Monday, February 18, 2013

യുഗാവസാനത്തിന്റെ രണ്ടാമൂഴം - 1

നിരൂപണം
ആർ.എസ്‌.കുറുപ്പ്‌









 ഭാഗം.1

"നോക്കൂ. അവൾ വീണു" ഭീമൻ പറഞ്ഞു.

"എന്താണവൾ വീണത്‌?"

"ഭീമ! നടക്കൂ" അവൾ അർജ്ജുനനെയാണ്‌ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അവൾ വീണത്‌. ധർമ്മജൻ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. ദ്രൗപദി, സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ എല്ലാവരും വീണു. ധർമ്മപുത്രർ മാത്രം ഒരു പട്ടിയോടൊപ്പം മുന്നോട്ടുപോയി. (ഇരാവതി കാർവെയുടെ 'യുഗാന്ത -ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌' എന്ന കൃതിയിലെ ദ്രൗപദി എന്ന അദ്ധ്യായത്തിൽ നിന്ന്). 

നരവംശശാസ്ത്രജ്ഞയായ ഇരാവതി കാർവെയുടെ 'ഭാരതപര്യടന'മാണ്‌ യുഗാന്ത - ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌. മഹാഭാരത കഥാപാത്രങ്ങളെയും ആ കാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തെയും ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കുന്ന കാർവെ അതിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്‌ ഭണ്ഡാത്കർ റിസർച്ച്‌ ഇൻസ്റ്റിട്യൂട്ടിന്റെ സംശോധിത മഹാഭാരതമാണ്‌. ഇടയ്ക്കൊക്കെ അവർ സ്വന്തം ഭാവനയിലൂടെ പാത്രങ്ങളെയും സംഭവങ്ങളെയും പുന:സൃഷ്ടിക്കുന്നുണ്ട്‌. അതവർ അതതിടങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്‌. 1967ൽ മറാത്തിയിൽ പ്രസിദ്ധപ്പെടുത്തിയ 'യുഗാന്ത'യ്ക്ക്‌ അക്കൊല്ലത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 1969 ൽ അത്‌ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടു. ആ പരിഭാഷയുടെ 2008 ലെ ഓറിയന്റ്‌ ബ്ലാക്ക്‌ സ്വാൻ പതിപ്പിൽ നിന്നാണ്‌ മേൽപ്പറഞ്ഞ ഭാഗം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്‌.

കാർവെ അധ്യായം അവിടെ അവസാനിപ്പിക്കുന്നില്ല. ഇവിടെ ഒരടിക്കുറിപ്പിലൂടെ അവർ പറയുന്നു "ഇതുവരെയുള്ള വിവരണങ്ങൾ മഹാഭാരതത്തിന്റെ സംശോധിത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. തുടർന്നു വരുന്നതാകട്ടെ എന്റെ കൈകുറ്റപ്പാടും." അതായത്‌ ദ്രൗപദിയുടെ അന്ത്യരംഗങ്ങൾ അവർ ഭാവനയിൽ പുന:സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇങ്ങനെ:

വീണ ഉടനെ ദ്രൗപദി മരിച്ചില്ല. ആസന്നമരണയായ അവൾ തന്റെ പുരുഷന്മാരെ കുറിച്ചാലോചിച്ചു.ആദ്യം ധർമ്മനെക്കുറിച്ച്‌, അദ്ദേഹത്തെ ചൊടിപ്പിക്കുവാനും വീര്യവാനാക്കുവാനും താൻ നടത്തിയ ശ്രമങ്ങൾ ഒരിക്കലും ഫലം കാണാത്തതിനെക്കുറിച്ചൊക്കെ അവൾ ആലോചിച്ചു. അതിനൊക്കെ കൂടി ഇപ്പോൾ അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നു. തന്നെച്ചൊല്ലിയുള്ള അദ്ദേഹത്തിന്റെ നിരാശയും തന്നോടുള്ള പുച്ഛവും ആ വാക്കുകളിൽ അവൾ കേട്ടു.

എപ്പോഴും ഭർത്താക്കന്മാരോടെല്ലാം ഒരേപോലെ പെരുമാറിയിട്ടുള്ള തനിക്ക്‌ അർജ്ജുനനോട്‌ അൽപം സ്നേഹക്കൂടുതൽ തോന്നിയതിൽ അത്ഭുതത്തിനവകാശമുണ്ടോ? അവൾ സ്വയം ചോദിച്ചു. പക്ഷേ അർജ്ജുനനോ? അർജ്ജുനനെ സ്ത്രീകൾ, ഞാനും സുഭദ്രയും ഉലൂപിയും ചിത്രാംഗദയുമെല്ലാം അഗാധമായി സ്നേഹിച്ചിരുന്നു. പക്ഷേ അർജ്ജുനൻ ഒരു സ്ത്രീയെയും സ്നേഹിച്ചിരുന്നില്ല.അർജ്ജുനൻ ആരെയും സ്നേഹിച്ചിരുന്നില്ല. കൃഷ്ണനെ ഒഴിച്ച്‌.

