Sunday, June 26, 2011

സംസ്കാരജാലകം

ഡോ.ആർ.ഭദ്രൻ




                              7








സലിംകുമാർ












 മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ സലിംകുമാറിന്‌ (ആദാമിന്റെ മകൻ അബു). ഒരു ഹാസ്യനടനായി ഒതുക്കപ്പെടുക എന്ന വിപത്തിൽനിന്നും സലിംകുമാർ രക്ഷപെട്ടിരിക്കുന്നു. സാഹിത്യത്തിലും ഇങ്ങനെ കള്ളിതിരിച്ചു കെട്ടുന്ന പതിവുണ്ട്‌. കുഞ്ചൻ നമ്പ്യാർ ഇതിന്റെ ഏറ്റവും വലിയ രക്തസാക്ഷിയായിരുന്നു. ജഗതിശ്രീകുമാറിൽ ടാലന്റുള്ള ഒരു മഹാനടൻ ഒളിഞ്ഞിരുപ്പുണ്ടെന്ന് പി.പത്മരാജൻ പറഞ്ഞിട്ടുള്ളത്‌ ഇതിനോടൊക്കെ ചേർത്തുവായിക്കേണ്ടതാണ്‌.


വാരാന്ത്യം

അഡ്വ.ജയശങ്കർ












ഇന്ത്യാവിഷൻ ചാനലിൽ ജയശങ്കർ നടത്തുന്നത്‌ ഉത്തരവാദിത്വമുള്ള മാധ്യമവിമർശനമോ രാഷ്ട്രീയവിമർശനമോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണങ്ങൾ മാത്രമാണ്‌ അത്‌. പലപ്പോഴും പ്രതികരണങ്ങളും പരാമർശങ്ങളും വിലകുറഞ്ഞ ഫലിതമായി തരംതാഴുന്നു. നമുക്കു വേണ്ടത്‌ തത്ത്വാധിഷ്ഠിതമായ മാധ്യമവിമർശനമാണ്‌- ഡോ.സെബാസ്റ്റ്യൻപോൾ, കലാകൗമുദി (ചരിത്രരേഖ 2011 ഫെബ്രുവ രി 27). സെബാസ്റ്റ്യൻപോളിന്റെ അഭിപ്രായം ശരിയായ ഒരു അഭിപ്രായം ആണ്‌. പക്ഷേ 'പൊളിറ്റിക്കൽ സറ്റയർ' എന്ന നിലയിൽ അതിനുള്ള നിലവാരം കുറച്ചു കാണേണ്ടതുമില്ല. വ്യക്തിപരമായ പ്രതികരണങ്ങൾക്ക്‌ അതിന്റേതായ ശക്തി ദൗർബല്യങ്ങളുണ്ടാവുക സ്വാഭാവികമാണ്‌. മഹത്തായ പല ആശയങ്ങളും ഈ രാഷ്ട്രീയോപഹാസത്തിനിടയിൽ കൊല ചെയ്യപ്പെടുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഉന്നതമായ ഒരു ചിന്താലോകം ജയശങ്കറിന്‌ ഇല്ലാത്തതാണ്‌ ഇക്കാര്യത്തിളുള്ള അടിസ്ഥാനപരമായ തകരാറ്‌.


നിരൂപണത്തിലെ പുതുനാമ്പുകൾ - 3

ഒരു കലാകാരൻ പ്രക്ഷേപണം ചെയ്യുന്ന ബോധരൂപത്തെ അറിയുകയും സ്വീകരിക്കുകയും തിരസ്കരിക്കുകയും തിരുത്തുകയും ചെയ്യുന്ന സാമൂഹികപ്രവർത്തനമാണ്‌ നിരൂപണം എന്ന് എം.എൻ.വിജയൻ. അതുകൊണ്ടാണ്‌ 'സംസ്കാരജാലകം' ഭാവികാലനിരൂപകരെ അടയാളപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തുന്നത്‌.

മലയാളനിരൂപണലോകത്ത്‌ ഒന്നോ രണ്ടോ ലേഖനങ്ങൾ എഴുതി പിന്തിരിഞ്ഞു പോകുന്നവരുടെ ഗണത്തിൽപെടുന്ന ആളല്ല, കെ.ബി.ശെൽവമണി. വ്യത്യസ്തങ്ങളായ സാഹിത്യ വിഷയങ്ങളെക്കുറിച്ച്‌ പല ലേഖനങ്ങളും കെ.ബി യുടെ വന്നുകഴിഞ്ഞു. നവഭാവുകത്വത്തിന്റെ തേരിലേറിയാണ്‌‌ ഈ യുവനിരൂപകന്റെ മുന്നേറ്റം. സാഹിത്യത്തിന്റെ അടിസ്ഥാനസമസ്യകളെ അഭിസംബോധന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്‌ എന്നതാണ്‌ ശെൽവമണിയുടെ ഏറ്റവും പ്രധാന സവിശേഷത. കെ.പി.അപ്പന്റെയും എം.എൻ.വിജയന്റെയും സംയുക്തപ്രവർത്തനം ഒരു പുതുനിരൂപകനിൽ ഉണ്ടാവുക എന്നത്‌ കൗതുകകരമായി തോന്നി. ഈ സ്വാധീനത്തെ വലിച്ചെറിഞ്ഞുകൊണ്ട്‌ നീങ്ങുവാൻ ശ്രമങ്ങൾ മന്ദമായിട്ടാണെങ്കിലും തുടങ്ങിക്കഴിഞ്ഞു എന്നതാണ്‌ കെ.ബി യുടെ നിരൂപണത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. ആശയങ്ങളെ നാടകീയമായി സെലിബ്രേറ്റ്‌ ചെയ്യുവാൻ കെ.ബി.യ്ക്ക്‌ ഒരു പ്രത്യേകവാസനയുണ്ട്‌. പാവമായ ജീവിതാവസ്ഥകളോടുള്ള കലാകാരന്റെ ചേർന്നു നിൽപുണ്ടല്ലോ, അതും ശെൽവന്റെ നിരൂപണത്തെ തിളക്കുന്നുണ്ട്‌.

കെ.ബി.ശെൽവമണി













കലാകൗമുദി 2010 ഒക്ടോബർ 24 ലക്കത്തിൽ വന്ന 'ഇന്ദുമേനോൻ ആ ചതി വെളിപ്പെടുത്തുന്നു' എന്ന ഇന്റർവ്വ്യൂവും ബി.മുരളിയുമായി നടത്തിയ ഇന്റർവ്വ്യൂവും -'മലയാള കഥ ഇന്നും എഞ്ചുവടി'- കഥാസാഹിത്യത്തിൽ കെ.ബി എത്രമാത്രം മുന്നോട്ട്‌ പോയിട്ടുണ്ട്‌ എന്നതിന്റെ സൂ ചനയാണ്‌.
വരാൻപോകുന്ന കാലയളവിലെ സാംസ്കാരിക സങ്കീർണ്ണതകളിൽ കേരളസമൂഹം ഉഴലുമ്പോൾ വ്യക്തതയുടെ കൊടി ഉയർത്തിപ്പിടിച്ച്‌ ഇടപെടുവാൻ പോകുന്ന നിരൂപകരിൽ ഒരുവനായി വളരുവാനുള്ള പിടച്ചിലുകൾ കെ.ബി ഇപ്പോഴേ പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.പുതുകവിതയേയും പുതുകഥയേയും നിരൂപണത്തേയും പുതുചലച്ചിത്രങ്ങളേയും കുറിച്ച്‌ കെ.ബി.എഴുതിയ ലേഖനങ്ങളെല്ലാം താൽപര്യപൂർവ്വമാണ്‌ വായിച്ചിട്ടുള്ളത്‌;കലയിലും സാഹിത്യത്തിലും ജാഗ്രതയുള്ളവർ.

