Saturday, October 13, 2018

സംസ്കാരജാലകം-36

സംസ്കാരജാലകം-36
ഡോ.ആർ.ഭദ്രൻ












ലീലാ മേനോൻ




പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന ലീലാ മേനോൻ(86) കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രാജ്യത്തെ ആദ്യകാല വനിതാ പത്രപ്രവർത്തകരിൽ എന്തുകൊണ്ടും ശ്രദ്ധേയയായിരുന്നു ഇവർ. ക്യാൻസറിനെ ഇന്നസെന്റിനെ പോലെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച ലീലാമേനോൻ ഏവരുടെയും ശ്രദ്ധയും ആദരവും കൈപ്പറ്റിയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പോലും ശ്രദ്ധിച്ചിരുന്ന എഴുത്തുകാരിയായിരുന്നു ഇവർ. മികച്ച കോളമിസ്റ്റ് കൂടിയായിരുന്നു ലീലാ മേനോൻ. ആത്മകഥാശാഖയിൽപ്പെടുന്ന ‘നിലയ്ക്കാത്ത സിംഫണി’ ഇവരുടെ മികച്ച ഒരു ഓട്ടോബയോഗ്രഫിയാണ്‌.


ഡി.വിനയചന്ദ്രൻ


ഡി.വിനയചന്ദ്രൻ അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ജില്ലയിലെ കല്ലടയിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിന്‌ അരികിലൂടെ ഈ അടുത്തസമയത്ത് യാത്ര ചെയ്തു. ഡി.വിനയചന്ദ്രനെക്കുറിച്ചുള്ള സ്മരണകൾ അയവിറക്കുവാൻ ഇത് കാരണമായി. കല്ലടയാറിന്റെ തീരത്തുള്ള അദ്ദേഹത്തിന്റെ കുടുംബവീടിന്‌ സമീപത്താണ്‌ സ്മൃതിമണ്ഡപം. അദ്ദേഹത്തിന്‌ അർഹതപ്പെട്ട സ്ഥാനം കൊടുക്കുവാൻ നമ്മുടെ മാധ്യമപ്രവർത്തകർ തയ്യാറായില്ല. ഇത്രയും വലിയ ഒരു ജീനിയസിനെ ഇങ്ങനെ തമസ്കരിക്കുവാൻ നവീന മുതലാളിത്തത്തിന്റെ മാധ്യമപ്രവർത്തനത്തിന്റെ ക്രൂരതയ്ക്ക് മാത്രമേ കഴിയൂ. രാമായണത്തിന്റെ പലഭാഗങ്ങളും അദ്ദേഹം കാണാതെ ചൊല്ലുന്നത് എന്റെ വീട്ടിലിരുന്ന് ഞാൻ അത്ഭുതപരതന്ത്രനായി കേട്ടിട്ടുണ്ട്. വിനയചന്ദ്രനെപ്പോലെ ഒരു മഹാമനുഷ്യന്‌ ആത്തിഥ്യമരുളാൻ എനിക്ക് എന്തന്നില്ലാത്ത ആവേശമുണ്ടായിരുന്നു. വിനയചന്ദ്രന്റെ പല മികച്ച കവിതകളും മാതൃഭൂമിയിലെ കമൽറാം തമസ്കരിച്ചതിനെക്കുറിച്ച് ഈ അടുത്ത സമയത്ത് ഒരു യുവകവി രോഷത്തോടെ എന്നോട് പറയുകയുണ്ടായി. മലയാള സാഹിത്യപ്രവത്തനത്തിന്റെ ആരാച്ചാർ ആകാൻ കമൽറാം ശ്രമിക്കുന്നതിനെക്കുറിച്ച് പലകോണുകളിൽ നിന്നും എതിർശബ്ദം ഉയരുന്നുണ്ട്.


അമൃത ചാനൽ

ചാനലുകൾ ഇന്ന് വാർത്തകളെ വൈവിധ്യപൂർണ്ണമാക്കിയിട്ടുണ്ട്. ഇത് കാലോചിതമാണ്‌. കാലത്തിന്‌ മുമ്പേ നടക്കുന്നതുമാണ്‌. അമൃത ചാനലിലെ പത്തുമണി വാർത്തയെക്കുറിച്ച് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. വാർത്തകളുടെ ഒരു സമഗ്രത അത് സൃഷ്ടിക്കുന്നു. അതിന്റെ ഒരു പ്രധാന ന്യൂനതയാണ്‌ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ വാർത്താപ്രക്ഷേപണം അരമണിക്കൂറായി ചുരുക്കുന്നത് നന്നായിരിക്കും. ഇപ്പോൾ ആവർത്തനം കൊണ്ട് ഈ വാർത്ത വായന മടുപ്പുളവാക്കുന്നുവെന്ന് പറയാതെ വയ്യ. അതിവാചാലതയും ഇതിന്റെ പ്രകടമായ ഒരു ദോഷമാണ്‌. പഴയകാലത്തെ പുനരുക്തി എന്ന ദോഷത്തിന്റെ തനിയാവർത്തനമാണ്.


ഡോ.ഇ.സി.ജി സുദർശനൻ


പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശനൻ അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു. ഒൻപത് തവണ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനത്തിന്‌ ശുപാർശ ചെയ്തിട്ടുള്ള ഇദ്ദേഹം ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനബിംബമാണ്‌. 1957 ൽ വി മൈനസ് എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത് ഇദ്ദേഹമാണ്‌. ക്വാണ്ടം സെനോ ഇഫക്ട് കണ്ടെത്തിയതും ടോക്യോൺ സൈദ്ധാന്തിക കണങ്ങളെക്കുറിച്ച് പ്രവചനം നടത്തിയതും ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്‌. പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്‌ നൊബേൽ സമ്മാനം ലഭിക്കാതിരുന്നതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണ്‌. നൊബേൽ സമ്മാനം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം ആശിച്ചിരുന്നു. ഈ അർത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ഒരു ലേഖനം ഞാൻ വായിച്ചത് ഇപ്പോൾ ഓർക്കുന്നു.


എക്സൈൽ - കെ.സജീവ്കുമാർ

സമകാലിക മലയാളം 2018 മെയ് ലക്കത്തിൽ വന്ന കെ.സജീവ് കുമാറിന്റെ ‘എക്സൈൽ’ എന്ന കവിത വർത്തമാനകാലത്തെ ശക്തമായി അഭിസംബോധന ചെയ്യുന്നു. പെൺബാല്യങ്ങൾ എങ്ങനെ അരക്ഷിതമായി തീരുന്നു എന്നതിന്റെ വളരെ കാൽപനികമായ ആവിഷ്കാരമാണ്‌ ഇത്. പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേർചിത്രം ഈ കവിത അവതരിപ്പിക്കുന്നു. സാമൂഹികശാസ്ത്രജ്ഞന്മാർക്ക് പോലും പഠനാർഹമായ ഒരു കവിതയാണിത്. വീടകങ്ങൾ പെണ്ണിന്‌ നരകവാതിലുകളായി തീരുന്നുവെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. വിഷയത്തിന്റെ മനോജ്ഞമായ അവതരണവും ആഖ്യാനവുമാണ്‌ കവിതയെ ശ്രദ്ധേയമാക്കുന്ന ഘടകം. ഈ അടുത്ത സമയത്ത് വായിച്ച ചേതോഹരമായ ഒരു കവിതയാണ്‌ എക്സൈൽ. ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധേയരായിത്തീർന്ന കവികളുടെ മുന്നിൽ നിൽക്കാൻ യോഗ്യനായ കവിയാണ്‌ കെ.സജീവ്കുമാർ.


