Saturday, September 29, 2012

കാണാതായ വസ്തുക്കൾ

കവിത
ഗൗതമൻ












കാണാതായ വസ്തുക്കളുടെ കണക്കെടുപ്പ്‌.
ഒരു പ്രത്യേക അന്വേഷണം.

ഒന്നാം ക്ലാസ്സിലെ റബ്ബർ,
അന്വേഷണം തേഞ്ഞുമാഞ്ഞു പോയി.
ഇടവപ്പാതിയിലെ തൊപ്പി,
മഴയിൽ ഒലിച്ചുപോയി.
സൈക്കിളിന്റെ, റൂമിന്റെ, മനസ്സിന്റെ താക്കോൽ,
ഞാൻ തന്നെ മാറ്റിവെച്ചു.
പിന്നെന്നോ മറന്നുപോയി.

പ്രിയപ്പെട്ട മുഖങ്ങൾ
യാത്രയ്ക്ക്‌ അപ്പുറം.
വന്നവഴിക്ക്‌ ഇരുപുറം.

വായിച്ചറിഞ്ഞ മാന്ത്രികലോകങ്ങൾ
വരമുറിഞ്ഞു, അതിരലിഞ്ഞു.
വെറും സാധാരണത്വത്തിൽ
അടർന്നു വീണെന്ന് തെളിവുകൾ.

സ്വന്തം സ്വപ്നങ്ങൾ, സൃഷ്ടികൾ ഒക്കെയും
തന്ത മരിച്ചതറിഞ്ഞപ്പോൾ ചത്തുപോയി,
എന്ന് സാക്ഷികൾ, ഒരുപാട്‌ മൊഴികൾ

മരണങ്ങൾ
പ്രിയപ്പെട്ട പൂച്ചയുടെ പോലും
കുഴിച്ചു മൂടപ്പെട്ടു.

ഇനി തെളിയാത്ത കേസുകൾ ....

തെറിച്ചുപോയ കളിപ്പന്ത്‌
മതിലിനപ്പുറം.
മതിൽ കെട്ടിയതിന്റെ ഉത്തരവാദിത്വം
ആരും ഏറ്റെടുത്തിട്ടില്ല.

ഉണങ്ങിപ്പോയ നനവുകൾ,
മഴയുടെ, കണ്ണീരിന്റെ, ഉമ്മയുടെയെല്ലാം.
ഉള്ളിലെ കെടാത്ത കനൽ, സംശയത്തിൽ ...

ഇന്നിന്റെ മധുരനാരങ്ങ എന്നോട്‌ ചോദിച്ചു,
നഷ്ടത്തിന്റെ വഴികൾ കണ്ടെത്തിയിട്ടെന്ത്‌ ?
കഷ്ടം എന്നു കരുതിയാൽ പോരേ ?

ഒടുവിലിപ്പോൾ,
കണ്ടെത്തണോ
ഉണ്ടുറങ്ങണോ എന്നതാണത്രേ ചോദ്യം.

O



Monday, September 24, 2012

ന്യൂട്രിനോ പരീക്ഷണം അമേരിക്കൻ സൈനിക ആധിപത്യത്തിൽ


 ലേഖനം
ജോൺ പെരുവന്താനം









       കേരള- തമിഴ്‌നാട്‌ അതിർത്തിയിൽ ഇടുക്കി, തേനി ജില്ലകളിൽ ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിക്കുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌. പ്രപഞ്ചരഹസ്യങ്ങളെ സംബന്ധിച്ച്‌ നിരവധി പുതിയ അറിവുകൾ കിട്ടുന്നതാണ്‌ ന്യൂട്രിനോ പരീക്ഷണമെങ്കിലും അതിന്റെ നേതൃത്വം അമേരിക്കയ്ക്ക്‌ ആകുമ്പോൾ ജനങ്ങൾക്ക്‌ ആകുലത വർദ്ധിക്കുന്നു. ഇന്തോ-അമേരിക്കൻ ആണവ ഉടമ്പടിയിലെ വൺ ടൂ ത്രീ (1 2 3) കരാറിന്റെ ഒളി അജണ്ടയാണ്‌ ഇതിന്റെ പിന്നിലെന്ന സംശയം പ്രബലമാണ്‌. തമിഴ്‌നാട്ടിലെ പൊട്ടിപ്പുറത്ത്‌ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണശാല രാജ്യത്തെ ശാസ്ത്രഗവേഷണരംഗത്തെ കുതിപ്പിൽ നിർണ്ണായകമാവുമെന്നാണ്‌ കേന്ദ്രസർക്കാർ പറയുന്നത്‌. ഇന്ത്യാ ബേസ്ഡ്‌ ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ വെബ്‌സൈറ്റിലും അമേരിക്കൻ വെബ്‌സൈറ്റിലും പദ്ധതിയെ സംബന്ധിച്ച്‌ വ്യത്യസ്തമായ വിശദീകരണങ്ങളാണ്‌ ഉള്ളത്‌. ഇവിടെ പ്രതിഷേധമുണ്ടായപ്പോൾ ഇന്ത്യൻ വെബ്‌സൈറ്റ്‌ തന്നെ അപ്രത്യക്ഷമാവുകയും പിന്നീട്‌ പ്രത്യക്ഷപ്പെട്ടപ്പോൾ മുമ്പുണ്ടായിരുന്നതിൽ നിന്നും പല പ്രധാനകാര്യങ്ങളും നീക്കം ചെയ്യുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തത്‌ ഏറെ സംശയങ്ങൾക്ക്‌ ഇടനൽകുന്നു. അമേരിക്കൻ ആണവോർജ്ജവകുപ്പിന്‌ പദ്ധതിയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലെന്നാണ്‌ പരീക്ഷണത്തിന്‌ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ഫെർമിലാബ്‌ ഇപ്പോൾ വിശദീകരിക്കുന്നത്‌.


ആയുധനിർമ്മാണമല്ല ലക്ഷ്യമെന്നും സൈനിക താൽപര്യമില്ല എന്നും വിശദീകരിക്കുമ്പോഴും ശാസ്ത്രസമൂഹം പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കുന്നത്‌ എന്തെല്ലാമാണ്‌? അമേരിക്കയിലെ ഷിക്കാഗോവിൽ സ്ഥിതി ചെയ്യുന്ന ഫെർമിലാബിൽ വൻവിസ്ഫോടനം നടത്തി, ഭൂമിക്കടിയിലൂടെ 14,700 കിലോമീറ്റർ സഞ്ചരിച്ച്‌ ന്യൂട്രിനോ കണികകൾ തേനിയിലെ പ്ലാന്റിലെത്തുമെന്നാണ്‌ അമേരിക്കൻ വെബ്‌സൈറ്റിൽ ആദ്യമുണ്ടായിരുന്നത്‌. അഞ്ച്‌ വർഷങ്ങൾക്കു മുമ്പ്‌ നീലഗിരി ജില്ലയിലെ സിംഗാര മലനിരകളിൽ ആരംഭിക്കാൻ തീരുമാനിച്ച ന്യൂട്രിനോ പ്ലാന്റിനെതിരെ തമിഴ്‌നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‌ നൽകിയ പരാതിയെത്തുടർന്ന് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക്‌ നാശമുണ്ടാക്കുന്നു എന്ന കാരണത്താൽ നീലഗിരിയിൽ അനുമതി നിഷെധിക്കപ്പെട്ട പ്ലാന്റാണ്‌ ഇപ്പോൾ പൊട്ടിപ്പുറത്ത്‌ സ്ഥപിക്കപ്പെടുന്നത്‌. ഭൗമോപരിതലത്തിൽ നിന്നും ആയിരം മീറ്റർ താഴ്ച്ചയിൽ രണ്ടര കിലോമീറ്റർ ടണൽ നിർമ്മിച്ചാണ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. നിത്യേന അഞ്ച്‌ വീതം അഞ്ച്‌ വർഷക്കാലം മുഴുവൻ വൻസ്ഫോടനം നടത്തിയാൽ മാത്രമാണ്‌ ടണൽ നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുകയുള്ളൂ. 800 ദശലക്ഷം ടൺ പാറ ഇവിടുന്ന് തുരന്നു മാറ്റേണ്ടതുണ്ട്‌. രണ്ട്‌ റിക്ടർ സ്കെയിൽ മുതൽ നാല്‌ റിക്ടർ സ്കെയിൽ വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക്‌ തുല്യമായ സ്ഫോടന ആഘാതമായിരിക്കും ഇവിടെ നിത്യേന അഞ്ച്‌ തവണ വീതം സംഭവിക്കുക. മുല്ലപ്പെരിയാർ - ഉടുമ്പൻചോല ഭ്രംശമേഖലയിലാണ്‌ ഇത്‌ സംഭവിക്കുന്നത്‌ എന്നുള്ളത്‌ വലിയ പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തുന്നതാണ്‌. അണക്കെട്ടുകളുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും ഇത്‌ ഭീഷണിയാണെന്നുള്ളതിന്‌ ഒരു സംശയവും വേണ്ട.

ഇലക്ട്രോണിന്റെ കോടിക്കണക്കിൽ ഒരംശം മാത്രം ഭാരമുള്ള ന്യൂട്രിനോ വെളിച്ചത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി അടുത്തകാലത്ത്‌ വെളിപ്പെടുത്തപ്പെടുകയും അത്‌ തെറ്റാണ്‌ എന്ന് പിന്നീട്‌ തിരുത്തപ്പെടുകയുമുണ്ടായി. ഭാരം അൽപമെങ്കിലുമുള്ള ഒരു കണത്തിനും വെളിച്ചത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ആവില്ല എന്നാണ്‌ സാപേക്ഷതാ സിദ്ധാന്തം. ഇതനുസരിച്ച്‌ ഭാരമുണ്ടോ ഇല്ലയോ എന്നറിയാൻ സഞ്ചാരവേഗം നോക്കിയാൽ മതി. നന്നേ ചെറുതാകിലും ഭാരം അൽപമാത്രം ആയതിനാലും ന്യൂട്രിനോ കണങ്ങൾക്ക്‌ ഏത്‌ പദാർത്ഥത്തിലൂടെയും അനായാസേന കടന്നുപോകാം. ഭൂമിയുടെ അകക്കാമ്പിൽ എന്ത്‌ നടക്കുന്നു എന്നറിയാനും സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ എന്ത്‌ സംഭവിക്കുന്നു എന്നറിയാനും ന്യൂട്രിനോയെ ഉപയോഗിക്കാം.

ഇന്ന് സയൻസ്‌ സമം ഫിസിക്സ്‌ എന്നായിട്ടുണ്ടെങ്കിലും പാർട്ടിക്കിൾ സയൻസ്‌ മാനവരാശിയുടെ പുരോഗതിയിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. 1930 ൽ ഈ കണികയുടെ സൈദ്ധാന്തിക സാധ്യത അവതരിപ്പിച്ച വുൾഫ്‌ ഗാങ്‌പോളിയും 1932 ൽ ചാഡ്‌വിക്‌ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയ ചാർജ്ജില്ലാ കണത്തിനും ന്യൂട്രോൺ എന്നാണ്‌ പേരിട്ടിരുന്നത്‌. പിന്നീട്‌ വുൾഫ്‌ ഗാങ്‌പോളി കണ്ടെത്തിയ കണത്തിന്‌ അതിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കി ന്യൂട്രിനോ എന്ന പേരിട്ടത്‌ ഫെർമി എന്ന ശാസ്ത്രജ്ഞനാണ്‌. ഫെർമിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഷിക്കാഗോവിലെ ന്യൂട്രിനോ ഒബ്സർവേറ്ററി അമേരിക്കൻ സൈന്യത്തിന്റെ ചാരപ്രവർത്തനത്തിന്റെ കൂടി പരീക്ഷണശാലയാണ്‌. ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന അയൽപ്പക്ക സൗഹൃദം തകർത്തതും പിന്നീട്‌ ചൈന ഇന്ത്യയെ കടന്നാക്രമിക്കാൻ കാരണമായതും  ഇന്നും പുറത്തറിയാത്ത ചില ചാരപ്പണിയെ തുടർന്നാണ്‌. അമേരിക്കയ്ക്കു വേണ്ടി ചൈനയുടെ സൈനിക രഹസ്യങ്ങൾ ചോർത്താൻ സിയാച്ചിൻ മഞ്ഞു മലകളുടെ താഴ്‌വാരത്തിൽ ഇന്ത്യ നിക്ഷേപിച്ച പ്ലൂട്ടോണിയം ബോംബ്‌ കിലോമീറ്ററുകൾ താഴ്ച്ചയിൽ മഞ്ഞുപാളികൾക്കിടയിൽ ഇപ്പോഴും നിർവ്വീര്യമാകാതെ കിടക്കുന്നുണ്ട്‌. ഇന്ത്യയെ ആക്രമിക്കുവാൻ ചൈനയെ പ്രേരിപ്പിച്ച പ്രകോപനത്തിന്റെ പിന്നാമ്പുറക്കഥകൾ ഇനിയും ചരിത്രത്തിൽ രേഖപ്പെടുത്തുവാൻ ഇരിക്കുന്നതേയുള്ളൂ.


നിരുപദ്രവകാരിയായ ന്യൂട്രിനോയെ ഉപയോഗിച്ച്‌ ലോകത്തിൽ എവിടെ വേണമെങ്കിലും ചാരപ്രവർത്തനം തന്ത്രപരമായി നടത്താൻ കഴിയുമോ എന്ന പരീക്ഷണമാണ്‌ ഇവിടെ നടക്കുന്നത്‌. അമേരിക്കൻ സൈനിക താൽപര്യങ്ങളെ വെല്ലുവിളിച്ച്‌ ലോകത്ത്‌ ആരെങ്കിലും അണുബോംബ്‌ ഉണ്ടാക്കിയാൽ ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം താഴ്ച്ചയിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ബോംബിനെയും ന്യൂട്രിനോ ഒരു ട്രിഗർ ആയി ഉപയോഗിച്ച്‌ സ്ഫോടനം നടത്തി തകർക്കുവാൻ കഴിയും. ഭൂമിക്കടിയിലെ ധാതുനിക്ഷേപങ്ങളെ കണ്ടെത്തുവാനും അവ തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാനും കഴിയും. സെപ്റ്റംബർ 11 ന്റെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിനു ശേഷം ലോകത്ത്‌ ഒട്ടാകെ തീവ്രവാദ നിർമ്മാർജ്ജനദൗത്യം രാഷ്ട്രീയ ആയുധമായി സ്വീകരിച്ചിരിക്കുന്ന അമേരിക്കയ്ക്ക്‌ ഏതു രാജ്യത്തെയും ഏതൊരാളിനെയും  ന്യൂട്രിനോ ഉപയോഗിച്ച്‌ കണ്ടെത്തുവാനും കൊലപ്പെടുത്തുവാനും കഴിയുന്ന തരത്തിലേക്കുള്ള പുതിയൊരായുധത്തിന്റെ വികസിപ്പിക്കലുമായി ബന്ധപ്പെട്ടാണ്‌ ഈ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്‌.

ഒരു രാജ്യത്തിന്റെയും ഒരു വിധത്തിലുള്ള സൈനികരഹസ്യങ്ങളും സുരക്ഷിതമാവാത്ത രീതിയിൽ ആരുടെയും എത്ര വലിയ തന്ത്രപ്രധാന വിവരങ്ങളും നൊടിയിടയ്ക്കുള്ളിൽ കൈക്കലാക്കാൻ അമേരിക്കൻ ചാര ഉപഗ്രഹങ്ങളെ സഹായിക്കാൻ കഴിയുമെന്നതാണ്‌ ന്യൂട്രിനോ പരീക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന ഒളി അജണ്ട.