കെ.ബി യുടെ വായിച്ച ചില ലേഖനങ്ങൾ

ഒരു സിനിമയുടെ മേൽവിലാസം (ജനപഥം,ജനുവ രി 2011)
പൊരിയുന്ന വെയിൽ അഥവാ ഒരു കവിതാവീട്‌ (സർഗ്ഗധ്വനി,ജൂലൈ/ഓഗസ്റ്റ്‌ 2010)
വേരറ്റ ഭൂമിയിലേക്ക്‌ ഇലകൾ പറന്നുവരുന്നത് ‌(ഗ്രന്ഥാലോകം, ഒക്ടോബർ 2009)
ആധുനികോത്തരതയുടെ നിർമ്മാണം (വിജ്ഞാനകൈരളി, സെപ്റ്റംബർ 2010)
ഭാവികാലത്തിന്റെ കുഞ്ഞുമനസ്സുകൾ (ഗ്രന്ഥാലോകം, ഡിസംബർ 2008)
മലയാളകഥയിലെ ഫോക്‌ലോർ വ്യാപനങ്ങൾ (ജനപഥം, നവംബർ 2010)


മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകൾ

മനോരമ ആഴ്ചപ്പതിപ്പ്‌ പുതിയ ലക്കം ഒന്ന് പരിശോധിക്കുക.നോവലുകൾ എത്രയെന്നോ?

1.മാനസവീണ (മുരളി നെല്ലനാട്‌)
2.ആകാശക്കുടക്കീഴിൽ (സി.വി.നിർമ്മല)
3.ധിക്കാരി (കെ.വി.അനിൽ)
4.നിറമിഴിപ്പക്ഷികൾ (എസ്‌.ശ്രീദേവി)
5.സാഗരം (സുധാകർ മംഗളോദയം)
6.മുന്തിരിപ്പാടം (ജോയ്സി)

ആറുനോവലുകൾ ഉള്ള മനോരമ ആഴ്ചപ്പതിപ്പ്‌ ലക്ഷക്കണക്കിനാളുകൾ വായിക്കുന്നുണ്ട്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു നോവൽ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ. മാതൃഭൂമി പോലുള്ള വാരികകളിൽ പ്രസിദ്ധീകരിക്കുന്ന നോവലുകൾ സാഹിത്യചരിത്രത്തിലേക്കാണ്‌ നടന്നുപോകുന്നത്‌. മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന നോവലുകൾ എവിടേയ്ക്ക്‌ പോകുന്നു എന്നത്‌ അന്വേഷിക്കേണ്ട വിഷയമാണ്‌. എന്നാൽ പുതിയകാല കലാചിന്തയിൽ 'പോപ്പുലർ കൾച്ചർ' എന്ന നിലയിൽ മനോരമ നോവലുകൾ പോലുള്ളതിനെയും പരിഗണിക്കണമെന്ന് വന്നിട്ടുണ്ട്‌. അതായത്‌,പൈങ്കിളി നോവലുകൾ എന്ന വാക്ക്‌ കാലഹരണപ്പെട്ടുകഴിഞ്ഞു.


മലയാളം പ്രഥമഭാഷയാകുമോ?

സ്കൂൾതലത്തിൽ മലയാളം പ്രഥമഭാഷയാകുന്നതിന്‌ മുൻസർക്കാരിന്റെ (എൽ.ഡി.എഫ്‌)തീരുമാനം പുതിയ സർക്കാർ (യു.ഡി.എഫ്‌) നടപ്പാക്കുമോ?കേരളം കാത്തിരിക്കുന്നു.കാണേണ്ട ഒരു സാംസ്കാരിക പ്രശ്നമാണിത്‌.

നാടകം ദുരന്തമാകുമോ ശുഭാന്തമാകുമോ?


കാറിന്റെ പരസ്യം

ഒരു കാറിന്റെ പരസ്യം ഇങ്ങനെയാണ്‌. ".... അതുമാത്രമോ,ഒരു നാലുവർഷം/അറുപതിനായിരം കി.മി വാറന്റി കൊണ്ട്‌ സന്തോഷം ഉറപ്പാണ്‌,ആസ്വദിച്ചുകൊള്ളൂ!" കാർ മനുഷ്യന്‌ ആവശ്യമാണ്‌. ഉപയോഗവും സമ്പത്തിന്റെ തോതും അനുസരിച്ചു മാത്രം ഉപയോഗിക്കുന്നതിൽ തെറ്റില്ല.എന്നാൽ ജീവിതം ആസ്വദിക്കാനുള്ള ഒരു സംഭവം മാത്രമാണെന്ന് ചുരുക്കിയെഴുതി നമ്മെക്കൊണ്ട്‌ വിശ്വസിപ്പിക്കുവാൻ കച്ചവടമുതലാളിത്തം വിജയിച്ചിരിക്കുന്നു. മനുഷ്യരിൽ വിലോമനീയത (Sedection) സൃഷ്ടിക്കുകയാണ്‌. നമ്മുടെ കുട്ടികൾ ഈ വലയിൽ കുരുങ്ങിക്കഴിഞ്ഞു എന്നതാണ്‌ സമകാലീനമായ ഏറ്റവും വലിയ ദുരന്തക്കാഴ്ച. അവർ നമുക്കുവേണ്ടി ഒരു കാൽപനിക വിഭ്രമലോകം സൃഷ്ടിച്ച്‌ നമ്മെ അതിനുള്ളിൽ കുരുക്കിയെടുത്തിരിക്കുകയാണ്‌. ഈ കാൽപനികതയുടെ കുത്തൊഴുക്കിൽ ഉദാത്തമായ മതവും രാഷ്ട്രീയവുമൊക്കെ ഒലിച്ചുപോവുകയല്ലാതെ എന്താണ്‌ നിർവ്വാഹം ?
ഉത്തരാധുനികതയിൽ ജീവിതസങ്കൽപങ്ങൾ കീഴ്മേൽ മറിയുന്ന കാഴ്ച. ഇതിനെ എതിർക്കുന്നവർ നിഷ്‌പ്രഭരാകുമെങ്കിലും എതിർപ്പ്‌ തുടരുക തന്നെ വേണം. കാരണം,ഭാവിയുടെ വേരുകൾ അവിടെയാണ്‌.


നഗ്നസത്യം - കൽപറ്റ നാരായണൻ

ആശയങ്ങൾ കൊണ്ട്‌ കവിതയെഴുതാമെന്നും അത്‌ നല്ല കവിതയായി ഉയർത്തിയെടുക്കാമെന്നും കൽപറ്റ നാരായണൻ തെളിയിച്ചിരിക്കുന്നു,നഗ്നസത്യം എന്ന കവിതയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ജൂൺ 12,2011).



ഇന്ദു.ആർ.ഇറവങ്കര

ഉണ്മ മാസികയുടെ 2011 ജൂൺ ലക്കത്തിൽ ഇന്ദു.ആർ.ഇറവങ്കര എഴുതിയ കവിത ഇങ്ങനെയായിരുന്നു.

അക്ഷരങ്ങൾ തിരിച്ചിട്ടും മറിച്ചിട്ടും
പ്രത്യയങ്ങൾ ചേർത്തും ചേർക്കാതെയും
വള്ളികളും പുള്ളികളും കലർത്തി
വടിവാർന്നു രൂപപ്പെടുന്ന വാക്കുകളേ,
നിങ്ങൾ ചാവേറുകളാണോ?

