Saturday, January 25, 2014

ആഗ്നസ്‌ ദിമിത്രിയുടെ തിരുശേഷിപ്പുകൾ

കഥ
ഹർഷ മോഹൻ










      ഫ്ലോറൻസിലെ ഒരു വലിയ പള്ളിയിലാണ്‌ ആഗ്നസ്‌ ദിമിത്രി മോനെറോയുടെ ശവസംസ്കാരങ്ങൾ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്‌. എന്നെ ആരും ശ്രദ്ധിക്കരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ ഓർക്കിഡ്‌ പൂക്കളാൽ അനാവൃതമായ ആഗ്നസ്‌ ദിമിത്രിയുടെ മൃതപേടകത്തിന്റെ അരികുപറ്റി നിന്നു. അവർ ഉറങ്ങുകയാണ്‌. നീണ്ട നിദ്ര. അവരുടെ കറുപ്പും തവിട്ടും ഇടകലർന്ന ഫ്രെയിമുള്ള കണ്ണടയുടെ മറവിൽ നിഗൂഢമായ സ്വപ്നങ്ങൾ മറച്ചുപിടിച്ച്‌ അവർ അങ്ങനെ കിടക്കുന്നു. ഒരു വേള അവർ ഉണർന്നെഴുന്നേറ്റ്‌ ആ പേടകത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. പൊടുന്നനെ എന്റെ നേർക്ക്‌ നീളുന്ന രണ്ടു കൂർത്ത നോട്ടങ്ങൾ ഞാൻ കണ്ടു. എമിലിയും അന്നയുമാണ്‌. ആഗ്നസ്‌ ദിമിത്രിയുടെ ഇളയ സഹോദരിമാർ. ഞാൻ പിന്നിലേക്ക്‌ വലിഞ്ഞു, പുറത്തിറങ്ങി. മാനം ആകെ മൂടി നിൽക്കുന്നു. പള്ളിയിലേക്ക്‌ നീളുന്ന കൂറ്റൻ പടവുകളിലൊന്നിൽ ഞാൻ ചാരിയിരുന്നു.

ആഗ്നസ്‌ ദിമിത്രി.... 'ലേഡീസ്‌ ആൻഡ്‌ ജെംസ്‌' എന്ന ഒറ്റകൃതി കൊണ്ടുതന്നെ അവർ എന്റെ പ്രിയ എഴുത്തുകാരിയായി. ഇന്ത്യയിൽ നിന്നും ബോലോഗ്ന യൂണിവേഴ്സിറ്റിയിലേക്ക്‌ പറക്കുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, ആഗ്നസ്‌ ദിമിത്രിയുടെ പേഴ്സണൽ സോണിലേക്കുള്ള പ്രയാണമായിരുന്നു അത്‌ എന്ന്. അവരോട്‌ സംസാരിക്കാൻ പോയിട്ട്‌ കാണാൻ പോലും പറ്റാത്ത അവസ്ഥ.

അവർ ഇറ്റലിയുടെ പൊതുസ്വത്തായിരുന്നു. വിദ്യാഭ്യാസ വിചക്ഷണ, ഫെമിനിസ്റ്റ്‌ - സ്ത്രീ വിമോചക സംഘടനകളുടെ അപ്പോസ്ഥല, കവയിത്രി, നിരൂപക എന്നുവേണ്ട അവർ ഇറ്റലിയുടെ സ്പന്ദനം ആയിരുന്നുവെന്നു വേണമെങ്കിൽ പറയാം.

ആയിടയ്ക്കാണ്‌ ലാ റിപബ്ലിക്കയിൽ അവർ ഒരു ലേഖനം എഴുതി കണ്ടത്‌ - 'Depressed society and Sex'. അവരുടെ പബ്ലിക്‌ ബ്ലോഗിലേക്ക്‌ ഞാൻ കിടിലൻ കമന്റ്‌ ഇട്ടു. 'സെക്സ്‌ ഒരു കലാവിരുന്നാണ്‌, കേവലം ഒരു യാന്ത്രികമായ പ്രേരണയല്ല. ഞങ്ങൾ ഇന്ത്യാക്കാർ ആവേശം കൊള്ളുന്ന കാമസൂത്രയുടെ ഇറ്റാലിയൻ പരിഭാഷ പ്രസിദ്ധപ്പെടുത്തൂ, അങ്ങനെ നിങ്ങളുടെ സമൂഹത്തെ രക്ഷിക്കൂ...'.