ന്യൂട്രിനോ പരീക്ഷണത്തെ സർവ്വാത്മനാ പിന്തുണയ്ക്കുന്ന ശാസ്ത്രസമൂഹം ഇതിന്റെ പിന്നിൽ പതിയിരിക്കുന്ന രാഷ്ട്രീയ- സൈനിക താൽപര്യങ്ങളെ തിരിച്ചറിയാതിരിക്കാനുള്ള കൗശലം കൂടി ഉള്ളടക്കം ചെയ്താണ്‌ ഫെർമിലാബ്‌ ലോകത്തൊട്ടാകെയുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്‌. പാരീസിൽ നടക്കുന്ന കണികാ പരീക്ഷണത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കുമ്പോൾ അന്റാർട്ടിക്കയിൽ നടന്നുവരുന്ന ഒബ്സർവേറ്ററിയിലെ പഠനങ്ങൾക്ക്‌ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കുവാൻ അവകാശമില്ല. ഷിക്കാഗോവിൽ നിന്ന് നേർരേഖയിൽ ഭൂമിയുടെ അകക്കാമ്പിലൂ‍ടെ സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്ന സ്ഥലമെന്ന പ്രത്യേകതയാണ്‌ ദക്ഷിണ ഇന്ത്യയെ ഇതിനുവേണ്ടി തെരെഞ്ഞെടുക്കുവാൻ കാരണം. മുമ്പ്‌, ഇതിന്റെ ആരംഭഘട്ട പരീക്ഷണങ്ങൾ കർണ്ണാടകയിലെ കോലാർ സ്വർണ്ണഖനിക്കുള്ളിൽ ഒബ്സർവേറ്ററി സ്ഥാപിച്ച്‌ നടത്തിപ്പോരുന്നതിന്റെ രണ്ടാംഘട്ട പരീക്ഷണപഠനമാണ്‌ തേനിയിൽ അരങ്ങേറുവാൻ പോകുന്നത്‌. നിർദ്ദോഷവും നിരുപദ്രവകരമെന്നും തെറ്റിദ്ധരിപ്പിക്കുവാനും ശാസ്ത്രബോധത്തിലേക്ക്‌ വളരുന്ന മധ്യവർഗ്ഗസമൂഹത്തെ ശാസ്ത്രനേട്ടങ്ങളുടെ വിസ്മയത്തുമ്പിൽ നിർത്തി ദേശാഭിമാന പ്രചോദിതരാക്കി തങ്ങളുടെ ഗൂഢമായ സൈനികതാൽപര്യവും സൈനികാധിപത്യവും നേടിയെടുക്കുക എന്ന ലക്ഷ്യത്തിൽ നീങ്ങുന്ന ന്യൂട്രിനോ പരീക്ഷണങ്ങൾക്കായി തദ്ദേശീയ ജനതയെ വികസന വായ്ത്താരികളിൽ മയക്കുകയാണിവിടെ.


പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ന്യൂട്രിനോ പ്രളയം നിരീക്ഷണത്തിന്‌ അലോസരമുണ്ടാക്കാതിരിക്കാനാണ്‌ നിരീക്ഷണകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും വളരെ ആഴത്തിൽ ഉണ്ടാക്കുന്നത്‌. ഭൂമിയുടെ മറുപുറത്തുള്ള ഷിക്കാഗോവിൽ നിന്ന് ഉഗ്രവിസ്ഫോടനം നടത്തി അയയ്ക്കുന്നവയെ മാത്രം കണ്ടറിഞ്ഞ്‌ സ്വീകരിച്ച്‌ പഠിക്കുവാനും ന്യൂട്രിനോ കണികയെ വിഭജിക്കുവാനും കഴിഞ്ഞാൽ മാത്രമേ ലോകത്തെ കൈപ്പിടിയിലൊതുക്കുവാൻ സാമ്രാജ്യത്വ ശക്തികൾക്ക്‌ കഴിയുന്ന പുതിയൊരായുധം രൂപപ്പെടുകയുള്ളൂ. ഒരുപക്ഷേ, ന്യൂട്രിനോയുടെ സഹായത്താൽ വായൂമണ്ഡലത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. ആർക്കും പിടികൊടുക്കാതെ പ്രപഞ്ചം മുഴുവൻ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ന്യൂട്രിനോയെ വിഭജിക്കാനോ നിയന്ത്രിക്കാനോ കഴിഞ്ഞാൽ ഓക്സിജനെയും കാർബൺ ഡൈഓക്സൈഡിനെയും ഹൈഡ്രജനെയും നൈട്രജനെയും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കാം. അതല്ലെങ്കിൽ വായൂമണ്ഡലത്തെ അപ്പാടെ തന്നെ മുകളിലേക്ക്‌ ഉയർത്തുന്നതിനോ താഴ്ത്തുന്നതിനോ കഴിഞ്ഞേക്കാം. മഴമേഘങ്ങളെ തന്നെ വേണമെങ്കിൽ എവിടെയെങ്കിലും നിയന്ത്രിച്ച്‌ നിർത്താം. ഗുരുത്വാകർഷണ കേന്ദ്രങ്ങളെ മാറ്റിമറിക്കാം. പ്രപഞ്ചഘടനയിൽ തന്നെ മാറ്റം മറിച്ചിലുകൾ വരാം. മാനവരാശിയുടെ ചരിത്രത്തിലെ വഴിത്തിരിവാകുന്ന പരീക്ഷണനേട്ടങ്ങൾ സൈനിക താൽപര്യങ്ങളിൽ നിയന്ത്രിക്കപ്പെടുന്നത്‌ അത്യന്തം ആപൽക്കരമാണ്‌.


O

PHONE : 9947154564




Saturday, September 22, 2012

ഒഴിമുറി - പെണ്ണധികാരത്തിന്റെ ദൃശ്യാവിഷ്കാരം

സിനിമ
ബി.എസ്‌.സുജിത്‌











        ധികാരത്തിന്റെ വേരുവഴികളെല്ലാം തന്നെ പുരുഷാധികാരത്തിന്റെ ചിഹ്നശാസ്ത്രങ്ങൾ അലങ്കരിക്കുന്നതായിരുന്നു. അധികാരത്തിന്റെ തമ്പുരാൻ പുരുഷനും, അടിമയുടെ തമ്പുരാട്ടി സ്ത്രീയുമെന്നതാണ്‌ വർത്തമാനത്തിലും പ്രമാണം. എന്നാൽ അധികാരത്തിന്റെ കൈവഴികളിലെവിടെയോ സ്ത്രീക്കും വിശേഷാലുള്ള ചിഹ്നം (അധികാരമുദ്ര) പതിച്ചു കിട്ടി. അതിൽ തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീകളും ഉൾപ്പെടുന്നു. അന്ന്‌ നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായവും സ്ത്രീയെ സ്വത്തിന്റെ ഉടമകളും അധികാരപ്രമത്തരുമാക്കി മാറ്റി. പുരുഷനെ ഒഴിമുറി കൊടുത്ത്‌ ഒഴിവാക്കാനുള്ള അധികാരവും തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾക്ക്‌ കൈവന്നു. പുരുഷനെ തെരെഞ്ഞെടുക്കുവാനുള്ള സ്ത്രീയുടെ അധികാരത്തെ സ്വയംവരത്തിലൂടെ നിർണ്ണയിക്കാൻ ഭാരതസ്ത്രീകൾക്ക്‌ കഴിഞ്ഞുവെങ്കിലും ഒഴിവാക്കാനുള്ള സാധ്യത ഭാരതസംസ്കാരത്തിന്റെ ചരിത്ര നിനവിലില്ല. അത്‌ തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീകൾക്ക്‌ മാത്രമുള്ള പ്രത്യേകാധികാരാവകാശമായിരുന്നു. ഈ അവകാശത്തെ അഭ്രപാളിയിലവതരിപ്പിച്ച്‌ സാംസ്കാരിക വിമർശനത്തിനുള്ള ശ്രമമാണ്‌ ശ്രീ.മധുപാൽ തന്റെ പുതിയ സിനിമയായ 'ഒഴിമുറി'യിലൂടെ നിർവ്വഹിക്കുന്നത്‌.






സിനിമയിലെ താണുപിള്ള പ്രമാണിയാണ്‌. പൊതുജനം അംഗീകരിക്കുന്നവനാണ്‌. മുറുക്കാൻ ചെല്ലം കഴിഞ്ഞ്‌ ആവർത്തിച്ച്‌ നിർബന്ധിച്ചാൽ മാത്രം ഉണ്ണുന്നവനാണ്‌. പരസ്യമായി ആരെയും അഭിനന്ദിക്കുവാൻ മടിക്കുന്നവനാണ്‌. പുരുഷാധികാരം കേന്ദ്രീകരിച്ചുള്ള തലയെടുപ്പ്‌ ആളുകളിൽ ഭയത്തോടെയുള്ള ബഹുമാനം ഉണ്ടാക്കുന്നു. എന്നാൽ മേലാദരവ്‌ ഗൃഹത്തിനുള്ളിൽ നേടിയെടുക്കുന്നത്‌ ഭാര്യയോടും മകനോടുമുള്ള അധികാരപ്രയോഗത്താലാണ്‌. മനസ്സിനുള്ളിൽ കത്തുന്ന സ്നേഹം ഒളിപ്പിച്ചുവെച്ച്‌, ഭാര്യയേയും മകനേയും മർദ്ദനോപകരണമാക്കുന്ന പുരുഷാധികാരിയുടെ പ്രതിച്ഛായയാണ്‌ താണുപിള്ളയ്ക്കുള്ളത്‌. താണുപിള്ള മേലധികാരത്തെ നിലനിർത്തുന്നത്‌ തന്റെ ഓർമ്മയിലെ അവഹേളനങ്ങളെ  ചികഞ്ഞെടുത്താണ്‌. തന്നെ ഒഴിമുറി ചൊല്ലി സംഗീതാധ്യാപകനുമായി വേഴ്ച നടത്തുന്ന തെക്കൻ തിരുവിതാംകൂറിലെ നായർസ്ത്രീയുടെ സവിശേഷ അധികാരത്തിന്റെ ഇരയായി മകനോട്‌ വിടപറഞ്ഞിറങ്ങുന്ന താണുപിള്ളയുടെ പിന്നീടുള്ള ജീവിതം, നഷ്ടപ്പെട്ടുപോയ പുരുഷാധികാരത്തെ തിരിച്ചിപിടിക്കുന്നതിനുള്ള അദമ്യമായ ശ്രമമാണ്‌. ഈ ശ്രമമാണ്‌ പുരുഷാധികാര പ്രവണതയുടെ ക്രൂരമുഖമായി അടയാളമർദ്ദനമായി, താണുപിള്ളയുടെ മാതാവിലേക്കും പത്നിയിലേക്കും പ്രവഹിക്കുന്നത്‌. അധികാരം പുരുഷനോടും സ്ത്രീയോടും ഒട്ടിനിന്നാലും പ്രമത്തതയുണ്ടാകുമെന്ന വിചാരമാണ്‌ മധുപാൽ പ്രേക്ഷകന്‌ സമ്മാനിക്കുന്നത്‌. 

മധുപാൽ

ഫ്രോയ്‌ഡ്‌ തുറന്നുവിട്ട ദുർഭൂതം 'ഒഴിമുറി' എന്ന സിനിമയിലും പ്രതിഫലിക്കുന്നുവെന്നതാണ്‌ മറ്റൊരു സാരം. അമ്മയുടെ കാമുകഭാവം മകനിലൂടെ ദർശിക്കുന്നുവെന്ന 'ഈഡിപ്പസ്‌ കോംപ്ലക്സ്‌' സിദ്ധാന്തത്തിലൂടെ കടന്നുപോകുന്ന സിനിമ അത്‌ നിർവ്വഹിക്കുന്നതും മർദ്ദനോപകരണത്താലാണ്‌. നെഞ്ചിനുള്ളിൽ നെരിപ്പോടിന്റെ സ്നേഹം അമ്മയോട്‌ താണുപിള്ള കാത്തുസൂക്ഷിക്കുന്നുവെങ്കിലും, അവഹേളനങ്ങളുടെ തീപ്പുകയിൽ താണുപിള്ള തന്റെ അച്ഛൻ ശിവൻപിള്ളയായി മാറുന്നു. മകന്റെ താതഭാവം അറിയാതെ പടിയിറങ്ങുന്ന അമ്മ, അപ്പോഴും മകനെ തെറ്റുപറയാതെ മരുമകളെ കാരണക്കാരിയാക്കി പടിയിറങ്ങുന്നു. തെക്കൻ തിരുവിതാംകൂറിലെ സ്ത്രീയുടെ അധികാരഗർവ്വോടെ ജീവിക്കുന്ന അമ്മ അതേ അധികാരത്തിന്റെ ഇരയായ മകന്റെ പുരുഷാധികാരപ്രയോഗം  ഏറ്റുവാങ്ങേണ്ടിവരുന്ന കാഴ്ചയാണ്‌ ദൃശ്യത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്‌. തന്റെ അച്ഛൻ ശിവൻപിള്ളയ്ക്ക്‌ അമ്മയുടെ മുന്നിൽ അടിയറവ്‌ വയ്ക്കേണ്ടിവന്ന പുരുഷാധികാരത്തെ വീണ്ടെടുക്കുകയാണ്‌ അമ്മയോടുള്ള ഈർഷ്യയിലൂടെ മകൻ താണുപിള്ള ചെയ്യുന്നത്‌. മകന്റെ കാമുകഭാവം മനസ്സിലാക്കാതെ അമ്മ തിരുവിതാംകൂറിലെ സ്ത്രീയുടെ വിശേഷാധികാരം നിലനിർത്തുന്നതിനായി പടിയിറങ്ങുന്നു. മേലധികാരം വിട്ടുകളയുന്ന മരുമകളെ പലകുറി ശാസിക്കുന്നുണ്ടെങ്കിലും താണുപിള്ളയുടെ അമ്മ അതിൽ വിജയിക്കുന്നില്ല. അമ്മയുടെ മരണത്തോടെയാണ്‌ താണുപിള്ളയുടെ താതഭാവം മാറി മകന്റെ ഭാവം കൈവരുന്നതും ജലാശയത്തിൽ മുങ്ങിത്താഴ്‌ന്ന് നിലവിളിക്കുന്നതും. 


അമ്മയുടെ സവിശേഷാധികാരം മരണത്തോടെ മാറിയപ്പോഴാണ്‌ അടിമയിൽ നിന്നും ഉടമബോധമുണ്ടാകുന്നതും തന്റെ ഭാര്യ സവിശേഷാധികാര പ്രയോഗത്തിലൂടെ ഒഴിമുറിയ്ക്കായി നിയമവഴികൾ തേടുന്നതും. മഹാബലിയെപ്പോലെ മുഴുവൻ സ്വത്തും അടിയറ വെച്ചിട്ടും ഒഴിമുറി ഒഴിവാക്കാൻ താണുപിള്ളയ്ക്കായില്ല. സ്ത്രീയുടെ സവിശേഷാധികാരത്തെ തുടർന്നു കൊണ്ടുപോകുന്നതിനായി നായിക ശ്രമിക്കുകയും, അത്‌ പുരുഷാധികാരത്തോടുള്ള ഒരു പ്രദേശത്തിലെ സ്ത്രീയുടെ സവിശേഷാധികാരമായി മാറുകയും ചെയ്യുന്നതോടെ തിരശ്ശീല വീഴുന്നു.