അവസാനം ചേർത്ത ചാവേറുകൾ എന്ന ചോദ്യം കവിതയ്ക്കു കിട്ടേണ്ടിയിരുന്ന ഭാവദീപ്തി എങ്ങനെ കെടുത്തിക്കളഞ്ഞു എന്നു പരിശോധിക്കുക. ഈ ചോദ്യത്തിനു പകരം മറ്റേതെങ്കിലും കൃത്യമായ ഒരു വാക്ക്‌ അവിടെ വന്നിരുന്നുവെങ്കിൽ ഈ അഞ്ചുവരിക്കവിതയ്ക്ക്‌ വേറെ മാനങ്ങൾ കിട്ടുമായിരുനു. ഇന്ദു.ആറിന്റെ മറ്റൊരു കവിത 'കറുത്തവരകൾ' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ജൂൺ 19-25) വന്നിട്ടുണ്ട്‌. സങ്കടങ്ങളുടെ കവിതയാണ്‌ എന്ന് കവിതയുടെ പേരിൽനിന്നു തന്നെ വ്യക്തമാണല്ലോ. കറുത്തവര നല്ലൊരു സിഗ്‌നിഫൈർ ആയി കൂടി പ്രവർത്തിക്കുന്നുണ്ട്‌. പ്ലേറ്റോ ഭാവന ചെയ്തതുപോലെ വെളുത്തവരയുടെ സിഗ്‌നിഫൈർ ആയി കൂടി കവിതയ്ക്ക്‌ പ്രവർത്തിക്കാം എന്നുള്ള സാധ്യതയും ഇന്ദു.ആർ മനസ്സിലാക്കികൊള്ളണം;വാക്കുകൾ ചാവേറുകൾ മാത്രമല്ലെന്നും. കവിത നന്നായിട്ടുണ്ട്‌. കവിതയിലെ ഈ വരികൾ ഏറെ ചേതോഹരമായിട്ടുണ്ട്‌.

മുറിഞ്ഞുവീണ വാക്കുകളുടെ അറ്റത്ത്‌
രാഗരുധിരം ഇറ്റുവീഴുന്നു.



ഇറച്ചി - മക്കൾ, ഭാഷാപോഷിണി, മാർച്ച്‌ 2011

പുതിയ ഉപമകൾ/ബിംബങ്ങൾ ഒക്കെ സൃഷ്ടിക്കുവാൻ പുതിയ കവികൾക്ക്‌ കഴിയണം.
അൻവർ അലിയുടെ ഈ വരികൾ ശ്രദ്ധിക്കുക.

കാത്തുനിന്നു ശബ്ദമില്ലാ-
സിനിമ പോലൊരമ്മ.


ജയലക്ഷ്മി മന്ത്രിയായ കഥ
 
പി.കെ.ജയലക്ഷ്മി










കെ.പി.സി.സി ഡൽഹിക്ക്‌ കൊണ്ടുപോയ മന്ത്രിമാരുടെ സാധ്യതാലിസ്റ്റിൽ ജയലക്ഷ്മിയുടെ പേരുണ്ടായിരുന്നില്ല. യു.ഡി.എഫിലെ ഏകവനിത. എന്നിട്ടും ജയലക്ഷ്മിയുടെ പേര്‌ കെ.പി.സി.സി യുടെ ലിസ്റ്റിൽ ഇല്ലായിരുന്നു. ലോകത്തിലെ സ്ത്രീവിമോചനപ്രസ്ഥാനത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും കെ.പി.സി.സി യുടെ ചുമതലപ്പെട്ടവർക്ക്‌ തരിമ്പും ജ്ഞാനമില്ല എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഉമ്മൻചാണ്ടി ഡൽഹിയിൽ നിന്ന് തിരിച്ചു ലിസ്റ്റുമായി വന്നപ്പോൾ അതിൽ ജയലക്ഷ്മിയുടെ പേരുണ്ടായിരുന്നു. എ.ഐ.സി.സി യിൽ പുസ്തകം വായിക്കുന്ന ചിലർ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്‌ എന്നാണോ ഇത്‌ സൂചിപ്പിക്കുന്നത്‌ ? അതോ..?



കുഞ്ചുക്കുറുപ്പ്‌


കുഞ്ചുക്കുറുപ്പ്‌ മിക്കപ്പോഴും നല്ല ചിരി നിർമ്മിക്കുന്നുവെന്ന് നേരത്തെ ഒരിക്കൽ എഴുതിയത്‌ ഓർക്കുമല്ലോ. പക്ഷെ 20.06.2011 തിങ്കളാഴ്ച മനോരമയിലെ കുഞ്ചുക്കുറുപ്പ്‌ നോക്കുക. ഇത്‌ നർമ്മം സൃഷ്ടിക്കുന്നതേയില്ല. തുടർദിവസങ്ങളിലും കുഞ്ചുക്കുറുപ്പിൽ നർമ്മം മരിച്ചുവീഴുകയാണ്‌.
വരകൾ പിഴയ്ക്കുന്നില്ല.
കമന്റുകളാണ്‌ പ്രശ്നം സൃഷ്ടുക്കുന്നത്‌.ശ്രദ്ധിക്കണം.



ഷിബു ബേബിജോണിന്റെ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞ

ഷിബു ബേബിജോൺ












പുതിയ മന്ത്രിസഭയിൽ ഷിബു ബേബിജോൺ മാത്രമാണ്‌ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത്‌ എന്നാണ്‌ മനസ്സിലാക്കപ്പെടുന്നത്‌. മന്ത്രിസഭയിൽ ഷിബുവിന്‌ മാത്രമേ ഇംഗ്ലീഷ്‌ അറിയൂ എന്നാണോ മാലോകർ വിചാരിക്കുന്നത്‌. തെറ്റിപ്പോയി. പ്രാദേശിക ഭാഷയായ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുക എന്നത്‌ ലോകത്തിൽ വളർന്നുകൊണ്ടിരിക്കുന്ന പ്രതിസംസ്കാരം (Counter Culture) നൽകുന്ന അറിവാണ്‌. ഇങ്ങനെയുള്ള അറിവോ പ്രപഞ്ചബോധമോ കിട്ടുന്ന വായന ഷിബുവിന്‌ കമ്മിയായിരിക്കും. അറിയാൻ വയ്യാത്ത കാര്യങ്ങൾ കണ്ടുപഠിക്കണ്ടേ,അതുമില്ല. ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയും മറ്റും കൊളോണിയൽ ദാസ്യമാണെന്നറിയുക. മലയാളനാടിനെ ഭരിക്കുന്ന മന്ത്രി ഇതൊക്കെ അറിയുക എന്നത്‌ മിനിമം യോഗ്യതയാണ്‌.



അയച്ചുകിട്ടിയ പുസ്തകങ്ങൾ


PATENI - The Traditional Epic Theatre
KADAMANITTA VASUDEVAN PILLAI
Preface - Dr.Marc
Comment - Louba Schild
Rainbow Book Publishers
Price - 100


നിഷേധികളുടെ ഗുരു
ഡോ.പി.കെ.കൃഷ്ണൻ കുട്ടി
പ്രസക്തി ബുക്ക്‌ ഹൗസ്‌,പത്തനംതിട്ട
വില - 25 രൂപ

O

PHONE   : 9895734218


Saturday, June 18, 2011

ഒറ്റപ്പെട്ട വഴിയിൽ ഒരാൾ

അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവന്റെ ജീവിതത്തിലൂടെ

ഇടക്കുളങ്ങര ഗോപൻ














                ചെറുപ്പകാലത്തിൽ മനസ്സിലേക്ക്‌ ആവാഹിച്ച പുരോഗമനാശയങ്ങളുടെ പ്രായോഗിക ദൗർബല്യങ്ങളോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ പരാജയപ്പെട്ടതോടെ സ്വയം നിഷ്കാസിതനായ ഒരാൾ ഇപ്പോഴും ജീവിതസമരം തുടരുന്നുണ്ട്‌, അധികമാരുമറിയാതെ. അവധൂതന്റെ ആത്മപ്രകാശനം പോലെയാണ്‌ അദ്ദേഹത്തിന്റെ കഥ.അരാജകവാദിയെപ്പോലെ ഏറെക്കാലം ജീവിക്കുകയും ഒരുഘട്ടത്തിൽ അരാജകവാദത്തിന്റെ കുപ്പായമഴിച്ചുവെച്ച്‌ മാനവികതയുടെ ആത്മബോധം സ്വീകരിക്കുകയും ചെയ്ത മനുഷ്യൻ...പ്രശസ്ത പണ്ഡിതനും കവിയുമായിരുന്ന തിരുനെല്ലൂർ കരുണാകരന്റെ സഹോദരൻ തിരുനെല്ലൂർ വാസുദേവൻ എന്ന അബ്ദുൽസമദ്‌. മലപ്പുറം ജില്ലയിലെ ആതവനാട്‌ ദേശത്തെ മേൽപ്പത്തൂർ സ്മാരകത്തിന്‌ സമീപമുള്ള ചെറിയവീട്ടിലിരുന്ന് അദ്ദേഹം തന്റെ ജീവിതം പറഞ്ഞു.


