Saturday, June 24, 2017

സംസ്കാരജാലകം-29


സംസ്കാരജാലകം-29
ഡോ.ആർ.ഭദ്രൻ
















ത്രോൺ ഓഫ് ബ്ലഡ്






പ്രശസ്ത ജാപ്പനീസ് സംവിധായകൻ കുറസോവയുടെ ‘ത്രോൺ ഓഫ് ബ്ലഡ്’ ഒരിക്കൽക്കൂടി കാണുവാനിടയായി. വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് നാടകത്തിന്റെ ചലച്ചിത്രരൂപമാണത്. ലോകമുള്ള കാലത്തോളം ഈ ചലച്ചിത്രത്തിന്റെ മഹത്വത്തിന്‌ തെല്ലും ഇടിവ് സംഭവിക്കാൻ പോകുന്നില്ല. ജാപ്പനീസ് സംസ്കാരത്തിലേക്കുള്ള മാക്ബെത്തിന്റെ കൾച്ചറൽ റീ റീഡിംഗാണ്‌ ഈ സിനിമ. സ്റ്റൈലൈസ്ഡ് അഭിനയത്തിന്റെ അവാച്യമായ ഭംഗി എന്താണെന്ന് ഈ സിനിമ കാണിച്ചുതരുന്നു. ഷേക്സ്പിയറിന്റെ മാക്ബെത്തിന്‌ ലോകത്ത് അനവധി അനുവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും മെച്ചമായിരുന്നത് ‘ത്രോൺ ഓഫ് ബ്ലഡ്’ ആണെന്ന് നിസ്സംശയം പറയാം. കൾച്ചറൽ മെറ്റഫറുകളെ സിനിമാഖ്യാനത്തിൽ നന്നേ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.


ഡോ.ജോസ് .കെ.മാനുവൽ




ഭാഷാപോഷിണി 2017 മാർച്ച് ലക്കം 3 ൽ എഴുതിയ സൈബർ ആധുനികതയും മലയാളിയും എന്ന ലേഖനം മലയാള ഭാഷാവ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ലേഖനമാണ്‌. ഉത്തരാധുനികതയ്ക്ക് അപ്പുറം നാം ഇന്ന് സൈബർ ആധുനികതയിൽ എത്തിനിൽക്കുകയാണ്‌. സൈബർ ആധുനികത മലയാള ഭാഷയിലും സംസ്കാരത്തിലും സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും അതിന്റെ നാനാതരത്തിലുള്ള പ്രശ്നങ്ങളും ഈ ലേഖനത്തിൽ ജോസ്.കെ.മാനുവൽ സാർ നന്നായി വിശകലനം ചെയ്തിട്ടുണ്ട്. ഈ സാങ്കേതികവിദ്യകളുടെ ആധിക്യം കാരണം ജീവിതം പൊറുതിമുട്ടി എന്ന് ചിന്തിച്ച് കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്തൊരാളാണ്‌ ഞാൻ. മാനുവൽ സാർ അങ്ങനെയൊരാളല്ല. ഇതിന്റെ അനന്തസാധ്യതകളിൽ അഭിരമിക്കുന്ന ഒരാളാണ്‌. സിനിമയെക്കുറിച്ചും സൈബർ സാങ്കേതികവിദ്യകളെക്കുറിച്ചും അതിന്റെ ഭാഷാപരവും സൗന്ദര്യാത്മകവുമായ പ്രശ്നങ്ങളെക്കുറിച്ചും ഉയർന്ന ചിന്തകൾ അവതരിപ്പിക്കുന്നത് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ ഗുണം ചെയ്യും.


പ്രണയമരത്തിലെ പൂക്കൾ - റസീന കടേങ്ങൽ




കണ്ണൂർ പായൽ ബുക്സ് പുറത്തിറക്കിയിരിക്കുന്ന കവിതാസമാഹാരമാണ്‌ റസീന കടേങ്ങലിന്റെ ‘പ്രണയമരത്തിലെ പൂക്കൾ’. മലയാള കവിതയുടെ ഭാവുകത്വ നിർമ്മിതിയിൽ ഈ കവിതകൾ പുതിയ ഒരധ്യായമാണ്‌ എഴുതി ചേർത്തിരിക്കുന്നത്. പ്രണയം കേന്ദ്രപ്രമേയമായി വരുന്ന ഈ സമാഹാരത്തിലെ കവിതകൾ ജീവിതവും സാമൂഹ്യപ്രശ്നങ്ങളുമെല്ലാം തികച്ചും പുതിയതായ കാവ്യബിംബങ്ങളിലൂടെ വലിയൊരു കാവ്യാനുഭവം തന്നുകൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലളിതസുന്ദരദീപ്തമാണ്‌ ഓരോ കവിതകളും. മലയാള കാവ്യലോകാനുഭവത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാവ്യസമാഹാരാമാണിത്. ആലപ്പുഴയിൽ എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ കവി കുരീപ്പുഴ ശ്രീകുമാർ ആണ്‌ പ്രകാശനകർമ്മം നിർവ്വഹിച്ചത്. മലയാള സാഹിത്യം പ്രതീക്ഷയോടെയാണ്‌ റസീനയെ ഉറ്റുനോക്കുന്നത്.


