Sunday, May 26, 2013

പ്രണയം/മരണം

കവിത
റഹിം പൊന്നാട്‌











ഒന്ന്

പ്രണയം കൊണ്ട്‌
ചെയ്യുവാനാകാത്ത പ്രായശ്ചിത്തം
മരണം കൊണ്ട്‌
നിനക്കാവില്ല.
എന്നിൽ നിന്നും
കവർന്നെടുത്ത സ്വപ്നങ്ങൾ
ഖബറിൽ നിന്നും
കടം വീട്ടാനുമാവില്ല.
എങ്കിലും പ്രിയേ,
മരണം കൊണ്ട്‌
നീയെന്നെ തോൽപ്പിച്ചുകളഞ്ഞു.
മരണത്തിലും
കൂടയുണ്ടാവുമെന്ന വാക്ക്‌
എനിക്ക്‌ പാലിക്കാനായില്ലല്ലോ...

രണ്ട്‌

മരണം കൊണ്ട്‌
നിനക്കെന്റെ പ്രണയത്തിൽ നിന്ന്
രക്ഷപ്പെടാനാവില്ല.
എങ്കിൽപ്പിന്നെ
പ്രണയംകൊണ്ട്‌
നിനക്കെന്ന മരണത്തിൽ നിന്ന്
രക്ഷപ്പെടുത്തിക്കൂടെ...

മൂന്ന്

മരണത്തിന്റെ നിറം
ചുവപ്പാണെന്ന് ഞാൻ.
പ്രണയത്തിന്റെ നിറം
ചുവപ്പാണെന്ന് നീ.
അതുകൊണ്ടാണല്ലോ
ആദ്യമായി നിന്നെ കണ്ടപ്പോൾ
ഞാനും
അവസാനമായി എന്നെ കണ്ടപ്പോൾ
നീയും
ഒരു ചുവന്ന റോസാപ്പൂ മാത്രം
കൈയിൽ കരുതിയത്‌.

നാല്‌

പ്രണയം ഭയം;
മരണമത്രേ അഭയം !

O


PHONE :  9495556688



Saturday, May 18, 2013

മൂന്നു കവിതകൾ

കവിത
മെർലിൻ ജോസഫ്‌














വിപ്ലവം

മസ്തിഷ്കത്തിൽ നിന്നും
പുറപ്പെട്ടു
കരങ്ങൾ വഴി
ചരിത്രത്തിലേക്ക്‌
എഴുതിച്ചേർക്കുമ്പോൾ
ഞരമ്പുകൾ ചിതറി
രക്തസാക്ഷികൾ പിറന്നു.

മാറ്റം

മാറ്റങ്ങൾ ഇപ്പോഴും
തഴപ്പായ പോലെ...
നിവർക്കും തോറും
മറുതല
ചുരുണ്ടുകൂടും.

പ്രതീക്ഷ

പ്രളയത്തിൽ
പെട്ടകം
പറുദീസയാകും പോലെ
ചുവപ്പിന്റെ കുഞ്ഞുസൂര്യൻ
മനസ്സിലിപ്പോഴും
തിളങ്ങി നിൽപ്പുണ്ട്‌.

O



Saturday, May 11, 2013

സംസ്കാരജാലകം

സംസ്കാരജാലകം - 16
ഡോ.ആർ.ഭദ്രൻ













വായന ഇല്ലാതെ പോകുന്ന നേതാക്കൾ


ശ്വേതാമേനോന്റെ ലൈവ്‌ പ്രസവം കാടത്തമാണെന്ന് ജി.കാർത്തികേയൻ, ജി.സുധാകരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ. പുരുഷന്മാർ ജോലി ചെയ്തു ധനം സമ്പാദിക്കുന്നുണ്ടെന്നും സ്ത്രീകൾ വീട്ടിൽ ഇരുന്നാൽ മതിയെന്നും മോഹൻ ഭഗത്തും തട്ടിവിട്ടു. നമ്മുടെ ഈ നേതാക്കൾക്ക്‌ ഒന്നും പുതിയ വായനയില്ല. ഇവർ ചിന്താലോകത്ത്‌ Outdated ആകുമെന്നത് സ്വാഭാവികം. ചിന്താലോകം മാറിക്കൊണ്ടിരിക്കുന്നത്‌ ഇവർ അറിയുന്നില്ല.


ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പ്‌

ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ്‌ എത്ര ഗംഭീരമായിരുന്നു. വിഭവങ്ങൾ കേട്ടുകൊൾക.

1. നവോത്ഥാന ധർമ്മങ്ങളുടെ ജനകീയ ഗുരു - ആലങ്കോട്‌ ലീലാകൃഷ്ണൻ

2. ആത്മഹത്യ എന്ന സമരം - ബ്ലാക്ക്‌ & വൈറ്റ്‌, സൂക്ഷ്മൻ - ആത്മഹത്യ ചെയ്ത ഇന്റർനെറ്റ്‌ പ്രതിഭ ആരോൺ സ്വാർട്ട്സിനെക്കുറിച്ചുള്ള ലേഖനം.

3. ഒറ്റയാൾ പലതായി പകർന്നാട്ടം - ഏകപാത്ര നാടകത്തിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരം ആപ്റ്റിന്റെ (A Place for Theatre) ശൈലജ.പി.അബുവിനെക്കുറിച്ചുള്ള ലേഖനം.

4. ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ - 'ബുക്‌ പിക്‌' എന്ന പംക്തിയിൽ ഡോ.മീന.ടി.പിള്ള എഴുതിയ കുറിപ്പാണിത്‌. ബുക്ക്‌ റിവ്യൂ വിന്‌ അപ്പുറം സഞ്ചരിക്കുന്ന ലേഖനമാണത്‌. പ്രൊ.നിവേദിതാ മേനോൻ എഴുതിയ പുസ്തകത്തിന്റെ ഈ നിരൂപണം ഫെമിനിസത്തെക്കുറിച്ച്‌ നമുക്ക്‌ ഒരുപാട്‌ അവബോധങ്ങൾ തരുന്നു.

5. ഒറ്റയ്ക്ക്‌ ജീവിതം കൊത്തിയെടുത്ത പെണ്ണ്‌ / പ്രിയ.എ.എസ്‌ 'സ്വരഭേദങ്ങൾ' എന്ന ഭാഗ്യലക്ഷ്മിയുടെ പുസ്തകത്തിന്‌ എഴുതിയ റിവ്യുവാണിത്‌. ഡബ്ബിംഗ്‌ ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെ മലയാളിക്ക്‌ മറക്കാൻ കഴിയില്ലല്ലോ. മനോഹരമായ കഥാഭാഷകൊണ്ട്‌ എഴുതിയ നിരൂപണം എന്ന് അതിനെ വിശേഷിപ്പിക്കാം.

6. പർവ്വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങൾ - കെ.പി.അപ്പന്റെ ഫിക്ഷന്റെ അവതാരലീലകൾ എന്ന ഗ്രന്ഥത്തെക്കുറിച്ച്‌ ചാത്തന്നൂർ മോഹൻ എഴുതിയ നിരൂപണമാണ്‌.

7. പ്രഭാവർമ്മ എഴുതിയ 'ഓമനത്തിങ്കൾ കിടാവോ' ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ്‌ കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്‌.

