Wednesday, March 22, 2017

സംസ്കാരജാലകം-28

സംസ്കാരജാലകം-28
ഡോ.ആർ.ഭദ്രൻ

എം.എൻ.കാരശ്ശേരി
എം.എൻ.കാരശ്ശേരി മലയാളത്തിലെ ശ്രേഷ്ഠനായ എഴുത്തുകാരനാണ്‌. വായനാക്ഷമതയുള്ള നല്ല ഗദ്യത്തിന്റെ ഉടമയുമാണ്‌ അദ്ദേഹം. ഭാഷ ഒരു മലയാളിയെ (ആഗോളമലയാളിയെയും) എങ്ങനെ നിർമ്മിക്കുന്നു എന്നതിന്റെ രസകരമായ അവതരണമാണ്‌ ‘ഭാഷയിലാണ്‌ ഭാഷയാണ്‌ കേരളം’ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (30.10.2016) ലേഖനത്തിൽ. ഭാഷയാണ്‌ നമ്മുടെ ദേശീയതയെ സൃഷ്ടിക്കുന്നത് എന്ന ഇ.എം.എസിന്റെ ചിന്തയുടെ തുടർച്ചയാണ്‌ ഈ ലേഖനം.


ബാലമുരളീകൃഷ്ണയ്ക്ക് പ്രണാമം

ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗം സംഗീതലോകത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിട്ടുള്ളത്. സംഗീതലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ്‌ ഈ നാദോപാസകൻ ശ്രമിച്ചിട്ടുള്ളത്. ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗത്തിൽ സംസ്കാരജാലകവും അനുശോചനം പങ്കുവെക്കുന്നു.


പു.ക.സ കാരോട് പറയാനുള്ളത്.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തോളമായി പുകസയോടൊപ്പം നടന്നവരാണ്‌ ഞങ്ങൾ. ഇപ്പോഴത്തെ പുകസ നേതാക്കന്മാർ പ്രസംഗിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്. പുതിയകാലത്തിന്റെ സാംസ്കാരികപ്രശ്നങ്ങളെ പുകസ വേണ്ടതുപോലെ തിരിച്ചറിയുന്നില്ല എന്നാണ്‌ അതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. നവലിബറൽ കാലയളവിലെ സാംസ്കാരിക പോരാട്ടത്തിന്റെ ദിശാബോധം പുകസ നേടിയെടുത്തിട്ടില്ല. മനുഷ്യരായ മനുഷ്യരെയെല്ലാം ബാധിച്ചിരിക്കുന്ന സാംസ്കാരിക രോഗങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ അവർ ഇവിടെ എന്തുചെയ്യുന്നു എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ഉപഭോഗസംസ്കാരം സൃഷ്ടിക്കുന്ന വ്യാധികളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനും പുകസ ഒരു ചുക്കും ചെയ്യുന്നില്ല. ഇന്ന് ജാതിവാൽ മുറിക്കുന്നതിനേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ നമുക്കിടയിലുണ്ടെന്ന് കെ.ഇ.എന്നിനെ പോലുള്ളവർ മനസ്സിലാക്കണം.

അനർഘനിമിഷം മലയാളത്തിന്റെ അതുല്യകഥ
ബഷീർ ഇനിയും പിടികിട്ടാത്തൊരു സമസ്യയാണ്‌. അനർഘനിമിഷം മലയാളകഥാവിമർശനം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്‌. ദൈവം, മരണം, ജീവിതം എന്നിവയെ ഈ കഥ എത്ര സുരക്ഷിതമായി കലാപരമായി പ്രശ്നവത്കരിക്കുന്നു എന്ന് നാം ആഴത്തിൽ മനസ്സിലാക്കേണ്ടതാണ്‌. സാധാരണ ഒരു കഥയുടെ റേഞ്ച് വിട്ടുയരുന്ന ഒരു കഥയാണിത്. ദൈവത്തെ എത്ര ആഴത്തിലും പരപ്പിലും ബഷീർ അനുഭവാത്മകമാക്കി എടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ ഈ കഥ. ദൈവത്തെ ബഷീർ നല്ലതുപോലെ വശപ്പെടുത്തിയിരുന്നു എന്നതിന്റെ നിത്യസാക്ഷ്യമാണ്‌ ഈ കഥ.


