Friday, April 6, 2018

സംസ്കാരജാലകം-34

സംസ്കാരജാലകം-34
ഡോ.ആർ.ഭദ്രൻ












ഡോ.മഞ്ജുഷ പണിക്കരുടെ ലേഖനം



സമകാലിക മലയാളം വാരിക 2018 ജനുവരി 29 ലക്കത്തിൽ വന്ന മഞ്ജുഷ പണിക്കരുടെ ‘തൊട്ടപ്പൻ-പാർശ്വവൽകൃതങ്ങളുടെ പുനരെഴുത്ത്’ എന്ന ലേഖനം പുതിയ കഥയെ അഭിസംബോധന ചെയ്യുന്നു എന്നതുകൊണ്ടുതന്നെ മലയാളിക്ക് പ്രിയപ്പെട്ടതായി തീരുന്നു. വിനോയ് തോമസ്, ഫ്രാൻസിസ് നൊറോണ എന്നീ പുതിയ കഥയെഴുത്തുകാർ സൃഷ്ടിക്കുന്ന ആഖ്യാനവിപ്ലവവും ജീവിതവിപ്ലവവും നിരൂപകർ ശ്രദ്ധിക്കേണ്ടതു തന്നെയാണ്‌. പുതിയ കഥ എങ്ങനെ എഴുതാം എന്നതായിരിക്കണം മലയാളത്തിലെ പുതിയ എഴുത്തുകാരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയെ വ്യാഖ്യാനിക്കുന്നു എന്നതുകൊണ്ടുതന്നെ ഈ ലേഖനം മലയാള നിരൂപണത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ കാൽവെയ്പ്പാണ്‌.

ദയാവധമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി

അവസാനം ദയാവധം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു നൂറുവർഷം മുമ്പെങ്കിലും വരേണ്ടിയിരുന്ന ഒരു വിധിയാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ്‌ ഈ ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. മാന്യമായി ജീവിക്കുക മാത്രമല്ല, മാന്യമായി മരിക്കുവാനുള്ള നമ്മുടെ അവകാശം അവസാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഇന്ത്യയിൽ ഇനിയും നടപ്പാക്കേണ്ടതുണ്ട്. തൂക്കിക്കൊല്ല്ലുക എന്ന പ്രാകൃതനിയമം ഇന്ത്യയിൽ അവസാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആദിവാസി മധുവിന്റെ കൊലയിൽ പ്രതിഷേധിക്കുക


അട്ടപ്പാടിയിലെ ആദിവാസി മധുവിനെ അരി മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സംഘം മർദ്ദിച്ചുകൊന്നത് കേരളീയ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ്‌. അട്ടപ്പാടി കടുകുമണ്ണ ഊരിലെ അംഗമാണ്‌ ഈ ആദിവാസി യുവാവ്. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി അനുവദിക്കപ്പെടുന്ന ധനസഹായങ്ങൾ ശരിയായ ചാനലുകളിലൂടെ പോകുന്നില്ല എന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്. അവരുടെ ഇടയിൽ ദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് ഈ സംഭവം ലോകത്തെ അറിയിക്കുന്നു.

ഇന്ദ്രൻസും സംസ്ഥാന ചലച്ചിത്ര അവാർഡും




ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും പ്രോത്സാഹജനകമാണ്‌. ഇന്ദ്രൻസിന്‌ അവാർഡ് കിട്ടിയതാണ്‌ ഏറ്റവും സന്തോഷകരമായ കാര്യം. ‘ആളൊരുക്കം’ എന്ന സിനിമയിൽ പപ്പു പിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനെ അവതരിപ്പിച്ച ഇന്ദ്രൻസിനാണ്‌ മികച്ച നടനുള്ള അവാർഡ്. നേരത്തെ തന്നെ ഇന്ദ്രൻസിന്‌ അവാർഡ് ലഭിക്കേണ്ടതായിരുന്നു. ഹാസ്യവേഷമായിരുന്നു ഇന്ദ്രൻസ് മുമ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ആത്മസംഘർഷം അനുഭവിക്കുന്ന ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഇന്ദ്രൻസിന്‌ കഴിയുമെന്ന് കാലം തെളിയിച്ചിരിക്കുകയാണ്‌. അഭിനയത്തിന്റെ നിർണ്ണായകമായ ഒരു ടാലന്റ് ഇന്ദ്രൻസിലുണ്ടെന്ന് നേരത്തെതന്നെ മനസ്സിലാക്കപ്പെട്ടിരുന്നു. അവാർഡുകൾ ആരുടെയും കുത്തകയല്ലെന്ന് നാം നേരത്തെ തന്നെ തെളിയിച്ചുകൊടുക്കേണ്ടതായിരുന്നു. ഇത് പുതിയ കാലത്തിന്റെ വെളിപാടാണ്‌.

