Wednesday, February 26, 2014

നായ്ക്കുരണ

കവിത
ഇടക്കുളങ്ങര ഗോപൻ











ശൂന്യതയിൽ, മൈക്കിലൂടെ
ആചാര്യസ്മരണ പുതുക്കുമ്പോൾ
സ്മൃതിമണ്ഡപത്തിനരികിലിരുന്ന്
വാൽമുറിയൻ നായ ഓരിയിടുന്നു.
പട്ടിക്കെന്ത്‌ ആചാര്യൻ?
കാലമൊരു തിരി തെളിച്ചുവെച്ചു.
കാര്യസ്ഥന്റെ നിഴൽ മായ്ക്കാൻ.

ചുവന്നവാനം
നായയ്ക്കും ഭയമായിരുന്നു.
തലതിരിഞ്ഞ തലമുറയിലെ
അഭിനവനായകന്മാർ
പൂക്കൾവെച്ച്‌, ശ്രാദ്ധമൂട്ടി
ചരിത്രത്തിനു പിണ്ഡം വെച്ചു.
വെളുക്കാൻ തേച്ചതൊക്കെ
പാണ്ടായി മാറിയപ്പോൾ,
വെള്ളക്കാരന്‌ കുഴലൂതി, പണ്ടുകിട്ടിയ
പട്ടുംവളയും
പാണ്ടിത്തട്ടാർക്ക്‌ പണയം വെച്ച്‌,
മച്ചിപ്പശുവിന്‌ വൈക്കോൽ വാങ്ങി.

ചാരുകസേരയിൽ
ഞെളിഞ്ഞിരിക്കുമ്പോഴും
കുളിച്ചില്ലെങ്കിലെന്താ, കോണകം
അയയിൽത്തന്നെ കിടക്കട്ടെയെന്ന
ഭാവം മാത്രം.
നായ ഓരിയിടുമ്പോൾ
കാലത്തിനെന്തു സംഭവിക്കും?
നനഞ്ഞ കോണകം
അയയിൽക്കിടന്ന് ചിരിയോടു ചിരി!


O

PHONE : 9447479905



Saturday, February 22, 2014

രാത്രി

കവിത
വി.ഗീത










രാത്രി ഒരു പാവം.
ആരും കാണാതെ
ഒളിച്ചൊളിച്ച്‌,
ഇരുട്ടിലൂടെ
അവൾ വന്നുനിറയുമ്പോൾ
കൂമന്റെ ചോദ്യങ്ങൾ
നക്ഷത്രങ്ങളുടെ കള്ളച്ചിരി
നായ്ക്കളുടെ ഓരിയിടൽ
കാലൻ കോഴിയുടെ അട്ടഹാസം
ഗൂർഖയുടെ വിസിലടി.

ദൂരെ ആളുന്ന അഗ്നികുണ്ഡങ്ങൾ
തിടുക്കത്തിലുള്ള പദവിന്യാസങ്ങൾ
ഉറവിടമറിയാത്ത ഒരു നിലവിളി.

അവൾ പേടിച്ച്‌
ഓടി മറയുമ്പോൾ,
വിജയഭേരിയുമായി
സുവർണ്ണരഥത്തിൽ
രാജകീയ മന്ദഹാസത്തോടെ
പകൽ എഴുന്നള്ളി.

O


Saturday, February 15, 2014

www.അബോർഷൻ.കോം

കഥ
വിനോദ്‌ ഐസക്‌









  ണ്ടുദിവസം നീണ്ടുനിന്ന സെമിനാർ അവസാനിക്കാനുള്ള നേരമായിരിക്കുന്നു. ആധുനിക സ്ത്രീത്വത്തിന്റെ പുരോഗതി എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ആധുനിക യുവത്വങ്ങൾ, ശക്തമായ ഭാഷയിൽ തന്നെ സംസാരിച്ചു.

മോഡറേറ്റർ ഇടയ്ക്ക്‌ കയറി ചോദ്യം ഉന്നയിച്ചു. 

"പുതുതലമുറ വഴിതെറ്റുന്നു എന്ന ആരോപണത്തെക്കുറിച്ച്‌ നിങ്ങൾ എന്തു പറയുന്നു?"

കണ്ണടവെച്ച ഒരുവൾ ചാടിയെഴുന്നേറ്റ്‌ അലറി.

"ന്യൂ ജനറേഷൻ പഴയശീലങ്ങൾ വെടിഞ്ഞ്‌ പുതിയ പ്രത്യശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണ്‌. ഇഷ്ടപ്പെട്ട ആണിനൊപ്പം സ്വതന്ത്രമായി സഞ്ചരിക്കാനും ഇടപഴകാനും ആരെയും ഭയക്കേണ്ടതില്ല. കുടുംബം, സദാചാരം എന്നൊക്കെയുള്ള നിയന്ത്രണരേഖ ഞങ്ങൾ ഇഷ്ടപ്പെടുന്നേയില്ല."

