും ഈശ്വരാർപ്പണമായി സമർപ്പിച്ചു എന്നാണ്‌ അർത്ഥമാക്കേണ്ടത്‌.അങ്ങനെ അദ്ദേഹം മഹാബലി എന്ന പേരിന്‌ തികച്ചും അർഹനായി തീർന്നു. മറ്റു പല കഥകളോടും ബന്ധപ്പെടുത്തിയാണ്‌ ഈ സത്യം ഇന്ന് ഓണക്കഥകളായി നാം കാണുന്നത്‌.ഗീതയിൽ സർവ്വധർമ്മവും പരിത്യജിച്ച്‌ എന്നെ ശരണം പ്രാപിക്കാൻ പരമാത്മാവ്‌ അരുളി ചെയ്ത കാര്യം പറയുന്നുണ്ടല്ലോ. സത്ഗുരുവായ ഒരാൾ പ്രജകളുടെ നമയും തിന്മയും എല്ലാം ഉൾക്കൊള്ളുന്നു. ഭരണ കർത്താക്കളും പൗരന്മാരും ഇത്തരം ഗുണങ്ങളും വിശേഷതകളും ഉള്ളവരായി മാറിയാൽ വീണ്ടും ലോകം സ്വർഗ്ഗമാകും. എന്നും ഓണമാഘോഷിക്കാം.



' പോയൊരു നാളുകളോണമാ-
യോടിയെത്തുന്നു ആനന്ദമോടവേ
പുഞ്ചിരിച്ചെന്റെ കൂട്ടുകാർക്കൊക്കെയും
പൊന്നിൻ പൊന്നോണനാളുകൾ നേരുന്നു.'


O

PHONE : 9388318660


എന്തെന്റെ മാവേലി

സമ്പാദകൻ : ശാസ്താംകോട്ട ഭാസ്‌


( ഓണക്കാലത്തെ ഒരു നാടൻപാട്ട്‌.കേരളത്തിൽ മുമ്പ്‌ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ചിത്രമാണ്‌ ഈ പാട്ടിലൂടെ പ്രകടമാവുന്നത്‌. കുണ്ടറ പേരയം ഗ്രാമത്തിൽ നിന്നും ശേഖരിച്ച ഈ പാട്ട്‌ പാടിത്തന്നത്‌ ചെല്ലമ്മ.)



ന്തത്തിമിറ്റവും
ചെത്തിമിനുക്കീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു.

ചന്തയ്ക്കുപോയീല്ലാ
നേന്ത്രക്കൊല വാങ്ങീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു

അമ്മാവൻ വന്നീല്ലാ
പത്തായം തുറന്നീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു

അമ്മായി ചെന്നീല്ലാ
നെല്ലൊട്ടും തന്നീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു

നെല്ലു പുഴുങ്ങീല്ലാ
പുഴുനെല്ലൊണങ്ങീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു

പിള്ളേരുമെത്തീല്ലാ
ഊഞ്ഞാലുമിട്ടീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു

അങ്ങെരുവന്നീല്ലാ
അടിയാനുമെത്തീല്ലാ
എന്തെന്റെ മാവേലി
ഓണം വന്നു....!


O

ശാസ്താംകോട്ട ഭാസ്‌











PHONE : 9446591287

Saturday, September 3, 2011

എട്ടിതളുകളിൽ കവിതയുടെ ചെറുതേനും കുറുന്തോട്ടിയും.