വാങ്ക് - ഉണ്ണി.ആർ




സമകാലിക മലയാളം വാരിക 2018 ജനുവരി 29 ലക്കത്തിൽ ഉണ്ണി.ആർ എഴുതിയ ‘വാങ്ക്’ എന്ന ചെറുകഥ കേരളം വായിച്ചിരിക്കേണ്ട ഒരു കഥയാണ്‌. വാങ്ക് വിളി കുട്ടിക്കാലം മുതൽതന്നെ എന്നെയും ഏറെ ആകർഷിച്ചിരുന്നു. വാങ്ക് വിളി നമ്മെ അലോക സാമാന്യമായ ഒരു അനുഭൂതി വിശേഷത്തിലേക്ക് നയിക്കുന്നതായി തോന്നിയിട്ടുണ്ട്. ഈ കഥയിലെ റസിയയെ നയിക്കുന്ന ചേതോവികാരവും ഇതുതന്നെയാണ്‌. ഇസ്ലാം സമുദായത്തിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സമൂഹമന:സാക്ഷിയിലേക്ക് കൊണ്ടുവരേണ്ടതാണ്‌. ഈ കഥയിലൂടെ ഉണ്ണി.ആർ ശ്രമിക്കുന്നതും ഇതുതന്നെയാണ്‌. ഉന്നതമായ കലാനിലവാരം പുലർത്തുന്ന ഈ കഥ അനശ്വരമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.

രോഗവും ഹോമിയോപ്പതി ചികിത്സയും

രോഗചികിത്സയ്ക്ക് ഹോമിയോപ്പതി എത്രമാത്രം ഫലപ്രദമാണെന്ന് താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് ഇതുവരെ കടന്നു ചെന്നിട്ടില്ല. ഇത് ഒരു കുറവാണ്‌. നമ്മുടെ ആരോഗ്യമന്ത്രി പോലും ഇത് മനസ്സിലാക്കുന്നില്ല. മാധ്യമങ്ങൾ ജനങ്ങൾക്ക് വേണ്ടുന്ന കാതലായ കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്‌. നമ്മുടെ വീടകങ്ങളെ അത് ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഗുരുതരമായ ഒരു സാംസ്കാരികപ്രശ്നമാണ്‌. ഗവൺ മെന്റ് ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി ചരിത്രബോധത്തോടുകൂടി ഈ വക പ്രശ്നങ്ങളെ നേരിടാൻ അമാന്തിക്കരുത്. ഹോമിയോപ്പതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ വലിയ പരിശ്രമങ്ങൾ നടത്തുന്നത് റേഡിയോ മാത്രമാണ്‌. റേഡിയോയെ ജനകീയമായി മാറ്റുന്നതിന്‌ പ്രധാനമന്ത്രി മോദി ചെയ്യുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും ചെയ്യണം.

രാജൻ കൈലാസിന്റെ ബുൾഡോസറുകളുടെ വഴി


മലയാള കവിതാ ചരിത്രബോധമുള്ള കവിയാണ്‌ രാജൻ കൈലാസ്. പുതിയ കവിത ഏതു ധർമ്മമാണ്‌ നിറവേറ്റണ്ടത് എന്ന നല്ല ബോധം ഈ കവിയ്ക്കുണ്ട്. കാവ്യഭാഷയും ആഖ്യാനവും പ്രമേയവും എങ്ങനെയെല്ലാം മാറണം എന്ന് ഈ കവി കവിതകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ‘അകംകാഴ്ചകൾ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്‌ രാജൻ കൈലാസ് മലയാളകവിതയിലേക്ക് പ്രവേശിച്ചത്. ‘ബുൾഡോസറുകളുടെ വഴി’ രാജൻ കൈലാസിന്റെ ശ്രദ്ധേയമായ ഒരു കവിതാസമാഹാരമാണ്‌. വള്ളിക്കുന്നത്തെ കമ്മ്യൂണിസ്റ്റുകൾ, ബുൾഡോസറുകളുടെ വഴി, മോർച്ചറി, വഴികൾ എന്നിവയാണ്‌ ഈ സമാഹാരത്തിലെ പ്രധാന രചനകൾ. നല്ല കൈയ്യടക്കം പ്രകടിപ്പിക്കുന്ന ഒട്ടനവധി രചനകൾ ഈ കവിതാസമാഹാരത്തിലുണ്ട്. കവി ബുദ്ധത്വത്തോടുകൂടി രാജൻ കൈലാസിന്‌ മുന്നോട്ട് പോകാവുന്നതാണ്‌. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

