Saturday, February 2, 2013

ഗാന്ധിഭവൻ എന്ന സ്നേഹവീട്‌

സന്ദർശനം
ഗിരീഷ്‌ മോഹൻ    ലോകത്താകമാനം നന്മയുടെ പ്രകാശം തെളിയിച്ചുകൊണ്ട്‌, തിന്മയുടെ ഇരുട്ട്‌ നീക്കാൻ പ്രവാചകൻ പിറവിയെടുത്ത തിരുനാളിലാണ്‌ കേളികൊട്ട്‌ കൂട്ടായ്മയിലെ പ്രിയസുഹൃത്തുക്കൾക്കൊപ്പം ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ കാലുകുത്തുവാനുള്ള നിയോഗമുണ്ടായത്‌. നബിദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രാർത്ഥനയിൽ എല്ലാവരും പങ്കുകൊള്ളുന്ന സമയമായിരുന്നു അത്‌. ഹൃദയംഗമമായ സ്വാഗതമാണ്‌ ഗാന്ധിഭവൻ പ്രവർത്തകർ ഞങ്ങൾക്ക്‌ നൽകിയത്‌. വേദിയിലിരിക്കുമ്പോഴും, ശേഷം ക്യാമറയെടുത്ത്‌ സദസ്സിലെ ചില മുഖങ്ങളിലേക്ക്‌ ഫോക്കസ്‌ ചെയ്യുമ്പോഴും, ജീവിതമെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തെക്കുറിച്ച്‌ ഒരു നിമിഷമോർത്തു. വിചിത്രവും സങ്കീർണ്ണവുമായ ആ ചോദ്യത്തിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ പോയകാല ജീവിതത്തിന്റെ ദുരിതവും ദുരന്തങ്ങളും നിറഞ്ഞ കഥകൾ ഒഴുകിവരുന്നതായി തോന്നി. അന്തേവാസികളോടൊപ്പമാണ്‌ ഭക്ഷണം കഴിച്ചത്‌. ഇതുവരെ കഴിച്ചിട്ടുള്ളതിൽ വെച്ചേറ്റവും സ്വാദിഷ്ഠമായ സദ്യ. പിന്നെ, ഗാന്ധിഭവന്റെ ഓരോരോ ഇടങ്ങളിലേക്കും പ്രവർത്തനചരിത്രത്തിലേക്കും വൈസ്‌ ചെയർമാൻ പി.എസ്‌.അമൽരാജ്‌, സൂപ്രണ്ട്‌ ശ്രീമതി.സൂസൻ തോമസ്‌ എന്നിവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ ഇപ്പോൾ എണ്ണൂറിലധികം കുടുംബാംഗങ്ങളുണ്ട്‌. നിരാലംബർക്ക്‌ ആശ്രയമേകിക്കൊണ്ട്‌ ഈ സ്നേഹമരം കാരുണ്യത്തിന്റെ ഫലങ്ങൾ പൊഴിക്കുന്നു. അനാഥർ എന്ന വാക്ക്‌ ഇവിടെ ഇല്ലാതാകുന്നു. ആശ്രയമറ്റ പകച്ച കണ്ണുകളെ ഇവിടെ കാണാനുമാവില്ല.

2002 നവംബർ 22 ന്‌ പത്തനാപുരത്തെ ഒരു വാടകക്കെട്ടിടത്തിലാണ്‌ ഗാന്ധിഭവന്റെ തുടക്കം. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട്‌, തകർന്നു വീഴാറായ ഒരു കുടിലിൽ മഴ നനഞ്ഞ്‌ വിറങ്ങലിച്ചു കിടന്ന പാറുക്കുട്ടിയമ്മ എന്ന 85 കാരിക്ക്‌ തണലേകിക്കൊണ്ടാണ്‌ ഈ അഭയകേന്ദ്രം തുടങ്ങിയത്‌. ഡോ.സുകുമാർ അഴീക്കോട്‌ ഭദ്രദീപം കൊളുത്തി ആരംഭിച്ച ഗാന്ധിഭവൻ ഇന്ന് നിരാലംബരുടെ ഏറ്റവും വലിയ ആശ്രയമായി മാറിയിരിക്കുന്നു. സ്നേഹം കൊണ്ട്‌ തീർത്ത ചുവരുകളും മേൽക്കൂരകളുമുള്ള വിശുദ്ധഭവനം. ഇവിടെ മുൻജനപ്രതിനിധികളും ഉന്നത ഉദ്യോഗത്തിലിരുന്നവരും പണ്ഡിതരും  യാതൊന്നുമില്ലാത്തവരുമുണ്ട്‌. കൈക്കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ. മനോവൈകല്യവും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ചവർ, ഊരും പേരും അറിയാത്തവർ, വിവിധ ഭാഷയും വേഷവും ആചാരങ്ങളും ഒത്തുചേരുന്ന ഗാന്ധിഭവൻ, ഭാരത സമൂഹത്തിന്റെ ഒരു നേർചിത്രമാണ്‌.ഗാന്ധിഭവന്റെ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ തന്റെ കുടുംബാംഗങ്ങളുമായി ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം താമസിച്ചുകൊണ്ടാണ്‌ കാരുണ്യപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. സർക്കാരിന്റെ ധനസഹായമേതുമില്ലാതെ പ്രവർത്തിക്കുന്ന ഗാന്ധിഭവനെ നിലനിർത്തുന്നതും വളർത്തുന്നതും മനുഷ്യസ്നേഹികളായ ഒട്ടനവധിപേരാണ്‌. ഗാന്ധിഭവൻ കുടുംബത്തിന്റെ ശക്തിയും പ്രത്യാശയും സമ്പത്തും അവരാണ്‌. ഈശ്വരപൂജ പോലെ സേവനം ചെയ്യുന്ന നൂറ്റിയമ്പതോളം സന്നദ്ധപ്രവർത്തകരും ഇവിടെയുണ്ട്‌.

