Sunday, October 28, 2012

സ്വപ്നത്തിലല്ല ബദൽ !

 

എൻ.കെ.ബിജുവിന്റെ 'സ്വപ്നത്തിലെ ബദൽ..?' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കേളികൊട്ട്‌  അഭിപ്രായസമാഹരണം നടത്തുന്നു. ആയതിലേക്ക്‌, പ്രസ്തുത ലേഖനത്തെ അധികരിച്ചെഴുതുന്ന കുറിപ്പുകൾ  kelikottumagazine@gmail.com എന്ന  ഇ-മെയിൽ വിലാസത്തിൽ അയക്കുക. ഈ ശ്രേണിയിലെ ആദ്യ പ്രതിസ്പന്ദം വായിക്കുന്നതിനു മുൻപായി എൻ.കെ.ബിജുവിന്റെ ലേഖനത്തിലേക്ക്‌ പോകുന്നതിന്‌ ഈ ലിങ്ക്‌ ഉപയോഗിക്കാം - സ്വപ്നത്തിലെ ബദൽ..?


പ്രതിസ്പന്ദം-1
രാജൻ കൈലാസ്‌

               

              എൻ.കെ.ബിജുവിന്റെ 'സ്വപ്നത്തിലെ ബദൽ..?' എന്ന ലേഖനത്തിലെ നിഗമനങ്ങൾ സത്യസന്ധവും പൊതുവേ യോജിക്കാവുന്നവയുമാണ്‌. എക്കാലവും ഇന്ത്യ ഭരിച്ചുപോന്ന വലതുപക്ഷ ഗവൺമെന്റുകളുടെ ജനവിരുദ്ധത തുറന്നുകാട്ടി, തിരുത്തൽശക്തിയായി നിലകൊണ്ടിരുന്ന ഇടതുപക്ഷം, ഏറെ നാളായി രാഷ്ട്രീയമായി അപ്രസക്തമായി തീരുന്ന ദയനീയമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. ഇടതുപക്ഷചേരിയിൽ തന്നെ കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലാതായിരിക്കുന്നു. പ്രധാനകക്ഷിയായ സി.പി.ഐ.(എം) ന്റെ നയങ്ങളോട്‌ സി.പി.ഐ യും ആർ.എസ്‌.പി യും ഫോർവേഡ്‌ ബ്ലോക്കും പലപ്പോഴും യോജിക്കുന്നില്ല. ഇന്ത്യയെ നവമുതലാളിത്തത്തിന്‌ തീറെഴുതാൻ മുന്നിട്ടുനിന്ന ധനമന്ത്രി പ്രണബിനെ രാഷ്ട്രപതിയാക്കാൻ കോൺഗ്രസ്സിനെക്കാൾ വ്യഗ്രത CPI(M) കാട്ടുന്നതു കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി ജനം. സി.പി.ഐ യും മറ്റു കക്ഷികളും ഇക്കാര്യത്തിൽ വ്യത്യസ്തമായ തീരുമാനമെടുത്തത്‌ അൽപം പ്രതീക്ഷയ്ക്ക്‌ വക നൽകി. വല്യേട്ടന്റെ തെറ്റായ തീരുമാനത്തോട്‌ വിയോജിക്കുവാൻ ബാക്കിയുള്ളവർ കാട്ടിയ തന്റേടം എടുത്തു പറഞ്ഞേ പറ്റൂ! കൂടംകുളം പ്രശ്നത്തിലും ജനമനസ്സിനു വിരുദ്ധമായ സമീപനമാണ്‌ നിർഭാഗ്യവശാൽ സി.പി.ഐ(എം) നേതൃത്വം എടുത്തത്‌. ഭൂരിപക്ഷം ജനങ്ങളും പാർട്ടിയിലെ തന്നെ വി.എസ്‌ ഉൾപ്പെടെയുള്ള പല മുതിർന്ന നേതാക്കളും അണികളിൽ ഭൂരിപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്ത്‌ പോലെയുള്ള ഇടതുപക്ഷ ജനകീയ പ്രസ്ഥാനങ്ങളും കൂടംകുളത്തെ എതിർക്കുന്നു എന്ന നേർക്കാഴ്ച പാർട്ടി നേതൃത്വം കാണാതെ പോകുന്നത്‌ അന്ധത കൊണ്ടോ അതോ കേന്ദ്ര ഭരണത്തോടുള്ള വിധേയത്വം കൊണ്ടോ എന്ന്‌ ജനം ചോദിച്ചുപോകുന്നു. താമസിയാതെ സി.പി.ഐ.(എം) ന്‌ ഈ നയം തിരുത്താതെ മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ്‌ എന്റെ തോന്നൽ. ഇവിടെയും സി.പി.ഐ യും മറ്റു കക്ഷികളും കൂടുതൽ ജനകീയവും ഭിന്നവുമായ നിലപാട്‌ എടുത്തു. ചുരുക്കത്തിൽ ബൂർഷ്വാ ഭരണകൂടത്തോടൊപ്പം നിന്ന്‌ തെറ്റും ജനവിരുദ്ധവുമായ പല നയങ്ങളെയും പിന്തുണച്ച്‌ അതുമൂലം ഇടതുപക്ഷ ഐക്യത്തിൽ പോലും വിള്ളലുകൾ ഉണ്ടാക്കി സ്വന്തം അസ്തിത്വം കൂടി ചോദ്യം ചെയ്യുകയാണ്‌ ഏറ്റവും വലിയ ഇടതുപാർട്ടി. ഐക്യത്തിനു വേണ്ടി മാത്രം മറ്റു മാർഗ്ഗമില്ലാതെ മറ്റുകക്ഷികൾ ഒപ്പം നിൽക്കുന്നു എന്നു മാത്രം! അങ്ങനെ യഥാർത്ഥമായ ഒരു ഇടതുപക്ഷം  ഇല്ലാതാവുന്നു.


ദശാബ്ദങ്ങൾ ഭരിച്ച ബംഗാളിൽ സി.പി.ഐ(എം) അപ്രസക്തമാകുന്നത്‌ നാം കണ്ടു. കേരളത്തിലും പ്രമാദിത്വം ബാധിച്ച പാർട്ടിനേതൃത്വം ജനവികാരങ്ങളെയും പാവപ്പെട്ടവന്റെ മനോവ്യാപാരങ്ങളെയും തമസ്കരിച്ച്‌ കസേരകൾ ഉറപ്പിച്ച്‌ മുന്നോട്ട്‌ പോകുന്ന വ്യഗ്രതയിലാണ്‌ - ബ്രാഞ്ച്‌ കമ്മറ്റികൾ മുതൽ തന്നെ കാര്യങ്ങൾ തുറന്നുപറയാൻ മടിക്കുന്ന അഥവാ പേടിക്കുന്ന - ഭീരുക്കളെക്കൊണ്ട്‌ പാർട്ടി നിറയുന്നു. എന്തെങ്കിലും പറയുന്നവനെ ഗ്രൂപ്പിസവും അച്ചടക്കവും പറഞ്ഞ്‌ പുറത്താക്കുന്നു. ചന്ദ്രശേഖരൻ വധത്തോടെ അമ്പേ പ്രതിരോധത്തിലായ സി.പി.ഐ(എം) എന്തൊക്കെ ആണയിട്ടു പറഞ്ഞാലും മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌. ജനങ്ങളെ രക്ഷിക്കുക എന്നതിൽ നിന്നും മാറി, പാർട്ടിയെ രക്ഷിക്കുക എന്ന ചുമതല നേതാക്കൾക്ക്‌ ഏറ്റെടുക്കേണ്ടി വരുന്നു. കൊലപാതകത്തിനും ഗുണ്ടായിസത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമെതിരേ പാർട്ടിയിൽ തന്നെ കലാപമുണ്ടാകുന്നു. അതുകൊണ്ടു തന്നെ ഇടതുപക്ഷം നേതൃത്വം കൊടുക്കേണ്ടതായ പല സമരമുഖങ്ങളിൽ നിന്നും അവർക്ക്‌ മാറി നിൽക്കേണ്ടി വരികയോ, കാണാതെ നിൽക്കേണ്ടി വരികയോ അഥവാ അവർ മാറ്റിനിർത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ഒക്കെ വേണ്ടിവരുന്നു. അന്നാ ഹസാരേ സമരത്തിലും കൂടംകുളത്തും പല ആദിവാസിഭൂസമരങ്ങളിലും എൻഡോസൾഫാൻ-പ്ലാച്ചിമട പ്രക്ഷോഭങ്ങളിലും ഇതു പല രൂപത്തിൽ നാം കണ്ടുകഴിഞ്ഞു. ഇവിടെയാണ്‌ ശക്തമായ ആശയഗരിമയുള്ള വ്യക്തമായ നിലപാടുകൾ ഉള്ള ഒരു  'ഇടതുബദൽ' അനിവാര്യമാകുന്നത്‌.


