Saturday, November 24, 2012

പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ

കഥ
വിനോദ്‌ ഇളകൊള്ളൂർ













        ജീവിതത്തിൽ ആദ്യമായി ഞാൻ സ്വന്തമായി എഴുതിയ വാചകങ്ങൾ പശുവിനെക്കുറിച്ചായിരുന്നു. പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ എഴുതിക്കൊണ്ടുവരണമെന്ന് പറഞ്ഞത്‌ മത്തായിസാറാണ്‌. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്‌. പുത്തൻമണമുള്ള മലയാളം രചനാ ബുക്കിന്റെ ആദ്യതാളിൽ ഞാൻ പെൻസിൽ കൊണ്ടെഴുതിയ പശു എന്ന തലക്കെട്ട്‌ കറുകറാ കറുത്തുകിടക്കുന്നത്‌ ഇപ്പോഴും തെളിമയുള്ള ഓർമ്മയാണ്‌.


പശു പാലും ചാണകവും തരുമെന്നും, നാലു കാലുണ്ടെന്നും, വാലുണ്ടെന്നും, പുല്ലുതിന്നുമെന്നും എഴുതിത്തീർത്ത്‌ എണ്ണിനോക്കുമ്പോൾ വാചകങ്ങൾ ഒൻപതേയുള്ളൂ. തൊഴുത്തിൽ പോയി ഞാൻ വീണ്ടും പരിശോധിച്ചു. പത്താമത്തെ വാചകം എഴുതാൻ ഒന്നുമില്ലെന്ന് അയവെട്ടി പശു എന്നെ നോക്കി മെല്ലെയൊന്നു കരഞ്ഞു.


പേനാക്കത്തിയോളം പോന്ന മത്തായിസാറിന്റെ നഖങ്ങളെക്കുറിച്ചോർത്ത്‌ എന്റെ കണ്ണുനിറഞ്ഞു. പശുവിന്‌ മുന്നിൽ വെച്ച കാടിവെള്ളത്തിൽ കൈയ്യിളക്കിക്കൊണ്ടിരുന്ന അമ്മയാണ്‌ അന്നേരം പത്താമത്തെ വാചകം എനിക്ക്‌ പറഞ്ഞുതന്നത്‌. - "പശു സ്നേഹമുള്ള ജീവിയാണ്‌.."

ക്ലാസ്‌ മുറിയിൽ മത്തായിസാറിനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു ആ പത്താമത്തെ വാചകം.

പിന്നീട്‌ മലയാളം രചനാ ബുക്കിൽ മത്തായിസാർ തരുന്ന വിഷയങ്ങൾക്കെല്ലാം ഒന്നാമത്തെ വാചകം എനിക്ക്‌ നിസ്സാരമായി കണ്ടെത്താൻ കഴിയുമായിരുന്നു.

തെങ്ങ്‌ എന്ന വിഷയത്തിന്‌ ഞാൻ ആദ്യവാചകം ഇങ്ങനെയെഴുതി - "തെങ്ങ്‌ സ്നേഹമുള്ള ഒരു വൃക്ഷമാണ്‌."

ഭൂമിയെക്കുറിച്ചുള്ള ഒന്നാമത്തെ വാചകം ഇങ്ങനെയായിരുന്നു - "ഭൂമി സ്നേഹമുള്ള ഒരു ഗ്രഹമാണ്‌."

കർഷകൻ എന്നു വന്നപ്പോൾ "കർഷകൻ സ്നേഹമുള്ള മനുഷ്യനാണ്‌" എന്നെഴുതി.

പള്ളിക്കൂടം കഴിഞ്ഞ്‌, പിന്നീടുവന്ന ജീവിതപരീക്ഷകളിലും എന്റെ ആദ്യവാചകം ഇങ്ങനെയായിരുന്നു തുടങ്ങിയത്‌. അത്ഭുതം കൊണ്ട്‌ കണ്ണുതള്ളിപ്പോയ അദ്ധ്യാപകർ കൈനിറയെ മാർക്കാണ്‌ അപ്പോഴൊക്കെ എനിക്ക്‌ നൽകിയത്‌.

കൂട്ടത്തിൽ പറയട്ടെ, എന്റെ അമ്മ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ലായിരുന്നു.

O


PHONE : 9447779152


Sunday, November 18, 2012

പ്രണയം

കവിത
ജി.ബിജു











മുകിലും മയിലും പറഞ്ഞു
മൂവന്തി പറഞ്ഞു
മുക്കൂറ്റി പറഞ്ഞു ...

