Saturday, June 18, 2011

ഒറ്റപ്പെട്ട വഴിയിൽ ഒരാൾ

അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവന്റെ ജീവിതത്തിലൂടെ

ഇടക്കുളങ്ങര ഗോപൻ














                ചെറുപ്പകാലത്തിൽ മനസ്സിലേക്ക്‌ ആവാഹിച്ച പുരോഗമനാശയങ്ങളുടെ പ്രായോഗിക ദൗർബല്യങ്ങളോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ പരാജയപ്പെട്ടതോടെ സ്വയം നിഷ്കാസിതനായ ഒരാൾ ഇപ്പോഴും ജീവിതസമരം തുടരുന്നുണ്ട്‌, അധികമാരുമറിയാതെ. അവധൂതന്റെ ആത്മപ്രകാശനം പോലെയാണ്‌ അദ്ദേഹത്തിന്റെ കഥ.അരാജകവാദിയെപ്പോലെ ഏറെക്കാലം ജീവിക്കുകയും ഒരുഘട്ടത്തിൽ അരാജകവാദത്തിന്റെ കുപ്പായമഴിച്ചുവെച്ച്‌ മാനവികതയുടെ ആത്മബോധം സ്വീകരിക്കുകയും ചെയ്ത മനുഷ്യൻ...പ്രശസ്ത പണ്ഡിതനും കവിയുമായിരുന്ന തിരുനെല്ലൂർ കരുണാകരന്റെ സഹോദരൻ തിരുനെല്ലൂർ വാസുദേവൻ എന്ന അബ്ദുൽസമദ്‌. മലപ്പുറം ജില്ലയിലെ ആതവനാട്‌ ദേശത്തെ മേൽപ്പത്തൂർ സ്മാരകത്തിന്‌ സമീപമുള്ള ചെറിയവീട്ടിലിരുന്ന് അദ്ദേഹം തന്റെ ജീവിതം പറഞ്ഞു.


അറുപതുകളുടെ പകുതി മുതൽ എഴുപതുകളുടെ പകുതിവരെയുള്ള ഒരു പതിറ്റാണ്ടുകാലം തിരുവിതാംകൂറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തിരുനെല്ലൂർ വാസുദേവൻ നിറഞ്ഞാടിയിരുന്നു. കവി,നോവലിസ്റ്റ്‌, ചിന്തകൻ, പ്രഭാഷകൻ, സാംസ്കാരികപ്രവർത്തകൻ എന്നീ നിലകളിലൊക്കെ തന്റെ പ്രജ്ഞയും പ്രതിഭയും തെളിയിച്ച്‌ നിറപ്രഭയായി ശോഭിച്ച കാലം. തിരുവിതാംകൂറിന്റെ, വിശേഷിച്ച്‌ കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അക്കാലത്തെ ഏത്‌ സാംസ്കാരികപരിപാടിയിലെയും താരസാന്നിധ്യമായിരുന്നു, തിരുനെല്ലൂർ വാസുദേവൻ. ജീവിതയാത്രയിലെ ഒരു നിർണ്ണായക വഴിത്തിരിവിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക്‌ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. തിരുവിതാംകൂറിലെ തിരുനെല്ലൂർ വാസുദേവൻ ആതവനാട്ടിലെ അബ്ദുൽസമദാണിപ്പോൾ.



അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവൻ


മാതാപിതാക്കളുടെ എട്ടുമക്കളിൽ ആറാമനായ വാസുദേവൻ ബാല്യ-കൗമാരകാലംതൊട്ട്,‌ വീട്ടിൽ ചിതറിക്കിടന്നിരുന്ന കമ്യൂണിസ്റ്റ്‌ സാഹിത്യങ്ങൾക്ക്‌ നടുവിലായിരുന്നു. ജ്യേഷ്ഠൻ തിരുനെല്ലൂർ കരുണാകരൻ കൊണ്ടുവന്നിരുന്ന റഷ്യൻ സാഹിത്യഗ്രന്ഥങ്ങളും കമ്മ്യൂണിസ്റ്റ്‌ ലഘുലേഖകളും ധാരാളം വായിച്ചു. വായനയും ചർച്ചയും മനസ്സിനെ പ്രക്ഷുബ്ദമാക്കി. ചെറുപ്പത്തിലെ പുരോഗമന സാഹിത്യവാസന അങ്ങനെ വാസുദേവനെയും ഒരു കമ്മ്യൂണിസ്റ്റാക്കി.അനീതിയ്ക്കും ജന്മിത്തവാഴ്ചയ്ക്കുമെതിരെ അക്കാലത്ത്‌ വാസുദേവന്റെ പ്രതികരണങ്ങൾ ശക്തമായിരുന്നു.ഇത്‌ അദ്ദേഹത്തിന്‌ ധാരാളം സുഹൃത്തുക്കളെയും അനുഭാവികളെയും സൃഷ്ടിച്ചുകൊടുത്തു.