വരത്തൻ



ഒരുപാട് സമകാലികമായ ഇഷ്യൂസ് മനോജ്ഞമായി ചർച്ചയ്ക്കെടുത്ത സിനിമയാണ്‌ അമൽ നീരദിന്റെ ‘വരത്തൻ’. പ്രവാസി മലയാളിയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീകൾക്ക് മേലുള്ള പുരുഷനോട്ടത്തിന്റെ പ്രശ്നം, സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീ നേരിടുന്ന പുരുഷന്റെ ഒളിഞ്ഞുനോട്ടത്തിന്റെ പ്രശ്നം, ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്ന അധീശവർഗ്ഗത്തിന്റെ ഇടപെടലുകൾ, സദാചാരപോലീസിന്റെ ഇടപെടലുകൾ, പ്രണയത്തിന്റെ വിശുദ്ധി അംഗീകരിക്കാതിരിക്കൽ തുടങ്ങി നിരവധി ഇഷ്യൂസുകളാണ്‌ സിനിമയിൽ സജീവമാകുന്നത്. സിനിമയുടെ കേന്ദ്രത്തിൽ നിൽക്കുന്ന പ്രധാന ഇഷ്യു വരത്തന്മാരെ നേരിടുന്ന പ്രശ്നങ്ങളാണ്‌. എല്ലാ നാട്ടിൻപുറങ്ങളിലും ഈ പ്രശ്നം സജീവമാണ്‌. ഈ പ്രശ്നത്തെ സിനിമ കുറച്ചുകൂടി ഹൈലൈറ്റ് ചെയ്യേണ്ടതായിരുന്നു. പുരുഷത്വത്തെ സ്ത്രീ എങ്ങനെ ആസ്വദിക്കുന്നു എന്നത് സിനിമയിലെ പുതിയ ഫെമിനിസമാണ്‌. സ്ത്രീ ആഗ്രഹിക്കുന്ന ഒരു പുരുഷനായി തീരുമ്പോഴാണ്‌ സിനിമയിലെ സ്ത്രീ നായിക പ്രിയാ പോൾ പുരുഷനെ അംഗീകരിക്കുന്നത്. ട്രസ്പാസിംഗിന്റെ പ്രശ്നം ഗ്രാമം ഉയർത്തുന്നതുപോലെ സിനിമാന്ത്യമാകുമ്പോൾ സിനിമയിലെ നായകനും സ്വീകരിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം മികച്ചതാണ്‌. മറ്റുള്ളവരുടെയും. മികച്ച സംവിധാനവും എഡിറ്റിംഗും സിനിമാറ്റോഗ്രഫിയുമാണ്‌ വരത്തന്റേത്. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കൽ


പി.സി.ജോർജ്ജും കെ.എം.മാണിയും ചില ബിഷപ്പുമാരും പാലാ സബ്ജയിലിൽ ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. ജയിലിൽ കിടക്കുന്ന ഒരു മനുഷ്യനെ സന്ദർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവരാരും സമരം ചെയ്ത കന്യാസ്ത്രീകളെ സന്ദർശിച്ചില്ല എന്നതിൽ ഒരു ഇരട്ടത്താപ്പുണ്ട്. ഈ ഇരട്ടത്താപ്പിന്റെ ചളിപ്പാണ്‌ ഇവരുടെ മുഖത്ത് ദൃശ്യമായത്. സഭയും രാഷ്ട്രീയ നേതൃത്വവും എല്ലാം പുരുഷന്റേതാണ്‌. സമരം ചെയ്ത കന്യാസ്ത്രീകളുടെ വിമർശനം നൂറുശതമാനം ശരിയാണ്‌.

ദു:ഖകരമായ മൂന്നു മരണങ്ങൾ


വില്ലനായും ഹാസ്യതാരമായും പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച പ്രശസ്ത ഹാസ്യനടൻ ക്യാപ്റ്റൻ രാജു നമ്മളെ വിട്ടുപിരിഞ്ഞു. നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ രാജു അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


പാട്ടുകളേറെ ബാക്കിയായ വയലിൻ താഴെവെച്ച് വയലിനിസ്റ്റ് ബാലഭാസ്കർ യാത്രയായി. ഫ്യൂഷൻ സംഗീത പരിപാടികളിലൂടെയാണ്‌ ബാലഭാസ്കർ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായത്. ബിസ്മില്ലാഖാൻ യുവ സ്ംഗീത പുരസ്കാരം 2008 ൽ ബാലഭാസ്കറെ തേടിയത്തി.

ഹിറ്റുകളുടെ മാന്ത്രികനായ തമ്പി കണ്ണന്താനം മലയാള സിനിമാപ്രേമികളോട് വിടചൊല്ലി യാത്രയായി. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. മോഹൻലാലിനെ സൂപ്പർ നായകപദവിയിലേക്ക് ഉയർത്തിയതിന്‌ പിന്നിൽ തമ്പി കണ്ണന്താനമായിരുന്നു പ്രധാന പങ്ക് വഹിച്ചത്.

കുഞ്ചുക്കുറുപ്പ് ഇനിയും നന്നാവുന്നില്ല

മലയാള മനോരമ പത്രത്തിലെ ‘കുഞ്ചുക്കുറുപ്പ്നന്നാവുന്നില്ല എന്ന് ‘സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുള്ളതാണ്‌. ഇപ്പോഴും സംഗതി തഥൈവ. കുഞ്ചുക്കുറുപ്പിന്‌ എന്താണ്‌ സംഭവിക്കുന്നത് എന്ന് മനോരമയുടെ പത്രാധിപർ അടിയന്തിരമായി അന്വേഷിക്കണം. പണ്ടൊക്കെ മനോരമ കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കുന്നത് അല്ല, ആസ്വദിക്കുന്നത് കുഞ്ചുക്കുറുപ്പായിരുന്നു. ഹാസ്യം വരുന്നില്ല എന്ന് പറഞ്ഞാൽ പ്രതിഭ വറ്റിപ്പോയി എന്നാണർത്ഥം. പുതിയകാലം ദൃശ്യമാധ്യങ്ങളുടെ കാലമാണ്‌. ദോഷം പറയരുതല്ലോ, മാതൃഭൂമി ചാനലിലെ വക്രദൃഷ്ടി പരിപാടികളിൽ ഹാസ്യം കരകവിഞ്ഞൊഴുകുന്നത് പ്രേക്ഷകർ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌. ഹാസ്യത്തിന്‌ ഇനിയും ഒരു ബാല്യമുണ്ടെന്നാണ്‌ ഇത് കാണിക്കുന്നത്.

വാജ്പേയിയും കാർഗിൽ യുദ്ധവും


ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്‌ കാർഗിൽ യുദ്ധം. ഈ കാലയളവിൽ ഇന്ത്യ ഭരിച്ചത് ഇന്ത്യയുടെ അഭിമാനമായ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു. ഒരു യുദ്ധപ്രഖ്യാപനം പോലും ഇല്ലാതെയാണ്‌ തന്ത്രപരമായി വാജ്പേയ് ഈ യുദ്ധം നയിച്ചത്. ഈ യുദ്ധതിൽ ഇന്ത്യ അഭിമാനകരമായ വിജയം കൈവരിക്കുകയും ചെയ്തു. നമ്മുടെ പ്രതിരോധസേനയുടെ കരുത്ത് വിളിച്ചറിയിച്ച യുദ്ധമായിരുന്നു ഇത്. വാജ്പേയിയുടെ ദീനദയാലുത്വം നേരിട്ടു ബോധ്യപ്പെട്ട ഒരു അനുഭവവും എനിക്കുണ്ട്. എന്റെ അയൽവാസിയായ ഒരു പാവപ്പെട്ട മനുഷ്യൻ ബാങ്ക് ലോണെടുത്ത് പശുവിനെ വാങ്ങിച്ചു. ലോൺ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. ഈ തുക എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ഞാൻ വാജ്പേയിക്ക് ഒരു കത്തയച്ചു. അദ്ദേഹം ഈ ലോൺ തുക എഴുതി തള്ളിയതായി അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് ആ മനുഷ്യന്‌ അയച്ചുകൊടുത്തു. വാജ്പേയിയുടെ ദീനദയാലുത്വം എനിക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്.

O

Friday, May 25, 2018

സംസ്കാരജാലകം-35

സംസ്കാരജാലകം-35
ഡോ.ആർ.ഭദ്രൻ












ഗ്രീഷ്മപാഠം



ജോൺ ചീക്കനാലിന്റെ ‘ഗ്രീഷ്മപാഠം' എന്ന കവിത ഇങ്ങനെ വായിക്കാം.
“ആകാശത്തിനോട്
ഒരു കവിത കടം ചോദിച്ചു.
മേഘങ്ങൾ അമ്ളമഴകൾ തൻ
വജ്രാക്ഷരങ്ങൾ
ഹൃദയത്തിന്റെ താളുകളിൽ
കോറിയിട്ടു.
സൗരവെളിച്ചത്തിൽ വായിക്കാതെ
ഉന്മാദത്തിന്റെ നട്ടുച്ചകളിൽ
വായിക്കണമെന്ന് പറഞ്ഞേൽപ്പിച്ചു.
വായനയ്ക്ക് ശേഷം-
വേനലുകളിൽ ഒരു മരംകൊത്തി
എന്നെ കൊത്തിത്തുളയ്ക്കുന്നു:
ബോധത്തിന്റെ മരംകൊത്തി.”