നിരന്തരം തെറ്റുകൾ തിരുത്തി എന്നുപറയുകയും വീണ്ടും വീണ്ടും തെറ്റുകളിൽ പതിക്കുകയും ചെയ്യുന്ന ഒരു 'ഇടതുപക്ഷ' കക്ഷിക്ക്‌ ഈ ബദലിന്‌ നേതൃത്വമാകാൻ പറ്റില്ല എന്നത്‌ സത്യം. ലോകത്തിന്റെ പലേ ഭാഗത്തും ഒപ്പം ഇന്ത്യയിലും കമ്യൂണിസ്റ്റ്‌ ലേബൽ ഉള്ളതും ഇല്ലാത്തതുമായ നിരവധി ഇടതുപക്ഷബദലുകൾ രൂപം കൊണ്ടുവരുന്നുണ്ട്‌. വാൾ സ്ട്രീറ്റിലും ഗൾഫ്‌ പ്രക്ഷോഭങ്ങളിലും ആഫ്രിക്കയിലും എല്ലാം നാം ഇതു കണ്ടതാണ്‌. ഭാരതത്തിലെ ഇത്തരം ബദലുകൾക്ക്‌ - (ഇടതുപക്ഷ, പരിസ്ഥിതി, അഴിമതിവിരുദ്ധ, സ്വാശ്രയ കൂട്ടായ്മകൾ) - ഏകീകൃതനേതൃത്വം ആരു കൊടുക്കും എന്നതാണ്‌ പ്രസക്തമായ ചോദ്യം! ഹരിതരാഷ്ട്രീയത്തിന്റെ പുത്തൻ തുരുത്തുകളും രൂപപ്പെട്ടുവരുന്നുണ്ട്‌. തീർച്ചയായും സ്വപ്നത്തിലല്ല, യഥാർത്ഥത്തിൽ തന്നെ ഇടതുപക്ഷ ബദലിന്റെ പടയൊരുക്കങ്ങൾ അങ്ങിങ്ങായി അമൂർത്തമായ രീതിയിൽ രൂപപ്പെടുന്നുണ്ട്‌. ഇവയെ തല്ലിയൊതുക്കേണ്ടതും ഭരണകൂടത്തിന്റെ ആവശ്യമാണ്‌. ഇതിനായി പരമ്പരാഗത ഇടതുപക്ഷത്തേയും അവർ കൂടെ നിർത്തും. (ഈ ബദൽ മൂർത്തമായി രൂപപ്പെട്ടു വരാതിരിക്കുന്നതിൽ  പരമ്പരാഗത ഇടതുപക്ഷത്തിനും താൽപര്യം ഉണ്ടാവാം!)  ഇന്നത്തെ സാഹചര്യത്തിൽ, അത്യാവശ്യം വേണ്ടത്‌, ചിന്നിച്ചിതറിക്കിടക്കുന്ന ഈ ബദൽ പ്രവർത്തനങ്ങൾക്ക്‌ ഏകീകൃതമായ ഒരു നേതൃത്വം ഉണ്ടാകുക എന്നതാണ്‌. യഥാർത്ഥ ഇടതുപക്ഷത്തിന്റെ ദൗത്യം ഏറ്റെടുക്കാൻ സി.പി.ഐ(എം) നോ സി.പി.ഐ ക്കോ കഴിയാതെ പോയാൽ ഇതു സംഭവിക്കും എന്നുതന്നെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. 


ഇങ്ങനെ അധികനാൾ പോകാൻ പറ്റില്ല! സ്വയം തിരുത്താൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ ഇവിടുത്തെ മുഖ്യ ഇടതുകക്ഷികൾ മുന്നിൽ വരുമെന്നും അപക്വമായ നേതൃത്വചിന്തകളെ പ്രബുദ്ധരായ അണികൾ വലിച്ചെറിയുമെന്നും പ്രതീക്ഷയ്ക്കൊത്ത ഒരു ഇടതുപക്ഷ നേതൃത്വം ഉരുത്തിരിയുമെന്നും ജനങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌. ഇതു പാർട്ടി നേതൃത്വം തിരിച്ചറിയാതെ പോയാൽ അനിവാര്യമായ അന്ത്യം തന്നെ സംഭവിച്ചേക്കാം. ചരിത്രപരമായ ഈ വിഷമസന്ധിയിൽ സ്വന്തം കടമ തിരിച്ചറിയാതെ ഇവിടുത്തെ പ്രധാന ഇടതുകക്ഷികൾ മുഖം തിരിച്ചു നിന്നാൽ തീർച്ചയായും ശക്തമായ ഒരു ഇടതുബദൽ രൂപപ്പെട്ടുവരാതെ തരമില്ല എന്നതു തന്നെയാണ്‌ ചരിത്രപാഠം. ഒറ്റപ്പെട്ടു കിടക്കുന്ന ഇന്നത്തെ ചിന്താപദ്ധതികളും തുരുത്തുകളും പുതിയൊരു പ്രകമ്പനത്തോടെ ഒത്തുചേരുമെന്നും അതിന്‌ ഇവിടുത്തെ ചിന്താശേഷിയുള്ള ജനങ്ങളുടെയാകെ പിന്തുണയുണ്ടാവുമെന്നും (1957 ൽ സംഭവിച്ചതുപോലെ ) ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ നേതൃത്വം അതിനുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മുന്നേറ്റത്തിൽ അവസാനം പരമ്പരാഗത കക്ഷികൾ കൂടി അണിചേരേണ്ടി വരുമെന്നതും ചരിത്രപാഠം തന്നെയാവും. അതിനുള്ള ചെറിയ ചെറിയ ചർച്ചകൾ, കൂട്ടുചേരലുകൾ, സ്പന്ദനങ്ങൾ  ഒക്കെ അങ്ങിങ്ങ്‌ നടക്കുന്നതു തന്നെ ശുഭോദർക്കമാണ്‌. അതിന്റെ ഭാഗമാണ്‌ ഈ ചർച്ച പോലും. 

 O

PHONE : 9497531050




പാടാതെ പോകുന്ന കറുത്ത താളങ്ങൾ

കവിത
സന്തോഷ്‌ ബാബു ശിവൻ











1

വെയിലു വിഴുങ്ങി
പച്ചയുണർത്തീട്ടൊച്ച
ഒതുക്കി മുടിഞ്ഞോ-രിടനെഞ്ഞേറ്റിയ
കനവും, നോവും
താളമഴിഞ്ഞു തിളച്ചീ
ച്ചേറ്റിൽ നിന്നും
സൂര്യനെ നോക്കി
വിരൽചൂണ്ടുമ്പോൾ
അക്ഷരവളവിന്നതിരുകളില്ലാ-
താദ്യം,
നിന്നെയറിഞ്ഞു ഞാൻ.

2

പാറയുടച്ചു കനത്ത
തഴമ്പിൻ,
ചുറ്റികയടിയായ്‌
ജന്മമുടഞ്ഞു തെറിക്കും
തരിയുടെ കല്ലാഴത്തിന്‌
ഉറവക്കടലിന്നുടലിലെ-
ഉപ്പായ്‌,
രസമുകുളത്തിലലിഞ്ഞെൻ
ഉയിരിൻ
വെയിൽമുള്ളായി
കൂർത്തൂ നീ.

3

ജീവനുരുക്കി ഉണർത്തിയ
സ്വപ്നം-
കരളു തുരന്നു കവർന്നോർ
നാണയമാക്കി മറഞ്ഞു ചിരിക്കെ
വേരുകളറ്റും
പാട്ടു കരിഞ്ഞും,
മിഴിയിൽ ശൂന്യത-
കാഴ്ച കെടുത്തീട്ടാൾ
ക്കൂട്ടങ്ങളിലാരവമില്ലാ
തൊറ്റക്കെന്തോ
ചൊല്ലി നടന്നു
മനം കുടയുന്നൊരു
താളമയഞ്ഞ
നിഴൽക്കൂത്തായി
നിന്റെ തണുപ്പിൽ വേർത്തൂ-
ഞാൻ.

4

നിദ്രാരഹിതം,
ചെമ്പിരുൾ മൂടിയ
നഗരനിലാവിൽ
ഈർപ്പക്കോണിൽ
പാതി ഉറക്കമുടഞ്ഞൊരു
മഷിമിഴി
ചൂടിയ മുല്ലപ്പൂ മണനോവു
പരത്തിയ-
വാടിയ കനവിന്‌
പേരു വഴങ്ങാ-
നെടുവീർപ്പലയുടെ
ഏറ്റം പൊട്ടി പതറിയ
പാട്ടായ്‌,
നീറും നിന്നെത്തൊട്ടൂ ഞാൻ.