ഇന്ത്യയോടുള്ള ചൈനയുടെ യുദ്ധപ്രഖ്യാപനം വാസുദേവന്‌ മനസ്സിൽ വലിയ മുറിവായി. അന്നുവരെ പഠിച്ച തിയറിയുടെ അർത്ഥം നഷ്ടപ്പെടുകയാണോ എന്ന ചിന്ത വളർന്നു.ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുക എന്നത്‌ സാമ്രാജ്യത്വസമീപനമാണെന്ന് ഉറച്ചു വിശ്വസിച്ചതിനാലാണ്‌, യുദ്ധപ്രഖ്യാപനം അദ്ദേഹത്തെ വേദനിപ്പിച്ചത്‌.റേഡിയോയിലൂടെ യുദ്ധപ്രഖ്യാപനവാർത്ത കേട്ടതിന്റെ തൊട്ടടുത്ത ദിവസം സുഹൃത്തുക്കളായ കടവൂർ.ജി.ചന്ദ്രൻപിള്ള,വള്ളിക്കീഴ്‌ രാമചന്ദ്രൻ എന്നിവരുമായി അഞ്ചാലുമൂട്ടിലെ നാവികതൊഴിലാളി യൂണിയന്റെ ഓഫീസിൽ കൂടി ചർച്ച ചെയ്തു. ഈ ചർച്ച മനസ്സിലുണ്ടാക്കിയ സ്വാധീനം വല്ലാത്തതായിരുന്നു.അന്ന് M.C.A കരുണാകരൻ സാറിന്റെ ട്യൂട്ടോറിയൽ കോളേജിൽ കണ്ടുവെച്ചിരുന്ന മുള്ളൻപന്നിയുടെ മുള്ളുകൊണ്ടുള്ള പേന കൈക്കലാക്കി, സിഗരറ്റ്‌ കൂടിലെ അലൂമിനിയംപേപ്പറും ചിരട്ടയും സംഘടിപ്പിച്ച്‌ ഭാരത്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ കൈവിരൽ കീറി രക്തം ചിരട്ടയിലൊഴിച്ച്‌, പേന മുക്കി പ്രകമ്പനം എന്ന പേരിൽ 66 വരി കവിതയെഴുതി. സാമ്രാജ്യത്വവിരുദ്ധ ആശയമായിരുന്നു കവിതയിൽ.കവിത കൗമുദിയ്ക്കയച്ചു. കൗമുദിയിൽ അന്ന് സബ്‌എഡിറ്റർ ആയിരുന്ന പഴവിള രമേശൻ കവിത ചോര കൊണ്ടെഴുതിയതാണെന്ന് മനസ്സിലാക്കിയില്ല. അന്ന്,ഇന്ത്യ - ചൈന യുദ്ധം സംബന്ധിച്ച്‌ കമ്യൂണിസ്റ്റുകാർക്കിടയിൽ രണ്ടഭിപ്രായം നിലനിന്നിരുന്നു.'അവർ അവരുടേ'തെന്ന ഈ.എം.എസ്സിന്റെ നിലപാടിനോടടുത്ത്‌ നിന്നിരുന്ന പഴവിള രമേശൻ കവിതയെപ്പറ്റി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണനോട്‌ പറഞ്ഞില്ല.കവിത വെളിച്ചം കാണാതെ പോയി.