കൊല്ലം ജില്ലയിൽ, പത്തനാപുരത്ത്‌ പ്രകൃതിരമണീയമായ കുണ്ടയം എന്ന ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്താണ്‌ ഗാന്ധിഭവൻ സ്ഥിതി ചെയ്യുന്നത്‌. പൂർണ്ണമായും ഗാന്ധിയൻ ആശയങ്ങളെ പിൻതുടർന്ന് സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരെ സ്വാന്ത്വനപ്പെടുത്താനും പുതിയ തലമുറയിൽ സത്യവും വിജ്ഞാനവും വളർത്തുവാനും നിരന്തരം പ്രയത്നിക്കുന്ന മാതൃകാസ്ഥാപനമാണ്‌ ഗാന്ധിഭവൻ. മനുഷ്യന്റെ സാമൂഹികജീവിതബോധം ഇത്രയധികം ദർശിക്കാനാവുന്ന മറ്റൊരിടമില്ല. പരസ്പരസഹായത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ ഇവിടെ നിന്നും നാം പഠിക്കണം. ഓരോരുത്തരും അവരവരാൽ കഴിയുംവിധം മറ്റുള്ളവരെ സഹായിച്ചും സന്നദ്ധസേവകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ ചിട്ടയായ ജീവിതശൈലി പിൻതുടരുന്നു. ഗാന്ധിഭവനിൽ സ്നേഹത്തിന്റെ ഒറ്റമരം പടർന്നു പന്തലിക്കുകയാണ്‌.
ഗാന്ധിഭവനിലെ ഏറ്റവും പ്രകടമായ പ്രത്യേകത അവിടുത്തെ ശുചിത്വമാണ്‌. ഒരു ആശ്രമത്തിന്റെ വൃത്തിയും വെടിപ്പുമാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണം പാകം ചെയ്യുന്നതും നൽകുന്നതും കിടക്കയൊരുക്കിയിരിക്കുന്നതുമെല്ലാം അത്രയേറെ വൃത്തിയുള്ള സാഹചര്യത്തിലാണ്‌. വനമേഖലയിലുള്ള പ്രശാന്തമായ ഒരു കുടിലിലെത്തിയ അനുഭൂതിയാണ്‌ ഇവിടെ നിൽക്കുമ്പോൾ. മരങ്ങളും, കിളികളുടെ പാട്ടും, കല്ലടയാറിന്റെ കിലുക്കവുമൊക്കെച്ചേർന്ന് ഒരു സ്നേഹഗ്രാമം. അന്തേവാസികളുടെ അച്ചടക്കം, സ്നേഹവാക്കുകൾ, പെരുമാറ്റം ഇവയൊക്കെ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരികപരിപാടികൾ നടക്കുന്ന ഇടം കൂടിയാണ്‌ ഗാന്ധിഭവൻ. ഒട്ടേറെ മഹദ്‌വ്യക്തികളുടെ സാമീപ്യവും വാക്കുകളും കൊണ്ട്‌ ഗാന്ധിഭവൻ കുടുംബാംഗങ്ങങ്ങളുടെ മനസ്സിന്‌ സംസ്കാരത്തിന്റെ അന്നവും ലഭിക്കുന്നു.