കണ്ണടക്കാരിയുടെ അഭിപ്രായം ശരിവെക്കുന്ന രീതിയിൽ സമസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന കൂട്ടുകാരികൾ കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു.

അടുത്ത ഊഴത്തിന്‌ അർഹയായ യുവരക്തം ക്ഷോഭിച്ചു.

"മാര്യേജ്‌ ബോറ്‌ പരിപാടിയാണ്‌. ഹസ്ബന്റ്‌ എന്ന ചങ്ങലയിൽ ഞങ്ങളെ തളച്ചിടാൻ കഴിയില്ല. കുട്ടികൾ, കുടുംബം ഇതൊന്നും ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല!"

ഹാളിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള കൈയ്യടി മുഴങ്ങി. രണ്ടുദിവസത്തെ സെമിനാറിൽ വിജയം കൊയ്ത്‌ ന്യൂ ജനറേഷൻ പുതിയ വെബ്‌സൈറ്റ്‌ രൂപീകരിച്ചു.

www.അബോർഷൻ.കോം

(മുന്നറിയിപ്പ്‌: മാതാപിതാക്കളെ അനുസരിക്കുന്നവരും വിവാഹേതരബന്ധങ്ങൾ ഇഷ്ടപ്പെടാത്തവരും ഈ സൈറ്റ്‌ ഓപ്പൺ ചെയ്യരുത്‌)


O


Sunday, February 9, 2014

മഴയ്ക്ക്‌ മുൻപേ

കവിത
കെ.കെ.രമാകാന്ത്‌












രു മെഴുതിരി വെട്ടത്തിൽ
ഉരുകിയൊലിക്കുന്നു രാത്രി.
മഴയ്ക്ക്‌ മുൻപേ ഒഴുകിപ്പോയത്‌
കണ്ണുകൊണ്ട്‌ പറഞ്ഞ്‌
കടലാസുപൂവായി അവൾ.
പുലർച്ചെ,
എന്നെ മറക്കാതിരിക്കാൻ
ഒരിക്കൽക്കൂടി ചുംബിച്ച്‌
സൂപ്പർ എക്സ്പ്രസ്സിൽ കയറ്റിവിട്ടു.
മേൽപ്പാലം കടന്നുപോകവേ
ബസ്സിന്റെ പച്ച പടർന്ന് കാവായി
അവളൊരു സർപ്പമായി,
എങ്ങോ മരം മുറിയുന്ന ഒച്ച കേട്ടു...

O


PHONE : 9048531634



Sunday, February 2, 2014

സംസ്കാരജാലകം

സംസ്കാരജാലകം - 19
ഡോ.ആർ.ഭദ്രൻ










 കെ.എം.ഗോവിക്ക്‌ അന്ത്യാഞ്ജലി



  ചരിത്രത്തിന്‌ പുസ്തകം ഉള്ളതുപോലെ പുസ്തകത്തിനും ചരിത്രമുണ്ടെന്ന് നമ്മെ പഠിപ്പിച്ച മഹാനാണ്‌ കെ.എം.ഗോവി. കെ.എം.ഗോവിയെക്കുറിച്ച്‌ മനോരമ പത്രത്തിൽ എം.എൻ.കാരശേരി ഒരു ചെറുലേഖനം എഴുതിയത്‌ നന്നായി. ലേഖനത്തിന്റെ അവസാന അധ്യായം ഇങ്ങനെ: "ഒരു പുസ്തകം അനുഭവമോ അറിവോ തരുന്ന ഒരുപകരണം മാത്രമല്ലെന്നും അത്‌ സംസ്കാരചരിത്ര സൗധത്തിലെ ഒരിഷ്ടികയാണെന്നും അദ്ദേഹം കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നാണ്‌ നമ്മുടെ ഭാഷയിൽ ഗ്രന്ഥവിദ്യാവിജ്ഞാനീയം (ബിബ്ലിയോമെട്രിക്സ്‌) വെള്ളവും വളവും വലിച്ചെടുക്കുവാൻ പോകുന്നത്‌." (മലയാള മനോരമ 2013 ഡിസംബർ 6). ശ്രീ.കാരശേരി, ഈ ചെറുലേഖനത്തിലൂടെ താങ്കൾ നമ്മുടെ സംസ്കാരത്തെ വളരെയധികം സേവിച്ചിരിക്കുന്നു.


വാക്സിൻ കൊലപാതകങ്ങൾ
ഡോ.ബിജു കോട്ടപ്പുറം, ഉണ്മ, നവംബർ 2013.