പി.വിശ്വംഭരൻ-ആദർശവാദിയായ രാഷ്ട്രീയനേതാവ്


കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.വിശ്വംഭരൻ. അദ്ദേഹം രണ്ട് തവണ എം.എൽ.എ യും ഒരുതവണ എം.പി യും ആയി. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. വിശ്വംഭരന്റെ മരണത്തോടുകൂടി നിർമ്മല രാഷ്ട്രീയവ്യക്തിത്വത്തിന്റെ ഒരു കണ്ണിയാണ്‌ അടർന്നുമാറിയത്.


യു.കെ.കുമാരൻ - വയലാർ അവാർഡ്



യു.കെ.കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപ'ത്തെ ക്കുറിച്ച് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുള്ളതാണ്‌. ദേശചരിത്രം പ്രതിപാദിക്കുന്ന ഈ നോവൽ അൽപം താമസിച്ചാണെങ്കിലും വയലാർ അവാർഡിന്‌ തെരഞ്ഞെടുത്തത് സന്തോഷകരമാണ്‌. നോവലിന്റെ ആഖ്യാനത്തിൽ സ്ഥലരാശി വളരെ നിർണ്ണായകമാണ്‌. അതുകൊണ്ടാണ്‌ ദേശകേന്ദ്രീകൃതമായ നോവലുകൾ വായനക്കാരെ ഏറെ സ്വാധീനിക്കുന്നത്.


ജോയിക്കുട്ടി പാലത്തുങ്കൽ

കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ മലയാള അധ്യാപകനും എഴുത്തുകാരനുമായ ജോയിക്കുട്ടി പാലത്തുങ്കലിന്റെ മരണം സാംസ്കാരിക കേരളത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹം എഴുതിയ 'കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം' നമ്മുടെ സാഹിത്യപഠനശാഖയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരോടൊപ്പം സംസ്കാരജാലകവും അനുശോചിക്കുന്നു. കേരളത്തിലെ പ്രഗത്ഭരായ പല മലയാളം പ്രൊഫസർമാരും കേരളത്തിന്റെ സാംസ്കാരികജീവിതത്തിന്‌ നൽകിയ വിലപ്പെട്ട സംഭാവനകൾ ഗവേഷണപഠനത്തിന്‌ വിഷയമാക്കേണ്ടതാണ്‌.

സംക്രമണം - ആറ്റൂർ രവിവർമ്മ




മലയാളത്തിലെ അസാധാരണമായ ഒരു കവിതയാണ്‌ ആറ്റൂർ രവിവർമ്മയുടെ 'സംക്രമണം'. ഭാഷയെ അസാധാരണമായി അപരിചയവത്കരിച്ചുകൊണ്ടാണ്‌ ആറ്റൂർ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പെണ്ണിന്റെ സഹനത്തിന്‌ ഭാഷ കൊണ്ടൊരു ശിൽപം നിർമ്മിച്ചെടുക്കുകയാണ്‌ കവി. ആ കൊത്തുപണിക്ക് കവിക്ക് ഒരു പൂർവ്വസൂരി ഉണ്ടെങ്കിൽ അത് ഇടശ്ശേരിയല്ലാതെ മറ്റാരുമല്ല.


ഓംപുരിക്ക് അനുശോചനം





ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു ഓംപുരി. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. കച്ചവടസിനിമകളിലും ആർട്ട് സിനിമകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. അണഞ്ഞുപോയ ഈ കലാദീപത്തിനു മുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു.


ഇനിയും പാടുന്നു - ചവറ.കെ.എസ്.പിള്ള




ഈ അടുത്ത സമയത്ത് വായിച്ച ഏറ്റവും മികച്ച ഒരു കവിതയാണ്‌ ചവറ.കെ.എസ്.പിള്ളയുടെ ‘ഇനിയും പാടുന്നു’ (ജനയുഗം വാരാന്തപ്പതിപ്പ്, 23 ഏപ്രിൽ 17). കവിക്ക് ആരാധകരർപ്പിക്കുന്ന സ്നേഹത്തിന്റെ മഹനീയമായ സൂചനകൾ നൽകിക്കൊണ്ടാണ്‌ കവിത ആരംഭിക്കുന്നത്. അധ:സ്ഥിതരുടെ വിമോചനം, പരിസ്ഥിതിയോടുള്ള ജാഗ്രത, ദളിതരോടുള്ള പ്രതിബദ്ധത എല്ലാം കവി കവിതയിലൂടെ അരക്കിട്ടുറപ്പിക്കുകയാണ്‌. മർദ്ദിതരുടെ വിമോചനത്തിനു വേണ്ടിയുള്ള ചുവന്നദർശനത്തിന്റെ പോരാട്ടത്തോടൊപ്പമാണ്‌ കവി എപ്പോഴും. അവർക്ക് വേണ്ടി കവി ഒരുപാട് പാടിക്കഴിഞ്ഞു. കവിയുടെ പ്രതിഭ ക്ഷീണിച്ചിട്ടില്ല. ഇനിയും അവർക്കുവേണ്ടി പാടാൻ കവി മനസ്സിനെ തയ്യാറാക്കുന്നുണ്ട്. കമ്മ്യൂണിസത്തിനുണ്ടായ പിളർപ്പ് കവിമനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ട് എന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഇടതുപക്ഷരാഷ്ട്രീയം ശ്രദ്ധയോടെ വായിക്കേണ്ട കവിതയാണിത്. അതുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം, ഇടതുപക്ഷരാഷ്ട്രീയം കലയുടെ പ്രവചനങ്ങൾക്ക് ചെവി കൊടുക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. കവിതയുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കുന്ന ഉന്നതമായ ചില ഉപദർശനങ്ങളും കവിതയിലുണ്ട്.