5

വെയിലു തിളച്ച
നിരത്തിൻ നടുവിൽ
താമരമൊട്ടു പറിച്ചു
നിവർന്നും,
സിരകളിലാദി സ്ഫോടന
ധ്വനിയുടെ വണ്ടുകൾ മൂളി;
കാലിൽപ്പൂത്തോരർബുദ-
പുഷ്പം-
ഒഴിയാ നോവായാലറുമ്പോൾ
ബോധത്തിന്റെയബോധ സ്ഥലിയിൽ
തീച്ചോടേറ്റി നടക്കുന്നോൻ,
ബന്ധങ്ങൾക്ക്‌ തിരസ്കൃതനാമീ
ജന്മത്തിന്റെ ശിരോവരയായ്‌
ഇല്ലാ മൊഴിയുടെ
പ്രാകൃതലിപിയിൽ
നിന്നെക്കണ്ടു പകച്ചൂ ഞാൻ.




ചോരക്കെട്ടിൽ
തീക്കടലലറിയ കാലം;
കുന്നുകളുഴുതും,
കടലുകടഞ്ഞും-
നാളുകളാർക്കോ നേർന്നു-
കുതിപ്പ്‌ നികന്നു,
കിതപ്പ്‌ നിറഞ്ഞിന്നേതോ
അറവിനു കാത്തുകിടക്കും
മിഴിയുടെ മൗന മഹാഗർത്തത്തിൻ
ആഴം കാണാതുഴറി ഞാൻ.

7

ഒരു ചെറുവെട്ടക്കതിരിലുണർന്നു
പൊലിക്കാനുയിരു കൊതിച്ചു
കരിന്തിരിയായി,
ഒന്ന് കുതിക്കാനുള്ളു പിടഞ്ഞു
കുരുങ്ങിയൊടുങ്ങിയ-
നിലവിളിയായി-
ഉടലിലുണങ്ങാ
മുറിവിൻ ചലവും, മലവും നാറി-
നീ ഇഴയുമ്പോൾ,
എങ്ങനെ മാത്രം പാടും-
പീലിക്കണ്ണിലൊളിച്ച
നിലാവിന്നേറ്റം,
എങ്ങനെ മാത്രം പാടും
ഞാനീ പുല്ലാക്കുഴലിലൊളിച്ച
ഋതുക്കൾ,
എങ്ങനെ മാത്രം പാടും ഞാനീ-
കസവുകൾ തുന്നിയ-
താളം കൊട്ടി,
എങ്ങനെ മാത്രം പാടും ...
ഞാ... നീ...


O

PHONE: +919739569979





Sunday, October 21, 2012

സ്വപ്നത്തിലെ ബദൽ....?

എൻ.കെ.ബിജു













            ടതുപക്ഷം ദുർബലമാകുന്നുവെന്ന അഭിപ്രായം പ്രബലമാകുന്നത്‌ മുഖ്യമായും ഇടതുപക്ഷമെന്ന തെരെഞ്ഞെടുപ്പ്‌ മുന്നണി, വിശിഷ്യാ അതിന്റെ പ്രബലഘടകകഷിയായ സി.പി.ഐ(എം) നേരിടുന്ന ദൗർബല്യങ്ങളെയും തെരെഞ്ഞെടുപ്പ്‌ പരാജയങ്ങളെയും മുൻനിർത്തിയാണ്‌. എന്നാൽ ഇടതുപക്ഷമെന്ന പദത്തിനു സംഭവിച്ച അർത്ഥശോഷണം പോലും ഇടതുപക്ഷീയതയ്ക്ക്‌ സംഭവിച്ച ഹാനിയായി കാണേണ്ടതുണ്ട്‌. കാരണം, കാലങ്ങളായി മുഖ്യധാരാരാഷ്ട്രീയത്തിൽ കേവലം ഒരു പേര്‌ മാത്രമായി ഉപയോഗിച്ചു ശീലിച്ചതിലൂടെ ആ പദം പ്രതിനിധാനം ചെയ്യുന്ന, ഒരു സവിശേഷ സാംസ്കാരിക അവസ്ഥയെന്ന ഉള്ളടക്കം സാമാന്യ ജനങ്ങൾക്കിടയിൽ ഇന്ന് ഇല്ലാതായിരിക്കുന്നു. പുരോഗമന പ്രവണതകളെ ത്വരിതപ്പെടുത്തുന്നതും സാമൂഹികതിന്മകൾക്കെതിരെ സദാ ഉണർന്ന് ജാഗരൂകമായിരിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‌ സജ്ജമായിരിക്കുന്നതുമായ മനസ്സുകളുടെ സാംസ്കാരിക അവസ്ഥയാണ്‌ ഇടതുപക്ഷീയത. ഈ പ്രവണതകളും സംസ്കാരവും സമൂഹത്തിൽ മുൻകൈ നേടുമ്പോഴാണ്‌ ഇടതുപക്ഷം ശക്തിയാർജ്ജിക്കുന്നുവെന്ന് പറയാൻ കഴിയുക. ഈ അർത്ഥത്തിൽ, സി.പി.ഐ (എം) ഉം ഇടതുമുന്നണിയും പാർലമെന്ററി വേദികൾക്ക്‌ അകത്തും പുറത്തും ഒരുപോലെ ശക്തമായിരുന്നപ്പോഴും ഇടതുപക്ഷീയത തളർന്നുകൊണ്ടിരുന്നു എന്നു പറയേണ്ടിവരും. മറിച്ച്‌, കേരളത്തിലും ബംഗാളിലും ഇന്ന് വ്യവസ്ഥാപിത ഇടതുപക്ഷം കനത്ത തിരിച്ചടികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുമ്പോഴും സാപേക്ഷിക അർത്ഥത്തിൽ ഇന്ത്യയെമ്പാടും ഇടതുപക്ഷീയത ശക്തമാകുന്നതും കാണാൻ കഴിയും.


ഇടതുപക്ഷമെന്ന വിശാലമണ്ഡലത്തിൽ അടിസ്ഥാനപരമായി രണ്ടു വിഭാഗമുണ്ട്‌. വ്യവസ്ഥിതിയിൽ സമൂലമാറ്റം ആവശ്യപ്പെടുന്നവരും വ്യവസ്ഥിതിയിൽ പരിഷ്കരണം മാത്രം ആവശ്യപ്പെടുന്നവരും. ഈ അഭിപ്രായഭേദം, ഈ വിശാലശ്രേണിയിലെ നെല്ലും പതിരും വേർതിരിക്കാനുള്ള മാനദണ്ഡമാണ്‌. കാരണം, വ്യവസ്ഥിതിയുടെ പരിഷ്കരണം എന്നതിന്റെ ആത്യന്തികഫലം വ്യവസ്ഥിതിയുടെ നിലനിൽപ്പും ശക്തിപ്പെടലും തന്നെയാണ്‌. ഈ മാനദണ്ഡത്തിൽ ഇന്ത്യയിലെ ഔദ്യോഗിക ഇടതുപക്ഷം എത്രമാത്രം യഥാർത്ഥ ഇടതുപക്ഷീയതയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്‌ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.


അൽപം പിറകോട്ട്‌ സഞ്ചരിക്കാതെ ഈ പരിശോധന സാധ്യമാകുകയില്ല. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഗാന്ധിയൻ വലതുപക്ഷ നേതൃത്വം ആധിപത്യം നേടിവന്ന ഘട്ടത്തിലെല്ലാം, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്‌ ഉയർത്തി ഒരു യഥാർത്ഥ ഇടതുപക്ഷധർമ്മം പുലർത്തിയിരുന്നതും ഇടതുപക്ഷചേരി രൂപപ്പെടുത്തിയതും നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിലായിരുന്നു. നേതാജിയുടെ നേതൃത്വത്തിൽ വികസിച്ചുവന്ന, കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷവിഭാഗത്തിലെ ഒരു വിഭാഗം ആയിരുന്നു ഇന്നത്തെ ഔദ്യോഗികപക്ഷത്തിന്റെ മുൻഗാമികൾ. ദേശീയപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ നാളുകളിലായിരുന്നു. ഇന്ത്യയ്ക്കുള്ളിൽ നേതാജിയുടെ പ്രസ്ഥാനം ബ്രിട്ടീഷ്‌ ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിരുന്ന അക്കാലത്ത്‌, നേതാജി ഇന്ത്യയ്ക്ക്‌ വെളിയിൽ ബ്രിട്ടനെതിരെ അതിശക്തമായ സൈനികപ്രത്യാക്രമണം വളർത്തിയെടുത്തു. ഗാന്ധിയൻപക്ഷം ഉൾപ്പെടെ എല്ലാ ബ്രിട്ടീഷ്‌ വിരുദ്ധശക്തികളും ഒരേപോലെ ബ്രിട്ടനെതിരെ ഉണർന്നു പൊരുതിയ ക്വിറ്റ്‌ ഇന്ത്യാ സമരനാളുകളിൽ ഇന്നത്തെ ഔദ്യോഗിക ഇടതുപക്ഷത്തിന്റെ പൂർവ്വികർ ബ്രിട്ടീഷ്‌പക്ഷം ചേർന്ന് സമരത്തെ ഒറ്റിക്കൊടുത്തു. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇടതുപക്ഷം പുറന്തള്ളപ്പെട്ടത്‌ അങ്ങനെയാണ്‌. സമരവും സമരത്തിന്റെ സംസ്കാരവും വളരുന്നിടത്തേ ഇടതുപക്ഷം വേരുപിടിക്കൂ. വലതുപക്ഷക്കാർ സമരക്കാരാകുകയും ഇടതുപക്ഷക്കാർ വ്യവസ്ഥിതിയുടെ സംരക്ഷകരാകുകയും ചെയ്യുന്ന വൈരുദ്ധ്യത്തിനാണ്‌ അന്ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്‌. നവോത്ഥാന മുന്നേറ്റങ്ങളും ദേശീയപ്രസ്ഥാനവും ഇന്ത്യയെമ്പാടും ഉയർത്തിവിട്ട സമരാന്തരീക്ഷവും കേരളം, ആന്ധ്രാപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽ നടന്ന കർഷക തൊഴിലാളി മുന്നേറ്റങ്ങളും പ്രാദേശികമായ ചില സവിശേഷ സാഹചര്യങ്ങളും ഈ ഏതാനും സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കാൻ ഇവർക്ക്‌ സാഹചര്യം ഒരുക്കി.


സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തര ഭാരതവും പുതിയ സാഹചര്യങ്ങളാണ്‌ ഇടതുപക്ഷത്തിനു മുന്നിൽ തുറന്നുവെച്ചത്‌. അധികാരത്തിലെത്തിയ കോൺഗ്രസിലെ വലതുപക്ഷവിഭാഗം ജവർഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വൻകിട മുതലാളിമാരുടെ വികസനതാൽപര്യം മുൻനിർത്തി ഭരണം ആരംഭിച്ചു. അവർ നേരിട്ട വെല്ലുവിളികൾ പലവിധത്തിലുള്ളവ ആയിരുന്നു. വളരെ പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയിലെ ജന്മിത്ത ഉൽപാദന ബന്ധങ്ങൾ മാറ്റി, മുതലാളിത്തരീതികൾ സ്ഥാപിക്കുകയും ജനങ്ങളുടെ മനോഘടനയിലും ശീലങ്ങളിലും മുതലാളിത്തസമ്പ്രദായങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതായിരുന്നു അതിലൊന്ന്. മറ്റൊന്ന്, ലോകകമ്പോളത്തിൽ ശക്തരായ മത്സരക്കാരായി വളർന്നു വരത്തക്കവിധം ഇന്ത്യയിൽ മുതലാളിത്ത വികസനത്തിന്‌ ശക്തമായ അടിത്തറയൊരുക്കുക എന്നതുമായിരുന്നു.


അവിഭജിത സി.പി.ഐ യെ സംബന്ധിച്ചിടത്തോളം 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന അവരുടെ പാർട്ടി പരിപാടിക്ക്‌ പൂർണ്ണമായും നിരക്കുന്ന അജണ്ടകളായിരുന്നു ഇവയെല്ലാം. ജനകീയ ജനാധിപത്യ വിപ്ലവമെന്നാൽ സോഷ്യലിസ്റ്റ്‌ വിപ്ലവമല്ല. ജനാധിപത്യവിപ്ലവമാണ്‌ - മുതലാളിത്ത സ്ഥാപനത്തിനുള്ള വിപ്ലവം. ജന്മിത്തസ്വഭാവം പൂർണ്ണമായും കൈവിട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനാധിപത്യവൽക്കരണത്തിന്റെ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട്‌ വ്യവസ്ഥിതിക്കെതിരായ മുന്നേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അന്ന് സി.പി.ഐ ക്ക്‌ കഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ, ട്രേഡ്‌യൂണിയൻ, കുടികിടപ്പവകാശം, കാർഷികഭൂപരിഷ്കരണം എന്നിവ ആവേശം ഉയർത്തിയ മുദ്രാവാക്യങ്ങളായി. നിലനിൽക്കുന്ന മുതലാളിത്ത ഭരണകൂടത്തിന്‌ വെല്ലുവിളി ഉയർത്താതെ അതിന്റെ വർഗ്ഗതാൽപര്യത്തിന്‌ നിരക്കുന്ന ഡിമാന്റുകൾ വിപ്ലവപരിവേഷത്തോടെ ഉയർത്തിക്കൊണ്ടുവരുവാനുള്ള സാഹചര്യം അവർക്കു ലഭിച്ചു. അങ്ങനെയാണ്‌ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച മുതലാളിത്ത രീതിയിലുള്ള പുനർവിന്യാസം സാധിതമാക്കിയ ഭൂപരിഷ്കരണം ഭരണകൂടത്തിന്റെ പൂർണ്ണപിന്തുണയോടെ നടപ്പാക്കപ്പെട്ടത്‌. ജന്മിത്തത്തിലെ അടിയാന്മാർ അഞ്ചുസെന്റും പത്തുസെന്റും കൈവശാവകാശം ഉള്ള കാർഷിക തൊഴിലാളികളായി മാറി. അന്നത്തെ നിലയിൽ ഇത്‌ വളരെ മുന്നോട്ടുള്ള ചുവടുവെയ്പ്പായിരുന്നു എന്നത്‌ ശരി തന്നെ. പക്ഷേ അത്‌ യഥാർത്ഥത്തിൽ വിപ്ലവകരമാകുന്നത്‌ സോഷ്യലിസ്റ്റ്‌ രീതിയിലുള്ള ഉൽപാദനക്രമത്തിലേക്ക്‌ വളരത്തക്കവിധം പുതിയ ഡിമാന്റുകൾ മുന്നോട്ടുവെക്കാനും അതുവഴി സമൂഹത്തെ പുതിയ വ്യവസ്ഥിതിയിലേക്ക്‌ നയിക്കാനും ബോധപൂർവ്വമായ ശ്രമങ്ങളിലൂടെ മുന്നേറുമ്പോഴാണ്‌. ഇത്തരമൊരു തുടർച്ച ഇവരിൽനിന്ന് ഉണ്ടായില്ല എന്നുമാത്രമല്ല; കാലം മാറിയപ്പോൾ ഇക്കൂട്ടർ തികഞ്ഞ പ്രതിലോമ നിലപാടുകളിലേക്ക്‌ കാലിടറി വീഴുന്നതാണ്‌ കാണുന്നത്‌.


ഏറെ ഘോഷിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്ക്കാരത്തിനും ഇതു തന്നെയാണ്‌ സംഭവിച്ചത്‌. വിദ്യാഭ്യാസത്തിൽ, ബൂർഷ്വാ സമൂഹത്തിന്റെ താൽപര്യത്തിനിണങ്ങുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ ബ്രിട്ടീഷ്‌ ഭരണകൂടത്തിലൂടെ തന്നെ നടപ്പാക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി സമൂഹത്തെ സജ്ജമാക്കുന്ന പ്രക്രിയ നവോത്ഥാന പ്രസ്ഥാനങ്ങളും നിർവ്വഹിച്ചിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന്‌ നിരക്കുംപടി അത്‌ ഏവർക്കും ഉറപ്പാക്കാനുള്ള നടത്തിപ്പ്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയായിരുന്നു പുതിയ ഭരണകൂടത്തിന്റെ ആവശ്യകത. ജോസഫ്‌ മുണ്ടശേരിയുടെ വിദ്യാഭ്യാസപരിഷ്കാരം ഈ ദൗത്യമാണ്‌ നിർവ്വഹിച്ചത്‌. എന്നാൽ കാർഷിക പരിഷ്കാരത്തിലെന്നതുപോലെ തന്നെ വിദ്യാഭ്യാസപരിഷ്കാരങ്ങളും മുന്നോട്ടു കൊണ്ടുപോയില്ല. കാലം മാറിയപ്പോൾ ബൂർഷ്വാസിയുടെ പുതിയ താൽപര്യങ്ങൾക്ക്‌ പൂരകമായി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നിലവാരവും തകർക്കുവാൻ ഇക്കൂട്ടർ തന്നെ കൂട്ടുനിന്നു. ഒടുവിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്റെ പദ്ധതിയും ഇവർ തന്നെ ഡി.പി.ഇ.പി യിലൂടെ നടപ്പാക്കി.