8. സിനിമയിൽ വംശനാശം നേരിടുന്ന നിഷ്ക്കളങ്കനർമ്മത്തിന്റെ വീണ്ടെടുപ്പായിരുന്നു കൃഷ്ണ പൂജപ്പുരയുടേത്‌. ഇതാണ്‌ 'ചിരിയുടെ കൃഷ്ണപക്ഷം' എന്ന ഗിരീഷ്‌ ബാലകൃഷ്ണന്റെ ലേഖനത്തിന്റെ വിഷയം. 

പത്രങ്ങളുടെ വാരാന്തപ്പതിപ്പ്‌ ഇങ്ങനെയായിരിക്കണമെന്ന് മനസ്സ്‌ പറഞ്ഞ നിമിഷങ്ങളായിരുന്നു ഇത്‌.


ബദരിസിംഗിനെയും ജ്യോതിസിംഗിനെയും ഓർത്ത്‌ അഭിമാനിക്കാം


ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജ്യോതിസിംഗിനെയും അവളുടെ അച്ഛൻ ബദരിസിംഗിനെയും ഓർത്ത്‌ നമുക്ക്‌ അഭിമാനിക്കാം. ധീരയായ മകളെ ഓർത്ത്‌ അച്ഛൻ അഭിമാനിക്കുന്നുണ്ട്‌. ബദരിസിംഗ്‌ ഡൽഹി വിമാനത്താവളത്തിൽ ചുമട്ടുതൊഴിലാളിയാണെന്ന് ഓർക്കുക. ബ്രിട്ടീഷ്‌ പത്രമായ സൺഡേ പീപ്പിളിന്‌ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെയാണ്‌ പറഞ്ഞത്‌. "എന്റെ മകളുടെ പേര്‌ ജ്യോതിസിംഗ്‌ പാണ്ഡേ. ലോകം അവളെ അറിയട്ടെ. ഇത്തരം പീഢനങ്ങൾ അനുഭവിക്കേണ്ടി വന്ന സ്ത്രീകൾക്കാകെ അവൾ കരുത്താകട്ടെ".


ഡയസ്നോൺ പ്രാകൃതം


വധശിക്ഷ പോലെ പ്രാകൃതമാണ്‌ ഡയസ്നോണും. രണ്ടും പുതിയകാലം ഉപേക്ഷിക്കണം. സി.അച്യുതമേനോൻ ആണ്‌ കൂടുതൽ ചർച്ചകളൊന്നും ഇല്ലാതെ ഡയസ്നോൺ കേരളത്തിൽ നടപ്പാക്കിയത്‌. അത്‌ ഒരു കമ്യൂണിസ്റ്റുകാരന്‌ ചേർന്ന നടപടിയായിരുന്നില്ല. തൊഴിലാളികളും ജീവനക്കാരും ഏറ്റവും അവസാനത്തെ ആയുധമായി മാത്രമേ പണിമുടക്കാവൂ. കൂടുതൽ പണി ചെയ്ത്‌ പ്രതിഷേധിക്കുന്ന ജപ്പാൻ മാതൃകയും പിന്തുടരാവുന്നതാണ്‌. കരിനിയമങ്ങൾക്കും നീതികേടുകൾക്കും അവകാശനിഷേധത്തിനെതിരെയും പണിമുടക്കുന്ന തൊഴിലാളിയുടെ ശമ്പളം തട്ടിയെടുക്കുന്ന നടപടി പ്രാകൃതമാണ്‌. ഇതേക്കുറിച്ച്‌ നമ്മുടെ നാട്‌ സംവാദം നടത്തേണ്ടതാണ്‌.


രണ്ടാമൂഴം വിമർശിക്കപ്പെടുന്നു



'സാഹിത്യവിമർശം' ദ്വൈമാസികയുടെ ജൂലൈ- ആഗസ്റ്റ്‌ ലക്കത്തിലും കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലുമായി പ്രസിദ്ധീകരിക്കപ്പെട്ട  'യുഗാവസാനത്തിന്റെ രണ്ടാമൂഴം' എന്ന ആർ.എസ്‌.കുറുപ്പിന്റെ ലേഖനം എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ലേഖനമാണ്‌. രചനാപരമായ പല പിഴവുകളും, ഇരാവതി കാർവെയുടെ 'യുഗാന്ത'യ്ക്ക്‌ രണ്ടാമൂഴത്തോടുള്ള വലിയ കടപ്പാടുമാണ്‌ പണ്ഡിതോചിതമായി ആർ.എസ്‌.കുറുപ്പ്‌ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്‌. 'രണ്ടാമൂഴ'ത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്ന് കുറുപ്പ്‌ നല്ലതുപോലെ സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. ഇത്‌ മലയാളവിമർശനം ശ്രദ്ധിക്കേണ്ടതാണ്‌. സെലിബ്രിറ്റികൾക്കെതിരായുള്ള കാതലായ വിമർശനം മാധ്യമങ്ങൾ തമസ്ക്കരിക്കുന്നത്‌ എന്തായാലും ഒരു ചീത്ത പ്രവണത തന്നെയാണ്‌.


പുസ്തകങ്ങൾ വായിക്കാതിരിക്കുന്നത്‌ കുറ്റകൃത്യമാണ്‌ 

 ജോസഫ്‌ ബ്രോഡ്സ്കി, റഷ്യൻ കവി


പുസ്തകങ്ങൾ കത്തിക്കുന്നതിനേക്കാൾ വലിയ കുറ്റകൃത്യങ്ങളുണ്ട്‌. അതിലൊന്ന് പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നതാണ്‌. ഇദ്ദേഹത്തിന്റെ ഈ ഊന്നൽ കലാകൗമുദിയിൽ അക്ഷരജാലകത്തിൽ (ഫെബ്രുവരി 3, 2013) എം.കെ.ഹരികുമാർ എടുത്തു ചേർക്കുകയുണ്ടായി. മനുഷ്യനായി ജീവിക്കുന്നതിന്റെ പ്രാഥമികയോഗ്യതയായി വായനാലോകത്തെ ഗവൺമെന്റ്‌ പ്രഖ്യാപിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. കുറ്റകൃത്യങ്ങൾ കൊണ്ടാണ്‌ നമ്മുടെ ലോകം നിറഞ്ഞിരിക്കുന്നത്‌ . ബ്രോഡ്സ്കിയുടെ ഈ വാക്യം ഒരു വലിയ വെള്ളിവെളിച്ചമാണ്‌.


