Wednesday, March 22, 2017

സംസ്കാരജാലകം-28

സംസ്കാരജാലകം-28
ഡോ.ആർ.ഭദ്രൻ













എം.എൻ.കാരശ്ശേരി




എം.എൻ.കാരശ്ശേരി മലയാളത്തിലെ ശ്രേഷ്ഠനായ എഴുത്തുകാരനാണ്‌. വായനാക്ഷമതയുള്ള നല്ല ഗദ്യത്തിന്റെ ഉടമയുമാണ്‌ അദ്ദേഹം. ഭാഷ ഒരു മലയാളിയെ (ആഗോളമലയാളിയെയും) എങ്ങനെ നിർമ്മിക്കുന്നു എന്നതിന്റെ രസകരമായ അവതരണമാണ്‌ ‘ഭാഷയിലാണ്‌ ഭാഷയാണ്‌ കേരളം’ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (30.10.2016) ലേഖനത്തിൽ. ഭാഷയാണ്‌ നമ്മുടെ ദേശീയതയെ സൃഷ്ടിക്കുന്നത് എന്ന ഇ.എം.എസിന്റെ ചിന്തയുടെ തുടർച്ചയാണ്‌ ഈ ലേഖനം.


ബാലമുരളീകൃഷ്ണയ്ക്ക് പ്രണാമം





ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗം സംഗീതലോകത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിട്ടുള്ളത്. സംഗീതലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ്‌ ഈ നാദോപാസകൻ ശ്രമിച്ചിട്ടുള്ളത്. ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗത്തിൽ സംസ്കാരജാലകവും അനുശോചനം പങ്കുവെക്കുന്നു.


പു.ക.സ കാരോട് പറയാനുള്ളത്.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തോളമായി പുകസയോടൊപ്പം നടന്നവരാണ്‌ ഞങ്ങൾ. ഇപ്പോഴത്തെ പുകസ നേതാക്കന്മാർ പ്രസംഗിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്. പുതിയകാലത്തിന്റെ സാംസ്കാരികപ്രശ്നങ്ങളെ പുകസ വേണ്ടതുപോലെ തിരിച്ചറിയുന്നില്ല എന്നാണ്‌ അതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. നവലിബറൽ കാലയളവിലെ സാംസ്കാരിക പോരാട്ടത്തിന്റെ ദിശാബോധം പുകസ നേടിയെടുത്തിട്ടില്ല. മനുഷ്യരായ മനുഷ്യരെയെല്ലാം ബാധിച്ചിരിക്കുന്ന സാംസ്കാരിക രോഗങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ അവർ ഇവിടെ എന്തുചെയ്യുന്നു എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ഉപഭോഗസംസ്കാരം സൃഷ്ടിക്കുന്ന വ്യാധികളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനും പുകസ ഒരു ചുക്കും ചെയ്യുന്നില്ല. ഇന്ന് ജാതിവാൽ മുറിക്കുന്നതിനേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ നമുക്കിടയിലുണ്ടെന്ന് കെ.ഇ.എന്നിനെ പോലുള്ളവർ മനസ്സിലാക്കണം.

അനർഘനിമിഷം മലയാളത്തിന്റെ അതുല്യകഥ




ബഷീർ ഇനിയും പിടികിട്ടാത്തൊരു സമസ്യയാണ്‌. അനർഘനിമിഷം മലയാളകഥാവിമർശനം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ദൈവം, മരണം, ജീവിതം എന്നിവയെ ഈ കഥ എത്ര സുരക്ഷിതമായി കലാപരമായി പ്രശ്നവത്കരിക്കുന്നു എന്ന് നാം ആഴത്തിൽ മനസ്സിലാക്കേണ്ടതാണ്‌. സാധാരണ ഒരു കഥയുടെ റേഞ്ച് വിട്ടുയരുന്ന ഒരു കഥയാണിത്. ദൈവത്തെ എത്ര ആഴത്തിലും പരപ്പിലും ബഷീർ അനുഭവാത്മകമാക്കി എടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ ഈ കഥ. ദൈവത്തെ ബഷീർ നല്ലതുപോലെ വശപ്പെടുത്തിയിരുന്നു എന്നതിന്റെ നിത്യസാക്ഷ്യമാണ്‌ ഈ കഥ.