സ്വയംവരപന്തലിൽ അർജ്ജുനനോടൊപ്പം രാജാക്കന്മാരോട്‌ പൊരുതി നിന്ന ഭീമസേനനെക്കുറിച്ചായി ദ്രൗപദിയുടെ ചിന്ത. അതവരെ ഒരു തിരിച്ചറിവിലേക്ക്‌ നയിച്ചു. സ്നേഹം മാത്രമല്ല, തന്റെ ജീവിതം മുഴുവൻ തനിക്ക്‌ തന്ന, തന്റെ ഏതിഷ്ടവും സാധിക്കാൻ ഏതു സാഹസത്തിനും മുതിരുമായിരുന്ന ഭീമൻ. സൗഗന്ധിക ഹരണം തൊട്ടുള്ള ഒരുപാട്‌ സംഭവങ്ങൾ ദ്രൗപദിയുടെ മനസ്സിലൂടെ കടന്നുപോയി. അപ്പോൾ കാർവെയുടെ തന്നെ വാക്കുകളിൽ "ആരോ കാൽ വലിച്ചിഴച്ചു നടന്നുവരുന്ന ശബ്ദം ദ്രൗപദി കേട്ടു, ഒരു നെടുവീർപ്പും... അഗാധതകളിൽ നിന്നു വരുന്ന ഒരു താഴ്‌ന്ന ശബ്ദം വിളിച്ചു. 'ദ്രൗപദി'! അതു ഭീമന്റെ ശബ്ദമായിരുന്നു.... ദ്രൗപദിയിൽ ജീവന്റെ തുടിപ്പുകൾ കണ്ട്‌ അയാൾ അത്യധികം സന്തുഷ്ടനായി. "ഞാൻ നിനക്ക്‌ എന്താണ്‌ ചെയ്തു തരേണ്ടത്‌?" വാക്കുകൾ പ്രയാസപ്പെട്ടു പുറത്തുവന്നു. അതയാൾ ഒരുമിച്ചു ജീവിച്ചകാലം മുഴുവൻ അവളോട്‌ ചോദിച്ചിട്ടുള്ളതായിരുന്നു. പക്ഷേ ഈ സമയത്ത്‌ ആ ചോദ്യം അർത്ഥശൂന്യവും അനുചിതവുമായി തോന്നി. ദ്രൗപദി ചിരിച്ചു. ഭീമന്റെ മുഖം തന്റെ മുഖത്തോട്‌ ചേർത്ത്‌, അവസാന ശ്വാസത്തോടൊപ്പം ദ്രൗപദി പറഞ്ഞു. "നമ്മുടെ വരും ജന്മങ്ങളിൽ ഭീമ, ഏറ്റവും മൂത്ത ആളാവുക. താങ്കളുടെ തണലിൽ നമുക്കെല്ലാവർക്കും സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കാം." ഭീമൻ പിന്നീടെന്തു ചെയ്തു എന്നു കാർവെ പറയുന്നില്ല. ഭീമനെക്കുറിച്ച്‌ യുഗാന്തയിൽ ഒരദ്ധ്യായവുമില്ല. ഇത്‌ ദ്രൗപദിയുടെ ഒരു ഭ്രമകൽപനയോ അന്ത്യസ്വപ്നമോ ആയിട്ടാവും കൽപിക്കപ്പെട്ടിരിക്കുക.

പക്ഷേ നമ്മൾ മലയാളികൾക്ക്‌ ഈ പ്രകരണം അങ്ങനെ തള്ളിക്കളയാൻ കഴിയുകയില്ല. ഭാഷയിലെ ഏറ്റവും കൊണ്ടാടപ്പെട്ട നോവലുകളിലൊന്നായ 'രണ്ടാമൂഴ'ത്തിന്റെ ആദ്യ അദ്ധ്യായത്തിന്‌ ഈ പ്രകരണവുമായുള്ള സാദൃശ്യം നമ്മളെ അത്ഭുതപ്പെടുത്തുന്നു. മഹാപ്രസ്ഥാനത്തിന്റെ നിയമങ്ങൾ മറന്ന് വീണ ദ്രൗപദിയെത്തേടി ഭീമൻ എത്തുന്ന ആദ്യ അധ്യായം വായിച്ച്‌ ആ കൽപനയുടെ അപൂർവ്വചാരുതയെക്കുറിച്ച്‌ ആഹ്ലാദഭരിതരും അത്ഭുതസ്തബ്ദരുമായവരാണല്ലോ നമ്മൾ. എന്തായാലും ആ കൽപന അപൂർവ്വം (Original) അല്ല എന്ന് ഈ ഉദ്ധരിച്ച ഭാഗം തെളിയിക്കുന്നു.

സാദൃശ്യങ്ങൾ ഇതുകൊണ്ട്‌ അവസാനിക്കുന്നില്ല. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിൽ നിന്നാണ്‌ രണ്ടാമൂഴത്തിന്റെ തുടക്കം. വീണു കിടക്കുന്ന ദ്രൗപദിയുടെ മുഖത്തു നോക്കിയിരുന്ന് ഭീമൻ ആലോചിക്കുന്ന മട്ടിലാണല്ലോ രണ്ടാമൂഴത്തിന്റെ ഘടന. പാണ്ഡവർ എന്നു വെച്ചാൽ പാണ്ഡുവിന്റെ പുത്രന്മാർ. 'ഷണ്ഡൻ' പാണ്ഡുവിന്റെ മക്കൾ എന്ന് ഭീമൻ തന്നെ രണ്ടാമൂഴത്തിലൊരിടത്ത്‌ പറയുന്നുണ്ട്‌. രണ്ടാമൂഴം പാണ്ഡുവിനെ ഷണ്ഡനായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല. മഹാഭാരതപ്രകാരം കുന്തി സ്വയംവരപന്തലിൽ സ്വേച്ഛയാ വരിച്ചതാണ്‌ പാണ്ഡുവിനെ. ഒരു മുനിശാപമാണ്‌ ഭാര്യാ സംയോഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നത്‌. ശാപകഥ അപനിർമ്മിച്ച്‌ പണ്ഡുവിനെ ഷണ്ഡനായി പ്രഖ്യാപിച്ചതിന്റെ ബഹുമതി മലയാള വായനക്കാർ വാസുദേവൻ നായർക്ക്‌ നൽകിയിരിക്കുകയാണ്‌. പക്ഷേ ഇത്തരമൊരു നിഗമനത്തിൽ ആദ്യം എത്തിച്ചേർന്നത്‌ ഇരാവതി കാർവെ തന്നെയാണ്‌. യുഗാന്തയിലെ കുന്തി എന്ന അദ്ധ്യായത്തിൽ നിന്ന്.