ഇന്ത്യൻ മുതലാളിത്തവികസനത്തിന്‌ അടിത്തറപാകുവാൻ നെഹ്‌റുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളെ നെഹ്‌റുവിയൻ സോഷ്യലിസം എന്ന് പേരിട്ടു വിളിച്ച്‌ എല്ലാ പിന്തുണയും നൽകി. പൊതുഖജനാവിലെ പണം മുടക്കി, അടിസ്ഥാന ഘനമേഖലയും ഗതാഗതവും വൈദ്യുതിയും ബൃഹത്തായ വാർത്താവിനിമയ സംവിധാനങ്ങളും സ്ഥാപിച്ചതും, ദേശീയ മൂലധനത്തെ ദൃഡീകരിക്കാനും ഏകോപിപ്പിക്കാനും വേണ്ടി ബാങ്ക്‌ ദേശസാത്ക്കരണം നടത്തിയതും മുതലാളിവർഗ്ഗത്തിന്റെ താൽപര്യാർത്ഥമാണെന്നത്‌ വെളിപ്പെടുത്തുന്നതിനു പകരം സോഷ്യലിസ്റ്റ്‌ ചുവടുവയ്പ്‌ എന്നു വിശേഷിപ്പിച്ച്‌ പിന്തുണച്ചു.


കാർഷികമേഖലയുടെ യന്ത്രവൽക്കരണം ഇന്ത്യൻ മുതലാളിവർഗ്ഗം ഏറെ ഭയപ്പാടോടെ കണ്ടിരുന്ന കാര്യമാണ്‌. വ്യവസായമേഖലയിൽ കഴിയുന്നത്ര യന്ത്രവൽക്കരണം നടപ്പാക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ കൃഷി, മുതലാളിത്തരീതിയിൽ വ്യവസായമായി മാറിയിട്ടും യന്ത്രവത്ക്കരണം തുടക്കം മുതലേ മന്ദഗതിയിലാക്കിയിരുന്നു. തൊഴില്ലായ്മയാൽ സ്ഫോടനാത്മകമായ സ്ഥിതി നിലനിൽക്കുന്ന ഈ രാജ്യത്ത്‌, കൃഷിയുടെ യന്ത്രവൽക്കരണം തൊഴിലില്ലായ്മ പതിന്മടങ്ങായി വർദ്ധിപ്പിക്കും എന്ന് ഭരണകൂടം മനസ്സിലാക്കി. കാർഷികമേഖല പുറംതള്ളുന്ന കോടിക്കണക്കിനു വരുന്ന തൊഴിൽരഹിതരെ സ്വീകരിക്കാൻ വികസ്വരമായ ഒരു വ്യവസായലോകം ഇവിടെ ഇല്ല എന്നതിനാൽ സാമൂഹ്യസംഘർഷങ്ങൾ നിയന്ത്രണങ്ങൾക്ക്‌ അതീതമാകും എന്നും അവർ മനസ്സിലാക്കി. അതിനാൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ കോടിക്കണക്കിന്‌ മനുഷ്യരെ മൃഗതുല്യരായി ഏറ്റവും മോശമായ സാഹചര്യത്തിൽ ജീവിക്കുവാൻ നിർബന്ധിതരാക്കി. ഏറിയും കുറഞ്ഞും യന്ത്രവൽക്കരണം കൃഷിഭൂമിയിലേക്ക്‌ കടന്നുവന്ന സന്ദർഭങ്ങളിലെല്ലാം ഇടതു ട്രേഡ്‌ യൂണിയനുകൾ തൊഴിലില്ലായ്മയുടെ പേരു പറഞ്ഞ്‌ തൊഴിലാളികളെ അണിനിരത്തി തടസ്സങ്ങൾ ഉണ്ടാക്കി. തൊഴിലില്ലായ്മ അനിവാര്യമാകുന്ന ഈ വ്യവസ്ഥിതിയുടെ പരാജയം തുറന്നുകാട്ടിക്കൊണ്ട്‌, തൊഴിലില്ലായ്മക്കെതിരെയും അതുവഴി വ്യവസ്ഥിതിക്കെതിരായും ജനങ്ങളുടെ കലാപങ്ങൾ സൃഷ്ടിക്കുന്നതിനു പകരം മുതലാളിവർഗ്ഗത്തിനു സഹായകമായ നിലയിൽ യന്ത്രവൽക്കരണത്തിനെതിരെ ഇക്കൂട്ടർ നിലപാടെടുത്തു. ആത്യന്തികഫലം, ജനങ്ങൾ എന്നെന്നും ദുരിതം നിറഞ്ഞ ജീവിതം തുടരുക എന്നതാണ്‌. വ്യവസ്ഥാപിത ഇടതുപക്ഷം ഇവിടെ നടത്തിയ എല്ലാ പ്രക്ഷോഭങ്ങളുടെയും ഡിമാന്റുകൾ പരിശോധിച്ചാൽ അവയ്ക്കുള്ളിൽ മുതലാളിത്ത താൽപര്യങ്ങൾ ഒളിഞ്ഞിരിക്കുന്നത്‌ കാണാൻ കഴിയും.


ഏറി വരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും ഈ കാലയളവിലെല്ലാം സമൂഹത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൃത്യമായ ലക്ഷ്യം നിർണ്ണയിച്ച്‌, ഒരു പ്രക്ഷോഭമായി വളർത്തിയെടുക്കാൻ ഇടതുപക്ഷം ശ്രമിച്ചില്ല. സമരങ്ങളെല്ലാം അഞ്ചുവർഷത്തെ ഹ്രസ്വലക്ഷ്യങ്ങളിൽ തളച്ചിടപ്പെട്ടു.


ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ ജനങ്ങൾ പൊട്ടിത്തെറിച്ച നിർണ്ണായക നാളുകളിൽ മുടന്തൻന്യായങ്ങൾ ഉന്നയിച്ച്‌ ആ പ്രക്ഷോഭത്തെ ഇടതുപക്ഷം തള്ളിപ്പറഞ്ഞു.  ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം കൈക്കൊണ്ട അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ, തങ്ങളുടെ വിപുലമായ സംഘടനാശേഷി ഉപയോഗിച്ച്‌ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിനു പകരം പരിഹാരമില്ലാത്ത പ്രശ്നമായി ഭാവിച്ച്‌, ഇന്ന് പോലീസ്‌ സ്റ്റേഷനുകൾ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുകപോലും ചെയ്യുന്ന ശൂരപരാക്രമികൾ നിശബ്ദരായി, അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ ഒതുങ്ങിക്കൂടി. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ വളർന്നു വന്ന പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പുരോഗമനേച്ഛയാൽ വ്യഗ്രമായിരുന്ന യുവമനസ്സുകൾ നിരാശരായി. ലഹരിയും മയക്കുമരുന്നും അസ്തിത്വവാദവും അരാഷ്ട്രീയതയും സ്വാധീനം നേടി. കലയും സംസ്കാരവും തിരിച്ചടിക്കപ്പെട്ടു. സാംസ്കാരിക അരാജകത്വം കുതിച്ചു കയറി. മുതലാളിത്തം മുന്നേറി. 'ഇടതു'മുന്നണി ജയിച്ചു, മനുഷ്യൻ തോറ്റു.


പുരോഗമനകാംക്ഷികളുടെ പ്രകാശഗോപുരമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ, 80കളിൽ തുടക്കം കുറിച്ചിരുന്ന ആഗോളവത്കരണം ആക്രമണോത്സുകമായി മുന്നേറാൻ തുടങ്ങി. നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം അർത്ഥമില്ലാത്തതാണെന്ന വിശ്വാസത്തിന്‌ പ്രാബല്യം ഏറി. പ്രസ്ഥാനത്തിൽ അവശേഷിച്ച നന്മ കൂടി അവസരവാദികളാൽ വിഴുങ്ങപ്പെട്ടു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും, അധികാര രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും ഭാഗമാകാൻ സാധാരണപ്രവർത്തകർക്കും അവസരം നൽകി. അധികാരം അക്ഷയമായ ധനസ്രോതസ്സായി. പണമുള്ളവർ പാർട്ടിയിലെ കാര്യക്കാരായി. വർഗ്ഗീയത ഉൾപ്പെടെ ഏതു ഹീനമാർഗ്ഗവും അധികാരലബ്‌ധിയുടെ മാർഗ്ഗമായി പരക്കെ അംഗീകരിക്കപ്പെട്ടു. ഗ്രൂപ്പുവഴക്കുകൾ സംഘടനയുടെ നിലനിൽപ്പിന്റെ രീതിയും  ആശ്രയവുമായി. പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനത്ത്‌ സ്ത്രീപീഡനവും ലൈംഗിക കുറ്റകൃത്യങ്ങളും വരെ പാർട്ടിയിൽ പരസ്പരം വെട്ടിവീഴ്ത്താനുള്ള ആയുധങ്ങളായി. രാഷ്ട്രീയ വിമർശനങ്ങൾ അന്ത:സാരശൂന്യമായ കുറ്റം പറച്ചിലുകളായി. അധികാരമോഹവും അഴിമതിയും ഇടതുപക്ഷത്തും ദുർഗ്ഗന്ധം പരത്തി. സാമൂഹ്യമാറ്റത്തിന്റെ വക്താക്കളെന്ന ആധികാരികത ഇല്ലാതായി. സാപേക്ഷികമായെങ്കിലും ഒരു കാലത്ത്‌ നിലനിന്നിരുന്ന സമരാന്തരീക്ഷം തീർത്തും ഇല്ലാതായി. സമരം എന്നത്‌ അത്‌ നയിക്കുന്നവരും നടത്തുന്നവരും കാഴ്ചക്കാരും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങളായി!


