Monday, January 19, 2015

പഴയ ജോൺ

കഥ
എബി.ജെ.സക്കറിയാസ്‌













       'ജീവിതത്തിലെ എല്ലാ വലിയ സന്തോഷങ്ങൾക്കും വെറും ഏഴുദിവസങ്ങൾ മാത്രമേ ആയുസ്സുള്ളു. ദുഃഖങ്ങൾക്കോ? അറിയില്ല. കാരണം ചില ദു:ഖങ്ങൾ ആയുസിന്റെ പുസ്തകങ്ങളാണ്‌.'

ഇന്ന് അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാവും. ചാരാൻ മറന്ന ജനൽവാതിലിലൂടെ തന്നെ നോക്കുന്ന ചുവന്നുതുടുത്ത സൂര്യന്‌ പറയാൻ ഒരു പുതിയ ദിവസത്തിന്റെ കഥയുണ്ടായിരിക്കവേ, ഇന്നലെ രാത്രിയിൽ കിടക്കുംമുമ്പ്‌ അയാൾ എഴുതിയ ആ ഡയറിക്കുറിപ്പിലേക്ക്‌ വെറുതെ കണ്ണുപായിച്ചു.

ചില ചിന്തകൾ അങ്ങനെയാണ്‌. പലപ്പോഴും അനുവാദം ചോദിക്കാതെ വിരുന്നു വരുന്ന അതിഥികൾ. വൈമനസ്യം കൂടാതെ, അവയെ തീയതികൾ എന്നോ മറന്ന തന്റെ ഡയറിയുടെ താളുകളിലേക്ക്‌ സ്നേഹത്തോടെ സ്വീകരിക്കും. അവർക്ക്‌ പാർക്കാൻ നനുത്ത വരികളുടെ മേൽ അക്ഷരങ്ങൾ കൊണ്ട്‌ അനേകം കണ്ണാടിമാളികകൾ പണിതുനൽകും. ഇടയ്ക്ക്‌ വെറുതെ അവരെ സന്ദർശിക്കും. ഓർമകളാണ്‌ എന്നും കൂടെ നിൽക്കുന്ന, ഒരിക്കലും പിണങ്ങാത്ത ചങ്ങാതിമാർ.

ഇന്നത്തെ ദിവസത്തിന്‌ ഏറെ പ്രത്യേകതകളുണ്ട്‌. 

ഏഴുദിവസത്തെ കാത്തിരിപ്പിന്‌ ശേഷം അവൾ വരുന്നു.

"അമ്മയ്ക്കൊരു സമ്മാനമാവട്ടെ തന്റെ വരവ്‌, അല്ലേ..?"

"പക്ഷെ ജോൺ...?"

"എന്ത്‌ പക്ഷെ? താൻ വരുന്നു... ഇങ്ങോട്ട്‌. ഇനി ബാലൻസുള്ള ലൈഫ്‌ നമുക്കങ്ങ്‌ ഒരുമിച്ചു ജീവിച്ചു തീർക്കാടോ."

"അമ്മ... അച്ഛൻ... അവർക്കൊക്കെ വിഷമമാവില്ലേ..."

"മൈ ഡിയർ കൊമ്രേഡ്‌, ഇന്നേയ്ക്ക്‌ ഏഴു ദിവസങ്ങൾക്കപ്പുറം നിന്റെ നെറ്റിയിൽ ഞാനൊരു അഷുറൻസിന്റെ ചുവന്നപൊട്ടങ്ങ്‌ തൊടും. പിന്നെ അമ്മയും അച്ഛനും-അത്രയ്ക്കങ്ങ്‌ കൊച്ചാക്കല്ലേ...! സ്ഥിരം മുഖംകുത്തിവീർപ്പിക്കൽ കഥാപാത്രങ്ങളൊന്നുമല്ലടോ അവർ. ഫാർ ടൂ സെൻസിബിൾ."

അലിസ്റ്റർ കൺസൾട്ടൻസി സർവ്വീസിലെ ശീതീകരിച്ച ഓഫീസ്‌ മുറികളിലൊന്നിൽവെച്ച്‌ ഇനിയും മഞ്ഞു പെയ്തു തുടങ്ങാൻ മടിച്ച ഒരു ഡിസംബർ ദിവസം അവർ കണ്ടുമുട്ടി. പ്രൊജക്ട്‌ കോ-ഓർഡിനേറ്റേഴ്സ്‌, സിസ്റ്റം അനലിസ്റ്റ്‌ ടീം- അങ്ങനെ ഒരുമിച്ചു പിറകിലാക്കിയ കോർപ്പറേറ്റ്‌ അസൈൻമെന്റുകളുടെ ആലസ്യം നിറംകെടുത്തിയ രാപ്പകലുകളിൽ അറിയാതെ പരിണമിച്ച, പരിചയത്തിനുമപ്പുറം ശ്വാസഗതികളെപ്പോലും ഹൃദയംകൊണ്ടകലെ നിന്ന് തൊട്ടറിയാൻ കഴിയും വിധം സാന്ദ്രമായ ബന്ധത്തിന്റെ പുതിയ ഭാവം സ്വയം ഉൾക്കൊണ്ടു.

കാൻഡിൽ ലൈറ്റ്‌ ഡിന്നറിന്റെ സ്വർണ്ണവെളിച്ചത്തിൽ, ലോകം മുഴുവൻ കാലത്തിന്റെ ചെറിയ സൂചിക്കൈ പന്ത്രണ്ടാം അക്കം തൊട്ട്‌ നമിച്ചു കടന്നുപോവുന്നതും കാത്തിരുന്ന ന്യൂഇയർ ഈവിന്റെ അവസാന നിമിഷങ്ങളിലൊന്നിൽ, വെളുത്ത വെൽവെറ്റ്‌ മേശവിരിപ്പിൽ വിശ്രമിച്ച അവളുടെ കൈയിലേക്ക്‌ താണിറങ്ങിയ വിരലുകൾ പകർന്ന വിറയാർന്ന തണുപ്പിൽ കുതിർന്ന ചോദ്യം; "വെൽ...! മിസ്‌ ഹിമ, വിൽ യു മാരി മീ...?"