ഈ കവിത ’കേരള കവിത-2008‘ ൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളതാണ്‌. ജോൺ ചീക്കനാൽ കവിതയുടെ ലോകത്ത് നേരത്തേ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടത്ര സജീവമായി കാണാത്തതിനാൽ കാവ്യസ്നേഹികൾ സങ്കടപ്പെടുന്നു. ഒതുക്കത്തോടെ, ഭാഷയുടെ മേൽ നിയന്ത്രണം പാലിച്ച് കവിത എഴുതാനുള്ള ചീക്കനാലിന്റെ ’കാലിബറി‘ന്‌ മികച്ച ഉദാഹരണമാണീ കവിത.

പൃഥ്വിരാജ് പലിശക്കമ്പനികൾക്ക് വേണ്ടി പരസ്യം പറയരുത്



പൃഥ്വിരാജ് അന്തസ്സുള്ള നടനാണ്‌. ചാനലുകളിലെ പൃഥ്വിരാജിന്റെ പല പരസ്യങ്ങളും നിലവാരമുള്ളതുമായിരുന്നു. ആഗോളവത്കരണകാലത്ത് സിനിമാനടന്മാരെ കച്ചവടക്കാർ വേണ്ടതിലധികം ദുരുപയോഗം ചെയ്യും. ഇത് തിരിച്ചറിയാൻ സിനിമാനടന്മാർക്ക് ചരിത്രബോധവും രാഷ്ട്രീയബോധവും വേണം. കേരളത്തിലെ ഒരു പ്രമുഖ പലിശക്കമ്പനിക്ക് വേണ്ടി പൃഥ്വിരാജ് ചെയ്ത് പരസ്യം ചാനലുകളിൽ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇത് പല സിനിമാനടന്മാർക്കും ബാധകമായ കാര്യം കൂടിയാണ്‌.

ഗോർക്കിയൻ ദർശനം ‘ചരിത്രഗാഥ’യിൽ

മാർച്ച് 2018 ‘കേരള പ്രൈവറ്റ് കോളേജ് ടീച്ചർ’ മാഗസിനിൽ വന്ന ഡോ.രേഖ ആറിന്റെ ഈ ലേഖനം കാലോചിതമായിട്ടുണ്ട്. എം.സുകുമാരന്റെ ‘ചരിത്രഗാഥ’ എന്ന നോവലിന്റെ സൈദ്ധാന്തിക പഠനമാണ്‌ ഈ ലേഖനം. ഗോർക്കിയൻ ദർശനത്തെ നോവൽ പഠനത്തിൽ കൃത്യമായി ഉപയോഗിക്കാൻ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക സംഭവങ്ങളോടും സാഹിത്യത്തോടും സർഗ്ഗാത്മകമായി പ്രതികരിക്കുമ്പോൾ മാത്രമേ ഒരു കോളേജ് പ്രൊഫസറുടെ ജീവിതം അർത്ഥപൂർണ്ണമായി തീരുകയുള്ളു. ഈ യാഥാർഥ്യം ഉൾക്കൊള്ളുന്ന പല പ്രൊഫസർ നമുക്കുണ്ടായിട്ടുണ്ട്. ഇതിന്‌ വിരുദ്ധമായി നിലപാടെടുത്തവരും നമുക്കൊരുപാടുണ്ടായിരുന്നു. ഇവരാണ്‌ നമ്മുടെ കോളേജ് അക്കാദമിക് ജീവിതത്തെ അർത്ഥശൂന്യമാക്കി തീർത്തത്. എന്തായാലും രേഖയുടെ ഈ ലേഖനം നല്ലൊരു കാൽവെയ്പ്പാണ്‌.

കോട്ടയം പുഷ്പനാഥ്




മലയാളത്തിലെ അപസർപ്പക നോവൽ സാഹിത്യത്തിന്റെ കുലപതിയായിരുന്നു കോട്ടയം പുഷ്പനാഥ്. ചാനൽസംസ്കാരം ഇല്ലാതിരുന്ന ഒരു കാലയളവിൽ മലയാളിയുടെ ആസ്വാദനശീലത്തെയും വായനാശീലത്തെയും മുന്നോട്ട് നയിച്ചതിൽ കോട്ടയം പുഷ്പനാഥിന്റെ കൃതികൾക്ക് വലിയ പങ്കുണ്ട്. മലയാളിയുടെ സാക്ഷരതയെ പൊലിപ്പിച്ചെടുത്തതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്‌. കോട്ടയം പുഷ്പനാഥിനെ മനസ്സിലാക്കുന്ന കാര്യത്തിൽ മലയാളിക്കുണ്ടായ ദുരന്തം ഇനിയെങ്കിലും പഠനവിഷയമാക്കേണ്ടതുണ്ട്. നാനൂറോളം ഡിക്ടറ്റീവ് നോവലുകൾ എഴുതിയ ഒരു എഴുത്തുകാരനെ മലയാളി ഇങ്ങനെ സ്വീകരിച്ചാൽ മതിയോ? പുഷ്പനാഥിന്റെ പോപ്പുലാരിറ്റി വളർത്തിയെടുക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമലോകവും ഗുരുതരമായ പിഴവാണ്‌ വരുത്തിവച്ചിരിക്കുന്നത്. നമ്മുടെ ഭരണകൂടവും കോട്ടയം പുഷ്പനാഥിനോട് അനീതിയാണ്‌ കാട്ടിയിട്ടുള്ളത്. ജനങ്ങളാണ്‌ അദ്ദേഹത്തോട് നീതി പുലർത്തിയത്.

ഋതുഭേദങ്ങളുടെ രാജമല്ലി



യെസ് മലയാളം മാർച്ച് 2018 ൽ വന്ന, മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ കവയിത്രി എന്നറിയപ്പെടുന്ന വിജയരാജമല്ലികയുമായി തസ്മിൻ ഷിഹാബ് നടത്തിയെ അഭിമുഖം  ‘ഋതുഭേദങ്ങളുടെ രാജമല്ലി’ മലയാളി വായിച്ചിരിക്കേണ്ട ഒന്നാണ്‌. ട്രാൻസ്ജെന്റർ എന്ന നിലയിൽ വിജയരാജമല്ലിക നടത്തിയിട്ടുള്ള അതിജീവനപോരാട്ടങ്ങളുടെ യാഥാർഥ്യബോധം തുളുമ്പുന്ന വിവരണങ്ങളാണ്‌ ഈ അഭിമുഖത്തിൽ ഉള്ളത്. വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകൾ എന്ന കവിതാസമാഹാരവും ഈ അഭിമുഖത്തിൽ നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. മൂന്നാംലിംഗക്കാരോട് നമ്മുടെ സമീപനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ അഭിമുഖം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ക്യൂർ സിദ്ധാന്തവും സംവാദവും കേരളീയ പശ്ചാത്തലത്തിൽ


വിജ്ഞാന കൈരളി മാർച്ച് 2018 ൽ വന്ന ഡോ.ജോസ്.കെ.മാനുവലിന്റെ ഈ ലേഖനം അക്കാദമിക് സമൂഹം ഏറെ താല്പര്യത്തോടെയാണ്‌ വായിച്ചത്. പുതിയ വിമർശനസിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിൽ ജോസ്.കെ.മാനുവൽ പുലർത്തുന്ന ജാഗരൂകത ഇപ്പോൾത്തന്നെ അക്കാദമിക് സമൂഹം അംഗീകരിച്ചിട്ടുണ്ട്. സദാചാരം, വൈകാരികത, ലൈംഗികത, നിയമം, സ്വാതന്ത്ര്യം, കുടുംബം, പ്രത്യുൽപ്പാദനം തുടങ്ങിയ പദങ്ങൾക്ക് മുമ്പുണ്ടായിരുന്ന അർത്ഥം വിച്ഛേദിച്ചുകൊണ്ട് നവസങ്കൽപ്പങ്ങൾ രൂപീകരിക്കാൻ ക്യൂർ സിദ്ധാന്തത്തിന്‌ കഴിഞ്ഞു. മലയാളത്തിലെ ലൈംഗികതാപഠനത്തെ ഏറെ മുന്നോട്ട് നയിക്കാൻ ഈ ലേഖനത്തിന്‌ കഴിഞ്ഞിട്ടുണ്ട് എന്നതാണ്‌ ഈ സിദ്ധാന്തപഠനത്തിന്റെ സമകാലിക പ്രസക്തി.
.
റാണി ഹോങ്ങിന്‌ വനിത വുമൺ ഓഫ് ഇയർ പുരസ്കാരം



മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം  എന്നിവയ്ക്കെതിരായി ഉജ്ജ്വലപോരാട്ടം നയിച്ച മലയാളി വനിത ‘റാണി ഹോങ്ങി’ന്‌ ഇത്തവണത്തെ ‘വനിത വുമൺ ഓഫ് ഇയർ’ പുരസ്കാരം. കൊച്ചിയിലെ വീട്ടിൽ നിന്നും ഏഴുവയസ്സുള്ളപ്പോൾ റാണിയെ മനുഷ്യക്കടത്ത് സംഘം തട്ടിയെടുത്ത് കാനഡയിൽ എത്തിക്കുകയും ബാലവേലയ്ക്കും ക്രൂരമർദ്ദനത്തിനും വിധേയമാക്കുകയും ചെയ്തു. 2006 ൽ റാണിയും ഭർത്താവ് ട്രോണി ഹോങ്ങും ചേർന്ന് സ്ഥാപിച്ച ‘ട്രോണി ഫൗണ്ടേഷൻ’ മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം എന്നിവയ്ക്കെതിരായ പോരാട്ടങ്ങൾ നടത്തുകയും ഇരകളുടെ പുനരധിവാസത്തിലൂടെ ലോകശ്രദ്ധ നേടുകയും ചെയ്തു. റാണി ഹോങ്ങ് ഭർത്താവ് ട്രോണി ഹോങ്ങുമായി ചേർന്ന് ലോകതലത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വലിയ ലോകാംഗീകാരങ്ങൾ നേടുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്‌. ഈ പോരാട്ടങ്ങളോട് മനസ്സുകൊണ്ട് നമുക്കും പങ്കുചേരാം.

ടൊവിനോ തോമസ്



മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടനാണ്‌ ടൊവിനോ തോമസ്. ഇതിനോടകം ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. ഈയിടെയിറങ്ങിയ ‘മായാനദി’ എന്ന സിനിമ യുവാക്കൾക്കിടയിൽ ഹരമായി മാറി. സ്വഭാവനടനായും നായകനടനായും ഏറ്റെടുക്കുന്ന ഏതൊരു വേഷവും തന്റെ തനതായ അഭിനയ മികവുകൊണ്ട് വിജയിപ്പിച്ചെടുക്കാനുള്ള കഴിവുള്ള പുതുതലമുറയിലെ ശ്രദ്ധേയനായ നടനാണ്‌ ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ, എ.ബി.സി.ഡി, സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ഒരു മെക്സിക്കൻ അപാരത, ഗപ്പി, ഗോദ, മായാനദി തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട സിനിമകൾ. മോഡലിംഗും അഭിനയവും ഒരുപോലെ വശമായ നടനാണ്‌ ഇദ്ദേഹം.

അമൃത ടിവിയിലെ പത്തുമണി വാർത്ത


ശരിയായി വാർത്തകൾ ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത്, ചാനലുകൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്‌. ഇതിന്‌ ഒരു പരിഹാരമെന്നവണ്ണമാണ്‌ അമൃത ടിവിയിലെ പത്തുമണിവാർത്ത വന്നത്. എന്നാൽ ഈ വാർത്ത അതിവാചാലത എന്ന ദോഷത്തെ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് ചാനൽ ആലോചിക്കണം. വാർത്ത വായനക്കാരിൽ ചിലർ ഉയർന്ന നിലവാരം പുലർത്തുന്നില്ല. ദോഷങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണം.

അരവിന്ദന്റെ അതിഥികൾ



മൂകാംബിക ദേവിക്ഷേത്രത്തിന്റെയും കുടജാദ്രിയുടെയും പശ്ചാത്തലത്തിൽ എം.മോഹനൻ സംവിധാനം ചെയ്ത പുതുസിനിമയാണ്‌ ‘അരവിന്ദന്റെ അതിഥികൾ’.ദൃശ്യമനോഹരമായ സീനുകൾ സിനിമയെ മികവുറ്റതാക്കുന്നു. ക്ഷേത്രസന്നിധിയിൽ വെച്ച് അരവിന്ദന്‌ അമ്മയെ നഷ്ടപ്പെടുന്നതും പിന്നെയുള്ള അവന്റെ ജീവിതവും അമ്മയുമായുള്ള കൂടിച്ചേരലുമാണ്‌ കഥാപശ്ചാത്തലം. അരവിന്ദനെ എടുത്തുവളർത്തുന്ന മാധവേട്ടൻ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ്‌. വിപ്ലവാത്മകമായ ഒരു നവീന ആശയം നർമ്മത്തിൽ ചാലിച്ച് സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. മാധവേട്ടൻ നടത്തുന്ന ഹോട്ടലിൽ മൂകാംബിക ദേവിയുടെയും മറ്റും ഫോട്ടോകൾക്ക് തൊട്ടുമുകളിലായി ചെഗുവേരയുടെയും എ.കെ.ജി യുടെയും ചിത്രങ്ങൾ വെച്ചിരിക്കുന്നത് കാണാം. ഈ ഐക്യത്തെ വേണമെങ്കിൽ പുതിയ ദാർശനിക സമവാക്യമായി ചിന്തിക്കാവുന്നതാണ്‌. രാജേഷ് രാഘവന്റെ സ്ക്രീൻപ്ലേയുടെ കരുത്ത് സിനിമയുടെ കരുത്തായി മാറിയിട്ടുണ്ട്.

O

Friday, April 6, 2018

സംസ്കാരജാലകം-34

സംസ്കാരജാലകം-34
ഡോ.ആർ.ഭദ്രൻ












ഡോ.മഞ്ജുഷ പണിക്കരുടെ ലേഖനം



സമകാലിക മലയാളം വാരിക 2018 ജനുവരി 29 ലക്കത്തിൽ വന്ന മഞ്ജുഷ പണിക്കരുടെ ‘തൊട്ടപ്പൻ-പാർശ്വവൽകൃതങ്ങളുടെ പുനരെഴുത്ത്’ എന്ന ലേഖനം പുതിയ കഥയെ അഭിസംബോധന ചെയ്യുന്നു എന്നതുകൊണ്ടുതന്നെ മലയാളിക്ക് പ്രിയപ്പെട്ടതായി തീരുന്നു. വിനോയ് തോമസ്, ഫ്രാൻസിസ് നൊറോണ എന്നീ പുതിയ കഥയെഴുത്തുകാർ സൃഷ്ടിക്കുന്ന ആഖ്യാനവിപ്ലവവും ജീവിതവിപ്ലവവും നിരൂപകർ ശ്രദ്ധിക്കേണ്ടതു തന്നെയാണ്‌. പുതിയ കഥ എങ്ങനെ എഴുതാം എന്നതായിരിക്കണം മലയാളത്തിലെ പുതിയ എഴുത്തുകാരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയെ വ്യാഖ്യാനിക്കുന്നു എന്നതുകൊണ്ടുതന്നെ ഈ ലേഖനം മലയാള നിരൂപണത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ കാൽവെയ്പ്പാണ്‌.

ദയാവധമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി

അവസാനം ദയാവധം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു നൂറുവർഷം മുമ്പെങ്കിലും വരേണ്ടിയിരുന്ന ഒരു വിധിയാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ്‌ ഈ ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. മാന്യമായി ജീവിക്കുക മാത്രമല്ല, മാന്യമായി മരിക്കുവാനുള്ള നമ്മുടെ അവകാശം അവസാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഇന്ത്യയിൽ ഇനിയും നടപ്പാക്കേണ്ടതുണ്ട്. തൂക്കിക്കൊല്ല്ലുക എന്ന പ്രാകൃതനിയമം ഇന്ത്യയിൽ അവസാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആദിവാസി മധുവിന്റെ കൊലയിൽ പ്രതിഷേധിക്കുക


അട്ടപ്പാടിയിലെ ആദിവാസി മധുവിനെ അരി മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സംഘം മർദ്ദിച്ചുകൊന്നത് കേരളീയ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ്‌. അട്ടപ്പാടി കടുകുമണ്ണ ഊരിലെ അംഗമാണ്‌ ഈ ആദിവാസി യുവാവ്. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി അനുവദിക്കപ്പെടുന്ന ധനസഹായങ്ങൾ ശരിയായ ചാനലുകളിലൂടെ പോകുന്നില്ല എന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്. അവരുടെ ഇടയിൽ ദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് ഈ സംഭവം ലോകത്തെ അറിയിക്കുന്നു.