ഉണ്മയിൽ വന്ന ഈ കുറിപ്പിലൂടെ ഡോ.ബിജു ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിൽ പെന്റാവാലന്റ്‌ എന്ന പരീക്ഷണ വാക്സിൻ നൽകിയ 15 കുഞ്ഞുങ്ങൾ മരണപ്പെട്ടു എന്നതാണ്‌ വാർത്ത. ഇന്ത്യയിലെ പ്രമുഖ പീഡിയാട്രീഷ്യന്മാർ വാക്സിൻ പ്രയോഗത്തിനെതിരെ കോടതിയിൽ പോയെങ്കിലും കോടതി അനുകൂലവിധി നൽകിയില്ല എന്നും കുറിപ്പിൽ ഉണ്ട്‌. ഈ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക്‌ നീതി ലഭിക്കാൻ നടപടികൾ ഉണ്ടാവണം. കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ ശേഷമേ ഇനി വാക്സിൻ പ്രയോഗം ഉണ്ടാകാവൂ. ഇത്തരത്തിൽ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിച്ച 'ഉണ്മ' വലിയ സാമൂഹിക പ്രതിബദ്ധതയാണ്‌ കാണിച്ചിരിക്കുന്നത്‌.


തക്ഷൻകുന്ന് വർത്തമാനങ്ങൾ



യു.കെ.കുമാരനുമായി ബിജോയ്‌ ചന്ദ്രൻ നടത്തിയ അഭിമുഖമാണിത്‌. (തോർച്ച സമാന്തരമാസിക 2013 മെയ്‌-ജൂൺ. തക്ഷൻകുന്ന് സ്വരൂപം ഭാവിയിൽ മലയാള സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന നോവലാണ്‌. ഈ നോവലിന്റെ ഉള്ളറകളെ പുറത്തുകാണിക്കാൻ ഉതകുന്ന കൃത്യമായ ചോദ്യങ്ങളും അതിന്റെ കൃത്യമായ മറുപടികളുമാണ്‌ ഈ അഭിമുഖം. മിതം ച സാരം ച വാചോഹി വാഗ്മിതാ എന്നത്‌ എഴുത്തുകലയ്ക്ക്‌ ചേരുന്നതാണോ? ദേശസ്വത്വത്തിന്റെ ദർശനവും ആഖ്യാനവും മലയാള നോവലിൽ ഒരിക്കൽക്കൂടി നാം കാണുകയാണ്‌ ഈ നോവലിലൂടെയെന്ന് വായനക്കാർക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ അഭിമുഖത്തിനു കഴിഞ്ഞിരിക്കുന്നു.


ശ്രദ്ധേയമായ ചിന്ത

1947 ൽ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ രൂപയുടെ മൂല്യം ഡോളറിനു തുല്യമായിരുന്നുവെന്ന് കാണണം. (ഡൽഹി ഡയറി - പി.കെ.ബിജു എം.പി, സ്റ്റുഡന്റ്സ്‌ മാസിക, 2013 സെപ്റ്റംബർ).


ബുക്‌ പിക്‌ - ഡോ.മീന ടി.പിള്ള

ദേശാഭിമാനി പത്രത്തിലെ വാരാന്തപ്പതിപ്പിലെ സ്ഥിരം കോളം 'ബുക്‌ പിക്‌' നെക്കുറിച്ച്‌ നേരത്തെതന്നെ സംസ്കാരജാലകത്തിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മികച്ച ഒരു കോളമാണിത്‌. 18.11.2013 ഞായറാഴ്ച ഈ കോളത്തിൽ ഇംഗ്ലീഷ്‌ എഴുത്തുകാരനായ ജിം ക്രേസിന്റെ ഹാർവെസ്റ്റ്‌ (കൊയ്ത്ത്‌) എന്ന നോവലിനെ കുറിച്ചുള്ള ഒരു റിവ്യൂ ആണുണ്ടായിരുന്നത്‌. ലളിതവും മനോഹരവുമായ റിവ്യൂ. പുതിയകാലം പരിചയപ്പെട്ടിരിക്കേണ്ട നോവലാണിത്‌ എന്നതാണ്‌ ഇതിന്റെ പ്രാധാന്യം. പുത്തൻ സമ്പദ്‌വ്യവസ്ഥ നമ്മുടെ കാർഷികവും നൈസർഗ്ഗികവുമായ ജീവിതം എങ്ങനെ തകർത്ത്‌ തരിപ്പണമാക്കുന്നു എന്നതിന്റെ ജൈവമായ ആവിഷ്കരണമാണ്‌ ഈ നോവൽ. പുതിയകാലം ആവശ്യപ്പെടുന്ന കൃതിയാണിത്‌. ഇങ്ങനെയൊരു കൃതി എഴുതിയ ജിം ക്രേസും കൃതി ബുക്‌ പിക്‌ ലൂടെ പരിചയപ്പെടുത്തിയ മീന ടി.പിള്ളയും ഒരു പോലെ മനുഷ്യവർഗ്ഗത്തിന്റെ ഉറ്റ ബന്ധുക്കളായിത്തീരുന്നു.