ഞെട്ടലിന്റെ നിമിഷങ്ങളിൽ മനുഷ്യൻ പലപ്പോഴും ഉള്ളിലെ വിചാരങ്ങളിൽ നിന്നും മുഖത്തെ മറയ്ക്കാൻ മറന്നുപോവാറുണ്ട്‌. ആ ചോദ്യം തീർത്ത ആശ്ചര്യത്തിന്റെ ഒരു നിമിഷായുസ്സുള്ള ഞെട്ടൽ. പക്ഷെ മനസിൽ എവിടെയോ അങ്ങനെയൊരു ചോദ്യം അറിയാതെ പ്രാർത്ഥനയായി കുറിച്ചിട്ടിരുന്നു എന്ന വസ്തുത മിഴിവാർന്ന കണ്ണുകളിലെ തിളക്കത്തെ നിയന്ത്രിക്കാൻ കഴിയാത്തവണ്ണം ബോധത്തിന്റെ പിടിയിൽനിന്നും വഴുതിപ്പോയി.

പെട്ടെന്ന് മുഖം മങ്ങി.

"നോക്ക്‌ ഹിമ, ഇന്നലെ താൻ ആരായിരുന്നു എന്നെനിക്കറിയണ്ട. ജീവിതത്തിൽ തനിച്ചായിട്ടും താൻ കാണിച്ച ഗട്ട്സ്‌... തന്റേടം, പഠിച്ചിത്രേം വരെയെത്താൻ താൻ കാണിച്ച ധൈര്യം. അങ്ങനെയൊരു മനസ്സിനായി തിരച്ചിൽ തുടങ്ങിയിട്ട്‌ കാലമേറെയായി. പിന്നെ, ഡോണ്ട്‌ എക്സ്പെക്ട്‌ മീ ടു പ്ലേ സെന്റിമെന്റ്സ്‌. ലോകത്താരും താൻ ഈ പറയുന്ന പോലെ അനാഥരല്ല."

"തിങ്ക്‌ പ്രാക്ടിക്കലി ജോൺ! താനെന്താ തമാശ പറയുവാണോ? ഒഫ്‌ കോഴ്സ്‌... ഐ ഹവ്‌... ഐ മീൻ.... നമ്മൾക്ക്‌ രണ്ടുപേർക്കും മാന്യമായൊരു ജോലിയുണ്ട്‌. പരസ്പരം...."

"പരസ്പരം...? മ്‌ എന്താ നിർത്തിയെ..?"

"സീ, ഞാൻ പറഞ്ഞത്‌ അങ്ങനെ ചില കോമണാലിറ്റീസ്‌... അതല്ലാതെ വേറൊന്നുമില്ല. ഫോർ എ മാച്ച്‌."

"താൻ പറഞ്ഞത്‌ ശരിയാണ്‌. ബിഗ്‌ ജോബ്‌. സോഷ്യൽ സ്റ്റാറ്റസ്‌. എലൈറ്റ്‌ ക്ലാസ്‌ സൊസൈറ്റിയുടെ പുളിച്ചുതികട്ടൽ കോൺസെപ്റ്റ്സ്‌.... എല്ലാം കൂട്ടിയും ഗുണിച്ചും ഒരു പതിവു ജീവിതത്തിലേക്ക്‌ എനിക്കു വേണേൽ മാറാം. ശരിയാണ്‌. പക്ഷെ, ഒരുപാട്‌ എന്തൊക്കെയോ... അല്ലെങ്കിൽ ഈ സമൂഹം പറയുന്ന മാനദണ്ഡങ്ങൾ എല്ലാം ആവശ്യത്തിലും അധികം പേറുന്നവർ തമ്മിൽ കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നാൽ.... പിന്നെ ഈ ജീവിതത്തിന്‌ എന്താടോ ഒരർത്ഥമുള്ളത്‌? അച്ഛൻ, അമ്മ, ഫാമിലി...! ദൈവം പലതും തരുന്നത്‌ അത്‌ എല്ലാം ഉള്ളവർ തമ്മിൽ കൊടുത്തും വാങ്ങിയും ബോറടിക്കാനല്ല. ചിലർക്ക്‌ പാതി പകുത്ത്‌ നൽകാൻ കൂടിയാണ്‌. അതാണ്‌ എന്റെ ഫിലോസഫി."

നാട്ടിലേക്ക്‌ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫറിൽ വെറുതെ പിണക്കം ഭാവിച്ച്‌ യാത്രയായതിനും പന്ത്രണ്ട്‌ രാത്രികൾക്കപ്പുറം ഒന്നിൽ വന്ന ടെക്സ്റ്റ്‌ മെസേജ്‌ അവർക്കിടയിലെ മൗനത്തെ മഴപോലെ പെയ്തലിയിച്ചു.

"ജോൺ."

"ഹിമ."

"ഞാൻ വരുന്നു, നെക്സ്റ്റ്‌ മൺഡേ"

"അമ്മയ്ക്കൊരു സമ്മാനമാവട്ടെയല്ലേ, തന്റെ വരവ്‌."

ഇന്ന് സെപ്റ്റംബർ ഏഴ്‌. തിങ്കളാഴ്ച.

"ഓഫീസില്ലേടാ..?" അമ്മ.

"ഇന്ന് ലീവാക്കി.." ചിരിയിൽ എല്ലാം ഒതുക്കാൻ പ്രയാസപ്പെട്ടു.

"തിങ്കളാഴ്ചയായിട്ട്‌ ലീവാക്കിയോ...?" പത്രത്തിൽ നിന്നുമുയർന്ന പാതികണ്ണടച്ചില്ലിലൂടെ നീട്ടിയ നോട്ടത്തോടെ അച്ഛൻ.