കുരീപ്പുഴ ശ്രീകുമാര്‍


















              കിര കുറസോവ സത്യജിത്ത്‌ റായിയെക്കുറിച്ച്‌ പറഞ്ഞത്‌ ഉയരമുള്ള സംവിധായകന്‍ എന്നാണ്‌. ലോക ചലച്ചിത്രരംഗത്തെ ഉന്നതപ്രതിഭ എന്ന അര്‍ത്ഥത്തിനിപ്പുറം ജപ്പാന്‍കാരനും ഇന്ത്യക്കാരനും തമ്മിലുള്ള ശാരീരിക വലിപ്പച്ചെറുപ്പത്തിന്റെ സൂചനയും ഈ പ്രസ്‌താവത്തില്‍ ഉണ്ട്‌. മലയാളത്തിന്റെ പ്രിയപ്പെട്ട കവി തിരുനല്ലൂര്‍ കരുണാകരന്റെ കാര്യത്തിലും ഈ പ്രസ്‌താവം ശരിയാണ്‌. കവിതയില്‍ മാത്രമല്ല, ഏതു ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാവുന്ന ഉയരം അദ്ദേഹത്തിനുണ്ടായിരുന്നു. അഷ്‌ടമുടിക്കായല്‍ ഒരു കാവ്യസംസ്‌കാരമായി സ്വന്തം രചനയില്‍ അലിയിപ്പിച്ചെടുത്ത തിരുനല്ലൂരിന്‌ സഹ്യന്റെ തലപ്പൊക്കം തന്നെയുണ്ടായിരുന്നു. അഷ്‌ടമുടിക്കായലിനെക്കുറിച്ച്‌ ഒരു കവിതയെഴുതുന്നതും കായലിനെ സ്വന്തം രചനകളുടെ മുഴുവന്‍ ആന്തരികശോഭയാക്കി മാറ്റിയെടുക്കുന്നതും രണ്ടാണ്‌. കായലും സാഗരവും തമ്മിലുള്ള വ്യത്യാസം ഇതിലുണ്ട്‌.


നീണ്ട കവിതകള്‍ അനായാസം രചിച്ച കവിയായിരുന്നു തിരുനല്ലൂര്‍ . അദ്ദേഹത്തിന്റെ കഥാകാവ്യങ്ങള്‍ സമീപകാലത്തെ കേരളീയതയെ ഉന്മേഷഭരിതമാക്കി. രാത്രി, റാണി, പ്രേമം മധുരമാണ്‌ ധീരവുമാണ്‌, ചെറുതേനും കുറുന്തോട്ടിയും, വയലാര്‍ തുടങ്ങിയ ദീര്‍ഘകവിതകള്‍ കായലില്‍ മണ്‍സൂണ്‍ മഴയെന്നതുപോലെ വര്‍ഷിച്ച തിരുനല്ലൂര്‍ കവിതയുടെ കൊടുമുടികള്‍ കീഴടക്കി. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്ത വിഷയമാകട്ടെ, ചെറിയവരുടെ ജീവിതവും.


തിരുനല്ലൂരിന്റെ കാവ്യമേഖലയില്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന ഒരു പ്രത്യേക വിഭാഗം അദ്ദേഹത്തിന്റെ ചെറുകവിതകളാണ്‌. കരിമണല്‍ത്തരിയില്‍ വിസ്‌ഫോടനശക്തി അടക്കം ചെയ്‌തിരിക്കുന്നതുപോലെയാണ്‌ ഈ കവിതകള്‍ അദ്ദേഹം കുറിച്ചിട്ടത്‌. നാലുവരിക്കവിതകളില്‍ പൂര്‍ണമായ ഒരു ആശയം പ്രകാശിപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കവിതയുടെ വലിപ്പച്ചെറുപ്പങ്ങളെപ്പറ്റി സുവ്യക്തമായ ധാരണയായിരുന്നു തിരുനല്ലൂരിനുണ്ടായിരുന്നത്‌. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒറ്റശ്ലോകമായാലും ദീര്‍ഘകാവ്യമായാലും ഒരു ജൈവപൂര്‍ണിമയാണ്‌. അത്‌ ഒരു നിലയില്‍ സാക്ഷാത്‌കൃതമാകുന്നതുവരെ കാത്തിരിക്കുക ആനന്ദമയമായ അനുഭവമാണെങ്കിലും സൃഷ്‌ടിപരമായ അനസ്യൂതത എപ്പോള്‍ വേണമെങ്കിലും ഭഞ്‌ജിക്കപ്പെടാം. സമാനമായ ഒരു സര്‍ഗോന്മേഷം പിന്നെ ലഭിച്ചെന്നുവരില്ല. ഇത്രയും കൃത്യമായി കാവ്യരചനയുടെ മാനസികതലത്തെ തിരുനല്ലൂര്‍ രേഖപ്പെടുത്തി. ജൈവപൂര്‍ണമായ കവിതയ്‌ക്ക്‌ വലിപ്പച്ചെറുപ്പം ഒരു പ്രശ്‌നമല്ലെന്ന്‌ തിരുനല്ലൂര്‍ ചൂണ്ടിക്കാണിച്ചു. അതുവഴി മഹാകാവ്യരചന മലയാളത്തില്‍ അപ്രസക്തമായി.