"Her adoptive father gave her in marriage to an IMPOTENT MAN; and all the rest of her sorrows were a result of this union." (Page 43- Ibid, emphasis added). ശാപകഥയെക്കുറിച്ച്‌ കാർവെ പറയുന്നു" "The whole narrative seems to be a later addition which tried to hide some congenital defect in the father of heroes" (P-43). രാജ്ഞിമാരൊരുമിച്ച്‌ കാട്ടിൽ ദീർഘനാൾ മൃഗയാ വിനോദം നടത്തി താമസിക്കുന്നതിലെ അനൗചിത്യം വാസുദേവൻ നായർ സൂ ചിപ്പിക്കുന്നുണ്ട്‌. അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രായമായിട്ടില്ലാത്ത കൊച്ചുകുട്ടിയായ ഭീമന്റെ ചിന്തകളിലൂടെ, കാർവെയുടെ പുസ്തകത്തിലുമുണ്ട്‌, ഈ അനൗചിത്യത്തെക്കുറിച്ചുള്ള പരാമർശം.(P.44)

ഷണ്ഡൻ പാണ്ഡുവിന്റെ പുത്രന്മാരിൽ ഏറ്റവും മൂത്ത മൂന്നുപേരുടെ പിതൃത്വം കണ്ടെത്തിയതായിരുന്നു രണ്ടാമൂഴത്തിന്റെ ഒരു മൗലിക സംഭാവനയായി കരുതപ്പെട്ടിരുന്നത്‌. ഇവിടെയും ഇരാവതി കാർവെ ആ ദൗത്യം മുമ്പുതന്നെ നിർവ്വഹിച്ചിരുന്നു. യുഗാന്തയിലെ Father and Son എന്ന അധ്യായം വിദുരൻ എന്ന മഹാഭാരത കഥാപാത്രത്തിന്റെ സ്വഭാവപഠനം മാത്രമല്ല. അദ്ദേഹം എന്തുകൊണ്ട്‌ ധർമ്മിഷ്ഠനായ ഒരു മകന്റെ ഉല്‌ പത്തിക്കായി നിയോഗിക്കപ്പെട്ടു. എന്തുകൊണ്ട്‌ പിന്നീട്‌ ആ നിയോഗമുണ്ടായില്ല എന്നെല്ലാമുള്ള പ്രശ്നങ്ങൾ അതിവിദഗ്ദമായി അപഗ്രഥിക്കപ്പെട്ടിരിക്കുന്നു, ഈ അധ്യായത്തിൽ. യുധിഷ്ഠിരന്റെ പിതൃത്വം വിദുരരിൽ ആരോപിക്കുന്നതിൽ മാത്രമല്ല, വിദുര-യുധിഷ്ഠിര ബന്ധത്തിന്റെ പ്രത്യേകതകളുടെ കാര്യത്തിലും ഈ അധ്യായവും രണ്ടാമൂഴത്തിലെ പ്രസക്ത ഭാഗങ്ങളും തമ്മിൽ അത്ഭുതകരമായ സാദൃശ്യമുണ്ട്‌.

കർണ്ണന്റെ പിതൃത്വം കുന്തി പരിചരിച്ച മഹർഷിക്കാണ്‌ കാർവെ നൽകിയിരിക്കുന്നത്‌. സേവനാതുരയായ രാജകുമാരിയെ ആസ്വസിപ്പിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു സൂതനാണ്‌ വാസുദേവൻ നായർ ആ ബഹുമതി നൽകിയിരിക്കുന്നത്‌. അവിടെ രണ്ടാമൂഴത്തിന്‌ അപൂർവ്വതയുണ്ട്‌. ഒരു ഭോജൻ അതായത്‌ അടുത്തുള്ള രാജസ്ഥാനത്തിന്‌ കപ്പം കൊടുക്കുന്ന ഒരു ഗോത്രത്തലവൻ മാത്രമായിരുന്ന കുന്തിഭോജന്‌ വില്ലാളിവീരനായ ഒരു സൂതനോ എന്ന ചോദ്യം പ്രസക്തമാവുന്നുണ്ടെങ്കിലും.

യുഗാന്തയിൽ The Palace Of Maya എന്നൊരു അധ്യായമുണ്ട്‌. ഖാണ്ഡവദാഹസമയത്ത്‌, കൃഷ്ണാർജ്ജുനന്മാരെ അഭയം പ്രാപിച്ച മയാസുരൻ രാമായണ പ്രസിദ്ധനായ ശിൽപകലാ വല്ലഭനാണ്‌. രണ്ടാമൂഴത്തിൽ പക്ഷേ അദ്ദേഹം ദക്ഷിണദേശത്തു നിന്നു വന്ന ശിൽപിയായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെടുന്ന നാഗങ്ങളും പക്ഷിമൃഗാദികളും മറ്റും ആര്യന്മാർ എത്തിച്ചേരുന്നതിനു മുമ്പ്‌ ആ ഭാഗത്തു താമസിച്ചിരുന്ന ആദിമ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ്‌ കാർവെ അഭിപ്രായപ്പെടുന്നത്‌.