"മ്‌... അതൊക്കെയുണ്ട്‌. ങ്‌ ഹാ... അമ്മയ്ക്കൊരു ഗിഫ്റ്റ്‌ ഉണ്ടാവും വരുമ്പോൾ...! ഹാപ്പി വെഢിംഗ്‌ ആനിവേഴ്സറി, ലവ്‌ ബേഡ്സ്‌..!" ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത.

"അമ്പടാ... ഒരു സമ്മാനം മേടിക്കാനാണോ നീ അവധിയെടുത്തെ...?" ഒരു കുസൃതിക്കുട്ടിയുടേതുപോൽ അകാംക്ഷ മറയ്ക്കാൻ മറന്ന അമ്മയുടെ സംശയം.

"മ്‌.. വെയ്റ്റ്‌ ആൻഡ്‌ സീ.."

കാർ മുമ്പോട്ട്‌ നീങ്ങി. ഗേറ്റ്‌ കടന്ന് റോഡിലെ തിരക്കിലേക്ക്‌ ലയിച്ച ശേഷമാണ്‌ ഓർത്തത്‌. പതിവായി നെറ്റിയിൽ അമ്മ തരാറുള്ള സ്നേഹത്തിന്റെ നനവുള്ള ഉമ്മ ഇന്ന് മറന്നിരിക്കുന്നു.

"ശ്ശേ...!"

ട്രെയിൻ വരുന്നത്‌ ഒൻപതരയ്ക്കാണ്‌.

"ഹലോ.."

"ജോൺ.." ഹിമ.

"എത്തിയോ..?"

"ജസ്റ്റ്‌ ലാൻഡഡ്‌...! എവിടാ?"

"ശ്ശൊ... എടോ താൻ ഒരൽപം വെയിറ്റ്‌ ചെയ്യ്‌. മുടിഞ്ഞ ട്രാഫിക്‌! പെട്ടുകിടക്കുവാ... ഒരു അഞ്ച്‌ അല്ല, മാക്സിമം ഫിഫ്റ്റീൻ മിനിട്സ്‌... ഞാനെത്തും ഓക്കേ..? അയാം റിയലി സോറി.. ശ്ശെ..!"

"ഓക്കേ... കൂൾ! വേഗം വരണേ... എനിക്കാണേൽ ഇവിടൊന്നും പരിചയവുമില്ല."

"താനാ കോഫിപബ്ബിൽ നിന്നും ഒരു കാപ്പി കുടിക്കുന്ന താമസം. ദാറ്റ്സ്‌ ഓൾ. ഇപ്പോ എത്തും."

"ഓ, ശരി സർ..." മറുതലയ്ക്കലെ ശബ്ദത്തിലെ ആകംക്ഷയുടെ അളവറിഞ്ഞ്‌ അവൾ ഒരു ചിരിയോടെ പറഞ്ഞു. "ങാ, പിന്നെ പതുക്കെ; ഡ്രൈവ്‌ കെയർഫുള്ളി. ഞാനിവിടെത്തന്നെ ഉണ്ട്‌. ആരും പിടിച്ചോണ്ടൊന്നും പോവില്ലേ കേട്ടോ."

"യെപ്‌. വെക്കട്ടെ." ചുവന്ന കീ അമർത്തവേ ദൂരെ സിഗനലിൽ തെളിഞ്ഞ പച്ചനിറം. ചുറ്റും തിങ്ങുന്ന ഹോൺ ശബ്ദങ്ങൾ. ക്ഷമ നശിച്ച എഞ്ചിനുകളുടെ മുരൾച്ച.

എല്ലാം തീരുമാനിച്ച്‌ വന്നിരിക്കുകയാണ്‌. എനിക്കായി. ലോകത്ത്‌ അവൾക്ക്‌ വേറെയാരുമില്ല. പരിചയക്കാരില്ല... സ്വന്തങ്ങളും ബന്ധങ്ങളും... ഇല്ല... എല്ലാം, എല്ലാം കൊടുക്കണം... യെസ്‌.

വലതുവശത്തുനിന്നും കാതടിപ്പിക്കുന്ന എയർഹോൺ ശബ്ദം. കാഴ്ച ഒരു നിമിഷം ആഞ്ഞടുക്കുന്ന ആ ശബ്ദത്തിലേക്ക്‌ നീണ്ടു. വലിയൊരു നിഴൽ വന്നടിച്ച പ്രകമ്പനത്തിൽ പലതവണ തകിടംമറിഞ്ഞ ഇരുമ്പുപെട്ടിക്കുള്ളിൽ എവിടെയൊക്കെയോ ചെന്നിടിച്ചു. മുഖങ്ങൾ. ഒരു ജീവിതം മുഴുവൻ ഒന്നോ രണ്ടോ നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലൂടെ മിന്നിമറഞ്ഞു. മെല്ലെ, കാഴ്ച മങ്ങി. മനസ്‌ ശൂന്യം. കേൾവികളും ദൃശ്യങ്ങളും... എല്ലാം ശൂന്യം.

"ഹലോ ജോൺ, ഗുഡ്‌മോണിംഗ്‌."

"ഹായ്‌ ഡോക്ടർ, മോണിംഗ്‌."

"യൂ ഫൈൻ..? വേദനയെങ്ങനെയുണ്ട്‌...?"

"കുറഞ്ഞു. പക്ഷെ.... എനിക്കങ്ങോട്ട്‌ ഒന്നും..."

"ഏയ്‌... ഡോണ്ട്‌ വറി മാൻ! വിശ്രമിച്ചോളൂ. അതാണിപ്പോ പ്രധാനം. ആൻഡ്‌ ജോൺ, ജസ്റ്റ്‌ ഗിവ്‌ എ ട്രൈ. വായിക്കാൻ പറ്റുമോന്ന്..."