സാമ്രാജ്യത്വ അധിനിവേശ അമിതാധികാര പ്രവണതയോട്‌ പ്രാദേശികമായ കലഹങ്ങളും ചെറുത്തുനിൽപ്പുകളും ആധുനികോത്തര സിനിമയുടെ പ്രമേയരീതിയാണ്‌. പുരുഷാധികാരമെന്ന ആഗോള പ്രവണതയ്ക്കെതിരെ ഭൂതകാലത്തിലെവിടെയോ മാഞ്ഞുപോയ ഒരു പ്രത്യേക പ്രദേശത്തിന്റെ, തെക്കൻ തിരുവിതാംകൂറിലെ സ്ത്രീയുടെ സവിശേഷാധികാരത്താൽ പ്രതിരോധം തീർക്കുകയാണ്‌ ശ്രീ.മധുപാൽ 'ഒഴിമുറി' എന്ന സിനിമയിലൂടെ നിർവ്വഹിക്കുന്നത്‌. മലയാളിയുടെ സിനിമാവബോധത്തിനേറ്റ താൽക്കാലിക ക്ഷതങ്ങൾക്കുള്ള മറുമരുന്നായാണ്‌ 'ഒഴിമുറി' എന്ന സിനിമ പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌. 


O


PHONE : 9544868064




Saturday, September 15, 2012

വിരലുകൾ

കവിത
മായ ഗോവിന്ദരാജ്‌












ർഭം പേറുന്ന
തള്ളവിരൽ
ചൂണ്ടാണിവിരലാൽ
പിതൃത്വം സൂക്ഷിച്ചു.
ആട്ടിപ്പുറത്താക്കിയ
തലതൊട്ട കാരണവർ
നടുവിൽ മിണ്ടാതിരുന്നു.
കല്യാണപ്രായം
വിളിച്ചോതിയ
മോതിരവിരൽ
മുഖം നോക്കാതെ
വെല്ലുവിളിച്ചു.
ചെറുവിരൽ
ഇടനാഴിയിൽ
മൗനം പറിച്ചെറിഞ്ഞു.
തന്നെത്തന്നെ ശപിക്കാതിരിക്കാൻ
അവൾ
അഞ്ചിനെയും അറുത്തെറിഞ്ഞു.

O


നിശ്ചലചിത്രങ്ങൾ

കഥ
സേതുലക്ഷ്മി











           തകിലാരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ്‌ ഞാൻ ഞെട്ടിയുണർന്നത്‌. കാറ്റിന്റെ ഇരമ്പലും മഴക്കോളും എന്റെ ബോധത്തിലേക്ക്‌ വരാൻ പിന്നെയും കുറേ സമയമെടുത്തു. മഴ പെയ്യാനുള്ള ആരംഭമാണ്‌.


സാധാരണ ഈ സമയത്ത്‌ ഞാൻ വീട്ടിൽ ഉണ്ടാകാറില്ല. വല്ലാത്തൊരു അസ്വസ്ഥതയും തലവേദനയും കാരണം ഓഫീസിൽ നിന്ന് അരദിവസത്തെ ലീവ്‌ എടുത്തു പോന്നതായിരുന്നു. ബസ്സിലിരുന്ന് തണുത്ത കാറ്റും കൊണ്ടു. വന്ന ഉടനെ ഉറങ്ങാൻ കിടന്നതാണ്‌. കാറ്റിന്റെ വികൃതി വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോഴും ഉറക്കം തന്നെ ആയിരുന്നേനെ.


നിയതി ഇതേവരെ എത്തിയിട്ടില്ല എന്ന കാര്യം പെട്ടെന്നാണ്‌ എന്റെ ഓർമ്മയിൽ എത്തിയത്‌. സമയം നാലിന്‌ ശേഷം എത്രയെങ്കിലുമായി കാണും. ജനാല തുറന്നു പുറത്തേക്കു നോക്കി. വരാൻ പോകുന്ന മഴയുടെ ആഘോഷം. ആകെ കറുത്തിരുണ്ട്‌ കഴിഞ്ഞിരിക്കുന്നു.


നിയതി സാധാരണ എപ്പോഴാണ്‌ വരിക എന്നറിയില്ല. അവൾ പോകുന്നതും ഞാൻ അറിയാറില്ല. നേരം വെളുക്കും മുൻപ്‌ പോകുന്ന ദാസേട്ടൻ രാത്രിയാണ്‌ വരാറ്‌. ധൃതിയിൽ രാവിലത്തെ പണികളെല്ലാം തീർത്ത്‌ നിയതിയുടെ ടിഫിനും എടുത്തുവെച്ച്‌, ഒരുങ്ങി ബാഗുമെടുത്ത്‌ ഇറങ്ങുമ്പോൾ എന്നും എന്റെ സമയം വൈകും. നിയതി ആ സമയത്ത്‌ ടൈംടേബിൾ എടുത്തു തുടങ്ങുന്നതേ ഉണ്ടാവൂ. താമസിച്ചതിന്റെ വിഷമവും ബസ്‌ തെറ്റുമോ എന്ന ആശങ്കയും എല്ലാം കൂടി നെഞ്ചിലിരുന്ന് വിങ്ങുമ്പോൾ അവൾ എന്തുചെയ്യുന്നു എന്ന്‌ തിരിഞ്ഞുനോക്കാൻ കൂടി എനിക്ക്‌ കഴിയാറില്ല. പിന്നെ ബസിലെ ഒരു സീറ്റും പുറത്തെ അൽപം കാറ്റും എല്ലാംകൂടി എന്റെ ടെൻഷൻ അൽപം കുറയ്ക്കുമ്പോഴാണ്‌ അവളെപ്പറ്റിയുള്ള വേവലാതികൾ എന്റെ ഉള്ളിൽ നിറയാറ്‌. അടച്ചിട്ട കതകു തള്ളിത്തുറന്നോ അല്ലെങ്കിൽ അവളുടെ അശ്രദ്ധ കൊണ്ട്‌ അകത്തു കയറി പതുങ്ങിയിരുന്നോ ഉണ്ടാകാനിടയുള്ള ആപത്തിനെപ്പറ്റി ഓർത്ത്‌ എന്റെ മാതൃഹൃദയം വിങ്ങും. വലുതായി വരുന്ന പെൺകുട്ടികളെ വീട്ടിൽ വിട്ടിട്ടു വരുന്ന ഏതൊരമ്മയെയും പോലെ നെഞ്ചിൽ പുകയുന്ന നെരിപ്പോടുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട്‌ കുറച്ചു നാളുകളായി. വൈകുന്നേരം ഞാൻ തിരിച്ചെത്തുമ്പോൾ നിയതി ട്യൂഷനും ഹോംവർക്കുകളും തീർത്തു ടി.വി സീരിയലിന്റെ മുമ്പിൽ ഇരിപ്പുപിടിച്ചിരിക്കും. കതകു തുറക്കുമ്പോൾ ഹാഫ്‌ സ്കർട്ടിനിടയിലൂടെ അവളുടെ വെളുത്തു മെലിഞ്ഞ കണങ്കാലുകളാവും ഞാൻ ആദ്യം കാണുക. പതിമൂന്നു വയസ്സായ പെൺകുട്ടികൾക്ക്‌ കുറച്ചുകൂടി അച്ചടക്കം വേണം എന്നു പറയാനാണ്‌ എനിക്ക്‌ അപ്പോൾ തോന്നാറ്‌. എങ്കിലും നിയതി ഞങ്ങളുടെ ഏകമകളായതുകൊണ്ട്‌, അവളെ വേദനിപ്പിക്കാതിരിക്കാനായി 'എഴുന്നേറ്റു പോയി പഠിക്ക്‌ കുട്ടീ' എന്നു മാത്രം പറയും. അനിഷ്ടം സൂചിപ്പിക്കുന്ന ഒരു പ്രത്യേകതാളത്തോടെ പഠനമുറിയിലേക്ക്‌ പോകുന്ന അവളെ ഒന്നു നോക്കി ഞാനെന്റെ വൈകുന്നേരത്തെ ജോലികളിലേക്ക്‌ കടക്കും. രാത്രി വൈകി കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും അവൾ ഉറക്കം പിടിച്ചുകഴിയും. ആകെ തളർന്ന ഒരു പഴന്തുണിക്കെട്ടു പോലെ ആയിക്കഴിഞ്ഞിരിക്കും അപ്പോൾ ഞാൻ. ഉറങ്ങിക്കിടക്കുന്ന അവളെ ഒന്നുമ്മ വയ്ക്കാൻ പോലുമാവാതെ ഞാൻ കിടക്കയിലേക്ക്‌ വീഴും. ഇങ്ങനെ ഒന്നുമല്ല വേണ്ടത്‌ എന്നറിയാഞ്ഞിട്ടല്ല. പക്ഷെ, എന്റെയീ തിരക്കുപിടിച്ച ജീവിതത്തിൽ മറ്റൊന്നും എനിക്കാവുന്നില്ല. 


പൊടുന്നനെ മഴ ആർത്തു പെയ്യാൻ തുടങ്ങി. ആകാശത്തിന്റെ കിളിവാതിലുകളെല്ലാം തുറന്ന പോലെ മഴ ഒരായിരം കൈകൾ കൊണ്ട്‌ എന്റെ ജനാലകളിൽ ആഞ്ഞടിച്ചു. മഴയുടെ ഈർച്ചവാളുകൾ വീഴുന്ന നിരത്താകെ ഇരുണ്ടുകഴിഞ്ഞു. നിയതി ഇപ്പോൾ എവിടെ ആയിരിക്കും? അവൾ സ്കൂളിൽ നിന്ന് തീർച്ചയായും പോന്നിരിക്കും. വഴിയിൽ, എവിടെയായിരിക്കും അവൾ? ഒരു പക്ഷേ സ്കൂളിൽ നിന്നു പോന്നു കാണുകയില്ലേ ... സ്കൂളിൽ വിളിച്ച്‌ മദറിനോട്‌ ചോദിക്കാനായി ഞാൻ തിരിഞ്ഞു. പെട്ടെന്നാണ്‌ അതിലെ അപകടസാധ്യത ഞാൻ ഓർത്തത്‌. ഇത്തരം കോൺവെന്റ്‌ സ്കൂളുകളിലെ വൃദ്ധകന്യകളെ പോലെ മദറും എപ്പോഴും സദാചാരത്തെപ്പറ്റി കുട്ടികളെ ബോധവതികളാക്കാൻ ശ്രമിക്കുന്നവരായിരിക്കും. സ്കൂൾ അസംബ്ലിയിൽ, നിയതി സ്കൂൾ വിട്ട്‌ വീട്ടിലെത്തുന്നത്‌ എന്നും താമസിച്ചാണെന്ന് അവർ പ്രഖ്യാപിക്കും. പെൺകുട്ടികൾക്ക്‌ നിയതി ഒരു തെറ്റായ മാതൃകയാണെന്ന് അവർ വിളിച്ചു പറയുമ്പോൾ ഒരുപാട്‌ കണ്ണുകളുടെ കുറ്റപ്പെടുത്തലുകൾക്ക്‌ മുമ്പിൽ ചൂളിനിൽക്കേണ്ടി വരും, എന്റെ നിയതിക്ക്‌.


വീണ്ടും ഞാൻ ജനാലയ്ക്കൽ സ്ഥാനം പിടിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരു ഓട്ടോറിക്ഷ വരുന്നത്‌ ഞാൻ കണ്ടു. പെട്ടെന്നു വീശിയ ഒരു മിന്നലിൽ ഒരു നീല ഹാഫ്‌ സ്കർട്ടും അതിനടിയിലെ വെളുത്ത കണങ്കാലുകളും കണ്ടു എന്നെനിക്ക്‌ തോന്നി. അത്‌ നിയതിയുടെ ഓട്ടോ തന്നെയാവും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവൾ ഗേറ്റു കടന്ന്, കുട ചുരുക്കി മുറിയിലേക്കു കടന്നുവരും. 


ഓട്ടോറിക്ഷ ഒരൽപം കൂടി മുന്നോട്ടു വന്ന് വഴിയരുകിലേക്ക്‌ ചേർത്തുനിർത്തി. ആരോ അതിന്റെ സൈഡിലെ ക്യാൻവാസ്‌ വലിച്ചു താഴ്ത്തിയിട്ടു. കോരിച്ചൊരിയുന്ന മഴയിൽ മുന്നോട്ടു പോകാനാവാത്തത്‌ കൊണ്ടാവാം അത്‌ ഒരുപക്ഷെ നിർത്തിയിട്ടത്‌. ഓട്ടോയുടെ ഹെഡ്‌ലൈറ്റ്‌ അണഞ്ഞു. മഴയിൽ, ഇരുട്ടിൽ, നിർത്തിയിട്ട ഓട്ടോയും ഇവിടെ ഈ ജനലരികിൽ ഞാനും. ഇടയ്ക്ക്‌ തെളിയുന്ന മിന്നലിൽ ഓട്ടോയ്ക്കുള്ളിൽ നിഴലുകൾ അനങ്ങുന്ന പോലെ എനിക്ക്‌ തോന്നി. എന്റെ ഉള്ളിൽ ഒരു തീനാളം ഉയർന്നു. കോരിച്ചൊരിയുന്ന മഴയും വിജനമായ നിരത്തും വഴിയരുകിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോയും അതിനുള്ളിലെ ദുർബലമായ ഒരു കൗമാരവും .... ആ ഓട്ടോയിൽ നിയതി തന്നെ ആയിരിക്കുമോ? അല്ലെങ്കിൽ അവളെപ്പോലെ മറ്റൊരു കുട്ടി ആയിരിക്കുമല്ലോ. ആ ഓട്ടോ ഡ്രൈവർ ഏതു തരത്തിലുള്ള ആളായിരിക്കും? നിയതിയുടെ ഓട്ടോ ഡ്രൈവർ ആരാണ്‌? ആ ഓട്ടോയുടെ പേരെന്താണ്‌? കഴിഞ്ഞ വർഷത്തെ ഓട്ടോ തന്നെയാണോ ഇത്തവണയും അവളെ കൊണ്ടുപോകുന്നത്‌? ഒന്നും എനിക്കറിയില്ല. എന്റെ തിരക്കുപിടിച്ച ജീവിതചര്യകൾക്കിടയിൽ ഒരിക്കലും അന്വേഷിക്കാൻ എനിക്ക്‌ കഴിഞ്ഞിട്ടില്ല. നിയതിയുടെ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചാലോ?  ആരാണവളുടെ കൂട്ടുകാരികൾ? അവരുടെ പേര്‌, ഫോൺനമ്പർ .... ഒന്നും എനിക്കറിയില്ല. അവൾ ഒന്നും എന്നോട്‌ പറയാറുമില്ല.


മഴയുടെ താണ്ഡവത്തിൽ, ഇരുട്ടിൽ ആ ഓട്ടോ അവിടെത്തന്നെ കിടക്കുകയാണിപ്പോഴും. എന്റെ നിയതി ആ ഓട്ടോയിൽ .... എന്തായിരിക്കുമിപ്പോൾ .... ഇതിനു മുൻപും അവളുടെ ഓട്ടോ ഇതുപോലെ ഇടവഴിയിൽ, ഇരുട്ടിൽ .... എനിക്കറിയില്ല .... എനിക്കൊന്നുമറിയില്ല.


ആ ഓട്ടോ കിടക്കുന്നതിനരികിലെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞാലോ ... അവർ ചെന്ന് നോക്കുകയില്ലേ? അതിന്‌ ആ കെട്ടിടം ആരുടെയാണെന്ന് എനിക്കറിയില്ലല്ലോ. അവിടെ താമസിക്കുന്നവരെയും അവരുടെ ഫോൺനമ്പരും എനിക്കറിയില്ല. അവരെ മാത്രമല്ല, ആ കോളനിയിലെ ആരെയും എനിക്കറിയുമായിരുന്നില്ല. അതിരാവിലേയും വൈകിട്ടും ഞാൻ നടന്നു വരുന്ന ഈ വഴിയുടെ ഇരുവശങ്ങളിൽ നിന്നും ഒരു സൗഹൃദച്ചിരിയോ കുശലാന്വേഷണമോ എനിക്ക്‌ കിട്ടിയിട്ടുമില്ല.