മണലാഴം
വ്യത്യസ്തമായൊരു പരിസ്ഥിതി നോവൽ. പത്രപ്രവർത്തകനായ ഹരി കുറിശേരിയുടെ ‘മണലാഴം’ ശ്രദ്ധിക്കപ്പെടേണ്ട ഒരു നോവലാണ്‌. മണ്ണിട എന്ന സ്ഥലത്തെ കേന്ദ്രമാക്കിക്കൊണ്ട് ഭീകരമായ മണലൂറ്റിന്റെ കഥ പറയുന്ന നോവലാണിത്. ഇതിനെതിരെ വികലാംഗനും സംസ്കൃതാധ്യാപകനുമായ സച്ചിദാനന്ദൻ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ കഥ ഈ നോവൽ ശക്തമായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ പ്രാകൃതവാസനകളെ നേരിടാൻ ഒരു സംസ്കൃതാധ്യാപകനെ കേന്ദ്രകഥാപാത്രമാക്കിയതിൽ പാത്രസൃഷ്ടിയുടെ ഒരു അപുർവ്വതയുണ്ട്. ഭൂമിയെ വികൃതമാക്കുന്നതിനെ നേരിടാൻ വികലാംഗനെ സൃഷ്ടിച്ചതിലും ആലോചനയുടെ വലിയ സൗന്ദര്യമുണ്ട്. അയാളെ അർശോരോഗിയാക്കിയപ്പോൾ പ്രകൃതിനിയമം എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെയാണ്‌ ഓർത്തത്. ആസ്മ രോഗിയായിരുന്ന നക്സലൈറ്റ് നേതാവ് ചാരു മജൂംദാറിനെയും ഈ നോവൽ വായനയിൽ ഓർത്തിരുന്നു പോയിട്ടുണ്ട്. രോഗവും പ്രതിഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഓർത്തുപോയി. സംസ്കൃതത്തിന്റെ കാവ്യസൗന്ദര്യലോകം നോവലിൽ ഉപയോഗിച്ചത് ആഖ്യാനത്തിന്റെ വലിയ അഴകിനാണ്‌ കാരണമായി തീർന്നിരിക്കുന്നത്. ഈ നോവൽ കേരളം ശ്രദ്ധയോടെ വായിക്കേണ്ടതാണ്‌.


സി.രാധാകൃഷ്ണന്‌ എഴുത്തച്ഛൻ പുരസ്കാരം
സി.രാധാകൃഷ്ണന്‌ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചത് സമുചിതമായ ഒരു സാംസ്കാരിക നടപടിയാണ്‌. സി.രാധാകൃഷ്ണന്റെ നോവലുപാസന പണ്ടുതന്നെ ഞങ്ങളെയൊക്കെ വളരെയേറെ സന്തോഷിപ്പിച്ചൊരു സാഹിത്യപ്രവർത്തനമായിരുന്നു. സി.രാധാകൃഷ്ണൻ ഭാഷാപോഷിണി എഡിറ്ററായിരുന്ന സമയത്ത് അദ്ദേഹവുമായി എനിക്കൊരു അടുപ്പമുണ്ടായിരുന്നു. ഒരു genuine എഡിറ്ററായിരുന്നു അദ്ദേഹം. ഇന്നത്തെ ഭാഷാപോഷിണി എഡിറ്റർ കെ.സി.നാരായണിൽ നമുക്ക് ഈ മൂല്യം കണ്ടെത്താൻ കഴിയില്ല. പുതിയ കാലഘട്ടത്തിൽ മനുഷ്യമനസ്സ് അനുഭവിക്കുന്ന വിഹ്വലതകളെയും സങ്കീർണ്ണതകളെയും ആഴത്തിൽ തിരിച്ചറിയാനും ചരിത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും വർത്തമാന സാഹചര്യങ്ങളിൽ നിന്നും വിവേകം ഉൾക്കൊണ്ട് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും സി.രാധാകൃഷ്ണൻ തന്റെ രചനകളിലൂടെ ശ്രമിക്കുന്നുണ്ടെന്ന അവാർഡ് കമ്മറ്റിയുടെ വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്‌.


തിക്കൊടിയന്റെ ശതാബ്ദി ആഘോഷംതിക്കൊടിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ഒരു സംഘസംവാദം സംഘടിപ്പിച്ചത് ഏറെ അഭിനന്ദനീയമാണ്‌. എം.ടി, ഡോ.എം.എം.ബഷീർ, ഡോ.എം.സി.അബ്ദുൾനാസർ തുടങ്ങിയ പ്രമുഖർ ഈ സംഘസംവാദത്തിൽ പങ്കെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ ആഘോഷങ്ങളെ അവഗണിച്ചിരുന്ന തിക്കൊടിയൻ മരിച്ചതിനു ശേഷം ഇപ്രകാരം ഒരു സാഹിത്യസംവാദം സംഘടിപ്പിച്ചതാണ്‌ ഏറ്റവും പ്രസക്തമായ കാര്യം. നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തിക്കൊടിയന്‌ നാടകത്തെ തീരെ അവഗണിക്കുന്ന ഒരു കാലയളവിൽ ഇപ്രകാരമൊരു ആദരവ് അർപ്പിക്കുന്നതിൽ ഗ്രന്ഥാലോകത്തിന്‌ പ്രത്യേകമായി അഭിമാനിക്കാൻ വകയുണ്ട്. നാടകം എന്ന മഹത്തായ കലയുടെ തിരിച്ചുവരവിൽ ഇതും ഒരു പ്രേരകമായി ഭവിക്കട്ടെ.


ഫിദൽ കാസ്ട്രോയ്ക്ക് പ്രണാമം
ലോകം കണ്ട അതുല്യനായ കമ്മ്യൂണിസ്റ്റ് ഫിദൽ കാസ്ട്രോ യാത്രയായി. രോമാഞ്ചത്തോടുകൂടി മാത്രമേ ഫിദൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും ജീവിതയാത്രയിലൂടെ നമുക്ക് കടന്നുപോകാൻ സാധിക്കൂ. അവർ പ്രകടിപ്പിച്ച നിശ്ചയദാർഢ്യം ലോക കമ്മ്യൂണിസത്തിന്‌ പ്രചോദനമാകേണ്ടതാണ്‌. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരേ ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ആ പാതയിലൂടെ ഒരു രാജ്യത്തെയും ജനതയെയും നയിക്കുകയും ചെയ്യുക എന്നത് ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളാണ്‌. സാമ്രാജ്യത്വവും മുതലാളിത്തവും മനുഷ്യരാശിക്ക് ആപത്കരമാണെന്ന തിരിച്ചറിവ് നേടുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത ആ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിന്‌ സംസ്കാരജാലകം പ്രണാമങ്ങളർപ്പിക്കുന്നു.