അതു പറഞ്ഞുകൊണ്ട്‌ അയാൾ കട്ടിലിനോട്‌ ചേർന്ന ചെറിയ ഷെൽഫിൽ നിന്നും ഒരു പത്രമെടുത്ത്‌ എന്റെ കൈയിലേക്ക്‌ തന്നു.

"ഒന്നു നോക്കിക്കേ. വായിക്കാൻ പറ്റുമോന്ന്..."

"സെ.. സെപ്തംബർ.."

"യെസ്‌... ഗുഡ്‌! ട്രൈ..."

"ഏഴ്‌... സെപ്തംബർ ഏഴ്‌..."

"ഓക്കെ ഗ്രേറ്റ്‌, ഇനി ആ ന്യൂസ്‌ ലൈൻ വായിച്ചേ... കമോൺ... ഡോണ്ട്‌ സ്ട്രെയിൻ, മെല്ലെ..."

"തലസ്ഥ... തലസ്ഥാനത്ത്‌ വൻ ബോംബ്‌.. സ്പ്‌... സ്ഫോടനം... മരണം..."

"ആ ഡിജിറ്റ്സ്‌ വായിച്ചേ, പറ്റുന്നില്ലേ?"

"യെസ്‌... യെസ്‌.. മരണം 4... 49!!"

"ദാറ്റ്സ്‌ ഇറ്റ്‌. ഗുഡ്‌ ജോബ്‌. സാധാരണ ഇങ്ങനെയൊരു ട്രോമ കണ്ടീഷനിൽ... ഐ മീൻ മെമ്മറി ലോസിനൊപ്പം ... ചിലപ്പോൾ, ചിലപ്പോൾ മാത്രം, വായിക്കാൻ ലെറ്റേഴ്സ്‌ ഡിജിറ്റ്സ്‌ ഒക്കെ പറ്റാതെ വരും. പക്ഷെ യു ആർ ഫൈൻ."

"അപ്പോ എന്റെ ഓർമ...? എനിക്ക്‌... ഞാൻ...!?"

"ലെറ്റ്സ്‌ ഹോപ്‌ ഫോർ ദി ബെസ്റ്റ്‌ മാൻ. വിഷമിക്കയേ ചെയ്യരുത്‌. പെട്ടെന്നതങ്ങ്‌ പോയി. ഉറങ്ങിക്കിടപ്പുണ്ട്‌ , തന്റെ ഉള്ളിൽത്തന്നെ. ഒരു ദിവസം അത്‌ ഉണരുമായിരിക്കും... ഒക്കേ?"

അത്രയും പറഞ്ഞയാൾ എന്റെ തോളിൽ തട്ടി തിരിഞ്ഞു നടക്കാൻ തുനിഞ്ഞു.

"ഡോക്ടർ, ഇന്നെന്താ തീയതി...?"

"ഇറ്റ്സ്‌ സെപ്റ്റംബർ 14."

"ഞാൻ എന്നായിരുന്നു..? എത്ര നാളായി ഞാൻ...?"

"വൺ വീക്ക്‌. അന്നത്തെ പത്രമാണ്‌ ജോണിപ്പോൾ വായിച്ചത്‌."

"അപ്പോ... ഈ ബോംബ്‌.... എന്താ സംഭവിച്ചത്‌...എവിടാ?"

"ങാ, ആക്ച്വലി, ഒരു ചെറിയ... ചെറിയതല്ല, അൽപം സീരിയസ്‌ ആയ ഒരു ക്രൈസിസ്‌ ഉണ്ടായി അന്ന്. ജോൺ ആക്സിഡന്റ്‌ ആയി ഒരു അരമണിക്കൂർ കഴിഞ്ഞു. എ ബോംബ്‌ എക്സ്പ്ലോഷൻ. സെൻട്രൽ സ്റ്റേഷനിൽ. കുറച്ചുപേർ മരിച്ചു. ബട്ട്‌, ദൈവം തന്നെ രക്ഷിച്ചെടോ. തനിക്ക്‌ ഭാഗ്യമുണ്ട്‌. ആക്സിഡന്റ്‌ സ്പോട്ടിൽ നിന്നും കഷ്ടി ഒരു 200 മീറ്റേഴ്സ്‌... താൻ സ്റ്റേഷനിലേക്കുള്ള ജംഗ്ഷനിൽ വെച്ചാ...! ദൈവം രക്ഷിച്ചു. സ്റ്റേഷനിലേക്ക്‌ കയറിയിരുന്നെങ്കിൽ... ചിലപ്പോ..!"

"ഞാൻ... ഞാനെന്തിനാ അവിടേക്ക്‌ പോയത്‌...?"

"ഇപ്പോ ഒന്നും ആലോചിക്കണ്ട. അത്‌ പഴയ ജോണിന്‌ മാത്രം അറിയാവുന്ന എന്തോ കാര്യമാ. അയാൾ തിരിച്ചു വരുമ്പോൾ നമുക്ക്‌ ചോദിക്കാം... ല്ലേ?"

അപ്പോൾ വാതിൽ കടന്ന് അവർ രണ്ടുപേരും വന്നു.

"ആഹാ, അമ്മയും അച്ഛനും എത്തിയല്ലോ. സോ, ജോൺ ടേക്ക്‌ റെസ്റ്റ്‌. ഞാൻ പിന്നെ വരാം."

അച്ഛൻ എന്നു പറയുന്ന വൃദ്ധനോട്‌ ഡോക്ടർ എന്തോ പറയുന്നു. ഈ സ്ത്രീ ആരാണ്‌? എന്റെ അമ്മ...? ശരിയാവാം. പക്ഷെ എന്റെ കൈയിൽ അവർ തലോടുമ്പോൾ എന്തോ ഒരുതരം തണുപ്പ്‌. അവരിപ്പോൾ എന്റെ കൈയിൽ ഉമ്മവെച്ചു.

