Friday, October 30, 2015

സംസ്കാരജാലകം - 24

സംസ്കാരജാലകം - 24
ഡോ.ആർ.ഭദ്രൻ







ഇൻഗ്ലോറിയസ് ലൈഫ്




ഷാഹിയുടെ മനോഹരമായ ഒരു ഷോർട്ട് ഫിലിമാണ്‌ 'ഇൻഗ്ലോറിയസ് ലൈഫ്' . കലാത്മകമായ ഒരുപാട് ഷോർട്ട് ഫിലിമുകൾ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. പ്രേമം പോലെ നശീകരണാത്മകമായ സിനിമകളുടെ ഇക്കാലത്ത് ഇൻഗ്ലോറിയസ് ലൈഫ് പോലുള്ള മനോഹരമായ ഹ്രസ്വചിത്രങ്ങൾ ഏറെപ്പേർ കാണാതെ പോകുന്നത് കലാലോകത്ത് ഒരു വലിയ നഷ്ടം തന്നെയാണ്‌. കച്ചവടസിനിമകൾ ജനങ്ങളെ, പ്രത്യേകിച്ച് യുവത്വത്തെ ഒന്നിനും കൊള്ളരുതാത്തവരായി മാറ്റുന്നതിനെക്കുറിച്ച് സംസ്കാരജാലകം പലപ്രാവശ്യം എഴുതിയിട്ടുണ്ട്. നമ്മുടേതായ ഒരു സമൂഹത്തിൽ കുട്ടികളുടെ അതിജീവനത്തിന്റെ ദൃശ്യസംവേദനഭാഷ്യമായി തീരുകയാണ്‌ ഇൻഗ്ലോറിയസ് ലൈഫ്.



Youtube Link -  In Glorious Life

കുമളിയിലെ ഷെഫീക്ക് എന്ന കുട്ടിയുടെ ദാരുണമായ ജീവിതത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണ്‌ ഷാഹി ഒരു കുട്ടിയുടെ അതിജീവനവും അതിനുവേണ്ടി സ്വയം പീഢിതനായി തീരുന്ന ഒരു പിതാവിനെയും ദൃശ്യഭാഷയിലൂടെ സംവേദനം ചെയ്തിരിക്കുന്നത്. പശ്ചാത്തലസംഗീതവും സൗണ്ട് മിക്സിംഗും ഈ ഷോർട്ട് ഫിലിമിന്റെ ഏറ്റവും ധന്യമായ കലാതലങ്ങളാണ്‌. ജോഷി.എം.തോമസിന്റെ കവിതയെ അർത്ഥഗംഭീരമായി ഈ ചിത്രത്തിൽ ഉപയോഗിച്ചത് ഏറെ അഭിനന്ദനീയമാണ്‌. ഇപ്പോൾ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഷാഹി കോട്ടയം ബസേലിയോസ് കോളേജിൽ എന്റെ ശിഷ്യനായിരുന്നു.


മാക്സ് മുള്ളർ കൃതികൾ മലയാളത്തിൽ

മാർക്സ് മുള്ളർ കൃതികൾ മലയാളത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കാൻ പോകുന്നു എന്നത് മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ഒരു വലിയ സംഭവമാണ്‌. SPCS ന്റെ ഈ സംരംഭം വിജയിപ്പിക്കാൻ ഓരോ മലയാളിയും താല്പര്യം കാണിക്കേണ്ടതാണ്‌. യഥാർത്ഥത്തിൽ മലയാളികൾ കാത്തിരുന്ന പുസ്തകമാണ്‌ ഇത്. (പരിഭാഷ നിർവ്വഹിച്ചിരിക്കുന്ന ഭാരതീയ തത്വചിന്തയിലെ അദ്വിതീയനായ കെ.കെ.സി.നായർ, ഋഗ്വേദസംഹിത- ഡോ.പി.വി.ഉണ്ണിത്തിരി ) എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.


യൂസഫലി കേച്ചേരി




യൂസഫലി കേച്ചേരിയെക്കുറിച്ച് മാതൃഭൂമി മൂന്നു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് എന്തുകൊണ്ടും ഉചിതമായി. കേച്ചേരിയുടെ മരണവാർത്തയും മാതൃഭൂമി പത്രം അർഹിക്കുന്ന പ്രാധാന്യത്തോടെയാണ്‌ പ്രസിദ്ധീകരിച്ചത്. ലേഖനങ്ങൾ ഇതൊക്കെയായിരുന്നു.

പേരറിയാത്തൊരു നൊമ്പരം - ടി.പി.ശാസ്തമംഗലം
കണ്ണനും സുറുമയും - എം.പി.സുരേന്ദ്രൻ
സംസ്കാരധാരയായ ഗാനകാവ്യസമന്വയം - കെ.പി.ശങ്കരൻ

മൂന്നും നല്ല രചനകളായിരുന്നു. കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന കേച്ചേരി രണ്ടുരംഗത്തും ഒരുപോലെ വിജയിച്ചു. എൺപതാം വയസ്സിൽ പൊലിഞ്ഞുപോയ ആ കാവ്യദീപത്തിന്‌ സംസ്കാരജാലകത്തിന്റെ ഒരായിരം പ്രണാമങ്ങൾ. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നും ഉയർന്നുവന്ന ഏറ്റവും ഉന്നതനായ കവിപ്രതിഭയാണ്‌ യൂസഫലി കേച്ചേരി. അദ്ദേഹത്തിന്റെ കവിതയിലെ കൃഷ്ണബിംബങ്ങൾ മലയാള കവിതയിൽ ഒരു പ്രത്യേക ഭാവുകത്വം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.


പ്രേമം എന്ന സിനിമയും അരാഷ്ട്രീയതയുടെ ഉൽപ്പാദനവും




ആഗോളവൽക്കരണത്തിന്റെയും ഉത്തരാധുനികതയുടെയും കാലയളവിൽ പുറത്തുവരുന്ന ജനപ്രിയസിനിമകൾ കലാചിന്തകന്മാർ സവിശേഷമായി വിലയിരുത്തുകയും പൊതുസമൂഹത്തിൽ വലിയ സംവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതാണ്‌. നമ്മുടെ യുവത്വത്തെ രാഷ്ട്രീയചരിത്ര നിർമുക്തമാക്കുന്നതിനും മുതലാളിത്തവ്യവസ്ഥയ്ക്ക് ചേരുന്ന ഒരു ജനതയാക്കി മാറ്റിയെടുക്കുന്നതിനും പ്രേമം പോലുള്ള സിനിമകൾ വഹിക്കുന്ന പങ്ക് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അത് കാമ്പസുകളെ എപ്രകാരമാണ്‌ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ദുരന്താത്മകമായ വാർത്തകളാണ്‌ നാം പത്രങ്ങളിൽ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. പ്രേമം പോലുള്ള സിനിമകളെ കൊണ്ടാടുന്ന നമ്മുടെ യുവത്വം രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഉൽപ്പന്നമായി മാറിയ ‘ഇയ്യോബിന്റെ പുസ്തക’ത്തെ അവഗണിക്കുന്നതിനെക്കുറിച്ച് ‘പ്രേമവും സംസ്കാരവും’ എന്ന ലേഖനത്തിൽ രതീഷ് ശങ്കരൻ പങ്കുവെക്കുന്നു (ദേശാഭിമാനി വാരിക 24 ജൂലൈ 2015). ആശങ്ക വളരെ കൃത്യമാണ്‌.


എം.എച്ച്.എബ്രാംസിന്‌ വിട




ലോകത്ത് ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന വിദ്യാർഥികൾക്കു മാത്രമല്ല, മലയാളസാഹിത്യം പഠിക്കുന്ന വിദ്യാർഥികൾക്കും സുപരിചിതനാണ്‌ നൂറ്റിരണ്ടാം വയസ്സിൽ (21.04.2015) യു.എസിലെ ഇഥാക്കയിൽ അന്തരിച്ച എം.എച്ച്.എബ്രാംസ്. മലയാളസാഹിത്യഗവേഷണ വിദ്യാർഥികൾ അദ്ദേഹത്തിന്റെ 'A Glossary of Literary Terms' ലൂടെ കടന്നുപോയി മാത്രമേ ഗവേഷണപ്രബന്ധം പൂർത്തീകരിക്കാറുള്ളു. സ്ഥിരോത്സാഹിയായ ഈ ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷ് സാഹിത്യത്തിന്‌ പുതിയ മുഖം കൊടുത്ത പ്രതിഭാശാലിയാണ്‌. ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപനിക കവികളായ വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റ്സ് തുടങ്ങിയവരെ തന്റെ രചനയിലൂടെ സാഹിത്യലോകത്തെ ഒന്നാംനിരക്കാരാക്കിയത് എബ്രാംസ് ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥികളുടെ ബൈബിളായ ‘നോർട്ടൺ ആന്തോളജി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചറി’ന്റെ എഡിറ്ററുമായിരുന്നു ഇദ്ദേഹം. മരണംവരെയും ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിൽ ജാഗ്രതയോടെ വർത്തിച്ച ഇദ്ദേഹത്തിന്റെ ‘ദ മിറർ ആൻഡ് ദ ലാം പ്’, ‘ദ ഫോർത്ത് ഡയമെൻഷൻ ഓഫ് പോയം’, ‘നാച്ചുറൽ സൂപ്പർ നാച്ചുറലിസം’, ‘ട്രഡിഷൻ ആൻഡ് റെവലൂഷൻ ഇൻ റൊമാന്റിക് ലിറ്ററേച്ചർ’, ‘ലിറ്ററേച്ചർ ആൻഡ് ബിലീഫ്’ തുടങ്ങിയ ഗ്രന്ഥങ്ങൾ ഇന്നും ശ്രദ്ധേയമാണ്‌.


കേരളത്തിലെ ആദ്യത്തെ മുല്ലപ്പൂ വിപ്ലവം

മൂന്നാറിലെ തേയിലത്തോട്ട തൊഴിലാളികളുടെ സമരവിജയത്തെ കേരളത്തിലെ ആദ്യത്തെ 'മുല്ലപ്പൂ വിപ്ലവ'മെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തെ റദ്ദ് ചെയ്യുവാനുള്ള പ്രവണതകൾ ഉത്തരാധുനികകാലത്ത് ഉണ്ടാവുക സ്വാഭാവികമാണ്‌. ആഗോളവല്ക്കരണ നയങ്ങൾക്കൊപ്പം ചൂഷണത്തിനെതിരെയുള്ള സമരങ്ങളെ ശിഥിലമാക്കുവാനുള്ള പദ്ധതികളും ഇവിടെ വന്നെത്തിയിട്ടുണ്ട്. കേന്ദ്രങ്ങളെ തകർക്കുക എന്ന ഉത്തരാധുനിക പ്രവണതയുടെ പൊതുപ്രവണതയാണ്‌ മൂന്നാറിലൂടെ നാം കാണുന്നത്. തൊഴിലാളികളെ മുതലാളിമാർ മാത്രമല്ല, തൊഴിലാളി നേതൃത്വവും ചൂഷണം ചെയ്യും എന്ന യാഥാർത്ഥ്യം പല കമ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളും നേരത്തേതന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടായിരുന്നു. കേന്ദ്ര തകർച്ച എന്ന ഉത്തരാധുനിക പ്രവണതയ്ക്കൊപ്പം ഇതും ഒരു രാസത്വരകമായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ വില്ലൻ ആഗോളവത്കരണത്തോടൊപ്പം ഇവിടെ വന്ന പുരോഗമനവിരുദ്ധ രാഷ്ട്രീയമാണ്‌. നാം പ്രത്യക്ഷത്തിൽ കാണാത്ത ചില ഗൂഢനീക്കങ്ങളുമീ സമരത്തിന്റെ പിന്നാമ്പുറത്ത് ഉണ്ടെന്ന് കേൾക്കുന്നു. 'പെമ്പിളൈ ഒരുമൈ' ഒക്കെ ഇതിന്റെ ഭാഗമാണ്‌. ഇതും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്‌.



ചേമ്പിലക്കുട




2011 ഡിസംബറിൽ പ്രസിദ്ധീകൃതമായ എം.ടി.ഗിരിജാകുമാരിയുടെ ‘ചേമ്പിലക്കുട’ എന്ന കാവിതാസമാഹാരം സാഹചര്യവശാൽ ഇപ്പോഴാണ്‌ കൈയ്യിൽക്കിട്ടിയത്. പുസ്തകം എത്തിച്ചു തന്ന ഗിരിജയ്ക്ക് പ്രത്യേകം നന്ദി. കണ്ണൂർ ലിഖിതം ബുക്സ് ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത കവി മധുസൂധനൻനായരുടെ മർമ്മസ്പർശിയായ അവതാരികയും പുസ്തകത്തിലുണ്ട്. പുസ്തകത്തിൽ എഴുതിച്ചേർത്തിരിക്കുന്ന ഗിരിജയുടെ ആമുഖക്കുറിപ്പും ശ്രദ്ധേയമാണ്‌. അതിൽനിന്നും തെളിഞ്ഞുമാറി വരുന്നത് കണ്ണൂർ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഉദാത്തമായ അനുഭവവിശേഷങ്ങളാണ്‌. അത് വായിച്ചപ്പോൾ കണ്ണൂർ ജില്ലയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിക്കിട്ടി. അവിടെപ്പോയി ജനങ്ങളുമായി ഇടപഴകുവാൻ മനസ്സു വെമ്പുന്നു.


ഗിരിജയുടെ കവിതാസമാഹത്തിലെ ആദ്യകവിത തന്നെ നമ്മുടെ ഭൂതകാല ഊടുവെയ്പ്പുകൾ വികസനത്തേര്‌ ഉരുളവേ തകർന്നടിഞ്ഞു മാഞ്ഞുപോകുന്നതിന്റെ വളരെ നൊസ്റ്റാൾജിക്കായ കാവ്യാവിഷ്കാരമാണ്‌. ഭൂതകാലവും ഓർമകളും നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകുമ്പോൾ വേരുകൾ അറ്റുപോയ ഒരു വൃക്ഷം പോലെ നാം തകർന്നുവീഴുകയാണ്‌. ഏറ്റവും പുതിയകാലത്ത് വികസനം എന്ന മുദ്രാവാക്യം പോലെ വൃത്തികെട്ട മറ്റൊന്നും ഊഴിയിൽ ഇല്ല എന്ന് ഗിരിജയുടെ ഈ പാരിസ്ഥിതിക കവിത നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ‘കൈവിളക്ക്’ മുതൽ ‘സഹനം’ വരെയുള്ള ഈ സമാഹാരത്തിലെ ഓരോ കവിതയ്ക്കും ആത്മമുദ്രിതവും കാൽപനികവുമായ ഒരു കാവ്യജീവിതത്തിന്‌ അർഹതയുണ്ട് എന്നത് ഈ പുസ്തകത്തിന്റെ പുണ്യം തന്നെയാണ്‌.



ഗുന്തർഗ്രാസിന്‌ വിട




വിശ്വസാഹിത്യകാരൻ എന്ന പദവിയിലേക്കുയരാൻ കഴിഞ്ഞ ജർമ്മൻ സാഹിത്യകാരൻ. നമ്മുടെ കാലത്തിന്‌ കൂടുതൽ അനാഥത്വമേകി അദ്ദേഹവും നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഇടത് ആഭിമുഖ്യവും നാസിവിരുദ്ധതയും ഈ സാഹിത്യകാരന്റെ മുഖമുദ്രയായിരുന്നു. 1999 ൽ ‘ദ ടിൻ ഡ്രം’ എന്ന കൃതിക്ക് നൊബേൽ സമ്മാനം ലഭിച്ചു.

ലോകത്തിലെ പല വലിയ സാഹിത്യകാരന്മാരെയും പോലെ ഗുന്തർഗ്രാസും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ്‌ ലോകസാഹിത്യവേദി കീഴടക്കിയത്. ക്യാറ്റ് ആൻഡ് മൗസ്, ഡോഗ് ഇയേഴ്സ്, ലോക്കൽ അനസ്തെറ്റിക്സ്, ഫ്രം ദ ഡയറി ഓഫ് എ സ്നെയിൽ, മൈ സെഞ്ച്വറി, ദ ബോക്സ് ഹൗട്ടൺ ആൻഡ് സ്വീബൽ, ദ പ്ലബിയൻസ്, ദ അപ് റൈസിംഗ് എന്നിവ പ്രശസ്ത കൃതികളാണ്‌. ‘പീലിംഗ് ദ ഒനിയൻ’ ആത്മകഥ. എഴുത്തുകാർ എന്തുകൊണ്ട് ഇടതുപക്ഷ സഹയാത്രികർ ആകുന്നു എന്നതിന്റെ മഹാപാഠം ഗുന്തർഗ്രാസിന്റെ ജീവിതത്തിൽനിന്നും വായിച്ചെടുക്കാവുന്നതാണ്‌.


മൻമോഹൻസിംഗ്




മൻമോഹൻസിംഗ് കോളേജ് അധ്യാപകനായിരുന്നു. UGC യുടെ രൂപീകരണത്തിനും മറ്റും അദ്ദേഹത്തിന്‌ നരസംഹറാവുവിനും രാജീവ് ഗാന്ധിക്കും ഒപ്പം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഇവർ നൽകിയ സംഭാവന വലുതാണ്‌. ഇന്ത്യയിലെ കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്നതിന്‌ പക്ഷെ മൻമോഹൻസിംഗ് ശ്രദ്ധിച്ചില്ല. കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം അതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല. നമ്മുടെ വികസനത്തെ അത് എങ്ങനെ പ്രതികൂലമായി ബാധികുന്നു എന്ന് കോളേജ് അധ്യാപകനായിരുന്നിട്ടു കൂടി അദ്ദേഹം മുതലാളിത്തവികസന മാതൃകയായിരുന്നു പിൻതുടർന്നത്. മുതലാളിത്തം സ്വയം ഒരു കുറ്റകൃത്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ധനവാന്റെ സ്വർഗ്ഗപ്രാപ്തി അസാധ്യമാണെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നതിന്റെ പിന്നിൽപോലും ഒരു മുതലാളിത്ത വിരുദ്ധചിന്തയുണ്ട്. വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന മൻമോഹൻസിംഗ് പക്ഷെ മുതലാളിത്ത വികസനമാതൃകയിലെ ദൗർബല്യങ്ങൾ കാണാതെ പോയത് പുന:പരിശോധിക്കേണ്ടതു തന്നെയായിരുന്നു.