പ്രത്യയശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും അടിത്തറയില്ലാത്ത രാഷ്ട്രീയം, നേതാക്കളുടെയും പ്രവർത്തകരുടെയും അസ്തിത്വബോധം കമ്യൂണിസ്റ്റ്‌ എന്നിടത്തു നിന്നും സ്വസമുദായ ബോധത്തിലേക്ക്‌ എത്തിച്ചു. ഒരിക്കൽ നീയാര്‌ എന്ന ചോദ്യത്തിന്‌ കമ്യൂണിസ്റ്റ്‌ എന്നു മറുപടി പറഞ്ഞിരുന്നവർ ഈഴവനും പുലയനും ക്രിസ്ത്യാനിയും നായരുമായി പരിണമിച്ചു. പൊതുവേദിയിൽ കമ്യൂണിസ്റ്റും വീട്ടിൽ സമുദായവാദിയും! പിന്നീട്‌ പ്രാഥമികമായി സമുദായവാദിയും കമ്യൂണിസ്റ്റ്‌ രണ്ടാമതുമായി. സമരത്തിന്റെ സംസ്കാരം പിൻവാങ്ങിയ ഇടങ്ങളിൽ ജാതി-മത-വർഗ്ഗീയ ശക്തികൾ ഇടം കണ്ടെത്തി. അതിനെ പ്രതിരോധിക്കാൻ വർഗ്ഗീയതയ്ക്കെതിരെ എന്ന പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി. അതു വർഗ്ഗീയവാദികൾക്ക്‌ വളരാൻ അവസരമായി.


മുമ്പെന്നെത്തെയും പോലെ, ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക്‌ നിരക്കുംപടി ആഗോളവൽക്കരണത്തിന്റെ പദ്ധതികളും പുരോഗമനലേബലിൽ ഇടതുപക്ഷക്കാർ കേരളത്തിൽ അവതരിപ്പിച്ചു; നടപ്പാക്കി. ജനകീയാസൂത്രണവും ഡി.പി.ഇ.പി യും അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളായി. ലോകബാങ്ക്‌, IMF,ADB, എന്നീ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ എതിരെയും ആഗോളവൽക്കരണത്തിനെതിരെയും വാചാടോപങ്ങൾ നടത്തിക്കൊണ്ടുതന്നെ പതിവു പോലെ അവർ അതു നിർവ്വഹിച്ചു. ഒന്നൊഴിയാതെ എല്ലാ നയങ്ങളും നടപ്പാക്കുവാൻ ഒത്താശകൾ ചെയ്തു. കേന്ദ്രഭരണത്തിന്റെ നയരൂപീകരണസമിതിയിലും ഭരണത്തിൽ തന്നെയും ഭാഗഭാക്കായി.


ഇടതുപക്ഷരാഷ്ട്രീയം അഥവാ സമരരാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടവർ ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ കൂപ്പുകുത്തിയപ്പോൾ ജനങ്ങൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലങ്ങോളമിങ്ങോളം സ്വതന്ത്രമായ ജനകീയ ചെറുത്തുനിൽപ്പുകൾ അഥവാ യഥാർത്ഥ ഇടതുപക്ഷ പ്രവണത ശക്തമായി വരുന്നത്‌ കാണാൻ കഴിയുന്നത്‌.


സിംഗൂരും നന്ദിഗ്രാമും മൂലമ്പിള്ളിയും വിഴിഞ്ഞവും ചെങ്ങറയും വിളപ്പിൽശാലയും കൂടംകുളവും തുടങ്ങി അതിന്റെ പട്ടിക നീളുന്നു. ഈ സമരങ്ങളിലെല്ലാം വ്യവസ്ഥാപിത ഇടതുപക്ഷം ജനങ്ങൾക്കെതിരെ നിലകൊള്ളുന്നു. സമരങ്ങൾ വലുതായാലും ചെറുതായാലും ഇന്ത്യയിൽ മുൻകാലങ്ങളെ അപേക്ഷിച്ച്‌ യഥാർത്ഥ ഇടതുപക്ഷ സംസ്കാരത്തിന്‌ സ്വാധീനം ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ്‌ ഈ സമരങ്ങൾ. പുറമേയ്ക്ക്‌ എത്ര തന്നെ അരാഷ്ട്രീയതയും പരിമിതികളും ഉണ്ടെങ്കിലും അന്നാ ഹസാരെയുടെ പ്രക്ഷോഭത്തിന്‌ ലഭിച്ച വമ്പിച്ച ജനപിന്തുണ ജനങ്ങളിലെ സമരസംസ്കാരത്തിന്‌ ചിറകുമുളയ്ക്കുന്നതിന്റെ ശക്തമായ സൂചനയാണ്‌. ഈ ജനകീയ പ്രതിഷേധങ്ങളുടെ തീപ്പൊരികൾ ഊതി ജ്വലിപ്പിച്ച്‌ വൻ സമരാഗ്നിയാക്കി കൃത്യമായ ദിശയിലേക്ക്‌ നയിക്കുവാൻ, സോഷ്യലിസ്റ്റ്‌ മുദ്രാവാക്യങ്ങളിലേക്ക്‌ വളർത്തുവാൻ നിരുപാധികമായി മുന്നിട്ടിറങ്ങുകയാണ്‌ ശരിയായ ഇടതുപക്ഷ വിശ്വാസികൾ ചെയ്യേണ്ടത്‌. ചരിത്രത്തിന്റെ അനിഷേധ്യവും അപ്രതിരോധ്യവും അനിവാര്യവുമായ വഴി ഇതാണ്‌. മഹാനായ ഫിഡൽ കാസ്ട്രോയുടെ വാക്കുകൾ: "സോഷ്യലിസം അല്ലെങ്കിൽ മരണം."  

O



Sunday, October 14, 2012

ഹൃദയവുമായി വന്നവൾ

കഥ
ടി.സി.വി.സതീശൻ



        കോളിംഗ്‌ ബെല്ലിന്റെ മുഴക്കം കേട്ട്‌ ഞാൻ വാതിൽ തുറന്നു, സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകൾ പറഞ്ഞുകൊണ്ട്‌ അകത്തേക്ക്‌ കയറി, സമ്മതമാവശ്യമില്ലെന്ന മട്ടിൽ സ്വീകരണമുറിയിലെ കസേരയെടുത്ത്‌ അവൾ ഇരുന്നു. തന്റെ മുഴുപ്പുള്ള ശരീരാവയവങ്ങൾ സിനിമാകൊട്ടക പോലെ പ്രദർശിപ്പിച്ച്‌, ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവൾ എന്നെ നോക്കി ചിരിച്ചു.


സാർ, ഞാൻ സുനിതാ നാരായൻ...... കമ്പനിയുടെ സെയിൽസ്‌ പ്രമോട്ടർ, ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉൽപ്പന്നവുമായാണ്‌ ഞാൻ വരുന്നത്‌, നല്ല ആക്സന്റോടെ അവൾ അതു പറഞ്ഞപ്പോൾ എന്റെ ആകാംക്ഷ കൂടി, എന്തായിരിക്കും ഈ സുന്ദരിക്കോത എനിക്കായി കരുതിവെച്ചിരിക്കുന്നത്‌? കഴുത്തു നീട്ടി ഭാര്യ അകത്തില്ല എന്നുറപ്പുവരുത്തിയ ശേഷം ഞാൻ അവളുടെ വാക്കുകൾക്കായി കാതുകളെ ഒരുക്കി നിർത്തി.


നാരായൻ .... പറയൂ ... കേൾക്കാനെനിക്ക്‌ ധൃതിയായി, അവളുടെ മാറിൽ തറഞ്ഞു നിന്ന എന്റെ കണ്ണുകളെ തിരിച്ചെടുത്തുകൊണ്ട്‌ ഞാൻ പറഞ്ഞു. ഏതോ ഒരു നാരായണിൽ നാരായനിലേക്ക്‌ വഴുതിപ്പോയ നഗരമുഖത്തിൽ ഞാനാവേശം കൊണ്ടു.