കൃഷിയും ഗോസംരഷണവും മറ്റും തൊഴിലാക്കിയ ആര്യഗോത്രങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ രാജ്യങ്ങൾ എന്നു വിളിച്ചിരുന്നു. രാജ്യങ്ങൾക്കിടയിൽ ആരുടെയും പ്രത്യേക അധികാരത്തിൻ കീഴിലല്ലാത്ത കാടുകളുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്ന കാട്ടുവർഗ്ഗക്കാരുടെ ഗോത്രങ്ങൾ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും പേരിലാണറിയപ്പെട്ടിരുന്നത്‌ എന്ന് കാർവെ പറയുന്നു. എന്തായാലും നാഗങ്ങൾ നാഗന്മാരും നാഗലോകം അവരുടെ ആവാസഭൂമിയുമാണെന്നത്‌ രണ്ടാമൂഴത്തിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെട്ട പക്ഷിമൃഗാദികളെയും മറ്റും പറയുന്ന കൂട്ടത്തിൽ, യുഗാന്തയിൽ ഇങ്ങനെ ഒരു ഭാഗമുണ്ട്‌. "If you spared an animal today, you could always kill it tomorrow. But if you spared a human being, he would in the course of time acquire certain rihts. There was indeed great danger in
sparing the lives of those who owned the land."(P.105)

രണ്ടാമൂഴത്തിലെ ഒട്ടധികം പ്രശംസ പിടിച്ചു പറ്റിയ ചില വാക്യങ്ങൾ കാണുക. "ശത്രുവിനോട്‌ ദയ കാട്ടരുത്‌. ദയയിൽ നിന്ന് കൂടുതൽ കരുത്ത്‌ നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ്‌ ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന്‌ രണ്ടാമതൊരവസരവും കൊടുക്കരുത്‌."

ഒരേ ആശയം തന്നെയാണ്‌ രണ്ടിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്‌. എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആവിഷ്ക്കാരത്തിന്റെ മൗലികത ആർക്കവകാശപ്പെട്ടതാണെന്നും.

'യുഗാന്ത'യിലെ 'പരധർമ്മോ ഭയാവഹ!' എന്ന അദ്ധ്യായം ഇത്തരുണത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മഹാഭാരതത്തിലെ ക്ഷത്രിയധർമ്മം സ്വീകരിച്ച ബ്രാഹ്മണരെക്കുറിച്ചൊരു വിശദ വിശകലനമാണ്‌ ആ അദ്ധ്യായം. അതിൽ പറയുന്നതു പോലും അതേപോലെ രണ്ടാമൂഴത്തിലും കാണാം. ഉദാഹരണത്തിന്‌:

രണ്ടാമൂഴം 'കൊടുങ്കാറ്റിന്റെ ധർമ്മം' എന്ന രണ്ടാം ഭാഗത്തിന്റെ നാലാം ഖണ്ഡത്തിൽ വൃദ്ധനായ ഹസ്തിപൻ പറയുന്നു: "ജപഹോമങ്ങൾ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണർ ക്ഷാത്രം നേടിയാൽ തീർന്നു. .. ക്രൂരത പിന്നെ ക്ഷത്രിയന്മാർ അവരിൽ നിന്ന് കടം കൊള്ളേണ്ടിവരും .."

ദ്രൗപദിയെ കൃത്യയായി കൽപിച്ചുകൊണ്ടുള്ള ഒരു ജൈന പുരാണ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌, ഇരാവതി കാർവെ;

"കൃതയുഗത്തിൽ രേണുകയായിരുന്ന കൃത്യ
സത്യ (SIC) യുഗത്തിൽ സീത കൃത്യയായിരുന്നു
ദ്വാപരയുഗത്തിലാവട്ടെ കൃത്യയായത്‌ ദ്രൗപദി
കലിയുഗത്തിലോ! ഓരോ ഭവനത്തിലും ഓരോ കൃത്യയുണ്ടാകും (P.84)

രണ്ടാമൂഴത്തിലെ പ്രസിദ്ധമായ വിവരണം: "ആഭിചാരക്രിയകളുടെ മന്ത്രങ്ങൾ ആവാഹിച്ചു വരുത്തുന്ന ഒരു രക്ഷാദേവതയെപ്പറ്റി കേട്ടിട്ടുണ്ട്‌, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകൾ കൈയ്യിലും നാശത്തിന്റെ തീപ്പൊരികൾ കണ്ണിലുമായി നിൽക്കുകയാണെന്ന് തോന്നി.(P.218).

സാദൃശ്യങ്ങൾ ഇനിയുമുണ്ട്‌. എല്ലാം എടുത്തെഴുതുന്നില്ല. യുഗാന്തയിലെ നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്ന പലതും നോവലിന്റെ പിൻകുറിപ്പായി ചേർത്തിട്ടുള്ള 'ഫലശ്രുതി'യിലും കാണാം. രണ്ടാമൂഴത്തിന്റെ രചനയ്ക്ക്‌ സഹായകമായിത്തീർന്ന പൂർവ്വഗ്രന്ഥങ്ങളെയും ഗ്രന്ഥകർത്താക്കളെയും കുറിച്ചുള്ള 'ഫലശ്രുതി'യിലെ വിവരണങ്ങളിൽ പക്ഷെ യുഗാന്തയും ഇരാവതി കാർവെയും പരാമർശിക്കപ്പെടുന്നതേയില്ല.

സാദൃശ്യങ്ങൾ നിൽക്കട്ടെ, ഒരു മൗലിക സാഹിത്യസൃഷ്ടി എന്ന നിലയിൽ രണ്ടാമൂഴം പരിശോധനയ്ക്ക്‌ വിധേയമാക്കിയാലോ?

മഹാപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ദ്വാരകയുടെ തിരോധാനം കണ്ടു നിൽക്കുന്ന പാണ്ഡവസഹോദരന്മാരുടെ ഓരോരുത്തരുടെയും ഉള്ളിൽ കയറിയിറങ്ങുന്നുണ്ട്‌ ഗ്രന്ഥകർത്താവ്‌. ആ വർണ്ണനയുടെ പ്രൗഢമായ സൗന്ദര്യം മലയാള വായനക്കാർക്ക്‌ അപൂർവ്വമായ ഒരനുഭവം തന്നെയായിരുന്നുവെന്നത്‌ പറയാതിരിക്കുന്നത്‌ അനീതിയായിരിക്കും. മഹാപ്രസ്ഥാനത്തിന്റെ ആരംഭത്തിൽ നോവലിസ്റ്റിന്റെയും വായനക്കാരുടെയും ശ്രദ്ധ ഭീമനിൽ കേന്ദ്രീകരിക്കുന്നു. മഹാഭാരതത്തിന്റേതിൽ നിന്ന് വ്യത്യസ്തമല്ല ഈ സമീപനം. വീഴുന്നവരെ കുറിച്ചുള്ള യുധിഷ്ഠിരന്റെ അഭിപ്രായങ്ങൾ അറിയാൻ വായനക്കാരെ സഹായിക്കുന്നത്‌ ഭീമന്റെ ചോദ്യങ്ങളാണ്‌.