"എന്റെ കുട്ടനൊന്നുമില്ല കേട്ടോ..."

ആരാണിവരൊക്കെ..? അച്ഛൻ, അമ്മ, ഡോക്ടർ.

അമ്മ. അമ്മയെന്തോ സമ്മാനത്തിന്റെ കാര്യം പറയുന്നു. എന്താണത്‌? എന്റെ കൈയ്യിലെ പത്രത്തിൽ കുറേപ്പേരുടെ പടങ്ങൾ ഉണ്ട്‌. ചിന്നിച്ചിതറിയ കെട്ടിടാവശിഷ്ടങ്ങൾ. ആരാണിവരൊക്കെ...? ഞാനന്തിന്‌ അവിടെപ്പോയി..? അറിയില്ല, എനിക്കൊന്നും അറിയില്ല. അവരിൽ ആരെങ്കിലും എന്നെ അറിയുമായിരുന്നോ...?

ജോൺ കണ്ണുകൾ മെല്ലെ അടച്ചു.

അയാൾ വിശമിക്കട്ടെ. കാലത്തിന്റെ കൈത്തെറ്റുകളെ മനുഷ്യൻ വിധിയെന്ന് വിളിച്ച്‌ മറക്കാൻ ശ്രമിക്കുമ്പോൾ, ചിലർ അവരുടെ പ്രിയപ്പെട്ട ഓർമകളിലേക്ക്‌ തിരികെ വഴുതാൻ കൊതിക്കുന്നു. പഴയ മുഖങ്ങൾ, മണങ്ങൾ, നിറങ്ങൾ... അയാൾക്കതെല്ലാം ഒരു ജന്മത്തിന്റെ നഷ്ടങ്ങൾ. ഒരുകണക്കിനു അത്‌ നന്നായി. പക്ഷെ, അങ്ങനെ പറഞ്ഞുകൂടാ. ആ അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ, അവൾ!! പക്ഷെ...?

അയാൾ കൈയിലെ പത്രം മെല്ലെ വായിക്കുകയാണ്‌. ഓരോ ഫോട്ടോയും മാറിമാറി നോക്കുന്നു. അവരെയാരെയും അയാൾ അറിയില്ല. അയാൾക്ക്‌ അറിയാമായിരുന്ന ആ മുഖം അക്കൂട്ടത്തിൽ ഇല്ല. അവൾക്കായി തിരഞ്ഞുവരാൻ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ഒന്നുമില്ല. എല്ലാം പിന്നിൽ വെടിഞ്ഞ്‌ യാത്രയായവൾ, ആ മാംസക്കൂമ്പാരത്തിൽ എവിടെയോ. ചിലപ്പോൾ ആ പഴയ ജോൺ തിരികെ വന്നേക്കാം, എന്നെങ്കിലും. അതുവരെ ആരും അവരെ തിരഞ്ഞുവരില്ല. ഷിംലയിലെ ശീതക്കാറ്റു പോലും. കാരണം, അവരുടെ സ്നേഹം അവർക്കിടയിലെ ഏറ്റവും മനോഹരമായ രഹസ്യമായിരുന്നു.

ഓർമകൾ, സ്നേഹം, ഭയം, വെറുപ്പ്‌, പ്രണയം, മാത്സര്യം എല്ലാമെല്ലാം ഓർമ എന്ന പ്രഹേളികയുടെ ചിറകിലെ തൂവലുകളാണ്‌. തിരികെ വരാത്ത വിധം ദൂരേയ്ക്ക്‌ അകന്നു പോയാൽ, അവശേഷിക്കുന്നത്‌ ശൂന്യത മാത്രമാവും. ഞാൻ പ്രാർത്ഥിക്കുന്നു. എന്തോ കാരണത്താൽ അവരെ പിരിക്കാൻ തീരുമാനിച്ച പ്രകൃതിയോട്‌, ആ ശക്തിയോട്‌. പഴയ ജോൺ ഒരിക്കലും തിരികെ വരരുതേ എന്ന്. തിരികെ വന്നാൽ, ഈ കഥ മുഴുമിപ്പിക്കാൻ എനിക്കാവില്ല. 

ഓർമകൾ. ഓർമകളാണ്‌ ചുറ്റിലും. ഓരോന്നിലും...

ആ ഡയറിക്കുറിപ്പിന്റെ അർത്ഥം മെല്ലെ തെളിയുന്നു.

ഞാൻ ഈ അവസാനവരികൾ എഴുതുമ്പോഴേക്കും അയാൾ മറ്റൊരു വാർത്തയിലേക്ക്‌ വഴുതിയിട്ടുണ്ടാവും. ഓർമകളെ തിരയുന്ന ജോൺ ഒരോർമപ്പെടുത്തലായി മാറുന്നു.