ഇന്ദ്രൻസും സംസ്ഥാന ചലച്ചിത്ര അവാർഡും




ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും പ്രോത്സാഹജനകമാണ്‌. ഇന്ദ്രൻസിന്‌ അവാർഡ് കിട്ടിയതാണ്‌ ഏറ്റവും സന്തോഷകരമായ കാര്യം. ‘ആളൊരുക്കം’ എന്ന സിനിമയിൽ പപ്പു പിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനെ അവതരിപ്പിച്ച ഇന്ദ്രൻസിനാണ്‌ മികച്ച നടനുള്ള അവാർഡ്. നേരത്തെ തന്നെ ഇന്ദ്രൻസിന്‌ അവാർഡ് ലഭിക്കേണ്ടതായിരുന്നു. ഹാസ്യവേഷമായിരുന്നു ഇന്ദ്രൻസ് മുമ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ആത്മസംഘർഷം അനുഭവിക്കുന്ന ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഇന്ദ്രൻസിന്‌ കഴിയുമെന്ന് കാലം തെളിയിച്ചിരിക്കുകയാണ്‌. അഭിനയത്തിന്റെ നിർണ്ണായകമായ ഒരു ടാലന്റ് ഇന്ദ്രൻസിലുണ്ടെന്ന് നേരത്തെതന്നെ മനസ്സിലാക്കപ്പെട്ടിരുന്നു. അവാർഡുകൾ ആരുടെയും കുത്തകയല്ലെന്ന് നാം നേരത്തെ തന്നെ തെളിയിച്ചുകൊടുക്കേണ്ടതായിരുന്നു. ഇത് പുതിയ കാലത്തിന്റെ വെളിപാടാണ്‌.

വാങ്ക് - ഉണ്ണി.ആർ




സമകാലിക മലയാളം വാരിക 2018 ജനുവരി 29 ലക്കത്തിൽ ഉണ്ണി.ആർ എഴുതിയ ‘വാങ്ക്’ എന്ന ചെറുകഥ കേരളം വായിച്ചിരിക്കേണ്ട ഒരു കഥയാണ്‌. വാങ്ക് വിളി കുട്ടിക്കാലം മുതൽതന്നെ എന്നെയും ഏറെ ആകർഷിച്ചിരുന്നു. വാങ്ക് വിളി നമ്മെ അലോക സാമാന്യമായ ഒരു അനുഭൂതി വിശേഷത്തിലേക്ക് നയിക്കുന്നതായി തോന്നിയിട്ടുണ്ട്. ഈ കഥയിലെ റസിയയെ നയിക്കുന്ന ചേതോവികാരവും ഇതുതന്നെയാണ്‌. ഇസ്ലാം സമുദായത്തിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സമൂഹമന:സാക്ഷിയിലേക്ക് കൊണ്ടുവരേണ്ടതാണ്‌. ഈ കഥയിലൂടെ ഉണ്ണി.ആർ ശ്രമിക്കുന്നതും ഇതുതന്നെയാണ്‌. ഉന്നതമായ കലാനിലവാരം പുലർത്തുന്ന ഈ കഥ അനശ്വരമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.

രോഗവും ഹോമിയോപ്പതി ചികിത്സയും

രോഗചികിത്സയ്ക്ക് ഹോമിയോപ്പതി എത്രമാത്രം ഫലപ്രദമാണെന്ന് താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് ഇതുവരെ കടന്നു ചെന്നിട്ടില്ല. ഇത് ഒരു കുറവാണ്‌. നമ്മുടെ ആരോഗ്യമന്ത്രി പോലും ഇത് മനസ്സിലാക്കുന്നില്ല. മാധ്യമങ്ങൾ ജനങ്ങൾക്ക് വേണ്ടുന്ന കാതലായ കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്‌. നമ്മുടെ വീടകങ്ങളെ അത് ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഗുരുതരമായ ഒരു സാംസ്കാരികപ്രശ്നമാണ്‌. ഗവൺ മെന്റ് ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി ചരിത്രബോധത്തോടുകൂടി ഈ വക പ്രശ്നങ്ങളെ നേരിടാൻ അമാന്തിക്കരുത്. ഹോമിയോപ്പതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ വലിയ പരിശ്രമങ്ങൾ നടത്തുന്നത് റേഡിയോ മാത്രമാണ്‌. റേഡിയോയെ ജനകീയമായി മാറ്റുന്നതിന്‌ പ്രധാനമന്ത്രി മോദി ചെയ്യുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും ചെയ്യണം.

രാജൻ കൈലാസിന്റെ ബുൾഡോസറുകളുടെ വഴി


മലയാള കവിതാ ചരിത്രബോധമുള്ള കവിയാണ്‌ രാജൻ കൈലാസ്. പുതിയ കവിത ഏതു ധർമ്മമാണ്‌ നിറവേറ്റണ്ടത് എന്ന നല്ല ബോധം ഈ കവിയ്ക്കുണ്ട്. കാവ്യഭാഷയും ആഖ്യാനവും പ്രമേയവും എങ്ങനെയെല്ലാം മാറണം എന്ന് ഈ കവി കവിതകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ‘അകംകാഴ്ചകൾ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്‌ രാജൻ കൈലാസ് മലയാളകവിതയിലേക്ക് പ്രവേശിച്ചത്. ‘ബുൾഡോസറുകളുടെ വഴി’ രാജൻ കൈലാസിന്റെ ശ്രദ്ധേയമായ ഒരു കവിതാസമാഹാരമാണ്‌. വള്ളിക്കുന്നത്തെ കമ്മ്യൂണിസ്റ്റുകൾ, ബുൾഡോസറുകളുടെ വഴി, മോർച്ചറി, വഴികൾ എന്നിവയാണ്‌ ഈ സമാഹാരത്തിലെ പ്രധാന രചനകൾ. നല്ല കൈയ്യടക്കം പ്രകടിപ്പിക്കുന്ന ഒട്ടനവധി രചനകൾ ഈ കവിതാസമാഹാരത്തിലുണ്ട്. കവി ബുദ്ധത്വത്തോടുകൂടി രാജൻ കൈലാസിന്‌ മുന്നോട്ട് പോകാവുന്നതാണ്‌. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

നടി ശ്രീദേവിക്ക് അന്ത്യാഞ്ജലി



ഇന്ത്യൻ സിനിമയുടെ വനിതാ സൂപ്പർതാരം ശ്രീദേവി അന്തരിച്ചു. സിനിമാജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ പുറത്തിറക്കിയ ‘മോം’ എന്ന സിനിമയിലൂടെ 300 ചിത്രങ്ങൾ തികച്ചു. അഭിനയജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തീകരിച്ച ശേഷമാണ്‌ ശ്രീദേവി പിൻവാങ്ങിയിരിക്കുന്നത്. മലയാളത്തിൽ 26 ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഈ വലിയ കലാകാരിക്ക് സംസ്കാരജാലകം അന്ത്യാഞ്ജലി അർപ്പിക്കുന്നു.

മലയാള വിമർശനത്തിന്റെ മരണാനന്തരചടങ്ങുകൾ

കലാകൗമുദി 2018 ജനുവരി 21-28 വന്ന എം.എസ്.പോളിന്റെ ‘മലയാളവിമർശനത്തിന്റെ മരണാനന്തരചടങ്ങുകൾ’ എന്ന ലേഖനം മലയാള വിമർശനത്തിന്റെ വർത്തമാനകാലവിപര്യയം തുറന്നുകാണിക്കുന്ന ലേഖനമാണ്‌. മലയാള വിമർശനം എന്നും പാശ്ചാത്യനിരൂപണത്തിന്റെ നിഴലിലായിരുന്നിട്ടേയുള്ളു. ഇതിൽ നിന്നും വ്യത്യസ്തമായി മൗലികശബ്ദം പുറപ്പെടുവിച്ച അപൂർവ്വം ചില നിരൂപകരെ മാനിക്കുവാനും മലയാളത്തിന്‌ കഴിഞ്ഞിട്ടില്ല. ബൃഹദ് ആഖ്യാനങ്ങളുടെ തകർച്ച മറ്റ് സാഹിത്യരൂപങ്ങളിലെന്ന പോലെ വിമർശനത്തിലും കടന്നുകൂടിയിട്ടുണ്ട്. പോളിന്റെ ന്യായവാദങ്ങൾക്ക് ഇതും ഒരു കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.

