Monday, July 1, 2019

സംസ്കാരജാലകം-37


സംസ്കാരജാലകം-36
ഡോ.ആർ.ഭദ്രൻ












വാചകമേള

മലയാളമനോരമ ദിനപത്രത്തിലെ വാചകമേള ഒരു നല്ല കോളമാണ്‌. വർഷങ്ങളായി നാമത് വായിക്കുന്നു. ഇപ്പോഴും അത് വായനാക്ഷമമായി തുടരുകയാണ്‌. നേരത്തേയും സംസ്കാരജാലകത്തിൽ വാചകമേളയെ പുകഴ്ത്തി ഞാൻ എഴുതിയിട്ടുണ്ട്. അന്ന് ഞാൻ ഉന്നയിച്ച വിമർശനം ഇപ്പോഴും അതേപടി തുടരുകയാണ്‌. ഗ്രാവിറ്റിയുള്ള ചിന്തകളുടെ അനുസ്യൂതിയാണത്. അത് സമകാലീനവും രസാത്മകവുമാണ്‌. പലപ്പോഴും സാമൂഹിക വിമർശനത്തിന്റെ വലിയ ഉത്സാഹമാണ്‌ അത് പ്രകടിപ്പിക്കുന്നത്. സ്ഥിരം ചില ചിന്തകരുടെ അഭിപ്രായങ്ങളെ അത് എഴുന്നള്ളിക്കുന്നു എന്നതാണ്‌ വാചകമേളയുടെ ഒരു മടുപ്പിന്‌ കാരണം.

ബസുകളിൽ ഹാൻഡ് റെസ്റ്റ് വേണം

നമ്മുടെ ട്രാൻസ്പോർട്ട് ബസുകളിലും പ്രൈവറ്റ് ബസുകളിലും ഹാൻഡ് റെസ്റ്റ് ഇല്ലാത്തത് ഗുരുതരമായ ഒരു പ്രശ്നമാണ്‌. ഇപ്പോഴത്തെ ബസുകളുടെ അമിതവേഗത്തിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. യാത്ര ചെയ്യുമ്പോൾ ഹാൻഡ് റെസ്റ്റ് ഇല്ലാതെ പല യാത്രക്കാരും വീണുപോകുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും റോഡിലെ വളവുകളിലാണ്‌ ഇത് ഗുരുതരമാകുന്നത്. KSRTC എം.ഡി യും ട്രാൻസ്പോർട്ട് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥറ്റും ഇത് അടിയന്തിരമായി ശ്രദ്ധിക്കണം.

ജോസഫ് എന്ന പുതിയ മലയാള ചലച്ചിത്രം


ജോസഫ് എന്ന പുതിയ മലയാള ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ്‌. ഷാഹി എന്റെ ശിഷ്യനാണ്‌. പോലീസുകാരനായ കലാകാരനാണ്‌ ഷാഹി. പഠിക്കുന്ന കാലം മുതൽ ഷാഹിയെ ഞാൻ സവിശേഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം, പ്രതിഷേധത്തിന്റെ ഒരു അഗ്നി അവനിൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അന്ന് ഷാഹി കോട്ടയം ബാസേലിയോസ് കോളേജിൽ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥി ആയിരുന്നു. സാഹിത്യക്ലാസുകളിൽ വെച്ചാണ്‌ അയാളെ ഞാൻ പരിചയപ്പെട്ടത്. 25 വർഷങ്ങൾക്ക് ശേഷം ഇന്നും ആ ബന്ധം വലിയ തീവ്രതയോടുകൂടി നിലനിൽക്കുകയാണ്‌. ഷാഹി എടുത്ത ഒരു ഷോർട്ട് ഫിലിം ഒരിക്കൽ എന്നെ വീട്ടിൽ കൊണ്ടുവന്ന് കാണിക്കുകയുണ്ടായി. അപകടമരണത്തിൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനവുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കാണ്‌ ഈ ചലച്ചിത്രം വെളിച്ചം വീശുന്നത്. ഇത്തരത്തിലുള്ള സിനിമകളാണ്‌ മലയാളത്തിൽ ഉണ്ടാകേണ്ടത്. തട്ടുപൊളിപ്പൻ സിനിമകൾ ഇന്നും ചലച്ചിത്രലോകത്ത് നിലനിൽക്കുന്നത് കാണുമ്പോഴാണ്‌ ജോസഫ് പോലെയുള്ള സിനിമകളുടെ മഹത്വം നാം വേറിട്ടു കാണേണ്ടത്. മലയാള സിനിമ താരരാജാകന്മാരെ ഒഴിവാക്കണമെന്ന സന്ദേശവും ഈ സിനിമ തരുന്നുണ്ട്.