ഇ.വി.കൃഷ്ണപിള്ളയെ ഓർക്കുമ്പോൾ




ഇ.വി അസാധാരണ പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. സി.വി.രാമൻപിള്ളയുടെ മരുമകനാണ്‌ ഇ.വി.കൃഷ്ണപിള്ള എന്ന് ഞങ്ങളുടെ പ്രൊഫസർ ക്ലാസിൽ പറഞ്ഞപ്പോൾ അത് ആരാധനയോടെയാണ്‌ കേട്ടിരുന്നത്. പിന്നീട് ഇ.വി യുടെ മകനാണ്‌ അടൂർഭാസിയെന്ന് മറ്റൊരു വാർത്തയും ഞങ്ങൾ അതേ ആരാധനയോടെ കേട്ടു. ഇ.വി യുടെ നർമ്മലേഖനങ്ങളും കഥകളും മലയാളത്തിന്റെ എക്കാലത്തെയും മികച്ച രചനകളാണ്‌. ഇ.വി യെക്കുറിച്ച് സി.കേശവൻ പറഞ്ഞ കമന്റ് എത്ര ചിന്തോദ്ദീപകമായിരിക്കുന്നു. “ഗാന്ധിജിയും നാരായണഗുരുവുമൊന്നിച്ച് സ്വർഗ്ഗത്തു പോകുന്നതിനേക്കാൾ ഇ.വി യുമൊന്നിച്ച് നരകത്തിൽ പോകുന്നതിനാണ്‌ താൻ ആഗ്രഹിക്കുന്നത്." ഇ.വി യെക്കുറിച്ച് ആയിരക്കണക്കിന്‌ പേജുകൾ എഴുതുന്നതിനേക്കാൾ ശക്തി സി.കേശവന്റെ ഈ കമന്റിനുണ്ട്. കലാകൗമുദി ഇ.വി യെക്കുറിച്ച് ‘ഇ.വി ഇഫക്ട്’ (2015 ഏപ്രിൽ 26) എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചത് അവസരോചിതമായിട്ടുണ്ട്. ലേഖന കർത്താവ് ഹരിദാസ് ബാലകൃഷ്ണന്‌ അനുമോദനങ്ങൾ.

ദേശാഭിമാനി ദിനപത്രത്തിന്റെ സാംസ്കാരിക പ്രാധാന്യം

കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയവ സാംസ്കാരിക വാർത്തകളെ അതിഭീകരമാംവണ്ണം തമസ്കരിക്കുകയാണ്‌. ഈ സാഹചര്യമാണ്‌ ദേശാഭിമാനി ദിനപത്രത്തെ കേരളത്തിലെ ഓരോ ഭവനങ്ങളിലും അനിവാര്യമാക്കുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കും വാർത്തകൾക്കും ദേശാഭിമാനി ദിനപത്രം കൊടുക്കുന്ന പ്രാധാന്യം വിലമതിക്കപ്പെടേണ്ടതാണ്‌. സംസ്കാരവ്യവസായത്തിന്റെ (Cultural Industry) വർത്തമാനകാല സാഹചര്യത്തിൽ ഇതിന്‌ ഏറെ പ്രാധാന്യം കൈവരിക്കുകയാണ്‌. അതുകൊണ്ട് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങി ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കേണ്ടതാണ്‌. ഇതൊരു സാംസ്കാരിക വിമോചനയജ്ഞമായി പോലും ഭാവികാലചരിത്രം രേഖപ്പെടുത്തും ഇത്തരത്തിലുള്ള ഒരു പ്രവർത്തനതിന്റെ അതീവപ്രാധാന്യം ഇടതു രാഷ്ട്രീയനേതൃത്വം പോലും വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നത് ഇടത് രാഷ്ട്രീയത്തെ സ്വാധീനിച്ചിരിക്കുന്ന വല്ലാത്തൊരു പ്രതിസന്ധിയാണ്‌ എടുത്തുകാണിക്കുന്നത്. ഇത് ഒരു വലിയ രാഷ്ട്രീയപ്രവർത്തനമായി തിരിച്ചറിയാൻ ഇടതുരാഷ്ട്രീയത്തിന്‌ കഴിയുന്നില്ല എന്നത് പൊതുമുതലാളിത്തം അവരെ അകപ്പെടുത്തിയിരിക്കുന്ന രാവണൻകോട്ട (Labyrinth) എത്ര ഭീകരവും ഗുരുതരവുമാണെന്ന്` അവർ ഇനി എന്നാണ്‌ മനസ്സിലാക്കുന്നത്.



പേരിലുമുണ്ട് ഒരു ‘അപ്പൻ’ സ്റ്റൈൽ



കെ.പി.അപ്പന്റെ പേര്‌ കേട്ടുതുടങ്ങിയ നാളുകളിൽ തന്നെ ആ പേരിലൊരു മാസ്മരികത ഉള്ളതായി തോന്നിയിട്ടുണ്ട്. പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ്‌ ഈ പേരിന്റെ രൂപപ്പെടൽ രഹസ്യം മനസ്സിലായത്. കെ.പൊന്നപ്പൻ എന്ന പേര്‌ കെ.പി.അപ്പൻ എന്നു മാറ്റിയെടുക്കുകയായിരുന്നു. അങ്ങനെ ആ പേരിനും ഒരു അപ്പൻ സ്റ്റൈൽ കൈവന്നു. അന്നത്തെ തിരുവനന്തപുരം കാര്യവട്ടം ബുദ്ധിജീവികൾക്ക് കെ.പി.അപ്പനെന്ന പേരു കേൾക്കുന്നതു തന്നെ അലർജിയായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; പഴയ അപ്പൻ വിരോധത്തോടുകൂടി. അവർ രൂപപ്പെടുത്തിയ ശിഷ്യഗണങ്ങളും ഈ രോഗം പിൻതുടരുന്നുണ്ട്. കാര്യവട്ടം മലയാള പഠനവകുപ്പിന്റെ തലവൻ ജി.പത്മറാവുവാണ്‌. അദ്ദേഹത്തിന്റെ മുറിയിൽ കെ.പി.അപ്പന്റെ ഫോട്ടോ വെച്ചിട്ടുള്ളതായി കേൾക്കുന്നു. അങ്ങനെ അദ്ദേഹം കാര്യവട്ടം പഠനവകുപ്പും തിരുവനന്തപുരത്തെ ചില ബുദ്ധിജീവികളും കെ.പി.അപ്പനോട് കാട്ടിയ അനീതിക്ക് മധുരമായ ഒരു പ്രതികാരം ചെയ്തിരിക്കുന്നു.


ജി.കാർത്തികേയൻ




ജി.കാർത്തികേയനെക്കുറിച്ച് ഭാര്യ ഡോ.സുലേഖ എഴുതിയ ഓർമക്കുറിപ്പ് ഗൃഹലക്ഷ്മിയിൽ വായിച്ചു (2015 ഏപ്രിൽ 15). ജി.കാർത്തികേയനെക്കുറിച്ച് വ്യക്തമായൊരു ചിത്രം അറ്റിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഒരിക്കൽ മാത്രമേ കേട്ടിട്ടുള്ളു. ഒരിക്കൽ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. കോട്ടയത്തിനടുത്ത് ഒരു ഗ്രാമപ്രദേശത്തിലെ ക്ഷേത്രത്തിൽ വെച്ചാണ്‌ കണ്ടത്. കോട്ടയം ബസേലിയസ് കോളേജിലെ ഡോ.വിശ്വനാഥൻ നമ്പൂതിരി സാറുമായാണ്‌ ഞാൻ അവിടെ പോയത്. ജി.കെ യുടെ പ്രസംഗവും സ്വരൂപവും എന്നിൽ ഒരുപാട് ആദരവിന്റെ അലകൾ സൃഷ്ടിച്ചു. ഒരു ദൈവവെളിച്ചം എന്റെ മനസ്സിൽ ഉണ്ടായി. ഏകദേശം ഒരു കാൽനൂറ്റാണ്ടിനു ശേഷം ജി.കെ യെക്കുറിച്ച് ഡോ.സുലേഖ എഴുതിയ ഈ ഓർമക്കുറിപ്പ് വായിച്ചപ്പോളാണ്‌ എനിക്കുണ്ടായ പ്രകാശവും തോന്നലുകളും എത്രമാത്രം ശരിയായിരുന്നുവെന്ന് തിരിച്ചറിയുന്നത്.


പ്രൊ.എം.കൃഷ്ണൻനായർ




പ്രൊ.എം.കൃഷ്ണൻനായർക്ക് സാഹിത്യഅക്കാദമി അവാർഡും വയലാർ അവാർഡും കൊടുക്കാതിരുന്നത് കൊടിയ അനീതി. സാഹിത്യവാരഫലം പുസ്തകരൂപത്തിൽ പുറത്തുവന്നത് കേരളത്തിലെ സാഹിത്യ ബുദ്ധിജീവികൾ വായിച്ചുനോക്കുന്നത് നല്ലതാണ്‌. ലോകസാഹിത്യത്തിലെ തന്നെ അത്ഭുതകരമായ ഒരു കോളമാണിത്; ചില പരിമിതികളൊക്കെ ഉണ്ടെങ്കിലും. ഒരു മനുഷ്യൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചൊരു സാമ്രാജ്യമാണത്. കേവലം  ലിറ്റററി ജേർണ്ണലിസത്തിന്റെ ഭാഗമായി അതിനെ ചെറുതായി കാണാൻ നമ്മുടെ സാഹിത്യബുദ്ധിജീവികൾ ശ്രമിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിന്‌ സാഹിത്യ അക്കാദമി അവാർഡോ വയലാർ അവാർഡോ കൊടുക്കാതിരുന്നത് കൊടിയ അനീതിയായിപ്പോയി. ഈ അവാർഡുകൾ ലഭിച്ച കൃതികളും എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവും നിഷ്പക്ഷമതികളായ സാഹിത്യസ്നേഹികൾ ഒന്നു താരതമ്യം ചെയ്തു നോക്കൂ.


എം.സംങ് എന്ന യുവകവി




യുവകവി എം.സംങിന്റെ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. സാഹിത്യത്തിനും കവിതയ്ക്കും സംസ്കാരത്തിനും വേണ്ടിയുള്ള സംങിന്റെ ആത്മസമർപ്പണം വളരെ അസൂയയോടെയാണ്‌ എപ്പോഴും നോക്കിനിന്നത്. ഈ യുവകവിയുടെ രണ്ട് കവിതാസമാഹാരങ്ങളിലൂടെയും കവിതയെ സ്നേഹിക്കുന്നവർ കടന്നു പോകേണ്ടതാണ്‌. 2011 ൽ ഇറങ്ങിയ ‘ആർക്കൊക്കെയോ’ (യുവമേള പബ്ലിക്കേഷൻസ്), 2012 ൽ ഇറങ്ങിയ ‘പ്രണയികളുടെ കടൽ’ (യുവമേള പബ്ലിക്കേഷൻസ്) എന്നിവയാണ്‌ കവിതാസമാഹാരങ്ങൾ. രണ്ട് കവിതാസമാഹാരത്തിലുമായി നമുക്ക് 43 കവിതകൾ വായിക്കാൻ കഴിയും. ഈ രണ്ട് സമാഹാരത്തിനു ശേഷവും മലയാള കവിതയിൽ ഉറച്ചു നിന്ന എം.സംങ് ഒട്ടനവധി കവിതകൾ എഴുതിയിട്ടുണ്ട്. ഈ കവിതകൾ എല്ലാംതന്നെ സവിശേഷമായ ഒരു സെൻസിബിലിറ്റിയുടെ ലോകമാണ്‌ തുറന്നിടുന്നത്. ‘പെണ്ണകം’ എന്ന കവിതാസമാഹാരത്തിലൂടെ മലയാളകവിതയിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച ഇന്ദുലേഖയാണ്‌ സംങിന്റെ സഹധർമ്മിണി.


ശ്രീനാരായണ ഗുരു




ലോകം കണ്ട ഏറ്റവും വലിയ ആത്മീയനേതാക്കളിൽ ഒരാളാണ്‌ ശ്രീനാരായണ ഗുരുദേവൻ. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി എന്നതാണ്‌ ഗുരുവിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ധാരയെ ഇത്രത്തോളം വിജയിപ്പിച്ച ഒരാൾ ലോകചരിത്രത്തിൽ തന്നെ അപൂർവ്വമാണ്‌. ശ്രീനാരായണ ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാപേർക്കും ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിൽ അംഗമാകാൻ കഴിയുന്ന ഒരു കാലമാണ്‌ ഗുരു സ്വപ്നം കണ്ടത്. ഗുരുവിന്റെ പക്ഷത്തു ചേരുവാനും പേര്‌ ഉച്ചരിക്കുവാനുമുള്ള യോഗ്യത ഓരോ വ്യക്തിയും നേടിയെടുക്കേണ്ടതാണ്‌. അതിന്‌ അർഹത ഇല്ലാത്തവർ ഗുരുവിനു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത് കണ്ട് ചരിത്രം മരവിച്ചു നിൽക്കുന്ന ഒരു സവിശേഷകാലത്തിലാണ്‌ നാം ജീവിക്കുന്നത്. കെ.പി.അപ്പൻ എഴുതിയ ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എല്ലാവരും കണ്ണുതുറന്ന് വായിക്കുന്നത് നന്നായിരിക്കും.


എം.എൻ.കാരശേരി




സ്വാതന്ത്ര്യസമര പോരാട്ടകാലം തൊട്ടുതന്നെ ചിന്തോദ്ദീപകമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ദിനപത്രത്തിന്റെ ഒരു രീതിയാണ്‌. എം.എൻ.കാരശേരിയുടെ പുതിയ ലേഖനം ‘സ്ഥിതി ഭീതിജനകം’ (2015 സെപ്റ്റംബർ 4) വായിച്ചപ്പോൾ മാതൃഭൂമിയുടെ നല്ല പാരമ്പര്യം കൂടി മനസ്സിൽ ഓടിയെത്തി. കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരേ എന്നീ മൂന്നുപേരുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തിലാണ്‌ കാരശേരി മാഷ് ഈ ലേഖനം എഴുതിയിരിക്കുന്നത്. നമുക്കേവർക്കും ഉണ്ടാകേണ്ട മതമൗലികവാദത്തിനെതിരായ സാംസ്കാരിക തേജസ്സിന്റെ ധീരമായ ശബ്ദമാണ്‌ ഈ ലേഖനത്തിൽ മുഴങ്ങി നിൽക്കുന്നത്. നമുക്കും അതിൽ ലയിച്ചു ചേരാം.


കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം




മലയാളത്തിൽ ഏറെക്കുറേ നിർജ്ജീവമായിപ്പോയ ബാലസാഹിത്യശാഖയ്ക്ക് പുത്തനുണർവ്വ് നൽകാൻ ശ്രമിക്കുകയാണ്‌ എസ്.ആർ.ലാൽ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിലൂടെ. ബാലസാഹിത്യമെന്നാൽ കാക്ക കൂടുവെച്ച കഥയും പൂച്ച കഞ്ഞിവെച്ച കഥയുമാണ്‌ നമുക്കിന്നും. ബാലസാഹിത്യമെന്നാൽ പേജ് അധികമാകാൻ പാടില്ല എന്ന പരമ്പരാഗത സങ്കൽപ്പത്തിനും മലയാളത്തിൽ മാറ്റമുണ്ടായിട്ടില്ല. ഇരുന്നൂറും മുന്നൂറും പേജുള്ള ഹാരിപ്പോട്ടർ പരമ്പരകൾ വായിച്ചാസ്വദിക്കുന്ന കുട്ടികളാണ്‌ നമുക്ക് ചുറ്റുമുള്ളതെന്ന് തിരിച്ചറിയാതെ പോകുന്നുണ്ട് നാം. പുതിയകാലത്തെ വിവരസാങ്കേതിക വിദ്യ മാറ്റിയെടുത്ത കുട്ടികളെ പുതിയകാല ബാലസാഹിത്യം കാണതിരുന്നുകൂടാ. മലയാളത്തിലെ വ്യവസ്ഥാപിതമായ ബാലസാഹിത്യ എഴുത്തുസങ്കൽപ്പത്തെയെല്ലാം പൊളിച്ചെഴുതുന്നുണ്ട് ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന കൃതി. എസ്.ആർ.ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിന്‌ മുന്നൂറ്റിനാൽപതോളം പേജുകളുണ്ട്. യു.പി.തലം തൊട്ട് മുതിർന്നവർ വരെയുള്ളവരെ ഈ കൃതി ലക്ഷ്യമിടുന്നുണ്ട്. കുഞ്ഞുണ്ണിയുടെ കഥാപശ്ചാത്തലമായി കേരളവും ബോംബെയും ആഫ്രിക്കയിലെ കെനിയയും ഉഗാണ്ടയും കോംഗോയുമെല്ലാം കടന്നുവരുന്നുണ്ട്.




കുഞ്ഞുണ്ണിയെന്ന പതിമൂന്നുകാരൻ തന്റെ ദൗത്യനിർവ്വഹണത്തിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വഴികളാണിവയെല്ലാം. വെറുതെ കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക, അവിടുത്തെ വിവരങ്ങൾ പറഞ്ഞുതരിക എന്ന രീതിയിലല്ല നോവലിന്റെ പോക്ക്, മറിച്ച് കഥാഗാത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നു വിസ്മയിപ്പിക്കുന്ന ഓരോ യാത്രയും. അതിസാഹസികമായ സഞ്ചാരപഥങ്ങളാണ്‌ കുഞ്ഞുണ്ണി വരച്ചിടുന്നത്. മണിമലക്കുന്നിലെ നിധി അന്വേഷിക്കുന്ന മാർത്താണ്ഡനും കടലിലെ ആരും കണ്ടെത്താത്ത ഭൂവിഭാഗം കണ്ടെത്താൻ ശ്രമിക്കുന്ന കുറുപ്പും ആഫ്രിക്കയിലെ തേയിലത്തോട്ടത്തിലെ മനേജരായ മലബാറുകാരൻ ചെക്കിനിയും ആഫ്രിക്കൻബാലൻ രാമങ്കോലെയും ആഫ്രിക്കൻ മന്ത്രവാദി മനമ്പാടിയും ആഫ്രിക്കൻ വനാന്തരങ്ങളിൽ നിധി തേടിനടക്കുന്ന മാർത്താണ്ഡന്റെ മകൻ വൈശാഖനും സഞ്ചാരി എസ്.കെ.പൊറ്റക്കാട്ടും എല്ലാം ചേർന്നൊരുക്കുന്ന വിസ്മയപ്രപഞ്ചമുണ്ട് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിൽ.