രണ്ടു പെഗ്ഗ്‌ വോഡ്കയുടെ ബലത്തിൽ എഴുതിയതാണ്‌. കൂടെ എന്റെ ബ്രസീലിയൻ കൂട്ടുകാരൻ പ്ലേറ്റിലേക്കിട്ട ചൂട്‌ ഓംലെറ്റും അവന്റെ മുറുക്കിയുള്ള കെട്ടിപ്പിടുത്തവും എന്റെ വാക്കുകൾക്ക്‌ ശക്തി പകർന്നു. അല്ലെങ്കിലും ആ ഇടയ്ക്ക്‌ എനിക്ക്‌ അവരോട്‌ പലപ്പോഴായി അമർഷം തോന്നിയിരുന്നു. അവർ ജനങ്ങളോട്‌ സംവദിക്കുന്ന ആ ബ്ലോഗിലെ എന്റെ അഭിനന്ദനങ്ങൾക്കോ കുശലാന്വേഷണങ്ങൾക്കോ, ചർച്ചാ വിഷയങ്ങൾക്കോ അവർ മതിയായ പ്രാധാന്യം കൽപ്പിച്ചില്ല എന്നു മാത്രമല്ല, ഒരു നന്ദി വാക്ക്‌ പോലും തിരിച്ചയച്ചില്ല. മാത്രമല്ല, എനിക്ക്‌ പരിചയമുള്ള മറ്റു പലർക്കും അവർ ആവേശകരമായ സന്ദേശങ്ങളും അഭിനന്ദനങ്ങളും അയച്ചിരുന്നു. ഇത്‌ എന്നെ മുറിപ്പെടുത്തിയിരുന്നു. അവർക്ക്‌ വേണ്ടി ഏതോ കൂലിയെഴുത്തുകാർ നടത്തുന്ന ബ്ലോഗ്‌ എന്നുവരെ ഞാൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. അല്ലെങ്കിൽ അവർ തികഞ്ഞ ഒരു വർണ്ണവെറിയുള്ളവരായിരിക്കും.

അങ്ങനെയിരിക്കെയാണ്‌ എന്റെ ആറാമത്തെ നോവൽ ആയ 'The Day I Lost my Virginity' പ്രസിദ്ധപ്പെടുത്തിയത്‌. അതിന്റെ പ്രകാശനവും മറ്റുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങൾ എനിക്ക്‌ മാറി നിൽക്കേണ്ടി വന്നു. പ്രശസ്തനായ ഒരു ഇന്ത്യൻ-ഇംഗ്ലീഷ്‌ നോവലിസ്റ്റിന്റെ അവതാരികയും നല്ല വിപണനമികവും ചേർന്നപ്പോൾ സംഗതി കൊഴുത്തു.

തിരികെ യൂണിവേഴ്സിറ്റിയിൽ എത്തിയ എന്നെ കാത്തിരുന്നത്‌ അഭിനന്ദനപ്രവാഹമായിരുന്നു. 'ദ്രോ, ഇറ്റ്‌ വാസ്‌ സിമ്പ്ലി ഗ്രേറ്റ്‌. സോ ട്രാൻസ്പെരന്റ്‌ റൈറ്റിംഗ്‌..! ഞാൻ അത്ഭുതപ്പെടുന്നു! ഇന്ത്യയിൽ ഇത്രയ്ക്ക്‌ സ്വാതന്ത്ര്യമോ പേനയ്ക്ക്‌?' എന്നെ കെട്ടിപ്പിടിച്ച്‌ ജെരൊമിയ വാട്സൻ, എന്റെ കൂട്ടുകാരി, വിളിച്ചുകൂവി. ദ്രൗപദി ദത്ത എന്നതിന്റെ ചുരുക്കപ്പേരാണ്‌ 'ദ്രോ'. അടുത്ത ആഴ്ച എന്നെ കാത്ത്‌ ഒരു വാർത്ത ഉണ്ടായിരുന്നു. ആശയസംവാദത്തിനും ചർച്ചയ്ക്കുമായി ആഗ്നസ്‌ ദിമിത്രി എത്തുന്നു. അതും ഞങ്ങൾ ഗവേഷണ വിദ്യാർത്ഥികളുമായി മാത്രം...