അന്തേവാസികളുടെ ആരോഗ്യം, ശുചിത്വം, അച്ചടക്കം എന്നിവയൊക്കെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 'സ്നേഹഗ്രാമം പഞ്ചായത്ത്‌' എന്ന സാങ്കൽപ്പികമായ ഒരു പഞ്ചായത്ത്‌ കമ്മറ്റിയും ഗാന്ധിഭവനിൽ പ്രവർത്തിക്കുന്നുണ്ട്‌. ഗാന്ധിഭവൻ നിലനിൽക്കുന്ന ഒന്നരയേക്കർ സ്ഥലമാണ്‌ ഈ പഞ്ചായത്തിന്റെ പ്രവർത്തനപരിധി. അന്തേവാസികളാൽ തെരെഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും മെമ്പർമാരുമാണ്‌ പഞ്ചായത്ത്‌ ഭാരവാഹികൾ. തങ്ങൾ അനാഥരല്ല, ഉത്തരവാദിത്വബോധമുള്ള ഭരണകർത്താക്കളാണ്‌ എന്ന ബോധം അന്തേവാസികളിൽ സൃഷ്ടിക്കാൻ കൂടിയാണ്‌ ഈ സംവിധാനം ഇവിടെ ഒരുക്കിയിട്ടുള്ളത്‌. സ്വയംപര്യാപ്തത എന്ന ഗാന്ധിയൻ സങ്കൽപ്പത്തെ പിൻതുടരുന്ന ഗാന്ധിഭവന്‌ സ്വന്തമായി ഔഷധത്തോട്ടവും കൃഷിത്തോട്ടവുമുണ്ട്‌. അന്തേവാസികൾക്ക്‌ ക്രിയാത്മകതയും ചെറുവരുമാനവും ഉണ്ടാക്കുന്നതിനു സഹായിക്കുന്ന ചന്ദനത്തിരി, സോപ്പ്‌ തുടങ്ങിയ നിർമ്മാണയൂണിറ്റും ഗാന്ധിഭവനിലുണ്ട്‌.തെരുവോരങ്ങളിൽ അവശരായിക്കിടക്കുന്നവരെയാണ്‌ കൂടുതലും ഇവിടെ കൊണ്ടുവരുന്നത്‌. സേവനസന്നദ്ധരായ ഒരു കൂട്ടം ശുശ്രൂഷാപ്രവർത്തകരുടെ സ്നേഹപരിചരണങ്ങൾ അവർക്ക്‌ ആശ്വാസമേകുന്നു. പോലീസും ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരുമൊക്കെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ ഇവിടെ എത്തിക്കുന്നു. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കിടയിലും അവരെ ഉൾക്കൊള്ളാൻ ഗാന്ധിഭവൻ വിശാലമായ ഹൃദയം തുറക്കുന്നു. ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികൾക്കും മുതിർന്നവർക്കും സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കാൻ പരിശീലനം, ജീവിക്കാൻ ആവശ്യമായ പഠനങ്ങൾ, തൊഴിൽ പരിശീലനം എന്നീ പദ്ധതികളിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ 'ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ' ഇവിടെ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നാഷണൽ ഓപ്പൺ സ്കൂളിംഗിന്റെ അക്രഡിറ്റഡ്‌ സെന്ററായ ഗാന്ധിഭവൻ സ്റ്റഡി സെന്ററിൽ, വൃദ്ധപരിചരണ നഴ്സിംഗ്‌ കോഴ്സും നടന്നുവരുന്നു.

കേന്ദ്രസർക്കാർ ഗാർഹികപീഢന നിരോധന നിയമപ്രകാരം സർവ്വീസ്‌ പ്രൊവൈഡറായി നിയമിച്ചിട്ടുള്ള ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുകൾ, കുടുംബശ്രീകൾ, ജാഗ്രതാസമിതികൾ മറ്റു സന്നദ്ധ സംഘടകൾ എന്നിവരുമായി ചേർന്ന് ഗ്രാമങ്ങൾതോറും ഗാർഹികപീഢന നിരോധനനിയമം, ലഹരിവിമോചനം, മതേതരത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾക്കും സെമിനാറുകൾക്കും അദാലത്തുകൾക്കും നേതൃത്വം നൽകുന്നു. കേരള ഹൈക്കോടതിയുടെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ ലീഗൽ സർവ്വീസസ്‌ അതോറിറ്റിയുടെ അംഗീകാരം ഗാന്ധിഭവനുണ്ട്‌. പാവപ്പെട്ടവർക്ക്‌ സൗജന്യ നിയമസഹായം നൽകുന്നതിനുള്ള 'കെൽസ'യുടെ നീതിഭവൻ ഇവിടെ പ്രവർത്തിക്കുന്നു. ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ അടൂർ ഏഴംകുളത്ത്‌ പ്രവർത്തിക്കുന്ന ഫീനിക്സ്‌ ഹോസ്പിറ്റലിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രവും പെയിൻ & പാലിയേറ്റീവ്‌ കെയർ യൂണിറ്റും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട്‌, നിരാലംബരായ വൃദ്ധജനങ്ങൾക്കായി 'ശരണാലയം' എന്ന സ്ഥാപനം കൊല്ലം ജില്ലയിലെ കരീപ്രയിൽ പ്രവർത്തിക്കുന്നു.അന്തേവാസികൾക്കായി അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു വായനശാല, ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ ഇവിടെ പ്രവർത്തിക്കുന്നു. അനന്യമായ സാഹിത്യമേന്മ പുലർത്തുന്ന മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസിക എന്നവകാശപ്പെടാവുന്ന ഒന്നാണ്‌ ഗാന്ധിഭവൻ പുറത്തിറക്കുന്ന സ്നേഹരാജ്യം മാസിക. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ സമ്പന്നമാക്കുന്ന വിജ്ഞാനപൂർണ്ണവും ശ്രദ്ധേയവുമായ ഒരു പ്രസിദ്ധീകരണമായി ഇത് മാറിയിട്ടുണ്ട്.