അറുപതുകളുടെ പകുതി മുതൽ എഴുപതുകളുടെ പകുതിവരെയുള്ള ഒരു പതിറ്റാണ്ടുകാലം തിരുവിതാംകൂറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തിരുനെല്ലൂർ വാസുദേവൻ നിറഞ്ഞാടിയിരുന്നു. കവി,നോവലിസ്റ്റ്‌, ചിന്തകൻ, പ്രഭാഷകൻ, സാംസ്കാരികപ്രവർത്തകൻ എന്നീ നിലകളിലൊക്കെ തന്റെ പ്രജ്ഞയും പ്രതിഭയും തെളിയിച്ച്‌ നിറപ്രഭയായി ശോഭിച്ച കാലം. തിരുവിതാംകൂറിന്റെ, വിശേഷിച്ച്‌ കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അക്കാലത്തെ ഏത്‌ സാംസ്കാരികപരിപാടിയിലെയും താരസാന്നിധ്യമായിരുന്നു, തിരുനെല്ലൂർ വാസുദേവൻ. ജീവിതയാത്രയിലെ ഒരു നിർണ്ണായക വഴിത്തിരിവിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക്‌ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. തിരുവിതാംകൂറിലെ തിരുനെല്ലൂർ വാസുദേവൻ ആതവനാട്ടിലെ അബ്ദുൽസമദാണിപ്പോൾ.



അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവൻ


മാതാപിതാക്കളുടെ എട്ടുമക്കളിൽ ആറാമനായ വാസുദേവൻ ബാല്യ-കൗമാരകാലംതൊട്ട്,‌ വീട്ടിൽ ചിതറിക്കിടന്നിരുന്ന കമ്യൂണിസ്റ്റ്‌ സാഹിത്യങ്ങൾക്ക്‌ നടുവിലായിരുന്നു. ജ്യേഷ്ഠൻ തിരുനെല്ലൂർ കരുണാകരൻ കൊണ്ടുവന്നിരുന്ന റഷ്യൻ സാഹിത്യഗ്രന്ഥങ്ങളും കമ്മ്യൂണിസ്റ്റ്‌ ലഘുലേഖകളും ധാരാളം വായിച്ചു. വായനയും ചർച്ചയും മനസ്സിനെ പ്രക്ഷുബ്ദമാക്കി. ചെറുപ്പത്തിലെ പുരോഗമന സാഹിത്യവാസന അങ്ങനെ വാസുദേവനെയും ഒരു കമ്മ്യൂണിസ്റ്റാക്കി.അനീതിയ്ക്കും ജന്മിത്തവാഴ്ചയ്ക്കുമെതിരെ അക്കാലത്ത്‌ വാസുദേവന്റെ പ്രതികരണങ്ങൾ ശക്തമായിരുന്നു.ഇത്‌ അദ്ദേഹത്തിന്‌ ധാരാളം സുഹൃത്തുക്കളെയും അനുഭാവികളെയും സൃഷ്ടിച്ചുകൊടുത്തു.



ഇന്ത്യയോടുള്ള ചൈനയുടെ യുദ്ധപ്രഖ്യാപനം വാസുദേവന്‌ മനസ്സിൽ വലിയ മുറിവായി. അന്നുവരെ പഠിച്ച തിയറിയുടെ അർത്ഥം നഷ്ടപ്പെടുകയാണോ എന്ന ചിന്ത വളർന്നു.ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുക എന്നത്‌ സാമ്രാജ്യത്വസമീപനമാണെന്ന് ഉറച്ചു വിശ്വസിച്ചതിനാലാണ്‌, യുദ്ധപ്രഖ്യാപനം അദ്ദേഹത്തെ വേദനിപ്പിച്ചത്‌.റേഡിയോയിലൂടെ യുദ്ധപ്രഖ്യാപനവാർത്ത കേട്ടതിന്റെ തൊട്ടടുത്ത ദിവസം സുഹൃത്തുക്കളായ കടവൂർ.ജി.ചന്ദ്രൻപിള്ള,വള്ളിക്കീഴ്‌ രാമചന്ദ്രൻ എന്നിവരുമായി അഞ്ചാലുമൂട്ടിലെ നാവികതൊഴിലാളി യൂണിയന്റെ ഓഫീസിൽ കൂടി ചർച്ച ചെയ്തു. ഈ ചർച്ച മനസ്സിലുണ്ടാക്കിയ സ്വാധീനം വല്ലാത്തതായിരുന്നു.അന്ന് M.C.A കരുണാകരൻ സാറിന്റെ ട്യൂട്ടോറിയൽ കോളേജിൽ കണ്ടുവെച്ചിരുന്ന മുള്ളൻപന്നിയുടെ മുള്ളുകൊണ്ടുള്ള പേന കൈക്കലാക്കി, സിഗരറ്റ്‌ കൂടിലെ അലൂമിനിയംപേപ്പറും ചിരട്ടയും സംഘടിപ്പിച്ച്‌ ഭാരത്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ കൈവിരൽ കീറി രക്തം ചിരട്ടയിലൊഴിച്ച്‌, പേന മുക്കി പ്രകമ്പനം എന്ന പേരിൽ 66 വരി കവിതയെഴുതി. സാമ്രാജ്യത്വവിരുദ്ധ ആശയമായിരുന്നു കവിതയിൽ.കവിത കൗമുദിയ്ക്കയച്ചു. കൗമുദിയിൽ അന്ന് സബ്‌എഡിറ്റർ ആയിരുന്ന പഴവിള രമേശൻ കവിത ചോര കൊണ്ടെഴുതിയതാണെന്ന് മനസ്സിലാക്കിയില്ല. അന്ന്,ഇന്ത്യ - ചൈന യുദ്ധം സംബന്ധിച്ച്‌ കമ്യൂണിസ്റ്റുകാർക്കിടയിൽ രണ്ടഭിപ്രായം നിലനിന്നിരുന്നു.'അവർ അവരുടേ'തെന്ന ഈ.എം.എസ്സിന്റെ നിലപാടിനോടടുത്ത്‌ നിന്നിരുന്ന പഴവിള രമേശൻ കവിതയെപ്പറ്റി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണനോട്‌ പറഞ്ഞില്ല.കവിത വെളിച്ചം കാണാതെ പോയി.



ഇക്കാലയളവിൽ മനസ്സിൽ കമ്യൂണിസ്റ്റ്‌ ആശയത്തോട്‌ ഒരു 'കൺഫ്യൂഷൻ' ബാധിച്ചു.ഉള്ളിൽ തൊഴിലാളിവർഗ്ഗപ്രേമം സൂക്ഷിച്ചുകൊണ്ടുതന്നെ സ്റ്റാലിനിസത്തിനെതിരെയുള്ള ശക്തനായ വിമർശകനായി.കിട്ടിയ വേദികളിലൊക്കെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളിലെ കൺഫ്യൂഷൻ ജനസമക്ഷം അവതരിപ്പിച്ചു.ഇത്‌ പലരുടെയും ശത്രുത സമ്പാദിക്കുവാൻ കാരണമായി.ഒരു അരാജകവാദിയായി മുദ്രകുത്തി ചിലർ അവരുടെ പ്ലാറ്റ്ഫോമിന്റെ പടിയിറക്കിയപ്പോൾ മനസ്സിൽ ആളിക്കത്തിക്കൊണ്ടിരുന്ന തൊഴിലാളിവർഗ്ഗപ്രേമവും കാരുണ്യവും സാംസ്കാരിക പ്രവർത്തനവുമൊക്കെ മാനസികനില കൂടുതൽ തീവ്രമാക്കി.