ആദ്യമായാണ്‌ അവരെ അടുത്തു കാണുന്നത്‌. നല്ല ഉയരമുള്ള, മെലിഞ്ഞ, വിളറി വെളുത്ത മധ്യവയസ്ക. കൂർത്ത മുഖം. വെള്ളയും തവിട്ടും ഇടകലർന്ന ഫ്രെയിമുള്ള കണ്ണട. ആകർഷണീയത അവകാശപ്പെടാനില്ലാത്ത ഒരു ഗൗരവക്കാരി. അവർ അന്ന് സംസാരിച്ചത്‌ മുഴുവൻ മൂന്നാംകിട രാജ്യങ്ങളെക്കുറിച്ചും അവിടുത്ത സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമായിരുന്നു. ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച്‌ അവർ എന്നോട്‌ ആരാഞ്ഞു. ഞാൻ പറഞ്ഞു, 'ഇന്ത്യയിൽ സ്ത്രീ ഒരു പുരുഷനെപ്പോലെ സ്വാതന്ത്ര്യം ഉള്ളവളാണ്‌.'

"പക്ഷെ, UNESCO കണക്കനുസരിച്ച്‌ അവിടുത്തെ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങൾ വളരെ വലിയ തോതിലാണല്ലോ" അവരുടെ കൂർത്ത മുനയുള്ള ചോദ്യം.

"ഇനി അതു കുറയും... കാരണം അവിടുത്തെ സ്ത്രീകൾ കരാട്ടെ അഭ്യസിക്കുകയും ബാഗിൽ കത്തി തിരുകയും ചെയ്യുന്നു. ഈ തലമുറയിലെ സ്ത്രീപുരുഷന്മാർ വിദ്യാഭ്യാസപരമായി ഉയർന്നവരും, സ്വതന്ത്രമായി ചിന്തിക്കുന്നവരുമാണ്‌. സെക്സിനെക്കുറിച്ച്‌ ലിബറലായി തുറന്ന മനസ്സോടെ ചിന്തിക്കുന്ന സമൂഹമാണെന്നും ഞാൻ അഭിപ്രായപ്പെട്ടു.

ആ ചർച്ച വളരെ നല്ലതായിരുന്നു. സ്ത്രീപക്ഷ ചിന്തകൾ മുതൽ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും, സിറിയയും ലിബിയയും നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഇപ്പോൾ നടക്കാനിരിക്കുന്ന അമേരിക്കൻ ഇലക്ഷൻ വരെ അവരുടെ വിഷയങ്ങളായി. അന്ന് ചായ സൽക്കാരത്തിനിടയിൽ എന്റെ നോവലിന്റെ ഒരു കോപ്പി ഞാൻ അവർക്ക്‌ നൽകി. എന്തെങ്കിലും ഉള്ളിൽ എഴുതണം എന്ന അപേക്ഷയോടെ. തലക്കെട്ട്‌ വായിച്ച അവർ എന്നോട്‌ പറഞ്ഞു: 'വായിച്ചിട്ട്‌ തീരുമാനിക്കാം. അതിനുശേഷം കൊടുത്തുവിടാം.' ഞാൻ ഒന്നു വിളറിപ്പോയി. പ്രതീക്ഷ വേണ്ട എന്ന് മനസ്സ്‌ പറഞ്ഞു.

രണ്ടാഴ്ചയ്ക്ക്‌ ശേഷം എന്നെത്തേടി ഒരു ദൂതൻ എത്തി. മിലാനിലെ 'മോനെറോ വില്ല' എന്ന ആഗ്നസ്‌ ദിമിത്രിയുടെ കുടുംബവസതിയിൽ നിന്നും. വൈകിട്ടത്തെ അത്താഴം ഒന്നിച്ചാകാമെന്ന ദിമിത്രിയുടെ കൈപ്പടയിലെഴുതിയ ഒരു ക്ഷണക്കുറിപ്പോടെ. ഞാൻ അന്നേദിവസം എന്ത്‌ വസ്ത്രം ധരിക്കണം എന്ന ആശയക്കുഴപ്പത്തിലായി. എന്റെ മെറൂൺ അരികുകളുള്ള പിങ്ക്‌ നിറത്തിലെ ജൂട്ട്‌ സിൽക്ക്‌ കുർത്ത മതിയെന്ന മറാത്തി സുഹൃത്ത്‌ നിരാൽ ശർമ്മ സ്കൈപ്പിലൂടെ അഭിപ്രായപ്പെട്ടത്‌ ഞാൻ ശരിവെച്ചു.