കൊടിയിറങ്ങാതെ 1958

തോമസ്‌ ജേക്കബ്‌, മലയാള മനോരമ ആഴ്ചപ്പതിപ്പ്‌


 
 


2013 ഫെബ്രുവരി 2 ലെ മലയാള മനോരമ ആഴ്ചപ്പതിപ്പിലെ തോമസ്‌ ജേക്കബ്‌ എഴുതിയ 'കൊടിയിറങ്ങാതെ 1958' രസകരമായി നമുക്ക്‌ വായിച്ചുപോകാൻ കഴിയും. സ്കൂൾ യുവജനോത്സവത്തിന്റെ ആദ്യകാല ചരിത്രം തോമസ്‌ ജേക്കബ്‌ ഉത്തരവാദിത്തബോധത്തോടെ, ചരിത്രം എടുത്തുപുറത്തിടുന്ന വീറോടെ അവതരിപ്പിച്ചിട്ടുണ്ട്‌. ചരിത്രശൂന്യരായ ഒരു ജനതയിലേക്ക്‌ ചരിത്രസ്മരണ ഉണർത്താൻ ശ്രമിച്ച തോമസ്‌ ജേക്കബ്‌ ഏറെ അഭിനന്ദനം അർഹിക്കുന്നു. ഈ കുറിപ്പിന്റെ തുടക്കം കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു വരി ഉപയോഗിച്ച്‌ ക്യാച്ചിങ്ങാക്കാൻ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ വരി വായിച്ചുകൊള്ളുക - "ആളുകൾ കണ്ടുകണ്ടാണ്‌ കടലിത്ര വലുതായതെന്ന് കെ.ജി.ശങ്കരപ്പിള്ള എഴുതിയതുപോലെ പത്രങ്ങൾ എഴുതിയെഴുതിയാകണം യുവജനോത്സവം ഇങ്ങനെ പൊലിച്ചത്‌". വായനാക്ഷമമായ ഈ കുറിപ്പ്‌ ഭാവിയിലേക്കുള്ള നല്ലൊരു സൂക്ഷിപ്പാണ്‌.



സെല്ലുലോയ്ഡ്‌




കമൽ, സെല്ലൊലോയ്ഡിലൂടെ മികച്ച ഒരു ചലച്ചിത്രമാണ്‌ മലയാളിക്ക്‌ നൽകിയത്‌. മലയാള ചലച്ചിത്രലോകത്തെ ഒരു ദുരന്തനായകനാണ്‌ ജെ.സി.ഡാനിയേൽ. മലയാളത്തിൽ ആദ്യം സിനിമ എടുത്ത ധീരനായ കലാകാരൻ. ജെ.സി.ഡാനിയേലിനെ കേന്ദ്രീകരിച്ച്‌ ഒരു സിനിമ എടുക്കുക മലയാള ചലച്ചിത്രലോകത്തിന്റെ തീർത്താലും തീരാത്ത കടമയാണ്‌. അതാണ്‌ ഈ സിനിമയുടെ ധാർമ്മികവശം. ആഴത്തിലുള്ള ഗവേഷണം ചെയ്തില്ല എന്നൊരു പരിമിതിയുണ്ടെങ്കിലും, നല്ല സ്ക്രിപ്റ്റോടുകൂടി നല്ലൊരു സിനിമയുണ്ടായി.  ചരിത്രാനുഭൂതികളും ദുരന്തജീവിതാനുഭൂതികളും ഉണർത്തുന്ന ഈ സിനിമ കേരളം ഒന്നായി പോയി കാണേണ്ടതായിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളെ മുഴുവൻ ഈ സിനിമ കാണിക്കേണ്ടതായിരുന്നു. കേരളം ഈ ചലച്ചിത്രത്തെ വിജയിപ്പിക്കേണ്ടതായിരുന്നു. മലയാളത്തിന്റെ പേരിൽ മലയാളി ഒന്നിക്കുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത്‌. സിനിമയിൽ പൃഥിരാജ്‌ ശരീരമിളക്കി അഭിനയിച്ചു. നന്നായി വളരെ നന്നായി.


പണം ആളെക്കൊല്ലിയാണ്‌


പച്ചമലയാള പ്രസ്ഥാനത്തിൽ പാക്കനാർ എന്നൊരു കൃതിയുണ്ട്‌. ഈ കൃതിയിൽ പണം ആളെക്കൊല്ലിയാണ്‌ എന്ന ആശയം പച്ചമലയാളത്തിൽ തന്നെ ആഖ്യാനം ചെയ്തിട്ടുണ്ട്‌. ഗാന്ധിഭവൻ പ്രസിദ്ധീകരിക്കുന്ന 'സ്നേഹരാജ്യം മാസിക'യിൽ സിപ്പി പള്ളിപ്പുറം ഈ കഥ കുട്ടികൾക്കുവേണ്ടി ബാലരാജ്യം എന്ന പംക്തിയിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്‌. ആർത്തി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയകാലത്തിൽ സിപ്പി പള്ളിപ്പുറം മഹത്തായ ഒരു സേവനമാണ്‌ ഇതിലൂടെ നിർവ്വഹിക്കുന്നത്‌. കുട്ടികളെ ധനാർത്തിയിൽ നിന്നും ജ്ഞാനാർത്തിയിലേക്ക്‌ വഴി തിരിച്ചുവിടണം.


ഋതുസ്പർശം




അനില.ജി.നായർ ആദ്യത്തെ കവിതാസമാഹാരവുമായി മലയാള കാവ്യലോകത്തിലേക്ക്‌ കാലെടുത്തു വെച്ചിരിക്കുന്നു. ഉണ്മയാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌. ആരോ മറന്നിട്ട വാക്കുകൾ എന്ന പേരിൽ ടോണി മാത്യൂ എഴുതിയ അവതാരികയും പുസ്തകത്തെ അനുഗ്രഹിച്ചിട്ടുണ്ട്‌. കവിതാമയമായ ഒരു ഭാഷാലോകം ഇതിലാകമാനം ഉണ്ട്‌ എന്നതാണ്‌ ആരെയും ആകർഷിക്കുന്ന ഘടകം. ഭാവിയിലെ ഒരു വലിയ കവയിത്രിയുടെ ഒളിച്ചുപാർപ്പ്‌ സഹൃദയർ ഈ കവിതകളിൽ കാണാതെ പോകരുത്‌.

വാക്കുകൾക്കർത്ഥങ്ങളാരു നൽകും
വാക്കിനുമപ്പുറം ജന്മമുണ്ടോ?

എന്ന് 'വാക്ക്‌' എന്ന കവിതയിൽ അനില ചോദിക്കുന്നു. ഇത്‌ ഒരു വലിയ കാവ്യസാധ്യതയാണ്‌.


ജ്ഞാനിയായ കവി കവിയായ ജ്ഞാനി



ഡി.വിനയചന്ദ്രനും യാത്രയായി. യാത്രപ്പാട്ടും വിനയചന്ദ്രികയും നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതയും വീട്ടിലേക്കുള്ള വഴിയും സൗമ്യകാശിയും ഒക്കെ എഴുതി മലയാളകവിതയെ ലോകനിലവാരത്തിലെത്തിച്ച, നാം മനസ്സിലാക്കാതെ, ഉചിതമായ പീഠങ്ങളൊന്നും നൽകാതെ പറഞ്ഞുവിട്ട പ്രിയകവിയ്ക്ക്‌ ആദരാഞ്ജലി നേരുന്നു. ഒരുപാടു പ്രാവശ്യം കവിയ്ക്ക്‌ ആതിഥ്യമരുളാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായാണ്‌ എപ്പോഴും കരുതുന്നത്‌. പലരും അദ്ദേഹത്തോടു കാണിച്ചിട്ടുള്ള അനുചിത പെരുമാറ്റങ്ങളെക്കുറിച്ച്‌ കവി അപൂർവ്വമായിട്ടാണെങ്കിലും മനസ്സ്‌ തുറന്നിട്ടുണ്ട്‌. ചില ദുരനുഭവങ്ങളാണ്‌ അദ്ദേഹത്തെ ഏറെ പീഡിതനാക്കിയത്‌. അനവധി പ്രാവശ്യം കവിതകൾ പൂഴ്ത്തിവെച്ച്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കമൽറാം, കവിയോട്‌ ചെയ്ത ക്രൂരപ്രവൃത്തിയും അതിലുണ്ട്‌. മലയാളം കണ്ട അനശ്വര പ്രതിഭാശാലിയുടെ കവിതയാണ്‌ പൂഴ്ത്തുന്നത്‌ എന്ന വിവേകമെങ്കിലും കമൽറാമിന്‌ ഉണ്ടാകാമായിരുന്നു.