മനസ്സിൽ തീക്കനൽ നീറുന്ന കാലത്താണ്‌ തലശ്ശേരി-പുൽപ്പള്ളി നക്സൽ കേസ്‌ ഉണ്ടാകുന്നത്‌. കുന്നിക്കൽ നാരായണൻ,അജിത,ഫിലിപ്പ്‌.എം.പ്രസാദ്‌ തുടങ്ങിയവരെക്കുറിച്ചുള്ള വാർത്തകൾ, അവരുടെ ആശയഗതിയിലേക്ക്‌ മനസ്സിനെ വലിച്ചുകൊണ്ടുപോയി.



നക്സൽ ആശയങ്ങളോട്‌ യോജിക്കുന്ന ഒരാളെയെങ്കിലും സ്വഗ്രാമത്തിൽ നിന്ന് കൂട്ടിന്‌ കിട്ടാനായുള്ള അന്വേഷണം സുഭാഷ്ചന്ദ്രബോസ്‌ എന്ന സുഹൃത്തിൽ ചെന്നെത്തി. ചന്ദ്രബോസ്‌ അന്ന് കൽക്കട്ടയിൽ നിന്നും ജേർണലിസമൊക്കെ പഠിച്ച്‌ അതിവിപ്ലവകാരിയായി നടക്കുകയായിരുന്നു. ഒതുക്കത്തിൽ സമീപിച്ചപ്പോൾ ബോസ്‌ പക്ഷെ വെട്ടിത്തിരിഞ്ഞു പോകുകയാണുണ്ടായത്‌. പിന്നീട്‌ ബന്ധുകൂടിയായ ചിത്രകാരൻ എസ്‌.കെ.കുമാരൻ നടത്തിയിരുന്ന ചിത്രാലയം പ്രസ്സിൽ ചെന്നുകയറി. ബനിയനടിയിൽ സൂക്ഷിച്ചിരുന്ന കുറച്ച്‌ വെള്ളപേപ്പർ എടുത്ത്‌ അദ്ദേഹത്തിന്‌ നൽകിയിട്ട്‌ പോസ്റ്റർ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു.എഴുതേണ്ട മാറ്റർ കേട്ട്‌ അദ്ദേഹം ഞെട്ടി. നക്സൽ അനുഭാവികളെ പോലീസ്‌ ക്രൂരമായി വേട്ടയാടികൊണ്ടിരിക്കുന്ന കാലത്ത്‌ 'നക്സൽബാരി സിന്ദാബാദ്‌','ചാരുമജൂംദാർ സിന്ദാബാദ്‌','ജന്മിത്തം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെക്കുറിച്ചോർത്ത്‌ എം.കെ.കുമാരൻ അതിൽനിന്ന് വാസുദേവനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും,നിർബന്ധത്തിനു വഴങ്ങി എഴുതിക്കൊടുത്തു.


അമ്മയെക്കൊണ്ട്‌ ഗോതമ്പുമാവിന്റെ പശയുണ്ടാക്കി,പോസ്റ്ററും പശയുമായി രാത്രിയിൽ പോകുമ്പോൾ അവിചാരിതമായി വഴിയിൽ സുഹൃത്തും സി.പി.എം പ്രവർത്തകനുമായ അപ്പുക്കുട്ടനെ കണ്ടുമുട്ടി. ഒരാൾ കൂടി സഹായത്തിനുണ്ടാവുന്നതാണ്‌ നല്ലതെന്ന തോന്നലിൽ വിവരങ്ങൾ അപ്പുക്കുട്ടനോട്‌ പറഞ്ഞു. രണ്ടുപേരുംകൂടി അഞ്ചാലുംമൂട്‌ പോലീസ്‌ സ്റ്റേഷൻ പരിസരത്തെത്തി. അർദ്ധരാത്രിയിൽ,പാറാവുകാരൻ കാണാതെ സ്റ്റേഷന്റെ ബോർഡിൽ പോസ്റ്റർ പതിക്കുക എന്നതായിരുന്നു ലക്ഷ്യം.സ്റ്റേഷന്‌ സമീപമെത്തിയതോടെ അപ്പുക്കുട്ടന്റെ ധൈര്യം ചോർന്നു. എന്നാൽ നിശ്ചയധാർഡ്യത്തോടെ വാസുദേവൻ പാറാവുകാരന്റെ കണ്ണുവെട്ടിച്ച്‌ അടുത്തെത്തിയെങ്കിലും ബോർഡിന്റെ ഉയരക്കൊടുതൽ വിനയായി. ഈ സമയം അപ്പുക്കുട്ടൻ ദൂരെമാറി ഒഴിഞ്ഞുനിൽക്കുകയായിരുന്നു.ഉദ്യമം പൂർത്തീകരിക്കാനാവാതെ നിരാശയോടെ മടങ്ങിയെങ്കിലും അഞ്ചാലുംമൂട്ടിലെ ജനങ്ങൾ ശ്രദ്ധിക്കുന്ന കേന്ദ്രങ്ങളിലെല്ലാം പോസ്റ്റർ പതിച്ചു. പിറ്റേന്ന് രാവിലെ അന്തരീക്ഷം വഷളായി.പോലീസ്‌,നക്സൽ പ്രവർത്തകരെത്തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.ഒന്നുമറിയാത്ത ഭാവത്തിൽ വാസുദേവൻ ധൈര്യപൂർവ്വം നാട്ടിൽ നടന്നു.


അങ്ങനെയിരിക്കെ സദാനന്ദൻ വൈദ്യൻ നടത്തിയിരുന്ന ജ്യോതി സ്റ്റുഡിയോയിൽ വെച്ച്‌ അയ്യപ്പൻ എന്ന സ്നേഹിതനെ കണ്ടുമുട്ടി.അയ്യപ്പനുമായിച്ചേർന്ന് ഫ്യൂഡലിസത്തിനെതിരേ തൊഴിലാളികളെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അറുനൂറോളം പേരെ ഒരാഴ്ച കൊണ്ട്‌ സംഘടിപ്പിക്കാനായി. മനുഷ്യത്വവാദികളായ ചെറുപ്പക്കാരായിരുന്നു ഏറെയും.എന്നാൽ ഈ കൂട്ടായ്മയെക്കുറിച്ച്‌ പോലീസ്‌ മണത്തറിയുകയും സംഘം ചേർന്നവരെ വേട്ടയാടാൻ തുടങ്ങുകയും ചെയ്തപ്പോൾ അക്കാരണത്താൽ തന്നെ പലരും പിരിഞ്ഞുപോയി.


ഇതിനിടെ ഒരിക്കൽ വെള്ളത്തൂവൽ സ്റ്റീഫൻ അഞ്ചാലുംമൂട്ടിലെ പുരോഗമനവാദികളെ തേടിയെത്തി. എന്നാൽ വാസുദേവനുമായി കണ്ടുമുട്ടാൻ സ്റ്റീഫന്‌ കഴിഞ്ഞില്ല.അന്ന് സ്റ്റീഫനുമായി ബന്ധപ്പെട്ടവരെ പോലീസ്‌ പിടികൂടി ക്രൂരമായി മർദ്ദിച്ചു.ഒരു സംഘർഷം സൃഷ്ടിക്കാൻ പോലീസ്‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വാഗ്‌ദത്തഭൂമി തേടിയിറങ്ങിയ ചെറുപ്പക്കരെയേറെയും പോലീസ്‌ പിടികൂടി ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു.