ഷാനി പ്രഭാകറിന്റെ ‘പറയാതെ വയ്യ’.
മനോരമ ചാനലിൽ ഷാനി പ്രഭാകർ അവതരിപ്പിക്കുന്ന ‘പറയാതെ വയ്യ’ പരാജയപ്പെടുന്നു എന്ന കാര്യം സംസ്കാരജാലകത്തിന്‌ പറയാതെ വയ്യ. അതിവാചാലതയാണ്‌ അതിന്റെ ഏറ്റവും വലിയ ശാപം. ചിന്തയുടെ നിശിതത്വമില്ലായ്മ, ആഖ്യാനത്തിന്റെ സൗന്ദര്യമില്ലായ്മ, കൃത്യതയുടെ തകർച്ച എല്ലാം ഈ പരിപാടിയെ വഷളാക്കുന്ന ഘടകങ്ങളാണ്‌. മാതൃഭൂമി ചാനലിലെ ‘ഞങ്ങൾ ക്കും പറയാനുണ്ട്’ എന്ന പ്രോഗ്രാമും സ്ഥിരം പാറ്റേണുകളുടെ മടുപ്പുകൊണ്ടും സജീവതയുടെ അഭാവം കൊണ്ടും വഷളായിക്കൊണ്ടിരിക്കുന്നു എന്നും പറയാതെ വയ്യ.


കട്ടപ്പനയിലെ ഋതിക് റോഷൻ
കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയെക്കുറിച്ചുള്ള സിനിമയാണ്‌. ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ നേരത്തെയും ഉണ്ടായിട്ടുണ്ട്. ‘ഉദയനാണ്‌ താരം’ എന്ന സിനിമ ഓർക്കുക. സിനിമയിലെ നാനാതരത്തിലുള്ള പ്രശ്നങ്ങൾ ഈ സിനിമ പ്രേക്ഷകനുമായി പങ്കുവെക്കുന്നു. വിഷ്ണുവിന്റെ തിരക്കഥ വിഷ്ണുവിന്റെ അഭിനയം പോലെ തന്നെ മികവുറ്റതാണ്‌. തട്ടുപൊളിപ്പൻ സിനിമയുണ്ടാക്കുന്ന മലയാളത്തിലെ താരരാജാക്കന്മാർ വിഷ്ണുവിൽ നിന്നും സിനിമ അഭ്യസിക്കേണ്ടതാണ്‌.


O


Wednesday, November 9, 2016

സംസ്കാരജാലകം-27

സംസ്കാരജാലകം-27
ഡോ.ആർ.ഭദ്രൻബോബ് ഡിലന്‌ 2016 ലെ സാഹിത്യനൊബേൽ
ഒരു ഗാനരചയിതാവിന്‌ നൊബേൽ സമ്മാനം ലഭിച്ചു എന്ന കൗതുകം ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനത്തിനുണ്ട്. ഇതിന്‌ സാഹിത്യരംഗത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഗാനശാഖയ്ക്ക് ലഭിച്ച ഒരു ആഗോള അംഗീകാരമായി ഈ പുരസ്കാരലബ്ധിയെ വിലയിരുത്താവുന്നതാണ്‌. അമേരിക്കൻ എഴുത്തുകാരനായ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പോരാട്ടവും യുദ്ധവിരുദ്ധപ്രവർത്തനങ്ങളും ഏറെ പ്രശംസിക്കപ്പെടേണ്ടവയാണ്‌.


കാവാലം നാരായണപ്പണിക്കർ ഇനി ഓർമകാവാലം നാരായണപണിക്കരുടെ അന്ത്യം കലാകേരളത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. നാടകകൃത്ത്, നാടകസംവിധായകൻ, ഗാനരചയിതാവ്, തനതു നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനി എന്നീ നിലകളിലെല്ലാം കാവാലം എക്കാലവും ഓർമ്മിക്കപ്പെടും. കാളിദാസൻ, ഭാസൻ തുടങ്ങിയവരുടെ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ച് കാവാലം ഇന്ത്യയുടെ മുഴുവൻ ആദരവാണ്‌ പിടിച്ചു വാങ്ങിയത്. എം.ജി.സർവ്വകലാശാലയുടെ കോളേജ് അധ്യാപകർക്കുള്ള മലയാളം റിഫ്രഷർ കോഴ്സിൽ വെച്ചാണ്‌ കാവാലത്തിന്റെ ഒരു ക്ലാസ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. സംസ്കാരജാലകത്തിന്റെ പ്രണാമങ്ങൾ അർപ്പിക്കട്ടെ!

തിരുത്ത് - റസീന കടേങ്ങൽറസീന കടേങ്ങൽ എന്ന എഴുത്തുകാരിയെ ഈ അടുത്ത സമയത്താണ്‌ പരിചയപ്പെട്ടത്. അവർ കൊല്ലം ജില്ലയിൽ തേവലക്കരയിലെ സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആന്റ് ജൂനിയർ കോളേജിന്റെ പ്രിൻസിപ്പൽ ആണ്‌. നന്നായി കവിതയും ചെറുകഥയും എഴുതും. ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. അത് ആറേഴ് വർഷങ്ങൾക്കു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നാണ്‌ ടീച്ചറുടെ നിലപാട്. ടീച്ചർ എഴുതിയ ഒരു കവിത ഇങ്ങനെ വായിക്കാം.