ഭക്ഷണപ്രധാനമായിത്തീരുന്ന മലയാള സിനിമ


പല മലയാള സിനിമകളും ഭക്ഷണപ്രധാനമായിത്തീരുകയാണ്‌. സ്പാനിഷ്‌ മസാല, സാൾട്ട്‌ & പെപ്പർ, ഉസ്താദ്‌ ഹോട്ടൽ, കമ്മത്ത്‌ & കമ്മത്ത്‌ തുടങ്ങിയ ചില ഉദാഹരണങ്ങൾ. മലയാളനോവലിൽ ഭക്ഷണത്തിന്റെ സമൃദ്ധിയും സൗരഭ്യവും നേരത്തെ തന്നെ പുനത്തിൽ കുഞ്ഞബ്ദുള്ള കൊണ്ടുവന്നിട്ടുണ്ടായിരുന്നു. മരുന്ന്, സ്മാരകശിലകൾ തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകളിലെ ഭക്ഷണത്തിന്റെ മണം ഇപ്പോഴും ഘാണേന്ദ്രിയത്തിൽ നിന്നും വിട്ടുപോകുന്നില്ല. ഈ സിനിമകൾ കണ്ടുകൊണ്ടിരുന്നപ്പോൾ പുനത്തിലിനെ ഓർത്ത്‌ ആഹ്ലാദിച്ചു.


പി.ഗോവിന്ദപിള്ളയെ ഓർക്കുമ്പോൾ...






ബി.എ ക്ക്‌ ശാസ്താംകോട്ട ഡി.ബി.കോളേജിൽ പഠിക്കുമ്പോഴാണ്‌ പി.ഗോവിന്ദപിള്ളയുടെ ഒരു ക്ലാസ്‌ കിട്ടുന്നത്‌. മാർക്സിനെക്കുറിച്ചുള്ള ക്ലാസ്സായിരുന്നു. മാർക്സിന്റെ സ്വകാര്യജീവിതത്തെയും പ്രണയജീവിതത്തെയും പി.ജി.ക്ലാസിൽ നന്നായി വിശദീകരിച്ചു. പിന്നീട്‌ മാർക്സിസത്തെ കേവലമായി ഒന്നു പരിചയപ്പെടുത്തി. പുരോഗമനകലാസാഹിത്യ സംഘം സംഘടിപ്പിച്ച ആ ക്ലാസ്‌ ഇന്നലെത്തേതു പോലെ ഓർക്കുന്നു. പിന്നീട്‌ പി.ജി.എഴുതിയതും പി.ജി. യെക്കുറിച്ചെഴുതിയതും ധാരാളം വായിച്ചു. മലയാളത്തിലെ വായനയുടെ  ഈ തമ്പുരാൻ അദ്ദേഹത്തിന്റെ എഴുത്തുജീവിതം കൊണ്ടു തന്നെ കേരളത്തിലെ ഭാവിതലമുറയെ ജാഗ്രത്താക്കുക തന്നെ ചെയ്യും. പി.ജി.യെ ആദരവോടെ സ്മരിച്ചുകൊണ്ട്‌...


ശ്രദ്ധേയമായ ചിന്ത


"ശരീരത്തെക്കുറിച്ച്‌ വല്ലാതെ ചിന്തിക്കാതിരിക്കുക എന്നതും ഫെമിനിസമാണ്‌. സമൂഹം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌, സ്ത്രീശരീരം ഇങ്ങനെയൊക്കെയാവണമെന്ന്. അങ്ങനെയാവാൻ വേണ്ടി നാം നമ്മെത്തന്നെ ചിത്രവധം ചെയ്യും... നമ്മുടെ ശരീരം എങ്ങനെയാണോ അങ്ങനെ തന്നെ അതിനെ നാം ആസ്വദിക്കാൻ നാം പഠിക്കണം".-അനിതാ നായർ, മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ / പുതുവർഷപ്പതിപ്പ്‌  2013.


O

 
PHONE : 989573421


മുത്തച്ഛനും ഞാനും

കവിത
സുബ്രഹ്മണ്യൻ കുറ്റിക്കോൽ










ണ്ടം തീണ്ടുന്ന മുത്തച്ഛൻ
കാവുതീണ്ടുന്ന
വെളിച്ചപ്പാടിനെപ്പോലെ
ചേറാടിത്തുള്ളിയുറഞ്ഞ്‌
ചെറുമികൾക്കു ഞാറെറിയുന്നു.
മരംകെട്ടി പോത്തോട്ടി
താഴേക്കണ്ടം പുഞ്ചകലക്കുന്നു.
ചെളി തെറിച്ചെന്റമ്മോ
കവുങ്ങേലൊന്നും
അടയ്ക്ക കാണാനില്ല.

കുളം തീണ്ടുന്ന മുത്തച്ഛൻ
കരിമ്പിൻകാടേറിയ
കരിവീരനെപ്പോലെ
കുളംകലക്കി കുളിച്ചുകയറുന്നു.
കൈപ്പിടിയിൽ
കൈത്തണ്ടവണ്ണത്തിൽ
വരാലുപിടയുന്നു.

തിരിച്ചുവഴിയിൽ
തെറിപ്പാട്ടിലുലയുന്ന
മുത്തച്ഛന്റെ മുതുകിലിരുന്ന്
പദമുരുക്കഴിച്ചു
പദാവലിനിറയ്ക്കുന്നു,
പുതുകാലത്തൊരു
കവിയാകേണ്ടവൻ.

O


മഹാകവേ, മാനിഷാദ...

ലേഖനം
വിനോദ്‌ ഇളകൊള്ളൂർ










              കവി പി.പി.രാമചന്ദ്രന്‌ കേരളത്തിലുള്ള സ്ഥാനമെന്താണ്‌ എന്ന ചോദ്യത്തിന്‌ വായനക്കാർ നൽകുന്ന ഉത്തരം ഇതായിരിക്കും - "അദ്ദേഹം നന്നായി കവിത എഴുതും. മലയാളത്തിലെ ഏതൊരു കവിക്കുമുള്ള സ്ഥാനം അദ്ദേഹത്തിനുമുണ്ട്‌". അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കവിത പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങൾ എന്നിവ വായിക്കുന്നവരാണ്‌ ഈ അഭിപ്രായം പറയുക. മേൽപ്പറഞ്ഞ ചോദ്യം പൊതുസമൂഹത്തോടാണെങ്കിൽ "പി.പി.രാമചന്ദ്രനോ, അതാര്‌..?" എന്നായിരിക്കും മറുചോദ്യം.