ഇക്കാലയളവിൽ മനസ്സിൽ കമ്യൂണിസ്റ്റ്‌ ആശയത്തോട്‌ ഒരു 'കൺഫ്യൂഷൻ' ബാധിച്ചു.ഉള്ളിൽ തൊഴിലാളിവർഗ്ഗപ്രേമം സൂക്ഷിച്ചുകൊണ്ടുതന്നെ സ്റ്റാലിനിസത്തിനെതിരെയുള്ള ശക്തനായ വിമർശകനായി.കിട്ടിയ വേദികളിലൊക്കെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളിലെ കൺഫ്യൂഷൻ ജനസമക്ഷം അവതരിപ്പിച്ചു.ഇത്‌ പലരുടെയും ശത്രുത സമ്പാദിക്കുവാൻ കാരണമായി.ഒരു അരാജകവാദിയായി മുദ്രകുത്തി ചിലർ അവരുടെ പ്ലാറ്റ്ഫോമിന്റെ പടിയിറക്കിയപ്പോൾ മനസ്സിൽ ആളിക്കത്തിക്കൊണ്ടിരുന്ന തൊഴിലാളിവർഗ്ഗപ്രേമവും കാരുണ്യവും സാംസ്കാരിക പ്രവർത്തനവുമൊക്കെ മാനസികനില കൂടുതൽ തീവ്രമാക്കി.



മനസ്സിൽ തീക്കനൽ നീറുന്ന കാലത്താണ്‌ തലശ്ശേരി-പുൽപ്പള്ളി നക്സൽ കേസ്‌ ഉണ്ടാകുന്നത്‌. കുന്നിക്കൽ നാരായണൻ,അജിത,ഫിലിപ്പ്‌.എം.പ്രസാദ്‌ തുടങ്ങിയവരെക്കുറിച്ചുള്ള വാർത്തകൾ, അവരുടെ ആശയഗതിയിലേക്ക്‌ മനസ്സിനെ വലിച്ചുകൊണ്ടുപോയി.



നക്സൽ ആശയങ്ങളോട്‌ യോജിക്കുന്ന ഒരാളെയെങ്കിലും സ്വഗ്രാമത്തിൽ നിന്ന് കൂട്ടിന്‌ കിട്ടാനായുള്ള അന്വേഷണം സുഭാഷ്ചന്ദ്രബോസ്‌ എന്ന സുഹൃത്തിൽ ചെന്നെത്തി. ചന്ദ്രബോസ്‌ അന്ന് കൽക്കട്ടയിൽ നിന്നും ജേർണലിസമൊക്കെ പഠിച്ച്‌ അതിവിപ്ലവകാരിയായി നടക്കുകയായിരുന്നു. ഒതുക്കത്തിൽ സമീപിച്ചപ്പോൾ ബോസ്‌ പക്ഷെ വെട്ടിത്തിരിഞ്ഞു പോകുകയാണുണ്ടായത്‌. പിന്നീട്‌ ബന്ധുകൂടിയായ ചിത്രകാരൻ എസ്‌.കെ.കുമാരൻ നടത്തിയിരുന്ന ചിത്രാലയം പ്രസ്സിൽ ചെന്നുകയറി. ബനിയനടിയിൽ സൂക്ഷിച്ചിരുന്ന കുറച്ച്‌ വെള്ളപേപ്പർ എടുത്ത്‌ അദ്ദേഹത്തിന്‌ നൽകിയിട്ട്‌ പോസ്റ്റർ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു.എഴുതേണ്ട മാറ്റർ കേട്ട്‌ അദ്ദേഹം ഞെട്ടി. നക്സൽ അനുഭാവികളെ പോലീസ്‌ ക്രൂരമായി വേട്ടയാടികൊണ്ടിരിക്കുന്ന കാലത്ത്‌ 'നക്സൽബാരി സിന്ദാബാദ്‌','ചാരുമജൂംദാർ സിന്ദാബാദ്‌','ജന്മിത്തം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെക്കുറിച്ചോർത്ത്‌ എം.കെ.കുമാരൻ അതിൽനിന്ന് വാസുദേവനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും,നിർബന്ധത്തിനു വഴങ്ങി എഴുതിക്കൊടുത്തു.