ഹൃദയം .... ഹൃദയമാണ്‌ സാർ എല്ലാം, നല്ല ആരോഗ്യമുള്ള ഹൃദയമുണ്ടായിരിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം, അവൾ കാർഡിയാക്‌ കണ്ടക്ഷനുകളെ കുറിച്ച്‌, വെൻട്രിക്കുകളെക്കുറിച്ച്‌, അവയുടെ വൈദ്യുതരാസ ആവേഗങ്ങൾ, താളാത്മകമായ ശരീരചലനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചു. മനോഹരമായ തുകൽബാഗിൽ നിന്നും പോളിത്തീൻ സഞ്ചിയിൽ പൊതിഞ്ഞ സാധനങ്ങൾ എടുത്തു അവൾ മേശപ്പുറത്തു വെച്ചു. അപ്പോഴേക്കും അനുസരണയില്ലാത്ത കുട്ടിയെപ്പോലെ എന്റെ കണ്ണുകൾ വീണ്ടും അവളുടെ അയഞ്ഞ കുർത്തയിലേക്ക്‌ തിരിച്ചുപോയി കഴിഞ്ഞിരുന്നു. മുഴുത്ത മാറിടം കണ്ണുകളെ ഭ്രമപ്പെടുത്തി എന്നു പറയുന്നതാവും കൂടുതൽ ശരി.


ങെ .... ഒരു ഞെട്ടലോടെ അവളെ നോക്കി. ഈയടുത്ത കാലത്ത്‌ തനിക്ക്‌ ആൻജിയോപ്ലാസ്റ്റ്‌ ചെയ്ത കാര്യം ഇവളെങ്ങനെ അറിഞ്ഞു, മൂന്നറകളിലും തടസ്സങ്ങൾ ഉണ്ടായതുമൂലം ഞാനനുഭവിച്ച നെഞ്ചുവേദന ഇവളുടെ കാതിൽ ആരാണ്‌ പറഞ്ഞുകൊടുത്തത്‌, എന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.


സാർ, നിങ്ങൾക്ക്‌ നിങ്ങളുടെ ആയുസ്സ്‌ തീരുമാനിക്കാം, ഞങ്ങളുടെ ഈ പ്രോഡക്ട്‌ അതു സാധ്യമാക്കിത്തരും. ലോഞ്ചിംഗ്‌ പിരിയഡായതിനാൽ കമ്പനിയുടെ വക ഓഫർ നിലവിലുണ്ട്‌ സാർ, മുപ്പതു ശതമാനം ഡിസ്കൗണ്ടും പത്തുകൊല്ലത്തെ വാറണ്ടിയും..... പത്തു കൊല്ലം നിങ്ങൾക്ക്‌ ക്ലേശരഹിതമായി ജീവിക്കാം, അതിനിടയിൽ ദൗർഭാഗ്യവശാൽ മോശപ്പെട്ടതെന്തെങ്കിലും സംഭവിച്ചാൽ പണം നിങ്ങളുടെ ഭാര്യയ്ക്ക്‌  കമ്പനി തിരിച്ചു കൊടുക്കും. ഭാര്യയെയും മക്കളെയും നിങ്ങൾക്ക്‌ അന്ന്‌ വിശ്വാസമില്ല എങ്കിൽ കമ്പനിയുടെ ഫ്രാഞ്ചൈസർ സ്വർഗ്ഗത്തിലായാലും നരകത്തിലായാലും അവിടെ വന്നു നിങ്ങളുടെ നഷ്ടം സെറ്റിൽ ചെയ്തു തരുന്നതായിരിക്കും.


സുഷിരങ്ങൾ വീണ ഹൃദയ അറകൾക്ക്‌ പകരം പുതിയ ഒന്ന്‌, ജീവിതത്തെ പിൻപറ്റിയുള്ള ചിന്തകൾക്ക്‌ പുതുനാമ്പുകൾ കിളിർത്തു. ജിജ്ഞാസ കലർന്ന ആഗ്രഹവുമായി ഞാനെന്റെ കഴുത്ത്‌ അൽപം കൂടി അടുത്തേക്ക്‌ നീക്കി കണ്ണുകളെ അവൾക്കു വിട്ടുകൊടുത്തു.


ഇതിൽ നാലുതരത്തിലുള്ള ഹൃദയം ഉണ്ട്‌...പോളിത്തീൻ ബാഗ്‌ തുറന്ന്‌ ഒന്നൊന്നായി പുറത്തേക്കിട്ടു... രക്തം പുരണ്ട നാല്‌ മാംസക്കെട്ടുകളെ നോക്കി ഞാൻ പറഞ്ഞു.... ഇവ തമ്മിൽ എന്തെല്ലാം അന്തരങ്ങളാണുള്ളത്‌? നാരായൻ ഒന്നു വിവരിച്ചു തന്നാലും.... അവളുടെ കണ്ണുകളിലെ, ചുണ്ടുകളിലെ ചാരുത എന്നെ അത്ഭുതപ്പെടുത്തി.


വിളറി, വെള്ള വെളിച്ചം കടന്നു പോയ മാംസത്തുണ്ടമെടുത്ത്‌ അവൾ കിളിനാദത്തിൽ മൊഴിഞ്ഞു .... സാർ ഇത്‌ ഹൃദയാലുവാകുന്നതിന്‌....... സാറിന്‌ ഇനിയും പ്രണയിക്കണമെന്നുണ്ടോ? അവൾ കണ്ണുകൾ ഇറുക്കി, പിങ്ക്‌ വർണ്ണത്തിലുള്ള പൂക്കളെക്കൊണ്ട്‌ മനസ്സു നിറച്ചു. അറിയാതെ എന്റെ കാൽവിരൽ സ്വീകരണമുറിയിലെ ഗ്രാനൈറ്റ്‌ പതിച്ച നിലത്ത്‌ കേരളത്തിന്റെ ഭൂപടം വരച്ചു. ഹൃദയാലുവിന്റെ ഹൃദയം എന്റെ കൈവെള്ളയിൽ വെച്ചുതരുമ്പോൾ അറിയാതെയെന്നോണം അവളുടെ വിരലുകൾ എന്റെ ഉള്ളം കയ്യിൽ ചൊറിഞ്ഞു.


പിശുക്കനും കൂടുതൽകാലം ജീവിക്കുന്നയാളുമായി തീരണമോ സാറിന്‌, രണ്ടാമത്തെ ഹൃദയപ്പൊതി തുറന്നവൾ ചോദിച്ചു.
വിലയൽപ്പം കൂടുതലാ, മാർക്കറ്റിൽ ഇതിനാണ്‌ കൂടുതൽ ഡിമാന്റ്‌. എന്റെ പിശുക്ക്‌... അതും ഇവൾ അറിഞ്ഞുകഴിഞ്ഞോ, ഒരു ചെറുചമ്മലിൽ വിരിഞ്ഞ മുഖത്തെ വിയർപ്പു തുടച്ചുകൊണ്ട്‌ ഞാനകത്തേക്ക്‌ നോക്കി... അടുക്കളയിൽ ആളനക്കമില്ലെന്ന്‌ കണ്ടപ്പോൾ ഞാനവളുടെ നനുത്ത കൈകളിൽ തടവി ആശ്വസിച്ചു. കടുത്ത വികാരങ്ങളെ കെട്ടിയിട്ട്‌, എപ്പോഴും പൊട്ടിപ്പോകാൻ ഇടയുള്ള ഈ ബലൂണിന്‌ കാവലിരിക്കുകയാണ്‌ കഴിഞ്ഞ കുറേ നാളുകളായി ഞാൻ, ഡോക്ടർ കൊടുത്ത ഉപാധികളുടെ ഏറ്റവും നല്ല സൂക്ഷിപ്പുകാരിയായിരുന്നു എന്റെ ഭാര്യ.


ഇത്‌ മൂന്നാമത്തേത്‌ ... മുരടിച്ച പാറക്കല്ല്‌ പോലുള്ള ഒരു സാധനം മേശമേൽ വെച്ച്‌ അവൾ തന്റെ കൈകൾ പിറകോട്ട്‌ കെട്ടി.
പ്രണയമോ ദീനാനുകമ്പയോ പിശുക്കോ ഇല്ലാത്ത ഇവൻ കർക്കശക്കാരനാണ്‌, ഇവിടെ ഒറ്റ ശരിയേ ഉള്ളൂ, അത്‌ അവന്റെ ശരികളാണ്‌. അനുസരിപ്പിക്കാനും അധിനിവേശപ്പെടുത്താനുമുള്ള കഴിവ്‌ അപാരമാണ്‌, ഇവന്‌ മരണമില്ല. ഇത്രയും പറഞ്ഞപ്പോൾ അവൾ വിയർക്കുകയും കിതയ്ക്കുകയും ചെയ്തു. സ്വാന്തനിപ്പിക്കാനായി അവളെ ഞാൻ എന്റെ നെഞ്ചോട്‌ ചേർത്തു പിടിച്ചു. അൽപനേരത്തേക്കെങ്കിലും അടുക്കളവാതിലിനു ഞാൻ സാക്ഷയിട്ടു. വസന്തനിലാവുകൾക്കായി ശിശിരരാഗങ്ങൾ ഉള്ളിൽ മഞ്ഞായി പെയ്തു.