ബോഗേൻ വില്ലകൾ ചാഞ്ഞു നിൽക്കുന്ന, നിറയെ റോസാപ്പൂക്കൾ നിറഞ്ഞ പുൽത്തകിടികൾ ഉള്ള ഒരു സാമാന്യം പഴയ ഒരു വീടായിരുന്നു അത്‌. എന്നെ കാത്ത്‌ പ്രധാനമുറിയിൽ ഇളം ബ്രൗൺ നിറത്തിലുള്ള കമ്പിളി കുപ്പായം ധരിച്ച്‌ അവരുണ്ടായിരുന്നു, ആഗ്നസ്‌ ദിമിത്രി! എനിക്കു വേണ്ടി അവർ ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കി വെപ്പിച്ചിരുന്നു. ഒരു വിധത്തിൽ ഞാൻ അവ അകത്താക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇറ്റാലിയനായിരുന്നു ഭേദം. എന്റെ മനസ്സറിഞ്ഞ പോലെ അവർ പറഞ്ഞു:

"അടുത്ത തവണ നിനക്ക്‌ ഞാൻ നല്ല പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങൾ കൊണ്ട്‌ സൽക്കരിക്കാം".

എനിക്ക്‌ സ്വപ്നം കാണുന്ന പോലെയാണ്‌ തോന്നിയത്‌. ഞാൻ അത്‌ തുറന്നുപറയുകയും ചെയ്തു. അവർ ചിരിച്ചുകൊണ്ട്‌ എന്നെ ആശ്ലേഷിച്ചു.

"നീ മനോഹരമായി എഴുതുന്നു. നീ എഴുതുന്നത്‌ എന്റെ ചിന്തകളാണ്‌... എന്റെ വാക്കുകളും."

ആ വീട്‌ ഏകദേശം നിലം പൊത്താറായ പഴയ ഒരു കൊട്ടാരം പോലെ തോന്നിച്ചു.

"നിങ്ങൾ തനിച്ചാണോ ഇവിടെ?"

അവർ പറഞ്ഞു: "എന്റെ ചിന്തകൾക്ക്‌ ഊർജ്ജം പകരാൻ ഇവിടമാണ്‌ പറ്റിയ ഇടം. ഈ ജനലരികിൽ ഇരുന്നാണ്‌ ഞാൻ ആദ്യമായി എഴുതുന്നത്‌. അന്ന് ഞാൻ എഴുതിയത്‌ ഒരു പ്രഭ്വിക്ക്‌ വേണ്ടി എന്റെ വീട്ടുകാർ വിറ്റു. എന്റെ എഴുത്ത്‌ അവർക്ക്‌ ഒരു വരുമാനമാർഗ്ഗമായി. പലർക്കും എന്റെ കൂലിയെഴുത്ത്‌ ആവശ്യമായി. പിന്നീടെപ്പോഴോ ഞാൻ സ്വതന്ത്രമായി എഴുതാൻ തുടങ്ങി. പക്ഷെ, അപ്പോൾ കത്തി നിന്നത്‌ ഫെമിനിസമായിരുന്നു. എന്റെ ചിന്തകൾക്കും പ്രണയാതുരമായ ഹൃദയമിടിപ്പിനും വിലങ്ങുതീർത്തു കൊണ്ട്‌ ഞാൻ കാലത്തിനൊപ്പം നീങ്ങി. അങ്ങനെ ആ കാലത്തിന്റെ എഴുത്തുകാരിയായി. എന്റെ ചിന്തകളും മോഹങ്ങളും ഞാൻ വിൽക്കുകയായിരുന്നു. അല്ല, ഞാൻ എന്ന വ്യക്തിയുടെ ചിന്താസരണി വിപണനം ചെയ്യപ്പെടുകയായിരുന്നു."