പാവപ്പെട്ടവർക്ക്‌ സമ്പൂർണ്ണ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതും കേരളത്തിലെ പ്രകൃതി-പാരമ്പര്യ ചികിത്സ പഠന-ഗവേഷണങ്ങൾക്കായി ഒരു മെഡിക്കൽ കോളേജ്‌ ഉണ്ടാകണമെന്നും ഉത്തമരായ സാമൂഹ്യപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ഒരു ജീവകാരുണ്യ സർവ്വകലാശാല സ്ഥാപിക്കുക എന്നതുമാണ്‌ ഗാന്ധിഭവന്റെ ഭാവിപരിപാടികൾ എന്നറിയുമ്പോൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക്‌ പരിധിയില്ലാത്ത സേവനം നൽകുന്ന ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അതിരറ്റ സന്തോഷം തോന്നുന്നു. അണുകുടുംബങ്ങൾ പോലും ക്ലേശങ്ങളും പരാധീനതകളും അവശതയും കൊണ്ട്‌ വീർപ്പുമുട്ടുന്ന സമൂഹത്തിൽ പല ദേശത്തുനിന്നും പലവിധ വൈഷമ്യങ്ങളുമായി എത്തിച്ചേർന്നവർ - കുഞ്ഞുങ്ങൾ, വൃദ്ധർ, വിധവകൾ, ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്കൊരുങ്ങിയവർ, അംഗവൈകല്യം വന്നവർ, മാനസിക സുസ്ഥിരത നഷ്ടപ്പെട്ടവർ, കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവിധം അവശരായവർ തുടങ്ങി എല്ലാവരും ഒരു കുടുംബമായി ഒന്നിച്ചു കഴിയുന്നതു കണ്ട്‌ മനംനിറഞ്ഞ്‌ ഈ സ്നേഹഗ്രാമത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകളിൽ കുറച്ചു സമയം ഒപ്പം കൂടിയതിന്റെ സാഫല്യവും അവരുടെ കഥകൾ കേട്ട്‌ ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിഞ്ഞതും വിലപ്പെട്ട ജീവിതാനുഭവമായി എന്നും മായാതെ നിൽക്കും.

വിലാസം
GANDHIBHAVAN
KUNDAYAM.P.O
PATHANAPURAM, KOLLAM- 689695

ഫോൺ - 0475 2355573
email - gandhibhavan@gmail.com

O

PHONE : 9048871847

നന്ദി - പി.എസ്‌.അമൽരാജ്‌, സൂസൻ തോമസ്‌,ബൃന്ദ.


6 comments:

 1. ഗാന്ധിയൻ മൂല്യങ്ങൾ പുരാവസ്തു ആയിക്കൊണ്ടിരിക്കുന്ന നമ്മുടെ കാലത്ത്, അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് നിരാലംബർക്കും, നിസ്സഹായർക്കും അത്താണിയായി പ്രവർത്തിക്കുന്ന ഗാന്ധിഭവനെ പരിചയപ്പെടുത്തിയതിന് പ്രിയപ്പെട്ട സ്നേഹിതരോട് നന്ദി പറയുന്നു....

  ReplyDelete
 2. നല്ല വിവരണത്തിനാശംസകള്‍

  ReplyDelete
 3. "അനാഥർ എന്ന വാക്ക്‌ ഇവിടെ ഇല്ലാതാകുന്നു. ആശ്രയമറ്റ പകച്ച കണ്ണുകളെ ഇവിടെ കാണാനുമാവില്ല..."
  ഗിരീഷ്, മിഴിവുറ്റ ചിത്രങ്ങൾ മനസ്സിലും താളിലും പകർത്തിയിരിക്കുന്നു...

  അഭിനന്ദനങ്ങൾ. ആശംസകൾ...

  ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.

  ReplyDelete
 4. വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി...ഇങ്ങനെയും നമുക്ക് വിശേഷദിനങ്ങള്‍ ആചരിക്കാം

  ReplyDelete

Leave your comment