തിരുനല്ലൂര്‍ കരുണാകരന്‍


എട്ടു വരികളില്‍ ഒരു ആശയത്തെ സമഗ്രമായി അവതരിപ്പിക്കുന്നത്‌ തിരുനല്ലൂരിന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു. എട്ടടി കവിതയുടെ ഉയര്‍ച്ചയും ഗാംഭീര്യവും അതിനുണ്ട്‌. വിവര്‍ത്തനങ്ങള്‍ക്കും എട്ടു ഇതളുകളെ ഓര്‍മിപ്പിക്കുന്ന കാവ്യരീതിയാണ്‌ അദ്ദേഹം അവലംബിച്ചത്‌. മേഘസന്ദേശത്തിലെ ഒരു സന്ദര്‍ഭം നോക്കുക:

`ജലദ, കൈവന്ന നിദ്രാസൂഖത്തിലാ-
ണലസമേനിയാളപ്പൊഴെന്നാകിലോ
ഇടിമുഴക്കങ്ങളെന്നിയേ ചെന്നുതെ-
ല്ലിടയടുത്തുനീ കാത്തുനിന്നീടണം.
ഒരു വിധത്തില്‍ കിനാവിലീ എന്നെയെ-
ന്നരുമയാള്‍ കണ്ടു കെട്ടിപ്പുണരവേ
ശിഥിലമാക്കുവാന്‍ പാടില്ലവള്‍ക്കെഴും
ഭുജലതാഗാഢബന്ധം പൊടുന്നനേ'.



കാളിദാസന്റെ മേഘത്തിനോട്‌ യക്ഷന്‍ നടത്തുന്ന അഭ്യര്‍ഥന സംസ്‌കൃതത്തിലെ നാല്‍ക്കാലിയില്‍ നിന്നും അഴിച്ചുമാറ്റി മധുരമലയാളത്തിലെ എട്ടിതളിലേക്ക്‌ ആവാഹിച്ചു, തിരുനല്ലൂര്‍ കരുണാകരന്‍. സംസ്‌കൃതകവിതകള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുമ്പോള്‍ കഠിന സംസ്‌കൃതമായിപ്പോകുന്ന, വന്‍വീഴ്‌ചകളില്‍ നിന്നും തിരുനല്ലൂര്‍ , കാളിദാസന്റെ മേഘത്തെ മാറ്റിപ്പെയ്യിച്ചു. ഒമര്‍ഖയാമിന്റെ റുബായിത്ത്‌ വിവര്‍ത്തനം ചെയ്‌തപ്പോഴും അദ്ദേഹം ഈ രീതിയാണ്‌ സ്വീകരിച്ചത്‌.

`ചാഞ്ഞപച്ചിലച്ചില്ലപ്പടര്‍പ്പിനു
താഴെ വല്ലതുമല്‌പ മാഹാരവും
പാനപാത്രം നിറയും മദിരയും
ഭാവസാന്ദ്രമധുരം കവിതയും
ഗാഢമൗനവിജനതാലീനമാം
ഗാനമാലോലമാലപിച്ചങ്ങനെ
കൂടെനീയുമുണ്ടെങ്കില്‍ കൊടുംവനം-
കൂടി നന്ദനമാണെനിക്കോമനേ'.