 ബെർണാർദോ ബെർത്തലൂച്ചിക്ക് അന്തിമോപചാരം



വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ബെർണാർദോ ബെർത്തലൂച്ചി സിനിമാലോകത്തുനിന്നും വിട പറഞ്ഞു. ബെർത്തലൂച്ചിയുടെ ‘ദ ലാസ്റ്റ് എംപറർ’ എന്ന സിനിമ ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി. ബെർത്തലൂച്ചിയുടെ ’ദ ലാസ്റ്റ് ടാംഗോ’ എന്ന സിനിമ ലൈംഗികരംഗങ്ങളുടെ പേരിൽ വളരെയധികം വിവാദമുയർത്തിയിരുന്നു. ഇറ്റലിയിലെ തൊഴിലാളിസമരം പ്രമേയമാക്കിയ ’1900‘, ഫാസിസ്റ്റ് ഭരണകാലത്തെ രാഷ്ട്രീയപീഡനങ്ങൾ ചിത്രീകരിച്ച ’ദ കൺഫോമിസ്റ്റ്’ എന്നിവയാണ്‌ മറ്റ് പ്രശസ്തമായ സിനിമകൾ.

ജോണി ലൂക്കോസ്



മലയാള മനോരമ ചാനലിലെ ജോണി ലൂക്കോസിന്റെ ഇന്റർവ്യൂകൾ ഒന്ന് കാണാനുള്ളതാണ്‌. മാതൃഭൂമി ചാനലിലെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ ആണത്. രണ്ടുപേരും ഉയർന്ന നിലവാരമാണ്‌ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ബാലകൃഷ്ണൻ ജോണി ലൂക്കോസിനെ പഠിക്കുന്നതായിട്ടും ജോണി ലൂക്കോസ് ഉണ്ണി ബാലകൃഷ്ണനെ പഠിക്കുന്നതായും പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അവർ രണ്ട് വ്യക്തിത്വങ്ങൾ രൂപപ്പെടുത്തുന്നതും നാം കാണാതിരുന്നുകൂടാ. ജനുവരി 12,13 തീയതികളിൽ മനോരമ ചാനലിൽ വന്ന ജോണി ലൂക്കോസിന്റെ ഒരു ഇന്റർവ്യൂ ആണ്‌ ഇതെല്ലാം പറയാൻ കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ജോണി ലൂക്കോസ് ഇന്റർവ്യൂ ചെയ്യുകയായിരുന്നു.കാര്യമെന്തൊക്കെയായാലും എ.പത്മകുമാറിന്റെ സ്വതന്ത്രവ്യക്തിത്വം ആ ഇന്റർവ്യൂ ലോകത്തിന്‌ കാണിച്ചുകൊടുക്കുകയായിരുന്നു. നാം ധരിച്ചുവെച്ചിരിക്കുന്നതും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുമായ തലങ്ങളിൽ അല്ല എ.പത്മകുമാർ നിലകൊള്ളുന്നതെന്ന് ആ ഇന്റർവ്യൂ വെളിപ്പെടുത്തുകയുണ്ടായി. എ.പത്മകുമാറിനെ കുരുക്കിലാക്കുന്ന എല്ലാ ചോദ്യങ്ങളെയും മറികടക്കുവാനുള്ള പാടവം അദ്ദേഹം പ്രകടിപ്പിച്ചു. ചോദ്യങ്ങളുടെ അസ്ത്രം തൊടുത്തുവിടുന്നതിൽ ജോണി ലൂക്കോസ് പ്രകടിപ്പിക്കുന്ന പാടവവും കൃത്യമായ ഹോംവർക്കുകളും വലിയൊരു കലാസൃഷ്ടിയുടെ നിലവാരത്തിലേക്ക് ഈ ഇന്റർവ്യൂവിനെ കൊണ്ടുപോയി എന്ന് പറയാതെ വയ്യ.

ഡോ.അനൂ.പി.റ്റി

വിജ്ഞാനകൈരളിയ്യുടെ 2019 മാർച്ച് ലക്കത്തിൽ ഡോ.അനൂ.പി.റ്റി ഒരു ലേഖനം എഴുതിയിട്ടുണ്ട്. പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ വകുപ്പ് അദ്ധ്യക്ഷയാണ്‌ അനു.പി.റ്റി. പുത്തൻകാവ് മാത്തൻ തരകൻ, പ്രൊ.കെ.വി.തമ്പി തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാർ ഇരുന്ന കസേരയിലാണ്‌ ഡോ.അനൂ.പി.റ്റി ഇരിക്കുന്നത്. വലിയ എഴുത്തുകാരെ മാനിക്കാൻ ഈ ഡിപ്പാർട്ട്മെന്റ് പലപ്പോഴും ശ്രമിച്ചിട്ടില്ല എന്നൊരു വിമർശനമുള്ളയാളാണ്‌ ഞാൻ. ഡിപ്പാർട്ട്മെന്റിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ സാഹിത്യരചനകളെ അമേദ്യം കാണുന്ന പോലെയാണ്‌ സഹപ്രവർത്തകർ കണ്ടിരുന്നത് എന്ന് ഞങ്ങൾ തമാശ പറയാറുണ്ടായിരുന്നു. ആ പാരമ്പര്യം കണ്ടു വളർന്നയാളാണ്‌ അനൂ.പി.റ്റി. എന്നാൽ ഈ ഡോക്ടറും എഴുത്തിന്റെ ലോകത്തേക്ക് വന്നത് വളരെ സന്തോഷം നൽകിയ അനുഭവമായിരുന്നു. ബെന്യാമിന്റെ ‘പോസ്റ്റ്മാൻ’ എന്ന ചെറുകഥയെ ആണ്‌ ഈ ലേഖനത്തിൽ അനൂ.പി.റ്റി പഠിച്ചിരിക്കുന്നത്. അനുവിന്റെ ഈ ശ്രമം ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
.
കല്ലടയാറ്റുപ്പടൈ- കല്ലടയാർ കവിതകൾ