തിരുത്തി തിരുത്തി
തിരുത്താനിടമില്ലാത്തൊരു
കുടുസ്സുമുറിയായിരിക്കുന്നു
നിന്റെ ഹൃദയം
ഞാനതിൻ 
വാതിൽപ്പടിയിലെ 
വലിയൊരു തെറ്റും!

പ്രണയത്തിന്റെ ഒരു സംഘർഷാത്മകത ചേതോഹരമായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു. കവിത സാന്ദ്രമാകുകയും എന്നാൽ വ്യക്തതയുടെ നിറം അണിയിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ കവിതയുടെ പ്രത്യേകത.


ചാത്തന്നൂർ മോഹൻ
പത്രപ്രവർത്തകനും നാടകഗാനരചയിതാവും കവിയുമായ ചാത്തന്നൂർ മോഹന്റെ മരണം സാംസ്കാരികകേരളത്തിന്‌ കനത്ത നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. കെ.പി.അപ്പന്റെ ഒരു വലിയ ആരാധകനായിരുന്നു മോഹൻ. ആ നിലയിൽ കെ.പി.അപ്പൻ പറഞ്ഞും ചാത്തന്നൂർ മോഹനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. കൊല്ലത്തെ സാംസ്കാരിക പ്രവർത്തകർക്ക് അവിസ്മരണീയ ഓർമകളാണ്‌ അദ്ദേഹം പകർന്നു നൽ കിയിട്ടുള്ളത്. ചാത്തന്നൂർ മോഹന്റെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ
ആടുജീവിതമാണ്‌ ബെന്യാമിന്‌ പേരും പെരുമയും നൽകിയ നോവൽ. അതിന്‌ സാഹിത്യ അക്കാദമി അവാർഡ് വരെ ലഭിച്ചതാണ്‌. യഥാർത്ഥത്തിൽ 2008 ൽ എഴുതിയ അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾക്ക് അക്കാദമി അവാർഡ് ലഭിക്കേണ്ടതായിരുന്നു. അത് നൽകാതിരുന്നത് വലിയ അപരാധമായിപ്പോയി. മധ്യതിരുവിതാംകൂർ ജീവിതവും ഭാഷയും സംസ്കാരവും ഉയർത്തിക്കാണിക്കുന്ന ഈ നോവൽ ‘ആടുജീവിത’ത്തെക്കാൾ മികച്ച നോവലാണ്‌. നോവൽകല എന്താണെന്ന് ഈ കൃതി നമുക്ക് പറഞ്ഞുതരുന്നു.

മഹാശ്വേതാദേവിഎഴുത്തും ആക്ടിവിസവും ഒരുപോലെ കൊണ്ടുപോയ എഴുത്തുകാരിയായിരുന്നു. മഹാശ്വേതാദേവി. മഹാശ്വേതാദേവിയുടെ എഴുത്തുകൾ എക്കാലവും ഓർമിക്കപ്പെടുന്നതാണ്‌. ആദിവാസിക്ഷേമത്തിനു വേണ്ടി മഹാശ്വേതാദേവി നൽകിയ സംഭാവനകളും അതുല്യങ്ങളായിരുന്നു. വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും സ്വപ്നങ്ങളുമായിരുന്നു ഈ എഴുത്തുകാരിയുടെ രചനകളിലെ ഏറ്റവും പ്രധാന ധാര. മഹാശ്വേതാദേവിയുടെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു.


‘പുലിമുരുകനും’ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയും’

ഇപ്പോൾ കൊട്ടിഘോഷിക്കുന്ന പുലിമുരുകനെക്കാൾ ശ്രേഷ്ഠമായ ചലച്ചിത്രം ‘കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ ആണ്‌. ഒരു പുതിയ അനുഭവലോകം ചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നു എന്ന മഹത്വം പുലിമുരുകനുണ്ട്. എന്നാൽ അത് പതുക്കെ കച്ചവടസിനിമയുടെ സ്ഥിരം ഫോർമുലയിലേക്ക് മാറുകയാണ്‌. ഇത് തിരക്കഥയുടെ പരാജയമാണ്‌. തിരക്കഥയുടെ കാര്യത്തിൽ സിദ്ധാർഥ് ശിവയുടെ 'കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' പക്വതയാർന്ന ഒരു സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്.എഡ്വേർഡ് ആൽബി
വിഖ്യാത അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി അന്തരിച്ചു. അദ്ദേഹത്തിന്‌ 88 വയസ്സായിരുന്നു പ്രായം. മൂന്നുപ്രാവശ്യം പുലിസ്റ്റർ സമ്മാനം നേടിയിട്ടുണ്ട്. ‘എ ഡെലിക്കേറ്റ് ബാലൻസ്’ (1967), ‘സീ സ്കെയ്പ്പ്’ (1975), ‘ത്രീ ടോൾ വിമൺ’ (1994) എന്നിവയാണ്‌ നാടകങ്ങൾ. അദ്ദേഹത്തിന്റെ ‘Zoo Story' എന്ന ഏകാങ്കനാടകം പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ EJPM ഹോസ്റ്റൽ വാർഷികത്തിന്‌ അവതരിപ്പിച്ചത് ഒരു വലിയ കലാനുഭവമായി എന്റെ മനസ്സിൽ ഇപ്പോഴും ശേഷിക്കുന്നു. അന്ന് EJPM ഹോസ്റ്റലിന്റെ വാർഡൻ ആയിരുന്നു ഞാൻ. എനിക്കായിരുന്നു നാടകത്തിന്റെ സംഘാടക ചുമതല. പ്രിറ്റി എഡ്വേർഡ് ആയിരുന്നു സംവിധായകൻ. ഇപ്പോൾ മനോരമ ചാനലിൽ ജോലി ചെയ്യുന്ന പ്രിൻസ് പാപ്പച്ചനും അന്ന് ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായിരുന്ന രവിയുമായിരുന്നു നടകത്തിലെ അഭിനേതാക്കൾ.