ഓട്ടോറിക്ഷ അനങ്ങി. അതിന്റെ ഹെഡ്‌ലൈറ്റുകൾ തെളിഞ്ഞു. അത്‌ മെല്ലെ മുൻപോട്ടു നീങ്ങി. ഒരു പക്ഷെ അത്‌ എന്റെ ഗേറ്റിനു മുൻപിൽ നിർത്തിയേക്കും. അതിൽ നിന്നും എന്റെ മകൾ ഇറങ്ങി വന്നേക്കും. എങ്ങിനെയായിരിക്കും അവൾ വരിക? ഒരുപക്ഷെ അതിൽ നിന്ന് നിയതി വന്നില്ലെങ്കിൽ ...? അവൾ ഇപ്പോൾ വേറെ ഏതോ നിരത്തിൽ, മഴയിൽ, വഴിയരുകിൽ നിർത്തിയിട്ട മറ്റേതോ ഒരു ഒട്ടോറിക്ഷയിൽ .... ?


പെട്ടെന്ന് നടുക്കത്തോടെ ഞാനറിഞ്ഞു. എനിക്ക്‌ നിയതിയെ അറിയില്ല. ഹാഫ്‌ സ്കർട്ടിനടിയിലെ മെലിഞ്ഞ കണങ്കാലുകളും ഒരു നിഷേധനടത്തവും പുതപ്പിനടിയിലെ പാതിമറഞ്ഞ ഒരു കുഞ്ഞുമുഖവുമല്ലാതെ .... എന്റെ ഗേറ്റിൽ നിർത്തുന്ന ഓട്ടോയിൽ നിന്ന് ഇറങ്ങിവരുന്ന കുട്ടി എന്റെ മകളാണോ എന്ന് തിരിച്ചറിയാൻ എനിക്ക്‌ കഴിയുകയില്ല.


നിയതി ഇനിയും എത്തിയിട്ടില്ല ....

O


Saturday, September 8, 2012

സംസ്കാരജാലകം


സംസ്കാരജാലകം-14 
ഡോ.ആർ.ഭദ്രൻ















സാഹിത്യവാരഫലം/ പ്രൊഫ.എം.കൃഷ്ണൻനായർ
- ഒരു പുനർവായന



സാഹിത്യവാരഫലം കലാകൗമുദിയിലും സമകാലിക മലയാളത്തിലും വന്നിരുന്ന കാലത്ത്‌ തന്നെ വായിച്ചിരുന്നു. വാരിക കിട്ടിയാൽ ആദ്യം വായിക്കുക സാഹിത്യവാരഫലമായിരുന്നു. കേരളത്തിലെ കലാശാലകളിലെയും യൂണിവേഴ്സിറ്റികളിലെയും  ഇംഗ്ലീഷ്‌ പ്രൊഫസർമാരെ തോൽപ്പിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ്‌ സാഹിത്യവായനയും ഈ മലയാളം പ്രൊഫസർക്ക്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ പല ഇംഗ്ലീഷ്‌ പ്രൊഫസർമാർക്കും കൃഷ്ണൻനായർ സാറിനോട്‌ നീരസം ഉണ്ടായിരുന്നു.

പ്രൊഫ.എം.കൃഷ്ണൻനായർ

സാഹിത്യവാരഫലം മികച്ച ഒരു ലിറ്റററി ജേർണ്ണലിസമായിരുന്നു. ഒരു പക്ഷേ ലോകത്തിലെ തന്നെ മികച്ച ഒന്ന്. രസകരമായും വായനാക്ഷമമായും ഉള്ള അതിന്റെ അവതരണശൈലിയാണ്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്‌. സമകാലിക സാഹിത്യത്തോട്‌ അദ്ദേഹം പുലർത്തിയ താൽപര്യമാണ്‌ ഈ കോളത്തിന്റെ മറ്റൊരു സവിശേഷത. ഒരുപാട്‌ ഇൻഫർമേറ്റീവ്‌ ആയിരുന്നു അത്‌. അദ്ദേഹത്തിന്റെ വിപുലമായ വായനയുടെ അരങ്ങായി അത്‌ അരങ്ങു തകർക്കുക തന്നെ ചെയ്തു. നല്ല ആക്രമണങ്ങൾ നടത്താനും അതിന്‌ കഴിഞ്ഞിരുന്നു. ഒരു വലിയ സാഹിത്യ വ്യക്തിത്വത്തിന്റെ സാന്നിധ്യം ഈ കോളത്തെ ആധികാരികമാക്കി. അക്കാലത്തെ എഴുത്തുകാർക്ക്‌ ഈ കോളത്തിൽ പേരു വരാൻ വല്ലാത്ത ഭ്രമമാണ്‌ ഉണ്ടായിരുന്നത്‌. അനുകൂലമായോ പ്രതികൂലമായോ ദേവന്റെ കൈകൊണ്ട്‌ മരിക്കുക അല്ലെങ്കിൽ അനുഗ്രഹം നേടുക! രണ്ടും ഒരുപോലെ പ്രിയങ്കരമായി അക്കാലത്തെ സാഹിത്യകാരന്മാർ കരുതി. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോൾ പലപ്പോഴും അത്‌ ഉയർന്ന സെൻസിബിലിറ്റി പ്രകടിപ്പിച്ചിരുന്നില്ല. സാഹിത്യവിമർശനം എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃതികൾ ഒന്നും കൃഷ്ണൻനായരിൽ നിന്നും ഉണ്ടാകാതെ പോയതും ഈ സെൻസിബിലിറ്റി ദാരിദ്ര്യം കൊണ്ടായിരുന്നു. തെറ്റായ ഒരുപാട്‌ നിഗമനങ്ങൾ സാഹിത്യവാരഫലത്തിൽ പലപ്പോഴും വായിച്ചത്‌ ഇപ്പോഴും ഓർക്കുന്നു. സാഹിത്യത്തോട്‌ അവസാനകാലം വരെ കൃഷ്ണൻനായർ സാർ പുലർത്തിയ പ്രതിബദ്ധത കൊണ്ടുതന്നെ മലയാളിക്ക്‌ ഒരിക്കലും 'സാഹിത്യവാരഫല'ത്തെ മറക്കാൻ കഴിയില്ല.

ഈ കോളത്തിനെതിരെയും അദ്ദേഹത്തിന്റെ സാഹിത്യവിമർശനത്തിനെതിരെയും ഡോ.രാജകൃഷ്ണൻ നേരത്തെ നടത്തിയ വിമർശനം അക്ഷരംപ്രതി ശരിയാണ്‌. അപ്പോഴും പറയട്ടെ, സാഹിത്യവാരഫലം മലയാളത്തിലെ സാഹിത്യസ്നേഹികൾക്ക്‌ ഇന്നും ഒരു ആവേശം തന്നെയാണ്‌. ഈ കോളം അദ്ദേഹത്തിന്‌ ഒരുപാട്‌ ശത്രുക്കളെ സൃഷ്ടിച്ചുകൊടുത്തു എന്നതും നാം ഓർക്കണം.

ഒരിക്കൽ സാഹിത്യവാരഫലത്തിൽ എം.കൃഷ്ണൻനായർ സാർ ഇങ്ങനെ എഴുതി  "ഈ സംഭവത്തിന്‌ കുറെ വർഷം മുമ്പ്‌ ജി.ശങ്കരക്കുറുപ്പിനോടൊപ്പം ഞാനൊരു സമ്മേളനത്തിനു പോയി. പാലായ്ക്ക്‌ അടുത്തുള്ള വിളക്കുമാടം എന്ന സ്ഥലത്ത്‌. കൂടെ ഇ.ഡി.ഹരിശർമ്മയുമുണ്ടായിരുന്നു. പന്തളം അടുക്കാറായ‍പ്പോൾ മഹാകവി പത്രം വായിക്കാൻ തുടങ്ങി. കാറ്‌ വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നതിനാൽ ഇരമ്പിക്കയറിയ കാറ്റ്‌ പത്രത്തെ വല്ലാതെ ചലനം കൊള്ളിച്ചു. ജി. എത്ര ശ്രമിച്ചിട്ടും അത്‌ കയ്യിലൊതുക്കിവെക്കാൻ സാധിച്ചില്ല. ഞെരിയുകയും പിരിയുകയും തുള്ളുകയും ചെയ്യുന്ന പത്രത്തെ നോക്കിക്കൊണ്ട്‌ കവി മൊഴിയാടി. 'ഹായ്‌ ശാഠ്യം പിടിച്ചുകരയുന്ന കുഞ്ഞിനെ അടക്കിയിരുത്താൻ ഇത്ര പ്രയാസമില്ല !!' ശങ്കരക്കുറുപ്പ്‌ നല്ല കവിയാണെങ്കിലും ആ പ്രയോഗം കൽപനാഭാസമാണെന്ന് എനിക്ക്‌ തോന്നിപ്പോയി". (512-513) ശങ്കരക്കുറുപ്പിന്റെ പ്രയോഗം എത്ര കലാത്മകമാണെന്ന് സെൻസിബിലിറ്റി ഉള്ള ആർക്കാണ്‌ തിരിച്ചറിയാൻ കഴിയാത്തത്‌? പക്ഷെ സാഹിത്യവാരഫലംകാരന്‌ കഴിയുന്നില്ല. ഇത്തരത്തിൽ സ്വന്തം സെൻസിബിലിറ്റിയുടെ പാപ്പരത്തം വിളിച്ചോതുന്ന ഒരുപാട്‌ സന്ദർഭങ്ങൾ 'സാഹിത്യവാരഫല' ത്തിൽ കടന്നുകൂടിയിട്ടുണ്ട്‌.

സാഹിത്യവാരഫലത്തിൽ ജീവിതത്തെ തിളക്കിനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടാണ്‌ ജീവനുള്ള ഒരു കലാസൃഷ്ടിയായി, സമാഹരിക്കപ്പെട്ടുകഴിഞ്ഞ സാഹിത്യ വാരഫലം എന്ന പുസ്തകത്തിന്‌ മാറാൻ കഴിഞ്ഞത്‌. അത്‌ ജീവിതത്തിന്റെ മാത്രമല്ല, സാഹിത്യത്തിന്റെയും ഒരുപനിഷത്തായി മാറിയിട്ടുണ്ട്‌. ഉപനിഷത്ത്‌ എന്നു പറഞ്ഞാൽ അധികമായിപ്പോകുമോ? കൈപ്പുസ്തകം എന്നു പറഞ്ഞാൽ അതൊരു പോരായ്മയും ആകും.

നാടകീയമായി ഫലിതം കലർത്തി, തനിക്ക്‌ പറയാനുള്ള കാര്യങ്ങൾ സാഹിത്യമായാലും പൊതുക്കാര്യമായാലും കൃഷ്ണൻനായർ അവതരിപ്പിക്കുമ്പോൾ കോളത്തിന്‌ ജീവൻ വെക്കുകയായി. ലോകജീവിതത്തോടുള്ള പ്രതിബദ്ധതയും ബുദ്ധിപ്രഭാവവും ഈ കോളത്തെ അനശ്വരമാക്കുക തന്നെ ചെയ്തു. ഉജ്ജ്വലമായ ഒരുപാട്‌ ഉപദർശനങ്ങൾ - മൗലികമായതും ചില മഹാന്മാരിൽ നിന്നുംശേഖരിച്ചതും കൃഷ്ണൻനായരുടെ കോളത്തെ എത്രയോ തവണ ജ്വലിപ്പിച്ചിട്ടുണ്ടന്നോ !

ഒരെണ്ണം നോക്കുക :- ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ മഹാവ്യക്തികളേക്കാൾ  നമ്മൾ സ്നേഹിക്കുന്നതും  ബഹുമാനിക്കുന്നതും കലാസൃഷ്ടികളിലെ വ്യക്തികളെയാണ്‌. ധർമ്മപുത്രരെ നമ്മൾ ബഹുമാനിക്കുന്നതുപോലെ, നമ്മൾ മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നില്ല - സി.രാജഗോപാലാചാരിയുടെ ആശയം. യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ മെത്രാനെക്കുറിച്ച്‌ വിചാരിക്കുമ്പോഴെല്ലാം എന്റെ ശിരസ്സ്‌ കുനിഞ്ഞുപോകുന്നു. ഇന്നത്തെ എതു മെത്രാനെ കണ്ടാലും എനിക്ക്‌ ആ ചേഷ്ട ഉണ്ടാവുകയില്ല. സത്യം കല ആവിഷ്കരിക്കുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

സാഹിത്യവാരഫലം സ്ത്രീവിരുദ്ധമാണെന്ന ഒരു വിമർശനം ഉന്നയിക്കാവുന്നതാണ്‌. എം.കൃഷ്ണൻനായരുടെ പുരുഷമേധാവിത്വപരമായ കാഴ്ചപ്പാട്‌ പഴയ നായർ മാടമ്പിത്തത്തിന്റെ ഭാഗം കൂടിയാണ്‌. പക്ഷേ വായനക്കാർക്ക്‌ സ്ത്രീകളെ കുറ്റം പറയുന്ന രീതിയോട്‌ ഒരാഭിമുഖ്യം ഉണ്ടായിരുന്നു എന്നത്‌ മറ്റൊരു കാര്യം.

സിമോൺ ദെ ബൊവ്വാറും കേറ്റ്‌ മില്ലറ്റും ജെർമ്മൻ ഗ്രീറും വരെ (സ്ത്രീവാദ സൈദ്ധാന്തികർ ) സത്യം ദർശിക്കുന്നവരല്ല എന്നും, അഡ്വക്കെയിറ്റ്സായിട്ടാണ്‌ അവരുടെ രംഗപ്രവേശം എന്നും കൃഷ്ണൻനായർ തുറന്നടിച്ചിട്ടുണ്ട്‌.

കൃഷ്ണൻനായരുടെ മഹത്വം പൂർണ്ണമായി അറിയുവാൻ സാഹിത്യവാരഫലം സമാഹരിക്കപ്പെട്ടിട്ടുള്ള ആ പുസ്തകം വായിച്ചു നോക്കിയാൽ മതി. 



സകലകല/ ആർട്ട്‌ കഫേ



മനോരമ ന്യൂസിലെ 'സകലകല' കച്ചവടസിനിമകളെ ഏതോ മഹാസംഭവം ആണെന്ന് ലോകരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്നുണ്ട്‌. വാർത്ത പോലെയാണ്‌ അത്‌ നമ്മുടെ ഇടയിലേക്ക്‌ വരുന്നത്‌. വാർത്തയുടെ രാഷ്ട്രീയ-ചരിത്ര പ്രാധാന്യത്തെ പോലും നിസ്സാരവത്ക്കരിക്കുന്നതിന്‌ സകലകല മറ്റൊരു തരത്തിൽ ഗൂഢപ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്‌. വാർത്തയുടെ സ്പേസിൽ എന്ന പോലെ ചില ജൂവല്ലറികളുടെ പരസ്യങ്ങൾ ഇടയ്ക്ക്‌ വരുന്നത്‌ ശ്രദ്ധിക്കുക. ചിലതിനെ ആദേശം ചെയ്ത്‌ ചിലതിനെ ആ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുകയാണ്‌ മാധ്യമങ്ങൾ. ഭാവിയുടെ വലിയ വിപത്തുകളാണ്‌ ഇതെല്ലാം കൂടി നിർമ്മിച്ചുകൂട്ടുന്നത്‌. കാത്തിരുന്ന് കണ്ടുകൊള്ളുക!