പൂവേ
വണ്ടേ
തേനേ
കുളിരേ
വെയ്‌ലേ
എനിക്കറിയാം
എനിക്കറിയാം ...

-എന്നിട്ടും
ഞാൻ
ഒരെസ്സെമ്മെസ്സും
കാത്തിരുന്നു ...


O


PHONE : 09844314115


കൂട്ടായ്മയുടെ കളിയരങ്ങുകൾ


നേർക്കാഴ്ച
ശാസ്താംകോട്ട അജയകുമാർ










              മൃതി മനുഷ്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത മരീചിക; ആകസ്മികമാകാം അകാലത്തിൽ കടന്നുവരുന്നതാകാം. പണ്ടുകാലത്ത്‌ മരണമെന്ന് കേൾക്കുമ്പോൾ ചങ്കിൽ ദുഃഖത്തിന്റെ വെള്ളിടി പൊട്ടുമായിരുന്നു. ദുഃഖം ഒരു പുഷ്പചക്രത്തിൽ അല്ലെങ്കിൽ അനുശോചനത്തിന്റെ രണ്ടുവാക്കുകളിൽ ഒതുക്കി തിരക്കിലേക്ക്‌ ലോകം വഴുതിവീഴുന്ന ഇക്കാലത്ത്‌; ഗുരുമുഖത്ത്‌ നിന്നു ലഭിച്ച അറിവിന്റെ തിരി തെളിച്ച്‌ നാടകത്തിന്റെ വിവിധ വേഷപ്പകർച്ചകൾ താളുകളിൽ പകർത്തിവെച്ച്‌, തെരുവോരങ്ങളിൽ ആടിത്തളർന്ന് മരണത്തിന്റെ ചിറകടിച്ച്‌ അകലങ്ങളിലേക്ക്‌ പറന്നുപോയ പ്രതിഭാധനനായ, ധിഷണാശാലിയായ ടി.പി.അജയനെ അനുസ്മരിച്ചപ്പോൾ അത്‌ ഏവർക്കും ഒരവിസ്മരണീയ മുഹൂർത്തമായി.

ഇടക്കുളങ്ങര ഗോപൻ

2012 നവംബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ്‌ ആഡിറ്റോറിയത്തിൽ വെച്ചായിരുന്നു ടി.പി.അജയൻ അനുസ്മരണവും ശ്രീ.ആർ.എസ്‌.കുറുപ്പിന്റെ 'അമ്മ മഹാറാണി' നാടകപുസ്തക ചർച്ചയും കേളികൊട്ട്‌ കൂട്ടായ്മ സംഘടിപ്പിച്ചത്‌. വിവിധമേഖലകളിൽ കൈയ്യൊപ്പ്‌ ചാർത്തിയ സർഗ്ഗപ്രതിഭകളാൽ സമ്പന്നമായ സദസ്സ്‌.

ഇഞ്ചക്കാട്‌ ബാലചന്ദ്രൻ
കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗവും കവിയുമായ ഇടക്കുളങ്ങര ഗോപൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രശസ്തകവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. നാടകരചയിതാവും സംവിധായകനുമായ തേവലക്കര ബേബിക്കുട്ടൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ടി.പി.അജയന്റെ സുഹൃത്തും അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ കെ.കൃഷ്ണകുമാർ അനുസ്മരണപ്രഭാഷണം നടത്തി.


തേവലക്കര ബേബിക്കുട്ടൻ

അൽപം പ്രതിഭാത്തിളക്കം കൂടിപ്പോയി എന്ന ഒറ്റക്കാരണത്താൽ താൻ തെരെഞ്ഞെടുത്ത ഒറ്റയടിപ്പാതയിലൂടെ ഏകനായി സിരകളിൽ നാടകത്തിന്റെ രക്തത്തിളപ്പുമായി നടന്നു നീങ്ങിയതിനാൽ സമൂഹത്തിൽ നിന്നും ടി.പി.അജയന്‌ ഏറ്റുവാങ്ങേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച്‌ ബന്ധുവും ആർട്ടിസ്റ്റുമായ എൻ.എസ്‌.മണി അനുസ്മരിച്ചപ്പോൾ സദസ്സും ടി.പി.അജയന്റെ ബന്ധുമിത്രാദികളും ആർദ്രരായി.