ആഘോഷിക്കപ്പെടാത്ത ഏതൊരു എഴുത്തുകാരന്റെയും സ്ഥിതി ഇതാണ്‌. പൊതുസമൂഹത്തിന്‌ അത്തരക്കാരെ പിടിയുണ്ടാകില്ല. അറിയുമെങ്കിൽ തന്നെ അവർ എഴുത്തിനും സാഹിത്യത്തിനും അത്ര വലിയ സ്ഥാനമൊന്നും നൽകുന്നില്ല. കാരണം സാഹിത്യം അവരുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്നില്ല. സാഹിത്യം തങ്ങൾക്ക്‌ എന്തെങ്കിലും സംഭാവനകൾ നൽകുന്നുണ്ടെന്ന് അവർ കാണുന്നുമില്ല. തങ്ങൾക്ക്‌ അപ്രാപ്യമായ മേഖലയിൽ പ്രവർത്തിക്കുന്ന വർഗ്ഗമായതിനാൽ സാഹിത്യകാരന്മാരെക്കുറിച്ച്‌ കാര്യമായ അന്വേഷണം നടത്താനും അവർ തയ്യാറല്ല. സുഗതകുമാരിയെയും ഒ.എൻ.വി.കുറുപ്പിനെയുമൊക്കെ അവർ അംഗീകരിക്കും. കാരണം അവർ മാധ്യമങ്ങളിലൂടെ നിരന്തരം ആഘോഷിക്കപ്പെടുന്നവരാണ്‌. താരാരാധനയിൽ അടിപ്പെട്ടുപോവുന്ന പൊതുസമൂഹത്തിന്റെ മന:ശാസ്ത്രമാണിത്‌. വസ്തുതകളുടെ ആഴങ്ങളിലേക്ക്‌ അന്വേഷണം നടത്താനൊന്നും അവർക്ക്‌ താൽപര്യമില്ല.

മലയാള സിനിമയിൽ മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച വെച്ച പി.ജെ.ആന്റണിയെക്കുറിച്ച്‌ അവർ കേട്ടിട്ടുകൂടി ഉണ്ടാകില്ല. പക്ഷേ, മോഹൻലാലിനെയും മമ്മൂട്ടിയെയും അവർക്ക്‌ നന്നായി അറിയാം. കേരള നിയമസഭയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന ലോനപ്പൻ നമ്പാടനെ മറന്നുപോയ അവർ, നിയമസഭയുടെ ഗാംഭീര്യത്തെ തകർത്തുകളഞ്ഞ ചീഫ്‌ വിപ്പ്‌ പി.സി.ജോർജ്ജിന്റെ വാക്‌പയറ്റുകൾക്കു വേണ്ടി കാതോർത്തിരിക്കുന്നു. അട്ടപ്പാടി ആദിവാസി കോളനിയിലെ പെൺകുട്ടികൾ അച്ഛനില്ലാത്ത കുട്ടികളെ പ്രസവിക്കുന്ന വാർത്തയെക്കുറിച്ച്‌ ആകുലപ്പെടാതെയാണ്‌ സിനിമാനടി ശ്വേതാമേനോന്റെ പ്രസവത്തെക്കുറിച്ച്‌ അവർ സംസാരിക്കുന്നത്‌.

പൊതുസമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകളെ നിരുത്സാഹപ്പെടുത്തേണ്ടതും മൂല്യവത്തായ ചിന്തകളിലേക്ക്‌ അവരെ നയിക്കേണ്ടതും ചിന്തിക്കുന്ന ന്യൂനപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്‌. ഇത്തരം ശ്രമങ്ങളിലൂടെ പൊതുസമൂഹം എന്ന ആൾക്കൂട്ടത്തിൽ വിള്ളലുണ്ടാക്കാനും കുറേപ്പേരെയെങ്കിലും തങ്ങളുടെ പാതയിലേക്ക്‌ കൊണ്ടുവരാനും കഴിയും. ആൾക്കൂട്ടത്തോടൊപ്പം ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ്‌ ഇത്‌ സാധ്യമാവുക. ചരിത്രത്തിൽ സാംസ്കാരിക പ്രവർത്തകരുടെ റോൾ ഇതായിരുന്നു. അവർ ആൾക്കൂട്ടത്തിലേക്ക്‌ ഇറങ്ങിച്ചെന്നായിരുന്നു ആശയങ്ങളെക്കുറിച്ച്‌ സംസാരിച്ചിരുന്നത്‌. തെരുവുനാടകങ്ങളും കവിയരങ്ങുകളും ചൊൽക്കാഴ്ചകളും ഉണ്ടായത്‌ അങ്ങനെയാണ്‌. ആൾക്കൂട്ടത്തിലെ വിരലിലെണ്ണാവുന്നവരായിരിക്കും ആകൃഷ്ടരാവുക. അവർ പിന്നീട്‌ അതേക്കുറിച്ച്‌ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്യും. നാടിന്റെ സാംസ്കാരിക മുഖം നിലനിൽക്കുന്നതും മുന്നോട്ടുപോകുന്നതും ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്‌.

എഴുത്തുകാരായിരുന്നു ഇത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നിരുന്നത്‌. വയലാർ രാമവർമ്മ മുതൽ കടമ്മനിട്ട വരെയുള്ള കവികൾ നാട്ടിൻപുറങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നവരായിരുന്നു.

തന്റെ വിമർശന സപര്യയുടെ നൂറിരട്ടി സംഭാവന പ്രഭാഷണങ്ങളിലൂടെ നൽകിയ സുകുമാർ അഴീക്കോടും സാമൂഹികപ്രശ്നങ്ങളെ ചിന്തയുടെ ഊർജ്ജം കൊണ്ട്‌ അപഗ്രഥിക്കുന്ന സക്കറിയയും കേരളത്തിൽ സാംസ്കാരിക സംവാദങ്ങൾക്ക്‌ വേദിയൊരുക്കിയവരാണ്‌. സാംസ്കാരികമായ കൂട്ടായ്മകളിൽ സാന്നിധ്യം കൊണ്ടുപോലും ഇടപെടലുകൾ നടത്തുന്ന എത്രയോപേർ ഈ പട്ടികയിൽ ഉൾപ്പെടാനുണ്ട്‌. "ഞാൻ എഴുത്തുകാരനാണ്‌. അതുകൊണ്ട്‌ എല്ലാവരും ഇങ്ങോട്ടുവരുവിൻ..." എന്നതല്ല ഇവരുടെ ചിന്താഗതി. "ഞാൻ എഴുത്തുകാരനാണ്‌, അതുകൊണ്ട്‌ സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലേണ്ടതുണ്ട്‌." എന്നതാണ്‌ അവരുടെ കാഴ്ചപ്പാട്‌. സാഹിത്യം ഗൗരവതരമായതാണെന്നും അത്‌ നിലനിൽക്കേണ്ടതുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ അവർ പൊതുസമൂഹത്തെ നിരന്തരം ഓർമ്മിപ്പിക്കുകയാണ്‌.