അനിശ്ചിതമാകുന്ന പെൺജീവിതങ്ങൾ




2013 ഡിസംബർ 16 ന്‌ ദേശാഭിമാനി പത്രത്തിൽ ഡോ.പി.എസ്‌.ശ്രീകല എഴുതിയ ലേഖനം വളരെ ചിന്തനീയവും ഇൻഫർമേറ്റീവും ആയിരുന്നു. നമ്മുടെ രാജ്യം ഇപ്പോഴും എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് ഈ ലേഖനം നമ്മെ അറിയിക്കുന്നു. സ്ത്രീകളുടെ അഭിമാനവും സ്വാതന്ത്ര്യവും സാമൂഹികസുരക്ഷയും ഉറപ്പാക്കുന്നതിന്‌ പുരുഷന്മാർ കൂടി സ്ത്രീകൾക്കൊപ്പം പോരാടുന്ന കാഴ്ചയാണ്‌ ഇന്ത്യയിൽ ഉണ്ടാകേണ്ടത്‌. സോഷ്യലിസ്റ്റ്‌ ഫെമിനിസം ഇത്തരമൊരു സ്വപ്നമാണ്‌ പങ്കുവെക്കുന്നത്‌. സ്ത്രീവിമോചനത്തിന്റെ വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയാണ്‌ ശ്രീകല എഴുതുന്നത്‌. നോക്കുക, പുരുഷനും സ്ത്രീയുമുൾപ്പെടെ അനുവർത്തിക്കുന്ന പുരുഷാധിപത്യ മൂല്യബോധമാണ്‌ അനിശ്ചിതമാകുന്ന സ്ത്രീജീവിതങ്ങളുടെ അടിസ്ഥാനം.


ലോകത്തിലെ ആദ്യത്തെ സാംസ്കാരിക ബന്ദ്‌

കലാലയങ്ങളിൽ മലയാള ഭാഷയും സാഹിത്യവും കലയും നിർബന്ധിതമാക്കണം. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം പിന്നിട്ട ഒരു ജനത എന്തിന്‌ ഇക്കാര്യത്തിലൊക്കെ മടിച്ചു നിൽക്കണം. കേരളത്തിൽ നമുക്ക്‌ ഒരു ഭാഷാപ്രസ്ഥാനം ഉടനടി ഉണ്ടാവണം. ജാതി-മത-പ്രാദേശിക സ്വത്വങ്ങൾക്ക്‌ മേലേ അത്‌ നിൽക്കണം. കവികളും സഹിത്യകാരന്മാരും ശാസ്ത്രജ്ഞന്മാരും അതിനു നേതൃത്വം നൽകണം. കുരീപ്പുഴ ശ്രീകുമാറിനെപ്പോലെ എല്ലാ കവികളും ഈ ഭാഷാപ്രസ്ഥാനത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടണം. കച്ചവട സിനിമയിലും സീരിയലുകളിലും അലഞ്ഞുതിരിഞ്ഞു നടന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലുള്ള കവികൾക്ക്‌ സംസ്കാരത്തിന്‌ കാവൽ നിൽക്കാൻ സമയം കിട്ടാതെ വരികയാണല്ലോ. ഭാഷാ പ്രസ്ഥാനമാണ്‌ നമ്മുടെയിടയിൽ ഇനിയുണ്ടാവേണ്ട ഒരു വിപ്ലവം. അന്യഭാഷകൾക്ക്‌ എതിരെയല്ല, സ്വത്വസംസ്ഥാനത്തിനു വേണ്ടിയുള്ള വിപ്ലവം. ഇതിനുവേണ്ടി നമുക്ക്‌  ബന്ദ്‌ വരെ നടത്താവുന്നതാണ്‌. അതായിരിക്കണം ലോകചരിത്രത്തിലെ ആദ്യത്തെ സാംസ്കാരിക ബന്ദ്‌.