'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'  
എസ്.ഹരീഷിന്റെ ’മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവന്നത് എന്തുകൊണ്ടും ഉചിതമായി. പുതിയകാലത്തും നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന വലിയ ജാതിവിചാരത്തെ മനോജ്ഞമായി അവതരിപ്പിക്കുന്ന കഥയാണിത്. ഭാഷയ്ക്കുള്ളിലെയും ആചാരങ്ങൾക്കുള്ളിലെയും ജാതിയെയും കഥ പുറത്തെടുത്ത് കാണിക്കുന്നു. ജാതിരഹിത പ്രേമവിവാഹത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീധനം, ജാതിഭ്രാന്ത്, പൊങ്ങച്ചം, ആഡംബരം എന്നീ സാമൂഹികവിപത്തുകളെ കഥ മനോജ്ഞമായി എടുത്തുകാണിക്കുകയാണ്‌. പ്രേമവിവാഹത്തിന്റെ ഒരു കഥാന്തരീക്ഷത്തിൽ നിർത്തിയാണ്‌ എസ്.ഹരീഷ് ഇതെല്ലാം ഒരു കഥാകൃത്തിന്റെ ഉത്തരവാദിത്വബോധത്തോടെ എടുത്തുകാണിച്ചിരിക്കുന്നത്. ശ്രീനാരായണഗുരു എന്ന സൈൻ (Sign) കഥ വളരെ കലാപരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളേജിലെ എന്റെ വിദ്യാർത്ഥിയായിരുന്നു എസ്.ഹരീഷ്. കഥ വായിച്ചുകേട്ടപ്പോൾ ഹരീഷിനെ ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നി.


ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തിയുടെ ആകസ്മികമായ മരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ വലിയ ആഘാതമായിരിക്കുകയാണ്‌. മാതൃകാപുരുഷനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഒരിക്കൽ മാത്രമേ ഞാൻ ദക്ഷിണാമൂർത്തിയുടെ പ്രസംഗം കേട്ടിട്ടുള്ളു. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് താത്വികവശങ്ങൾ വിശദീകരിക്കുന്നതിന്‌ അദ്ദേഹം പ്രഗത്ഭനായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിസ്തുലമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രതിഭാശാലികളായ നേതാക്കന്മാരുടെ വംശം അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ ദക്ഷിണാമൂർത്തിയുടെ മരണം അപരിഹാര്യമായ ഒരു നഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. സംസ്കാരജാലകം ദുഖം പങ്കുവെക്കുന്നു.

OSaturday, July 30, 2016

സംസ്കാരജാലകം-26

സംസ്കാരജാലകം-26
ഡോ.ആർ.ഭദ്രൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ടി.ഡി.രാമകൃഷ്ണന്റെ ഈ നോവലിന്റെ തമിഴ്പതിപ്പ് ഉടൻ ഉണ്ടാവണം. തമിഴ്നാട്ടിൽ നോവൽ വലിയ വിപ്ലവം സൃഷ്ടിക്കും; വായനാവിപ്ലവം. ശ്രീലങ്കയിലെ വംശീയകലാപത്തിൽ ഈ നോവലിൽ വ്യക്തമായും തമിഴ് വംശജരോട് വലിയ ആഭിമുഖ്യമാണ്‌ പുലർത്തുന്നത്. പുലി പ്രഭാകരൻ ഒരു ലഹരിയായി നോവലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളിൽ നിന്നും വ്യത്യസ്തമായ നോവലാണിത്. ചരിത്രവും മിത്തും ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നതിന്റെ സൗന്ദര്യാത്മകതലങ്ങളെക്കുറിച്ച് നോവൽ വിമർശകർ ആഴത്തിലുള്ള അന്വേഷണങ്ങൾ നടത്തണം.


വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ

വാർത്ത കേൾക്കുന്നതിന്റെ ഗൗരവവും സുഖവും സൗന്ദര്യവും മലയാളിക്ക് കൊടുത്തത് ആൾ ഇന്ത്യ റേഡിയോ ഡൽഹിനിലയത്തിലെ മലയാളം വാർത്തവായനക്കാരനായ ശങ്കരനാരായണനായിരുന്നു. ഈ രംഗത്ത് ഇതിനോട് കിട പിടിക്കാൻ മറ്റൊരാളും ഉണ്ടായിട്ടില്ല. ഇന്ന് ടെലിവിഷൻ ചാനലുകളിൽ വാർത്തകൾക്ക് ദൃശ്യാത്മകതയുടെ സാധ്യതകൾ ഉണ്ടായിട്ടുകൂടി വലിയ അനുഭവരസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ശങ്കരനാരായണന്റെ വാർത്തവായനയുടെ പ്രത്യേകത, ശ്രാവ്യമായിട്ടുകൂടി നല്ല ദൃശ്യാത്മകതയും നാടകീയതയും പകരാൻ കഴിഞ്ഞു എന്നതാണ്‌. ആ വാർത്തകൾക്ക് ഒരു നാഷണൽ സ്പിരിറ്റ് കൂടി ഉണ്ടായിരുന്നു. ഇന്ത്യ ഒന്നാകെ ഉൾക്കൊണ്ടുകൊണ്ടാണ്‌ ആ വാർത്തകൾ മലയാളിയുടെ കാതുകളിൽ വന്നുപതിച്ചത്. ഇപ്പോഴത്തെ ടെലിവിഷൻ വാർത്തകൾ കൊച്ചു തുരുത്തുകളായി മാറുന്നതുകൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്. ഒരു അപൂർവ്വ പുസ്തക പ്രകാശനം
2016 ഏപ്രിൽ 8 വെള്ളിയാഴ്ച കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഒരു അപൂർവ്വ പ്രകാശനം നടക്കുകയുണ്ടായി. ഡോ.പി.കെ.ഗോപൻ എഴുതിയ ‘സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും’ എന്ന പുസ്തകമാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്. അശ്വതിതിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ പുസ്തകം സ്വീകരിച്ചു. ഒരു കമ്യൂണിസ്റ്റുകാരനെഴുതിയ പുസ്തകം തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു തമ്പുരാട്ടി പ്രകാശനം ചെയ്തു എന്ന കൗതുകം ചടങ്ങിനെ ആദ്യന്തം ഗൗരവമുള്ളതാക്കി മാറ്റി. കമ്യൂണിസ്റ്റുകാർ കലയോടു പുലർത്തുന്ന ആദരവ് ചടങ്ങിൽ ആദ്യവസാനം പ്രകീർത്തിക്കപ്പെട്ടു. വളരെ കുലീനവും അന്തസ്സുറ്റതുമായിരുന്നു തമ്പുരാട്ടിയുടെ ഓരോ വാക്കും ചലനവും എന്നതും ശ്രദ്ധിക്കപ്പെട്ടു. ഏ.അയ്യപ്പനും നൊബേൽ സമ്മാനവും
മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യയിൽ തന്നെ നൊബേൽ സമ്മാനം ലഭിക്കുവാൻ പോന്ന തരത്തിൽ കാവ്യശക്തി ഉണ്ടായിരുന്ന ഒരു കവി ഏ.അയ്യപ്പൻ മാത്രമാണ്‌. അദ്ദേഹത്തിന്റെ ഓരോ കവിതയും വായിച്ച് അതിന്റെ ആഖ്യാനത്തിന്റെ സാന്ദ്രഭംഗി താലോലിച്ച് നാം അത്ഭുതപരതന്ത്രരായിപ്പോകും. ആ കാവ്യപ്രതിഭയ്ക്ക് മുന്നിൽ നാം അറിയാതെ നമിച്ചുപോകും. അതിമനോഹരമായി ഈ കവിതകൾ വിവർത്തനം ചെയ്ത് നൊബേൽ അക്കാദമിക്ക് കൊടുത്താൽ നെരൂദയ്ക്ക് നൊബേൽ സമ്മാനം കൊടുത്തതു പോലെ ഈ കവിയ്ക്കും നൊബേൽ സമ്മാനം ഉറപ്പാണ്‌. കേരളത്തിലെ സാഹിത്യരംഗത്ത് നിലനിൽക്കുന്ന വൃത്തികെട്ട പ്രവണതകളാണ്‌ അയ്യപ്പനെപ്പോലെയുള്ള കവികളുടെ യഥാർത്ഥമഹത്വം ലോകത്തിലേക്ക് പ്രകാശമാകുന്നതിന്‌ എന്നും തടസ്സമായി നിന്നിട്ടുള്ളത്. കമലാസുരയ്യ മാത്രമാണ്‌ മലയാളത്തിലെ ഏറ്റവും വലിയ കവി ഏ.അയ്യപ്പനാണെന്ന് തുറന്നു പറഞ്ഞിട്ടുള്ളത്.


കനയ്യ എന്ന കനൽ
രാജ്യത്തിനുള്ളിലെ ചൂഷണങ്ങൾക്കെതിരെ ആഞ്ഞടിച്ച ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ എന്ന ചെറുപ്പക്കാരൻ നിസ്തോഭമായ ആത്മധൈര്യത്തിലൂടെ രാജ്യത്തുടനീളം ഫാസിസത്തിനെതിരെ പോരാടുന്ന ഒരു ജനതയുടെ മനോവീര്യമാണ്‌ പ്രോജ്ജ്വലിപ്പിച്ചത്. വ്യാജപ്രചാരണങ്ങളിലും സമ്മർദ്ദങ്ങളിലും കനയ്യ അടിതെറ്റിയിരുന്നെങ്കിൽ ഒപ്പം ചേർന്ന വലിയ ഒരു ആരവം നിലച്ചുപോകുമായിരുന്നു. ഫാസിസ്റ്റുകൾ രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമായിരുന്നു. ശക്തിയുക്തം അന്തരീക്ഷത്തിലേക്കുയർന്ന ആ ചൂണ്ടുവിരൽ ഒരു രാജ്യത്തിന്റെ മുഴുവൻ ജനാധിപത്യമോഹങ്ങളെയുമാണ്‌ കാത്തുസൂക്ഷിച്ചത്.