എഴുത്തുകാരൻ എന്ന മേൽവിലാസത്തിൽ അഭിരമിച്ച്‌ സമൂഹത്തിൽ നിന്ന് അയിത്തം കൽപ്പിച്ചിരിക്കുന്നവരെക്കുറിച്ച്‌ പറയാനാണ്‌ ഇത്‌ സൂചിപ്പിച്ചത്‌. ബുദ്ധിരഹിതരായ കുറേ ആളുകളാണ്‌ പൊതുസമൂഹമെന്നും ശ്രേഷ്ഠനായ താൻ അക്കൂട്ടരുമായി ബന്ധപ്പെടരുതെന്നുമുള്ള ചാതുർവർണ്യ കാഴ്ചപ്പാടുള്ളവരാണ്‌ ഇക്കൂട്ടർ. സാഹിത്യകാരൻ എന്നു പറഞ്ഞാൽ ബ്രാഹ്മണ സമാനരാണെന്ന തരത്തിലുള്ള അഭിനവ മനുസ്മൃതി ഇവർ മനസിൽ സൂക്ഷിക്കുന്നു. പ്രസിദ്ധിക്കുവേണ്ടി എഴുതുക എന്നതു മാത്രമാണ്‌ തന്നിൽ നിഷിപ്തമായ ചുമതലയെന്നും അതിന്‌ പ്രത്യുപകാരമായി അവാർഡുകൾ നൽകുകയാണ്‌ സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും ഇവർ ദൃഡമായി വിശ്വസിക്കുന്നു.

കവി പി.പി.രാമചന്ദ്രൻ ഫേസ്ബുക്കിൽ ഈയിടെ നടത്തിയ ഒരു പരാമർശം ഇതായിരുന്നു - ഈ വിഷുക്കാലത്ത്‌ കവിയുടെ വീട്ടിലേക്ക്‌ നാട്ടിലെ ക്ലബ്ബിലെ കുറേ പയ്യന്മാർ വന്നു. വിഷു ആഘോഷപരിപാടിയുടെ ഉദ്ഘാടനത്തിന്‌ തന്നെ ക്ഷണിക്കാനാണ്‌ അവർ വന്നതെന്ന് കവി കരുതി. പക്ഷേ പയ്യന്മാരുടെ ആവശ്യം മറ്റൊന്നായിരുന്നു. വിഷു പരിപാടിയുടെ നോട്ടീസ്‌ കവി തയ്യാറാക്കി നൽകണം. കാരണം നോട്ടീസിൽ കുറേ സാഹിത്യവാചകങ്ങൾ വേണം. ഇതുകേട്ട കവി തനിക്ക്‌ പറ്റില്ലെന്നു പറഞ്ഞ്‌ അവരെ മടക്കി അയയ്ക്കുന്നു. എഴുത്തുകാരനെ സമൂഹം കാണുന്നത്‌ ആധാരമെഴുത്തുകാരനെപ്പോലെയാണെന്ന മട്ടിലുള്ള അപകർഷബോധത്തോടെ കവിയുടെ വാക്കുകൾ അവസാനിക്കുന്നു.

കവിയുടെ വാക്കുകളിൽ ക്ലബ്ബിലെ പയ്യന്മാർ എന്തോ കടുത്ത അപരാധം ചെയ്തെന്ന ധ്വനിയുണ്ട്‌. മഹാകവി പട്ടത്തിന്റെ സാങ്കൽപിക സിംഹാസനത്തിലിരിക്കുന്ന താൻ വെറുമൊരു നോട്ടീസ്‌ എഴുത്തുകാരനല്ലെന്ന സൂചനയുണ്ട്‌. കവിയെ തിരിച്ചറിയാത്ത ക്ലബ്ബുകാർ മണ്ടന്മാരാണെന്ന് പറയാതെ പറയുന്നുണ്ട്‌.

എത്ര കടുത്ത നിരാശയോടെയായിരിക്കും ആ പയ്യന്മാർ കവിയുടെ വീട്ടിൽ നിന്ന് മടങ്ങിയത്‌. നന്മയുടെ മുളകൾ മനസ്സിൽ ഉള്ളതുകൊണ്ടാണല്ലോ അവർ വിഷു ആഘോഷിക്കാൻ തീരുമാനിച്ചത്‌. നല്ല വാക്കുകളോട്‌ കമ്പമുണ്ടായതുകൊണ്ടാണല്ലോ അത്‌ എഴുതിത്തരണമെന്ന് കവിയോട്‌ ആവശ്യപ്പെട്ടത്‌. അവരെ തിരിച്ചയച്ചതിലൂടെ കവി നന്മയോടും നല്ല വക്കുകളോടുമുള്ള അവരുടെ താൽപര്യത്തെയാണ്‌ നശിപ്പിച്ചത്‌. പി.പി.രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വലിയ കവിയാണ്‌. അദ്ദേഹത്തിന്റെ കവിതകൾക്ക്‌ ആരാധകരുണ്ട്‌. ആ കവിതകളെ താൽപര്യത്തോടെ നോക്കിക്കാണുന്ന നിരൂപകരുണ്ട്‌. പക്ഷേ അവരുടെ എണ്ണം വളരെ ചുരുക്കമാണ്‌. അതുകൊണ്ടു തന്നെ മഹാഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തിൽ പി.പി.രാമചന്ദ്രന്റെ കവിതകൾ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. അങ്ങനെയിരിക്കെ ആ സമൂഹം തന്നെ വെറും സാഹിത്യവാചകങ്ങൾ എഴുതുന്ന ആൾ എന്നതിനപ്പുറം കവിയെന്ന നിലയിൽ അംഗീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌. ആ അംഗീകാരം ലഭിക്കാൻ അദ്ദേഹം സമൂഹത്തിനൊപ്പം ഇഴുകിച്ചേരുകയാണ്‌ വേണ്ടത്‌. തന്നെത്തേടി വീട്ടിലെത്തിയ പയ്യന്മാരുടെ നല്ല മനസ്സിനെ ബഹുമാനത്തോടെ കണ്ട്‌ അവർക്ക്‌ നോട്ടീസ്‌ തയ്യാറാക്കി നൽകാമായിരുന്നു. വിഷു ആഘോഷിക്കാനുള്ള അവരുടെ തീരുമാനത്തെ അഭിനന്ദിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കവിയെക്കുറിച്ചുള്ള അവരുടെ മനസിലെ ചിത്രം കുറേക്കൂടി തെളിമയുള്ളതാകുമായിരുന്നു.

ക്ലബ്ബുകൾ പോലെയുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. അവ ഇല്ലാതാകുന്നതോടെ ഒരു വലിയ സംസ്കാരമാണ്‌ അപ്രത്യക്ഷമാകുന്നത്‌. യുവത്വത്തിന്റെ ഊർജ്ജത്തെ കലാപരമായും കായികപരമായും വഴിതിരിച്ചുവിടുക എന്ന വലിയ ദൗത്യമാണ്‌ ക്ലബ്ബുകൾ ചെയ്യുന്നത്‌. ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയാണ്‌ അവ നൽകുന്നത്‌. അവയെ പിടിച്ചു നിർത്തേണ്ടത്‌ തലമുതിർന്നവരുടെ ചുമതലയാണ്‌. കാരണം, അത്തരം കൂട്ടായ്മകൾ സൃഷ്ടിച്ച സംസ്കാരത്തിന്റെ നന്മയിലൂടെ വളർന്നു വന്നവരാണ്‌ അവർ.