മണലാഴം




വ്യത്യസ്തമായൊരു പരിസ്ഥിതി നോവൽ. പത്രപ്രവർത്തകനായ ഹരി കുറിശേരിയുടെ ‘മണലാഴം’ ശ്രദ്ധിക്കപ്പെടേണ്ട ഒരു നോവലാണ്‌. മണ്ണിട എന്ന സ്ഥലത്തെ കേന്ദ്രമാക്കിക്കൊണ്ട് ഭീകരമായ മണലൂറ്റിന്റെ കഥ പറയുന്ന നോവലാണിത്. ഇതിനെതിരെ വികലാംഗനും സംസ്കൃതാധ്യാപകനുമായ സച്ചിദാനന്ദൻ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ കഥ ഈ നോവൽ ശക്തമായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ പ്രാകൃതവാസനകളെ നേരിടാൻ ഒരു സംസ്കൃതാധ്യാപകനെ കേന്ദ്രകഥാപാത്രമാക്കിയതിൽ പാത്രസൃഷ്ടിയുടെ ഒരു അപുർവ്വതയുണ്ട്. ഭൂമിയെ വികൃതമാക്കുന്നതിനെ നേരിടാൻ വികലാംഗനെ സൃഷ്ടിച്ചതിലും ആലോചനയുടെ വലിയ സൗന്ദര്യമുണ്ട്. അയാളെ അർശോരോഗിയാക്കിയപ്പോൾ പ്രകൃതിനിയമം എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെയാണ്‌ ഓർത്തത്. ആസ്മ രോഗിയായിരുന്ന നക്സലൈറ്റ് നേതാവ് ചാരു മജൂംദാറിനെയും ഈ നോവൽ വായനയിൽ ഓർത്തിരുന്നു പോയിട്ടുണ്ട്. രോഗവും പ്രതിഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഓർത്തുപോയി. സംസ്കൃതത്തിന്റെ കാവ്യസൗന്ദര്യലോകം നോവലിൽ ഉപയോഗിച്ചത് ആഖ്യാനത്തിന്റെ വലിയ അഴകിനാണ്‌ കാരണമായി തീർന്നിരിക്കുന്നത്. ഈ നോവൽ കേരളം ശ്രദ്ധയോടെ വായിക്കേണ്ടതാണ്‌.


സി.രാധാകൃഷ്ണന്‌ എഴുത്തച്ഛൻ പുരസ്കാരം




സി.രാധാകൃഷ്ണന്‌ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചത് സമുചിതമായ ഒരു സാംസ്കാരിക നടപടിയാണ്‌. സി.രാധാകൃഷ്ണന്റെ നോവലുപാസന പണ്ടുതന്നെ ഞങ്ങളെയൊക്കെ വളരെയേറെ സന്തോഷിപ്പിച്ചൊരു സാഹിത്യപ്രവർത്തനമായിരുന്നു. സി.രാധാകൃഷ്ണൻ ഭാഷാപോഷിണി എഡിറ്ററായിരുന്ന സമയത്ത് അദ്ദേഹവുമായി എനിക്കൊരു അടുപ്പമുണ്ടായിരുന്നു. ഒരു genuine എഡിറ്ററായിരുന്നു അദ്ദേഹം. ഇന്നത്തെ ഭാഷാപോഷിണി എഡിറ്റർ കെ.സി.നാരായണിൽ നമുക്ക് ഈ മൂല്യം കണ്ടെത്താൻ കഴിയില്ല. പുതിയ കാലഘട്ടത്തിൽ മനുഷ്യമനസ്സ് അനുഭവിക്കുന്ന വിഹ്വലതകളെയും സങ്കീർണ്ണതകളെയും ആഴത്തിൽ തിരിച്ചറിയാനും ചരിത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും വർത്തമാന സാഹചര്യങ്ങളിൽ നിന്നും വിവേകം ഉൾക്കൊണ്ട് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും സി.രാധാകൃഷ്ണൻ തന്റെ രചനകളിലൂടെ ശ്രമിക്കുന്നുണ്ടെന്ന അവാർഡ് കമ്മറ്റിയുടെ വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്‌.