കെ.കൃഷ്ണകുമാർ
ആർ.എസ്‌.കുറുപ്പിന്റെ 'അമ്മ മഹാറാണി' എന്ന നാടകപുസ്തകത്തെ പരിചയപ്പെടുത്തിയത്‌ പ്രശസ്തകവിയും സാംസ്കാരികപ്രവർത്തകനുമായ വി.ആർ.രാമകൃഷ്ണൻ. നാടൻപാട്ടിന്റെ വായ്ത്താരിയുടെ അകമ്പടിയോടെ അദ്ദേഹം നാടകത്തിന്റെ തുടിതാളമായി മാറിയപ്പോൾ അത്‌ വേറിട്ട ഒരനുഭവമായി.

വി.ആർ.രാമകൃഷ്ണൻ

പുസ്തകചർച്ചയിൽ തോപ്പിൽ ഭാസിയുടെ മകനും നാടകകൃത്തുമായ തോപ്പിൽ സോമൻ, നാടകകൃത്തും സംവിധായകനുമായ പെരുന്ന വിജയൻ, കഥാകാരിയും കവയിത്രിയുമായ പ്രൊഫ.സി.ചന്ദ്രമതി തുടങ്ങിയവരോടൊപ്പം വേദി പങ്കിടാനായത്‌ വലിയ ഭാഗ്യമായി കരുതുന്നു.


തോപ്പിൽ സോമന്റെ ചർച്ച, സംവാദത്തിന്റെ തീപ്പൊരി പടർത്തിയപ്പോൾ വ്യക്തമായ മറുപടി നൽകാൻ ആർ.എസ്‌.കുറുപ്പ്‌ മറന്നില്ല. ടി.പി.അജയൻ എഴുതിയിട്ടുള്ള നാടകങ്ങളും കവിതകളും സമാഹരിച്ച്‌ പുസ്തകമാക്കുമെങ്കിൽ അത്‌ ഒരു സ്മരണികയായി എന്നും നിലനിൽക്കുമെന്നും അതിനുവേണ്ടി മാനസികവും ശാരീരികവുമായി എല്ലാ പിൻതുണയും നൽകാമെന്നും പ്രൊഫ.സി.ചന്ദ്രമതി പറഞ്ഞപ്പോൾ സദസ്സ്‌ കരഘോഷത്തോടെ സ്വീകരിച്ചു.

പെരുന്ന വിജയൻ,എൻ.എസ്‌.മണി,ശാസ്താംകോട്ട
അജയകുമാർ,തോപ്പിൽ സോമൻ

കേളികൊട്ടിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗവും കവിയുമായ അജിത്‌.കെ.സി, ടി.പി.അജയനോടൊപ്പം സൗഹൃദം പങ്കിട്ട നാളുകളെ ഓർമിച്ചപ്പോൾ ഏവരും കോരിത്തരിച്ചുപോയി. തുടർന്ന് ആർ.എസ്‌.കുറുപ്പ്‌ മറുപടി പ്രസംഗം നടത്തി. നന്ദിപ്രകാശനവേളയിൽ കേളികൊട്ടിന്റെ എഡിറ്ററായ നിധീഷ്‌.ജി, അടുത്തവർഷം ടി.പി.അജയന്റെ കൃതികൾ സമാഹരിച്ച്‌ പുസ്തമിറക്കുമെന്ന് ഉറപ്പുനൽകാൻ മറന്നില്ല. പിന്നീട്‌ എല്ലാവരും ചേർന്നുള്ള ഫോട്ടോ സെഷൻ. ഡോ.ആർ.ഭദ്രൻ, യുവകഥാകൃത്തായ സതീഷ്കുമാർ, ബി.എസ്‌.സുജിത്‌, സുനിലൻ കളീയ്ക്കൽ, സി.എൻ.കുമാർ തുടങ്ങി അനവധി പ്രമുഖരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായി തീർന്ന കൂട്ടായ്മ വേറിട്ട അനുഭവമായി.