നേതാവ് പറയട്ടെ

ഈ തെരഞ്ഞെടുപ്പുകാലം നമ്മുടെ ചാനലുകൾ ശരിക്കും ആഘോഷിക്കുകയായിരുന്നു. പല തെരഞ്ഞെടുപ്പു പരിപാടികളും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ്‌ മാതൃഭൂമി ചാനലിലെ ‘നേതാവു പറയട്ടെ’ എന്ന പരിപാടി. ഇത് അവതരിപ്പിച്ചത് ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു. അഭിമുഖരൂപത്തിലുള്ള ഈ പരിപാടി ചോദ്യകർത്താവിന്റെ ചടുലഭംഗി കൊണ്ടും കൃത്യത കൊണ്ടുമാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്.ആ മണിനാദം നിലച്ചു, പിന്നെയും പിന്നെയും മുഴങ്ങാൻ
കലാഭവൻ മണിയുടെ മരണം മലയാളത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന്‌ കലാഭവൻ മണിക്ക് ആ വർഷത്തെ ഭരത് അവാർഡ് ലഭിക്കേണ്ടതായിരുന്നു. അവാർഡ് നിഷേധിച്ചതിൽ ഒരു വൻ ചതി ഉണ്ടായിരുന്നു എന്ന് ഞങ്ങളൊക്കെ അന്ന് വിമർശനം ഉന്നയിച്ചിരുന്നതാണ്‌. സ്വഭാവനടനായും, ഗായകനായും, ഹാസ്യതാരമായും അഭിനയത്തിന്റെ ബഹുവർണ്ണക്കുടകൾ ഉയർത്തുവാൻ കഴിയുന്ന ഒരു നടൻ ലോകത്തെ എന്താണ്‌ ബോധ്യപ്പെടുത്തുന്നത്? ഈ സിദ്ധിയുള്ള ഏതു നടനാണ്‌ മലയാളത്തിൽ വേറേയുള്ളത്? മലയാളഭാഷയിൽ മാത്രമല്ല, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും മണിയുടെ പ്രതിഭാവിലാസം ശോഭിച്ചിട്ടുണ്ട്. അങ്ങനെ അഭിനയത്തിന്റെ ഒരു ദ്രാവിഡപ്രഭാവമായി മണി മാറുകയായിരുന്നു.


പ്രായംചെന്ന രാഷ്ട്രീയക്കാർ ഇലക്ഷനിൽ നിന്നും മാറിനിൽക്കുക. 


കേരളത്തിലെ ഇലക്ഷനുകളിൽ നിന്ന് ഇനിയെങ്കിലും പ്രായം ചെന്നവർ മാറി നിൽക്കണം. സ്ത്രീകൾക്കും യുവാക്കൾക്കും അവർ വഴിമാറി കൊടുക്കുക. വി.എസ്, ഏ.കെ.ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെല്ലാം ഇത് ബാധകമാണ്‌. അവർ മാറിനിന്നുകൊണ്ട് നല്ല വഴികാട്ടികളായി വേഷം മാറണം. ഇവരെയെല്ലാം പാർലമെന്ററി വ്യാമോഹം ഉടുമ്പിനെപ്പൊലെ വല്ലാതെ പിടികൂടിയിരിക്കുകയാണ്‌. രംഗം വിടാതെ നിൽക്കുന്നതു കാണുമ്പോൾ ഈ പാർലമെന്ററി വ്യാമോഹത്തെക്കാൾ വൃത്തികെട്ടിട്ടില്ല മറ്റൊന്നും ഊഴിയിൽ എന്ന് അറിയാതെ മനസ്സ് പറഞ്ഞുപോകുകയാണ്‌. ഇനിയെങ്കിലും മാറി നിന്നില്ലാ എങ്കിൽ ചരിത്രം നിങ്ങൾക്ക് മാപ്പുതരില്ല എന്നത് നിസ്സംശയമാണ്‌.


കെ.സജീവ്കുമാർ.
കെ.സജീവ്കുമാർ സാഹിത്യരംഗത്ത് കൂടുതൽ സജീവമാകുന്നു. സജീവ്കുമാർ പുതിയ മലയാള കാവ്യധാരയിലെ പ്രമുഖനായ കവിയാണ്‌. പുതുമലയാള കവിതയുടെ വഴികളെക്കുറിച്ച് സൂക്ഷ്മമായി ജ്ഞാനമുള്ള നിരൂപകൻ കൂടിയാണ്‌ കെ. സജീവ്കുമാർ. അദ്ദേഹത്തിന്റെ ‘ഭൂമി ഒരു ചിത്രപുസ്തകം’ 2007 ൽ പരിധി ബുക്സ് പുറത്തിറക്കി. അതിൽ ശ്രദ്ധേയങ്ങളായ ഒട്ടേറെ കവിതകൾ ഉണ്ടായിരുന്നു. ചില കവിതകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഒറ്റയ്ക്കൊരു പെൺകുട്ടി പുഴയെ കാമിക്കുന്നു.
ബോംബ്
മഴത്തുള്ളിയുടെ ഫോസിൽ
ഫൂക്കോയുടെ വാൾ