യത്‌നസൗന്ദര്യത്തിന്റെ കവിയായിരുന്നല്ലോ തിരുനല്ലൂര്‍ . 'ശിലാരേഖ' എന്ന എട്ടുവരിക്കവിത ശ്രദ്ധിക്കുക:


`തമ്പൂരാന്‍ മുദാ നിര്‍മിച്ചുതന്‍ യശഃ
സ്‌തംഭമാകുമീയത്ഭുതഗോപുരം
അപ്പുരത്തില്‍ പുരാതനഗോപുര-
ശില്‍പമൊന്നിലീ രേഖ വായിക്കവേ
വിസ്‌മയത്താല്‍ വിരിയും മിഴിയുമായ്‌
സസ്‌മിതം സ്വയം ചൊന്നു സന്ദര്‍ശകന്‍
എത്ര ശക്തനാ തമ്പൂരാന്‍ ദൂരെ നി-
ന്നിത്രയും കല്ലുതാനേ ചുമന്നവന്‍'.


എട്ടേ എട്ടു വരികളിലാണ്‌ തിരുനല്ലൂര്‍ അതിപ്രസക്തമായ ഈ ചോദ്യമുന്നയിക്കുന്നത്‌. ചരിത്രത്തിന്റെ അടിസ്ഥാനരഹിതമായ അവകാശങ്ങളെ പൊളിച്ചു കാണിക്കുവാന്‍ മലയാളത്തില്‍ എട്ടുവരികള്‍ മാത്രം മതിയെന്ന്‌ തിരുനല്ലൂര്‍ വ്യക്തമാക്കി. പ്രയത്‌ന സൗന്ദര്യത്തിനോടൊപ്പം പ്രണയസൗന്ദര്യവും തിരുനല്ലൂരില്‍ നിക്ഷിപ്‌തമായിരുന്നു. പരസ്‌പര സ്‌നേഹമില്ലാത്തിടത്ത്‌ അദ്ധ്വാനത്തിന്റെ കൊടി തുടരുകയില്ല. സ്‌നേഹമില്ലായ്‌മയില്‍നിന്നും സ്‌നേഹത്തിലേക്കാണല്ലോ അതിന്റെ പ്രയാണം. തൊഴിലാളിയുടെ പ്രണയം എങ്ങനെയാണ്‌ എട്ടുവരിക്കവിതയില്‍ തിരുനല്ലൂര്‍ വരച്ചിരിക്കുന്നതെന്ന്‌ നോക്കുക.

`പാറപൊട്ടിച്ചുനന്നേപരുക്കനായ്‌
മാറിയൊരെന്‍ തഴമ്പാര്‍ന്ന കൈത്തലം
നിന്‍ ചുരുള്‍മുടിക്കാട്ടിലലസമായ്‌
സഞ്ചരിക്കവേ പൂവായതെങ്ങനെ?
കല്ലുടയും കഠിനശബ്‌ദങ്ങളെ-
ത്തല്ലിവീഴ്‌ത്തുമെന്‍ കണ്‌ഠത്തിലോമനേ
നിന്നോടൊന്നു ഞാന്‍ മിണ്ടുമ്പൊഴേയ്‌ക്കു തേന്‍
നിന്നു തുള്ളിത്തുളമ്പുന്നതെങ്ങനെ?



അഷ്‌ടമുടിക്കായലിനെക്കുറിച്ച്‌ തിരുനല്ലൂര്‍ 'റാണി'യുടെ ആമുഖത്തില്‍ പറഞ്ഞത്‌ താമരയുടെ കുരുന്നിലയില്‍ ഇറ്റുവീണ ആകാശനീലിമയുടെ ഒരു തുള്ളി എന്നാണ്‌. തുടര്‍ന്ന്‌ കായലിനെക്കുറിച്ചു പറയാന്‍ രണ്ടു ഖണ്‌ഡികകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ മീനമാസത്തിലെ വെയില്‍ എന്ന എട്ടിതള്‍ കവിതയില്‍ കായല്‍ ജീവിതത്തിന്റെ അന്തഃസ്സത്തയായി മാറുന്നു.