അമ്മയെക്കൊണ്ട്‌ ഗോതമ്പുമാവിന്റെ പശയുണ്ടാക്കി,പോസ്റ്ററും പശയുമായി രാത്രിയിൽ പോകുമ്പോൾ അവിചാരിതമായി വഴിയിൽ സുഹൃത്തും സി.പി.എം പ്രവർത്തകനുമായ അപ്പുക്കുട്ടനെ കണ്ടുമുട്ടി. ഒരാൾ കൂടി സഹായത്തിനുണ്ടാവുന്നതാണ്‌ നല്ലതെന്ന തോന്നലിൽ വിവരങ്ങൾ അപ്പുക്കുട്ടനോട്‌ പറഞ്ഞു. രണ്ടുപേരുംകൂടി അഞ്ചാലുംമൂട്‌ പോലീസ്‌ സ്റ്റേഷൻ പരിസരത്തെത്തി. അർദ്ധരാത്രിയിൽ,പാറാവുകാരൻ കാണാതെ സ്റ്റേഷന്റെ ബോർഡിൽ പോസ്റ്റർ പതിക്കുക എന്നതായിരുന്നു ലക്ഷ്യം.സ്റ്റേഷന്‌ സമീപമെത്തിയതോടെ അപ്പുക്കുട്ടന്റെ ധൈര്യം ചോർന്നു. എന്നാൽ നിശ്ചയധാർഡ്യത്തോടെ വാസുദേവൻ പാറാവുകാരന്റെ കണ്ണുവെട്ടിച്ച്‌ അടുത്തെത്തിയെങ്കിലും ബോർഡിന്റെ ഉയരക്കൊടുതൽ വിനയായി. ഈ സമയം അപ്പുക്കുട്ടൻ ദൂരെമാറി ഒഴിഞ്ഞുനിൽക്കുകയായിരുന്നു.ഉദ്യമം പൂർത്തീകരിക്കാനാവാതെ നിരാശയോടെ മടങ്ങിയെങ്കിലും അഞ്ചാലുംമൂട്ടിലെ ജനങ്ങൾ ശ്രദ്ധിക്കുന്ന കേന്ദ്രങ്ങളിലെല്ലാം പോസ്റ്റർ പതിച്ചു. പിറ്റേന്ന് രാവിലെ അന്തരീക്ഷം വഷളായി.പോലീസ്‌,നക്സൽ പ്രവർത്തകരെത്തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.ഒന്നുമറിയാത്ത ഭാവത്തിൽ വാസുദേവൻ ധൈര്യപൂർവ്വം നാട്ടിൽ നടന്നു.


അങ്ങനെയിരിക്കെ സദാനന്ദൻ വൈദ്യൻ നടത്തിയിരുന്ന ജ്യോതി സ്റ്റുഡിയോയിൽ വെച്ച്‌ അയ്യപ്പൻ എന്ന സ്നേഹിതനെ കണ്ടുമുട്ടി.അയ്യപ്പനുമായിച്ചേർന്ന് ഫ്യൂഡലിസത്തിനെതിരേ തൊഴിലാളികളെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അറുനൂറോളം പേരെ ഒരാഴ്ച കൊണ്ട്‌ സംഘടിപ്പിക്കാനായി. മനുഷ്യത്വവാദികളായ ചെറുപ്പക്കാരായിരുന്നു ഏറെയും.എന്നാൽ ഈ കൂട്ടായ്മയെക്കുറിച്ച്‌ പോലീസ്‌ മണത്തറിയുകയും സംഘം ചേർന്നവരെ വേട്ടയാടാൻ തുടങ്ങുകയും ചെയ്തപ്പോൾ അക്കാരണത്താൽ തന്നെ പലരും പിരിഞ്ഞുപോയി.


ഇതിനിടെ ഒരിക്കൽ വെള്ളത്തൂവൽ സ്റ്റീഫൻ അഞ്ചാലുംമൂട്ടിലെ പുരോഗമനവാദികളെ തേടിയെത്തി. എന്നാൽ വാസുദേവനുമായി കണ്ടുമുട്ടാൻ സ്റ്റീഫന്‌ കഴിഞ്ഞില്ല.അന്ന് സ്റ്റീഫനുമായി ബന്ധപ്പെട്ടവരെ പോലീസ്‌ പിടികൂടി ക്രൂരമായി മർദ്ദിച്ചു.ഒരു സംഘർഷം സൃഷ്ടിക്കാൻ പോലീസ്‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വാഗ്‌ദത്തഭൂമി തേടിയിറങ്ങിയ ചെറുപ്പക്കരെയേറെയും പോലീസ്‌ പിടികൂടി ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു.