കൈരളിയുടെ 'ആർട്ട്‌ കഫേ'യും മനോരമയുടെ 'സകലകല'യും ഒക്കെ തട്ടുപൊളിപ്പൻ/കച്ചവട സിനിമകളെ മഹത്വവൽക്കരിക്കുന്ന പണി തുടരുമ്പോഴും ഇതൊന്നുമല്ല യഥാർത്ഥ സിനിമയെന്ന കാര്യം മറച്ചുപിടിക്കുകയാണ്‌. സിനിമ മനുഷ്യനെ അവന്‌/ അവൾക്ക്‌ തന്നെ കാണിച്ചുകൊടുക്കുന്നതാണ്‌. മേൽപ്പറഞ്ഞ സിനിമകൾ മനുഷ്യനെ മനുഷ്യരിൽ നിന്നും മറച്ചുപിടിക്കുന്നു. അതുകൊണ്ട്‌ 'സകലകല' നല്ല സിനിമയുടെ മാത്രം പ്രചാരണം നടത്തണം. അല്ലെങ്കിൽ ഭാവിയിൽ സകലകലയും ആർട്ട്‌ കഫേയും സകലകൊലയായി ചരിത്രം വായിച്ചെടുക്കും. ഉപഭോഗസംസ്കാരത്തിന്റെ തീസിസിൻ പ്രകാരമാണ്‌ ഇതെല്ലാം അരങ്ങേറുന്നത്‌. ഏതു വൃത്തികേടുകളെയും മഹത്വവൽക്കരിക്കുന്ന ഒരു ചതി ഇതിനു പിന്നിലുണ്ട്‌. ഉത്തരാധുനിക കാലം മനുഷ്യവിരുദ്ധമാണ്‌ എന്ന് പറയുന്നതിന്‌ പിന്നിലെ ഒരു കാരണവും ഇതു തന്നെയാണ്‌.



 തീരാത്ത ഗസൽ

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2012  ജൂലൈ

 മെഹ്ദി ഹസ്സൻ

ആലങ്കോട്‌ ലീലാകൃഷ്ണൻ ഗസൽ ഉസ്താദ്‌ മെഹ്ദിയെക്കുറിച്ച്‌ ഒരു സ്മരണാഞ്ജലി എന്നവണ്ണം 'തീരാത്ത ഗസൽ' എന്ന കവിത എഴുതിയത്‌ നന്നായി. പ്രതിഭാശാലിയായ മെഹ്ദിക്ക്‌ മലയാളത്തിലെ കവിയായ കലാകാരൻ സമർപ്പിച്ച സ്മരണാഞ്ജലിയായിരുന്നു ഈ കവിത. ഹൃദയം കൊണ്ടെഴുതിയ കവിത തന്നെയാണിത്‌. ഈ നാലുവരികൾ വായിക്കുമ്പോൾ തന്നെ വായനക്കാർക്ക്‌ കവിയുടെ ആത്മലയം അനുഭൂതിയാക്കിയെടുക്കാം.

ഭൂമിയോളം വലുതായ പ്രേമമേ
ഭൂമിതൻ കടലുപ്പാം വിരഹമേ
എന്നുമോരോ ഗസലിനുമക്കരെ
നിന്നു പെയ്യാത്ത ജന്മവിഷാദമേ



ചരിത്രമായിത്തീരേണ്ട പോരാട്ടവിജയം



കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിലെ ജീവിക്കാനാവശ്യമായ കൂലിക്കുവേണ്ടി മൂന്നു നഴ്സുമാരുടെ നേതൃത്വത്തിൽ നടന്ന സമരം ചരിത്രമായിത്തീരേണ്ട ഒരു പോരാട്ടവിജയമാണ്‌. മൂന്നു പെൺകുട്ടികൾക്ക്‌ ആശുപത്രി മാനേജ്‌മെന്റിനെയും ഭരണകൂടത്തെയും മുട്ടുകുത്തിക്കുവാൻ കഴിഞ്ഞു. ജനങ്ങളുടെ പങ്കാളിത്തവും പോരാട്ടത്തെ വിജയിപ്പിച്ച പ്രധാനഘടകമാണ്‌. സമരങ്ങൾ വഴിപാടുകളായിത്തീരുന്ന ഇക്കാലത്ത്‌ ഈ പോരാട്ടവിജയത്തിന്‌ തിളക്കം കൂടുകയാണ്‌.



ഗ്രാമം മാസിക മെയ്‌ 2012


ഗ്രാമം മാസികയിലെ രണ്ടു കവിതകൾ ശ്രദ്ധേയമായിരുന്നു.

1. മനുഷ്യൻ- ഉഴമലയ്ക്കൽ മൈതീൻ

വിയർപ്പ്‌
എന്നും നിറമില്ലാത്ത ചോരയാണ്‌
ചിരി തീപിടിച്ച പതാകയാണ്‌,
മിഴി കാറ്റടങ്ങാത്ത ഉൾക്കടലും

2. അമൃതേത്ത്‌ -  ഏ.ആർ.ഉണ്ണിത്താൻ

പല ജാതി പല മതം
പല ദൈവം ഭാരതത്തിന്‌
അധികാരം അമൃതേത്ത്‌
ഒരു മതം
ഒരു ദൈവം
മൃഗത്തിന്‌ !

മൃഗവർഗ്ഗം അലയുന്നു
മലയില്ലാ മലനാട്ടിൽ!
പലജാതി സെൻസസ്‌
പകലോനും അതികഠിനം

പലതട്ടിൽ പൊട്ടുന്ന അമിട്ടുപോലെയുണ്ട്‌ രണ്ടാമത്തെ കവിത. പൊട്ടി വർണ്ണാഭ വിടർത്തുന്നു. ആദ്യ കവിത ഭാവനാ ചമൽക്കാരത്തിന്റെ കവിതയാണ്‌; ഒപ്പം ആലോചനാമൃതവും.



നദീസംയോജന നീക്കം - മറ്റൊരു 
ആഗോളവൽക്കരണ പദ്ധതി


സി.പി.നാരായണൻ, കവർ സ്റ്റോറി- ചിന്ത വാരിക 16.03.2012


പൊതുതാൽപര്യങ്ങളിൽ ജാഗരൂകതയുള്ള ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ലേഖനമാണിത്‌. നമ്മുടെ പല പദ്ധതികൾക്ക്‌ പിറകിലും ആഗോളവൽക്കരണ താൽപര്യങ്ങൾ പ്രവർത്തിക്കുന്നു എന്നു മനസ്സിലാകണമെങ്കിൽ ഇത്തരത്തിലുള്ള ലേഖനങ്ങൾ വായിച്ചാൽ മാത്രമേ കഴിയൂ. ചിന്ത വാരിക സമ്പൂർണ്ണമായ ഒരു ധൈഷണിക വാരികയാണ്‌. ഓരോ ലക്കങ്ങളും മികച്ച നിലവാരത്തോടുകൂടിയാണ്‌ പുറത്തുവരുന്നത്‌. സാമൂഹിക പ്രതിബദ്ധതയോടുകൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഒരു കൊച്ചുപുസ്തകമായി ഓരോ ലക്കവും മാറുകയാണ്‌. ഇത്തരത്തിലുള്ള വാരികകൾ വായിക്കാൻ സാമൂഹ്യവിദ്യാഭ്യാസം സിദ്ധിച്ചവർ മുതൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർ വരെ തയ്യാറാകുമ്പൊഴേ വ്യക്തിയുടെ രാഷ്ട്രീയവൽക്കരണം സാധ്യമാകൂ.



വിലാപങ്ങളുടെ വിരുന്നുമേശ (നോവൽ)- 
വിനോദ്‌ ഇളകൊള്ളൂർ


വിനോദ്‌ ഇളകൊള്ളൂർ


വിനോദിന്റെ നോവൽ പുറത്തിറങ്ങി. നോവലിലെ ഒരു സംഭാഷണഭാഗം ഇങ്ങനെയാണ്‌.

'വലുതാകുമ്പോൾ ഞാൻ അമേരിക്കയിൽ പോകും'
സണ്ണിച്ചൻ പറഞ്ഞു. ഞാൻ കൗതുകം കൊണ്ടു.
എന്നിട്ട്‌ ...? ഞാൻ ചോദിച്ചു.
ഒരു വലിയ പണക്കാരനാകും .... സണ്ണിച്ചൻ
എന്നിട്ട്‌ ...? ഞാൻ
ഒരു സുന്ദരി മദാമ്മയെ കല്യാണം കഴിക്കും
എന്നിട്ട്‌ ...?
എന്നിട്ടെന്താ,ഞങ്ങൾക്ക്‌ കുഞ്ഞുങ്ങളുണ്ടാകും
എന്നിട്ട്‌ ....?
എനിക്കു വയസ്സാകും....
എന്നിട്ട്‌....?
എല്ലാവരേം പോലെ ഞാനും മരിക്കും ....
എന്നിട്ട്‌ .....?
സണ്ണിച്ചൻ പരിഭ്രമത്തോടെ എന്നെ നോക്കി. ഞാൻ പുഴയിലേക്ക്‌ കുതിച്ചു ചാടി. പുഴവെള്ളം ഇളകി മറിഞ്ഞു.

പണമുണ്ടാക്കാന്നതിനു മാത്രം പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളിയും ഈ ചോദ്യങ്ങളിലൂടെ കടന്നുപോകണം. ഈ നോവൽ അടിയന്തിരമായി വായിക്കുകയും ചെയ്യുക. ഉത്തരാധുനികതയിലെ അസ്തിത്വവാദത്തിന്റെ നോവലാണിത്‌.



പുതുനിരൂപണത്തിലെ കെണി



സുജ സൂസന്റെ 'എന്റെ പേര്‌' എന്ന കവിതാസമാഹാരത്തിന്റെ തുടക്കത്തിൽ മ്യൂസ്‌ മേരി ജോർജ്ജ്‌ പേരിന്റെ നാനാർത്ഥങ്ങൾ എന്ന ഒരു പഠനം ചെയ്തിട്ടുണ്ട്‌. അതിലെ ഒരു വാക്യം ഇങ്ങനെയാണ്‌ "മിത്തിക്കൽ കഥാപാത്രങ്ങളുടെ പുനർവായന സാംസ്കാരിക പഠനങ്ങളുടെ മേൽ നടത്തുന്ന ഇടപെടൽ വാർപ്പുമാതൃകകളുടെ  അഴിച്ചടക്കലിന്റെ എഴുത്തുവഴിയാണ്‌ ഈ സമാഹാരം". ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ടാണ്‌ വിമർശനം ആരും തിരിഞ്ഞു നോക്കാതെ പോകുന്നത്‌. മലയാള ഉത്തരാധുനിക സാഹിത്യത്തിൽ പലരും വാർപ്പുമാതൃക എന്നൊക്കെ എഴുതി നമ്മെ വിരട്ടിയിട്ടുണ്ട്‌. മേരി അതൊക്കെ വിടുക. അങ്ങനെ എഴുതിയതൊക്കെ കെണിയിൽ വീണ്‌ പിടയുന്നതാണ്‌ മലയാളവിമർശനത്തിന്റെ വർത്തമാനകാല ദുരന്തവാർത്ത. ലളിതമായും ദീപ്തമായും മൗലികമായും എഴുതി മുന്നേറുക. കവിതയിൽ എന്നപോലെ പുതുമലയാള നിരൂപണത്തിലും മേരിക്ക്‌ മുന്നേറാൻ കഴിയും.

പുസ്തകത്തിന്റെ അവസാനം ഡോ.കെ.എം.വേണുഗോപാൽ എഴുതിയ പേരടയാളക്കാർഡ്‌ എന്ന പഠനവും ചേർത്തിട്ടുണ്ട്‌. ഒരുപാട്‌ വലിയ കാര്യങ്ങൾ, സൂക്ഷ്മ ചിന്തകൾ എല്ലാം അതിലുണ്ട്‌. പക്ഷെ, ലേഖനമാകമാനം അവ്യക്തതയുടെ ആഘോഷമായി മാറുകയാണ്‌. ഇത്‌ പുതിയ നിരൂപണത്തിലെ മറ്റൊരു കെണിയാണ്‌. മാരാരും എം.പി.പോളും മുണ്ടശേരിയും കുറ്റിപ്പുഴയും കെ.പി.അപ്പനും രാജകൃഷ്ണനുമൊക്കെ എത്ര അഗാധമായ ചിന്തകളെയും വ്യക്തതയുടെ ആഘോഷമാക്കി മാറ്റിയതിന്റെ സൂക്ഷ്മ സഞ്ചാരവേഗങ്ങളെ, കമനീയതയെ, പുതുനിരൂപണത്തിലെ ഇത്തരക്കാർ ഉറക്കമൊഴിച്ചിരുന്നു പഠിക്കണം. നിരൂപണത്തിന്റെ ലോകത്തുനിന്ന് വിവേകശാലികളായ വായനക്കാർ പോലും കൂട്ടപലായനം നടത്തുന്ന സാഹചര്യം മലയാള നിരൂപണത്തിന്റെ ഭാവിയെയാണ്‌ രോഗാതുരമാക്കുന്നത്‌. എഴുതുമ്പോൾ അത്‌ തനിക്കുവേണ്ടിയല്ലെന്നും അപരലോകത്തിനു വേണ്ടിയാണെന്നും ഇവർ മറക്കാതിരിക്കട്ടെ.

ശ്രദ്ധേയമായ ചിന്തകൾ


1. ഉപേക്ഷിച്ചാൽ ഉപദ്രവിക്കാത്തതും അപേക്ഷിച്ചാൽ അനുഭൂതി തരുന്നതുമായ പ്രണയം വലിയൊരു ചിന്താവിഷയം കൂടിയാണ്‌ - ഗിരീഷ്‌ പുലിയൂർ
( പാട്ട്‌ .. പ്രേമം... വീഞ്ഞ്‌, ലോകമലയാളം മാസിക ഏപ്രിൽ 2012)

2. "അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല, ശകുന്തളയുടെ രണ്ടു ഭാവങ്ങളാണ്‌. അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലും നന്മ നിറഞ്ഞ മറിയത്തിന്റെ സ്വഭാവത്തിലെ അംശങ്ങളുണ്ട്‌."
(കെ.പി.അപ്പൻ, മധുരം നിന്റെ ജീവിതം)


തലയ്ക്കടി കിട്ടിയതുപോലെ - ദിലീപ്‌


ദിലീപ്‌

ദിലീപിന്റെ അഭിനയമികവ്‌ നേരത്തെ തന്നെ 'സംസ്കാരജാലകം' എടുത്തുകാട്ടിയിട്ടുള്ളതാണ്‌. ചാന്തുപൊട്ടിലെയും കുഞ്ഞിക്കൂനനിലേയും അഭിനയം മിമിക്രിയാണെന്നു കണ്ടെത്തിയ ജൂറിയംഗങ്ങൾ ശരിയായ വിലയിരുത്തലല്ല നടത്തിയത്‌. സ്വന്തം വ്യക്തിത്വം മറച്ചുകളഞ്ഞ്‌ അപരവ്യക്തിത്വം പുറത്തുകൊണ്ടുവരുന്നത്‌ അഭിനയമാണ്‌. അതുകൊണ്ട്‌ ദിലീപിന്റെ പ്രതികരണം കൃത്യമാണ്‌..... "തലയ്ക്കടി കിട്ടിയതുപോലെ". അതുകൊണ്ട്‌ 2010-11 വർഷത്തെ ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം സന്തോഷത്തോടെയാണ്‌ ശ്രവിച്ചത്‌.