നെൽസൺ മണ്ടേല



ലോകവിപ്ലവ പ്രസ്ഥാനത്തിന്‌ എക്കാലത്തെയും മഹാമാതൃകയാണ്‌ നെൽസൺ മണ്ടേല. ദക്ഷിണാഫ്രിക്കയിൽ കറുത്തവരുടെ സ്വത്വം ഉയർത്തിപ്പിടിക്കാൻ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവം, രോമാഞ്ചത്തോടുകൂടി മാത്രമേ നമുക്ക്‌ വായിക്കുവാൻ കഴിയൂ. ഒരു വിപ്ലവനേതാവിന്‌ ഉണ്ടായിരിക്കേണ്ട സകലമൂല്യങ്ങളും മണ്ടേലയിൽ നിറഞ്ഞുകവിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തീർന്ന അദ്ദേഹം, അഞ്ചുവർഷത്തെ ഭരണത്തിനു ശേഷം സ്വയം ഒഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ജനാധിപത്യ മൂല്യബോധവും അധികാരത്തെ അകറ്റി നിർത്താനുള്ള വലിപ്പവുമാണ്‌ ഇത്‌ കാണിക്കുന്നത്‌. കേരളത്തിലെ ചില രാഷ്ട്രീയനേതാക്കൾ മണ്ടേലയിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നത്‌ നന്നായിരിക്കും. ഗാന്ധിജിയിൽ നിന്നും ആശയോർജ്ജങ്ങൾ നേടിയ മാഡിബ എന്ന മണ്ടേല ഇങ്ങനെയൊക്കെ ആകാതിരുന്നെങ്കിലേ അത്ഭുതമുള്ളു. മഹാന്മാരുടെ ആത്മകഥകളാണ്‌ ചരിത്രത്തെ നിർമ്മിക്കുന്നത്‌ എന്നു പറഞ്ഞത്‌ എത്രയോ ശരി!

നാറുമ്മുള

നാറുമ്മുള എബ്രഹാം തടിയൂരിന്റെ ഒരു മിനിക്കഥയാണ്‌. അനവധി പേജുകളിൽ എഴുതിക്കൂട്ടുന്ന ഒരു കഥയേക്കാൾ ധ്വനിസൗന്ദര്യമുള്ള ഒരു കഥ. ആറന്മുള വിമാനത്താവളം ഒരു പ്രമേയമാക്കുന്ന ചില നല്ല കഥകളുടെ കൂട്ടത്തിൽ തടിയൂരിന്റെ കഥയും അണിചേരുന്നു. മികച്ച ഒരു പാരിസ്ഥിതിക കഥ എന്ന നിലയിൽ മലയാള കഥാചരിത്രത്തിൽ അടയാളപ്പെടേണ്ട കഥയാണിത്‌. കഥയുടെ ധ്വനിഭംഗി മനസ്സിലാക്കാൻ ഈ വരികൾ വായിച്ചുകൊള്ളുക. "ദാഹിച്ചു തളർന്ന കുഞ്ഞ്‌ വറ്റിപ്പോയ മുലകളിൽ ചപ്പിവലിച്ച്‌ നീരില്ലാതെ വീണ്ടും കരഞ്ഞു. ആകാശത്തു താഴ്‌ന്നുപറക്കുന്ന വിമാനത്തിന്റെ ഭൂമികുലുക്കുന്ന ഇരമ്പലിൽ അവൻ അമ്മയുടെ നെഞ്ചോട്‌ ഒട്ടിച്ചേർന്ന് കുരുന്ന് ഞരമ്പുകൾ വലിഞ്ഞു പൊട്ടുമാറ്‌ ഉറക്കെക്കരഞ്ഞു. ആകാശവിദൂരതയിലേക്ക്‌ പറന്നുപൊന്തിയ മിന്നുന്ന വിളക്കുകൾ കാട്ടിക്കൊടുത്തിട്ടും അവൻ പേടിച്ചരണ്ട്‌ ഇറുക്കിയടച്ച കണ്ണുകൾ തുറന്നില്ല." (ഉണ്മ, 2013 ഒക്ടോബർ) ആറന്മുള പോലെ ഒരു പ്രശ്നത്തോട്‌ സർഗ്ഗാത്മകമായി പ്രതികരിക്കാൻ കഴിയാത്ത സാഹിത്യകാരന്മാരുടെ ഇടയിൽ, തടിയൂരിനെപ്പോലുള്ളവരുടെ മൂല്യം കാലം തിരിച്ചറിയും.


പ്രതിച്ഛായ

പ്രതിച്ഛായ വാരികയിൽ ജയ്സൺ എഴുതിക്കൊണ്ടിരുന്ന കോളം 'വാരവിചാരണ' കാണുന്നില്ല. മലയാളത്തിലെ മികച്ച ഒരു കോളമായിരുന്നു ഇത്‌. എഴുതിയിടത്തോളം കോളം ജയ്സൺ പുസ്തകമായി പ്രസിദ്ധീകരിക്കണം. പ്രതിച്ഛായയുടെ അധികാരികൾ ഈ കോളം പുന:രാരംഭിക്കാൻ മടിക്കരുത്‌. കലാകൗമുദിയിലെ അക്ഷരജാലകം നിലച്ചതും മലയാള സംസ്കാരത്തെ സംബന്ധിച്ച്‌ ശുഭോദർക്കമായ ഒരു കാര്യമല്ല. ഈ കോളത്തെക്കുറിച്ച്‌ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരുപാട്‌ നന്മകൾ അതിനുണ്ടായിരുന്നു. ആരൊക്കെയാണ്‌ എം.കെ.ഹരികുമാറിന്റെയും ജയ്സന്റെയും കോളങ്ങൾക്ക്‌ നേരെ കത്തിയുയർത്തിയത്‌ എന്നറിയാൻ സാഹിത്യ സംസ്കാര സ്നേഹികൾക്ക്‌ ജിജ്ഞാസയുണ്ട്‌.