ആർ.എസ്‌.കുറുപ്പ്‌

ചിന്തയ്ക്ക്‌ തീപിടിച്ച്‌ അങ്ങുമിങ്ങും ഓടിനടന്നും ബന്ധങ്ങളും സൗഹൃദവും ഒരു ചിരിയിൽ ഒതുക്കുകയും ചെയ്യുന്ന  ഇക്കാലത്ത്‌ ഇങ്ങനെയുള്ള അനുസ്മരണ ചടങ്ങുകൾ, സർഗ്ഗപ്രതിഭാധനരായ വ്യക്തികൾ ഇവിടെ ജീവിച്ചിരുന്നു എന്നു ജനമനസ്സിൽ ഒരു നിമിഷത്തേക്കെങ്കിലും അടയാളപ്പെടുത്തുന്നു. ഉത്സവപ്പറമ്പുകളിൽ നാടകം വീണുടഞ്ഞു മരിക്കുന്നു, ജനമനസ്സുകളിൽ നിന്ന് നാടകം പടിയിറക്കപ്പെടുന്നു എന്നൊക്കെ വിലാപമുയരുന്ന ഇക്കാലത്ത്‌, ഇത്തരത്തിലുള്ള ചർച്ചകൾ ജനമനസ്സും നാടകവും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായകരമാകും എന്നു വിശ്വസിക്കാം. തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ഇങ്ങനെയൊരു അനുസ്മരണചടങ്ങും പുസ്തകചർച്ചയും സംഘടിപ്പിക്കാൻ തുനിഞ്ഞ കേളികൊട്ട്‌ സൗഹൃദക്കൂട്ടായ്മയിലെ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, അജിത്‌.കെ.സി, നിധീഷ്‌.ജി എന്നിവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.



O

PHONE : 9388422631


Saturday, November 10, 2012

ദോശ

കവിത
വി.ഗീത









ദോശ ഉണ്ടാക്കുന്നതിലും ഒരു സാരസ്യമുണ്ട്‌.

ഒരേ കേന്ദ്രബിന്ദുവിനു ചുറ്റും
വിവിധ ആരങ്ങളിൽ
മാവുകൊണ്ട്‌ നെയ്തു ചേർത്ത
കുറേ വെളുത്ത വൃത്തങ്ങൾ.

ശ്രദ്ധയൊന്നു പിഴച്ചാൽ,
ജ്യാമിതീയ ഭംഗി നഷ്ടപ്പെട്ട്‌
വൃത്തം ആസ്ട്രേലിയയുടെ
ആകൃതിയിലാവാനും മതി.

നിറയെ തുള വീണ ദോശ, പക്ഷേ
ഒരു മനസ്സിന്റെ ചിത്രവുമാകാം.
മൂർച്ചയേറിയ അനുഭവങ്ങൾ
കുത്തിത്തുളച്ച ഒരു മനസ്സ്‌.

ചുട്ടുപഴുത്ത ലോഹത്തകിടിൽ
ചിത്രവധത്തിനെന്നോണം
മലർത്തിക്കിടത്തിയ ഒരു മനസ്സ്‌.

കൂലങ്കഷമായ ആത്മവിചാരണകൾക്ക്‌
വിധേയമാകുന്ന ഒരു മനസ്സ്‌.

കരിഞ്ഞും പൊരിഞ്ഞും
സ്വന്തം നിലപാടുകൾ സ്ഥാപിച്ചെടുക്കാൻ
പാടുപെടുന്ന ഒരു മനസ്സ്‌.

ഒടുവിൽ, മൊരിഞ്ഞ ഒരു ദോശ പോലെ
തളികയിൽ, ഉപദംശങ്ങളാൽ പരിസേവിതമായി
തന്നെ വിഴുങ്ങാനെത്തുന്ന തമസ്സിനെ കാത്ത്‌,
അത്‌ നിർലേപതയോടെ വിശ്രമിച്ചു.


O


Saturday, November 3, 2012

സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌

കഥ
പി.ശിവപ്രസാദ്‌










'സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌.' ശലോമി കൊഞ്ചിക്കുഴഞ്ഞു.

'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദോസ്‌ ചിരിച്ചു.

'പോരാ രാജാവേ. എനിക്കയാളുടെ ശിരസ്സു തന്നെ വേണം. അതിനുവേണ്ടി മാത്രമാണ്‌ ഞാൻ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്‌.'

'എന്നാലും മകളേ ... പിശാചിന്റെ ആത്മാവുകൂടിയവനെങ്കിലും അയാളെ പ്രജകൾ ഒരു പ്രവാചകനായി കാണുന്നുണ്ട്‌. ആയതിനാൽ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'

'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക്‌ വീണുപോവുകയോ? ആരാണയാൾ? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'

'എങ്കിലും അയാൾ സ്നാപകനായിരുന്നു. അനേകം പ്രജകൾ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'

'ഒട്ടകത്തോൽ പുതച്ചും വെട്ടുകിളിയെ തിന്നും കാട്ടുതേൻ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കിൽ ഹാ.. കഷ്ടം. എന്റെ ആവശ്യം ഞാൻ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്ദത്തം ശൂന്യമായ ഒരു പദമാണെന്ന് ഞാൻ കരുതിക്കൊള്ളാം.' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട്‌ കുലുക്കി തിരിഞ്ഞു നടന്നു.