O


Phone: 9895734218



Saturday, July 11, 2015

ആന്റി കമ്യൂണിസ്റ്റ്

കവിത
ഇടക്കുളങ്ങര ഗോപൻ











രു മുറിബീഡിയോ, കട്ടൻചായയോ
സ്വപ്നങ്ങൾക്ക് തീ പിടിപ്പിച്ചിരുന്ന കാലത്ത്
മനുഷ്യനെ തിരിച്ചറിയാൻ
കട്ടിയുള്ള കണ്ണടകളോ ഉഷ്ണമാപിനികളോ വേണ്ടിയിരുന്നില്ല.
ചിന്തകൾ വിപ്ലവങ്ങളുടെ സ്വപ്നഛായയിൽ
മാത്രം മയങ്ങിക്കിടന്നിരുന്നു.
ഏതോ അവാച്യമായ അനുഭൂതിയായി
ഹൃദയത്തിൽ പടർന്നുകയറിയ
മുന്തിരിവള്ളികളായി പൂത്തുവിടർന്നുനിന്നു.
ചിറകുകളില്ലാതെ റഷ്യയിലും ക്യൂബയിലും
ചൈനയിലുമൊക്കെ പറന്നുപോയി
വിയർപ്പും രക്തവും മുദ്രാവക്യങ്ങൾക്കായി അടിയറവുവെച്ചു.
പട്ടിണിയെ മറികടക്കാൻ
പഴമയുടെ പായൽക്കുളങ്ങൾ തേവി വെടിപ്പാക്കി.
എക്കാലവും അധികാരം കൈയ്യാളുമെന്ന് മനപ്പായസം കുടിച്ചു.
മുന്നേറാനുള്ള ആവേശത്തിൽ
കാലത്തിന്റെ വിഴുപ്പുകൊട്ടാരങ്ങളിൽ
ജന്മിത്വത്തിന്റെ ആഡംബരനീതികളെ
കരുത്തോടെ തകർത്തെറിഞ്ഞു.
നിറതോക്കിനു മുന്നിൽ വിരിമാറുകാട്ടിയും
വാരിക്കുന്തങ്ങൾ കൊണ്ട് എതിരിട്ടും
രക്തപതാക വാനിലുയർത്തി.
പോരാട്ടങ്ങൾക്കൊടുവിൽ കൈയ്യിൽക്കിട്ടിയ അധികാരം
ഒളിഞ്ഞും തെളിഞ്ഞും ഒറ്റുകൊടുത്തവരുടെ
പിൻതലമുറയുടെ നിയന്ത്രണത്തിലുമായി.
കടന്നുവന്ന വഴികളിലൊക്കെ കമ്യൂണിസ്റ്റ് പച്ചകൾ കാടുപിടിച്ചു.
ഇടവഴിയിൽ പതുങ്ങി നിന്നിരുന്നവർ
സെക്രട്ടറിയേറ്റിൽ ശീതികരണയന്ത്രത്തിൻകീഴിൽ
കറങ്ങുന്ന കസേരകളിലിരുന്നു
കാലത്തെത്തന്നെ നിയന്ത്രിച്ചു.
നരച്ചുപിഞ്ഞിയ കുപ്പായമിട്ട കുന്തക്കാരൻ പത്രോസ്
ഗാട്ടുകാരനെപ്പോലെ ആകാശം ചുവക്കുന്നത് നോക്കി
കാൽമുട്ടുകൾക്കിടയിൽ തലവെച്ച് ചെരിഞ്ഞിരുന്നു.

O



Sunday, May 17, 2015

കനലുകൊണ്ടെഴുതുന്ന കവിതകൾ

ലേഖനം
വിനോദ് ഇളകൊള്ളൂർ










       വായനയിൽ നിന്ന് അനുവാചകന്‌ നവീനമായ ഊർജ്ജം ലഭിക്കേണ്ടതുണ്ട്. ആസ്വാദനത്തിന്റെ കുന്നുക ളിലൂടെയും സമതലങ്ങളി ലൂടെയുമുള്ള അയാളുടെ യാത്രയിലെ ഓരോ നിമിഷവും ഈ ഊർജ്ജപ്രവാഹത്താൽ കൂടുതൽ സമ്പന്നമാകണം. ഒരാളുടെ മനോവ്യാപാരങ്ങൾ വിമലീകരിക്കപ്പെടുകയും വിശാലമാക്കപ്പെടുകയും ചെയ്യുന്നത് വായനയിലൂടെ ലഭിക്കുന്ന ഊർജ്ജപ്രവാഹത്തി ലൂടെയാണ്‌. സംവാദങ്ങളി ലേക്കും സന്ദേഹങ്ങളിലേക്കും ഈ പ്രവാഹം വായനക്കാരനെ നയിക്കും. ചിന്തയുടെ പുതിയ തീരങ്ങളിലേക്ക് കടന്നുചെല്ലാൻ അയാളെ പ്രേരിപ്പിക്കും. പുതിയ കാഴ്ചയിലെ വൻകടലുകൾ അയാളെ പക്വമതിയാക്കും. പുതിയ ശബ്ദങ്ങൾ കേട്ട് അയാൾ തരിച്ചിരിക്കും. എഴുതപ്പെട്ട വാക്യങ്ങൾക്കു ചുറ്റും അദൃശ്യമായ ഈ ഊർജ്ജസഞ്ചാരം ഒച്ചയില്ലാതെ ഉണ്ടാകും. പ്രാണവായു പോലെ ചിന്തയുടെ കോശങ്ങളെ അത് ത്രസിപ്പിച്ചു കൊണ്ടിരിക്കും. വായന എനിക്ക് പ്രാണവായുവാണെന്ന് നല്ലൊരു വായനക്കാരൻ പറയുന്നത് ഈ ഊർജ്ജപ്രവാഹത്തെ മുൻനിർത്തിയാണ്‌.

ചടുലമായ ഊർജ്ജം വായനക്കാരനു കൈമാറാൻ കൈവശമില്ലെങ്കിൽ ദയവായി നിങ്ങൾ എഴുതരുത്. ഒരാൾ ഒരു പുസ്തകം/വാരിക പണം കൊടുത്ത് വാങ്ങുന്നതും എല്ലാം മറന്ന് നിമിഷങ്ങൾ വ്യയം ചെയ്ത് അത് വായിച്ചു തീർക്കുന്നതും ഏതെങ്കിലും തമാശക്കളിയുടെ ഭാഗമായല്ല. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും നിരന്തരം നവീകരിക്കപ്പെടേണ്ടതും ഇടപെടലുകൾക്ക് തയ്യാറാകാൻ പ്രാപ്തമായി നിലനിർത്തേണ്ടതുമാണെന്ന ബോധ്യം കൊണ്ടാണ്‌. അയാളോട് യാതൊന്നും പങ്കുവെക്കാനില്ലാതെ തണുത്തുറഞ്ഞ അക്ഷരക്കെട്ടുകളുമായി നിർജ്ജീവം നിൽക്കുന്ന എഴുത്ത്, കുഴിച്ചുമൂടേണ്ട മാലിന്യമാണ്‌. പൊതുനിരത്തിലേക്ക് അത്തരമൊരു മാലിന്യം വലിച്ചെറിഞ്ഞ എഴുത്തുകാരൻ കുറ്റവാളിയുമാണ്‌. എല്ലാവരും എഴുത്തുകാരാകുന്ന ഒരു സമൂഹത്തിൽ ഇത്തരം മാലിന്യപ്രശ്നങ്ങൾ വായനക്കാരന്‌ തലവേദനയാണ്‌.

എഴുതുന്നതെല്ലാം അച്ചടിക്കാനും അരങ്ങിലെത്തിക്കാനും സാധ്യതകൾ ഏറെയുള്ള ഇക്കാലത്ത് വായനക്കാരൻ ശരിക്കും പീഡിപ്പിക്കപ്പെടുന്നുണ്ട്. നല്ലതു മാത്രമേ പ്രസിദ്ധീകരിക്കപ്പെടൂ എന്ന ബോധ്യമായിരുന്നു പണ്ട് വായനക്കാരന്റെ ധൈര്യം. ആഴ്ചപ്പതിപ്പിൽ വരുന്നതെല്ലാം നന്നായിരിക്കുമെന്നും, പ്രസാധകർ നല്ല പുസ്തകങ്ങളേ പുറത്തിറക്കൂ എന്നൊക്കെയുള്ള വിധികൾ അന്നുണ്ടായിരുന്നു. എഴുത്തുകാരേക്കാൾ പ്രതിഭാശാലികളായ എഡിറ്റർമാരും കൃത്യമായ തിരഞ്ഞെടുപ്പുകളും അന്ന് പ്രസാധകശാലകളിൽ ഉണ്ടായിരുന്നു. എഴുത്ത് ഒരു നിർമ്മാണമാണെന്നും പുസ്തകം ഒരു ഉൽപ്പന്നമാണെന്നും അന്ന് ആരും പറഞ്ഞു തുടങ്ങിയിരുന്നില്ല. പക്ഷെ, ഇന്ന് കാര്യങ്ങൾ അത്രപന്തിയല്ല. മറ്റേതൊരു ഉൽപ്പന്നത്തെപ്പോലെയും യാന്ത്രികമായ പ്രവൃത്തിയാണ്‌ എഴുത്തെന്ന് പലരും കരുതുന്നു. വിപണിയിൽ മുന്നിലെത്തുന്നവരാണ്‌ മികച്ച എഴുത്തുകാർ എന്നൊരു ഭാഷ്യം പ്രസാധകൻ പറഞ്ഞുവെയ്ക്കുന്നു. നേരത്തെ സൂചിപ്പിച്ച ഊർജ്ജപ്രവാഹങ്ങൾക്ക് അവിടെ സ്ഥാനമില്ല. വായനക്കാരന്‌ യാതൊന്നും നൽകാനില്ലെങ്കിലും ഒരു നല്ല മാർക്കറ്റിംഗ് എക്സിക്യുട്ടീവാണെങ്കിൽ നിങ്ങൾക്ക് സാഹിത്യവിപണിയിൽ നല്ലൊരു സ്ഥാനമുണ്ടായിരിക്കും. ചിന്തയുടെ ഊർജ്ജം, വായന എന്ന പ്രാണവായു, സത്യസന്ധനായ വായനക്കാരൻ തുടങ്ങിയ പ്രയോഗങ്ങൾ അവിടെ പരിഹാസ്യമായിരിക്കും.

സി.എസ്.രാജേഷിന്റെയും ശ്രീജിത്ത് അരിയല്ലൂരിന്റെയും കവിതകൾ വായനക്കാർക്ക് സമരോത്സുകമായ ഊർജ്ജം കൈമാറുന്നുണ്ട്. കവിതയെഴുത്തിന്റെ സാമ്പ്രദായികമായ രീതികളോട് ഒട്ടും ഇണങ്ങാതെ സ്വന്തം വഴിയിൽ യാത്ര ചെയ്യണമെന്ന് താൽപര്യമുള്ളവരാണ്‌ അവർ. കനകച്ചിലങ്ക കിലുക്കിക്കിലുക്കി കവിതയെഴുതുന്നവരും കാഞ്ചക്കാഞ്ചി കുലുക്കിക്കുലുക്കി കവിത വായിക്കുന്നവരും ഈ കവികളുടെ അനുവാചകരായി ഉണ്ടാവില്ല. ഉണ്ടാകാൻ പാടില്ല താനും. ഭാഷയിലും ശൈലിയിലും പ്രമേയത്തിലും രൂക്ഷമായ അട്ടിമറി നടത്തി കവിതയുടെ ഘടനയെ പൊളിച്ചെഴുതുന്നവർക്കിടയിലേക്ക് ഇവർ കടന്നുചെല്ലാൻ മടിക്കുന്നു. പോരാട്ടങ്ങളെക്കുറിച്ചാണ്‌ രാജേഷും ശ്രീജിത്തും പറയുന്നത്. ചെറുത്തുനിൽപ്പിനെക്കുറിച്ചാണ്‌ ഓർമ്മിപ്പിക്കുന്നത്. ഓരോ കവിതയും ഓരോ സമരമായാണ്‌ വായനക്കാർക്ക് അനുഭവപ്പെടുന്നത്. സമരം, കലാപം, വിപ്ലവം തുടങ്ങിയ വാക്കുകളോട് പുച്ഛം പുലർത്തുന്ന നവലോകത്തോട് ഞങ്ങൾ അതേക്കുറിച്ച് മാത്രമേ സംസാരിക്കൂ എന്നൊരു വാശി ഇവർക്കുണ്ടെന്ന് തോന്നുന്നു.

ഹ്രസ്വമായ വരികളിലൂടെ, ഭാഷപ്രയോഗത്തിന്റെ വൈതരണികളില്ലാതെ ചോരതുടിക്കുന്ന നീരൊഴുക്കുകൾ വായനക്കാരനിലേക്ക് വല്ലാത്തൊരു ശക്തിയിൽ കടന്നുചെല്ലുന്നുണ്ട്. അധ:സ്ഥിതരോടും ദരിദ്രരോടുമുള്ള ആത്മാർഥമായ പ്രതിബദ്ധതയിൽ നിന്നാണ്‌ രാജേഷും ശ്രീജിത്തും കവിതയെഴുതുന്നത്. സാഹിത്യത്തിന്റെ ഭരണഘടനകളെക്കുറിച്ചൊക്കെ അന്നേരം അവർ മറക്കുന്നുണ്ടാകും. കവിത കനലുകൊണ്ടാണ്‌ എഴുതേണ്ടതെന്ന തീർച്ച മാത്രമേ ആ നേരം അവരിലുണ്ടാകൂ. അതുകൊണ്ടാണ്‌ വായനക്കാരനെ ഈ വാക്കുകൾ പൊള്ളിക്കുന്നത്. എഴുപതുകളിലെ സമരതീഷ്ണമായ എഴുത്തുകൾക്ക് പുതിയഭാവം നൽകാൻ രാജേഷിനും ശ്രീജിത്തിനും കഴിയുന്നു. ചിന്തയിൽ തീപ്പൊരി സൂക്ഷിക്കുന്നവർ ഈ കവികളെ തീർച്ചയായും പിൻതുടരേണ്ടതുണ്ട്.

O


Sunday, April 26, 2015

പാവുമുണ്ടുടുത്ത പകൽ

കവിത
ഇടക്കുളങ്ങര ഗോപൻ












രോ വിയർപ്പിലും ഒട്ടിയൊട്ടി
ഒരോ തുടിപ്പിലും പറ്റിപ്പറ്റി
ചികുരത്തെരുവിൽ രമിച്ചുവശായി
നിലാവേ,
നീ ഏതു രാത്രിയിലാണ്‌
പുൽകാൻ കൈകളുയർത്തിയത്‌?
തുടുത്തുചുവന്ന ചുണ്ട്‌
പിറുപിറുത്തത്‌?
രതിയുടെയൊടുവിൽ കൂപ്പുകുത്തിവീണ
നിശ്വാസത്തോർച്ചയിൽ
വലിച്ചുപിഴുതെടുത്ത കാമക്കടൽ
വികാരവിരക്തിയുടെ നേർരേഖ വരയ്ക്കുന്നു.

ഓളം നിലച്ച തടാകം
കാറ്റിനെത്തിരയും പോലെ
മൗനം ഓർമകളുടെ വിലാപഗാനം പാടുന്നു.
പതുക്കെപ്പതുക്കെ
ഒരു പരിരംഭണത്തിന്റെ
കലാശം കൊട്ടി കാറ്റ്‌.
അപ്പോൾ പാവുമുണ്ടുടുത്ത ഒരു പകൽ
രാത്രിയെ വിഴുങ്ങുക തന്നെ ചെയ്തു!

O



Tuesday, April 14, 2015

മനുഷ്യാവസ്ഥകളുടെ ആവിഷ്കാരം

പുസ്തകം
ജോർജ്ജ്‌ ഓണക്കൂർ










സാബു.കെ.സി രചിച്ച 'കേന്ദ്രൻ' എന്ന നോവലിന്റെ വായന


         വേറിട്ട ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകമാണ്‌ 'കേന്ദ്രൻ'. രചനയുടെ ഏതെങ്കിലും വിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തുക സാധ്യമല്ല. യാത്രാനുഭവങ്ങൾ, ചരിത്രപഠനങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ സൂര്യനു താഴെ മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിന്റെയും അടയാളങ്ങൾ ദർശിക്കാം. ഒരു സാക്ഷിയെപ്പോലെ എല്ലാം കണ്ടും കേട്ടും ഒപ്പം നടന്നുനീങ്ങുന്ന ഗ്രന്ഥകാരൻ. ആ യാത്രയുടെ കേന്ദ്രസ്ഥാനം സ്വന്തം ജീവിതപരിസരം തന്നെയാണ്‌. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക്‌, അവിടെ പുലരുന്ന സാധാരണ മനുഷ്യജന്മങ്ങൾ; അവരുടെ ഇടയിൽ സംഭവിക്കുന്ന പരിണാമങ്ങൾ; മാറ്റങ്ങൾ, മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഹൃദ്യമായി കോറിയിട്ടിരിക്കുന്നു. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ശ്രീ.കെ.സി.സാബുവിന്റെ സാമൂഹികപഠനത്തിന്റെ ഹൃദയഭംഗികൾ ആകർഷകമാണ്‌. ഗവേഷണസമാനമായ സാമർത്ഥ്യത്തോടും നിരീക്ഷണവ്യഗ്രതയോടും കൂടി തന്റെ ഗ്രാമഭൂമികയുടെ സവിഷേഷതകൾ ഗ്രന്ഥകാരൻ പുന:സൃഷ്ടിക്കുന്നു.