നക്സൽപ്രസ്ഥാനവുമായി അനുഭാവത്തിൽ വർത്തിക്കുമ്പോൾ തന്നെ സായുധവിപ്ലവമെന്ന ആശയത്തോട്‌ കടുത്ത എതിർപ്പുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്‌ വിലകൽപ്പിക്കാത്ത സിദ്ധാന്തത്തോടുള്ള വെറുപ്പ്‌ പതുക്കെപ്പതുക്കെ ഏറിവന്നു.സാംസ്കാരികവേദികളിലൊക്കെ സായുധസമരത്തോടുള്ള ശക്തമായ എതിർപ്പും പ്രകടിപ്പിച്ചുതുടങ്ങി.അങ്ങനെ,പല വേദികളിൽ നിന്നും പ്രസംഗം കഴിഞ്ഞു സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത നിലയിലായി കാര്യങ്ങൾ. അതിവിപ്ലവകാരികളിൽ നിന്ന് ഭീഷണികളും ഉണ്ടായി.ഇതിനിടയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവായിരുന്ന സുലൈമാൻചേട്ടനിൽ നിന്ന് ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കിയതോടെ, ആത്മീയകാര്യങ്ങളിൽ താൽപര്യം വളർന്നു.സാമൂഹിക-സാംസ്കാരിക രംഗത്ത്‌ നിറഞ്ഞാടിയിരുന്ന ഇക്കാലഘട്ടത്തിൽ ഒരു പ്രണയബന്ധത്തിൽപ്പെടുകയും, അധികം വൈകാതെ തന്നെ പ്രണയനൈരാശ്യത്തിന്റെ തീക്കാടുകളിൽ ചെന്നെത്തുകയും ചെയ്തു.



മനസ്സ്‌ ഏറെ അസ്വസ്ഥമായ ഒരു ദിവസം,വീടിനടുത്തുള്ള നെൽവയൽ കടന്നുവരുമ്പോൾ അസാധാരണമായ ഒരു കാറ്റ്‌ വന്ന് മുഖത്ത്‌ ശക്തിയായി തട്ടിയതുപോലെ ഒരു തോന്നലുണ്ടായി. അന്ന് മുതൽ മനസ്സിൽ നിർവ്വചിക്കാനാവാത്ത ഒരു ഭാരം അനുഭവപ്പെട്ടുതുടങ്ങി.അതുവരെയുള്ള ശീലങ്ങളെയും നിലപാടുകളെയും പുനർവ്വിചിന്തനം ചെയ്യുന്നതിന്‌ മനസ്സ്‌ ഒരുങ്ങി. ജാതിമതവിരോധിയും ദൈവനിഷേധിയും കടുത്ത മദ്യപാനിയുമായിരുന്ന ഒരു കാലത്തെ മറക്കുവാനും ദൈവചിന്തയിൽ മുഴുകുവാനും തുടങ്ങിയതോടെ മതം മാറുക എന്ന ചിന്ത ബലപ്പെട്ടു. അടുത്ത സ്നേഹിതരിൽ പലരും എതിർത്തു.അമ്മയോട്‌ പറഞ്ഞപ്പോൾ അതു നല്ലതാണോ? എന്ന് തിരിച്ചുചോദിച്ചതല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല.അങ്ങനെ ഒരു ദിവസം കൊല്ലത്ത്‌ നിന്ന് ബസ്സ്‌ കയറി പൊന്നാനിയിലെത്തി മൗനത്തുൽ ഇസ്ലാം സഭയിൽ 41 ദിവസം കഴിഞ്ഞു. അവിടെ നിന്ന് വിശദമായ മതപഠനത്തിനായി വലിയോറയിലെ അറബികോളേജിലേക്ക്‌ പോയി.