ആമി


മാധവിക്കുട്ടിയുടെ ജീവിതത്തെ അധികരിച്ച് കമലിന്റെ തിരക്കഥയിൽ കമൽ തന്നെ സംവിധാനം ചെയ്ത പുതിയ ചിത്രമാണ്‌ ‘ആമി’. ചിത്രം റിലീസ് ചെയ്തപ്പോൾ പലരും അത് മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ അനുകല്പനമാണ്‌ എന്നും അതിനോട് നീതിപുലർത്തിയില്ല എന്നും വിമർശനശരങ്ങൾ തൊടുത്തുവിട്ടു. എന്നാൽ ചിത്രം ആ അനശ്വരപ്രതിഭയുടെ അക്ഷരസ്നേഹത്തിന്റെയും വൈകാരിക-വൈചാരികഭാവങ്ങളുടെ ദൃശ്യാനുഭവവും വായനാനുഭവവും നൽകുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ആമിയുടെ ജീവിത ചിത്രീകരണത്തിനോടൊപ്പം അക്കാലഘട്ടത്തിന്റെ സാമൂഹിക ചുറ്റുപാടുകളെയും കമൽ നിരൂപണാത്മകമായി ചിത്രണം ചെയ്തിട്ടുണ്ട്. ‘ആമി’യായി ഒരു പരിധി വരെ മാറാൻ മജ്ഞു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. ഭർത്താവായി-മാധവദാസായി- അഭിനയിച്ച മുരളിഗോപിയുടെ അഭിനയമികവ് ശ്ലാഘനീയം തന്നെ. പതിനഞ്ചുവയസ്സിൽ തന്നേക്കാൾ ഇരുപത് വയസ്സുള്ള പുരുഷനെ വിവാഹം കഴിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ മാനസിക-ലൈംഗിക പിരിമുറുക്കങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആമിയിൽ ജീവിതാന്ത്യം വരെയുണ്ടായിരുന്ന കൃഷ്ണഭക്തി ഭാവാത്മകമായി ഇതിവൃത്തത്തോട് സംയോജിപ്പിച്ചിട്ടുണ്ട്. സാമൂഹികവും മതപരവുമായ കൂച്ചുവിലങ്ങുകൾക്കിടയിൽ ആ സാഹിത്യപ്രതിഭയെ ആർക്കും വേണ്ടവിധം മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല എന്ന് കമലിന്റെ ‘ആമി’ ഓർമ്മിപ്പിക്കുന്നു. 

O


Monday, February 26, 2018

സംസ്കാരജാലകം-33

സംസ്കാരജാലകം-33
ഡോ.ആർ.ഭദ്രൻ











സൈബർ ഫെമിനിസം:സാംസ്കാരിക സംവാദം



വിജ്ഞാനകൈരളി ജനുവരി 1, 2018 ൽ വന്ന ഡോ.സുജാറാണി മാത്യുവിന്റെ ‘സൈബർ ഫെമിനിസം: ഒരു സാംസ്കാരിക സംവാദം’ എന്ന ലേഖനം പുതിയ അറിവുകളുടെ ഒരു കലവറയാണ്‌. ഫെമിനിസം, എക്കോ ഫെമിനിസത്തിൽ നിന്നും സൈബർ ഫെമിനിസത്തിലേക്ക് വളർന്നുവെന്ന് ഈ ലേഖനം നമ്മെ അറിയിക്കുന്നു. സ്ത്രീ പ്രകൃതിയാണ്‌ എന്ന അറിവ് മാറി സ്ത്രീ സാങ്കേതികതയാണ്‌ എന്ന പുതിയ അറിവിലേക്ക് നമ്മെ വളർത്തുവാൻ ഈ ലേഖനം സഹായിക്കുന്നു. സ്ത്രീ മുന്നേറ്റങ്ങളുടെ ഒരു പുതിയ വഴിയാണിത്. സൈബർ ഫെമിനിസത്തിലേക്ക് നാം വളരുമ്പോഴും സ്ത്രീ ഒരു രാഷ്ട്രീയ പ്രയോഗമാണ്‌ എന്ന വലിയ അറിവിന്‌ ഉലച്ചിൽ സംഭവിക്കുന്നില്ല എന്ന കാര്യം എല്ലാ ഫെമിനിസ്റ്റുകളും തിരിച്ചറിയേണ്ടതാണ്‌.

ഗവൺമെന്റ് റേഡിയോയെ ഫലപ്രദമായി ഉപയോഗിക്കണം.


റേഡിയോ ഇന്നും ഒരു നിറംകെട്ട മാധ്യമമായി തുടരുകയാണ്‌. ശ്രാവ്യമാധ്യമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഗവൺമെന്റ് ആത്മാർത്ഥമായി വിചാരിച്ചാൽ റേഡിയോയെ ഫലപ്രദമായ ഒരു മാധ്യമമാക്കാൻ കഴിയും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന്‌ ഗവൺമെന്റ് റേഡിയോയെ ശ്രദ്ധയോടെ ഉപയോഗിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. ഇതിൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ കേരളത്തിന്‌ മാതൃകയാക്കാവുന്നതാണ്‌.

ജോസഫ് പുലിക്കുന്നേൽ





മലയാള മനോരമയിൽ (29.12.2017) സക്കറിയ എഴുതിയ ‘കലർപ്പില്ലാത്ത കലാപം’ എന്ന ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചുള്ള ലേഖനം യാഥാർത്ഥ്യബോധം തുളുമ്പുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അത് ഗംഭീരമായിരുന്നു. സക്കറിയ സൂചിപ്പിച്ചതു പോലെ അദ്ദേഹം നിർഭയനായ പോരാളിയായിരുന്നു. സമൂഹത്തിലെ പല ദുർചെയ്തികൾക്കെതിരെയും പുലിക്കുന്നേൽ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കത്തോലിക്ക സഭയുടെ സൈദ്ധാന്തിക വിമർശകൻ എന്ന നിലയിൽ പുലിക്കുന്നേൽ എന്നും ഓർമിക്കപ്പെടും. പുലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന മലയാള ബൈബിൾ വിവർത്തനവും ശ്രദ്ധേയമായ കാൽവെയ്പ്പായിരുന്നു. അദ്ദേഹം ആരംഭിച്ച ‘ഓശാന’ മാസിക സമാനതകളില്ലാത്ത മറ്റൊരു നേട്ടമായിരുന്നു. ഞാൻ കോട്ടയം ബസേലിയോസ് കോളേജിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‌ ആതിഥ്യം അരുളാൻ സാധിച്ചത് ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.


കെ.എസ്.ആർ.ടി.സി പെൻഷൻ ഉടൻ കൊടുത്തുതീർക്കുക.



കെ.എസ്.ആർ.ടി.സി പെൻഷൻ കൊടുത്തു തീർക്കാതിരിക്കുക വഴി കേരള ഗവൺമെന്റ് ഒരു പ്രാകൃത സംവിധാനമായി അധ:പതിക്കുകയാണ്‌. നമ്മുടെ പൊതു മനസാക്ഷി കെ.എസ്.ആർ.ടി.സി പെൻഷൻകാരോടൊപ്പം ഉണ്ട്. പെൻഷൻ ജന്മാവകാശമാണ്‌. അതിന്‌ ആരുടെയും ഔദാര്യം ആവശ്യമില്ല. ഇക്കാര്യം കേരള ഗവൺമെന്റ് മനസ്സിലാക്കണം. കെ.എസ്.ആർ.ടി.സി ക്കാരുടെ നീറുന്ന പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യത്തിൽ നമ്മുടെ പ്രിന്റ്-ദൃശ്യ മാധ്യമങ്ങൾ കാണിക്കുന്ന അലംഭാവം അവരെക്കാലവും തുടരുന്ന കപടമുഖത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌.