ശ്രീ.സാബുവിന്റെ സ്വന്തം ഗ്രാമമായ കങ്ങരപ്പടി തൃക്കാക്കരെ ക്ഷേത്രത്തിനു സമീപസ്ഥമാണ്‌. ജീവിതത്തിൽ അവിസ്മരണീയമായ ഒരു കാലഘട്ടം ഞാൻ കഴിച്ചുകൂട്ടിയത്‌ ക്ഷേത്രത്തിനു തൊട്ടരികിലുള്ള വാടകവീട്ടിലായിരുന്നു. തൃക്കാക്കരെ ഭാരതമാതാ കോളേജിൽ അദ്ധ്യാപകനായിരുന്നതുകൊണ്ട്‌ ആ പ്രദേശത്തുനിന്നും ധാരാളം കുട്ടികളെ ശിഷ്യരായി കിട്ടാനും എനിക്ക്‌ ഭാഗ്യമുണ്ടായി. കോളേജിന്റെ പ്രാരംഭഘട്ടമായിരുന്നു അത്‌. പ്രീഡിഗ്രിതലം വരെ മാത്രം അദ്ധ്യയനസൗകര്യം. ആ ചെറിയ നാട്ടുരാജ്യത്തിൽ എനിക്ക്‌ നല്ല പ്രാധാന്യവും അംഗീകാരവുമുണ്ടായിരുന്നുവെന്നും സന്തോഷപൂർവ്വം ഓർമിക്കുന്നു. സ്നേഹമുള്ള പ്രജാസഞ്ചയം; ഏറെയും കൃഷിക്കാർ. നാടിന്റെ സാംസ്കാരികപാരമ്പര്യത്തിൽ അവർക്കു വലിയ അഭിമാനമായിരുന്നു. മഹാഭാരതകാലത്ത്‌ വനവാസശേഷം അജ്ഞാതവാസമനുഷ്ഠിക്കുമ്പോൾ പാണ്ഡവർ കണയന്നൂർ പ്രദേശത്തുകൂടി കടന്നുപോയിരുന്നുവത്രേ. ഓണത്തോടു ബന്ധപ്പെട്ട മാവേലിക്കഥയിൽ ബലിചക്രവർത്തി നാടുവാണിരുന്നത്‌ തൃക്കാക്കര ആസ്ഥാനമാക്കി ആയിരുന്നുവെന്നും പരാമർശമുണ്ട്‌. അങ്ങനെ സാംസ്കാരികമഹിമ നേടിയ സ്വന്തം ഗ്രാമഭൂമികയെക്കുറിച്ചുള്ള എഴുത്തുകൾ വായനയുടെ ഉന്മേഷം സമ്മാനിക്കുന്നു.

'കേന്ദ്രൻ' എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ്‌ ഈ ഗ്രന്ഥത്തിലെ സംഭവങ്ങൾ പുനർവായിക്കപ്പെടുന്നത്‌. കേന്ദ്രന്റെ ബന്ധുവായ ഉപ്പിലിയുടെ വിവരണവും ഗ്രാമീണഛായ നിലനിർത്തിക്കൊണ്ട്‌ പുരോഗമിക്കുന്നു. കേന്ദ്രന്റെ പലചരക്കുകടയും ഉപ്പിലിയുടെ മുറുക്കാൻകടയും ഗ്രാമത്തിലെ പ്രധാനവാണിജ്യസ്ഥാപനങ്ങളാണ്‌. അനുബന്ധമായി ഒരു ഹെയർകട്ടിംഗ്‌ സലൂൺ, നാട്ടിൻപുറത്ത്‌ രാസവളം ചേർക്കാതെ ഉത്പാദിപ്പിക്കുന്ന ജൈവകാർഷിക വിഭവങ്ങളുടെ വിനിമയസൗകര്യങ്ങൾ, പ്രധാനനിരത്തിലൂടെ കടന്നുപോകുന്ന പെരുമ്പാവൂർ-എറണാകുളം ഐ.എം.എസ്‌ ബസ്‌, അങ്ങനെ അചലവും സചലവുമായ കാഴ്ചപ്പുറങ്ങൾ.


സാബു.കെ.സി

വാഹനങ്ങളുടെ സ്വഭാവത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി ഒരു നാടിന്റെ ചരിത്രം നിർമ്മിക്കാവുന്നതാണ്‌. കാളവണ്ടികളുടെയും സൈക്കിളുകളുടെയും കാലം; പിന്നീട്‌ ഒറ്റപ്പെട്ട ഒരു പ്രൈവറ്റ്‌ ബസ്‌, ചരക്കുലോറി, സ്വകാര്യകാറുകൾ, ടാക്സികൾ എന്നിങ്ങനെ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. നാട്ടിൻപുറത്തെ ആദ്യകായികവിനോദങ്ങളിലൊന്ന് വോളിബോൾ. കൊയ്ത്തുകഴിഞ്ഞ പാടത്തും നഗ്നമായ കരഭൂമിയിലും സ്ഥലപരിമിതി തടസ്സപ്പെടുത്താതെ നടന്നിരുന്ന ആ പന്തുകളി എവിടെയും സാധാരണ കാഴ്ചകൾ. ഇടയ്ക്കിടെ വന്നുപോകുന്ന സർക്കസ്‌ സംഘങ്ങളുടെ പ്രകടനങ്ങൾ, സൈക്കിൾ യജ്ഞങ്ങൾ, പിന്നീടെപ്പോഴോ ഉദയം ചെയ്ത സിനിമാക്കൊട്ടക, അവിടെ നിന്നുയരുന്ന പാട്ടുകൾ; ചാച്ചൻസ്‌ ടാക്കീസിൽ നിന്നും സോണിയാ തിയേറ്ററിലേക്കുള്ള വികാസം; എല്ലാം കഥാഭംഗിയിൽ ഹൃദ്യമായി ചിത്രീകരിക്കപ്പെടുന്നു. 'പന്നിമലത്തു' നടത്തുന്ന ചീട്ടുകളിസംഘങ്ങൾ സുലഭം. റേഡിയോ, വാർത്താവിനിമയരംഗങ്ങളിൽ വിപ്ലവകരമായ മാറ്റമാണ്‌ ഗ്രാമങ്ങളിൽ സൃഷ്ടിച്ചത്‌. ലോകത്തെ ശബ്ദംകൊണ്ട്‌ ബന്ധിപ്പിച്ച സംവിധാനം. ആകാശവാണിയിലൂടെ ലോകം ഗ്രാമത്തിലേക്കു ചുരുങ്ങി. കൃഷിയിൽ നിന്ന് ഗ്രാമീണർ കച്ചവടത്തിലേക്കു പുരോഗമിച്ചു. സംസ്ഥാനാന്തരബന്ധങ്ങൾ വളർന്നു. ചെറുകിടവ്യവസായ സംരംഭങ്ങളും ആവിർഭവിച്ചു. ആളുകൾക്ക്‌ പണികിട്ടി. അതോടെ പണിമുടക്കുകളും സാധാരണമായി. ചൂഷണത്തിനെതിരെ ജനകീയമുന്നേറ്റങ്ങൾ!

കൃഷിയിൽ നിന്നും കച്ചവടത്തിലേക്ക്‌ കാലുമാറിയവർ പിൽക്കാലത്ത്‌ അദ്ധ്വാനിക്കാൻ കന്നിമണ്ണു തേടി മലബാറിലേക്കു കുടിയേറി. കൊച്ചിയിലെ കണയന്നൂരിൽ നിന്നും കർണ്ണാടക അതിർത്തിയിലേക്കു നടന്ന കുടിയേറ്റത്തിന്റെ ചരിത്രം കെ.സി.സാബു ഹൃദയംഗമമായി വിവരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ജീവിതരേഖകളാണ്‌ ഈ പുസ്തകം. മനുഷ്യാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം. ഇത്‌ കഥയാണ്‌, ചരിത്രമാണ്‌, സഞ്ചാരവിവരണമാണ്‌. ഇതിൽ സാമ്പത്തികശാസ്ത്രവും സാമൂഹികവികസനചരിത്രവുമുണ്ട്‌. മനുഷ്യാവസ്ഥയുടെ ഭൗതികതയും ആദ്ധ്യാത്മികതയുമുണ്ട്‌.

അങ്ങനെ തികച്ചും വേറിട്ടൊരു പുസ്തകമായിരിക്കുന്നു, കേന്ദ്രൻ. നൂതനമായ സർഗാത്മക പഥത്തിലൂടെ കെ.സി.സാബു യാത്ര ചെയ്യുന്നു. ആ ചടുലഗതി ആസ്വദിച്ച്‌ ഒപ്പം സഞ്ചരിക്കുക ആഹ്ലാദകരമാണ്‌.


കേന്ദ്രൻ
നോവൽ
കെ.സി.സാബു
സാഹിത്യപ്രവർത്തകസഹകരണ സംഘം
വില- 100 രൂപ


O


Sunday, April 5, 2015

ഉറുമ്പ്‌ തെയ്യം

കവിത
വി.ബി.ഷൈജു



രുട്ടിനു ഇരുട്ടുകൊണ്ടല്ല കണ്ണുകൾ
പെട്ടെന്ന് കറണ്ട്‌ പോകുമ്പോൾ അടുപ്പിലെ തീക്കനൽ സംസാരിക്കും.

കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോൾ
ഉള്ളിൽ ഒരു മെഴുകുതിരി
മറക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യാതെ
യഥാസ്ഥാനത്ത്‌ തെളിയും.

അമാവാസി കറുത്ത പടുത കെട്ടി
നക്ഷത്രങ്ങളെ ഒളിപ്പിച്ചു വച്ചതിനുശേഷം താഴേക്ക്‌ നോക്കുമ്പോൾ
ഭൂമി നക്ഷത്രങ്ങൾ കുലച്ചു നിൽക്കുന്ന വാഴത്തോട്ടം.

എന്നെല്ലാം
രാത്രിയെക്കുറിച്ചു വിചാരപ്പെട്ടുകൊണ്ടിരിക്കുമ്പോൾ,

മുറ്റത്ത്‌
ആര്യവേപ്പിൽ നിന്ന് ചെമ്പരത്തിയിലേക്ക്‌ കമ്പി വലിച്ചുകെട്ടിയ
അയയിലൂടെ വൈദ്യുതി പോലെ ഉറുമ്പുകൾ ഇഴഞ്ഞുപോകുന്നു.
ഉമ്മകൾ കൊണ്ട്‌ പോക്കുവരവുകളുടെ ഭൂപടം നിർമ്മിക്കുന്നവരേ
നിങ്ങളോടൽപം സംസാരിക്കുവാനുണ്ട്‌.

ഞാൻ ഉറുമ്പായി

ഉറുമ്പുകൾ പുറപ്പെടും മുൻപ്‌
ഇരകളെ സങ്കൽപ്പിക്കാറില്ല പോലും
ഇരകളുടെ വലിപ്പത്തെ മുറിവുകളുടെ എണ്ണം കൊണ്ട്‌ ഹരിച്ചാൽ
ശിഷ്ടം കിട്ടുമോ
ഫലം അനന്തമാകുമോ
അവരതിനെപ്പറ്റി ആലോചിക്കാറുമില്ലെന്ന്...

ഒറ്റയ്ക്ക്‌ കണ്ട ഉറുമ്പിനോട്‌ പോരാടി
അതിനെ അൽപപ്രാണനാക്കി ഞാൻ ചോദിച്ചു
മനുഷ്യനെക്കുറിച്ചു പറയാമോ?

ഈ ചെയ്ത്താണ്‌ മനുഷ്യൻ
പറഞ്ഞ്‌ ഉറുമ്പ്‌ ചത്തു.

മറ്റൊരു ഉറുമ്പിനോട്‌ പ്രണയം പുറത്തെടുത്തു
സർവ്വം മറന്ന ധ്യാനമായിരുന്നു അതിനത്‌
വിഷം തീണ്ടി കാലുകൾ ചുരുണ്ടുപോയ അതിൻ ഞരക്കം
ഇലകളിൽ വീണു നിലച്ചു
പ്രണയപരവശരല്ല മാനുഷർ
കാമപരവശരെന്ന് കുയിലുകൾ.

ആലോചനായോഗമെന്ന് തോന്നിക്കുന്ന ഉറുമ്പുകൂട്ടത്തിലേക്കു പ്രവേശിച്ചു
പിൻനിരയിലിരുന്നു പിന്നീട്‌ ഞാൻ.

അവരുടെ കൂട്‌
തിരിച്ചു ചെല്ലുമ്പോൾ
തകർന്നു കാണായേക്കാവുന്ന ഒരിടത്താണെന്നു കേൾക്കുന്നു.
അവരതിനെ
നൃത്തമാക്കി
പാട്ടാക്കി
ഭക്ഷണമാക്കി
വായുവാക്കി
വെള്ളമാക്കി
അനുഭവിക്കുന്നു.

പാരതന്ത്ര്യത്തിന്റെ മുറിവുകളില്ല
ദേശീയഗാനത്തിനൊടുവിൽ
കണ്ണുകൾ നിറയ്ക്കുന്നതിനു പകരം
അവർ കയ്യടിക്കുന്നു.

ഉറുമ്പുകളേ എന്നെ ഉറുമ്പായി നിലനിർത്തൂ...

അവരുടെ സൈന്യം അമ്പുകൾ വാരി എന്റെ നേർക്കെറിഞ്ഞു
ദീപാവലിയാകാശത്ത്‌ പൂത്തിരികൾ തെളിയുന്നപോലെ
ആയിരം അമ്പുകൾ
സ്നേഹം
ദയ
ദൈവം
എന്ന് എഴുതി.

അവർക്ക്‌ അമ്പലങ്ങളില്ല
ചന്ദനവും
അൾത്താരകളില്ല
മെഴുകുതിരിയും
കവിയില്ല
കവിതയും
വസ്ത്രങ്ങളില്ല
ആഭരണവും
ചീഞ്ഞതെന്നില്ല
ചീത്തയാക്കപ്പെട്ടവരും.

പകലിനെക്കാൾ രാത്രിയെ വിശ്വസിക്കുന്ന അവരുടെ കൂട്ടിൽ
എന്റെ ശവം ഉപേക്ഷിച്ചാലോ?

വേണ്ട
എന്റെ ചെവിയിൽ
ഉറുമ്പ്‌ തെയ്യം.

O



Sunday, March 29, 2015

സംസ്കാരജാലകം - 23

സംസ്കാരജാലകം - 23
ഡോ.ആർ.ഭദ്രൻ






കുമാരനാശാന്റെ ലീലാകാവ്യത്തിനു 100 വയസ്‌




1914 ലാണ്‌ കുമാരനാശാന്റെ ലീലാകാവ്യം പുറത്തുവരുന്നത്‌. 2014 ആയതോടെ കാവ്യത്തിന്‌ 100 വയസ്‌ പ്രായമായി. നൂറുവർഷം ഒരു കാവ്യം കൂടുതൽ ശോഭയോടെ നിലനിൽക്കുന്നത്‌ ആ കൃതിയുടെ കാവ്യമഹത്വമല്ലാതെ മറ്റെന്താണ്‌? അനശ്വരപ്രണയകാവ്യം എന്ന നിലയിൽ ലോകത്തിലെ ഏതൊരു പ്രണയകാവ്യത്തിനോടും ഒപ്പം ലീലയെ ചേർത്തുനിർത്താൻ കഴിയും എന്നതാണ്‌ കുമാരനാശാന്റെ ലീലാകാവ്യത്തിന്റെ അനശ്വരത. ലീലയിലെ പ്രണയത്തിന്റെ വൈകാരികതയും മഹത്വവും ഉത്തരാധുനികകാലത്തിന്റെ ഭാവുത്വകമഹത്വത്തിന്‌ മനസ്സിലാവുകയില്ല എങ്കിലും ഇതിലും ഒരു കാലം ഈ കാവ്യത്തിന്റെ ഭാവുകത്വമഹത്വത്തെ കാത്തിരിപ്പുണ്ടാകും സംശയമില്ല. കുമാരനാശാന്റെ പ്രതിഭാവിലാസത്തിന്‌ പ്രത്യക്ഷ ഉദാഹരണമായി തീരുകയാണ്‌ നളിനിയോടും, വീണപൂവിനോടും, ചിന്താവിഷ്ടയായ സീതയ്ക്കും, ചണ്ഡാലഭിക്ഷുകിക്കും ഒപ്പം ഈ കാവ്യം.


ബഡായി ബംഗ്ലാവ്‌




ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്‌ എങ്ങനെ ജീർണ്ണതയുടെ മഹോത്സവമായി മാറുന്നു എന്നത്‌ സാമൂഹിക ചിന്തകരും കലാചിന്തകരും ഒരുപോലെ ആലോചിക്കേണ്ട വിഷയമാണ്‌. നേരത്തേതന്നെ പ്രേക്ഷകരെ വൈകാരികവത്കരിക്കുകയും ജീർണ്ണമാക്കുകയും ചെയ്ത ചില പൈങ്കിളീകരിക്കപ്പെട്ട പ്രോഗ്രാമുകളിലെ കഥാപാത്രങ്ങളെ വീണ്ടും ഉപയോഗിച്ചുകൊണ്ട്‌ സമൂഹനാശത്തെ കൂടുതൽ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ കലാവൈകൃതം. അതുകൊണ്ട്‌ ഇതൊരു ഇരട്ടിനാശത്തിന്റെ അരങ്ങാണ്‌. നമ്മുടെ ചാനലുകളിലെ ഇത്തരത്തിലുള്ള പല കലാഭാസങ്ങൾക്കും അധ്യക്ഷത വഹിക്കുന്ന മുകേഷ്‌ തന്നെയാണ്‌ ബഡായി ബംഗ്ലാവിന്റെയും അദ്ധ്യക്ഷൻ. സുഗമമായ വഴിയിലൂടെ സഞ്ചരിക്കേണ്ട കലാരഥത്തെ ഇത്‌ എങ്ങനെ നരകക്കുഴിയിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടു പോകുന്നു എന്ന് മുകേഷ്‌ ശാന്തമായി ഇരുന്ന് ആലോചിക്കുക. മുകേഷിന്റെ മനസ്സിൽ എന്നെങ്കിലും വിവേകത്തിന്റെ സൂര്യൻ ഉദിക്കാതിരിക്കുകയില്ല. ഇതൊരു ഗുരുവിന്റെ ധ്യാനമനസ്സിലെ നല്ല വചസുകളായി സ്വീകരിക്കുക.