ഇഷ്‌ടമാണെനിക്കേറ്റം
മീനമാസത്തെക്കൊടു
നട്ടുച്ചവെയി,ലതു
തീപോലെയാണെന്നാലും.
കായലിന്‍ നിമ്‌നോന്നത-
നീലിമയുടെ ദര്‍ശ-
നീയമം വെട്ടിത്തിള-
ക്കത്തിലാണതിന്‍ഭംഗി.
അങ്ങിങ്ങുപെട്ടെന്നോള-
പ്പാത്തിയില്‍ വീണുംപിന്നെ-
പ്പൊങ്ങിയും തുഴഞ്ഞുപോം
കൊച്ചുവഞ്ചികളെല്ലാം
പളുങ്കില്‍ മണികള്‍ പോല്‍
തെറിച്ചുവീഴുന്ന പൈ-
ങ്കുളിരാലറിവീല
സൂര്യന്റെ കാഠിന്യത്തെ.



കഠിനമായ അദ്ധ്വാനവും കവിതയും തമ്മില്‍ രക്തബന്ധമാണുള്ളത്‌. പാട്ടുകള്‍ പണിയെടുക്കുന്നവരെ ഉത്സാഹപ്പെടുത്തുകയും കൊടുംവെലിയിനെ പൂനിലാവാക്കി മാറ്റുകയും ചെയ്യുമല്ലോ. അതിനാല്‍ കഠിനാദ്ധ്വാനത്തിനുമുമ്പ്‌ ഒരു പാട്ടു നല്ലതാണ്‌. ഈ ആശയം കൊയ്‌ത്തിനുമുമ്പേ എന്ന കവിതയില്‍ സമ്രഗ്രതയോടെ ആവിഷ്‌കരിക്കാനും തിരുനല്ലൂര്‍ എട്ടുവരികളേ ഉപയോഗിച്ചുള്ളൂ.


നീളുമദ്ധ്വാനമാവശ്യമുള്ളതാം
നാളുകളാണിനിയുള്ള നാളുകള്‍ .
ചെങ്കനല്‍വെയിലാളും വയലിലെ-
പൊന്‍കതിരുകള്‍ കൊയ്യേണ്ട നാളുകള്‍
ആകയാലെന്റെ മെയ്യും ഹൃദയവു-
മാകെയൊന്നു നവീകരിച്ചീടുവാന്‍
ഇന്നുസന്ധ്യതന്‍ സൗന്ദര്യവാടിയില്‍
ചെന്നിരുന്നൊരു പാട്ടുപാടട്ടെ ഞാന്‍.



ജാപ്പനീസ്‌ കാവ്യരീതിയായ ഹൈക്കു-മഞ്ഞുതുള്ളിയില്‍ മഴവില്ലു സൃഷ്‌ടിക്കുന്നതാണ്‌. ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ ഹൈക്കുവിന്റെ പ്രത്യേകതയാണ്‌. ഒറ്റനോട്ടത്തില്‍ ലളിതമെന്നു തോന്നാവുന്ന ആ വരികളില്‍ സ്‌നേഹത്തിന്റെ ദൃഢതയും താരള്യവും ഒന്നിച്ചു സമ്മേളിക്കുന്നതുകാണാം. 'ഒരു മൂളിപ്പാട്ടെങ്കിലും' എന്ന എട്ടുവരിക്കവിതയില്‍ ഒരു നാടന്‍ദൃശ്യവും അതു സൃഷ്‌ടിക്കുന്ന വൈകാരികതയും തിരുനല്ലൂര്‍ വരച്ചിട്ടിരിക്കുന്നു.


`നല്ലെണ്ണ തേച്ചുകുളിച്ചു പൂഞ്ചായലില്‍
മുല്ലപ്പൂ ചൂടിയ പെണ്‍കിടാവും,
മുറ്റത്തുപൂന്നെലും, നാടായ നാടാകെ
മുറ്റിത്തെളിയുന്ന പൂനിലാവും!
പൈക്കള്‍ക്കെരുത്തിലിലിപ്പോള്‍ത്തിടുക്കത്തില്‍
വൈക്കോല്‍കൊടുക്കും ചെറുപ്പക്കാരാ
മൂകതവിട്ടു നീ പാടുക കൊച്ചൊരു
മൂളിപ്പാട്ടെങ്കിലും കൂട്ടുകാരാ'.