നക്സൽപ്രസ്ഥാനവുമായി അനുഭാവത്തിൽ വർത്തിക്കുമ്പോൾ തന്നെ സായുധവിപ്ലവമെന്ന ആശയത്തോട്‌ കടുത്ത എതിർപ്പുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്‌ വിലകൽപ്പിക്കാത്ത സിദ്ധാന്തത്തോടുള്ള വെറുപ്പ്‌ പതുക്കെപ്പതുക്കെ ഏറിവന്നു.സാംസ്കാരികവേദികളിലൊക്കെ സായുധസമരത്തോടുള്ള ശക്തമായ എതിർപ്പും പ്രകടിപ്പിച്ചുതുടങ്ങി.അങ്ങനെ,പല വേദികളിൽ നിന്നും പ്രസംഗം കഴിഞ്ഞു സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത നിലയിലായി കാര്യങ്ങൾ. അതിവിപ്ലവകാരികളിൽ നിന്ന് ഭീഷണികളും ഉണ്ടായി.ഇതിനിടയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവായിരുന്ന സുലൈമാൻചേട്ടനിൽ നിന്ന് ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കിയതോടെ, ആത്മീയകാര്യങ്ങളിൽ താൽപര്യം വളർന്നു.സാമൂഹിക-സാംസ്കാരിക രംഗത്ത്‌ നിറഞ്ഞാടിയിരുന്ന ഇക്കാലഘട്ടത്തിൽ ഒരു പ്രണയബന്ധത്തിൽപ്പെടുകയും, അധികം വൈകാതെ തന്നെ പ്രണയനൈരാശ്യത്തിന്റെ തീക്കാടുകളിൽ ചെന്നെത്തുകയും ചെയ്തു.



മനസ്സ്‌ ഏറെ അസ്വസ്ഥമായ ഒരു ദിവസം,വീടിനടുത്തുള്ള നെൽവയൽ കടന്നുവരുമ്പോൾ അസാധാരണമായ ഒരു കാറ്റ്‌ വന്ന് മുഖത്ത്‌ ശക്തിയായി തട്ടിയതുപോലെ ഒരു തോന്നലുണ്ടായി. അന്ന് മുതൽ മനസ്സിൽ നിർവ്വചിക്കാനാവാത്ത ഒരു ഭാരം അനുഭവപ്പെട്ടുതുടങ്ങി.അതുവരെയുള്ള ശീലങ്ങളെയും നിലപാടുകളെയും പുനർവ്വിചിന്തനം ചെയ്യുന്നതിന്‌ മനസ്സ്‌ ഒരുങ്ങി. ജാതിമതവിരോധിയും ദൈവനിഷേധിയും കടുത്ത മദ്യപാനിയുമായിരുന്ന ഒരു കാലത്തെ മറക്കുവാനും ദൈവചിന്തയിൽ മുഴുകുവാനും തുടങ്ങിയതോടെ മതം മാറുക എന്ന ചിന്ത ബലപ്പെട്ടു. അടുത്ത സ്നേഹിതരിൽ പലരും എതിർത്തു.അമ്മയോട്‌ പറഞ്ഞപ്പോൾ അതു നല്ലതാണോ? എന്ന് തിരിച്ചുചോദിച്ചതല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല.അങ്ങനെ ഒരു ദിവസം കൊല്ലത്ത്‌ നിന്ന് ബസ്സ്‌ കയറി പൊന്നാനിയിലെത്തി മൗനത്തുൽ ഇസ്ലാം സഭയിൽ 41 ദിവസം കഴിഞ്ഞു. അവിടെ നിന്ന് വിശദമായ മതപഠനത്തിനായി വലിയോറയിലെ അറബികോളേജിലേക്ക്‌ പോയി.


അറബികോളേജിലെ പ്രിൻസിപ്പൽ നല്ല മതപണ്ഡിതനായിരുന്നു.ഒരു മാസക്കാലം നീണ്ട അവിടുത്തെ ജീവിതത്തിനിടയിൽ ഇസ്ലാംമതത്തെ അടുത്തറിയാനായി. അവിടെവെച്ച്‌ ഒരു സംഭവം ഉണ്ടായി. ഒരിക്കൽ പ്രിൻസിപ്പലിന്റെ മുറിയിലിരിക്കുമ്പോൾ തൊപ്പി ധരിച്ച ഒരാൾ കടന്നുവന്നു. സംസാരമദ്ധ്യേ വാസുദേവൻ തിരുവിതാംകൂറുകാരനാണെന്നറിഞ്ഞപ്പോൾ "അഗ്ഗ്‌ (കയ്യാല) കെട്ടാൻ മിടുക്കനായിരിക്കുമല്ലോ.ഒന്നു രണ്ടു ദിവസത്തേക്ക്‌ വിട്ടുകിട്ടുമോ" എന്ന് പ്രിൻസിപ്പലിനോടാരാഞ്ഞു. ഇതുകേട്ട്‌ വാസുദേവന്റെ മനസ്സ്‌ ജ്വലിച്ചു.അവിടെനിന്നും അപ്പോൾത്തന്നെ ഒന്നുംപറയാതെ പെട്ടിയുമെടുത്തിറങ്ങി. കുട്ടികളും അദ്ധ്യാപകരും തടഞ്ഞുവെങ്കിലും ഇറങ്ങിപ്പോന്നു.ഇനിയെങ്ങോട്ട്‌ എന്നാലോചിച്ചില്ല.വീട്ടിലേക്കൊരു മടക്കം ആഗ്രഹിച്ചുമില്ല.വഴിയിൽ വെച്ച്‌,പൊന്നാനിസഭയിൽ താമസിക്കുമ്പോൾ പരിചയപ്പെട്ട അബൂബേക്കറെ കണ്ടുമുട്ടി.മതം മാറിയതിന്റെ തെളിവായുള്ള സർട്ടിഫിക്കറ്റ്‌ കളഞ്ഞുപോയതിനാൽ ഡ്യൂപ്ലിക്കേറ്റ്‌ എടുക്കാനായി അപേക്ഷ എഴുതിക്കാൻ ആളെ തിരക്കി നടക്കുകയായിരുന്നു അയാൾ.അപേക്ഷ എഴുതി നൽകി പരിചയം പുതുക്കുന്നതിനിടയിൽ അബൂബേക്കർ കാട്ടിലങ്ങാടിയിൽ കല്ലുകൊത്തുന്ന പണി പഠിക്കുകയാണെന്ന് പറഞ്ഞത്‌ ബോധമനസ്സിൽ പ്രിന്റ്‌ ചെയ്തു.


പിന്നീട്‌ കാട്ടിലങ്ങാടി തിരക്കി താനൂരിലും വേങ്ങര,കടപ്ര എന്നിവിടങ്ങളിലൊക്കെ അലഞ്ഞു. ഒടുവിൽ ആതവനാട്‌ കാട്ടിലങ്ങാടിയിലെത്തി.അവിടെ ചെറുപ്പക്കാർ തമ്പടിക്കുന്ന 'പൊതുജനസഹായം' ആഫീസിൽ കയറി.അവിടെയുണ്ടായിരുന്ന വാവാമുസ്ലിയാരെയും മുഹമ്മദാലിയേയും പരിചയപ്പെട്ടു.മുഹമ്മദാലിയുമായുള്ള സൗഹൃദം അവിടെ കുറച്ചുകാലം പള്ളിയിൽ പഠനത്തിനുവേണ്ടിയുള്ള ഏർപ്പാടുകൾ ചെയ്തുതന്നു.അന്നുതന്നെ,ഇനിയുള്ള ജീവിതവും പ്രവർത്തനവും ആതവനാട്‌ തന്നെയെന്ന് തീരുമാനിച്ചു.അവിടുത്തെ ജനങ്ങളും സൗഹൃദവും അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവനെ അവിടുത്തുകാരിൽ ഒരാളാക്കി മാറ്റി.