ശാന്തം മാസിക, ഡിസംബർ 2014

ശാന്തം മാസികയിലെ സമകാലികം എന്ന കോളം നമ്മുടെ ആനുകാലികങ്ങളിൽ വരുന്ന സാഹിത്യരചനകളുടെ അവലോകനമാണ്‌. എന്തെങ്കിലും  പ്രകടമായ സവിശേഷതകൾ അതിന്‌ അവകാശപ്പെടാനില്ല. പലർ ചേർന്നാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. അതുകൊണ്ട്‌ വിലയിരുത്തലുകളിലെ ആഴങ്ങളുടെ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്‌. വിമർശനവൈഭവം ഇല്ല്ലാത്തതുകൊണ്ടാണ്‌ അപഗ്രഥനങ്ങൾ കൃത്യവും കലാപൂർണ്ണവും ആകാതെ പോകുന്നത്‌. ഒക്ടോബർ ലക്കത്തിലെ രണ്ടെണ്ണമാണ്‌ അൽപം ഭേദപ്പെട്ടു നിൽക്കുന്നത്‌. അത്‌ 'രണ്ട്‌ കവിതകൾ മാധവിക്കുട്ടിയോട്‌ ചേരുമ്പോൾ', 'അനൂജ അകത്തൂട്ട്‌' എന്നീ ശീഷകങ്ങളിലുള്ളതാണ്‌.


പ്രൊഫ.ഹൃദയകുമാരിക്ക്‌ വിട




പ്രൊഫ.ഹൃദയകുമാരിയുടെ മരണത്തോടുകൂടി നമ്മുടെ മഹാഗുരു പാരമ്പര്യത്തിൽ നിന്ന് ഒരു പർവ്വതം കൂടി അടർന്നു മാറിയിരിക്കുകയാണ്‌. ഈ ഗുരുപാരമ്പര്യം ലോകത്തെ സമ്പൂർണ്ണമായി അറിയാനാണ്‌ നമ്മെ പഠിപ്പിച്ചത്‌. സാഹിത്യം, സാമൂഹികം, രാഷ്ട്രീയപാഠങ്ങൾ ഒക്കെ ക്ലാസ്‌മുറികളിൽ നിർമ്മിച്ചുകൊണ്ട്‌ ഇവരൊക്കെ അതാണ്‌ ചെയ്തത്‌. ന്യൂജനറേഷൻ ഗുരുക്കന്മാർ ലോകത്തിന്റെ ചെറുഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ചുകൊണ്ട്‌ നമ്മളെ കൊച്ചു മനുഷ്യരാക്കുകയാണ്‌. അങ്ങനെ ലോകം കൊച്ചുമനുഷ്യരെ കൊണ്ട്‌ നിറയുവാൻ പോകുകയാണ്‌. ഇത്‌ ഭീതിദമായ അവസ്ഥാവിശേഷമായി അറിഞ്ഞുകൊള്ളുക. വിട ചൊല്ലിയ ഈ മഹാപാരമ്പര്യത്തിനു മുൻപിൽ ശിരസ്സ്‌ നമിക്കുന്നു. ബോധേശ്വരന്റെ മകൾ എന്ന നിലയിലും ഹൃദയകുമാരി ടീച്ചറിനോട്‌ ഒരു വലിയ ആദരവ്‌ ഞങ്ങളുടെയൊക്കെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ടീച്ചർ ക്ലാസ്‌ മുറികളിലും പ്രഭാഷണവേദികളിലും പ്രവർത്തനമണ്ഡലങ്ങളിലും സൗഹൃദങ്ങളിലും എഴുത്തിലും സൃഷ്ടിച്ച ഊർജ്ജം കാലാതിവർത്തിയാണ്‌. കാൽപനികത, നന്ദിപൂർവ്വം, ഓർമകളിലെ വസന്തകാലം എന്നീ പുസ്തകങ്ങളിലൂടെയും ടീച്ചറിന്റെ അനശ്വരയശസ്സ്‌ ഈ ഭൂമിയിൽ എന്നും ഉണ്ടാകും. ജീർണ്ണരാഷ്ട്രീയവും വിപണി മുതലാളിത്തത്തിന്‌ കങ്കാണിപ്പണി ചെയ്യുന്ന കലാകരന്മാരും കലാകാരികളും ഈ പ്രൊഫസറുടെ മഹത്വം ശരിയായി വായിച്ചെടുത്ത്‌ നന്മയുടെ ലോകത്തിലേക്ക്‌ നടക്കുക.


ആർ.കെ.ലക്ഷ്മൺ




അടിയന്തിരാവസ്ഥയിലെ പത്ര സെൻസർഷിപ്പിനെതിരെ ആർ.കെ.ലക്ഷ്മൺ വരച്ച വിഖ്യാത കാർട്ടൂൺ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2015 ഫെബ്രുവരി 8) എടുത്തു ചേർത്തത്‌ മഹാനായ ആ കാർട്ടൂണിസ്റ്റിനോട്‌ കാണിച്ച വലിയ ആദരവാണ്‌. കാർട്ടൂണിസ്റ്റ്‌ ആർ.കെ.ലക്ഷ്മണിന്റെ ദീപ്തമായ സ്മരണയ്ക്കു മുൻപിൽ സംസ്കാരജാലകം തല വണങ്ങുന്നു.


പുനർജ്ജനിക്കാത്ത മലകൾ



കേരളശബ്ദം 14 ഡിസംബർ 2014 ലക്കത്തിൽ വന്ന നീരാവിൽ വിശ്വമോഹന്റെ 'പുനർജ്ജനിക്കാത്ത മലകൾ' എന്ന കവിതാസമാഹാരത്തെക്കുറിച്ച്‌ ചാത്തന്നൂർ മോഹൻ എഴുതിയ പുസ്തകപരിചയം ആ കവിതാസമാഹാരത്തിന്റെ വാതായനങ്ങൾ തുറക്കുന്നതാണ്‌. കാലത്തിന്റെ നാനാതരത്തിലുള്ള ച്യുതികളിൽ നിന്നാണ്‌ ഇതിലെ കവിതകൾ പിറക്കുന്നത്‌. ഡോ.മുഞ്ഞിനാട്‌ പത്മകുമാറിന്റെ അവതാരിക ഈ പുസ്തകത്തിന്റെ നല്ലൊരു മുതൽക്കൂട്ടാണ്‌. ചാത്തന്നൂർ മോഹൻ വളരെ ലളിതമായി പുസ്തകത്തെ കേരളശബ്ദത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. നീരാവിൽ വിശ്വമോഹന്‌ കവിതയുടെ വഴികളിൽ ഒരായിരം ആശംസകൾ.


എം.വി.രാഘവൻ




കേരള രാഷ്ട്രീയത്തിലെ സൂര്യതേജസ്സായിരുന്ന എം.വി.ആർ നമ്മെ വിട്ടു പോയിരിക്കുന്നു. ഒരുകാലത്ത്‌ എം.വി.ആർ ആവേശം ലഹരിയായിരുന്ന ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്‌. എം.വി.ആർ പാർട്ടി വിട്ടുപോയപ്പോൾ അനുഭവിക്കേണ്ടിവന്ന വേദന ആത്മഘാതി ആയിരുന്നു. അവസാനകാലയളവിൽ എം.വി.ആറിനുണ്ടായ രാഷ്ട്രീയപതനം അദ്ദേഹത്തെ എവിടെക്കൊണ്ടെത്തിച്ചു എന്നതിന്‌ ഒരു നല്ല ഉദാഹരണം എന്റെ ഓർമയിലുണ്ട്‌. പത്തനംതിട്ട ട്രാൻസ്പോർട്ട്‌ സ്റ്റാൻഡിനു സമീപം സി.എം.പി യുടെ ഒരു വാഹനപ്രചരണ ജാഥയ്ക്ക്‌ നൽകിയ സ്വീകരണത്തിൽ എം.വി.ആറിന്റെ പ്രസംഗം കേൾക്കാൻ നാലോ അഞ്ചോ പേർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ആ കാഴ്ച കണ്ട്‌ മനുഷ്യർക്കുണ്ടാകുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ കയറ്റിറക്കങ്ങളെക്കുറിച്ച്‌ ഞാനോർത്തുപോയി. ഭരണാധികാരിയായിരുന്നപ്പോഴും എം.വി.ആർ പാവങ്ങൾക്ക്‌ വേണ്ടി നല്ല നിലപാടുകൾ എടുത്തിരുന്നു. വില്ലേജ്‌ സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്നതിന്‌ ഗ്രഹാൻ സമ്പ്രദായം ഏർപ്പെടുത്തി. പതിനായിരക്കണക്കിനു രൂപ പാവങ്ങൾക്ക്‌ വെറുതെ ചെലവാകുന്നത്‌ എം.വി.ആർ ഒഴിവക്കിക്കൊടുത്തത്‌ ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാകുമോ? മൂന്നുപ്രാവശ്യം മന്ത്രിയായിരുന്നു എങ്കിലും അദ്ദേഹം അഴിമതിരഹിതനായി നിലകൊണ്ടു എന്നതും ഏത്‌ രാഷ്ട്രീയനേതാവിനും മാതൃകയാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്‌ സൂചിപ്പിക്കുന്നതുപോലെ കേരളരാഷ്ട്രീയത്തിലെ ഒരു 'ജന്മം' ആയിരുന്നു എം.വി.ആറിന്റേത്‌. കണ്ണൂർ പരിയാരം മെഡിക്കൽകോളേജ്‌ എം.വി.ആറിന്റെ ശാശ്വതസ്മാരകമായി ലോകം എന്നും ഓർക്കും. അതേ അവസരത്തിൽ ധീരരായ ഡി.വൈ.എഫ്‌.ഐ സഖാക്കൾ വെടിയേറ്റു മരിച്ച കൂത്തുപറമ്പു സംഭവം എം.വി.ആറിന്റെ ജീവിതത്തിന്റെ കറുത്ത അധ്യായമായി തുടരുക തന്നെ ചെയ്യും.


അജിത്‌.കെ.സി യുടെ ഉണ്ണിയൂട്ട്‌ എന്ന ബാലകവിതാസമാഹാരം




കേരളം താൽപര്യത്തോടെ വീക്ഷിക്കേണ്ട വ്യക്തിത്വമാണ്‌ അജിത്‌.കെ.സി യുടേത്‌. വളർന്നു വരുന്ന ഈ സാഹിത്യകാരൻ നേരത്തെ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു.  കൊല്ലം ജില്ലയിൽ ശാസ്താംകോട്ട സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ വളർച്ചയും കുതിപ്പും സംസ്കാരജാലകം ഉന്നതമായ ജാഗ്രതയോടെയാണ്‌ വിലയിരുത്തിക്കൊണ്ടിരിക്കുന്നത്‌. ആനുകാലികങ്ങളിലും ബ്ലോഗിലും മറ്റുമായി വന്ന ഇദ്ദേഹത്തിന്റെ കവിതകളും മറ്റുള്ള എഴുത്തുകളും നേരത്തേ തന്നെ സാഹിത്യലോകം പരിചയപ്പെട്ടിട്ടുള്ളതാണ്‌.




ഗ്രാമം ബുക്സ്‌ പ്രസിദ്ധീകരിച്ച 'ഉണ്ണിയൂട്ട്‌' എന്ന ബാലകവിതാസമാഹാരം വായിച്ചു. കുട്ടികളുടെ പ്രതിഭയും, സർഗ്ഗാത്മകതയും, ലോകബോധവും, സംസ്കാരവും, ഭാവനയും, ഉന്നതമായ ശാക്തീകരണവും എല്ലാം സാധ്യമാക്കാനുള്ള കഴിവ്‌ ഈ സമാഹാരത്തിലെ കവിതകൾക്കുണ്ട്‌. കണക്ക്‌ (Mathematics) കവിതയായി പൂത്തുലയുന്നത്‌ ഈ സമാഹാരത്തിലെ പലകവിതകളിലും ഒരു നവ്യാനുഭവമായി മാറുന്നു. നമ്മുടെ കുട്ടികൾ പലതരത്തിൽ ഇരകളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള കവിതകളല്ലാതെ അവർക്ക്‌ മറ്റെന്തുണ്ട്‌ രക്ഷാമാർഗം? കേരളത്തിലെ അമ്മമാർ, അധ്യാപക-സാംസ്കാരികപ്രവർത്തകർ എല്ലാവരും ഇത്‌ തിരിച്ചറിയണം. അപ്പോഴാണ്‌ അജിത്‌.കെ.സിയെ പോലുള്ളവർ കേരളത്തിലെ കുട്ടികളുടെ രക്ഷാബിംബമായി മാറുന്നത്‌. ബഹുരാഷ്ട്രകമ്പനികളും മാധ്യമങ്ങളും അവരുടെ സ്ഥാപിതതാൽപര്യങ്ങൾക്കും കച്ചവടതാൽപര്യങ്ങൾക്കും കുഞ്ഞുങ്ങളെ ഇരകളാക്കി മാറ്റുന്ന കുതന്ത്രങ്ങൾ കണ്ട്‌ ഞങ്ങളൊക്കെയും എത്രമാത്രം വേദനിക്കുന്നുണ്ടെന്നോ! 



പെഷവാറിലെ താലിബാൻ കൂട്ടക്കുരുതി



2014 ഡിസംബർ 16 പാകിസ്ഥാനിലെ പെഷവാറിൽ 132 കുട്ടികൾ ഉൾപ്പെടെ 141 പേരേ കൂട്ടക്കുരുതി നടത്തിയ വാർത്ത ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ആക്രമണവും കൊലയും ഒന്നിനും പരിഹാരമല്ല എന്ന് ഭീകരവാദികളെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ ലോകം പരാജയപ്പെടുകയാണ്‌. ഇത്തരത്തിലുള്ള നീചവും നികൃഷ്ടവും പൈശാചികവുമായ നടപടികളെ മനുഷ്യരാശി ഒന്നായി ചെറുക്കണം. ഭീകരവിരുദ്ധമായ ഒരു മനസാക്ഷി നിർമ്മിച്ചെടുക്കാൻ വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ ലോകത്തിനു കഴിയണം. 'വാളെടുത്തവൻ വാളാൽ' എന്ന ക്രിസ്തുവചനം കൂടി ഇതിന്‌ അനുബന്ധമായി നമുക്ക്‌ ഓർക്കാവുന്നതാണ്‌.

ലോഹം എന്ന കഥ




മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15.03.2015 ഞായറാഴ്ച വന്ന നിധീഷ്‌.ജി എഴുതിയ 'ലോഹം' എന്ന കഥ സമുജ്ജ്വലമായിരുന്നു. ധ്വന്യാത്മകത കൊണ്ട്‌ കഥ രചിക്കുന്നതിന്റെ രസതന്ത്രം അറിയേണ്ടവർ ഈ കഥ വായിക്കുക. പെണ്ണ്‌ നേരിടുന്ന അതിജീവനത്തിന്റെ പ്രശ്നം ഒരു കൊച്ചുകഥ കൊണ്ട്‌ നിധീഷ്‌ പറഞ്ഞിരിക്കുന്നത്‌ മലയാളത്തിലെ ഫെമിനിസ്റ്റിക്‌ കഥകൾക്കിടയിൽ ഒരു പ്രധാന സംഭവമായി പരിഗണിക്കേണ്ടതാണ്‌. ഒരു കൊല്ലൻ, മൂകയായ പെൺകുട്ടി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ പെണ്ണ്‌ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ സാമൂഹികപ്രശ്നങ്ങളാണ്‌ ഈ കഥ മുന്നോട്ടുവെക്കുന്നത്‌. നമ്മുടെ സമൂഹം ഇന്ന് എത്രമാത്രം ലൈംഗികാത്മകമായി മാറിയിരിക്കുന്നു എന്നതിന്റെ ഒരു സൂചകം കൂടിയാണ്‌ ഈ കഥ. പൊതുമുതലാളിത്തം പൊതുസമൂഹത്തെ എത്രമാത്രം ലൈംഗികവത്കരിക്കുന്നു എന്നതാണ്‌ ഈ കഥയുടെ തിളങ്ങുന്ന വാൽകഷ്ണം. രണ്ട്‌ സവിശേഷസന്ദർഭം സൃഷ്ടിച്ചുകൊണ്ട്‌ ലൈംഗികവത്കരണത്തിന്റെ രണ്ട്‌ ധ്വന്യാത്മക സൂചകങ്ങളാണ്‌ കഥ ഗംഭീരമായി സൃഷ്ടിച്ചിരിക്കുന്നത്‌. നിധീഷ്‌.ജി എന്ന കഥാകൃത്തിന്‌ സംസ്കാരജാലകം എല്ലാ ഭാവുകങ്ങളും നേരുന്നു.


മാള അരവിന്ദൻ




ശബ്ദവും ശരീരവും ഒരുപോലെ മിശ്രിതപ്പെടുത്തിയാണ്‌ മാള അരവിന്ദൻ തന്റെ ഹാസ്യശൈലി രൂപപ്പെടുത്തിയത്‌ എന്ന കൃഷ്ണ പൂജപ്പുരയുടെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്‌ (ദേശാഭിമാനി വാരാന്ത്യപ്പതിപ്പ്‌ 2015 ഫെബ്രുവരി 1). 'മാള- ചിരിയുടെ താളം' എന്ന പേരിൽ കൃഷ്ണ എഴുതിയ ലേഖനം മഹാനായ ആ ഹാസ്യ അഭിനയപ്രതിഭയെ അടുത്തറിയുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. അഭിനയത്തെയും തബലയെയും ഒരുപോലെ പ്രണയിച്ച മാള അരവിന്ദൻ നമ്മെ വിട്ടുപിരിയുമ്പോൾ കലാലോകത്ത്‌ ഒരു വലിയ വിടവ്‌ രൂപപ്പെടുകയാണ്‌.