ഭാരതത്തിൽ നിന്ന് വ്യത്യസ്തമായി, വീണുകിടക്കുന്ന ദ്രൗപദിയുടെ സമീപത്തേക്ക്‌ തിരികെ നടന്നു വരികയാണല്ലോ ഭീമൻ. ഇരാവതി കാർവെ ഇത്തരമൊരു രംഗം ഭാവന ചെയ്തിട്ടുള്ളതിനെക്കുറിച്ച്‌ സൂ ചിപ്പിച്ചിട്ടുണ്ടല്ലോ. ഭീമൻ പിന്നീടെന്തു ചെയ്തുവെന്ന് കാർവെ പറയുന്നില്ല. രണ്ടാമൂഴത്തിലാവട്ടെ ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചു കാടുകയറുകയാണ്‌. അതിരിക്കട്ടെ. മുന്നിൽ നടക്കുന്ന ജ്യേഷ്ഠനെയും പിന്നാലെ വരുന്ന അനുജന്മാരെയും ഉപേക്ഷിച്ച്‌ ഭീമൻ ദ്രൗപദിയെത്തേടി തിരിച്ചു നടക്കുമോ? കാർവെയുടെ വിവരണത്തിൽ അത്‌ ദ്രൗപദിയുടെ സ്വപ്നമോ ഭ്രമകൽപനയോ ആണെന്നു തോന്നും. രണ്ടാമൂഴം അങ്ങനെയുള്ള സംശയങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. മഹാഭാരതത്തിന്റെ അസ്ഥിവാരം എന്നു വിളിക്കാവുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്ന് പാണ്ഡവർ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാർഢ്യമാണ്‌. എല്ലാവരും കൂടി ദ്രൗപദിയെ പരിണയിക്കണമെന്ന നിർദ്ദേശം ആ ബന്ധം ഊട്ടിയുറപ്പിക്കാനാണെന്നത്‌ ശരി. ദ്രൗപദി അവരുടെ ബന്ധത്തിന്‌ കൂടുതൽ ദാർഢ്യം പകർന്നിട്ടുണ്ടാവാം. പക്ഷെ, പഞ്ചപാണ്ഡവരുടെ പാരസ്പര്യം ദ്രൗപദി പരിണയത്തിൽ നിന്നാരംഭിക്കുന്നതല്ല. അതാദ്യം മുതലേ സുദൃഢമായിത്തന്നെ നിലനിന്നിരുന്നു; ശതശൃംഗത്തിൽ, ഹസ്തിനപുരത്തിൽ, വാരണാവതത്തിൽ, ഹിഡിംബവനത്തിൽ, ഏകചക്രയിൽ അങ്ങനെ ദ്രൗപദിയെ കണ്ടെത്തുന്നതിനു മുമ്പുള്ള അവരുടെ ജീവിതത്തിലാകെ. അതുകൊണ്ടു തന്നെ ദ്രൗപദിയുടെ പതനം ആ ബന്ധത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ശൈഥില്യം സൃഷ്ടിച്ചുവെന്ന്, അവരിലൊരാൾ സഹോദരന്മാരുമായി ചെയ്ത ദൃഢപ്രതിജ്ഞ ലംഘിച്ച്‌ ദ്രൗപദിക്കരികിലേക്ക്‌ ഓടിയെത്തിയെന്ന് വിചാരിക്കാൻ ഒരു ന്യായവുമില്ല. മഹാഭാരതമോ അതിന്റെ ഏതെങ്കിലും പുനരാഖ്യാനങ്ങളോ അത്തരമൊരു സൂചനയും തരുന്നതുമില്ല. വീണ ദ്രൗപദിക്കരികിലിരുന്ന് പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കും മട്ടിലുള്ള വാസുദേവൻനായരുടെ ആഖ്യാനത്തിലും ഈ പ്രവൃത്തിയെ ന്യായീകരിക്കാനുതകുന്ന ഒന്നും കണ്ടെത്താനാവുകയില്ല. കലാസൃഷ്ടിയുടെ ഉള്ളിൽ അതിന്റേതായ സ്ഥലകാല നൈരന്തര്യത്തിൽ അതിലെ സംഭവങ്ങൾക്ക്‌ വിശ്വാസ്യതയുണ്ടാവണം. തന്റെ കൃതിയിൽ താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന് സെർവാന്റീസ്‌ പറയുന്നതിന്റെ അർത്ഥം ഇതാണെന്നു തോന്നുന്നു. 'അടിയൻ ലച്ചിപ്പോം' എന്നുപറഞ്ഞ്‌ അമാനുഷ വിക്രമം കാട്ടി, മാർത്തണ്ഡവർമ്മയെ ഭ്രാന്തൻ ചാന്നാൻ രക്ഷിക്കുന്നത്‌ ആഖ്യാനചാതുരിയിലൂടെ വിശ്വസനീയമാക്കാൻ കഴിഞ്ഞതാണ്‌ സി.വി.യുടെ വിജയം. ഇവിടെ ആ വിശ്വസനീയതയില്ല. അതിലധികം അവിശ്വസനീയമാണ്‌ ഭീമന്റെ കാടുകയറാനുള്ള തീരുമാനം.