ശെൽവമണിയുടെ കഥാവിമർശനങ്ങൾ




കെ.ബി.ശെൽവമണി എന്ന യുവവിമർശകൻ പല ആനുകലികങ്ങളിലായി എഴുതിയിട്ടുള്ള കഥാവിമർശനങ്ങൾ നമ്മുടെ കഥാവിമർശനശാഖയുടെ മുതൽക്കൂട്ടുകളാണ്‌. പ്രമോദ് രാമനുമായി ‘പ്രസാധകൻ’ മാസികയിൽ ഡോ.ശെൽവമണി നടത്തിയ ദീഘസംഭാഷണവും അതേ മാസികയിൽ എബ്രഹാം മാത്യൂ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവരുമായും ‘ഭാഷാപോഷിണി 2017 ഓണപ്പതിപ്പി’ൽ സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളെക്കുറിച്ചെഴുതിയ ലേഖനവും മലയാള കഥാവിമർശനത്തിന്റെ നേട്ടങ്ങൾ ആണ്‌. കൂട്ടത്തിൽ എച്ചിക്കാനവുമായി നടത്തിയ സംഭാഷണമാണ്‌ മലയാള കഥാവിമർശനത്തിന്‌ ഏറെ ആഴം നൽകിയത്. ‘എഴുത്തിൽ ജനാധിപത്യം’ എന്ന പേരിലുള്ള ഈ വിമർശനം മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ സന്തോഷ് എച്ചിക്കാനത്തെ അദ്ദേഹം ഉൾക്കൊള്ളുന്ന മഹത്വത്തോടുകൂടി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

വാർത്തകളും ചാനലുകളും

നമുക്ക് അനവധി ചാനലുകൾ ഉണ്ടെങ്കിലും പക്ഷപാതരഹിതമായും സംതൃപ്തിയോടെയും വാർത്തകൾ കാണാൻ കഴിയുന്ന ഒന്നുമില്ല. എല്ലാ ചാനലുകളും വർത്തമാനപത്രങ്ങളെപ്പോലെ ചില അജണ്ടകളോടുകൂടിയാണ്‌ പ്രവർത്തിക്കുന്നത്. ജനങ്ങളുടേതായ ഒരു ചാനൽ ഇനി എന്നാണ്‌ ഉണ്ടാവുക?


സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും





ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രണ്ട് നേതാക്കന്മാരാണ്‌ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും. ഇവർ രണ്ടുപേരും ഇന്ത്യൻ പാർലമെന്റിൽ വരേണ്ടവരുമാണ്‌. പുതിയ ഇന്ത്യൻ സാഹചര്യങ്ങൾ ഇവരെ എവിടെക്കൊണ്ടെത്തിക്കുമെന്ന് പറയാറായിട്ടില്ല. ജനങ്ങൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്‌.

ചാനലുകളിലെ സീരിയലുകൾ

നമ്മുടെ ചാനലുകളിൽ ജനപ്രിയമായി തീർന്നിട്ടുള്ള ‘കറുത്തമുത്ത്’, ‘വാനമ്പാടി’, ‘പരസ്പരം’, ‘ഭാര്യ’ തുടങ്ങിയ സീരിയലുകൾ എല്ലാം അന്ത:സാരശൂന്യങ്ങളാണ്‌. കലയുടെ മഹത്തായ ലക്ഷ്യവുമായി പുലബന്ധം പോലും അതിനില്ല. ഈ സീരിയലുകളിലെ ചില നടീനടന്മാരുടെ അഭിനയം പരാമർശയോഗ്യമാണ്‌. ഉദാഹരണമായി കറുത്തമുത്തിലെ ഗായത്രി, വാനമ്പാടിയിലെ മോഹൻ സർ, ചന്ദ്രേട്ടൻ, നിർമ്മല, പദ്മിനി, രുക്മിണി, തംബുരുമോൾ, അനുമോൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാർ നല്ല അഭിനയശേഷിയാണ്‌ കാഴ്ചവെക്കുന്നത്.


അബിക്ക് അന്ത്യാഞ്ജലി







കേരളത്തിലെ മിമിക്രി വേദികളിലെ സൂപ്പർതാരമായിരുന്ന അബി യാത്രയായി. മിമിക്രി വേദികളിലൂടെയും ആക്ഷേപഹാസ്യ കാസറ്റുകളിലൂടെയും അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. അമ്പതോളം ചലച്ചിത്രങ്ങളിലും അബി അഭിനയിച്ചിട്ടുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം അബിയുടെ മകനാണ്‌. മിമിക്രി കലയ്ക്ക് പുതിയ മാനം കൊടുത്ത അബിക്ക് അന്ത്യാഞ്ജലി.

O

Thursday, February 15, 2018

സംസ്കാരജാലകം-32

സംസ്കാരജാലകം-32
ഡോ.ആർ.ഭദ്രൻ












ഉത്തരാധുനികജീവിതം ഡോട്ട് കോം




2017 മെയ് 14 കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച കാർത്തിക.എസ്.ബി യുടെ ‘ഉത്തരാധുനികജീവിതം ഡോട്ട് കോം എന്ന കവിത പുതിയകാലത്തിന്റെ എല്ലാ തുടിപ്പുകളെയും ആവാഹിച്ച കവിതയാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നു എന്നതാണ്‌ ഈ കവിതയുടെ മേന്മ. പരിഹാസത്തിന്റെ മോമ്പൊടിയിലാണ്‌ എഴുത്തുകാരി ഇത് സാക്ഷാത്കരിച്ചിരിക്കുന്നത്. സ്വത്വനഷ്ടം സംഭവിച്ച ഉത്തരാധുനിക മനുഷ്യനെയും അതിന്‌ കാരണമായി ഭവിച്ച ചൂഷണ രാഷ്ട്രീയത്തെയും കവിതയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ ഈ കവിതയെ ശ്രദ്ധേയമാക്കിത്തീർക്കുന്ന ഘടകങ്ങൾ. പാലാ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനിയാണ്‌ കാർത്തിക.എസ്.ബി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ’നിലയ്ക്കുന്ന കോട്ടയുടെ സംഗീതം‘ കാർത്തികയുടെ വിലപ്പെട്ട രചനയായിരുന്നു.

കേരള ദറീദ യാത്രയായി




പ്രഗത്ഭനായ അധ്യാപകനും നിരൂപകനും നടനും കുട്ടികളുടെ പ്രിയങ്കരനുമായ ’ കേരള ദറീദ’ ഡോ.വി.സി.ഹാരിസ് യാത്രയായി. പാശ്ചാത്യനിരൂപണത്തെ മലയാളസാഹിത്യത്തിന്‌ ചിരപരിചിതനാക്കിയ ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ചലച്ചിത്രസംബന്ധിയായി അദ്ദേഹം എഴുതിയ ഒരു പുസ്തകം വായിച്ചതിപ്പോഴും ഓർക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി വി.സി.ഹാരിസുമായി ഉള്ള വ്യക്തിബന്ധമാണ്‌ ഇപ്പോൾ ഓർമയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലും അദ്ദേഹത്തെ കാണുവാനിടയായി. അതുകൊണ്ട് ചൈതന്യധന്യമായ ആ മുഖം ഇപ്പോഴും മനസ്സിൽ തിളങ്ങുന്നു. അവാ ച്യമായ സ്നേഹത്തിന്റെ ഉടമയാണ്‌ വി.സി.ഹാരിസ് എന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപമായി മാറുക എന്ന കലാകാരന്റെ സ്വഭാവം വി.സി.ഹാരിസിന്‌ ആവോളമുണ്ടായിരുന്നു. കെ.പി.അപ്പൻ, കെ.വി.തമ്പി, വി.സി.ഹാരിസ് തുടങ്ങിയ ഗുരുനാഥന്മാരെല്ലാം അരങ്ങു വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണനുഭവപ്പെടുന്നത്.

ഏഴംകുളം മോഹൻകുമാർ

ഏഴംകുളം മോഹൻകുമാർ കഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിൽ ശോഭിക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹത്തിന്റെ ‘പാർത്ഥസാരഥീപുരത്തെ പരുന്തുകൾ’ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ്‌. മിത്തും യാഥാർത്ഥ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന ഒരു രചനാരീതിയാണ്‌ ഇതിൽ കാണുന്നത്. ഇരുപതോളം വിവിധ രചനകൾ ഏഴംകുളത്തിൽ നിന്ന് മലയാള സാഹിത്യത്തിന്‌ ലഭിച്ചിട്ടുണ്ട്. ഇത് വിലമതിക്കാനാവാത്ത നേട്ടമാണ്‌.