അപ്പോഴാണ്‌ വാതിൽ തള്ളിത്തുറന്ന് അവർ വന്നത്‌... എമിലിയും അന്നയും. അവസാനമായി എഴുതിയ നോവലിന്റെ റോയൽറ്റിയുടെ ഒരു ഭാഗം ഏതോ ആതുരസേവന സംഘടനയ്ക്ക്‌ നൽകിയതുമായി ബന്ധപ്പെട്ടുള്ള തർക്കം. പിന്നെ ഞാൻ അവിടെ നിന്നില്ല. യാത്ര പറഞ്ഞ്‌ ഇറങ്ങി. അന്ന് രാത്രി മുഴുവൻ ഞാൻ വഴിയിൽ കണ്ടുമുട്ടിയ ഒരു അപരിചിതനോട്‌ പറഞ്ഞു: "ജീവിതം ശരിക്കും ഒരു വിഡ്ഡിക്കഥയാണ്‌." അത്‌ ശരിവെച്ചുകൊണ്ട്‌ ഞങ്ങൾ അടുത്തുള്ള പബ്ബിലേക്ക്‌ നൂണ്ട്‌ കയറി....

വീണ്ടും പലതവണ ഞാൻ ആഗ്നസ്‌ ദിമിത്രിയെ കണ്ടിരുന്നു. ഒരിക്കൽ അവരുമായി ഞാൻ ലിഗുറിയയിലെ ഒരു തടാകക്കരയിൽ ഇരിക്കുമ്പോൾ അവർ എന്നോട്‌ ചോദിച്ചു:

"ദ്രോ നിന്റെ പേരിന്റെ അർത്ഥമെന്താണ്‌?"

ചിരിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു: "അറിയില്ല, പക്ഷെ ഒന്നുണ്ട്‌. എന്റെ പേരിൽ ഒരു പുരാണ കഥാപാത്രമുണ്ട്‌. അഞ്ചു സഹോദരന്മാരുടെ ഒറ്റ ഭാര്യ."

"ഹോ, കഷ്ടം. പീഡിപ്പിക്കപ്പെട്ടവൾ.... അവളുടെ സ്ത്രീത്വത്തിന്‌ എന്ത്‌ വിലയാണ്‌ കൽപ്പിച്ചിരിക്കുന്നത്‌?" ദിമിത്രി ക്ഷോഭിച്ചു.

"നിങ്ങൾക്ക്‌ തെറ്റി മിസ്‌.ദിമിത്രി. ദ്രൗപദി ശക്തയാണ്‌. തന്റെ നോട്ടത്തിലും നിശ്വാസത്തിലും അഞ്ചു കരുത്തുറ്റ പുരുഷന്മാരെ തളച്ചവൾ. ഒന്ന് ചോദിച്ചോട്ടെ, ഇനി. നിങ്ങൾ ആരെയെങ്കിലും തളച്ചിട്ടുണ്ടോ?"

"ഞാൻ തളയ്ക്കപ്പെട്ടിരിക്കുന്നു. ഞാൻ ആഗ്രഹിച്ചവർ എന്റെ ചിന്തകൾക്ക്‌ വിലയിട്ടു. മോഹിച്ചു വന്നവർ എത്തിയപ്പോഴേക്കും ഞാൻ ഈ സമൂഹത്തിൽ തളയ്ക്കപ്പെട്ടിരുന്നു."

ദിമിത്രി പറഞ്ഞത്‌ പൂർണ്ണമായി എനിക്ക്‌ മനസ്സിലായില്ല. എങ്കിലും അന്ന് യാത്രപറഞ്ഞപ്പോൾ അവർ ഒന്നുകൂടി പറഞ്ഞു.

"ഞാൻ നിനക്കായി ഒരു സമ്മാനം ഒരുക്കിയിരിക്കുന്നു...."