 മഹാപ്രസ്ഥാനം അവസാനിപ്പിച്ച്‌ കാട്ടിലേക്കിറങ്ങുന്നതിന്‌ രണ്ടു വ്യക്തികളാണ്‌ ഭീമനെ പ്രചോദിപ്പിക്കുന്നത്‌. അവശേഷിക്കുന്ന ഒരു ശത്രു, അശ്വത്ഥാമാവ്‌. മറ്റയാൾ പഴയ കാമുകിയായ കാട്ടാളത്തി. സഹോദരന്മാരുമായുള്ള ആജന്മബന്ധത്തെയും യാത്രാ സമയത്തെടുത്ത പ്രതിജ്ഞയേയും നിരാകരിക്കുവാൻ തക്കവണ്ണം പ്രാധാന്യമുള്ളതാണോ ഇവർ രണ്ടും, ഭീമന്റെ ജീവിതത്തിൽ. വാസുദേവൻനായരുടെ ഭാരത പുനരാഖ്യാനം ഈ പ്രവൃത്തിക്ക്‌ എന്തെങ്കിലും ന്യായീകരണങ്ങൾ നൽകുന്നുണ്ടോ?

ആദ്യം ശത്രു തന്നെയാവട്ടെ. ബ്രാഹ്മണനായി ജനിച്ചുവെങ്കിലും ബ്രാഹ്മണ്യം പൂർണ്ണമായി ഉപേക്ഷിച്ച്‌ ധനുർവേദം പഠിച്ച ആളാണ്‌ ദ്രോണപുത്രനായ അശ്വത്ഥാമാവ്‌. പക്ഷെ ക്ഷത്രിയധർമ്മം സ്വീകരിച്ച ആളെന്ന് അയാളെക്കുറിച്ച്‌ പറഞ്ഞുകൂടാ. ക്ഷത്രിയന്‌ സഹജമായ മഹനീയ ഗുണങ്ങളൊന്നും അയാൾക്കില്ല. ഒറ്റനോട്ടത്തിൽ തോന്നുന്നതു പോലുള്ള വിധേയത്വമൊന്നും അയാൾക്ക്‌ ദുര്യോധനനോടില്ല. ദുര്യോധനന്റെ രക്ഷയോ മാനം കാക്കലോ ഒന്നുമായിരുന്നില്ല അശ്വത്ഥാമാവിന്റെ അവസാനത്തെ കുത്സിതപ്രവൃത്തിയുടെ, സൗപ്തീകത്തിന്റെ ലക്ഷ്യം. ഇതൊക്കെ മഹാഭരതത്തിൽ നിന്നും ഭാരതത്തിലെ പ്രസക്തഭാഗങ്ങൾക്ക്‌ കാർവെ, മാരാർ തുടങ്ങിയവർ നടത്തിയ വിശകലനങ്ങളിൽ നിന്നും മറ്റും വായനക്കാരൻ മനസ്സിലാക്കുന്ന കാര്യങ്ങളാണ്‌. പക്ഷെ ഇത്തരം ഒരു കഥാപാത്രം രണ്ടാമൂഴത്തിലില്ല. ശക്തനായ ഒരു കഥാപാത്രമായി രണ്ടാമൂഴത്തിൽ അശ്വത്ഥാമാവ്‌ പ്രത്യക്ഷപ്പെടുന്നതേയില്ല. അയാളുടെ കുത്സിത പ്രവൃത്തികളെക്കുറിച്ചൊക്കെ ചില സൂചനകൾ മാത്രമേയുള്ളൂ. അവസാനത്തെ അസ്ത്രസംഘട്ടനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല. അർദ്ധപ്രാണനുമായി അയാൾ ഓടിപ്പോകുന്നത്‌ സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രം. ഒരു ഭീഷണനായ ശത്രുവായി ഭീമനെ പോരിനു വിളിച്ചുകൊണ്ട്‌ അശ്വത്ഥാമാവ്‌ മഹാപ്രസ്ഥാനകാലത്തും നിലനിൽക്കുന്നതായി രണ്ടാമൂഴത്തിന്റെ വായനക്കാരന്‌ അനുഭവപ്പെടുകയില്ല. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനോട്‌ യുദ്ധം ചെയ്യാൻ വേണ്ടി ഭീമൻ മഹാപ്രസ്ഥാനമുപേക്ഷിച്ചിറങ്ങി വന്നുവെന്നത്‌ വായനക്കാരൻ തരിമ്പും വിശ്വസിക്കുകയുമില്ല.

ഇനി കാമുകി. രണ്ടാമൂഴത്തിലെ മിഴിവുറ്റ ചുരുക്കം ചില കഥാപാത്രങ്ങളിലൊരാളാണ്‌ ഹിഡിംബി. ബലിഷ്ഠവും പ്രാകൃതവുമായ കാനനസൗന്ദര്യത്തിന്റെ സ്ത്രൈണരൂപം ഹൃദയാവർജ്ജകമായി വരച്ചുകാണിച്ചിട്ടുണ്ട്‌ വാസുദേവൻനായർ. ആഴമുള്ളൊരു ഹൃദയബന്ധം പരിഷ്കൃതനും ആര്യനുമായ രാജകുമാരനും കാട്ടാളയുവതിയും തമ്മിൽ ഉരുത്തിരിഞ്ഞു വരുന്നത്‌ വായനക്കാരൻ ഉൾക്കൊള്ളുക തന്നെ ചെയ്യുന്നു. അതുകൊണ്ടു തന്നെ അവളുടെ ഓർമ്മകൾ അയാൾ കുറേക്കാലം കൂടെ കൊണ്ടുനടന്നുവെന്ന് വിശ്വസിക്കാൻ വായനക്കാരൻ തയ്യാറാവുന്നു. പക്ഷേ വാസുദേവൻനായർ തന്നെ പറയുന്നുണ്ടല്ലോ വിയർപ്പിന്‌ തമരപ്പൂവിന്റെ ഗന്ധമുള്ള സുന്ദരിയെക്കുറിച്ചറിഞ്ഞ ശേഷം ഭീമൻ കാട്ടാളത്തിയായ ഭാര്യയെ കുറിച്ച്‌ സ്വപ്നം കണ്ടിരുന്നില്ല എന്ന്. രണ്ടാമൂഴത്തിൽ ഭീമനെ തന്നിലേക്കാകർഷിക്കുന്ന ഒരു സാന്നിധ്യമായി ഹിഡിംബി പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. അവരുടെ മകൻ പാണ്ഡവരെ സഹായിക്കാനെത്തുന്ന ഘട്ടത്തിൽ പോലും. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത്‌ ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.