വളരെ ആകസ്മികമായിട്ടാണ്‌ ഈ കാവ്യകൃതി എന്റെ കൈയ്യിൽ കിട്ടിയത്. പ്രൊഫ.പി.ഭാസ്കരൻ നായർ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എന്റെ ഡിഗ്രി ക്ലാസുകളിലെ അധ്യാപകനായിരുന്നു. കവിതയും ഗദ്യവും പഠിപ്പിക്കുന്നതിൽ ഭാസ്കരൻനായർ സാറിന്‌ പ്രത്യേകതരത്തിലുള്ള ഒരു ആകഷണീയത ഉണ്ടായിരുന്നു. ഇത് എല്ലാവരെയും മോഹിപ്പിക്കുന്നതായിരുന്നില്ല. എന്നാൽ എനിക്കത് ആവേശകരമായിരുന്നു. ഇന്നും കവിതയുടെ സംശയങ്ങൾ തീർക്കാൻ ഞാനൊടിയെത്തുന്നത് ഈ ഗുരുവിന്റെ സവിധത്തിലേക്കാണ്‌. യാതൊരു മടിയും കൂടാതെ അദ്ദേഹം എനിക്ക് എല്ലാം പറഞ്ഞു തരുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കാവ്യകൃതി കേരള സംസ്കാരപഠനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കേണ്ടതാണ്‌. കല്ലടയാറിനെ ചരിത്ര-സംസ്കാര-പരിസ്ഥിതി പ്രാധാന്യത്തോടെ ഈ കാവ്യകൃതി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഐന്തിണകളുടെ സംസ്കാരം ഈ കാവ്യകൃതി അതിന്റെ എല്ലാ പ്രതാപത്തോടും കൂടി നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നു. ആറു മാത്രമല്ല, വയലുകളും വയൽക്കിളികളും എല്ലാം ഈ കാവ്യത്തിൽ ഉണ്ട്. പ്രകൃതിയെ കൈ-മെയ് മറന്ന് ആരാധിക്കുന്ന ഒരു സഹൃദയന്റെ സൗന്ദര്യസങ്കൽപ്പമാണ്‌ ഈ കാവ്യം. കേരളം അതിന്റെ ഏറ്റവും വലിയ കാവ്യപുരസ്കാരം  നൽകി വേണം ഈ കൃതിയെ മാനിക്കാൻ. കൊള്ളരുതാത്ത കൃതികൾ കേരള-കേന്ദ്ര അക്കാദമി അവാർഡുകൾ വാരിക്കൂട്ടുമ്പോൾ അത് ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ട്.

ലെനിൻ രാജേന്ദ്രന്‌ അന്ത്യചുംബനം




പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവും കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചില്ല്, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, ദൈവത്തിന്റെ വികൃതികൾ, മഴ, മകരമഞ്ഞ്, രാത്രിമഴ എന്നിവയാണ്‌ പ്രധാനചിത്രങ്ങൾ. മലയാള ചലച്ചിത്രലോകത്തിന്‌ അദ്ദേഹം നൽകിയ നവഭാവുകത്വം എക്കാലവും ഓർമ്മിക്കപ്പെടും. എം.മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾഎന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം എടുത്ത ചലച്ചിത്രം അനുവർത്തന ചലച്ചിത്രലോകത്തെ ഒരു നാഴികക്കല്ലാണ്‌.

ജോർജ്ജ് ഫെർണാണ്ടസ്




ഇന്ത്യയിലെ ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് അവിസ്മരണീയമായ വ്യക്തിത്വം പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മൊറാർജി ദേശായി, വാജ്പേയി തുടങ്ങിയവരുടെ മന്ത്രിസഭയിൽ യഥാക്രമം വ്യവസായം, പ്രതിരോധവകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലയളവിൽ ഫെർണാണ്ടസിന്റെ സമരവീര്യം യുവക്കൾക്ക് പ്രചോദനമായിരുന്നു. അക്കാലത്ത് കോൾമയിരോടുകൂടിയാണ്‌ ഫെർണാണ്ടസിനെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങളുടെ യുവത്വം വായിച്ചത്. മരണമില്ലാത്ത ട്രേഡ് യൂണിയൻ നേതാവാണ്‌ അദ്ദേഹം. തൊഴിലാളിവർഗ്ഗ വിമോചനത്തിന്‌ അദ്ദേഹം നൽകിയ സംഭാവനകൾക്ക് എന്നും വലിയ മാറ്റുണ്ടായിരിക്കും. 

O



2 comments:

  1. Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Thoppil Bhasi and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete

Leave your comment