രാജാവിന്റെ കരൾ കിടുങ്ങി. ഹേറോദിയയുടെ അഴകിൽ മത്തുപിടിച്ച വെറുമൊരു വണ്ടാണ്‌ ഞാൻ. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന്‌ അവളിലെ പെണ്ണിനെ വേണം. അതിന്‌ ശലോമിയുടെ മൗനവും ഒരാവശ്യമാണ്‌.

സേനാധിപൻ അടുത്തുവന്നു. അയാൾ ശബ്ദമൊതുക്കി പറഞ്ഞു. 'പ്രഭോ, ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാൻ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്‌. യോഹന്നാന്റെ ശിരസ്സിനേക്കാൾ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്‌? ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതിൽപ്പോലും ഞാൻ തെറ്റുകാണുന്നില്ല.'

'അപ്പോൾ ..? നമ്മോട്‌ ആ യോഹന്നാൻ ചെയ്തതിനേക്കാൾ വലിയ തെറ്റല്ലേ നാം ചെയ്യുക ...?'

'അങ്ങയുടെ സന്ദേഹം എന്നെ ചിരിപ്പിക്കുമെന്ന് തോന്നുന്നു. നോക്കൂ പ്രഭോ, അയാളുടെ ചിന്തകൾക്ക്‌ ഇപ്പോൾ അന്ത്യമായില്ലെങ്കിൽ, ഈ സിംഹാസനത്തെ അത്‌ ചുട്ടെരിക്കുമെന്ന് ഞാൻ സന്ദേഹിക്കുന്നു.'

'ശരി, യുക്തമായത്‌ ചെയ്യാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ്‌ വിമ്മിട്ടത്തോടെ പറഞ്ഞു.

അന്ത:പുരത്തിലെ കാറ്റാടിയന്ത്രത്തിനു കീഴിൽ അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോൾ സൈനികർ അനുവാദം ചോദിച്ച്‌ അകത്തുവന്നു. അവരുടെ കൈയ്യിലെ സ്വർണ്ണത്തളികയിൽ ഒരു പൂച്ചെണ്ട്‌ പോലെ ആ ശിരസ്സ്‌ കാണപ്പെട്ടു. രക്തം ഊർന്നൊഴുകി താലത്തിൽ നിറയുകയായിരുന്നു. ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി.

'രാജാവ്‌ വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്‌.' ശലോമി തുള്ളിയിളകിക്കൊണ്ട്‌ പറഞ്ഞു.

'അമ്മയുടെ വഴിയിൽ ഇനി ശത്രുക്കളില്ല. ഇതിൽ കൂടുതൽ ഒരു മകൾ എന്താണ്‌ ചെയ്തുതരേണ്ടത്‌ ? പറയൂ !'

'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ നൃത്തത്തിൽ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാൻ രാജാവിനോട്‌ പറയട്ടെയോ ..?' ആഹ്ലാദം മറച്ചുവെക്കാൻ ഹേറോദിയയക്ക്‌ കഴിഞ്ഞില്ല.

'ഓ ... ഈ അമ്മയുടെ കളിതമാശ. ഞാൻ ശാരോണിലെ ഉദ്യാനത്തിലേക്ക്‌ പോകുന്നു. അവിടെ ഒരുവൻ എന്നെ കാത്തിരിപ്പുണ്ട്‌. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക ...' ശലോമി പിൻവാങ്ങി.

ഹേറോദിയയുടെ കണ്ണുകൾ സൈപ്രസ്സിൽ നിന്നെത്തിയ സ്ട്രോബെറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീളം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാൽ അവൾ നിവർന്നുനിന്നു. പഴത്തളികയിൽ നിന്ന് വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്‌, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീഷ്ണതയ്ക്കു മുന്നിൽ വന്നുനിന്നു.

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകൾ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പിൽ എരിയിച്ച്‌, ആ ചാരം ഞാൻ ഒലിവുതോട്ടത്തിൽ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ..ഹ..'

കത്തിചുഴറ്റി, ചില മാദകച്ചുവടുകൾ വെച്ച്‌, അവൾ ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കൽപ്പിച്ചുകൊണ്ട്‌, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക്‌ തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിച്ചിരിച്ചു.

യെറുശലേം ദേവാലയത്തിന്റെ അങ്കണത്തിൽ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിന്റെ പുറത്തെ കാറ്റിൽ കാട്ടുതീയൂതി.


O