സാർ ഇതു കൂടി കേൾക്കണം, ഒന്നു കുഴഞ്ഞുകൊണ്ട്‌ അവൾ പറഞ്ഞു...
പുറത്തു പാൽപുഞ്ചിരിയൊഴുകുന്ന മുഖം, ഉള്ളിൽ എത്ര കള്ളം വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം. ലോകത്ത്‌ ലഭിക്കാവുന്നതിൽ ഏറ്റവും സോഫിസ്റ്റിക്കേറ്റായത്‌, അയഞ്ഞ കുർത്തയുടെ മേൽക്കുടുക്കഴിച്ച്‌ അവൾ എന്നെ പ്രോത്സാഹിപ്പിച്ചു. സാറിന്‌ ഞാൻ സജസ്റ്റ്‌ ചെയ്യുന്നത്‌ ഇതാണ്‌, ഇത്‌ വാങ്ങി ഉപയോഗിക്കൂ. ജീവിതം കേവല മരുന്നുകളിൽ ഒതുക്കി നിർത്താതെ ആസ്വാദ്യകരമാക്കൂ.


മേശപ്പുറത്തിരിക്കുന്ന നാല്‌ ഹൃദയങ്ങൾക്കുമപ്പുറം എന്റെ മനസ്സ്‌ തുടിച്ചത്‌ അവളിലായിരുന്നു. അടുക്കളയിൽ നിന്നും സ്വീകരണമുറിയിലേക്കുള്ള വാതിൽ ഞാൻ കൊട്ടിയടച്ചു.


നാരായൻ, നീ എന്നെ ഒരുപാട്‌ ഇഷ്ടപ്പെടുത്തിയിരിക്കുന്നു... അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി ഞാൻ പറഞ്ഞു. കവിളിലെ നുണക്കുഴികളിൽ വിരലുകളമർത്തി. ശീതക്കാറ്റ്‌ വിതച്ച പുഞ്ചവയലിൽ കുലച്ചു നിൽക്കുന്ന നെൽക്കതിരുകളെ പോലെ അവൾ നാണിച്ചു നിന്നു. നെഞ്ചിടിപ്പിന്റെ  നേർത്ത താളം മയിൽപ്പീലി ചിറകുകളായി വിടർന്നു.


മാറിലെ കൊഴിഞ്ഞു വീഴാറായ എന്റെ രോമങ്ങളെ വിരലുകൾ കൊണ്ടവൾ ഉഴുതുമറിച്ചു...... നാലാമത്തെ ഹൃദയം മതീ സാറിന്‌......?


സ്വീകരണമുറിയുടെ വിശാലതയിൽ അവളുടെ നിമ്‌ന്നോന്നതങ്ങളിൽ ചുണ്ടുകളുരസി ഞാൻ ആ നെഞ്ചിനെ ചൂണ്ടി പറഞ്ഞു.... എനിക്കിതുമതി. അഴിഞ്ഞുവീണ കുർത്ത, സോഫയിലിരുന്ന് അതു രസിച്ചു. അടുക്കളയിൽ വറുത്തമീൻ പൊരിയുന്നതുവരെ അവളെ ചേർത്തു. മാർദ്ദവമുള്ളതും ആരോഗ്യവതിയുമായ ആ ഹൃദയവുമായി ഞാൻ സംവദിച്ചു.


അലമാര തുറന്ന് ഒരു ബ്ലാങ്ക്‌ ചെക്കിൽ ഒപ്പിട്ടു ഞാനവൾക്ക്‌ കൊടുത്തു, നനുത്ത്‌ മൃദുവാർന്ന അവളുടെ കരങ്ങളിൽ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു, കള്ളങ്ങൾ ഇനിയുമൊരുപാടുണ്ട്‌ ഒളിപ്പിച്ചുവെക്കാനായി, നാലാമത്തെ...... നാലാമത്തെ ആ ഹൃദയം മതി എനിക്ക്‌.


 പുഞ്ചിരിച്ചുകൊണ്ട്‌ അവൾ തുകൽ ബാഗ്‌ മടക്കി വെച്ച്‌ നന്ദിയോടെ യാത്ര പറഞ്ഞു.


അടുക്കളവാതിൽ തള്ളിത്തുറന്ന് ഭാര്യ വിളിച്ചു.... ഊണ്‌ കാലമായി, നേരത്തിന്‌ ഭക്ഷണം കഴിക്കണം, ഗുളികകൾ ഒരുപാട്‌ തിന്നുവാനുള്ളതാ, ആ ഓർമ്മപ്പെടുത്തലിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നോ, ഞാൻ സംശയിച്ചു.


അടുക്കളയിൽ നനഞ്ഞ വിറകുകൾ പുകയിച്ച്‌ കണ്ണുകൾ കലങ്ങിയതായിരിക്കണം എന്ന് സമാധാനിച്ചു. ഊണുമേശയ്ക്കുമുന്നിൽ സ്വാദിഷ്ടമായ അടുത്ത ഭക്ഷണത്തിനായി ഞാൻ കാത്തിരുന്നു. താളാത്മകമായി പിടഞ്ഞ ഹൃദയമിടിപ്പിനെ വിരലുകളിൽ കൊട്ടി മേശമേൽ ശബ്ദവിന്യാസങ്ങൾ തീർത്തു.


O

PHONE : 9447685185




Saturday, October 6, 2012

കണ്ണുനീർ

കവിത
രാജീവ്‌ ദാമോദരൻ












നുഷ്യവംശത്തിന്റെ
ഏറ്റവും പ്രാചീനമായ അനുഷ്ഠാനമാണ്‌
കരച്ചിൽ.

കണ്ണുനീർ
അവന്റെ ആദിമലിപിയും.

വേദനയുടെ ഉഷ്ണമേഖലയിൽ നിന്ന്
സാന്ത്വനത്തിന്റെ പളുങ്കുകൾ.

അമ്മ കുഞ്ഞിനെയെന്ന പോലെ
മുറിവേറ്റ മനസ്സിനെ
കുളിപ്പിച്ച്‌
ശുദ്ധമാക്കുന്ന
കാരുണ്യത്തിന്റെ തെളിനീർ.

കാരണമെന്തെന്നറിയാത്ത
അസ്വസ്ഥതയുടെ ഉറവിനെ
ലോകത്തിനു നേരേ തുറന്നുവെക്കുന്ന
കുഞ്ഞിന്റെ
നിസ്സഹായമായ കരച്ചിൽ.

കൊലയാളിക്ക്‌ മുൻപിൽ
ജീവന്റെ മുഴുവൻ ഭാരവും താങ്ങി
വിറയലോടെ
അരുതേ എന്നപേക്ഷിക്കുന്ന
ബലിയാടിന്റെ കണ്ണുനീർ.

കാരണങ്ങളെല്ലാം
അറിഞ്ഞും പൊറുത്തും
വേദന തിന്നും
ദുഃഖങ്ങൾ കടിച്ചമർത്തിയും
വളർന്ന
അമ്മയുടെ ക്ഷമാവൃക്ഷത്തിൽ
അച്ഛന്റെ കത്തുന്ന പട്ടടയ്ക്ക്‌ മുൻപിൽ
അപൂർവ്വമായി വിരിഞ്ഞ
കണ്ണുനീരിന്റെ തിളയ്ക്കുന്ന തുള്ളികൾ
അതിൽ ഞാൻ കണ്ട
പട്ടടയുടെ തീനാമ്പുകൾ.

ഈ നിമിഷവും
ഭൂമിയിൽ
ഒച്ചയില്ലാതെ കരയുന്നവർ,
കണ്ണുനീർ മാത്രം ശരണമായവർ
എത്ര ?

ദുഃഖിതനും
പരാജിതനും
തിരസ്കൃതനും
പ്രവാസിക്കും
ഏകാകിക്കും
എന്നല്ല,
ഏതു മനുഷ്യനും
ആത്മാവിന്റെ ഈ ശുദ്ധാവിഷ്കാരം,
ഇന്ദ്രിയങ്ങളുടെ ഈ പൊള്ളുന്ന പ്രാർത്ഥന
ഒരുപോലെ ബന്ധു.

കണ്ണുനീർ
ആത്മാർത്ഥതയുടെ ഉപ്പ്‌ ചേർന്ന
ദുഃഖത്തിന്റെ രാസസംയുക്തം.

വചനങ്ങളുടെ  പരീക്ഷണശാലയിൽ
പിറക്കാതെ പോകുന്ന
ഏറ്റവും ദുഃഖപൂർണ്ണമായ കവിത.

സ്വയം
കരഞ്ഞു പിറക്കുകയും
മറ്റുള്ളവരെ
കരയിച്ച്‌ പിരിയുകയും
ചെയ്യുന്ന ജീവിതമേ,
നിനക്കായി
ഒരു തുള്ളി കണ്ണുനീർ.

O