ജീവകാരുണ്യപ്രവർത്തനങ്ങൾ,സാംസ്കാരികസദസ്സുകൾ,സാക്ഷരതാപ്രവർത്തനം തുടങ്ങിയ മേഖലകളിലൊക്കെ അബ്ദുൽസമദിന്റെ സജീവസാന്നിധ്യമുണ്ടായി. ഇവയിലൂടെ ആതവനാട്ടിലെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട 'സമദിക്ക'യായി മാറി.എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി മുഹമ്മദാലിയുമുണ്ടായിരുന്നു.



ഒരു ദിവസം കൊല്ലത്തുനിന്നും സുഹൃത്തായ ഷറഫുദ്ദീന്റെ കത്തുവന്നു.ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്‌, കൊല്ലത്തേക്ക്‌ വരണമെന്നായിരുന്നു കത്തിൽ.നീണ്ട ഇടവേളയ്ക്കുശേഷം കൊല്ലത്തെത്തുമ്പോൾ,മതം മാറ്റവും കല്ല്യാണാലോചനയും മറ്റുമായി അഞ്ചാലുംമൂട്ടിൽ ചില പ്രശ്നങ്ങളൊക്കെ തലപൊക്കിനിൽക്കുന്ന സമയമായിരുന്നു.വല്ല ആക്രമണമോ മറ്റോ ഉണ്ടായേക്കുമെന്ന സംശയത്താൽ കരുവാ പള്ളിയിലെത്തി വിവരം ധരിപ്പിച്ചു.കല്ല്യാണം പള്ളിയിലും സദ്യ പെണ്ണുവീട്ടിലുമായി നടന്നു. ഫാത്തിമാബീവിയെന്നായിരുന്നു ഭാര്യയുടെ പേര്‌. വിവാഹശേഷം രണ്ടുപേരും ആതവനാട്ടേക്ക്‌ പോന്നു.


സാമൂഹികസേവനരംഗത്ത്‌ സജീവമായിരുന്ന അബ്ദുൽസമദിന്റെ ജീവിതം ആതവനാട്‌ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു.'ഒറ്റപ്പെട്ട വഴി' എന്ന നോവൽ എഴുതി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു. 'നമുക്കു മനുഷ്യരാകാം' എന്ന കവിതയും ശ്രദ്ധേയമായി.2007 ൽ രോഗബാധിതയായി ഭാര്യ മരിക്കുന്നതുവരെ ആതവനാട്‌ ദേശത്തെ ജനങ്ങൾക്കിടയിൽ ഊർജ്ജസ്വലനായി പ്രവർത്തിച്ചു. സ്നേഹസമ്പന്നയായ ഫാത്തിമാബീവിയുടെ വിയോഗത്തിന്റെ മുറിവുണങ്ങാതെ ആതവനാട്ട്‌ കറുമ്പത്തിലെ മേൽപ്പത്തൂർ സ്മാരകത്തിന്‌ സമീപമുള്ള ചെറിയവീട്ടിൽ ഇപ്പോൾ വാർദ്ധക്യത്തിന്റെ അവശതയിൽ മക്കളോടൊപ്പം കഴിയുമ്പോൾ അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവന്റെ ഉള്ളിൽ പ്രക്ഷുബ്ദമായ ഗതകാലജീവിതത്തിന്റെ സ്മരണകൾ കനലെരിഞ്ഞുകൊണ്ടിരിക്കുന്നു. ഭൂതകാലത്തിന്റെ ചൂടുള്ള കാറ്റ്‌ മുഖത്ത്‌ വന്ന് തട്ടുമ്പോൾ,ചോര കൊണ്ടെഴുതിയ ഒരു പഴയ കവിത മിന്നിത്തെളിഞ്ഞുവന്ന് പ്രകമ്പനം കൊള്ളുന്നത്‌ ഹൃദയത്താൽ അറിയാം.


O

PHONE : 9447479905

Sunday, June 12, 2011

ഫാന്റസി

നിധീഷ്‌.ജി












ഗവാനായി വേഷം കെട്ടി
ഏ-ഗ്രേഡ്‌ നേടിയ
എട്ട്‌-ബിയിലെ സൈനബയോട്‌
വേദിയുടെ പിന്നാമ്പുറത്ത്‌ വെച്ച്‌
പത്ത്‌-സിയിലെ ധൃതരാഷ്ട്രർ
ചോദിച്ചു;
അന്ധനായുള്ള എന്റെ അഭിനയം
എങ്ങനെയുണ്ട്‌ പെണ്ണേ?
മറുപടിയായി അവൾ
ഒരു മയിൽപ്പീലി കൊടുത്തു.


O    
ഫോണ്‍ - 9446110023

Saturday, June 4, 2011

നാട്ടറിവ്‌ തരുന്ന നാടൻശീലുകൾ

ശാസ്താംകോട്ട ഭാസ്‌















           പ്രാചീന ജനകീയകവിതയുടെ സ്വഭാവവിശേഷങ്ങളെയും അവയ്ക്ക്‌ അടിസ്ഥാനമായി വർത്തിച്ച ജീവിതനിലവാരത്തേയും കുറിച്ചുള്ള ചിന്ത,നാടൻ പാട്ടുകളിലേക്കാണ്‌ നമ്മെ നയിക്കുന്നത്‌. സാമൂഹ്യജീവിതത്തിന്റെ സത്യസന്ധവും ആത്മാർത്ഥവുമായ ആവിഷ്കാരമാണ്‌ നാടൻപാട്ടുകൾ. ഭാവനയും കല്‌പനയും കുറവാണെങ്കിലും സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളും വികാരതീവ്രമായി നാടൻപാട്ടുകളിൽ പ്രതിഫലിച്ചുകാണുന്നുണ്ട്‌.


മലയാളകവിതാസാഹിത്യചരിത്രത്തിലെ ഏറ്റവും പഴക്കമുള്ളവയാണ്‌ പാട്ടുകൾ. "ദ്രമിഡസംഘാതാക്ഷരമെതുകമോനവൃത്തവിശേഷയുക്തം പാട്ട്‌" - എന്നാണല്ലോ പാട്ടിന്‌ നിർവ്വചനം.വൈവിധ്യം നിറഞ്ഞ നമ്മുടെ പ്രാചീനഗാനസാഹിത്യത്തിലെ ഒരു വിഭാഗം മാത്രമാണ്‌ നാടൻ പാട്ടുകൾ (Folksongs). ജനകീയ കവിതയുടെ ലാളിത്യവും സംഗീതാത്മകതയും നാടൻപാട്ടുകളിൽ കാണാം. മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും വിനോദത്തിനും, കാർഷികജീവിതവൃത്തിയുമായി ബന്ധപ്പെട്ടും നാടോടിപ്പാട്ടുകൾ ധാരാളമായി കാണുന്നുണ്ട്‌. മുടിയേറ്റുപാട്ടുകൾ, തോറ്റംപാട്ടുകൾ, പുള്ളുവൻപാട്ടുകൾ, തീയാട്ടുപാട്ടുകൾ, ഭദ്രകാളീപാട്ടുകൾ എന്നിവ അനുഷ്ഠാനപരമായ പാട്ടുകളാണെങ്കിൽ തിരുവാതിരപ്പാട്ട്‌, കൈകൊട്ടുകളിപ്പാട്ട്‌, സീതകളിപ്പാട്ട്‌, വള്ളംകളിപ്പാട്ട്‌, ഊഞ്ഞാൽപ്പാട്ട്‌, തുമ്പിതുള്ളൽപ്പാട്ട്‌, കരടികളിപ്പാട്ട്‌, പെണ്ണുകളിപ്പാട്ട്‌ എന്നിവ വിനോദത്തിനും കൊയ്ത്തുപാട്ട്‌, ഞാറ്റുപാട്ട്‌,കൃഷിപ്പാട്ട്‌, വിത്തിടീൽപ്പാട്ട്‌ എന്നിവ കാർഷികവൃത്തിയുമായി ബന്ധമുള്ള പാട്ടുകളുമാണ്‌.