ദ്വിതീയാക്ഷരപ്രാസവും നളിനിയുടെ അവതാരികയും

നളിനിക്ക്‌ ഏ.ആർ എഴുതിയ അവതാരിക മലയാള വിമർശനചരിത്രത്തിൽ തന്നെ അതീവപ്രധാനമാണ്‌. മലയാളം കണ്ട നിർണ്ണായകപ്രാധാന്യമുള്ള അവതാരികകളിൽ പ്രഥമസ്ഥാനത്ത്‌ നിൽക്കുന്ന ഒന്നുമാണത്‌. നളിനിയുടെ ദ്വിതീയാക്ഷരപ്രാസദീക്ഷയെക്കുറിച്ച്‌ ഏ.ആർ പറഞ്ഞ അഭിപ്രായം മലയാളവിമർശനം വേണ്ട രീതിയിൽ വിലയിരുത്തിയിട്ടില്ല. എല്ലാ അർത്ഥത്തിലും അർത്ഥകൽപനകൾക്ക്‌ ഒന്നാം സ്ഥാനം കൊടുത്ത ഈ കാവ്യം ദ്വിതീയാക്ഷരപ്രാസത്തോടുകൂടി കുമാരനാശാൻ എഴുതിയത്‌ നന്നായില്ല എന്ന് ഏ.ആർ ഉജ്ജ്വലമായ വിമർശനബോധത്തോടെ കണ്ടെത്തിയിട്ടുണ്ട്‌. ദ്വിതീയക്ഷരപ്രാസവാദത്തെ പിൻതുടരുക വഴി അർത്ഥകൽപനകളുടെ സൗന്ദര്യത്തെ പരിപൂർണ്ണതയിൽ നിലനിർത്താൻ കുമാരനാശാനു കഴിഞ്ഞില്ല എന്നതാണ്‌ ഏ.ആറിന്റെ കണ്ടെത്തൽ. അർത്ഥകൽപനയിൽ ഇത്രത്തോളം നിഷ്കർഷ ചെയ്തിട്ടുള്ളതുപോലെ ശബ്ദബന്ധത്തെ സംബന്ധിച്ച നിർബന്ധങ്ങളിൽ ചിലത്‌ ഒഴിവാക്കുകയും കൂടി ചെയ്തിരുന്നുവെങ്കിൽ ഈ കാവ്യത്തിനു ഭംഗി ഒരു മാറ്റ്‌ കൂടുകയില്ലായിരുന്നോ എന്നൊരു ചോദ്യത്തിനു വക കാണുന്നുണ്ട്‌.


ജസ്റ്റിസ്‌.വി.ആർ.കൃഷ്ണയ്യർ




ഒരു ജഡ്ജിയും ഒരു നിയമജ്ഞനും എങ്ങനെയായിരിക്കണമെന്നതിന്റെ വലിയ ഒരു ഇന്ത്യൻ മാതൃകയാണ്‌ ജസ്റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ. അദ്ദേഹം ജഡ്ജി പദവിയെ ജനകീയവത്കരിച്ച മഹാനാണ്‌. എന്നും പാവങ്ങളുടെ താൽപര്യങ്ങളോട്‌ ചേർന്നു നിന്നുകൊണ്ട്‌ പ്രവാചകർക്ക്‌ തുല്യമായ വഴിയിലൂടെയാണ്‌ അദ്ദേഹം സഞ്ചരിച്ചിരുന്നത്‌. ജീവിതാവസാനം വരെ (100 വയസ്‌) അദ്ദേഹം സാമൂഹികപ്രതിബദ്ധതയുടെ ഉജ്വലമാതൃകയാണ്‌ സൃഷ്ടിച്ചത്‌. ഇത്‌ കണ്ണുതുറന്നു കാണാനുള്ള കഴിവാണ്‌ മലയാളിസമൂഹം ആർജ്ജിച്ചെടുക്കേണ്ടത്‌. എക്കാലവും ഒരു തികഞ്ഞ കമ്യൂണിസ്റ്റായതു കൊണ്ടാണ്‌ ജസ്റ്റിസ്‌ വി.ആർ.കൃഷ്ണയ്യർക്ക്‌ ഇത്രത്തോളം ആദർശാത്മകമായി ജീവിക്കാൻ കഴിഞ്ഞത്‌. പൊതുതാൽപര്യഹർജി വി.ആർ.കൃഷ്ണയ്യർ ജഡ്ജി ആയിരുന്ന കാലയളവിലാണ്‌ നമ്മുടെ നിയമവ്യവസ്ഥയിൽ രൂപപ്പെട്ടുവന്ന് ജനകീയമായി തീർന്നത്‌. മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ഈ മനുഷ്യൻ കാണിച്ച ജാഗ്രത മനുഷ്യവംശത്തിന്‌ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. വി.ആർ.കൃഷ്ണയ്യരുടെ നിര്യാണത്തിൽ സംസ്കാരജാലകം ആദരാജ്ഞലി അർപ്പിക്കുന്നു.


സരിതാ നായരും ആറ്റുകാൽ പൊങ്കാലയും മാധ്യമങ്ങളും

സരിതാ നായർ ആറ്റുകാൽ പൊങ്കാലയിടുന്നതുമായി ബന്ധപ്പെട്ട്‌ ചില വാർത്തകൾ ദൃശ്യമാധ്യമങ്ങൾ കാണിക്കുകയുണ്ടായി. ഒരു വിവാദനായിക പൊങ്കാലയിടുന്നതിലൊരു വാർത്തയുണ്ട്‌. ശരിയാണ്‌. പക്ഷെ അവിടെ ഒരു മാധ്യമ അജണ്ട ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്‌. സരിതാ നായരിൽ നിന്നും ഓട്ടോഗ്രാഫ്‌ എഴുതി ഒപ്പിട്ടു വാങ്ങാൻ കോളേജ്‌ വിദ്യാർത്ഥിനികൾ ക്യൂ നിൽക്കുന്നതിലേക്ക്‌ നമ്മുടെ സമൂഹം അധ:പതിക്കുന്നത്‌ ഇത്തരത്തിലുള്ള മാധ്യമ അജണ്ടകളുടെ ആകമാനമുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്‌ എന്ന് തിരിച്ചറിയുക.


പിണറായി വിജയനെക്കുറിച്ച്‌ വീണ്ടും




സംസ്കാരജാലകത്തിന്റെ ഒരു പോസ്റ്റിൽ പിണറായി വിജയൻ കേരളരാഷ്ട്രീയത്തിലെ അർജ്ജുനനാണ്‌ എന്നെഴുതിയപ്പോൾ പലരും എന്നിക്കെതിരെ വിമർശനശരങ്ങൾ എയ്തുവിടുകയുണ്ടായി. ഇത്രത്തോളം മാധ്യമഗൂഡാലോചനയ്ക്ക്‌ ഇരയായ ഒരു രാഷ്ട്രീയ നേതാവ്‌ ലോകചരിത്രത്തിൽ തന്നെ ഉണ്ടാവില്ല. അതിനെയൊക്കെ അദ്ദേഹം എത്ര സംയമനത്തോടെയാണ്‌ നേരിട്ടത്‌ എന്ന് ഞങ്ങളൊക്കെ വലിയ സൗന്ദര്യബോധത്തോടെയാണ്‌ കണ്ടിരുന്നത്‌. ഇക്കാര്യത്തിൽ എന്നെ വിമർശിച്ചിട്ടുള്ളവർ ദയവു ചെയ്ത്‌ ആലപ്പുഴയിൽ നടന്ന ഇരുപത്തിയൊന്നാം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ജി.സുധാകരൻ നടത്തിയ സ്വാഗതപ്രസംഗം മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. അതിൽ ഒന്നരപതിറ്റാണ്ട്‌ പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയൻ പാർട്ടിയെ ധീരോദാത്തമായി നയിച്ചതിന്റെ ഒരു രേഖാചിത്രം അവതരിപ്പിക്കുന്നുണ്ട്‌. അതും തൃപ്തി ആകാത്തവർ പിണറായിയുടെ ഭാവികാല രാഷ്ട്രീയ ജീവിതത്തിനു വേണ്ടി കാത്തിരിക്കുക.


ടിപ്പർ ലോറി സർവ്വീസ്‌

ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

കേരളത്തിൽ ടിപ്പർ ലോറികൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒരു വലിയ സാമൂഹികപ്രശ്നമായി മാറിയിട്ടുണ്ട്‌. പക്ഷെ ഭരണകൂടം അന്ധമായ നേത്രങ്ങളോടെയാണ്‌ ആ സാമൂഹികവിപത്തിനെ കാണുന്നത്‌. സംസ്കാരജാലകത്തിന്റെ കർത്താവും ടിപ്പർലോറിയുടെ നിയമലംഘനങ്ങൾക്ക്‌ ഇരയായി മരണത്തിന്റെ ഗുഹാമുഖം കണ്ട്‌ തിരിച്ചുവന്നാണ്‌ ഏറ്റവും പുതിയ കോളം എഴുതുന്നത്‌. പാർക്കുചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലത്ത്‌ ടിപ്പർ പാർക്കു ചെയ്തതുകൊണ്ടാണ്‌ എനിക്കും കുടുംബത്തിനും ഈ വിപത്ത്‌ നേരിട്ടത്‌. ടിപ്പർ സർവ്വീസ്‌ രാത്രി പത്തുമണി മുതൽ രാവിലെ ആറുമണി വരെയായി നിജപ്പെടുത്തി സർക്കാർ ഈ സാമൂഹികദുരന്തത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കേണ്ടതാണ്‌. ബഹുമാനപ്പെട്ട ട്രാൻസ്പോർട്ട്‌ വകുപ്പ്‌ മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ കാര്യത്തിൽ ഉടനടി ഇടപെടണം. നമ്മുടെ റോഡുകൾ വാഹനങ്ങളാൽ ഓവർലോഡായിട്ട്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്‌. റോഡുകളുടെ കപ്പാസിറ്റിക്ക്‌ അനുസരിച്ച്‌ മാത്രമേ വാഹനങ്ങൾ അനുവദിക്കാൻ പാടുള്ളൂ. വളരെ പഴക്കം ചെന്ന വാഹനങ്ങൾ നിരത്തിൽ നിന്നും പിൻവലിക്കാൻ ഗവൺമെന്റ്‌ ധീരമായ നടപടികൾ സ്വീകരിക്കണം. സിംഗപൂർ ഗവൺമെന്റിന്റെ മാതൃക നമുക്കും പിൻതുടരാവുന്നതാണ്‌.



പ്രൊഫ.നൈനാൻ കോശിക്ക്‌ വിട




കേരളീയ പൊതുസമൂഹത്തിലെ ഒരു വലിയ ധൈഷണിക വ്യക്തിത്വമായിരുന്നു പ്രൊഫ.നൈനാൻ കോശിയുടേത്‌. പി.ഗോവിന്ദപിള്ളയ്ക്കുശേഷം അന്തർദേശീയ രാഷ്ട്രീയത്തിന്റെ സൂഷ്മമായ പാഠങ്ങൾ നമുക്ക്‌ പറഞ്ഞുതന്നത്‌ നൈനാൻ കോശിയായിരുന്നു. സദാ ഉണർന്നിരുന്ന ഒരു സാംസ്കാരിക ജാഗ്രതയായിരുന്നു അദ്ദേഹം. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഘർവാപസിക്ക്‌ ബദലായി അദ്ദേഹം ആഹ്വാനം ചെയ്ത 'എല്ലാവരും മതേതരത്വത്തിലേക്ക്‌ മടങ്ങുക' എന്ന മുദ്രാവാക്യം. അത്‌ ശരിയായൊരു പാഠമായിരുന്നു. ഇന്ത്യയിൽ ഹിന്ദു മതവിശ്വാസികളെയും മറ്റ്‌ ജാതിമതവിശ്വാസികളെയും ക്രിസ്തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്ന ഏർപ്പാട്‌ പോലെ ക്രിസ്തുമതവിശ്വാസികളെയും മറ്റും ഘർവാപസിയിലൂടെ ഹിന്ദുമതത്തിലേക്ക്‌ ബലപൂർവ്വം മടക്കിക്കൊണ്ടുവരാനുള്ള ശ്രമവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്‌. ഇവിടെയാണ്‌ മതേതരത്വത്തിലേക്ക്‌ മടങ്ങുക എന്ന നൈനാൻ കോശിയുടെ ബദൽ മുദ്രാവക്യത്തിന്റെ പ്രസക്തി. എല്ലാ മതങ്ങളിലേയും ആത്മീയതയും മനുഷ്യരാശിക്ക്‌ വേണമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണ്‌. വലിയൊരു പ്രഭാഷകനും അദ്ധ്യാപകശ്രേഷ്ഠനുമായ നൈനാൻ കോശിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന്‌ ഒരു തീരാനഷ്ടമാണ്‌. സംസ്കാരജാലകം ആ ഓർമകൾക്ക്‌ മുമ്പിൽ തല കുനിക്കുന്നു.

O

Wednesday, March 25, 2015

ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന ഭാഷാശിൽപം

പുസ്തകം
മീരാകൃഷ്ണ











     മേരിക്കൻ നോവലിസ്റ്റ്‌ ഹെൻറി ജയിംസ്‌ പറഞ്ഞിരിക്കുന്നത്‌ ആഴമേറിയ മണ്ണിനു മുകളിലേ കലാപുഷ്പങ്ങൾ വിടരുകയുള്ളു എന്നാണ്‌. ജീവിതത്തിന്റെ ആഴങ്ങളിലെ ജൈവവളം സ്വീകരിച്ച്‌ വളരുന്ന സാഹിത്യകുസുമങ്ങൾക്ക്‌ ഭംഗിയും സുഗന്ധവുമേറും. ആ ഭംഗിയും സുഗന്ധവുമാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലൂടെ വായനക്കാർ ആസ്വദിക്കുന്നത്‌. ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന സംവേദനത്തിന്റെ അമൃതപ്രവാഹമായി അവ മാറുകയാണ്‌. ആനന്ദ്‌ എന്ന ബാലന്റെ ഓർമകളിലൂടെയാണ്‌ നോവൽ വികസിക്കുന്നത്‌. കാട്ടുമുന്തിരിപ്പഴത്തിനു താഴെ പ്ലാസ്റ്റിക്‌ ചാക്ക്‌ കെട്ടിയുണ്ടാക്കിയ വീട്ടിൽ ആകാശമേലാപ്പിനു കീഴെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന് ഓർമകളിലെ നൊമ്പരങ്ങളെ തേടുന്ന ആനന്ദ്‌ എന്ന ബാലൻ. മൂന്നു കമ്പുകൾ നാട്ടി മുക്കാലി പോലെ കെട്ടി അതിലെ തൊട്ടിലിൽ കൈകാലിട്ടടിച്ചു ചിരിച്ചുകിടക്കുന്ന അപ്പു. അവനെ താരാട്ടു പാടിയുറക്കാൻ പാടുപെടുന്ന എട്ടുവയസുകാരി അമ്പിളി. അമ്മയും അച്ഛനും എല്ലാം നഷ്ടപ്പെട്ട മൂന്നു പിഞ്ചുകുഞ്ഞുങ്ങൾ അതിജീവനത്തിനായി പെടുന്ന പെടാപാടുകൾ. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില അനാഥബാല്യങ്ങളുടെ ദയനീയ ചിത്രമാണ്‌ തോമസ്‌ കല്ലറ വരച്ചുകാണിക്കുന്നത്‌. അത്‌ ദേശീയചിത്രമായി മാറുകയാണ്‌. കാരണം കാല,ദേശ,ഭാഷകൾക്കെല്ലാമപ്പുറം അനാഥത്വത്തിന്‌ ഒറ്റമുഖമേ ഉള്ളു. ദാരിദ്ര്യത്തിന്റെ മുഖം. 




സഹാനുഭൂതിയാണ്‌ ഈ നോവലിന്റെ കേന്ദ്രതലം. വർത്തമാനകാലത്തെ തൊട്ടുനിന്നുകൊണ്ട്‌ ഭൂതകാലത്തിലേക്ക്‌ ഊളിയിടുകയും ഭാവികാലത്തെക്കുറിച്ച്‌ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഓരോ വായനക്കാരനെയും ബൗദ്ധികവും ഭാവനാപൂർണ്ണവുമായ അന്വേഷണങ്ങൾക്ക്‌ പ്രേരിപ്പിക്കുവാൻ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. പ്രവാസിയായ ഈ എഴുത്തുകാരൻ തന്റെ നാട്ടിലെ ചരിത്രത്തിന്റെ, ഭൂമിശാസ്ത്രത്തിന്റെ, കാലാവസ്ഥയുടെ, സാംസ്കാരിക പാരമ്പര്യങ്ങളുടെ നടുവിൽ നിന്നു തന്നെയാണ്‌ തന്റെ രചനയ്ക്ക്‌ ആധാരമായവ ശേഖരിച്ചിരിക്കുന്നത്‌. താൻ പിറന്ന നാടിന്റെ അവസ്ഥാന്തരങ്ങളാണ്‌ പഠനവിധേയമാക്കുന്നത്‌. ജീവിതായോധനവേദിയിൽ നിന്ന് സമാർജ്ജിച്ച അനുഭവങ്ങൾ, അറിവുകൾ, പഠനങ്ങൾ മുതലായവയുടെ സഞ്ചിതരൂപമാണ്‌ ഈ കൃതി. അവ കലാത്മകമായി നോവൽ എന്ന ക്രാഫ്റ്റിനുള്ളിൽ ഒതുക്കുന്നു. മനുഷ്യന്റെ നൊമ്പരങ്ങളെ ആഴത്തിൽ അറിഞ്ഞതിന്റെ ആർദ്രത വാക്കുകളുടെ നിശിതത്വത്തിനു പിന്നിൽ തെളിയുന്നു. ഭാഷയിലോ ആവിഷ്കാരത്തിലോ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അഗാധമായ ഒരു വിചാരലോകത്തെ ഈ നോവലിൽ വിലയിപ്പിച്ചിരിക്കുന്നു. 