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെക്കുറിച്ച് ഇദ്ദേഹമെഴുതിയ ഒരു നിരൂപണലേഖനം വായിച്ചതിന്റെ ഓർമ്മയും എന്റെ മനസ്സിലുണ്ട്. ആ ലേഖനത്തിന്റെ പേര്‌ ഇങ്ങനെയായിരുന്നു - ‘അന്യവത്കരിക്കപ്പെട്ട ജീവിതത്തിന്റെ ഉണ്മ’ (വിജ്ഞാനകൈരളി). എൽ.തോമസ്കുട്ടിയുടെ കവിതകളെക്കുറിച്ചും സജീവ്കുമാർ ഇതുപോലെ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ട് കവിതാസമാഹാരങ്ങൾ ഉടൻ പുറത്തിങ്ങാൻ പോകുകയാണ്‌. അതിലൊന്നിന്റെ പേര്‌ നൂലുപൊട്ടിയ രാത്രി - നൂറ്റൊന്ന് പ്രണയകവിതകൾ. മറ്റൊന്ന് ‘ഫൂക്കോയുടെ വാൾ’. സഹൃദയലോകം ഈ കവിതാസമാഹാരങ്ങളെ താൽപര്യപൂർവ്വം കാത്തിരിക്കുകയാണ്‌.


വി.ഡി.രാജപ്പന്‌ പ്രണാമം
ചാനലുകളും കോമഡി ഷോകളുമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഹാസ്യകഥാപ്രസംഗങ്ങളിലൂടെ കേരളക്കരയാകെ ചിരിയുടെ തരംഗമുയർത്തിയ വി.ഡി.രാജപ്പന്റെ ഓർമ്മയ്ക്ക് മുന്നിൽ സംസ്കാരജാലകത്തിന്റെ സ്മരണാജ്ഞലി. ശബ്ദവും ഉച്ചാരണത്തിലെ താളവും കൊണ്ടാണ്‌ ഓഡിയോ കാസറ്റുകളുടെ കാലത്ത് വി.ഡി.രാജപ്പൻ ചിരിയുടെ മാലപ്പടക്കങ്ങളുയർത്തിയത്. ചുറ്റും കാണുന്ന ജീവജാലങ്ങളെ നായകനും നായികയുമാക്കി ശക്തമായ സാമുഹ്യവിമർശനമാണ്‌ ഹാസ്യകഥകളിലൂടെ അദ്ദേഹം പകർന്നത്. അന്നത്തെ സിനിമാഗാനങ്ങളുടെ സംഗീതത്തിനൊപ്പിച്ച് അദ്ദേഹമുണ്ടാക്കിയ പാരഡിഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.


ഒരു മുറൈ വന്ത് പാർത്തായാപുനർജന്മം ഒരു വലിയ തത്വചിന്താപ്രശ്നമാണ്‌. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇതേക്കുറിച്ച് പഠിക്കാൻ ഒരു പഠനവിഭാഗം തന്നെയുണ്ട്. പുനർജന്മം ഒരു യാഥാർത്ഥ്യം തന്നെയാണെന്നാണ്‌ എനിക്ക് സദാപി തോന്നുന്നത്. അതുകൊണ്ട് പുനർജന്മം പ്രമേയമായി വരുന്ന ഈ സിനിമ വളരെ കൗതുകത്തോടെയാണ്‌ ഞാൻ കണ്ടത്. സംവിധായകൻ സാജൻ.കെ.മാത്യൂ വിശ്വസനീയമായിത്തന്നെ ഇത് ചിത്രീകരിച്ചിട്ടുണ്ട്. നായകകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും നായികമാരായെത്തിയ പ്രയാഗ മാർട്ടിൻ, സനുഷ എന്നിവരും മികച്ച അഭിനയനിലവാരമാണ്‌ പുലർത്തിയിട്ടുള്ളത്.


മുഹമ്മദലിയും ഇ.പി.ജയരാജനും
ബോക്സിംഗ് ഇതിഹാസം മുഹമ്മദലിക്ക് പ്രണാമം. മുഹമ്മദലിയുടെ മരണം നമുക്ക് ദുഖകരമായ ഒരു വാർത്തയായിരുന്നു. അമേരിക്കയുടെ യുദ്ധക്കൊതിക്കും സാമ്രാജ്യത്വമനോഭാവത്തിനും വർണ്ണവെറിക്കുമതിരെ എടുത്ത നിലപാടുകൾ മുഹമ്മദലിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു ബോക്സിംഗ് ഇതിഹാസം എന്നതിലപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഏറെ ആദരണീയമായിരുന്നു. ഇതൊന്നും മനസ്സിലാകാതെ കേരളത്തിന്റെ സ്പോർട്സ് മന്ത്രി ഇ.പി.ജയരാജൻ നടത്തിയ പ്രതികരണം ഒട്ടും ഭൂഷണമായില്ല. ഒരു മാർക്സിസ്റ്റ് മന്ത്രിക്ക് ഒട്ടും ചേരുന്നതായിരുന്നില്ല അത്.  എങ്കിലും അദ്ദേഹത്തിന്റെ ധീരമായ രാഷ്ട്രീയപ്രവർത്തനം എന്നും നമുക്ക് ആവേശം ജനിപ്പിക്കുന്നതാണ്‌.