ഒന്നുണ്ട് പ്രാർത്ഥന, വഴിവാണിഭത്തി
കെണിയിൽ തളയ്ക്കല്ലേ കാവ്യകലയെ
കൊടിമന്ദിരത്തിൽ കുടിയിരുത്തല്ലേ
കുടിലതന്ത്രത്താൽ വകവരുത്തല്ലേ
ഇനിയും പാടുന്നു മാനവാത്മാവിലെ
കൊടിയ ദുഖത്തിൻ ദുരിതാനുസാരി
ഇനിയും പാടുന്നു വന്നുദിയ്ക്കുന്നൊരു
കുങ്കുമപ്പുലരിതൻ സങ്കീർത്തനങ്ങൾ.

ചുവന്നദർശനത്തോടുള്ള അനന്തമായ പ്രതിബദ്ധതയുടെ നിത്യനിരാമയ സ്മാരകമാണ്‌ ഈ കവിത. ചവറ.കെ.എസ്.പിള്ള സാറിന്‌ സംസ്കാരജാലകത്തിന്റെ അനുമോദനങ്ങൾ. ഈ കവിത എന്നെ ചവറ കെ.എസ്.പിള്ള എന്ന കവിയുടെ കാലാതിവർത്തിയായ ഒരു ആരാധകനാക്കി മാറ്റുന്നു.

ജഗന്നാഥവർമ്മയ്ക്ക് പ്രണാമം




ചലച്ചിത്ര-സീരിയൽ നടനും കഥകളിനടനും ചെണ്ടവാദകനുമായ ജഗന്നാഥവർമ്മയുടെ വിയോഗം കേരളീയ കലാലോകത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. അഞ്ഞൂറോളം ചലച്ചിത്രങ്ങളിൽ വേഷമിട്ട വർമ്മ മലയാളസിനിമയ്ക്ക് വലിയ സംഭാവനകളാണ്‌ നൽകിയിട്ടുള്ളത്. വർമ്മയുടെ ആകാരം പോലെ അഭിനയവും ഗൗരവത്തിന്റെ ഭാഷയിലുള്ളതാണ്‌. അതുകൊണ്ടാണ്‌ പ്രതിനായകനായും അദ്ദേഹത്തിന്‌ ശോഭിക്കാൻ കഴിഞ്ഞത്. സ്വഭാവനടനെന്ന നിലയിൽ സവിശേഷതയാർന്ന അഭിനയലോകവും അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.


ചാനലുകൾ മരുന്നുകൾ കുറിക്കരുത്.

ഉത്തരാധുനികലോകം പരസ്യങ്ങളുടെ ഒരു ലോകം കൂടിയാണ്‌. പരസ്യങ്ങളുടെ രാഷ്ട്രീയം സംസ്കാരജാലകം ഒരുപാടെഴുതിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്‌ ടി വി ചാനലുകളിൽ വരുന്ന ഔഷധങ്ങളുടെ പരസ്യം. ആയുർവേദ-അലോപ്പതി മരുന്നുകളുടെ ധാരാളം പരസ്യങ്ങൾ ചാനലുകളിൽ വരുന്നുണ്ട്. കബളിപ്പിക്കപ്പെടുന്ന വിഡ്ഢികളായ കാണികൾ ഇതെല്ലാം വാങ്ങിച്ച് നിർലോഭം ഉപയോഗിക്കുകയാണ്‌. നമ്മുടെ ആരോഗ്യവകുപ്പ് ഈ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധിക്കണം. മരുന്നുകൾ കുറിക്കേണ്ടത് ഡോക്ടർമാരാണെന്നും ചാനലുകൾക്ക് അതിന്‌ അധികാരമില്ലെന്നും നമ്മുടെ ആരോഗ്യവകുപ്പ് ഇനിയെങ്കിലും മനസ്സില്ലാക്കേണ്ടതല്ലേ?

O