2012 ജൂലൈ 15 മാതൃഭൂമി


'നീ പാർട്ടിയാകുന്നു, പാർട്ടി സെക്രട്ടറിയാകുന്നു' എന്ന ലേഖനം വർത്തമാനകാല രാഷ്ട്രീയത്തിലെ ചില ഗൂഢശ്രമങ്ങളുടെ ഭാഗമായി വേണം കാണേണ്ടത്‌. 'വ്യത്യസ്ഥമായി ചിന്തിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യമാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം' എന്ന റോസാ ലക്സംബർഗിന്റെ ഉദ്ധരണിയോടെയാണ്‌ ലേഖനം തുടങ്ങുന്നത്‌. അരാഷ്ട്രീയവാദവും വ്യക്തിവാദവുമൊക്കെ നാം ഒത്തിരി കേട്ടതല്ലേ രഘു. ഒരു ഗുണവുമില്ലാത്ത 'ചർവിത ചർവണം' ഇനിയും വേണമോ? കേരളത്തിന്റെ ഇടതുപക്ഷ ബോധത്തെ തകർക്കാൻ വലതുപക്ഷ/ മാധ്യമ ലോബി നടത്തുന്ന ഗൂഢനീക്കങ്ങൾക്ക്‌ വായ്ത്താരിയായി മാത്രമേ ബുദ്ധിയുള്ളവർ ഇതിനെ കാണൂ. ഇതൊന്നും കേരളമണ്ണിൽ കൂടുതൽ കാലം ചെലവാകുമെന്ന് തോന്നുന്നില്ല. ആധുനികതയ്ക്ക്‌ വളരെ മുമ്പുള്ള കുലസ്വത്വമാണ്‌ സി.പി.എം ന്റേത്‌ എന്നു ചെറുതായി കാണുന്ന രഘു നമ്മൾ ചർച്ച ചെയ്തു ചവറ്റുകൊട്ടയിൽ തള്ളിയ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ പതിപ്പാണ്‌ സൃഷ്ടിക്കുന്നത്‌. സി.പി.ഐ.എം കേരളത്തിലെ ജനങ്ങൾക്ക്‌ അനിവാര്യമായ സ്വത്വമാണ്‌. സി.പി.ഐ.എം ൽ നിന്നും വിട്ടുപോയതിലുള്ള ദു:ഖം ഇന്നും കെട്ടടങ്ങിയിട്ടില്ല എന്ന് സി.പി.ജോണിന്റെ ഏറ്റുപറച്ചിൽ രഘു വായിച്ചോ?

മുളകുബജി

(ലോകമലയാളം മാസിക, ഏപ്രിൽ 2012)

ലോകമലയാളം മാസികയിൽ മുളകുബജി എന്ന പംക്തിയിൽ കെ.എൻ.ചക്രപാണി രണ്ടു വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. ഒന്ന്- നമ്മുടെ സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ യേശുദാസിനെക്കുറിച്ച്‌ നിർമ്മിച്ച ഡോക്യുമന്ററിക്ക്‌ പേരിട്ടത്‌ സദ്‌ഗുരുവെന്നാണ്‌. ഇതു കുറച്ച്‌ കടന്ന കയ്യായിപ്പോയി എന്ന് മുളകുബജി. രണ്ട്‌ - മാതൃഭൂമി എം.എച്ച്‌.ശാസ്ത്രി എന്ന മഹാപണ്ഡിതന്റെ മരനവാർത്തയും ലേഖനങ്ങളും പ്രാധാന്യത്തോടെ കൊടുത്തില്ലെന്നും  മനോരമ അതു ചെയ്തു എന്നുമാണ്‌ മുളകുബജിയുടെ മറ്റൊരു ആക്ഷേപം. രണ്ടും കാതലായ വിമർശനങ്ങൾ തന്നെ.

വെള്ളപ്പൊക്കം - എം.ആർ.രേണുകുമാർ

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

എം.ആർ.രേണുകുമാറിന്റെ നാം ഇതുവരെ വായിച്ച കവിതകൾ പോലെ 'വെള്ളപ്പൊക്ക'വും സുതാര്യതയും സുതാര്യതയ്ക്കുള്ളിലെ സർഗ്ഗാത്മകതയുടെ സുതാര്യതയും കൊണ്ട്‌ മനസ്സിലേക്ക്‌ വെളിച്ചമായി പാറിപ്പറന്നു വരികയാണ്‌. മഴവെള്ളത്തിന്റെ ഗ്രാമ്യാനുഭവങ്ങളാണ്‌ കവിത. ഒപ്പം ദളിത ജീവിതസമ്മർദ്ദങ്ങളുടെ അഴകും കവിത പ്രകടിപ്പിക്കുന്നു. മാധ്യമവിഷം ചീറ്റുന്ന ആശയങ്ങൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു (എൻ.പ്രഭാകരൻ) ഈ ലക്കം. സുനിൽ.പി.ഇളയിടത്തിന്റെ ലേഖനവും ഈ കവിതയും വായിച്ചപ്പോഴാണ്‌ ഒരാശ്വാസം തോന്നിയത്‌. കവിതയിലെ രണ്ടുവരി സുതാര്യതയ്ക്കുള്ളിലെ സർഗ്ഗാത്മകതയുടെ സുതാര്യത കാണിക്കാനായി മാത്രം ഉദ്ദരിക്കുന്നു.

മഴക്കാലമതിന്നിടങ്കാലിനാൽ
വേനലിൻ പോസ്റ്റിലേക്ക്‌
തുരുതുരെ കോരിച്ചൊരിയും
മിന്നലിൻ ഗോളുകൾ

ക്ലാസിക്‌- നിയോ ക്ലാസിക്‌ ഭാവനകൾ വെല്ലുവിളിക്കപ്പെടുക കൂടിയാണ്‌ ഇവിടെ.


ഏകാധിപതിയായ അധ്യാപകന്റെ/ അധ്യാപികയുടെ അന്ത്യം



ഏകാധിപതിയായ അധ്യാപകൻ/അധ്യാപിക ക്ലാസ്സിൽ മരിച്ചെങ്കിലേ ക്ലാസ്സുമുറിയിൽ ഗുണപരമായ വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യം ഉണ്ടാകൂ. വിദ്യാർത്ഥി കേന്ദ്രിതവും അധ്യാപക നിയന്ത്രിതവുമായ ക്ലാസ്സാണത്‌. ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകൻ പഠന/മനന/പ്രവർത്തനങ്ങളാൽ സദാപി വ്യാപരിക്കുമ്പൊഴേ ഈ സ്വപ്നം പൂവണിയൂ.



കാർട്ടൂൺ സാംസ്കാരിക മുന്നേറ്റമാകുന്ന വഴി


ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള കാർട്ടൂണിസ്റ്റുകളിൽ ഒരാളായ അഡ്വ.ജിതേഷ്‌ കേരളത്തിൽ ഇന്നൊരു സാംസ്കാരിക മുന്നേറ്റത്തിന്റെ ജൈത്രയാത്രയിലാണ്‌. രണ്ടായിരത്തിലധികം വേദികളിലാണ്‌ ജിതേഷ്‌ വരവേഗ വിസ്മയം അവതരിപ്പിച്ചു കഴിഞ്ഞത്‌. ഉജ്ജ്വലവും ധൈഷണികവും സംക്ഷിപ്തവുമായ പ്രഭാഷണം വിഷ്വൽ നരേഷൻ പോലെ വരയരങ്ങിനെ കൊഴുപ്പിക്കുന്നു. സചിത്രപ്രഭാഷണത്തിന്റെ അനന്തസാധ്യതകളാണ്‌ ഈ നവ സാംസ്കാരിക കലാരൂപം പരീക്ഷിക്കുന്നത്‌.

അഡ്വ.എസ്‌.ജിതേഷ്‌

നമ്മുടെ മികവാർന്ന നേതാക്കന്മാരും പ്രതിഭാശാലികളും ചരിത്രസന്ദർഭങ്ങളും വരയരങ്ങിൽ പുന:സൃഷ്ടിക്കപ്പെടുന്നു. ആട്ടവും പാട്ടും ഒന്നിപ്പിച്ച്‌ മൈക്കൽ ജാക്സൺ ലോകത്തെ കീഴടക്കിയതിന്റെ നേരിയ ഓർമ്മകളാണ്‌ ജിതേഷിന്റെ ഈ വേഗവിരൽ ചിത്രകലാ വിസ്മയം കേരളത്തിലാകമാനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. നമ്മുടെ കാലം, അരാഷ്ട്രീയവാദികളും യഥാർത്ഥ കലാവിരുദ്ധരും ഓർമ്മ നഷ്ടപ്പെട്ടവരും സംസ്കാരവിരുദ്ധരുമാക്കിത്തീർത്ത നമ്മുടെ കുട്ടികൾക്ക്‌ ഒരു ഷോക്‌ ട്രീറ്റ്‌മെന്റ്‌ ആകുവാൻ കഴിയുന്നുവെന്നതാണ്‌ ജിതേഷിന്റെ വേഗവരയരങ്ങിന്റെ സാമൂഹികബദ്ധത. ജിതേഷ്‌ ഇത്‌ ആഗോളമായിത്തന്നെ വികസിപ്പിക്കണം. വരയരങ്ങിനിടയിൽ പ്രകടമാകുന്ന ജിതേഷിന്റെ അതിശയകരമായ ഓർമ്മശക്തി ആരിലും അസൂയ ജനിപ്പിക്കുന്നതാണ്‌.


ടി.എൻ.ഗോപകുമാറേ ഇപ്പണി വേണ്ടായിരുന്നു...


T.N.ഗോപകുമാർ

ടി.എൻ.ഗോപകുമാറും പരസ്യപ്പണിക്ക്‌ ഇറങ്ങിയിരിക്കുന്നു. ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ആണ്‌ പുള്ളിക്കാരന്റെ ഐറ്റം. സ്വർണ്ണത്തിലേക്ക്‌ പ്രമോഷനുടൻ പ്രതീക്ഷിക്കാം. സിനിമാക്കാരും ക്രിക്കറ്റുകാരും പിന്നെ പരസ്യ മോഡലുകളും തുടങ്ങി അറ്റ്ലസ്‌ രാമചന്ദ്രൻ വരെ ഇപ്പണി ചെയ്യുന്നുണ്ട്‌. നമ്മുടെ മഹാന്മാരെ അടിച്ചോടിച്ച ഇവറ്റകളാണ്‌ ഇപ്പോൾ പുതിയ മഹാന്മാരും മഹതികളുമായി മിനിസ്ക്രീനിൽ നിറയുന്നത്‌. ടി.എൻ. വേറേ പണി നോക്കണേ. അശ്വമേധം ഫെയിം ഇപ്പണി ചെയ്യുന്നുണ്ട്‌. പുള്ളിക്കാരനെ നമ്മൾ വലുതായി കണക്കാക്കുന്നില്ല. ഓർമ്മയുണ്ടെന്നതിനപ്പുറം ഇങ്ങേര്‌ എന്താ പണി ഇവിടെ കാണിച്ചിട്ടുള്ളത്‌.


ഹോട്ടൽ റെയ്ഡുകൾ


ഭക്ഷ്യവിഷബാധ മൂലം ഒരാൾ മരിച്ചപ്പോഴാണ്‌ ഗവൺമെന്റ്‌, ഹോട്ടലുകൾ റെയ്ഡ്‌ ചെയ്യാൻ തുടങ്ങിയത്‌. ഇത്ര വ്യാപകമായ റെയ്ഡ്‌ മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല. ഇടതടവില്ലാതെ ഇത്തരം പരിശോധനകൾ ഉണ്ടാകേണ്ടതായിരുന്ന പുതിയകാലത്തിലെ ഒരു ഭരണകൂടത്തിന്‌ ഇത്‌ ഭൂഷണമേ അല്ല. മായം ചേർക്കലിനെക്കുറിച്ച്‌ സംസ്കാരജാലകം നേരത്തെ എഴുതിയിരുന്നു. ഹോട്ടലുകളെപ്പോലെ രോഗം പടർത്താൻ ഇടയുള്ള സ്ഥലങ്ങളാണ്‌ കേരളത്തിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും. ഒരാൾ മരിക്കുന്നതുവരെ കാത്തുനിൽക്കാതെ ഈ കേന്ദ്രങ്ങളും സമഗ്രപരിശോധനയ്ക്ക്‌ വിധേയമാക്കാൻ ഭരണകൂടം മുന്നോട്ട്‌ വരണം. മായം ചേർക്കലിനെതിരെ ശക്തമായ റെയ്ഡിന്‌ ഗവൺമെന്റ്‌ ഒരു നിമിഷം പോലും അമാന്തിക്കാൻ പാടില്ല.


പവിത്രൻ തീക്കുനിയുടെ ബാങ്ക്‌ ലോൺ


പവിത്രൻ തീക്കുനിയുടെ ബാങ്ക്‌ ലോൺ കവിതാപ്രേമികളുടെ സഹായത്തോടെ തിരിച്ചടച്ചുവെന്ന വാർത്ത കേട്ടു.  കവിതാസ്നേഹികളുടെ നടപടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. പവിത്രൻ ലോകത്തിനു വേണ്ടിയാണ്‌ കവിതകൾ എഴുതുന്നത്‌. പവിത്രനെ ലോകം നോക്കിക്കൊള്ളണം എന്നത്‌ ഒരു നീതി തന്നെയാണ്‌.



പിണറായി വിജയനും മഹാശ്വേതാദേവിയും


മഹാശ്വേതാദേവി കേരളത്തിലെ ഇടതുപക്ഷത്തിന്‌ ഒരു വലിയ സേവനം ചെയ്തു. പിണറായി വിജയൻ കോടീശ്വരനാണെന്നും വലിയ രമ്യഹർമ്യത്തിൽ താമസിക്കുകയാണെന്നും കേരളത്തിൽ ബോധപൂർവ്വമായ ഒരു പ്രചാരണം നടന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ അപവാദത്തിൽ കുടുക്കി ജനങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. പിണറായിയുടെ വീട്‌ രമ്യഹർമ്യമല്ലെന്നും കേരളം സന്ദർശിക്കുമ്പോൾ പിണറായിയുടെ വീട്ടിൽ വരാമെന്നും മഹാശ്വേതാദേവി ഇൻഡ്യൻ എക്സ്പ്രസ്‌ ലേഖകനോട്‌ വെളിപ്പെടുത്തിയതായി ഒരു ചാനലിൽ കണ്ടു. കേരളത്തിലെ ഇടതുപക്ഷത്തെ ചില കുബുദ്ധികൾ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. പിണറായിക്ക്‌ മഹാശ്വേതാദേവി എഴുതിയ തുറന്ന കത്തും അതിന്‌ വിജയൻ എഴുതിയ മറുപടിയും ഈ മറുപടിക്കുള്ള മഹാശ്വേതാദേവിയുടെ പ്രതികരണവും ഒരു പാട്‌ തെറ്റിദ്ധാരണകളുടെ മൂടൽമഞ്ഞാണ്‌ നീക്കിക്കളഞ്ഞത്‌.

ഓരോ എഴുത്തുകാരിയുടെയും ഉള്ളിലുമുണ്ടോ 
ഒരു രാജലക്ഷ്മി ?


(ഗ്രന്ഥാലോകം 2012 മെയ്‌)

രാജലക്ഷ്മി ഒരു പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചത്‌ അഭിനന്ദനീയമാണ്‌. രാജലക്ഷ്മി എന്ന എഴുത്തുകാരിയെ മലയാളം മറ്റ്‌ പല എഴുത്തുകാരെയും പോലെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സംഘസംവാദത്തിൽ നിന്നും പല 'നിലയവിദ്വാന്മാരെ'യും ഒഴിവാക്കി പുതിയ എഴുത്തുകാരെ ഉൾപ്പെടുത്തിയതാണ്‌ ഏറ്റവും അധികം സന്തോഷം നൽകുന്നത്‌.