പിറ്റേമാസം ഞാൻ വീണ്ടും ഇന്ത്യയിൽ പോയി. മടക്കയാത്രയിൽ ആഗ്നസ്‌ ദിമിത്രിക്കായി പട്ടുനൂലുകൾ പാകിയ ഒരു ഷോൾ പ്രത്യേകം വാങ്ങിവെച്ചു. അന്ന് രാത്രി വൈകിയാണ്‌ ഞാൻ മോനേറോ വില്ലയിൽ എത്തിയത്‌. ആഗ്നസ്‌ ദിമിത്രി കിടപ്പിലായിരിക്കുന്നു. അവരുടെ മുഖം ശോഷിച്ചു. ആരും എന്നെ അറിയിച്ചില്ലല്ലോ. ഞാൻ അത്ഭുതപ്പെട്ടു.

"നീ ഒരു സഞ്ചാരിയല്ലേ? എങ്ങനെ അറിയിക്കും? നിനക്കുള്ള സമ്മാനം ഞാൻ അയച്ചിരുന്നു. പോയി പോസ്റ്റ്‌ ബോക്സിൽ നിന്നും എടുക്കൂ"

ആഗ്നസ്‌ ദിമിത്രി നിർത്തി നിർത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവർ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഷോൾ അവർക്ക്‌ സമ്മാനിച്ച്‌ തിരിച്ചു നടക്കുമ്പോൾ മനസ്സിനു വല്ലാത്ത ഭാരം തോന്നി.

പിറകിൽ ആരോ വിളിക്കുന്ന പോലെ. എമിലിയാണ്‌. കൂടെ അന്നയും.

"ആഗ്നസ്‌ നിനക്ക്‌ എന്തോ കടലാസുകൾ അയച്ചിരുന്നു. അവരുടെ ആത്മകഥയോ മറ്റോ ആയിരിക്കും. അത്‌ തിരിച്ചു തരിക. ആഗ്നസ്‌ ദിമിത്രിയുടെ മുഖം സമൂഹത്തിനു കാണിച്ചു കൊടുത്താൽ ..... മറക്കണ്ട, നീ ഒരു സ്ത്രീയാണ്‌...!"

എനിക്ക്‌ അവരോട്‌ പുച്ഛം തോന്നി. ഭീഷണി.... അതും എന്നോട്‌..!

പിറ്റേന്ന് പോസ്റ്റ്‌ബോക്സിൽ നിന്നും ഒരുകെട്ട്‌ കടലാസുകൾ എനിക്ക്‌ ലഭിച്ചു. ഭംഗിയുള്ള കൈപ്പടയിൽ എഴുതി അടുക്കിയവ. കവിതകളായിരുന്നു. പ്രണയത്തെപ്പറ്റി.... മഴയെപ്പറ്റി..... മഞ്ഞിനെപ്പറ്റി.... രാത്രിയിൽ വന്നു രമിക്കുന്ന സാങ്കൽപ്പിക കാമുകനെപ്പറ്റി.... സ്വപ്നങ്ങളിലേപ്പൊഴോ അനുഭവിച്ച രതിമൂർഛയെപ്പറ്റി. എത്ര തരളവും ഭാവനാത്മകവുമായ വരികൾ..! എന്ത്‌ തീവ്രമായ പ്രണയസങ്കൽപ്പങ്ങൾ!!!

അവസാനം ഒരു കുറിപ്പും. "ഇതാണ്‌ ഞാൻ ആഗ്നസ്‌ ദിമിത്രി. ഇവ നിന്റെ പേരിൽ പ്രസിദ്ധീകരിക്കുക. കൈമോശം വരരുത്‌. ആഗ്നസ്‌ ദിമിത്രി ബുദ്ധിജീവിയായ ചിന്തകയായി മരിക്കട്ടെ. ഇത്‌ നിനക്കുള്ള എന്റെ സ്നേഹസമ്മാനമാണ്‌."

സത്യം പറഞ്ഞാൽ ആഗ്നസ്‌ ദിമിത്രി എന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്‌. പള്ളിയിലെ പ്രാർത്ഥനാഗാനങ്ങൾ നിലച്ചു. ആഗ്നസ്‌ ദിമിത്രി യാത്രയാകുന്നു. ഒരു പിടി സ്വപ്നങ്ങൾ എന്നെയേൽപ്പിച്ചുകൊണ്ട്‌..... അവരുടെ തിരുശേഷിപ്പുകൾ.

O