നാടൻപാട്ടുകളുടെ കൂട്ടത്തിൽ മാപ്പിളപ്പാട്ടുകളും ക്രൈസ്തവനാടോടിപ്പാട്ടുകളുമുണ്ട്‌. തച്ചോളി ഒതേനന്റെ കഥ പറയുന്ന വടക്കൻപാട്ടും ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ എന്ന തെക്കൻപാട്ടും നാടൻപാട്ടുകളായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌.


ഒരു കാലഘട്ടത്തിലെ അടിച്ചമർത്തപ്പെട്ട ആദിഗോത്രജനതയുടെ ആത്മനൊമ്പരങ്ങളും ഭയവിഹ്വലതകളും നാടോടിപ്പാട്ടുകളിൽ തെളിഞ്ഞുകാണാം. ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവും ഇഴുകിച്ചേർന്ന നാടൻപാട്ടുകൾ ഗ്രാമീണജനതയുടെ ഹൃദയത്തുടിപ്പുകളാണ്‌. ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ മൃഗസമാനജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം നമ്മുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. വിപരീതസാഹചര്യങ്ങളോട്‌ മല്ലിട്ടും വിയർപ്പൊഴുക്കി അദ്ധ്വാനിച്ചും അവർ മണ്ണിൽ കനകം വിളയിച്ചു. നിസ്വരും നിരാലംബരുമായിരുന്ന മണ്ണിന്റെ മക്കൾ, പണിയെടുക്കുന്ന വേളകളിൽ പാടിയിരുന്ന പാട്ടുകളാണ്‌ 'കൃഷിപ്പാട്ടുകൾ' എന്ന പേരിൽ അറിയപ്പെടുന്ന നാടൻപാട്ടുകൾ. പുതുനെല്ലിന്റെയും പശമണ്ണിന്റെയും മണമുള്ള പാട്ടുകൾ. പരിമിതമായ അനുഭവങ്ങളുടെ ലോകത്തിൽ വർണ്ണശബളമായ ഒരു ജീവിതചക്രവാളത്തെ സ്വപ്നം കണ്ടുകൊണ്ട്‌ ലളിതമായ ജീവിതം നയിച്ച കർഷകതൊഴിലാളരുടെ പാട്ടുകളാണ്‌ യഥാർത്ഥ നാടൻപാട്ടുകൾ. ഈ നാടൻപാട്ടുകളിൽ നാട്ടറിവിന്റെ ചെപ്പുകൾ ഒളിഞ്ഞിരുപ്പുണ്ട്‌.


അമ്മാവൻ വന്നീല്ലാ..
പത്തായം തൊറന്നീല്ലാ...
എന്തെന്റെ മാവേലീ ഓണം വന്നൂ...
അമ്മായി ചെന്നീല്ലാ...
നെല്ലൊട്ടും തന്നീല്ലാ...
എന്തെന്റെ മാവേലീ ഓണം വന്നൂ


വളരെ ഇമ്പമേറിയ ഈ നാടൻപാട്ടിൽ താളത്തിനും ഈണത്തിനും ഉപരിയായി കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ദൈന്യതയാണ്‌ വ്യക്തമാക്കുന്നത്‌.


നെല്ലുഗവേഷണവും വിത്തുഗവേഷണവുമൊക്കെ വരുന്നതിന്‌ മുൻപ്‌ നമ്മുടെ ഗ്രാമങ്ങളിൽ സർവ്വസാധാരണമായി കാണപ്പെട്ടിരുന്ന നിരവധി നെൽവിത്തിനങ്ങളുണ്ടായിരുന്നു. അവയുടെയൊക്കെ പേരുകൾ ഇന്നത്തെ തലമുറയ്ക്ക്‌ അജ്ഞാതമായിരിക്കും.കുറേയധികം നെൽവിത്തിനങ്ങളുടെ പേരുകൾ വിവരിക്കുന്ന ഒരു നാടൻപാട്ടിതാ...


ആലകാ ചേലകാ...
ചേലക്കിടാവിത്ത്‌....
ഉപ്പുകുറുവാ ചെറുവിത്ത്‌ വല്ലള
ചാമ്പായിപ്പൂപ്പനേ
കണ്ണാടിപ്പോരനേ
ത്‌ലാക്കണ്ണൻ കുറുവാ
കിഴിക്കുറുവാ വിത്തുവേ
ഓവുപെരുത്തതും
മുണ്ടോനും മുണ്ടോക്കുറുവനും
അതിക്കിര്യാഴി മുറിക്കതിര്‌
വിത്തിന്റെ പേരുവേ
ചെന്നെല്ല് ഞാനുവേ

ഇന്ന് നമ്മുടെ കൃഷിരീതികൾ മാറിയിട്ടുണ്ടെങ്കിലും ഈ പാട്ടിലൂടെ ഒരു അറിവ്‌ പകർന്ന് തരുകയാണ്‌ ചെയ്യുന്നത്‌.


നാടൻപാട്ടുകൾക്ക്‌ പൊതുവായി ഒരു താളബോധം ഉള്ളതായി കാണാം. ഞാറ്റുപാട്ട്‌, കൊയ്ത്തുപാട്ട്‌, കൃഷിപ്പാട്ട്‌ തുടങ്ങി അനുഷ്ഠാനപരമായ പാട്ടുകളിലായാലും ഈ താളബോധം നിലനിൽക്കുന്നുണ്ട്‌.



ചെങ്ങന്നൂനാണിപെറ്റെട്ടവരെത്തറപേര്‌
ചെങ്ങന്നൂനാണിപെറ്റെട്ടവരെത്തറപേര്‌

അഞ്ചാണും മൂന്നുപെണ്ണും
അവരെട്ടുപേരുണ്ടേ

അഞ്ചാണും മൂന്നുപെണ്ണും
അവരെട്ടുപേരുണ്ടേ

അത്തിന്തോം തിന്തിന്തോം തിനതിന്താ-
തിനിന്തോം തിനതിന്തോം തിന്തിന്തോം
തിനതിന്താ തിനിന്തോം.....

പറയിപറപ്പണികെട്ടിയ പാലാരിമുറം
അരിതിരികൊഴിയെന്നമ്മ പാറ്റുതുടങ്ങീ
.................................................................
ആനേടെ കളികണ്ടിട്ടും പാം മനസ്സില്ലേ
ആനക്കാരൻ മേലാനെ കണ്ടിട്ടും പാം മനസ്സില്ലേ

അത്തിന്തോം തിന്തിന്തോം തിനതിന്താ-
തിനിന്തോം തിനതിന്തോം തിന്തിന്തോം
തിനതിന്താ തിനിന്തോം.....


ഈ കൊയ്ത്തുപാട്ടിൽ താളത്തിന്റെ മനോജ്ഞമായ രസം അടങ്ങിയിരിപ്പുണ്ട്‌.ഓരോ പാട്ടുകൾക്കും വ്യത്യസ്തമായ താളം നിലനിർത്തുന്നതും നാടൻപാട്ടുകളുടെ സവിശേഷമായ പ്രത്യേകതയാണ്‌. ഇങ്ങനെ ഒരു തനതായ താളബോധം നിലനിർത്തിക്കൊണ്ടുതന്നെ നമ്മുടെ സാമൂഹ്യജീവിതത്തിൽ നിലനിന്നിരുന്ന അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള അറിവ്‌ പകർന്നുതരുന്ന നാടൻപാട്ടുകൾ നമ്മുടെ സാംസ്കാരികപാരമ്പര്യത്തിന്‌ ലഭിച്ച അമൂല്യരത്നങ്ങളാണ്‌.

O


Phone -9446591287