O



Sunday, January 11, 2015

സത്യപാലൻ കൊല്ലപ്പെട്ടു

നാടകം
ടി.പി.അജയൻ



ടി.പി.അജയൻ



          (80-90 കളിൽ നാടകമത്സരവേദികളിലെ സജീവസാന്നിധ്യമായിരുന്നു ടി.പി.അജയൻ. നാടകത്തിന്റെ പുതുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അകാലത്തിൽ ജീവൻ പൊലിഞ്ഞ ടി.പി.അജയന്റെ ഓർമ പുതുക്കുന്നതിനായി കേളികൊട്ട്‌ കൂട്ടായ്മ അദ്ദേഹത്തിന്റെ നാടകങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്നു. സത്യപാലൻ കൊല്ലപ്പെട്ടു, നന്ദിഗ്രാമത്തിന്റെ പ്രജാപതി, പ്രകാശാത്മന്റെ വർത്തമാനം. ഏകാകിയുടെ പുരാവൃത്തം തുടങ്ങിയ നാടകങ്ങളിലൂടെ 80-90 കളിൽ മലയാള നാടകവേദിക്ക്‌ പുത്തൻ ദിശാബോധവും ഉണർവ്വും പകരാൻ അജയന്റെ നാടകങ്ങൾ നിമിത്തമായി. ഇതോടെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ചിറ്റുമല യുവകലാവേദിക്കു വേണ്ടി മൂവായിരത്തിലധികം വേദികളിൽ അജയൻ നാടകങ്ങൾ അവതരിപ്പിച്ചു. അക്കാലത്ത്‌ സ്കൂൾ-കോളേജ്‌ വേദികൾ അജയന്റെ നാടകങ്ങൾ കൊണ്ട്‌ സമ്പന്നമായിരുന്നു. കേണൽ ഗോദവർമ അവാർഡ്‌, സഫ്ദർ ഹഷ്മി അവാർഡ്‌, മംഗളം സാഹിത്യവേദി പുരസ്കാരം എന്നിവ നേടിയ അദ്ദേഹം 2004 ആത്മഹത്യ ചെയ്യുകയായിരുന്നു. പലയിടങ്ങളിൽ നിന്നും കണ്ടത്തിയ അദ്ദേഹത്തിന്റെ രചനകൾ കേളികൊട്ട്‌ കൂട്ടായ്മ സമാഹരിക്കുന്നു. അജയന്റെ രചനകൾ കൈവശമുള്ളവർ ബന്ധപ്പെടുക. അജിത്‌.കെ.സി - 9387177377)



സത്യപാലൻ കൊല്ലപ്പെട്ടു

ർട്ടൺ ഉയരുമ്പോൾ രംഗം ശൂന്യം. സദസ്യരുടെ ഇടയിൽ നിന്നും സത്യപാലനെ രണ്ടു ചെന്നായ്ക്കൾ ഓടിച്ചു കൊണ്ടുവരുന്നു. അവർ സ്റ്റേജിലെത്തുമ്പോൾ സ്റ്റേജിന്റെ ഇരുവശത്തു നിന്നും രണ്ട്‌ ചെന്നായ്ക്കൾ കടന്നുവരുന്നു. അവർ നാലുപേരും കൂടി സത്യപാലനെ ആക്രമിച്ചു കൊല്ലുന്നു. അപ്പോൾ അണിയറയിൽ നിന്നും വന്യമായ വായ്ത്താരി ഉയരുന്നു.

ചെന്നായ്ക്കൾ ചെന്നായ്ക്കൾ തിന്നുന്നു.
മനുഷ്യന്റെ സിദ്ധികൾ ചെന്നായ്ക്കൾ തിന്നുന്നു.
മനുഷ്യന്റെ മണ്ടകൾ മണ്ടകൾ
ചെന്നായ്ക്കൾ ചെന്നായ്ക്കൾ തിന്നുന്നു
മനുഷ്യന്റെ നാഭികൾ നാഭികൾ

ചെന്നായ്ക്കൾ ഓരിയിടുന്നത്‌ കേൾക്കാം.

(വെളിച്ചം തെളിയുമ്പോൾ വ്യാഖ്യാതാവ്‌ കടന്നുവരുന്നു.)

വ്യാഖ്യാതാവ്‌  - എന്താ ഇവിടൊരു ജനക്കൂട്ടം? ഓ, എല്ലാവരും സത്യപാലന്റെ മരണവാർത്ത അറിഞ്ഞു വന്നതായിരിക്കും... അല്ലാ എന്താ അവിടൊരു സംശയം? ഓ..സത്യപാലൻ ആരെന്നായിരിക്കും. പറയാം... ഞാൻ എല്ലാം പറയാം. നിങ്ങൾ എന്നോടൊപ്പം ഇവിടെ നിന്നും അരനാഴിക നടന്നാൽ നമുക്ക്‌ സത്യപാലന്റെ വീടെത്താം.

(വ്യാഖ്യാതാവ്‌ രംഗഭൂമിയിൽ നിശ്ചലനാകുന്നു. കോറസ്‌ സത്യപാലന്റെ വീടാകുന്നു)

വ്യാഖ്യാതാവ്‌ - നാഥൻ നഷ്ടപ്പെട്ട വീട്‌. ആരാണീ സത്യപാലൻ?

(വീടായി നിന്നവർ ആരാണ്‌ സത്യപാലൻ, ആരാണ്‌ സത്യപാലൻ എന്നു ചോദിച്ചുകൊണ്ട്‌ മറയുന്നു.) 

വ്യാഖ്യാതാവ്‌ - നിങ്ങളിലാരെങ്കിലുമായിരിക്കും. ജനസഹസ്രങ്ങളിൽ മുഖമില്ലാത്ത ഒരുവൻ. ഒരിക്കൽ തെരുവിലൂടെ അലഞ്ഞുനടന്ന സത്യപാലനെ രാജകിങ്കരന്മാർ പിടിച്ചുകെട്ടി. തടവറയിലാക്കി.

(കോറസ്‌ തടവറയാകുന്നു. സത്യപാലനെ പിടിച്ചുകെട്ടി തടവറയിലാക്കുന്നു)

വ്യാഖ്യാതാവ്‌ - സത്യപാലന്റെ യൗവനം തടവറയിൽ ഹോമിക്കപ്പെട്ടു. പീഢനങ്ങളുടെ അന്ത്യത്തിലവൻ, (ദൃശ്യവത്കരിക്കുന്നു) സത്യപാലൻ തടവു ചാടുന്നു. തടവു ചാടിയ സത്യപാലനെ അന്വേഷിച്ച്‌ രാജകിങ്കരന്മാർ ജനപഥങ്ങളിലേക്ക്‌ പാഞ്ഞു. (കോറസ്‌ രാജകിങ്കരന്മാരായി മാറുന്നു.)

സത്യപാലനെ അരങ്ങിൽ കൊണ്ടുവരുന്നു.

കോറസ്‌ - നീയാണോടാ സത്യപാലൻ?

സത്യപാലൻ - അല്ല ഞാൻ കബീറാണ്‌.