വായനക്കാരുടെ ആസ്വാദനതലവും സൃഷ്ടിയും തമ്മിലുള്ള ലയനത്തിലാണ്‌ നല്ല സാഹിത്യം ഉണ്ടാകുന്നത്‌. എഴുത്തുകാരന്റെയും വായനക്കാരന്റെയും അനുഭൂതികളുടെ സംഗമസ്ഥലമാണത്‌. ഇരുവരുടെയും സൗന്ദര്യദർശനങ്ങളുടെ ഒത്തുചേരലാണത്‌. 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലെ അസംസ്കൃതവിഭവം ഈ ലോകവും ഇവിടുത്തെ ജീവിതവുമാണ്‌. അവയിൽ നിന്ന് തോമസ്‌ കല്ലറ എന്ന നോവലിസ്റ്റ്‌ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം ആസ്വദിക്കേണ്ടത്‌ വായനക്കാരാണ്‌. വായനക്കാരന്റെ സർഗപ്രതിഭയെയും ആസ്വാദനപ്രതിഭയെയും തൊട്ടുണർത്തുവാൻ പര്യാപ്തമാകുന്നതു തന്നെയാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവൽ സാഹിത്യം.

ഓർമയുടെ താരാട്ട്‌
നോവൽ
തോമസ്‌ കല്ലറ
അസെൻഡ്‌ പബ്ലിക്കേഷൻസ്‌
വില 240 രൂപ.

O


Monday, March 16, 2015

ഫ്യൂഷൻ

കവിത
സുധീർ രാജ്‌











ന്നത്തെ മഴ അച്ഛനെ നനച്ചുകാണും
പാതിപുകഞ്ഞ ചാർമിനാർ കെട്ടുകാണും
പാതിയെഴുതിയ കവിതയിലൂടെ കനവിന്റെ
കാനൽജലമിങ്ങനെ ഒലിച്ചുകാണും.

പ്രിയപ്പെട്ട ഗന്ധരാജന്റെ വേരുകൾ
അച്ഛനെ ഇക്കിളിയാക്കുമോ എന്തോ?
കുഴപ്പമില്ല, അമ്മ തൂവലാൽ മെല്ലെ
ഇക്കിളി കൂട്ടുകയാണെന്നേ തോന്നൂ.

കറമ്പൻ ബോബ്‌ മാർലി കാൽപ്പന്തു തട്ടി
ഉണരൂ എഴുന്നേൽക്കൂ എന്ന പാട്ട്‌
അച്ഛനൊപ്പമിരുന്ന് പാടുകയായിരിക്കും.
ഒരു ജമൈക്കൻ താളലഹരിയിൽ
ഒരു കുട്ടനാടൻ ഞാറ്റുവേലപ്പാട്ടിൽ
ആത്മാക്കളുടെ ഫ്യൂഷനിൽ അച്ഛൻ
അദൃശ്യനൃത്തം ചവിട്ടുകയായിരിക്കും.

ഉറക്കത്തിൻ കരിമ്പടത്തിലൂടെ
നുഴഞ്ഞു കയറുന്ന സ്വപ്നാടനത്തിൽ
എന്നിലേക്ക്‌ മെല്ലെ നീളുന്ന വിരലുകൾ
പുകയില മണക്കുന്ന നീണ്ട വിരലുകൾ.

അക്ഷരങ്ങളുടെ അച്ഛാ,
എന്നിലെ വാർഷികവലയങ്ങളിൽ
നിന്നെ പകർത്തുന്ന നിമിഷങ്ങളിൽ
ഭ്രാന്തജീവിതത്തിൻ ഫ്രാങ്കൻസ്റ്റീൻ
മുരളുന്ന ദുരന്തപ്രയാണ മാർഗ്ഗങ്ങളിൽ
ആത്മാവിനെ വിറ്റ ഫോസ്റ്റിന്റെ രാത്രിയിൽ
എന്നിലേക്കാവേശിക്കുക.

ഒരു കവിൾ പുക
ഒരു ഞാറ്റുവേല
ഒരു ജമൈക്കൻ താളം
ആ കറമ്പന്റെ പാട്ടെന്റെ കാതിൽ മന്ത്രിക്കുക.
ഉണരുക എഴുന്നേൽക്കുക പൊരുതുക
ഉണരുക എഴുന്നേൽക്കുക പൊരുതുക.

O



Sunday, March 8, 2015

പാരദോഷികം

കഥ
സോക്രട്ടീസ്‌.കെ.വാലത്ത്‌



      ഴുത്തുകാരന്‌ അനുമോദനാർത്ഥം പാരിതോഷികമായി 'ഒരിന്നത്‌' കൊടുക്കാൻ പരക്കെ തീരുമാനിക്കപ്പെട്ടു. ടി കാര്യത്തിനായി എഴുത്തുകാരന്റെ സാന്നിധ്യത്തിൽ ഒരു കൂടിയാലോശനായോഹം കൂടപ്പെട്ടു. അയ്മ്പതിനായിരം രൂപ കൊടുക്കാൻ തീരുമാനമായി. അദ്യം അതും അതിലപ്പുറവും അർഹിക്കുന്നതായും ഉദ്ബോധനങ്ങൾ ഉണ്ടായി.

ശേഷം ടി തുകയിലേക്ക്‌ പൈനായിരം വീതം പരേതന്റെ, സോറി അവാർഡിതന്റെ സ്നേഹിതരും അത്യാവശ്യം ചുറ്റുപാടുമുള്ള അഞ്ചുപേരിൽ നിന്നും സംഭാവനയായി സമാഹരിക്കാൻ ഓരോരുത്തരെയായി ഫോണിൽ വിളിച്ച്‌ കമ്മറ്റി തലവൻ കാര്യം പറഞ്ഞു. ഒന്നാം സുഹൃത്ത്‌ ആവേശഭരിതനായി തന്റെ പൈനായിരം ഉറപ്പു പറഞ്ഞു. കൂട്ടത്തിൽ ഇങ്ങനെയും കൂടി. "എന്റെ ഷെയർ കിട്ടിയതായി തന്നെ കരുതി സംഗതി ഡിക്ലയർ ചെയ്തോ. കാശ്‌ ഞാൻ അവന്‌ സൗകര്യം പോലെ കൊടുത്തോളാം. അവൻ പക്ഷെ എന്നോട്‌ മേടിക്കില്ല. അതാണ്‌ ഞങ്ങൾ തമ്മിലുള്ള ഒരിദ്‌."

ഇങ്ങനെ തന്നെ ബാക്കി സുഹൃത്തുക്കളും പറഞ്ഞതോടെ കമ്മറ്റി, ടി കാര്യം ഒരു കാലി കവറിലേക്ക്‌ ഇട്ട്‌ മാറ്റിവെക്കുകയും സമ്മേളനത്തിന്റെ കാര്യങ്ങളിലേക്ക്‌ കടക്കുകയും ഉടൻ തന്നെ അവാർഡ്‌ വിവരം പത്രചാനൽ ദ്വാരാ ഇഹലോകജനങ്ങളെ മുഴുവൻ അറിയിക്കുകയും ചെയ്തു.

ഉണ്ടായിരുന്ന കാശിനു ബസ്സിൽ കയറി കാലിചായയ്ക്കും വകയില്ലാതെ വീട്ടിലെത്തിയ എഴുത്തുകാരനെന്ന ശവപ്പെട്ടിയുടെ പുറത്ത്‌ റെഡിയായി നിൽക്കുന്ന ഭാര്യയുടെ വഹ ഒടുക്കത്തെ ആണി - "ലുലൂല്‌ പോണോ ഒബ്രോൺ മോളീ പോണോ?"

O

Sunday, February 1, 2015

പ്രണയം

കവിത
ലതാദേവി










ചുവരുകൾ
നീണ്ടുനീണ്ടൊരു വൻകരയാകുന്നു.
അപ്പുറം നീ കിനാവ്‌ കൊയ്തും
ഇപ്പുറം ഞാൻ കിതപ്പാറ്റിയും
കാലം കഴിക്കും.
നിന്റെ നിശ്വാസത്തിന്റെ ഗന്ധം
ചുവരുകൾക്കിപ്പുറം എന്നിൽ നിറയും.

തിരമാലകൾക്കുമേൽ
മൗനം കുടചൂടുമ്പോൾ
നീ ഭൂമി തുരന്നു തുരന്ന്
മടുത്ത്‌ വിയർപ്പാറ്റുമ്പോൾ
ഞാൻ മേഘക്കീറുകൾ തുന്നിച്ചേർത്ത്‌
നിനക്കൊരു പുതപ്പ്‌ തീർക്കും
നിന്റെ വേനലിനെ പുതപ്പിക്കും.

O

Monday, January 19, 2015

പഴയ ജോൺ

കഥ
എബി.ജെ.സക്കറിയാസ്‌













       'ജീവിതത്തിലെ എല്ലാ വലിയ സന്തോഷങ്ങൾക്കും വെറും ഏഴുദിവസങ്ങൾ മാത്രമേ ആയുസ്സുള്ളു. ദുഃഖങ്ങൾക്കോ? അറിയില്ല. കാരണം ചില ദു:ഖങ്ങൾ ആയുസിന്റെ പുസ്തകങ്ങളാണ്‌.'

ഇന്ന് അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാവും. ചാരാൻ മറന്ന ജനൽവാതിലിലൂടെ തന്നെ നോക്കുന്ന ചുവന്നുതുടുത്ത സൂര്യന്‌ പറയാൻ ഒരു പുതിയ ദിവസത്തിന്റെ കഥയുണ്ടായിരിക്കവേ, ഇന്നലെ രാത്രിയിൽ കിടക്കുംമുമ്പ്‌ അയാൾ എഴുതിയ ആ ഡയറിക്കുറിപ്പിലേക്ക്‌ വെറുതെ കണ്ണുപായിച്ചു.

ചില ചിന്തകൾ അങ്ങനെയാണ്‌. പലപ്പോഴും അനുവാദം ചോദിക്കാതെ വിരുന്നു വരുന്ന അതിഥികൾ. വൈമനസ്യം കൂടാതെ, അവയെ തീയതികൾ എന്നോ മറന്ന തന്റെ ഡയറിയുടെ താളുകളിലേക്ക്‌ സ്നേഹത്തോടെ സ്വീകരിക്കും. അവർക്ക്‌ പാർക്കാൻ നനുത്ത വരികളുടെ മേൽ അക്ഷരങ്ങൾ കൊണ്ട്‌ അനേകം കണ്ണാടിമാളികകൾ പണിതുനൽകും. ഇടയ്ക്ക്‌ വെറുതെ അവരെ സന്ദർശിക്കും. ഓർമകളാണ്‌ എന്നും കൂടെ നിൽക്കുന്ന, ഒരിക്കലും പിണങ്ങാത്ത ചങ്ങാതിമാർ.

ഇന്നത്തെ ദിവസത്തിന്‌ ഏറെ പ്രത്യേകതകളുണ്ട്‌. 

ഏഴുദിവസത്തെ കാത്തിരിപ്പിന്‌ ശേഷം അവൾ വരുന്നു.

"അമ്മയ്ക്കൊരു സമ്മാനമാവട്ടെ തന്റെ വരവ്‌, അല്ലേ..?"

"പക്ഷെ ജോൺ...?"

"എന്ത്‌ പക്ഷെ? താൻ വരുന്നു... ഇങ്ങോട്ട്‌. ഇനി ബാലൻസുള്ള ലൈഫ്‌ നമുക്കങ്ങ്‌ ഒരുമിച്ചു ജീവിച്ചു തീർക്കാടോ."

"അമ്മ... അച്ഛൻ... അവർക്കൊക്കെ വിഷമമാവില്ലേ..."

"മൈ ഡിയർ കൊമ്രേഡ്‌, ഇന്നേയ്ക്ക്‌ ഏഴു ദിവസങ്ങൾക്കപ്പുറം നിന്റെ നെറ്റിയിൽ ഞാനൊരു അഷുറൻസിന്റെ ചുവന്നപൊട്ടങ്ങ്‌ തൊടും. പിന്നെ അമ്മയും അച്ഛനും-അത്രയ്ക്കങ്ങ്‌ കൊച്ചാക്കല്ലേ...! സ്ഥിരം മുഖംകുത്തിവീർപ്പിക്കൽ കഥാപാത്രങ്ങളൊന്നുമല്ലടോ അവർ. ഫാർ ടൂ സെൻസിബിൾ."

അലിസ്റ്റർ കൺസൾട്ടൻസി സർവ്വീസിലെ ശീതീകരിച്ച ഓഫീസ്‌ മുറികളിലൊന്നിൽവെച്ച്‌ ഇനിയും മഞ്ഞു പെയ്തു തുടങ്ങാൻ മടിച്ച ഒരു ഡിസംബർ ദിവസം അവർ കണ്ടുമുട്ടി. പ്രൊജക്ട്‌ കോ-ഓർഡിനേറ്റേഴ്സ്‌, സിസ്റ്റം അനലിസ്റ്റ്‌ ടീം- അങ്ങനെ ഒരുമിച്ചു പിറകിലാക്കിയ കോർപ്പറേറ്റ്‌ അസൈൻമെന്റുകളുടെ ആലസ്യം നിറംകെടുത്തിയ രാപ്പകലുകളിൽ അറിയാതെ പരിണമിച്ച, പരിചയത്തിനുമപ്പുറം ശ്വാസഗതികളെപ്പോലും ഹൃദയംകൊണ്ടകലെ നിന്ന് തൊട്ടറിയാൻ കഴിയും വിധം സാന്ദ്രമായ ബന്ധത്തിന്റെ പുതിയ ഭാവം സ്വയം ഉൾക്കൊണ്ടു.

കാൻഡിൽ ലൈറ്റ്‌ ഡിന്നറിന്റെ സ്വർണ്ണവെളിച്ചത്തിൽ, ലോകം മുഴുവൻ കാലത്തിന്റെ ചെറിയ സൂചിക്കൈ പന്ത്രണ്ടാം അക്കം തൊട്ട്‌ നമിച്ചു കടന്നുപോവുന്നതും കാത്തിരുന്ന ന്യൂഇയർ ഈവിന്റെ അവസാന നിമിഷങ്ങളിലൊന്നിൽ, വെളുത്ത വെൽവെറ്റ്‌ മേശവിരിപ്പിൽ വിശ്രമിച്ച അവളുടെ കൈയിലേക്ക്‌ താണിറങ്ങിയ വിരലുകൾ പകർന്ന വിറയാർന്ന തണുപ്പിൽ കുതിർന്ന ചോദ്യം; "വെൽ...! മിസ്‌ ഹിമ, വിൽ യു മാരി മീ...?"

ഞെട്ടലിന്റെ നിമിഷങ്ങളിൽ മനുഷ്യൻ പലപ്പോഴും ഉള്ളിലെ വിചാരങ്ങളിൽ നിന്നും മുഖത്തെ മറയ്ക്കാൻ മറന്നുപോവാറുണ്ട്‌. ആ ചോദ്യം തീർത്ത ആശ്ചര്യത്തിന്റെ ഒരു നിമിഷായുസ്സുള്ള ഞെട്ടൽ. പക്ഷെ മനസിൽ എവിടെയോ അങ്ങനെയൊരു ചോദ്യം അറിയാതെ പ്രാർത്ഥനയായി കുറിച്ചിട്ടിരുന്നു എന്ന വസ്തുത മിഴിവാർന്ന കണ്ണുകളിലെ തിളക്കത്തെ നിയന്ത്രിക്കാൻ കഴിയാത്തവണ്ണം ബോധത്തിന്റെ പിടിയിൽനിന്നും വഴുതിപ്പോയി.

പെട്ടെന്ന് മുഖം മങ്ങി.

"നോക്ക്‌ ഹിമ, ഇന്നലെ താൻ ആരായിരുന്നു എന്നെനിക്കറിയണ്ട. ജീവിതത്തിൽ തനിച്ചായിട്ടും താൻ കാണിച്ച ഗട്ട്സ്‌... തന്റേടം, പഠിച്ചിത്രേം വരെയെത്താൻ താൻ കാണിച്ച ധൈര്യം. അങ്ങനെയൊരു മനസ്സിനായി തിരച്ചിൽ തുടങ്ങിയിട്ട്‌ കാലമേറെയായി. പിന്നെ, ഡോണ്ട്‌ എക്സ്പെക്ട്‌ മീ ടു പ്ലേ സെന്റിമെന്റ്സ്‌. ലോകത്താരും താൻ ഈ പറയുന്ന പോലെ അനാഥരല്ല."

"തിങ്ക്‌ പ്രാക്ടിക്കലി ജോൺ! താനെന്താ തമാശ പറയുവാണോ? ഒഫ്‌ കോഴ്സ്‌... ഐ ഹവ്‌... ഐ മീൻ.... നമ്മൾക്ക്‌ രണ്ടുപേർക്കും മാന്യമായൊരു ജോലിയുണ്ട്‌. പരസ്പരം...."

"പരസ്പരം...? മ്‌ എന്താ നിർത്തിയെ..?"

"സീ, ഞാൻ പറഞ്ഞത്‌ അങ്ങനെ ചില കോമണാലിറ്റീസ്‌... അതല്ലാതെ വേറൊന്നുമില്ല. ഫോർ എ മാച്ച്‌."

"താൻ പറഞ്ഞത്‌ ശരിയാണ്‌. ബിഗ്‌ ജോബ്‌. സോഷ്യൽ സ്റ്റാറ്റസ്‌. എലൈറ്റ്‌ ക്ലാസ്‌ സൊസൈറ്റിയുടെ പുളിച്ചുതികട്ടൽ കോൺസെപ്റ്റ്സ്‌.... എല്ലാം കൂട്ടിയും ഗുണിച്ചും ഒരു പതിവു ജീവിതത്തിലേക്ക്‌ എനിക്കു വേണേൽ മാറാം. ശരിയാണ്‌. പക്ഷെ, ഒരുപാട്‌ എന്തൊക്കെയോ... അല്ലെങ്കിൽ ഈ സമൂഹം പറയുന്ന മാനദണ്ഡങ്ങൾ എല്ലാം ആവശ്യത്തിലും അധികം പേറുന്നവർ തമ്മിൽ കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നാൽ.... പിന്നെ ഈ ജീവിതത്തിന്‌ എന്താടോ ഒരർത്ഥമുള്ളത്‌? അച്ഛൻ, അമ്മ, ഫാമിലി...! ദൈവം പലതും തരുന്നത്‌ അത്‌ എല്ലാം ഉള്ളവർ തമ്മിൽ കൊടുത്തും വാങ്ങിയും ബോറടിക്കാനല്ല. ചിലർക്ക്‌ പാതി പകുത്ത്‌ നൽകാൻ കൂടിയാണ്‌. അതാണ്‌ എന്റെ ഫിലോസഫി."