പക്ഷേ നമ്മുടെ മുതിർന്ന തലകളിൽ പലതും തൻപോരിമയ്ക്ക്‌ അടിപ്പെട്ട്‌ അൽപപ്രസിദ്ധിയുടെ പൊട്ടക്കിണറ്റിൽ നീന്തിത്തുടിച്ച്‌ രസിക്കുകയാണ്‌. കിണറിനു പുറത്തുള്ള ലോകം അവർക്ക്‌ വിഷയമേയല്ല. അവാർഡുകളും പ്രശംസാപത്രങ്ങളും പൊന്നാടകളും കിണറ്റിലേക്ക്‌ തള്ളിയിട്ടുകൊടുത്താൽ അത്രയും സൗകര്യം; പുറംലോകത്തെ വെയിലും മഴയുമേൽക്കാതെ കഴിക്കാമല്ലോ.

സാഹിത്യസാമ്രാജ്യത്തിലെ സാമ്രാട്ടായി സങ്കൽപ്പിച്ച്‌ സ്വയം കൽപ്പിച്ചുണ്ടാക്കിയ സിംഹാസനത്തിൽ ചുരുണ്ടുകൂടിയിരിക്കുന്നവർ തങ്ങളുടെ മനസ്‌ കുറേക്കൂടി വിപുലമാക്കിയിരുന്നെങ്കിൽ ...!

എന്തിന്‌ വേണ്ടിയാണ്‌ എഴുതുന്നതെന്നും താൻ എഴുതുന്നത്‌ ആരാണ്‌ വായിക്കുന്നതെന്നുമൊക്കെ ഇടയ്ക്കിടെ ചോദിച്ചിരുന്നെങ്കിൽ ...!

നെഞ്ചോടൊട്ടിക്കിടക്കുന്ന അദൃശ്യമായ പൂണൂൽ പൊട്ടിച്ചെറിഞ്ഞ്‌ മറക്കുട മാറ്റിവെച്ച്‌ ഇല്ലത്തുനിന്ന് നാട്ടുവഴിയിലേക്ക്‌ ഒന്നിറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ ..!  

O


 PHONE : 944777915



Tuesday, May 7, 2013

കോവിൽമലയിൽ നിന്നൊരു ശംഖൊലി

അഭിമുഖം
സ്വന്തം ലേഖകൻ


       രമ്പരാഗത വേഷമണിഞ്ഞ്‌ ശാന്തഭാവത്തിൽ നിലകൊണ്ട 'രാമൻ രാജമന്നാൻ' എന്ന കോവിൽമലയുടെ പുതിയ രാജാവ്‌ മനസ്‌ തുറക്കുമ്പോൾ തട്ടേക്കാട്‌ ഗസ്റ്റ്‌ ഹൗസിനപ്പുറം നിബിഡമായ വനമേഖലയിൽ നിന്നും നിരവധി പേരറിയാപക്ഷികളുടെ സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു. ജയ്ജി പീറ്റർ ഫൗണ്ടേഷന്റെ 2012 ലെ പരിസ്ഥിതി പുരസ്കാരം പ്രമുഖ പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനുമായ ഡോ.ആർ.സുഗതന്‌ സമർപ്പിക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. ഗോത്രഭൂമി പത്രാധിപർ രാജേന്ദ്രപ്രസാദ്‌, മുതിർന്ന പത്രപ്രവർത്തകനായ വൈക്കം മധു എന്നിവരോടൊപ്പമാണ്‌ അദ്ദേഹത്തെ സന്ദർശിച്ചത്‌.



ആധുനികതയുടെ മുഖപ്രസാദവുമായി, 108 കുടുംബങ്ങളടങ്ങിയ കോവിൽമല ദേശത്തെ 28 വയസ്സുകാരനായ രാജാവ്‌, മന്നാൻ ഗോത്രത്തിൽപ്പെട്ട ആദിവാസിസമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ ഇല്ലാതാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളിലാണ്‌. ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിൽ സജീവമായ കോവിൽമല രാജാവിന്‌ സ്വന്തമായി വെബ്‌സൈറ്റുമുണ്ട്‌. ഭാരതത്തിലെ ആദിവാസി ഗോത്രസമൂഹങ്ങളെടുത്താൽ, ത്രിപുരയിലും കോവിൽമലയിലും മാത്രമാണ്‌ രാജാവിനാൽ ഭരിക്കപ്പെടുന്ന സെറ്റിൽമെന്റുകൾ ഉള്ളത്‌.

വിചിത്രവും സവിശേഷതകൾ നിറഞ്ഞതുമായ ആചാര-അനുഷ്ഠാനങ്ങളാൽ വേറിട്ടു നിൽക്കുന്ന സമുദായമാണ്‌ മന്നാൻ ഗോത്രം. ഇടുക്കി ജില്ലയിലെ തേക്കടി, കട്ടപ്പന, നെടുംകണ്ടം തുടങ്ങിയ മേഖലകളിൽ ഇവർ അധിവസിക്കുന്നു. 86ൽ പരം അപൂർവ്വങ്ങളായ പച്ചമരുന്നുകളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചും അപാരജ്ഞാനം പുലർത്തുന്നവരാണ്‌ ഈ ജനത. തമിഴും മലയാളവും സംസാരിക്കുന്ന ഇവർ കൂലിപ്പണിയിലൂടെയാണ്‌ ഉപജീവനമാർഗ്ഗം തേടുന്നത്‌. വനവിഭവങ്ങളുടെ വിൽപ്പനയാണ്‌ മറ്റൊരു വരുമാനമാർഗം. ആരോഗ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ തന്നെ തുടരുന്ന ഇവരുടെ ജീവിതസാഹചര്യങ്ങൾ അനുദിനം കടുത്തതായിക്കൊണ്ടിരിക്കുന്നു. തെല്ലൊരു ശങ്കയോടെയാണ്‌ പത്തു ചോദ്യങ്ങളെ സമീപിച്ചതെങ്കിലും, കോവിൽമല രാജാവ്‌ മനസ്‌ തുറന്നു.




കോവിൽമലയിലെ ആദിവാസികളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ എങ്ങനെയാണ്‌ ? ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടോ?

തുച്ഛമായ ഭൂമി എല്ലാവർക്കുമുണ്ടെങ്കിലും അവിടെ കൃഷി ചെയ്തു ജീവിക്കാൻ മതിയായ സാഹചര്യമില്ല. 108 കുടുംബങ്ങളടങ്ങിയ സെറ്റിൽമെന്റാണ്‌ കോവിൽമലയിൽ ഉള്ളത്‌. 120 കുടുംബങ്ങളടങ്ങിയ മറ്റൊരു സെറ്റിൽമെന്റ്‌ കൂടിയുണ്ട്‌. കൂലിപ്പണിയാണ്‌ പ്രധാന ഉപജീവനമാർഗം. വ്യാപകമായി ഭൂമി അന്യാധീനപ്പെടുന്നുണ്ട്‌. സർക്കാരിനും ഇതറിയാവുന്നതാണ്‌.