(പീഢനത്തിന്റെ ദൃശ്യങ്ങൾ - കബീർ പിടയുന്നു.)

വ്യാഖ്യാതാവ്‌ - നീ കബീറോ അതോ സത്യപാലനോ?

സത്യപാലൻ - പറയാം ഞാൻ എല്ലാം പറയാം.

(കോറസ്‌ പിറയും നക്ഷത്രവും ആകുന്നു)

സത്യപാലൻ - ഈ പിറയും നക്ഷത്രവും തൊട്ട്‌ ഞാൻ സത്യം ചെയ്യുന്നു. ഞാൻ കബീറാണ്‌ - കബീർ.

വ്യാഖ്യാതാവ്‌- എന്താണ്‌ കബീർ നിനക്കീ നക്ഷത്രത്തോടും പിറയോടും ഇത്ര സ്നേഹവും വിധേയത്വവും..?

സത്യപാലൻ - കണ്ടില്ലേ ആ നക്ഷത്രത്തിന്റെ തിളക്കം. ആ പിറയുടെ വെളിച്ചം.

വ്യാഖ്യാതാവ്‌ - നോക്കൂ കബീർ. തിളക്കം നഷ്ടപ്പെട്ട നക്ഷത്രം. വെളിച്ചം നഷ്ടപ്പെട്ട പിറ. നീ അവയിലേക്ക്‌ അടുക്കും തോറും അവ അകന്ന് പൊയ്ക്കൊണ്ടിരിക്കും. ഒടുവിൽ നീ അറിയും അതില്ലായെന്ന്.

(അകലുന്ന പിറയും നക്ഷത്രവും. തക്ബീർ ഒഴുകുന്നു.)

സത്യപാലൻ - ഈ അന്ധകാരം എന്നെ വേട്ടയാടുന്നു. (ആവർത്തിക്കുന്നു. മറയുന്നു.)

(ഒരു പ്രകാശവൃത്തത്തിൽ നിന്നു കൊണ്ട്‌)

വ്യാഖ്യാതാവ്‌ - ഇരുട്ടിൽ തപ്പിത്തടഞ്ഞ കബീർ ഒടുവിൽ ചെന്നെത്തിയതോ. ഇതാ ഇവിടെ. ഇവിടെ.

(വ്യാഖ്യാതാവ്‌ മറയുന്നു. കോറസ്‌ ഒരു ശൂലം ആകുന്നു. അമ്പലത്തിലെ അനുഷ്ഠാനത്തിന്റെ കോമിക്‌ ദൃശ്യങ്ങൾ. പൂജാരിയും പരികർമ്മിയും കടന്നു വരുന്നു. തുള്ളൽ ആരംഭിക്കുന്നു.)

ശൂലം;കപാലം; രുദ്രാക്ഷം
കടുന്തുടി രുദ്രാക്ഷം.
ശൂലം കാ...
പാലം കാ..
സ്വാഹ... സ്വാഹാ.

തുള്ളൽ ആരംഭിക്കുന്നു.

സത്യപാലൻ - ഈ അന്ധകാരം എന്നെ വേട്ടയാടുന്നു.

പൂജാരി - ഉണ്ണീ നിനക്കെന്ത്‌ വരമാണ്‌ വേണ്ടത്‌?

സത്യപാലൻ - എന്റെ അന്ധത അങ്ങ്‌ കാണുന്നില്ലേ?

പൂജാരി - ഉണ്ണീ ഗൗതമാ. മകനേ കണ്ണു തുറക്കൂ.

(സത്യപാലൻ തുള്ളലിൽ പങ്കുചേരുന്നു. തുള്ളൽ പുരോഗമിക്കുന്നു. ശൂലം പരികർമിയെ കൊല്ലുന്നു. ഹിംസാത്മകരംഗങ്ങൾ. നിശ്ചലത.)

പൂജാരി - കർമ്മശുദ്ധി.... പാപശുദ്ധി.

സത്യപാലൻ - രക്ഷകൻ തന്നെ ശിക്ഷകൻ. രക്ഷകൻ തന്നെ ശിക്ഷകൻ

(ശൂലം കയറിട്ട്‌ പിടിക്കുന്നു. സത്യപാലൻ പൊട്ടിച്ചുകൊണ്ട്‌ മറയുന്നു. വെളിച്ചം പൊലിയുന്നു.)

വ്യാഖ്യാതാവ്‌ - അങ്ങനെ രക്ഷപ്പെട്ട ഗൗതമൻ ഒടുവിൽ ചെന്നത്തിയതോ, ഇതാ ഇവിടെ. 

(കുരിശ്‌ ദൃശ്യമാകുന്നു. അലഞ്ഞ്‌ സത്യപാലൻ കുരിശിന്റെ മുന്നിലെത്തുന്നു.)

സത്യപാലൻ - എന്റെ നിസ്സഹായത അവിടുന്ന് കാണുന്നില്ലേ?

കോറസ്‌ - (കുരിശ്‌) തീർച്ചയായും.

സത്യപാലൻ - എങ്കിൽ അങ്ങയുടെ മുന്നിൽ മുട്ടുകുത്തി കേഴുന്ന എനിക്ക്‌ ഇത്തിരി അഭയം തരൂ.

കോറസ്‌ - ആരാണ്‌ നീ..?

സത്യപാലൻ - ഭാവിയെക്കുറിച്ച്‌ പ്രവചിക്കാൻ കഴിയുന്ന അങ്ങേയ്ക്ക്‌ ഞാനാരാണെന്ന് അറിയില്ലേ?

കോറസ്‌ - ഓ ക്രിസ്തുദാസ്‌, നിനക്കായി ഇതാ രക്ഷയുടെ വാതായനം തുറക്കുന്നു.

(കുരിശ്‌ പിളർന്ന് മാറുന്നു. അതിന്‌ ഉള്ളിലേക്ക്‌ പ്രവേശിക്കുന്നു.)