മാത്യു.ടി.തോമസ്‌




കേരള റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മുൻ ട്രാൻസ്പോർട്ട്‌ വകുപ്പുമന്ത്രി  മാത്യു.ടി.തോമസിനെ ഓർത്തുപോവുകയാണ്‌. അഴിമതിരാഹിത്യവും കാര്യപ്രാപ്തിയും ഉള്ള മന്ത്രിയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ഭരണാധികാരികളാണ്‌ നമുക്കുണ്ടാകേണ്ടത്‌. കേരളജനതയ്ക്ക്‌ ഇവരെയൊക്കെ വേണ്ടതുപോലെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ്‌ പരിതാപകരം. ഇന്ന് കെ.എസ്‌.ആർ.ടി.സി ഒരു നാഥനില്ലാക്കളരിയാണ്‌. കെ.എസ്‌.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങുകയോ താമസിക്കുകയോ ഒക്കെ പതിവായിരിക്കുന്നു. മേയ്‌ദിനം ആഘോഷിക്കാൻ തൊഴിലാളികൾ ഒത്തുകൂടാത്ത സമകാലിക സാഹചര്യത്തിൽ തൊഴിലാളികൾ ഭാവിയിലും വലിയ വില കൊടുക്കേണ്ടി വരും. തർക്കമില്ല.


മലയാളി ഹൗസ്‌

ചില ദൃശ്യമാധ്യമങ്ങൾക്ക്‌/ചാനലുകൾക്ക്‌ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കൊടിയ ജീർണ്ണതയുടെ ടെസ്റ്റ്‌ ഡോസായി സൂര്യ ടിവിയിൽ എത്തിയ 'മലയാളി ഹൗസ്‌' എന്ന റിയാൽറ്റിഷോ, പുന:സംപ്രേക്ഷണത്തിലൂടെ വീണ്ടും വിഷപ്പുക പരത്തുകയാണ്‌. ഇപ്പോഴും അത്‌ സ്വയമൊരു ജീർണ്ണതയാണ്‌. ഇത്‌ മുളയിലേ നുള്ളാൻ കേരളസമൂഹം ഉണരേണ്ടതായിരുന്നു. അശ്ലീലതയുടെയും ലൈംഗികതയുടെയും പരകോടിയിൽ എത്തിനിൽക്കുന്ന ചില വിദേശചാനലുകളെ അനുകരിക്കാനുള്ള ഈ ശ്രമത്തിനെതിരെ പോരാടാൻ തയ്യാറായി യുവാക്കളും വിദ്യാർത്ഥികളും മഹിളാ സംഘടനകളും തൊഴിലാളി സംഘടനകളും  മുന്നോട്ടുവരണം.


ഷട്ടർ മികച്ച  സിനിമ





ജോയ്‌ മാത്യുവിന്റെ ഷട്ടർ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു. തീർച്ചയായും പുരസ്കാരങ്ങൾക്ക്‌ അർഹമായ ഒരു ചലച്ചിത്രം. പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന മഹത്തായ സന്ദേശം സിനിമ നമുക്ക്‌ തരുന്നുണ്ട്‌. ഇക്കാര്യത്തിൽ ബാപ്പമാർക്ക്‌ ചികിത്സ ആവശ്യമുണ്ട്‌. ഈ ചികിത്സയാണ്‌ ഷട്ടർ നിർവ്വഹിക്കുന്നത്‌. ഒരു വേശ്യയുടെ മനസ്സിലും ചില മഹത്തായ മൂല്യങ്ങൾ മിന്നിത്തിളങ്ങുന്നുണ്ട്‌ എന്ന സന്ദേശവും സിനിമയിലുണ്ട്‌. ഒഥല്ലോ നാടകത്തിലേതുപോലെ മദ്യപാനം മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും ഷട്ടർ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. സിനിമ സിനിമയെ പ്രശ്നവത്കരിക്കുമ്പോഴുണ്ടാകുന്ന സാന്ദ്രഭംഗിയും ഷട്ടറിന്‌ അവകാശപ്പെടാവുന്നതാണ്‌. ഒരു മികച്ച സിനിമയുടെ കാഴ്ചാനുഭവമായിത്തീരുകയായിരുന്നു ഷട്ടർ.