ആത്മപ്രശംസയും മരണവുമൊക്കും


സാഹിത്യവാരഫലത്തിൽ ആത്മപ്രശംസ പലപ്പോഴും കടന്നുവന്നിട്ടുണ്ട്‌. എം.കെ.ഹരികുമാറും ഈ ദോഷത്തെ ഉപേക്ഷിക്കുന്നില്ല. നോക്കുക.

"എന്റെ ആത്മായനങ്ങളുടെ ഖസാക്ക്‌ എന്ന പുസ്തകം പുറത്തിറങ്ങിയ ഉടനെ (1984) ഞാൻ വി.പി.ശിവകുമാറിന്‌ അയച്ചുകൊടുത്തു. അദ്ദേഹം മറുപടിയായി ഒരു ഇൻലൻഡിൽ ഇങ്ങനെ എഴുതി - ഈ പുസ്തകം സർഗ്ഗാത്മകരചനയുടെ ഗാംഭീര്യം പ്രകടിപ്പിക്കുന്നു." ( കലാകൗമുദി, അക്ഷരജാലകം 2012 ജൂൺ 24)

മരണവും ആത്മപ്രശംസയുമൊക്കും എന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട്‌ പറഞ്ഞത്‌ ( മഹാഭാരതം- ദ്രോണപർവ്വം ) എത്ര ശരി !

ടി.പി.ചന്ദ്രശേഖരൻ വധം, അനീഷ്‌ രാജൻ; ഏ.കെ.ആന്റണി


ടി.പി.ചന്ദ്രശേഖരന്റെയും അനീഷ്‌ രാജന്റെയും (ഇടുക്കി) മറ്റും വധങ്ങൾ ഒരുപോലെ അപലപനീയമാണ്‌. ആധിപത്യ-മൂലധന ശക്തിക്കെതിരെ പോരാട്ടം ആരംഭിച്ച കാലം മുതൽ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളും തുടങ്ങിക്കഴിഞ്ഞു. അതില്ലാതാകണമെങ്കിൽ ആധിപത്യ / മൂലധന ശക്തികളുടെ സാന്നിധ്യം ഈ ഭൂമുഖത്ത്‌ ഇല്ലാതാവണം. ടി.പി.ചന്ദ്രശേഖരൻ വധം കേരളത്തിലെ അവസാന രാഷ്ട്രീയകൊലപാതകമാവണം എന്ന് ആന്റണി പറയുന്നു. നല്ല കാര്യമാണ്‌. പക്ഷെ ചരിത്രപുസ്തകങ്ങൾ ഉറക്കമൊഴിച്ചിരുന്ന് വായിച്ച്‌ രാഷ്ട്രീയ കൊലപാതകങ്ങളുടെ വേരുകൾ തോണ്ടിയെടുക്കാൻ കൂടി ആന്റണി ശ്രമിക്കണം; വെട്ടുവഴിക്കവിതകൾ എഴുതിയ കവികളും.

ഇടുക്കിയിലെ തമിഴ്‌ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ആയിരുന്നു അനീഷ്‌ രാജൻ കൊല്ലപ്പെട്ടത്‌. വെട്ടുവഴിക്കവികൾ അങ്ങോട്ടും കവിതയുടെ വഴികൾ വെട്ടുക. ടി.പി യുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കുക എന്നുള്ളത്‌ ഏത്‌ ജനാധിപത്യവാദിയും ഉത്ക്കടമായി ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്‌. മുതലെടുപ്പുകാരെയും മുതലക്കണ്ണീരുകാരെയും സൂക്ഷിക്കുക എന്നുള്ളതും ഒരു സാംസ്കാരിക ജാഗരൂകതയാണ്‌.

ഓർമ്മ


ദൈവത്തിന്റെ ശബ്ദമുള്ള  ഗസൽ ഗായകൻ മെഹ്ദി ഹസ്സൻ, വൈകാരികതയുടെ മാസ്മരിക ഭാവങ്ങൾ വെള്ളിത്തിരയിൽ മിന്നിച്ച രാജേഷ്‌ ഖന്ന, കരുത്തിന്റെ സ്ത്രീരൂപമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി എന്നിവരുടെ ഓർമ്മകൾക്ക്‌ മുന്നിൽ സംസ്കാരജാലകത്തിന്റെ ആദരാഞ്ജലികൾ
 


 മിസ്സിസ്‌ എന്ന കുരീപ്പുഴയുടെ കവിതയും സ്ത്രീപ്രസിദ്ധീകരണങ്ങളും



കുരീപ്പുഴ ശ്രീകുമാർ

നമ്മുടെ വനിതാപ്രസിദ്ധീകരണങ്ങളുടെ സർഗ്ഗാത്മകതയില്ലായ്മയും ഈ സാധനങ്ങൾ നമ്മുടെ സ്ത്രീകളെ എങ്ങനെ തകർക്കുന്നു എന്നതിനെക്കുറിച്ചും പലപ്രാവശ്യം സംസ്കാരജാലകത്തിൽ എഴുതിയിട്ടുണ്ട്‌. ഇതേ കാര്യം ഒരു കവിതയിലൂടെ കുരീപ്പുഴ ശ്രീകുമാർ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌. വായിച്ചുകൊള്ളുക. 'കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ' എന്ന സമാഹാരത്തിൽ 246 മത്തെ പേജിലെ ഈ കവിത എല്ലാ സ്ത്രീകളും വായിക്കണം. 

മിസ്സിസ്‌

പൊങ്ങച്ച സഞ്ചിയിലെന്തുണ്ട്‌
വനിതകൾക്കായുള്ള മാസികകൾ
മാസികകൾക്കുള്ളിലെന്തുണ്ട്‌
നീറുന്ന ജീവിതപ്രശ്നങ്ങൾ
നീറുന്ന പ്രശ്നങ്ങളെന്തെല്ലാം
സാരി മുഖക്കുരു ലിപ്സ്റ്റിക്‌
സ്റ്റിക്കല്ലാതില്ലയോ പ്രശ്നങ്ങൾ
ഭക്ഷണം വിശ്രമം വ്യായാമം.

രാഷ്ട്രീയ സാമൂഹികാവബോധങ്ങൾ നഷ്ടപ്പെട്ട, മാനസികമായ സൗന്ദര്യവും സർഗ്ഗാത്മകതയും നഷ്ടപ്പെട്ട പുതിയ കാലത്തിലെ പെണ്ണിന്റെ രേഖാചിത്രമാണിത്‌.



സുരേഷ്‌ ഗോപി ഇതൊന്നു അവസാനിപ്പിക്കുമോ ....



ഏഷ്യാനെറ്റ്‌ ചാനലിലെ കോടീശ്വരൻ എന്ന സുരേഷ്‌ ഗോപിയുടെ പ്രോഗ്രാമിന്റെ പേര്‌ തന്നെ തെറ്റായ സന്ദേശം ലോകത്തിനു നൽകുന്നതാണ്‌. പണമാണ്‌ ഏറ്റവും വലിയ സാമൂഹികശക്തി എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നത്‌ സുരേഷ്‌ ഗോപിയല്ല. ഇദ്ദേഹം ഒരുപകരണമോ പണശക്തിയുടെ ഏജന്റോ ആയിമാറുന്നു എന്നുമാത്രം. എന്തും കച്ചവടം ചെയ്യുക എന്നത്‌ പുതിയ കാലത്തിന്റെ സമ്പദ്‌ശക്തിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. ഇവരുടെ ഒരു തുറുപ്പു ശീട്ടാണ്‌ Entertainment Industry (Celebrity Culture). മനുഷ്യരിൽ നിന്നും സർഗ്ഗാത്മക ചിന്താതലങ്ങളെ ആട്ടിപ്പായിക്കുന്നത്‌ മേൽപ്പറഞ്ഞ തന്ത്രങ്ങളിലൂടെയാണ്‌. സർഗ്ഗാത്മക ചിന്തകളെ സാർവ്വകാലിക ബീഭത്സരൂപമായ പുതുസമ്പദ്‌വ്യവസ്ഥ ഭയക്കുന്നുണ്ട്‌. പാട്ടിനെ കച്ചവടം ചെയ്ത റിയാലിറ്റി ഷോയും ക്വിസിനെ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന കോടീശ്വരനും ആത്യന്തികമായി സർഗ്ഗാത്മക ചിന്തയിൽ നിന്നും മനുഷ്യനെ അകറ്റിക്കൊണ്ട്‌ പോകുകയാണ്‌.




രണ്ടുമിനിറ്റുകൊണ്ട്‌ ആർക്കും വായിച്ചെടുക്കാവുന്ന ക്വിസിലെ ചോദ്യോത്തരങ്ങളാണ്‌ ഒന്നര മണിക്കൂറിട്ട്‌ സുരേഷ്‌ ഗോപി അലക്കുന്നത്‌. ഇതിനുപിന്നിലുള്ള ചാനൽ മുതലാളിമാരുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌. ജ്ഞാനമാണല്ലോ എന്നൊരു മേലങ്കിയും കോടീശ്വരൻ സ്വന്തമാക്കിയിട്ടുണ്ട്‌. ജ്ഞാനത്തിന്റെ സർഗ്ഗാത്മകതയെ ജ്ഞാനത്തിന്റെ വടികൊണ്ടു തന്നെ അടിച്ചോടിക്കുകയാണ്‌. മലയാളിയുടെ വിലപ്പെട്ട സമയം തകർക്കുന്ന ഇവർ പാവങ്ങളുടെ പേരിലും കളിക്കുന്നുണ്ട്‌. പാവങ്ങളെ ഇല്ലാതാക്കുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ രാഷ്ട്രീയ പോരാട്ടങ്ങളെ ഇല്ലാതാക്കാനാണല്ലോ ഈ ഗിമിക്സ്‌ എന്ന് പാവം മനുഷ്യർ അറിയുന്നുമില്ല. പാവങ്ങളെ ആത്യന്തികമായി വിമോചിപ്പിക്കുന്നതിന്റെ വഴി EMS ഉം AKG യും ഒക്കെ നയിച്ച വഴിയാണ്‌ എന്ന ഓർമ്മയും ഇല്ലാതാക്കുവാൻ ചാനലുകൾ പെടാപ്പാടുപെടുന്ന കാലമാണിത്‌. കലാകാരനായ സുരേഷ്‌ ഗോപി സൗമ്യമായി ഇതൊക്കെ മനസ്സിലാക്കണം. പാവങ്ങളെ വിമോചിപ്പിക്കുന്ന രാഷ്ട്രീയ സമരങ്ങളുടെ പോർമുഖത്തിലാണ്‌ സുരേഷ്‌ ഗോപിയെപ്പോലുള്ളവർ സമൂഹത്തോട്‌ ആത്മാർത്ഥതയുണ്ടെങ്കിൽ കാണപ്പെടേണ്ടത്‌. ആരാധകരെ പച്ചയ്ക്ക്‌ വഞ്ചിക്കുന്ന ഒന്നിനും നടനകലയുടെ പ്രതിഭകൾ ഇനിയൊരിക്കലും തയ്യാറാകരുതേ.


പൂക്കളേക്കാൾ മണമുള്ള ഇലകൾ




ഒരു പുസ്തകത്തിന്റെ പേര്‌ എന്നതിനപ്പുറം എതിർപ്പിന്റെയും സങ്കടത്തിന്റെയും സൗന്ദര്യശാസ്ത്രം കൂടിയാണിത്‌. പൊതുധാരാ ആനുകാലികങ്ങൾ പുറത്താക്കുവാൻ ശ്രമിച്ചവരുടെ കഥകൾ സമാഹരിക്കപ്പെട്ടിരിക്കുകയാണിവിടെ. ബ്ലോഗ്‌ കഥകളുടെ സമാഹാരം. ഇത്ര സൗന്ദര്യമുള്ള ഗ്രന്ഥനാമങ്ങൾ അപൂർവ്വമായേ നമ്മുടെ ഇടയിൽ ഉണ്ടാകാറുള്ളൂ. പേരു പോലെ തന്നെ ഉള്ളടക്കവും നല്ലത്‌. മനോജ്‌ വെങ്ങോലയുടെ 'നോവൽസാഹിത്യം', നിധീഷ്‌.ജി യുടെ 'ഹൈഡ്ര', പ്രദീപ്‌കുമാറിന്റെ 'ഖരമാലിന്യങ്ങൾ', വി.ജയദേവിന്റെ 'ധനസഹായം ബാർ', സേതുലക്ഷ്മിയുടെ 'അനന്തരം' തുടങ്ങി മികച്ച 14 കഥകളാണ്‌ ഇതിലുള്ളത്‌. Insight Publica ആണ്‌ പ്രസാധകർ. അഭിനന്ദനങ്ങൾ.

ആറന്മുള വിമാനത്താവളം - രവിവർമ്മ തമ്പുരാൻ

അകം മാസിക, 2012 ജൂൺ


ചെന്താമരക്കൊക്ക എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട രവിവർമ്മ തമ്പുരാന്റെ കഥയാണിത്‌. പ്രണയം, ലൈംഗികത, ദാമ്പത്യം തുടങ്ങിയ ഒട്ടനവധി ജീവിതപ്രശ്നങ്ങൾ ഈ കഥ നമ്മുടെ കാഴ്ചയിലേക്ക്‌ കൊണ്ടുവരുന്നു. ഇത്രയേറെ പ്രശ്നങ്ങൾ ഒരു കഥയുടെ ചിമിഴിൽ അസാധാരണ വൈഭവത്തോടെ കൂട്ടിയോജിപ്പിച്ചെടുത്ത ആഖ്യാനമാണ്‌ കഥയുടെ പ്രധാന വൈശിഷ്ട്യം. കഥ അസ്വാഭാവികതയുടെ ആശങ്കകൾ ഉയർത്തുന്നുണ്ട്‌. പക്ഷെ പ്രശ്നങ്ങളുടെ സാംഗത്യം കൊണ്ടും ആഖ്യാനത്തിന്റെ കാര്യക്ഷമത കൊണ്ടും കഥ തന്നെ ഇത്‌ പരിഹരിക്കുന്നുണ്ട്‌. കഥ ഉയർത്തുന്ന പ്രണയത്തിന്റെ ഉദാരകാഴ്ചകളാണ്‌ ആറന്മുള വിമാനത്താവളത്തിന്‌ നല്ലൊരു വായനാനുഭവം പകരുന്നത്‌. ദാമ്പത്യത്തിന്റെ കുരുക്കിൽ നിന്ന് പലായനം ചെയ്തു പോകാനുള്ള മനസ്സിന്റെ അടിച്ചമർത്തപ്പെട്ട വാസനകളുടെ സ്വപ്നാത്മക വിമോചനം കൂടിയാണ്‌ ഈ കഥ. വർമ്മ, കഥയിൽ മുന്നേറുകയാണെന്ന് അകം മാസികയിലെ ഈ രചന തെളിവായി തീരുകയാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ബെന്യാമിൻ 'നെടുമ്പാശേരി' എന്ന ഒരു കഥ ഈയിടെ എഴുതുകയുണ്ടായി. അങ്ങനെ രണ്ട്‌ വിമാനത്താവളങ്ങളും നമ്മുടെ കഥയുടെ ഭൂപടത്തിൽ അടയാളപ്പെടുകയാണ്‌.