വ്യാഖ്യാതാവ്‌ - കുരിശുനുള്ളിൽ കടന്നിട്ടാണത്രേ അവൻ അറിയുന്നത്‌. ഒന്ന് മറ്റൊന്നിനെ ആക്രമിക്കുന്ന കഥ. കുരിശുകൾ കുരിശുകളെ പ്രസവിക്കുന്ന കാലമോ, ഒന്ന് മറ്റൊന്നിനെ ആക്രമിക്കുന്ന കഥ. 

(കുരിശുകൾ മത്സരിച്ച്‌ ഏറ്റുമുട്ടുന്നതിന്‌ തുടങ്ങുമ്പോൾ വ്യാഖ്യാതാവ്‌ മറയുന്നു.)

(രംഗാരംഭത്തിലേപ്പോലെ ചെന്നായ്ക്കൾ സത്യപാലനെ ആക്രമിച്ചു കൊല്ലുന്നു. ദീപം പൊലിയുന്നു.)

വെളിച്ചം തെളിയുമ്പോൾ കോറസ്‌ കുഴിമാടമായി ഇരിക്കുന്നു.

വ്യാഖ്യാതാവ്‌ - കുഴിമാടം. സത്യപാലന്റെ കുഴിമാടം. ജാതി-മത ഹിംസ്രജന്തുക്കൾ കടിച്ചു തിന്നുന്നു. സത്യപാലന്റെ കുഴിമാടം നിങ്ങളൊന്ന് കാതോർത്തു നോക്ക്‌. നിങ്ങൾ കേൾക്കുന്നില്ലേ ചീവീടുകളുടെ ചിലമ്പിച്ച നാദം.

അതൊരു വായ്ത്താരിയായി. പുതിയൊരു മാറ്റത്തിന്റെ കാഹളമായി.

കോറസ്‌ - തക തക തിമിതോം. തക തക തിമിതോം.

കുഴിമാടത്തിൽ നിന്നും സത്യപാലൻ ഉയിർത്തെഴുന്നേൽക്കുന്നു. നഗ്നത മറയ്ക്കുന്ന ദേശീയ പതാകയുമായി നിൽക്കുമ്പോൾ.

വിഭിന്ന ജാതി മതസ്ഥരായ്‌
ഛിന്നഭിന്നമകന്ന് നിൽപ്പോർ
ഉണർന്നെണീക്കുക ഉഷസ്‌ പോലെ
മനുഷ്യചേതന തൊട്ടുണർത്തുക
ജാതിക്കോട്ടകൾ തച്ചുടയ്ക്കുക
ജാതിക്കോമര കുരുന്ന് നുള്ളുക
ജാതി വേണ്ട മതം വേണ്ട
മഹിയിൽ മർത്ത്യർ ഒന്നു മാത്രം.

എല്ലാം നിശ്ചലം. പിന്നെ ബ്യൂഗിളിന്റെ ശബ്ദം. ഒരു മാർച്ചിംഗ്‌ പോലെ ഗാനം ഉയരുന്നു. പിന്നരങ്ങിൽ ചെങ്കൊടിയുമേന്തി മാർച്ച്‌ ചെയ്യുന്ന സംഘം.

ഉണരുവിൻ പട്ടിണിയുടെ
തടവുകാരേ നിങ്ങൾ
ഉണരുവിൻ ഭൂമിയിലെ
പീഢിതരേ നിങ്ങൾ
ഇടിമുഴക്കിയലറി നിൽപ്പൂ
നീതിയന്ത്യശാസനം
പിറവി കൊൾകയായ്‌
രമ്യനവ്യലോകമൊന്നിതാ
പഴമ തൻ വിലങ്ങ്‌ പൂട്ടി
യിടുകയില്ല നമ്മളെ
നമ്മൾ നുകം വലിച്ചെറിഞ്ഞ്‌
ഉണർന്നെണീക്കനാം
ഒടുവിലത്തെ യുദ്ധമായ്‌
നിലയെടുത്ത്‌ നിൽക്കനാം
നമ്മൾ എന്തുചെയ്യണം
നമ്മൾ നിശ്ചയിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച്‌
നല്ല പോലെ ചെയ്യണം
വേണ്ട വേണ്ട മുകളിൽ
നിന്നിറങ്ങി വന്ന രക്ഷകൻ
ധനികനില്ല കടമകൾ നിയമം
അവശനൊരു കണി.
വേണ്ടാ രാജ്യസഭയിൽ നിന്നു
നമ്മളെ ഭരിക്കുവോർ
തൊഴിലെടുക്കുവോർക്ക്‌ വേണ്ട
അവർ എറിഞ്ഞ തുട്ടുകൾ
കള്ളനെ പിടിച്ച്‌ കളവു
മുതൽ തിരിച്ചുവാങ്ങുവാൻ
നമ്മൾ എന്തു ചെയ്യണം
നമ്മൾ നിശ്ചയിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച്‌
നല്ല പോലെ ചെയ്യണം
ഒടുവിലത്തെ യുദ്ധമായ്‌
നിലയെടുത്ത്‌ നിൽക്കനാം
അഖിലലോക ഗാനമിത്‌
മനുഷ്യവംശമാം.

O



Sunday, January 4, 2015

കാര്യകാരണം

കവിത
ടി.പി.വിനോദ്‌










മുതിർന്നവരുടെ ഭാഷ
പഠിച്ചു തുടങ്ങിയിട്ടില്ലാത്ത
ചെറിയ കുട്ടികൾ
അവർ പറഞ്ഞിട്ടും
നമുക്ക്‌ മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാൽ
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞു കയർക്കുന്നു,
ശാഠ്യം പിടിച്ച്‌ കുതറുന്നു.

അങ്ങനെ
ലോകത്തിന്റെ
ഏതേതു നിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച്‌ പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്‌
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാൾ
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തിൽ.

O