തുടർന്ന് വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക
യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2



കടപ്പാട്‌ : സാഹിത്യവിമർശം ദ്വൈമാസികം

PHONE : 9847294497




24 comments:

  1. നിരൂപണം വായിച്ചു

    ReplyDelete
  2. വായിച്ചു കൊണ്ടിരിക്കുന്നു.. പുതിയ അറിവുകൾ..നന്ദി.

    ReplyDelete
  3. ഇരാവതി കാർവെയുടെ പുസ്തകം മഹാഭാരതപഠനങ്ങൾ എന്ന പേരിൽ മലയാളത്തിൽ ഇറങ്ങിയത് വായിച്ചിട്ടുണ്ട്. എം.ടി യുടെ രണ്ടാമൂഴം അതിനുമുമ്പ്തന്നെ വായിച്ചിരുന്നു. ഇവിടെ പറഞ്ഞ സാദൃശ്യങ്ങൾ പലതും തോന്നിയതും, നമ്മുടെ നിരൂപകലോകം ഇത്തരം കാര്യങ്ങളിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നും ചിന്തിച്ചിരുന്നു.

    ചില വിഗ്രഹങ്ങളെ ആരും തൊടുകയില്ല.
    അടിയൻ ലച്ചിപ്പോം എന്ന മട്ടിൽ നിരൂപക,സഹൃദയ ലോകം അന്ധമായി പിൻതാങ്ങുന്നതുകൊണ്ടാവാം ചില വിഗ്രഹങ്ങൾ വാനോളം വളരുന്നത്.

    നല്ലൊരു വായന. ഇനിയും തുടരുക

    ReplyDelete
    Replies
    1. ശരിയാണു സാർ ചില വിഗ്രഹങ്ഗളെ ആരും തൊടുകയില്ല എണ്ണപ്പെട്ട എഴുത്തുകാരുടെ സംഭാവനകളെ ചെറുതായി കാണാതെ തന്നെ അവരുടെ പ്രമാദങൾ ചൂണ്ടിക്കാണിക്കാനുള്ള ശ്രമത്തിലാണു ഞാൻ.വായനക്കും അഭിപ്രായ പ്രകടനത്തിനും നന്ദി

      Delete
  4. നിരൂപണം വളരെ നന്നായിരുന്നു..

    ReplyDelete
  5. എം ടീ യുടെ രണ്ടാമൂഴം ഒരിക്കലും ഒരു അത്യുന്നത കൃതിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല... ഇരാവതി കാര്‍വേയുടെ പഠനങ്ങള്‍ വായിക്കുന്നത് രണ്ടാമൂഴം വായിച്ച ശേഷമാണ്... അന്ന് ചിലര്‍ പറഞ്ഞിരുന്നു ഇത് കോപ്പിയടി ആണെന്ന്... വ്യക്തി പ്രീണനവും പക്ഷങ്ങളും പിടിക്കുന്ന നമ്മുടെ സാഹിത്യ സമൂഹത്തില്‍ എം ടീ അദ്ദേഹത്തിന്റേതായ ഇടനാഴികള്‍ ഒരിക്കിയത് കൊണ്ടാകാം അധികം ചര്‍ച്ച വരാതെ , വിവാദമാകാതെ ആ സംഭവം തണുത്തു പോയത്... വിഷയം നോക്കാതെ പേര് നോക്കി കൃതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി മാറണം.. മാറുമെന്നു പ്രതീക്ഷിക്കാം.... അല്ലെ..

    ReplyDelete
    Replies
    1. തീർചയായും മാറും അശോക് എം ടി ക്ക് അദ്ദേഹത്തിന്റേതായ സ്ഥാനം മലയാളസാഹിത്യത്തിലുണ്ട് എന്നുവെച്ച് അദ്ദേഹം വിമർശനാതീതനാവുന്നില്ല .ഇപ്പോൾ ഈ ലേഖനം ജുലായ് മാസത്തിൽ സാഹിത്യ വിമർശം ദ്വൈമാസികയിൽ വന്നതിനു ശേഷം ധാരാളം എം ടി വിമർശനങൽ പുറത്തു വരാൻ തുടങിയിട്ടുണ്ട്.

      Delete
  6. നിരൂപണം വായിച്ചു . തുടര്‍ച്ച യ്ക്കായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം എഴുതുക എന്തായാലും വായിക്കാൻ സമയം കണ്ടെത്തിയതിനു നന്ദി ബെ ൽ സി

      Delete
  7. സത്യത്തില്‍ മനസ്സിലെ ചില വിഗ്രഹങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നു.... മല്ലൊരു ലേഖനം ..

    ReplyDelete
    Replies
    1. നന്ദി ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം എഴുതുക

      Delete
  8. വായ്ച്ചു നന്ദി ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ

    ReplyDelete
  9. വളരെ ആഴത്തില്‍ അപഗ്രഥിച്ചിരിക്കുന്നു .സല്യൂട്ട് സര്‍

    ReplyDelete
  10. ഇനിയും അറിയാന്‍ ഏറെയുണ്ട്.