തിക്കൊടിയന്റെ ശതാബ്ദി ആഘോഷം



തിക്കൊടിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ഒരു സംഘസംവാദം സംഘടിപ്പിച്ചത് ഏറെ അഭിനന്ദനീയമാണ്‌. എം.ടി, ഡോ.എം.എം.ബഷീർ, ഡോ.എം.സി.അബ്ദുൾനാസർ തുടങ്ങിയ പ്രമുഖർ ഈ സംഘസംവാദത്തിൽ പങ്കെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ ആഘോഷങ്ങളെ അവഗണിച്ചിരുന്ന തിക്കൊടിയൻ മരിച്ചതിനു ശേഷം ഇപ്രകാരം ഒരു സാഹിത്യസംവാദം സംഘടിപ്പിച്ചതാണ്‌ ഏറ്റവും പ്രസക്തമായ കാര്യം. നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തിക്കൊടിയന്‌ നാടകത്തെ തീരെ അവഗണിക്കുന്ന ഒരു കാലയളവിൽ ഇപ്രകാരമൊരു ആദരവ് അർപ്പിക്കുന്നതിൽ ഗ്രന്ഥാലോകത്തിന്‌ പ്രത്യേകമായി അഭിമാനിക്കാൻ വകയുണ്ട്. നാടകം എന്ന മഹത്തായ കലയുടെ തിരിച്ചുവരവിൽ ഇതും ഒരു പ്രേരകമായി ഭവിക്കട്ടെ.


ഫിദൽ കാസ്ട്രോയ്ക്ക് പ്രണാമം




ലോകം കണ്ട അതുല്യനായ കമ്മ്യൂണിസ്റ്റ് ഫിദൽ കാസ്ട്രോ യാത്രയായി. രോമാഞ്ചത്തോടുകൂടി മാത്രമേ ഫിദൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും ജീവിതയാത്രയിലൂടെ നമുക്ക് കടന്നുപോകാൻ സാധിക്കൂ. അവർ പ്രകടിപ്പിച്ച നിശ്ചയദാർഢ്യം ലോക കമ്മ്യൂണിസത്തിന്‌ പ്രചോദനമാകേണ്ടതാണ്‌. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരേ ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ആ പാതയിലൂടെ ഒരു രാജ്യത്തെയും ജനതയെയും നയിക്കുകയും ചെയ്യുക എന്നത് ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളാണ്‌. സാമ്രാജ്യത്വവും മുതലാളിത്തവും മനുഷ്യരാശിക്ക് ആപത്കരമാണെന്ന തിരിച്ചറിവ് നേടുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത ആ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിന്‌ സംസ്കാരജാലകം പ്രണാമങ്ങളർപ്പിക്കുന്നു.


ഷാനി പ്രഭാകറിന്റെ ‘പറയാതെ വയ്യ’.




മനോരമ ചാനലിൽ ഷാനി പ്രഭാകർ അവതരിപ്പിക്കുന്ന ‘പറയാതെ വയ്യ’ പരാജയപ്പെടുന്നു എന്ന കാര്യം സംസ്കാരജാലകത്തിന്‌ പറയാതെ വയ്യ. അതിവാചാലതയാണ്‌ അതിന്റെ ഏറ്റവും വലിയ ശാപം. ചിന്തയുടെ നിശിതത്വമില്ലായ്മ, ആഖ്യാനത്തിന്റെ സൗന്ദര്യമില്ലായ്മ, കൃത്യതയുടെ തകർച്ച എല്ലാം ഈ പരിപാടിയെ വഷളാക്കുന്ന ഘടകങ്ങളാണ്‌. മാതൃഭൂമി ചാനലിലെ ‘ഞങ്ങൾ ക്കും പറയാനുണ്ട്’ എന്ന പ്രോഗ്രാമും സ്ഥിരം പാറ്റേണുകളുടെ മടുപ്പുകൊണ്ടും സജീവതയുടെ അഭാവം കൊണ്ടും വഷളായിക്കൊണ്ടിരിക്കുന്നു എന്നും പറയാതെ വയ്യ.


കട്ടപ്പനയിലെ ഋതിക് റോഷൻ




കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയെക്കുറിച്ചുള്ള സിനിമയാണ്‌. ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ നേരത്തെയും ഉണ്ടായിട്ടുണ്ട്. ‘ഉദയനാണ്‌ താരം’ എന്ന സിനിമ ഓർക്കുക. സിനിമയിലെ നാനാതരത്തിലുള്ള പ്രശ്നങ്ങൾ ഈ സിനിമ പ്രേക്ഷകനുമായി പങ്കുവെക്കുന്നു. വിഷ്ണുവിന്റെ തിരക്കഥ വിഷ്ണുവിന്റെ അഭിനയം പോലെ തന്നെ മികവുറ്റതാണ്‌. തട്ടുപൊളിപ്പൻ സിനിമയുണ്ടാക്കുന്ന മലയാളത്തിലെ താരരാജാക്കന്മാർ വിഷ്ണുവിൽ നിന്നും സിനിമ അഭ്യസിക്കേണ്ടതാണ്‌.


O