കോവിൽമലയിൽ പ്രാഥമികതലത്തിലുള്ള ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ?

ഉണ്ട്‌. അംഗൻവാടിയും പ്രാഥമിക ആരോഗ്യകേന്ദ്രവുമുണ്ട്‌. എത്തിച്ചേരാവുന്ന ദൂരത്തിൽ ഒരു ആയുർവ്വേദ ആശുപത്രിയുമുണ്ട്‌. എൽ.പി..സ്കൂൾ കൂടാതെ 5 കിലോമീറ്ററിനപ്പുറം ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്‌.

കോവിൽമലയിലെ പുതുതലമുറയുടെ വിദ്യാഭ്യാസനിലവാരം എങ്ങനെ?

ഇപ്പോഴത്തെ കുട്ടികൾ വിദ്യാഭ്യാസനിലവാരത്തിൽ വളരെയേറെ മുന്നോട്ടു വരുന്നുണ്ട്‌. ഡിഗ്രി, നഴ്സിംഗ്‌ വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതലായുണ്ട്‌. പഠിക്കണമെന്നും നല്ല ജോലി നേടണമെന്നും ആഗ്രഹമുള്ള ഒരു പുതുതലമുറയാണ്‌ കോവിൽമലയിൽ ഇപ്പോഴുള്ളത്‌.


കോവിൽമലയിൽ പട്ടിണിമരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ? അട്ടപ്പാടിയിൽ മുപ്പതിലേറെ പട്ടിണിമരണങ്ങൾ സംഭവിച്ചിട്ടുള്ളത്‌ അറിയാമല്ലോ. ആദിവാസി മേഖലകളിൽ എന്തുകൊണ്ട്‌ ഇത്രയധികം പട്ടിണിമരണങ്ങൾ?

കോവിൽമലയിൽ ഇതുവരെ ഇല്ല. തൊഴിലില്ലായ്മയാണ്‌ പട്ടിണിമരണങ്ങളുടെ പ്രധാനകാരണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും, പോഷകാഹാരങ്ങളുടെ ദൗർലഭ്യവും വരുമാനക്കുറവും ഒക്കെ ഇതിനു കാരണമാകുന്നു. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നുമില്ല.


ഒരു ആദിവാസി ഗോത്രത്തിന്റെ രാജാവ്‌ എന്ന നിലയിൽ അട്ടപ്പാടിയിലെ ജനങ്ങൾക്ക്‌ പിന്തുണ നൽകാനും അവർക്ക്‌ ധൈര്യം പകരാനുമായി അവിടം സന്ദർശിക്കാൻ താങ്കൾ തയ്യാറാവുമോ?

തീർച്ചയായും. മുൻപുണ്ടായിരുന്ന രാജാക്കന്മാർ അങ്ങനെയുള്ള ഇടപെടലുകൾ ഒന്നും നടത്തിയിട്ടില്ല. എന്നാലും മുഴുവൻ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഈ മാസം തന്നെ അട്ടപ്പാടി സന്ദർശിച്ച്‌ അവിടുത്തെ ജനങ്ങളെ കാണുമെന്ന് ഉറപ്പു തരുന്നു.

ആദിവാസികളുടെ പ്രതിനിധിയായി ഇപ്പോൾ ഒരു മന്ത്രിയുണ്ടല്ലോ. ഈ വിഭാഗത്തിന്റെ ക്ഷേമത്തിനായി അവിടെ നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടോ?

എല്ലാം രാഷ്ട്രീയത്തിൽ അധിഷ്ഠിതമല്ലേ. പരിമിതികൾ ഉണ്ടാകും. രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചുകൊണ്ട്‌ ഈ സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അവിടെ നിന്നും ഉണ്ടായിവരും എന്നു പ്രതീക്ഷിക്കുന്നു.

കോവിൽമലയിൽ വനാവകാശനിയമവും ആദിവാസിനിയമവും ശരിയായ വിധത്തിൽ നടപ്പിലാവുന്നുണ്ടോ?

കോവിൽമലയിൽ വനാവകാശനിയമം മോശപ്പെട്ട നിലയിലാണ്‌. ക്ലെയിമുകൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. മാറിമാറി വരുന്ന സർക്കാരുകൾ ഏറ്റെടുത്ത്‌ പരിഹരിക്കേണ്ട കാര്യങ്ങളാണ്‌ അതൊക്കെ. ആദിവാസിനിയമം തിരുത്തേണ്ട സമയം എപ്പോഴേ കഴിഞ്ഞു. സർക്കാർ ആദിവാസികളുടെ ക്ഷേമത്തിനായി പ്രത്യേകം ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇവിടെയും പട്ടിണിമരണങ്ങൾ സംഭവിക്കാം.

ഏകാധ്യാപകവിദ്യാലയങ്ങളുടെ നിലവിലുള്ള സ്ഥിതി എന്താണ്‌?

ഏകാധ്യാപക വിദ്യാലയങ്ങൾ അപ്ഗ്രേഡ്‌ ചെയ്യണമെന്ന തീരുമാനം ഉണ്ടായെങ്കിലും ബഡ്ജറ്റിൽ അതിലേക്കായി ഒന്നും നീക്കിവെച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല.

സ്വന്തം കുടുംബം, വിദ്യാഭ്യാസം, രാജപദവി എന്നിവയെക്കുറിച്ച്‌....?

ഭാര്യ ബിനിമോൾ, രണ്ടര വയസ്സുള്ള മകളുണ്ട്‌- അർച്ചന. മാതാപിതാക്കൾ കുമളിയിലാണുള്ളത്‌. കുമളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്‌ പ്ലസ്ടൂ വരെ പഠിച്ചത്‌. 2008ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടി. ശേഷം തേക്കടി പെരിയാർ ഫൗണ്ടേഷനിൽ ജോലിയിൽ പ്രവേശിച്ചു. അമ്മാവനായ കോവിൽമല രാജാവ്‌ തേവൻ രാജമന്നാനു ശേഷം മരുമക്കത്തായ സമ്പ്രദായപ്രകാരം രാജപദവി ഏറ്റെടുത്ത അരിയാൻ രാജമന്നാൻ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ട സാഹചര്യത്തിലാണ്‌  അധികാരത്തിൽ എത്തുന്നത്‌.

കോവിൽമല രാജാവ്‌ എന്ന നിലയിൽ മുഴുവൻ ആദിവാസി സമൂഹത്തെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ എന്താണ്‌ നിർദ്ദേശിക്കുന്നത്‌?

രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചുകൊണ്ട്‌ സംഘടനാബോധത്തോടെ പെരുമാറണം. യഥാസമയം പ്രതികരിക്കാതിരിക്കുന്നതുകൊണ്ടാണ്‌ ആവശ്യങ്ങൾ നടപ്പിലാവാതെ പോകുന്നത്‌. ഒരു കോമൺ ആദിവാസി പ്ലാറ്റ്ഫോം  ഭാവിയിൽ ഉണ്ടാക്കിയെടുക്കുന്നതിനായി ശ്രമിക്കും.

O


നന്ദി : രാജേന്ദ്രപ്രസാദ്‌, വൈക്കം മധു