    ReplyDelete
  11. Very good observation of the book ji,heartening to read.I m not a fan of MT for his twisting of characters beyond recognition.But yayaathi and Yuganthya are good books.
    അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത്‌ ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.
    To the point ji,Thanks a lot.
    regrads

    ReplyDelete
  12. നല്ല പ0നം. സത്യമപ്രിയം :-)

    ReplyDelete
  13. A few years after this, most of the Yadavas, including Krishna
    and his brother Balarama, were killed in a quarrel among themselves.

    This is one sentence from yugantha.pdf page 14. This shws the authenticity and knowledge of the writer

    ReplyDelete
  14. എം ടി ആയാലും പി കെ ബാലകൃഷ്ണനായാലും ഇരാവതി കാർ വെ എന്ന മഹതിയുടെ പ്രതിഭ അനുകരിച്ചു എന്നത് സത്യം

    ReplyDelete
  15. 1984ലാണെന്ന് തോന്നുന്നു ഞാനീ പുസ്തകം വാങ്ങിച്ചത്. നിരൂപണ ബുദ്ധിയോടെ വായിച്ചിട്ടുമില്ല.. അറിയാവുന്ന മഹാഭാരത കഥ MT അവതരിപ്പിക്കുമ്പോൾ എങ്ങനെയിരിക്കുമെന്നറിയണമെ ന്നേ ഉണ്ടായിരുന്നുള്ളു.

    ഫലശ്രുതിയിൽ MT ,ഒരുപാട് ഗ്രന്ഥങ്ങൾ രണ്ടാമൂഴത്തിന്റെ രചനയ്ക്ക് സഹായകമായി എന്ന് പറയുന്നുണ്ട്. മുഴുവൻ പേരു പറയുന്നുമില്ല. അങ്ങനെ പറയാതെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഇരാവതി കാർവെയുടെ പുസ്തകം പെട്ടു കൂടായ്കയില്ല. MT പറയുന്നതും , പറയാതെ പോയതുമായ ഗ്രന്ഥ ങ്ങളെല്ലാം തന്നെ അദ്ദേഹത്തെ രണ്ടാമൂഴത്തിന്റെ രചനയിൽ സ്വാഭാവികമായും സ്വാധീനിച്ചു കാണും. അതങ്ങനെയാണ്!
    സാറിന്റെ ഈ ലേഖനം MT കണ്ടിരുന്നോ
    എന്തെങ്കിലും അഭിപ്രായപ്പെട്ടോ എന്നറിയാനാ ഗ്രഹിക്കുന്നു.
    ഇരാവതിയുടെ പുസ്തകം വായിക്കാത്ത സ്ഥിതിക്ക് ഇതിൽ കൂടുതലൊന്നും പറയാനെനിക്കറിഞ്ഞു കൂടാ എന്ന് ഖേദിക്കുന്നു.
    ഉറക്കത്തിലായിരുന്ന ധൃഷ്ടദ്യുമൻ പാ ഞ്ചാലിപുത്രന്മാരെയൊക്കെ വെട്ടിക്കൊന്നില്ലേ അശ്വത്ഥാമാവ്. അയാളെ കണ്ടുപിടിച്ചു കൊന്നു കളയാൻ മഹാബലൻ ഭീമസേനൻ ആഗ്രഹിച്ചിലെങ്കിലാണ് തെറ്റ്.
    " അകലത്തെ കാടുകളിലെ
    പച്ചപ്പിലേക്ക് നോക്കി നിന്നപ്പോൾ നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തിയ
    പോലെ തോന്നി.", എന്ന് പറയുന്നുണ്ട്.
    ജിതേന്ദ്രിയനായിട്ടില്ലെന്ന് സമ്മതി ക്കുന്നുമുണ്ട് ഭീമൻ.
    നാമിപ്പോൾ കാണുന്ന ഭീമസേനന് അത്ര പ്രായമൊന്നുമായിട്ടില്ല ആചാര്യന്മാർ സ്ത്രീ ശരീരത്തിന് വേറെ പാഠഭേ
    ദങ്ങൾ പറയണമെന്ന് തോന്നിയ മുഹൂർത്തമെന്ന് എന്ന് ഹിഡിംബിയെപ്പറ്റി പറയുന്നതോർക്കുക. ദ്രൗപദിയെക്കാൾ ബലന്ധരയെക്കാൾ കൂടുതൽ രതിസുഖം നല്കിയത് തീർച്ചയായും ഹിഡിം ബിയാണ്.
    :
    "അവിടെയെങ്ങോ , കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് ഒരു കറുത്ത സുന്ദരി അലയുന്നുണ്ട്. " തന്റെ ഹിഡിംബി , അകാലത്ത് മരണപ്പെട്ടു പോയ തന്റെ മകൻ ഘടോൽ ക്കജന്റെ അമ്മ .
    അവർ വീണ്ടുംകണ്ടുമുട്ടട്ടെ സർ ഒന്നിച്ചു ജീവിക്കട്ടെ
    ചിരകാലം.
    പ്രിയ കുറുപ്പച്ചാ നിരൂപണം നന്നായിരിക്കുന്നു. എനിക്കിങ്ങനൊ ന്നും എഴുതാൻ വയ്യല്ലോന്ന് സങ്കടം.
    ജ്ഞാന വൃദ്ധന് സ്നേഹാദരങ്ങൾ...

    ReplyDelete
    Replies
    1. ഇച്ചേച്ചി ഇതൊന്നും സാദ്ധ്യമല്ലെന്നല്ല യുക്തി സഹമായി,വായനക്കാരന് ബോദ്ധ്യപ്പെടുന്ന തരത്തിൽ ആഖ്യാനം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.എം ടി വായിച്ചോ എന്നറിഞ്ഞു കൂടാ.രണ്ടാം ഭാഗം കൂടി വായിക്കു

      Delete

Leave your comment