അയച്ചുകിട്ടിയ പുസ്തകങ്ങൾ


1. ഇന്നലെയിലെ പെൺകുട്ടി
(കുട്ടികളുടെ ശാസ്ത്ര നാടകങ്ങൾ)
മനോജ്‌ സുനി കൈപ്പട്ടൂർ
ലെൻസ്‌ ബുക്സ്‌,അടൂർ
വില 50 രൂപ

2. ഉന്മത്തതയുടെ ക്രാഷ്‌ലാൻഡിംഗുകൾ
(കവിതകൾ)
രാജേഷ്‌ ചിത്തിര
സൈകതം ബുക്സ്‌
വില 55 രൂപ

3. ഉരഗം ഉണ്ടാകുന്നത്‌
(കവിതകൾ)
ചെന്താപ്പൂര്‌
ഗ്രാമം ബുക്സ്‌, കൊല്ലം
വില 90 രൂപ

4. ഒ.എൻ.വി - പഠനം സംഭാഷണം ഓർമ്മ
എഡിറ്റർ- കെ.ബി.ശെൽവമണി
ഒലിവ്‌ ബുക്സ്‌
വില 300 രൂപ.


O



PHONE : 9895734218



Saturday, September 1, 2012

എമെർജിംഗ്‌ കേരള ആർക്കു വേണ്ടി?

ലേഖനം
ജോൺ പെരുവന്താനം











            മെർജിംഗ്‌ കേരള-2012 എന്ന പേരിൽ എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വിദേശ മുതൽമുടക്ക്‌ മേള അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്‌. 2003 ൽ വലിയ പ്രചരണ കോലാഹലങ്ങളോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌)  പരാജയപ്പെട്ടത്‌ നാം കണ്ടതാണ്‌. എന്നാൽ ഇത്തവണ വലിയ പ്രചാരണങ്ങൾ ഒന്നും കൂടാതെയാണ്‌ എമെർജിംഗ്‌ കേരള (Emerging Kerala) എന്ന ആപൽക്കരമായ അസംബന്ധം സംഘടിപ്പിച്ചിരിക്കുന്നത്‌. കേരളത്തിലെ 26 മേഖലകൾ ആണ്‌ ഈ പരിപാടിയിലൂടെ സ്വകാര്യമേഖലയ്ക്ക്‌ തുറന്നുകൊടുക്കുവാൻ പോകുന്നത്‌. പത്തു ലക്ഷത്തോളം ചെറുകിട വ്യാപാരികളുടെ ഉപജീവനം മുടക്കുന്ന റീട്ടെയിൽ രംഗത്തെ വിദേശമൂലധന നിക്ഷേപം, തുറമുഖവികസനം, ഗതാഗത സൗകര്യ വികസനം, അടിസ്ഥാനസൗകര്യ വികസനം, ഐ.ടി, ടൂറിസം, ഊർജ്ജം, ജൈവസാങ്കേതികം, ആരോഗ്യമേഖല, തുടങ്ങി അതീവപ്രാധാന്യമുള്ള മേഖലകളും ഉൾപ്പെടുന്നുണ്ട്‌. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഒന്നും പരിഗണിക്കാത്ത, സ്വകാര്യ മൂലധനത്തിന്‌ ലാഭം ഉണ്ടാക്കുവാൻ നമ്മുടെ നാടിനെയും നാട്ടുകാരെയും വിറ്റുതുലയ്ക്കുന്ന വികലമായ വികസനനയത്തിന്റെ ഭാഗമായിട്ടാണ്‌ എമെർജിംഗ്‌ കേരള സംഘടിപ്പിച്ചിരിക്കുന്നത്‌. ഈ വികലമായ വികസനനയത്തിന്‌ അനുകൂലമായ നിയമനിർമ്മാണങ്ങളും ഭേദഗതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്‌. നെൽവയൽ/തണ്ണീർതടം നികത്തുന്നത്‌ നിരോധിച്ച നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച ഭേദഗതി, തോട്ടം ഭൂമിയുടെ അഞ്ചുശതമാനം ഉടമയ്ക്ക്‌ ടൂറിസത്തിനായി ഉപയോഗിക്കാം തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.


ഏതൊക്കെ പദ്ധതികളാണ്‌ സർക്കാർ സ്വകാര്യമൂലധനം ക്ഷണിച്ച്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌? എത്ര ഭൂമി ഈ പദ്ധതികൾക്കായി ഏറ്റെടുക്കേണ്ടി വരും? പദ്ധതികളുടെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച്‌ പഠിച്ചിട്ടുണ്ടോ? ജനങ്ങളുമായി ഏതെങ്കിലും തരത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടോ? ഇത്തരം ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്‌. സുതാര്യത മുഖ്യമുദ്രാവാക്യമായി പ്രചരിപ്പിക്കുന്ന സർക്കാർ ഒട്ടും സുതാര്യമല്ലാതെയാണ്‌ ഈ പദ്ധതി സംഘടിപ്പിക്കുവാൻ പോകുന്നത്‌. കേരള നിയമസഭയിൽ ഇതു സംബന്ധിച്ച്‌ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല. യു.ഡി.എഫിലോ സർക്കാരിന്‌ നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്സിലോ ചർച്ചകൾ നടന്നിട്ടില്ല. എമെർജിംഗ്‌ കേരളയെ കുറിച്ചും അതിലെ പദ്ധതികളെക്കുറിച്ചും ജനങ്ങൾക്കിടയിൽ തുറന്ന ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല എന്നത്‌ തീർത്തും അപലപനീയമാണ്‌. ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ ഒട്ടും ഭൂഷണമായ നടപടിയല്ല ഇത്‌. സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്ന മുഖ്യ പ്രതിപക്ഷപാർട്ടിയായ സി.പി.ഐ.എം ഉൾപ്പെടെ മുഖ്യധാര ഇടതുപക്ഷം ആകട്ടെ, ഇത്ര ജനവിരുദ്ധവും പരാശ്രയത്വം വളർത്തുന്നതുമായ ഈ വികസന പദ്ധതികൾക്കെതിരെ യാതൊരു നിലപാടും പ്രഖ്യാപിച്ചിട്ടുമില്ല. എമെർജിംഗ്‌ കേരളയിൽ അവതരിപ്പിക്കപ്പെടുന്ന പല പദ്ധതികളുടെയും ആസൂത്രകർ സി.പി.ഐ.എം ഉം എൽ.ഡി.എഫും തന്നെയാണ്‌.



കാർഷിക സമ്പദ്‌ഘടനയാണ്‌ ഒരു സമൂഹത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അടിത്തറയാകേണ്ടത്‌. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു പദ്ധതി പോലും എമെർജിംഗ്‌ കേരളയിൽ ഇല്ല. പകരം ഉത്പാദനപരമല്ലാത്തതും വിദേശവിപണിയെ മാത്രം ആശ്രയിച്ച്‌ നിലനിൽക്കുന്നതുമായ ഐ.ടി, ഐ.ടി അധിഷ്ഠിത സേവനങ്ങൾ തുടങ്ങിയവയിലുമാണ്‌ ഊന്നൽ. ഇത്‌ സ്വാഭിമാനത്തിലും സ്വാശ്രയത്തിലും അടിയുറച്ച ഒരു സമ്പദ്‌ഘടന വികസിപ്പിക്കുന്നതിന്‌ തടസ്സമാണ്‌ എന്നു മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യത്തെക്കൂടി അപകടപ്പെടുത്തുന്നതാണ്‌. രണ്ട്‌ ലക്ഷം ഏക്കർ ഭൂമി ഉപയോഗിക്കപ്പെടുന്നതും അഞ്ച്‌ ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കുന്നതുമായ ജനവിരുദ്ധപദ്ധതികളാണ്‌ ആവിഷ്ക്കരിക്കപ്പെടാൻ പോകുന്നത്‌. ഇതിൽ മുഖ്യമായും അവതരിപ്പിക്കപ്പെടുന്ന പത്ത്‌ പദ്ധതികൾ പരിശോധിച്ചാൽ തന്നെ, കോർപ്പറേറ്റ്‌ വർഗ്ഗതാൽപര്യങ്ങൾ ഭരണകൂടം അടയാളപ്പെടുത്തുന്നത്‌ കാണാം. എല്ലാ മേഖലകളിലും സ്വകാര്യനിക്ഷേപം കൊണ്ടുവന്ന് നിക്ഷേപസൗഹാർദ്ദം ആക്കുക എന്ന ലക്ഷ്യം വെച്ച്‌ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ എന്ന വ്യാജേന കേരളത്തിന്റെ മണ്ണൂം പ്രകൃതിയും ജലസ്രോതസ്സുകളും തണ്ണീർത്തടങ്ങളും വനവും പ്രകൃതിവിഭവങ്ങളും തീറെഴുതാനാണ്‌ പരിപാടി. തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ 'അതിവേഗ റെയിൽ കോറിഡോർ' ഒന്നാം ഘട്ടത്തിൽ നാൽപ്പത്തിയയ്യായിരം കോടിയും രണ്ടാംഘട്ടത്തിൽ അറുപത്തിയയ്യായിരം കോടിയുമാണ്‌ മുടക്ക്‌. അറുനൂറ്റി അൻപത്‌ കിലോമീറ്റർ ദൂരം രണ്ട്‌ മണിക്കൂർ ദൂരം കൊണ്ട്‌ എത്താൻ കഴിയുക, മനോഹരമായ ആശയം തന്നെ. ഇതിനായി ഒരാൾ മുടക്കേണ്ട തുക യാത്രാക്കൂലിയായി ആറായിരം രൂപ മാത്രമാണത്രേ. എത്ര പേർക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന വികസനമാണിതെന്ന ചോദ്യം പാടില്ല.



കൊച്ചി - പാലക്കാട്‌ നിംസ്‌ പ്രോജക്ട്‌ അൻപത്തി മൂവായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച്‌ കോടി രൂപ മുടക്കി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകളിൽ നാഷണൽ ഇൻവെസ്റ്റ്‌മെന്റ്‌ ആന്റ്‌ മാനുഫാക്ചറിംഗ്‌ സോൺ. അയ്യായിരത്തി ഇരുന്നൂറു ഹെക്ടർ സ്ഥലം ഇതിനായി ഏറ്റെടുക്കണം. കൊച്ചി മെട്രോ 25 കിലോമീറ്ററിന്‌ നാലായിരത്തി അഞ്ഞൂറ്‌ കോടി, തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയിൽപ്രോജക്ടുകൾ, കഴക്കൂട്ടത്തു നിന്നും ബാലരാമപുരം വരെ 28 കിലോമീറ്റർ മൂവായിരത്തി നാനൂറ്റി എട്ട്‌ കോടി, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ മുതൽ മീൻചന്ത വരെ ഒന്നാംഘട്ടം ആയിരത്തി അഞ്ഞൂറ്‌ കോടി രൂപ, ആമ്പല്ലൂരിൽ ആയിരം ഏക്കറിൽ ഇലക്ട്രോണിക്‌ ഹബ്ബ്‌ എഴുനൂറ്റി അൻപത്‌ കോടി, കൊച്ചി പുതുവൈപ്പിനിൽ ഓഷ്യനോറിയം മുന്നൂറ്റി അൻപത്‌ കോടി തുടങ്ങി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ്‌ സങ്കൽപ്പിച്ചിട്ടുള്ളത്‌. സ്വപ്നപദ്ധതികളുടെ നടപ്പിലാക്കലിനായി കേരളം കൊടുക്കേണ്ടി വരുന്ന വില വരുംതലമുറയുടെ നിലനിൽപ്പിന്‌ ആവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യവും ജനിച്ച മണ്ണിൽ മരിക്കുവോളം ജീവിക്കാനുള്ള അവകാശവും കൂടിയാണ്‌.



രണ്ടുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ റോഡുള്ള കേരളത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ്‌ ബി.ഒ.ടി വ്യവസ്ഥയ്ക്ക്‌ കീഴിൽ കൊണ്ടുവരാനാണ്‌ നീക്കം. മുപ്പത്തി എണ്ണായിരത്തി എണ്ണൂറ്റി അറുപത്തിയെട്ട്‌ ചതുരശ്ര കി.മീ. മാത്രം വിസ്തീർണ്ണമുള്ള കേരളത്തിൽ ഇപ്പോൾ തന്നെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്‌. നാലാമത്തെ കണ്ണൂർ വിമാനത്താവളവും പണിതുടങ്ങുന്നു. ഇതിനിടയിലാണ്‌ എട്ട്‌ വിമാനത്താവളങ്ങൾ കൂടി കൊണ്ടുവരാൻ ശ്രമിക്കുന്നത്‌. മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 15 ശതമാനം ടാർ ഇട്ട റോഡുകൾ കൊണ്ട്‌ മൂടിക്കഴിഞ്ഞു. കേരളം തെക്കുവടക്കെത്തി ഒറ്റനഗരമായി വളർന്നു കഴിഞ്ഞു. ടാർ ഇട്ട റോഡുകളും, കോൺക്രീറ്റ്‌ കെട്ടിടങ്ങളും പകൽ ആഗിരണം ചെയ്യുന്ന ചൂട്‌ രാത്രി പുറത്തേക്ക്‌ വിസർജ്ജിക്കുന്നതിനാൽ പതിനെട്ട്‌ മണിക്കൂറും അന്തരീക്ഷം കടുത്ത ചൂടിലാണ്‌. ഇത്‌ ജൈവഘടനയെ തകിടം മറിക്കുകയും വൈറസുകളുടെയും ബാക്ടീരിയകളുടെയും രോഗവാഹികളായ കീടങ്ങളുടെയും പെരുപ്പത്തിന്‌ കാരണമാകുകയും ജനങ്ങൾ രോഗദുരിതങ്ങളുടെ ദുരന്തം പേറുന്നവരാകുകയും ചെയ്യുന്നു. ഇന്നും എഴുപത്‌ ലക്ഷം ജനങ്ങൾക്ക്‌ കുടിവെള്ളം കിട്ടാക്കനിയാണ്‌. മുപ്പതുലക്ഷം പേർ ഭവനരഹിതരാണ്‌. ഇരുപത്‌ ലക്ഷം പേർക്ക്‌ ഒരു തുണ്ട്‌ ഭൂമി പോലുമില്ല. തീക്ഷ്ണമായ ഇത്തരം സാമൂഹിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ, വിമാനത്താവളങ്ങളും സെക്സ്‌ ടൂറിസവും  കൊണ്ട്‌ കേരളത്തെ വികസിപ്പിച്ചു കളയാം എന്നു വ്യാമോഹിക്കുന്നവരുടെ ലക്ഷ്യം സദുദ്ദേശ്യപരമല്ല. രണ്ടു ലക്ഷം കോടിയുടെ അമ്പത്‌ ശതമാനം അടിച്ചുമാറ്റുമോ എന്നു ജനം സംശയിച്ചാൽ അത്ഭുതമില്ല. ജലസുരക്ഷയെയും ഭക്ഷ്യസുരക്ഷയെയും കരുതി, അവശേഷിക്കുന്ന കൃഷിഭൂമിയും വനഭൂമിയും നശിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിന്‌ സ്വീകരിക്കാൻ കഴിയുകയില്ല. വികസിപ്പിച്ച്‌ വികസിപ്പിച്ച്‌ കൃഷിയെ നഷ്ടക്കച്ചവടമാക്കിയ ബുദ്ധിമാന്മാർ സ്വന്തം മക്കൾക്ക്‌ ശവപ്പെട്ടി പണിയുന്ന നീചന്മാരാണെന്ന് തിരിച്ചറിയണം. ജുഡീഷ്യറിയും എക്സിക്യുട്ടീവും ലെജിസ്ലേറ്റീവും ഒന്നിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ആഗോള മൂലധനശക്തികൾ തദ്ദേശജനതയെ വംശഹത്യയിലേക്ക്‌ നയിക്കുന്ന മാന്ത്രികവിദ്യയാണ്‌, എമെർജിംഗ്‌ കേരള.

O


PHONE : 9947154564