 തള്ള/ അനിൽ വള്ളിക്കാട്‌/ മാതൃഭൂമി ദിനപത്രം 29.03.2013


അനിലിന്റെ 'തള്ള' ഒരു ചെറിയ നല്ല കഥയായിരുന്നു. ജീവിതത്തിന്റെ സ്വാഭാവികതകൾ നഷ്ടപ്പെട്ടുപോകുന്നത്‌ മനുഷ്യരുടെയും ഒരു പൂച്ചയുടെയും ജീവിതമുഹൂർത്തങ്ങളെ സമന്വയിപ്പിച്ചു കൊണ്ട്‌ ഈ കഥ നമുക്ക്‌ കാണിച്ചു തരുന്നു. ജീവിതത്തിന്റെ നൈസർഗ്ഗിക ഭംഗികൾ മാഞ്ഞു പോകുന്നു എന്നതാണ്‌ ഇന്നത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ഈ ഒരു ആഴവേദന വായനക്കാരന്റെ മനസ്സിൽ കഥ കോറിയിടുന്നുണ്ട്‌.


കമൽ പറഞ്ഞ സ്വകാര്യം.




കലാകൗമുദിയിലെ സ്വകാര്യം എന്ന പംക്തി പലപ്പോഴും ഉപകാരപ്രദമാണ്‌. 2013 ഡിസംബർ 8 ലക്കം സ്വകാര്യത്തിൽ കമൽ ആണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ദിപിൻ മാനന്തവാടിയുമായാണ്‌ കമൽ സ്വകാര്യം പറഞ്ഞിരിക്കുന്നത്‌. കമലിന്റെ സിനിമാജീവിതം വളരെ സംക്ഷിപ്തമായി അതിൽ ഒരു രേഖാചിത്രമാവുന്നുണ്ട്‌. മൊയ്തു പടിയത്ത്‌ കമലിന്റെ അമ്മാവനാണെന്നറിഞ്ഞത്‌ ഈ പംക്തിയിലൂടെയാണ്‌. സെല്ലുലോയ്ഡിന്റെയും നടന്റെയും സിനിമാക്കാരനെ വളരെ അടുത്തറിയാൻ ഉപകരിച്ചു എന്നതാണ്‌ ഈ സംസാരത്തിന്റെ അതീവപ്രാധാന്യം. ഒരു മനുഷ്യൻ ജനിച്ച സ്ഥലത്തിനും കാലത്തിനും സവിശേഷപ്രാധാന്യമുണ്ട്‌. മനുഷ്യൻ സ്ഥലകാലങ്ങളുടെ നിർമ്മിതിയാണ്‌. ഇതിന്റെ തെളിവായി കമൽ പറയുന്നത്‌ നമുക്ക്‌ കേൾക്കാം. "എന്നെ കലാകാരനാക്കിയതിൽ കൊടുങ്ങല്ലൂരിനു തന്നെയാണ്‌ പ്രഥമസ്ഥാനം. നന്നായി വായിക്കുകയും രാഷ്ട്രീയമായി നല്ല ധാരണ പുലർത്തുകയും ധിഷണാശാലികളായ ഒരു തലമുറയുടെ പ്രതിനിധികളായിരുന്നു 1970 കളിലെ കൊടുങ്ങല്ലൂരിലെ ചെറുപ്പക്കാർ." പലരിൽ നിന്നും വ്യത്യസ്തമായി ന്യൂ ജനറേഷൻ സിനിമകളെ കമൽ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്‌. നന്നായി.


കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമോ?

ഐക്യകേരളത്തിന്റെ ആവിർഭാവ കാലയളവിലെ ഒരു തീരുമാനപ്രകാരമാണ്‌ തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായത്‌. ഹൈക്കോടതി എറണാകുളത്തുമായി. രണ്ടും തെറ്റായ തീരുമാനങ്ങളായിരുന്നു. കേരളത്തിന്റെ മധ്യഭാഗത്ത്‌ തലസ്ഥാനവും ഹൈക്കോടതിയും മാറ്റിസ്ഥാപിക്കുന്നതിന്‌ തീരുമാനം ഉണ്ടാകണം. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഉള്ളവർക്ക്‌ തലസ്ഥാനത്തേക്ക്‌ വരുന്നതിന്‌ എത്ര കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരുന്നു? ദീർഘകാലത്തെ ഈ ചിലവുകൾ കൂട്ടിവെക്കുമ്പോഴാണ്‌ ഇന്ധനത്തിന്റെയും മറ്റു ചിലവുകളുടെയും ഭീകരത നമുക്ക്‌ ബോധ്യമാവുക. കുറച്ചു ജില്ലകളിലുള്ളവർക്ക്‌ കുറച്ചു യാത്ര ചെയ്യേണ്ടിവരിക, ചില ജില്ലകളിലുള്ളവർക്ക്‌ കൂടുതൽ യാത്ര ചെയ്യേണ്ടിവരിക എന്നത്‌ മനുഷ്യാവകാശ ലംഘനം കൂടിയാണ്‌. ഇക്കാര്യത്തിൽ ഒരു പുനർചിന്ത ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