കടലിലെ ഒരു ദൃശ്യമാണ്‌ `മീന്‍പിടിത്തക്കാരില്‍ ' ഉള്ളത്‌. കൊടുങ്കാറ്റടിക്കുകയും പെരുമഴ പെയ്യുകയും പെയ്യുന്ന കടലില്‍ കരയ്‌ക്കു വരാന്‍ മടിച്ചുനില്‍ക്കുന്ന മീന്‍പിടിത്തക്കാര്‍ ഒരസാധാരണ ദൃശ്യമാണ്‌. ഇതു പകര്‍ത്താനും തിരുനല്ലൂര്‍ പതിന്നാലക്ഷരം വീതമുള്ള എട്ടുവരികളെ ഉപയോഗിച്ചിട്ടുള്ളൂ.


`കൂരിരുട്ടെങ്ങും, കൊടു-
ങ്കാറ്റടിക്കുന്നു, ഘോര-
മാരിയും ചൊരിയുന്നു
സാഗരമലറുന്നു.
തോണികള്‍ക്കാഴങ്ങളി-
ലെങ്ങുമേ ശവക്കുഴി
തോണ്ടുന്നു മലകളായ്‌
മറിയും തരംഗങ്ങള്‍ .
എങ്കിലും വെറും കയ്യു-
മായ്‌ക്കരയ്‌ക്കണയുവാന്‍
ശങ്കിച്ചു നില്‍ക്കുന്നല്ലോ
മീന്‍പിടിത്തക്കാരെല്ലാം.
അണയാന്‍ തുടങ്ങുന്ന
മണ്‍വിളക്കുമായിപ്പോ-
ഇവരെ കുടിലുകള്‍
കാത്തിരിക്കുന്നു ദൂരെ.'



വന്‍കടലുകള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന കവിക്ക്‌ ചെറുതടാകങ്ങളെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും അതിലുടനീളം മഴവില്ലും മേഘങ്ങളും ആദിത്യ ചന്ദ്രഗ്രഹതാരകങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നുമാണ്‌ ഈ എട്ടുവരിക്കവിതയില്‍ തെളിയിക്കുന്നത്‌. കവിതയിലും ജീവിതത്തിലും സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭൗതികബോധത്തിന്റെ വലിയ ഉദാഹരണമായിരുന്നു, തിരുനല്ലൂര്‍ കരുണാകരന്‍. യുക്തിചിന്തയുടെ ലാവണ്യധാര അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
തിരുനല്ലൂര്‍ കവിതകളുടെ സമ്പൂര്‍ണ സമാഹാരം ലഭ്യമല്ല എന്നുള്ളത്‌ മലയാള കവിതാസ്വാദകരുടെ ദുഃഖമാണ്‌. അല്‌പമെങ്കിലും വലിയ ഒരു സമാഹാരം പുറത്തിറങ്ങിയത്‌ 1984 ലാണ്‌. അതാകട്ടെ ഇപ്പോള്‍ തീരെ കിട്ടാനില്ല. ആ സമാഹാരത്തിലെ കവിതകളും, താഷ്‌ക്കന്റ്‌, ജിപ്‌സികള്‍ തുടങ്ങിയ കൃതികളും റാണിയും രാത്രിയുമടക്കം ഇപ്പോള്‍ ലഭ്യമായിട്ടുള്ള കൃതികളും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിവര്‍ത്തനകൃതികളും ചേര്‍ത്ത്‌ ഒരു ബൃഹത്‌ സമാഹാരം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ തിരുനല്ലൂര്‍ സ്‌മൃതികേന്ദ്രം മുന്‍കൈയെടുക്കേണ്ടതാണ്‌.




PHONE : 9895720984