അറബികോളേജിലെ പ്രിൻസിപ്പൽ നല്ല മതപണ്ഡിതനായിരുന്നു.ഒരു മാസക്കാലം നീണ്ട അവിടുത്തെ ജീവിതത്തിനിടയിൽ ഇസ്ലാംമതത്തെ അടുത്തറിയാനായി. അവിടെവെച്ച്‌ ഒരു സംഭവം ഉണ്ടായി. ഒരിക്കൽ പ്രിൻസിപ്പലിന്റെ മുറിയിലിരിക്കുമ്പോൾ തൊപ്പി ധരിച്ച ഒരാൾ കടന്നുവന്നു. സംസാരമദ്ധ്യേ വാസുദേവൻ തിരുവിതാംകൂറുകാരനാണെന്നറിഞ്ഞപ്പോൾ "അഗ്ഗ്‌ (കയ്യാല) കെട്ടാൻ മിടുക്കനായിരിക്കുമല്ലോ.ഒന്നു രണ്ടു ദിവസത്തേക്ക്‌ വിട്ടുകിട്ടുമോ" എന്ന് പ്രിൻസിപ്പലിനോടാരാഞ്ഞു. ഇതുകേട്ട്‌ വാസുദേവന്റെ മനസ്സ്‌ ജ്വലിച്ചു.അവിടെനിന്നും അപ്പോൾത്തന്നെ ഒന്നുംപറയാതെ പെട്ടിയുമെടുത്തിറങ്ങി. കുട്ടികളും അദ്ധ്യാപകരും തടഞ്ഞുവെങ്കിലും ഇറങ്ങിപ്പോന്നു.ഇനിയെങ്ങോട്ട്‌ എന്നാലോചിച്ചില്ല.വീട്ടിലേക്കൊരു മടക്കം ആഗ്രഹിച്ചുമില്ല.വഴിയിൽ വെച്ച്‌,പൊന്നാനിസഭയിൽ താമസിക്കുമ്പോൾ പരിചയപ്പെട്ട അബൂബേക്കറെ കണ്ടുമുട്ടി.മതം മാറിയതിന്റെ തെളിവായുള്ള സർട്ടിഫിക്കറ്റ്‌ കളഞ്ഞുപോയതിനാൽ ഡ്യൂപ്ലിക്കേറ്റ്‌ എടുക്കാനായി അപേക്ഷ എഴുതിക്കാൻ ആളെ തിരക്കി നടക്കുകയായിരുന്നു അയാൾ.അപേക്ഷ എഴുതി നൽകി പരിചയം പുതുക്കുന്നതിനിടയിൽ അബൂബേക്കർ കാട്ടിലങ്ങാടിയിൽ കല്ലുകൊത്തുന്ന പണി പഠിക്കുകയാണെന്ന് പറഞ്ഞത്‌ ബോധമനസ്സിൽ പ്രിന്റ്‌ ചെയ്തു.


പിന്നീട്‌ കാട്ടിലങ്ങാടി തിരക്കി താനൂരിലും വേങ്ങര,കടപ്ര എന്നിവിടങ്ങളിലൊക്കെ അലഞ്ഞു. ഒടുവിൽ ആതവനാട്‌ കാട്ടിലങ്ങാടിയിലെത്തി.അവിടെ ചെറുപ്പക്കാർ തമ്പടിക്കുന്ന 'പൊതുജനസഹായം' ആഫീസിൽ കയറി.അവിടെയുണ്ടായിരുന്ന വാവാമുസ്ലിയാരെയും മുഹമ്മദാലിയേയും പരിചയപ്പെട്ടു.മുഹമ്മദാലിയുമായുള്ള സൗഹൃദം അവിടെ കുറച്ചുകാലം പള്ളിയിൽ പഠനത്തിനുവേണ്ടിയുള്ള ഏർപ്പാടുകൾ ചെയ്തുതന്നു.അന്നുതന്നെ,ഇനിയുള്ള ജീവിതവും പ്രവർത്തനവും ആതവനാട്‌ തന്നെയെന്ന് തീരുമാനിച്ചു.അവിടുത്തെ ജനങ്ങളും സൗഹൃദവും അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവനെ അവിടുത്തുകാരിൽ ഒരാളാക്കി മാറ്റി.



ജീവകാരുണ്യപ്രവർത്തനങ്ങൾ,സാംസ്കാരികസദസ്സുകൾ,സാക്ഷരതാപ്രവർത്തനം തുടങ്ങിയ മേഖലകളിലൊക്കെ അബ്ദുൽസമദിന്റെ സജീവസാന്നിധ്യമുണ്ടായി. ഇവയിലൂടെ ആതവനാട്ടിലെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട 'സമദിക്ക'യായി മാറി.എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി മുഹമ്മദാലിയുമുണ്ടായിരുന്നു.