  ദൃശ്യം



ഏറെക്കാലത്തിനു ശേഷം മലയാളികളെ ഒന്നടങ്കം തിയേറ്ററുകളിലെത്തിച്ച ദൃശ്യം എന്ന ചലച്ചിത്രം സംവിധായകന്റെ കൈയ്യൊപ്പാൽ അനുഗ്രഹീതമാണ്‌. അനവധി അമാനുഷികവേഷങ്ങൾ കണ്ടുമടുത്ത പ്രേക്ഷകർക്ക്‌ മുന്നിൽ മോഹൻലാൽ എന്ന അതുല്യനടൻ സ്വതസിദ്ധമായ ശൈലിയിൽ എത്തുന്ന ചിത്രമാണെങ്കിൽകൂടി, അസാമാന്യമായ അഭിനയവൈഭവം പുറത്തെടുക്കേണ്ട സാഹചര്യമൊന്നും സിനിമ മുന്നോട്ടു വെക്കുന്നില്ല. കെട്ടുറപ്പുള്ള ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ അടിത്തറ. എങ്കിലും ഒരു നാലാംക്ലാസുകാരന്റെ അനുഭവജ്ഞാനം കൊണ്ടുപോലും നിയമവ്യവസ്ഥകളെ സ്വാർത്ഥലാഭത്തിനു വേണ്ടി ഏതുവിധവും കബളിപ്പിക്കാമെന്ന തെറ്റായ സന്ദേശം സിനിമ പകരുന്നു.


ആഴ്ചവട്ടം

കലാകൗമുദിയിൽ അക്ഷരജാലകത്തെ ആദേശം ചെയ്തുകൊണ്ടുവന്ന ആഴ്ചവട്ടം (പായിപ്ര രാധാകൃഷ്ണൻ) ദുർബലമായ പ്രകടനമാണ്‌ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്‌. തുടക്കമായതു കൊണ്ടാണോ? കാലംകഴിയുമ്പോൾ മെച്ചമാകുമെന്ന് പ്രതീക്ഷിക്കാം. 


അന്യവത്ക്കരിക്ക്കപ്പെട്ട ജീവിതത്തിന്റെ ഉണ്മ
കെ.സജീവ്‌കുമാർ

2013 ഒക്ടോബർ 5 വിജ്ഞാനകൈരളിയിൽ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെക്കുറിച്ച്‌ കെ.സജീവ്‌കുമാർ എഴുതിയ കവിതാപഠനം ശ്രദ്ധേയമായിരുന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെ അക്കാദമിക്കായി പഠിക്കുവാനുള്ള സംരംഭങ്ങൾ മലയാളത്തിൽ കുറവാണ്‌. പഠനം അർഹിക്കുന്ന കവിയായിട്ടും മലയാള നിരൂപണത്തിലും കുരീപ്പുഴ കടന്നുവന്നിട്ടില്ല. ഇവിടെയാണ്‌ സജീവ്‌കുമാറിന്റെ യത്നം അഭിനന്ദനീയമായിരിക്കുന്നത്‌. കുരീപ്പുഴ കവിതകളെ ഈ നിരൂപണലേഖനം സാകല്യേന കാണുന്നുണ്ട്‌. ചരിത്രപരമായ സ്വാധീനം സ്വീകരിച്ചാണ്‌ കവിതകളെ മൂല്യനിർണ്ണയം ചെയ്യുന്നത്‌. സൈദ്ധാന്തികമായ സമീപനവും നിരൂപണത്തെ ലാവണ്യാത്മകമാക്കാനാണ്‌ കവിയായ ഈ നിരൂപകൻ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. സജീവ്‌ എന്റെ കൂടി ശിഷ്യനാണെന്നതിൽ അഭിമാനം തോന്നുന്നു.

ഓർമ്മ

ഭാരതീയ പൗരാണികസങ്കൽപ്പങ്ങളെ ചിത്രങ്ങളിൽ സന്നിവേശിപ്പിച്ച്‌ കേരളചിത്രകലയെ പ്രശസ്തിയിലെത്തിച്ച അപൂർവ്വപ്രതിഭയായ സി.എൻ.കരുണാകരൻ, സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ നേതാവും കേരളനിയമസഭയുടെ ആദ്യ പ്രോ-ടൈം സ്പീക്കറുമായിരുന്ന റോസമ്മ പുന്നൂസ്‌, ഗൃഹാതുരത്വം വഴിയുന്ന അനവധി സുവർണ്ണഗാനങ്ങൾ മലയാളിക്ക്‌ സമ്മാനിച്ച സംഗീതസംവിധായകനും ഗായകനുമായ കെ.പി.ഉദയഭാനു എന്നിവർക്ക്‌ സംസ്കാര ജാലകത്തിന്റെ ബാഷ്പാഞ്ജലി.


O

PHONE : 9895734218