നടി ശ്രീദേവിക്ക് അന്ത്യാഞ്ജലി



ഇന്ത്യൻ സിനിമയുടെ വനിതാ സൂപ്പർതാരം ശ്രീദേവി അന്തരിച്ചു. സിനിമാജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ പുറത്തിറക്കിയ ‘മോം’ എന്ന സിനിമയിലൂടെ 300 ചിത്രങ്ങൾ തികച്ചു. അഭിനയജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തീകരിച്ച ശേഷമാണ്‌ ശ്രീദേവി പിൻവാങ്ങിയിരിക്കുന്നത്. മലയാളത്തിൽ 26 ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഈ വലിയ കലാകാരിക്ക് സംസ്കാരജാലകം അന്ത്യാഞ്ജലി അർപ്പിക്കുന്നു.

മലയാള വിമർശനത്തിന്റെ മരണാനന്തരചടങ്ങുകൾ

കലാകൗമുദി 2018 ജനുവരി 21-28 വന്ന എം.എസ്.പോളിന്റെ ‘മലയാളവിമർശനത്തിന്റെ മരണാനന്തരചടങ്ങുകൾ’ എന്ന ലേഖനം മലയാള വിമർശനത്തിന്റെ വർത്തമാനകാലവിപര്യയം തുറന്നുകാണിക്കുന്ന ലേഖനമാണ്‌. മലയാള വിമർശനം എന്നും പാശ്ചാത്യനിരൂപണത്തിന്റെ നിഴലിലായിരുന്നിട്ടേയുള്ളു. ഇതിൽ നിന്നും വ്യത്യസ്തമായി മൗലികശബ്ദം പുറപ്പെടുവിച്ച അപൂർവ്വം ചില നിരൂപകരെ മാനിക്കുവാനും മലയാളത്തിന്‌ കഴിഞ്ഞിട്ടില്ല. ബൃഹദ് ആഖ്യാനങ്ങളുടെ തകർച്ച മറ്റ് സാഹിത്യരൂപങ്ങളിലെന്ന പോലെ വിമർശനത്തിലും കടന്നുകൂടിയിട്ടുണ്ട്. പോളിന്റെ ന്യായവാദങ്ങൾക്ക് ഇതും ഒരു കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.

ആമി


മാധവിക്കുട്ടിയുടെ ജീവിതത്തെ അധികരിച്ച് കമലിന്റെ തിരക്കഥയിൽ കമൽ തന്നെ സംവിധാനം ചെയ്ത പുതിയ ചിത്രമാണ്‌ ‘ആമി’. ചിത്രം റിലീസ് ചെയ്തപ്പോൾ പലരും അത് മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ അനുകല്പനമാണ്‌ എന്നും അതിനോട് നീതിപുലർത്തിയില്ല എന്നും വിമർശനശരങ്ങൾ തൊടുത്തുവിട്ടു. എന്നാൽ ചിത്രം ആ അനശ്വരപ്രതിഭയുടെ അക്ഷരസ്നേഹത്തിന്റെയും വൈകാരിക-വൈചാരികഭാവങ്ങളുടെ ദൃശ്യാനുഭവവും വായനാനുഭവവും നൽകുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ആമിയുടെ ജീവിത ചിത്രീകരണത്തിനോടൊപ്പം അക്കാലഘട്ടത്തിന്റെ സാമൂഹിക ചുറ്റുപാടുകളെയും കമൽ നിരൂപണാത്മകമായി ചിത്രണം ചെയ്തിട്ടുണ്ട്. ‘ആമി’യായി ഒരു പരിധി വരെ മാറാൻ മജ്ഞു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. ഭർത്താവായി-മാധവദാസായി- അഭിനയിച്ച മുരളിഗോപിയുടെ അഭിനയമികവ് ശ്ലാഘനീയം തന്നെ. പതിനഞ്ചുവയസ്സിൽ തന്നേക്കാൾ ഇരുപത് വയസ്സുള്ള പുരുഷനെ വിവാഹം കഴിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ മാനസിക-ലൈംഗിക പിരിമുറുക്കങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആമിയിൽ ജീവിതാന്ത്യം വരെയുണ്ടായിരുന്ന കൃഷ്ണഭക്തി ഭാവാത്മകമായി ഇതിവൃത്തത്തോട് സംയോജിപ്പിച്ചിട്ടുണ്ട്. സാമൂഹികവും മതപരവുമായ കൂച്ചുവിലങ്ങുകൾക്കിടയിൽ ആ സാഹിത്യപ്രതിഭയെ ആർക്കും വേണ്ടവിധം മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല എന്ന് കമലിന്റെ ‘ആമി’ ഓർമ്മിപ്പിക്കുന്നു. 

O