ഒരു ദിവസം കൊല്ലത്തുനിന്നും സുഹൃത്തായ ഷറഫുദ്ദീന്റെ കത്തുവന്നു.ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്‌, കൊല്ലത്തേക്ക്‌ വരണമെന്നായിരുന്നു കത്തിൽ.നീണ്ട ഇടവേളയ്ക്കുശേഷം കൊല്ലത്തെത്തുമ്പോൾ,മതം മാറ്റവും കല്ല്യാണാലോചനയും മറ്റുമായി അഞ്ചാലുംമൂട്ടിൽ ചില പ്രശ്നങ്ങളൊക്കെ തലപൊക്കിനിൽക്കുന്ന സമയമായിരുന്നു.വല്ല ആക്രമണമോ മറ്റോ ഉണ്ടായേക്കുമെന്ന സംശയത്താൽ കരുവാ പള്ളിയിലെത്തി വിവരം ധരിപ്പിച്ചു.കല്ല്യാണം പള്ളിയിലും സദ്യ പെണ്ണുവീട്ടിലുമായി നടന്നു. ഫാത്തിമാബീവിയെന്നായിരുന്നു ഭാര്യയുടെ പേര്‌. വിവാഹശേഷം രണ്ടുപേരും ആതവനാട്ടേക്ക്‌ പോന്നു.


സാമൂഹികസേവനരംഗത്ത്‌ സജീവമായിരുന്ന അബ്ദുൽസമദിന്റെ ജീവിതം ആതവനാട്‌ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു.'ഒറ്റപ്പെട്ട വഴി' എന്ന നോവൽ എഴുതി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു. 'നമുക്കു മനുഷ്യരാകാം' എന്ന കവിതയും ശ്രദ്ധേയമായി.2007 ൽ രോഗബാധിതയായി ഭാര്യ മരിക്കുന്നതുവരെ ആതവനാട്‌ ദേശത്തെ ജനങ്ങൾക്കിടയിൽ ഊർജ്ജസ്വലനായി പ്രവർത്തിച്ചു. സ്നേഹസമ്പന്നയായ ഫാത്തിമാബീവിയുടെ വിയോഗത്തിന്റെ മുറിവുണങ്ങാതെ ആതവനാട്ട്‌ കറുമ്പത്തിലെ മേൽപ്പത്തൂർ സ്മാരകത്തിന്‌ സമീപമുള്ള ചെറിയവീട്ടിൽ ഇപ്പോൾ വാർദ്ധക്യത്തിന്റെ അവശതയിൽ മക്കളോടൊപ്പം കഴിയുമ്പോൾ അബ്ദുൽസമദ്‌ എന്ന തിരുനെല്ലൂർ വാസുദേവന്റെ ഉള്ളിൽ പ്രക്ഷുബ്ദമായ ഗതകാലജീവിതത്തിന്റെ സ്മരണകൾ കനലെരിഞ്ഞുകൊണ്ടിരിക്കുന്നു. ഭൂതകാലത്തിന്റെ ചൂടുള്ള കാറ്റ്‌ മുഖത്ത്‌ വന്ന് തട്ടുമ്പോൾ,ചോര കൊണ്ടെഴുതിയ ഒരു പഴയ കവിത മിന്നിത്തെളിഞ്ഞുവന്ന് പ്രകമ്പനം കൊള്ളുന്നത്‌ ഹൃദയത്താൽ അറിയാം.


O

PHONE : 9447479905

4 comments:

  1. ബ്ലോഗിലെ അമ്പതാമത്തെ പോസ്റ്റാണിത്‌.തുടക്കം മുതൽ ഓരോ പോസ്റ്റിനെയും ഹൃദയപൂർവ്വം സ്വീകരിച്ച,ബ്ലോഗിലൂടെയും നേരിട്ടും അല്ലാതെയും നിർദ്ദേശങ്ങൾ തരികയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.തുടർന്നും ഒപ്പമുണ്ടാവണം.

    ReplyDelete
  2. AbdulSamad anna Thirunallur Vasudevante bhoothakalathinte chootu pakarnnu thanna Gopan Sirinum KELIKOTTINUM otthiri nanni...

    ReplyDelete
  3. സ്വന്തം രക്തം കൊണ്ട് ഒരു കവിത കുറിച്ച് എന്ന് പറയുമ്പോള്‍ ആ വ്യക്തിയുടെ ആത്മാര്‍ഥതയും ആത്മ രോഷവും ഒക്കെ വ്യക്തമാകും.ഇന്നത്തെ അവസര വാദികളും തന്‍കാര്യക്കാരുമായ രാഷ്ട്രീയക്കാര്‍ ഒരു നിമിഷമെങ്കിലും ഈ മനുഷ്യ ജന്മത്തെ കൂടി ഒന്ന് ഓര്‍ത്തിരുന്നെങ്കില്‍......

    ReplyDelete

Leave your comment