നാട്ടിലേക്ക്‌ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫറിൽ വെറുതെ പിണക്കം ഭാവിച്ച്‌ യാത്രയായതിനും പന്ത്രണ്ട്‌ രാത്രികൾക്കപ്പുറം ഒന്നിൽ വന്ന ടെക്സ്റ്റ്‌ മെസേജ്‌ അവർക്കിടയിലെ മൗനത്തെ മഴപോലെ പെയ്തലിയിച്ചു.

"ജോൺ."

"ഹിമ."

"ഞാൻ വരുന്നു, നെക്സ്റ്റ്‌ മൺഡേ"

"അമ്മയ്ക്കൊരു സമ്മാനമാവട്ടെയല്ലേ, തന്റെ വരവ്‌."

ഇന്ന് സെപ്റ്റംബർ ഏഴ്‌. തിങ്കളാഴ്ച.

"ഓഫീസില്ലേടാ..?" അമ്മ.

"ഇന്ന് ലീവാക്കി.." ചിരിയിൽ എല്ലാം ഒതുക്കാൻ പ്രയാസപ്പെട്ടു.

"തിങ്കളാഴ്ചയായിട്ട്‌ ലീവാക്കിയോ...?" പത്രത്തിൽ നിന്നുമുയർന്ന പാതികണ്ണടച്ചില്ലിലൂടെ നീട്ടിയ നോട്ടത്തോടെ അച്ഛൻ.

"മ്‌... അതൊക്കെയുണ്ട്‌. ങ്‌ ഹാ... അമ്മയ്ക്കൊരു ഗിഫ്റ്റ്‌ ഉണ്ടാവും വരുമ്പോൾ...! ഹാപ്പി വെഢിംഗ്‌ ആനിവേഴ്സറി, ലവ്‌ ബേഡ്സ്‌..!" ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത.

"അമ്പടാ... ഒരു സമ്മാനം മേടിക്കാനാണോ നീ അവധിയെടുത്തെ...?" ഒരു കുസൃതിക്കുട്ടിയുടേതുപോൽ അകാംക്ഷ മറയ്ക്കാൻ മറന്ന അമ്മയുടെ സംശയം.

"മ്‌.. വെയ്റ്റ്‌ ആൻഡ്‌ സീ.."

കാർ മുമ്പോട്ട്‌ നീങ്ങി. ഗേറ്റ്‌ കടന്ന് റോഡിലെ തിരക്കിലേക്ക്‌ ലയിച്ച ശേഷമാണ്‌ ഓർത്തത്‌. പതിവായി നെറ്റിയിൽ അമ്മ തരാറുള്ള സ്നേഹത്തിന്റെ നനവുള്ള ഉമ്മ ഇന്ന് മറന്നിരിക്കുന്നു.

"ശ്ശേ...!"

ട്രെയിൻ വരുന്നത്‌ ഒൻപതരയ്ക്കാണ്‌.

"ഹലോ.."

"ജോൺ.." ഹിമ.

"എത്തിയോ..?"

"ജസ്റ്റ്‌ ലാൻഡഡ്‌...! എവിടാ?"

"ശ്ശൊ... എടോ താൻ ഒരൽപം വെയിറ്റ്‌ ചെയ്യ്‌. മുടിഞ്ഞ ട്രാഫിക്‌! പെട്ടുകിടക്കുവാ... ഒരു അഞ്ച്‌ അല്ല, മാക്സിമം ഫിഫ്റ്റീൻ മിനിട്സ്‌... ഞാനെത്തും ഓക്കേ..? അയാം റിയലി സോറി.. ശ്ശെ..!"

"ഓക്കേ... കൂൾ! വേഗം വരണേ... എനിക്കാണേൽ ഇവിടൊന്നും പരിചയവുമില്ല."

"താനാ കോഫിപബ്ബിൽ നിന്നും ഒരു കാപ്പി കുടിക്കുന്ന താമസം. ദാറ്റ്സ്‌ ഓൾ. ഇപ്പോ എത്തും."

"ഓ, ശരി സർ..." മറുതലയ്ക്കലെ ശബ്ദത്തിലെ ആകംക്ഷയുടെ അളവറിഞ്ഞ്‌ അവൾ ഒരു ചിരിയോടെ പറഞ്ഞു. "ങാ, പിന്നെ പതുക്കെ; ഡ്രൈവ്‌ കെയർഫുള്ളി. ഞാനിവിടെത്തന്നെ ഉണ്ട്‌. ആരും പിടിച്ചോണ്ടൊന്നും പോവില്ലേ കേട്ടോ."

"യെപ്‌. വെക്കട്ടെ." ചുവന്ന കീ അമർത്തവേ ദൂരെ സിഗനലിൽ തെളിഞ്ഞ പച്ചനിറം. ചുറ്റും തിങ്ങുന്ന ഹോൺ ശബ്ദങ്ങൾ. ക്ഷമ നശിച്ച എഞ്ചിനുകളുടെ മുരൾച്ച.

എല്ലാം തീരുമാനിച്ച്‌ വന്നിരിക്കുകയാണ്‌. എനിക്കായി. ലോകത്ത്‌ അവൾക്ക്‌ വേറെയാരുമില്ല. പരിചയക്കാരില്ല... സ്വന്തങ്ങളും ബന്ധങ്ങളും... ഇല്ല... എല്ലാം, എല്ലാം കൊടുക്കണം... യെസ്‌.

വലതുവശത്തുനിന്നും കാതടിപ്പിക്കുന്ന എയർഹോൺ ശബ്ദം. കാഴ്ച ഒരു നിമിഷം ആഞ്ഞടുക്കുന്ന ആ ശബ്ദത്തിലേക്ക്‌ നീണ്ടു. വലിയൊരു നിഴൽ വന്നടിച്ച പ്രകമ്പനത്തിൽ പലതവണ തകിടംമറിഞ്ഞ ഇരുമ്പുപെട്ടിക്കുള്ളിൽ എവിടെയൊക്കെയോ ചെന്നിടിച്ചു. മുഖങ്ങൾ. ഒരു ജീവിതം മുഴുവൻ ഒന്നോ രണ്ടോ നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലൂടെ മിന്നിമറഞ്ഞു. മെല്ലെ, കാഴ്ച മങ്ങി. മനസ്‌ ശൂന്യം. കേൾവികളും ദൃശ്യങ്ങളും... എല്ലാം ശൂന്യം.

"ഹലോ ജോൺ, ഗുഡ്‌മോണിംഗ്‌."

"ഹായ്‌ ഡോക്ടർ, മോണിംഗ്‌."

"യൂ ഫൈൻ..? വേദനയെങ്ങനെയുണ്ട്‌...?"

"കുറഞ്ഞു. പക്ഷെ.... എനിക്കങ്ങോട്ട്‌ ഒന്നും..."

"ഏയ്‌... ഡോണ്ട്‌ വറി മാൻ! വിശ്രമിച്ചോളൂ. അതാണിപ്പോ പ്രധാനം. ആൻഡ്‌ ജോൺ, ജസ്റ്റ്‌ ഗിവ്‌ എ ട്രൈ. വായിക്കാൻ പറ്റുമോന്ന്..."

അതു പറഞ്ഞുകൊണ്ട്‌ അയാൾ കട്ടിലിനോട്‌ ചേർന്ന ചെറിയ ഷെൽഫിൽ നിന്നും ഒരു പത്രമെടുത്ത്‌ എന്റെ കൈയിലേക്ക്‌ തന്നു.

"ഒന്നു നോക്കിക്കേ. വായിക്കാൻ പറ്റുമോന്ന്..."

"സെ.. സെപ്തംബർ.."

"യെസ്‌... ഗുഡ്‌! ട്രൈ..."

"ഏഴ്‌... സെപ്തംബർ ഏഴ്‌..."

"ഓക്കെ ഗ്രേറ്റ്‌, ഇനി ആ ന്യൂസ്‌ ലൈൻ വായിച്ചേ... കമോൺ... ഡോണ്ട്‌ സ്ട്രെയിൻ, മെല്ലെ..."

"തലസ്ഥ... തലസ്ഥാനത്ത്‌ വൻ ബോംബ്‌.. സ്പ്‌... സ്ഫോടനം... മരണം..."

"ആ ഡിജിറ്റ്സ്‌ വായിച്ചേ, പറ്റുന്നില്ലേ?"

"യെസ്‌... യെസ്‌.. മരണം 4... 49!!"

"ദാറ്റ്സ്‌ ഇറ്റ്‌. ഗുഡ്‌ ജോബ്‌. സാധാരണ ഇങ്ങനെയൊരു ട്രോമ കണ്ടീഷനിൽ... ഐ മീൻ മെമ്മറി ലോസിനൊപ്പം ... ചിലപ്പോൾ, ചിലപ്പോൾ മാത്രം, വായിക്കാൻ ലെറ്റേഴ്സ്‌ ഡിജിറ്റ്സ്‌ ഒക്കെ പറ്റാതെ വരും. പക്ഷെ യു ആർ ഫൈൻ."

"അപ്പോ എന്റെ ഓർമ...? എനിക്ക്‌... ഞാൻ...!?"

"ലെറ്റ്സ്‌ ഹോപ്‌ ഫോർ ദി ബെസ്റ്റ്‌ മാൻ. വിഷമിക്കയേ ചെയ്യരുത്‌. പെട്ടെന്നതങ്ങ്‌ പോയി. ഉറങ്ങിക്കിടപ്പുണ്ട്‌ , തന്റെ ഉള്ളിൽത്തന്നെ. ഒരു ദിവസം അത്‌ ഉണരുമായിരിക്കും... ഒക്കേ?"

അത്രയും പറഞ്ഞയാൾ എന്റെ തോളിൽ തട്ടി തിരിഞ്ഞു നടക്കാൻ തുനിഞ്ഞു.

"ഡോക്ടർ, ഇന്നെന്താ തീയതി...?"

"ഇറ്റ്സ്‌ സെപ്റ്റംബർ 14."

"ഞാൻ എന്നായിരുന്നു..? എത്ര നാളായി ഞാൻ...?"

"വൺ വീക്ക്‌. അന്നത്തെ പത്രമാണ്‌ ജോണിപ്പോൾ വായിച്ചത്‌."

"അപ്പോ... ഈ ബോംബ്‌.... എന്താ സംഭവിച്ചത്‌...എവിടാ?"

"ങാ, ആക്ച്വലി, ഒരു ചെറിയ... ചെറിയതല്ല, അൽപം സീരിയസ്‌ ആയ ഒരു ക്രൈസിസ്‌ ഉണ്ടായി അന്ന്. ജോൺ ആക്സിഡന്റ്‌ ആയി ഒരു അരമണിക്കൂർ കഴിഞ്ഞു. എ ബോംബ്‌ എക്സ്പ്ലോഷൻ. സെൻട്രൽ സ്റ്റേഷനിൽ. കുറച്ചുപേർ മരിച്ചു. ബട്ട്‌, ദൈവം തന്നെ രക്ഷിച്ചെടോ. തനിക്ക്‌ ഭാഗ്യമുണ്ട്‌. ആക്സിഡന്റ്‌ സ്പോട്ടിൽ നിന്നും കഷ്ടി ഒരു 200 മീറ്റേഴ്സ്‌... താൻ സ്റ്റേഷനിലേക്കുള്ള ജംഗ്ഷനിൽ വെച്ചാ...! ദൈവം രക്ഷിച്ചു. സ്റ്റേഷനിലേക്ക്‌ കയറിയിരുന്നെങ്കിൽ... ചിലപ്പോ..!"

"ഞാൻ... ഞാനെന്തിനാ അവിടേക്ക്‌ പോയത്‌...?"

"ഇപ്പോ ഒന്നും ആലോചിക്കണ്ട. അത്‌ പഴയ ജോണിന്‌ മാത്രം അറിയാവുന്ന എന്തോ കാര്യമാ. അയാൾ തിരിച്ചു വരുമ്പോൾ നമുക്ക്‌ ചോദിക്കാം... ല്ലേ?"

അപ്പോൾ വാതിൽ കടന്ന് അവർ രണ്ടുപേരും വന്നു.

"ആഹാ, അമ്മയും അച്ഛനും എത്തിയല്ലോ. സോ, ജോൺ ടേക്ക്‌ റെസ്റ്റ്‌. ഞാൻ പിന്നെ വരാം."

അച്ഛൻ എന്നു പറയുന്ന വൃദ്ധനോട്‌ ഡോക്ടർ എന്തോ പറയുന്നു. ഈ സ്ത്രീ ആരാണ്‌? എന്റെ അമ്മ...? ശരിയാവാം. പക്ഷെ എന്റെ കൈയിൽ അവർ തലോടുമ്പോൾ എന്തോ ഒരുതരം തണുപ്പ്‌. അവരിപ്പോൾ എന്റെ കൈയിൽ ഉമ്മവെച്ചു.

"എന്റെ കുട്ടനൊന്നുമില്ല കേട്ടോ..."

ആരാണിവരൊക്കെ..? അച്ഛൻ, അമ്മ, ഡോക്ടർ.

അമ്മ. അമ്മയെന്തോ സമ്മാനത്തിന്റെ കാര്യം പറയുന്നു. എന്താണത്‌? എന്റെ കൈയ്യിലെ പത്രത്തിൽ കുറേപ്പേരുടെ പടങ്ങൾ ഉണ്ട്‌. ചിന്നിച്ചിതറിയ കെട്ടിടാവശിഷ്ടങ്ങൾ. ആരാണിവരൊക്കെ...? ഞാനന്തിന്‌ അവിടെപ്പോയി..? അറിയില്ല, എനിക്കൊന്നും അറിയില്ല. അവരിൽ ആരെങ്കിലും എന്നെ അറിയുമായിരുന്നോ...?

ജോൺ കണ്ണുകൾ മെല്ലെ അടച്ചു.

അയാൾ വിശമിക്കട്ടെ. കാലത്തിന്റെ കൈത്തെറ്റുകളെ മനുഷ്യൻ വിധിയെന്ന് വിളിച്ച്‌ മറക്കാൻ ശ്രമിക്കുമ്പോൾ, ചിലർ അവരുടെ പ്രിയപ്പെട്ട ഓർമകളിലേക്ക്‌ തിരികെ വഴുതാൻ കൊതിക്കുന്നു. പഴയ മുഖങ്ങൾ, മണങ്ങൾ, നിറങ്ങൾ... അയാൾക്കതെല്ലാം ഒരു ജന്മത്തിന്റെ നഷ്ടങ്ങൾ. ഒരുകണക്കിനു അത്‌ നന്നായി. പക്ഷെ, അങ്ങനെ പറഞ്ഞുകൂടാ. ആ അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ, അവൾ!! പക്ഷെ...?

അയാൾ കൈയിലെ പത്രം മെല്ലെ വായിക്കുകയാണ്‌. ഓരോ ഫോട്ടോയും മാറിമാറി നോക്കുന്നു. അവരെയാരെയും അയാൾ അറിയില്ല. അയാൾക്ക്‌ അറിയാമായിരുന്ന ആ മുഖം അക്കൂട്ടത്തിൽ ഇല്ല. അവൾക്കായി തിരഞ്ഞുവരാൻ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ഒന്നുമില്ല. എല്ലാം പിന്നിൽ വെടിഞ്ഞ്‌ യാത്രയായവൾ, ആ മാംസക്കൂമ്പാരത്തിൽ എവിടെയോ. ചിലപ്പോൾ ആ പഴയ ജോൺ തിരികെ വന്നേക്കാം, എന്നെങ്കിലും. അതുവരെ ആരും അവരെ തിരഞ്ഞുവരില്ല. ഷിംലയിലെ ശീതക്കാറ്റു പോലും. കാരണം, അവരുടെ സ്നേഹം അവർക്കിടയിലെ ഏറ്റവും മനോഹരമായ രഹസ്യമായിരുന്നു.

ഓർമകൾ, സ്നേഹം, ഭയം, വെറുപ്പ്‌, പ്രണയം, മാത്സര്യം എല്ലാമെല്ലാം ഓർമ എന്ന പ്രഹേളികയുടെ ചിറകിലെ തൂവലുകളാണ്‌. തിരികെ വരാത്ത വിധം ദൂരേയ്ക്ക്‌ അകന്നു പോയാൽ, അവശേഷിക്കുന്നത്‌ ശൂന്യത മാത്രമാവും. ഞാൻ പ്രാർത്ഥിക്കുന്നു. എന്തോ കാരണത്താൽ അവരെ പിരിക്കാൻ തീരുമാനിച്ച പ്രകൃതിയോട്‌, ആ ശക്തിയോട്‌. പഴയ ജോൺ ഒരിക്കലും തിരികെ വരരുതേ എന്ന്. തിരികെ വന്നാൽ, ഈ കഥ മുഴുമിപ്പിക്കാൻ എനിക്കാവില്ല. 

ഓർമകൾ. ഓർമകളാണ്‌ ചുറ്റിലും. ഓരോന്നിലും...

ആ ഡയറിക്കുറിപ്പിന്റെ അർത്ഥം മെല്ലെ തെളിയുന്നു.

ഞാൻ ഈ അവസാനവരികൾ എഴുതുമ്പോഴേക്കും അയാൾ മറ്റൊരു വാർത്തയിലേക്ക്‌ വഴുതിയിട്ടുണ്ടാവും. ഓർമകളെ തിരയുന്ന ജോൺ ഒരോർമപ്പെടുത്തലായി മാറുന്നു.

O