സാഹിത്യ നൊബേൽ 2017





2017 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ അർഹനായത് കാഷ്യോ ഇഷിഗുരോ (Kazuo Ishiguro) ആണ്‌. 1954ൽ ജപ്പാനിലെ നാഗസാക്കിയിലാണ്‌ ഇഷിഗുരോയുടെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബിലൂടെ തകർത്ത നാഗസാക്കിയിൽ ജനിച്ച ഒരെഴുത്തുകാരന്‌ നൊബേൽ സമ്മാനം ലഭിച്ചത് തികച്ചും അഭിമാനാർഹമാണ്‌. അദ്ദേഹത്തിന്റെ കൃതികളിലെ പ്രധാനവിഷയം ഓർമ, സമയം, സെല്ഫ്-ഡിലൂഷൻ എന്നിവയാണ്‌. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതി ‘The remains of the Day' സിനിമയാക്കിയിട്ടുണ്ട്. 'A Pale view of the Hills'(1982), 'An artist of the floating world' (1986), 'Never let me go' (2005), Noctumes- Five stories of Music and Nightfall'(2009), 'The Buried Giant' (2015)  എന്നിവയാണ്‌  മറ്റ് പ്രശസ്തമായ രചനകൾ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ സ്വന്തമായ പേര്‌ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇഷിഗുരോ.


ഗൗരി ലങ്കേഷ് കവിതയായി മാറിയപ്പോൾ




മാധ്യമപ്രവർത്തകയും സാംസ്കാരികപ്രവർത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഈ മരണം നമ്മെ ഓരോരുത്തരെയും ഗൗരി ലങ്കേഷായി മാറ്റുന്നു. ഗൗരി ലങ്കേഷിനെക്കുറിച്ച് സഹോദരി കവിത ലങ്കേഷ് മനോഹരമായ ഒരു കവിത കുറിച്ചിട്ടുണ്ട്. വായിച്ചു കൊള്ളുക.

My Sister, My Soul mate;
A poem for Gauri by Kavitha Lankesh

She raved, she ranted,
Many times she burst out....
Uppercaste this... Brahmincal that...
At the inhumanity of it all...
At the injustice of it all..

Wait a minute..
Is it the same woman?
Who spoke soft words, and tenderly hugged
And embraced
Little kids,
The untouchables,
The Muslims,
The  women,
The minorities...
The Maoists..

Few Rabids  barked she is a bitch,
some even called her prostitute,
just because she was single
and lived her life the way she wanted to...

But hundreds  called her sister,  

thousands  called her mother    
a million now are saying
‘We are all Gauri...”

She blasted when someone threw a
cigarette butt from the car window
Lest it would hurt a two wheeler rider..

Her house is a garden
Where many a snake wandered
And she would wait patiently
For it slither by,
 Not stopping , not harming , not killing it
Waiting patiently for it pass and continue to live...
But finally a snake came which didn’t slither away,
A human snake
on a two wheeler
to stop the fire out of Gauri  ...
and silence  her..

Silence Gauri?
Ha ha!! What a joke!!
She  burst like sunflower seed
scattered all over
In India
And across the seas...
Now  the silence is chanting ....echoing,  ..
“ We are all Gauri!!”



പുരോഗമനവാദിയും നിഷ്കളങ്കയും ഹ്യൂമനിസ്റ്റും മറ്റുള്ളവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പരജീവിസ്നേഹത്തിന്റെ നിറകുടമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം നമ്മെയെല്ലാം ഗൗരി ലങ്കേഷാക്കി മാറ്റിയിരിക്കുകയാണ്‌. ഫാസിസ്റ്റുകൾ മനസ്സിലാക്കേണ്ട ഒരു പ്രപഞ്ചപാഠമാണിത്. ഇത് തന്നെയാണീ കവിതയും.


ബിനീഷ് കൊട്ടാരത്തിൽ



അമൃത ചാനലിലെ പ്രധാന റിപ്പോർട്ടർ ആണ്‌ ബിനീഷ് കൊട്ടാരത്തിൽ. മികച്ച ഒരു റിപ്പോർട്ടർ എന്ന നിലയിൽ ബിനീഷ് പേരെടുത്തു കഴിഞ്ഞിരിക്കുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ ബി.എസ്.സി കെമിസ്ട്രിക്ക് പഠിക്കുമ്പോൾ അദ്ദേഹത്തെ ഞാൻ മലയാളം പഠിപ്പിച്ചിട്ടുണ്ട്. അന്നേ മിടുക്കനായ വിദ്യാർത്ഥി ആയിരുന്നു. കുറച്ചുനാൾ മാതൃഭൂമി പത്രത്തിലും ലേഖകനായി ഇദ്ദേഹം ഉണ്ടായിരുന്നു. ശിഷ്യന്റെ ഉയർച്ചയിൽ അഭിമാനം തോന്നുന്നു.


പുനത്തിൽ കുഞ്ഞബ്ദുള്ള





യാഥാർത്ഥ്യ-അതീത ലോകങ്ങളിൽ ഉൾക്കാഴ്ച നേടിയ നോവലിസ്റ്റായിരുന്നു കുഞ്ഞബ്ദുള്ള പഠിക്കുന്ന കാലം മുതൽ തന്നെ അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു. 'മലമുകളിലെ അബ്ദുള്ള' എന്ന കഥാസമാഹാരമാണ്‌ ഈ ആരാധനയ്ക്ക് തുടക്കം കുറിച്ചത്. ഈ ആരാധനയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ നോവലുകൾ ഗവേഷണത്തിന്‌ വിഷയമാക്കാൻ എന്നെ പ്രേരിപ്പിച്ചത്. മെഡിസിന്‌ അഡ്മിഷൻ കിട്ടുന്ന എല്ലാ വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ‘മരുന്ന്' എന്ന നോവൽ വായിക്കണമെന്ന് ഞാൻ എപ്പോഴും ക്ലാസ്സിൽ പറയാറുണ്ട്. മലയാളത്തിലെ മികച്ച പത്തു നോവലുകൾ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകൾ’ ഞാൻ അതിൽ ഉൾപ്പെടുത്തും. കാരണം അത് അത്രയ്ക്ക് ഗ്രേറ്റ് ആയ നോവലാണ്‌.


ഐ.വി.ശശി




മലയാളസിനിമയ്ക്ക് പുതുപരീക്ഷണങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശി. ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശിയുടെ ആദ്യ സിനിമയായിരുന്നു 'ഉത്സവം'. 1978 ലെ ‘അവളുടെ രാവുകൾ’ എന്ന സിനിമയിലൂടെ ഹിറ്റ് മേക്കറായി. പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1982 ൽ ‘ആരൂഢം’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 2009 ൽ സംവിധാനം ചെയ്ത ‘വെള്ളത്തൂവൽ’ ആണ്‌ അവസാനചിത്രം. വിടവാങ്ങിയ ചലച്ചിത്രപ്രതിഭയ്ക്ക് അന്ത്യാഞ്ജലി.


ഗ്രേസിയുടെ ഗൗളിജന്മം



ഗ്രേസിയുടെ ഗൗളിജന്മം മികച്ച ഒരു ഉത്തരാധുനിക കഥയാണ്‌. ആശുപത്രി പശ്ചാത്തലം ആക്കിയിട്ടുള്ള ഈ കഥ വൈദ്യശാസ്ത്രരംഗത്ത് നടമാടുന്ന ഈഗോ ക്ലാഷുകളെയും അതിന്റെ ദുരന്തഫലങ്ങളെയും ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട്. സ്വയം ശക്തിയായി തീരുന്ന സ്ത്രീയെയാണ്‌ ഈ കഥ നമുക്ക് കാണിച്ചുതരുന്നത്. എല്ലാ പുരുഷാധിപത്യ മേൽക്കോയ്മകളെയും ഈ കഥ തട്ടിത്തകർക്കുകയാണ്‌. ബുദ്ധന്റെ ഫിലോസഫിയെ ഇതിന്റെ ഭാഗമായി ആണ്‌ കഥ പിച്ചിച്ചീന്തുന്നത്. എല്ലാ ദുഖങ്ങളുടെയും കാരണം മമതാ ബന്ധമാണെന്ന് ഏത് അടുക്കളക്കാരിക്കും അറിയാം എന്ന് ഈ കഥ പറയുമ്പോൾ ഫിലോസഫിയുടെ മേലുള്ള പുരുഷാധിപത്യ മേൽക്കോയ്മയാണ്‌ ഗ്രേസി തട്ടിത്തെറിപ്പിക്കുന്നത്. ആൺപല്ലിയിൽ നിന്നും പെൺപല്ലി സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് രക്ഷപ്പെടുമ്പോൾ പുരുഷനിഷേധത്തിന്റെയും സ്വയംശാക്തീകരണത്തിന്റെയും പുതിയൊരു അധ്യായം നിർമ്മിക്കുകയാണ്‌ ഗൗളിജന്മം.

O