Wednesday, March 25, 2015

ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന ഭാഷാശിൽപം

പുസ്തകം
മീരാകൃഷ്ണ











     മേരിക്കൻ നോവലിസ്റ്റ്‌ ഹെൻറി ജയിംസ്‌ പറഞ്ഞിരിക്കുന്നത്‌ ആഴമേറിയ മണ്ണിനു മുകളിലേ കലാപുഷ്പങ്ങൾ വിടരുകയുള്ളു എന്നാണ്‌. ജീവിതത്തിന്റെ ആഴങ്ങളിലെ ജൈവവളം സ്വീകരിച്ച്‌ വളരുന്ന സാഹിത്യകുസുമങ്ങൾക്ക്‌ ഭംഗിയും സുഗന്ധവുമേറും. ആ ഭംഗിയും സുഗന്ധവുമാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലൂടെ വായനക്കാർ ആസ്വദിക്കുന്നത്‌. ഇന്ദ്രിയങ്ങളെ സ്പർശിക്കുന്ന സംവേദനത്തിന്റെ അമൃതപ്രവാഹമായി അവ മാറുകയാണ്‌. ആനന്ദ്‌ എന്ന ബാലന്റെ ഓർമകളിലൂടെയാണ്‌ നോവൽ വികസിക്കുന്നത്‌. കാട്ടുമുന്തിരിപ്പഴത്തിനു താഴെ പ്ലാസ്റ്റിക്‌ ചാക്ക്‌ കെട്ടിയുണ്ടാക്കിയ വീട്ടിൽ ആകാശമേലാപ്പിനു കീഴെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന് ഓർമകളിലെ നൊമ്പരങ്ങളെ തേടുന്ന ആനന്ദ്‌ എന്ന ബാലൻ. മൂന്നു കമ്പുകൾ നാട്ടി മുക്കാലി പോലെ കെട്ടി അതിലെ തൊട്ടിലിൽ കൈകാലിട്ടടിച്ചു ചിരിച്ചുകിടക്കുന്ന അപ്പു. അവനെ താരാട്ടു പാടിയുറക്കാൻ പാടുപെടുന്ന എട്ടുവയസുകാരി അമ്പിളി. അമ്മയും അച്ഛനും എല്ലാം നഷ്ടപ്പെട്ട മൂന്നു പിഞ്ചുകുഞ്ഞുങ്ങൾ അതിജീവനത്തിനായി പെടുന്ന പെടാപാടുകൾ. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില അനാഥബാല്യങ്ങളുടെ ദയനീയ ചിത്രമാണ്‌ തോമസ്‌ കല്ലറ വരച്ചുകാണിക്കുന്നത്‌. അത്‌ ദേശീയചിത്രമായി മാറുകയാണ്‌. കാരണം കാല,ദേശ,ഭാഷകൾക്കെല്ലാമപ്പുറം അനാഥത്വത്തിന്‌ ഒറ്റമുഖമേ ഉള്ളു. ദാരിദ്ര്യത്തിന്റെ മുഖം. 




സഹാനുഭൂതിയാണ്‌ ഈ നോവലിന്റെ കേന്ദ്രതലം. വർത്തമാനകാലത്തെ തൊട്ടുനിന്നുകൊണ്ട്‌ ഭൂതകാലത്തിലേക്ക്‌ ഊളിയിടുകയും ഭാവികാലത്തെക്കുറിച്ച്‌ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഓരോ വായനക്കാരനെയും ബൗദ്ധികവും ഭാവനാപൂർണ്ണവുമായ അന്വേഷണങ്ങൾക്ക്‌ പ്രേരിപ്പിക്കുവാൻ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. പ്രവാസിയായ ഈ എഴുത്തുകാരൻ തന്റെ നാട്ടിലെ ചരിത്രത്തിന്റെ, ഭൂമിശാസ്ത്രത്തിന്റെ, കാലാവസ്ഥയുടെ, സാംസ്കാരിക പാരമ്പര്യങ്ങളുടെ നടുവിൽ നിന്നു തന്നെയാണ്‌ തന്റെ രചനയ്ക്ക്‌ ആധാരമായവ ശേഖരിച്ചിരിക്കുന്നത്‌. താൻ പിറന്ന നാടിന്റെ അവസ്ഥാന്തരങ്ങളാണ്‌ പഠനവിധേയമാക്കുന്നത്‌. ജീവിതായോധനവേദിയിൽ നിന്ന് സമാർജ്ജിച്ച അനുഭവങ്ങൾ, അറിവുകൾ, പഠനങ്ങൾ മുതലായവയുടെ സഞ്ചിതരൂപമാണ്‌ ഈ കൃതി. അവ കലാത്മകമായി നോവൽ എന്ന ക്രാഫ്റ്റിനുള്ളിൽ ഒതുക്കുന്നു. മനുഷ്യന്റെ നൊമ്പരങ്ങളെ ആഴത്തിൽ അറിഞ്ഞതിന്റെ ആർദ്രത വാക്കുകളുടെ നിശിതത്വത്തിനു പിന്നിൽ തെളിയുന്നു. ഭാഷയിലോ ആവിഷ്കാരത്തിലോ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അഗാധമായ ഒരു വിചാരലോകത്തെ ഈ നോവലിൽ വിലയിപ്പിച്ചിരിക്കുന്നു. 

വായനക്കാരുടെ ആസ്വാദനതലവും സൃഷ്ടിയും തമ്മിലുള്ള ലയനത്തിലാണ്‌ നല്ല സാഹിത്യം ഉണ്ടാകുന്നത്‌. എഴുത്തുകാരന്റെയും വായനക്കാരന്റെയും അനുഭൂതികളുടെ സംഗമസ്ഥലമാണത്‌. ഇരുവരുടെയും സൗന്ദര്യദർശനങ്ങളുടെ ഒത്തുചേരലാണത്‌. 'ഓർമയുടെ താരാട്ട്‌' എന്ന നോവലിലെ അസംസ്കൃതവിഭവം ഈ ലോകവും ഇവിടുത്തെ ജീവിതവുമാണ്‌. അവയിൽ നിന്ന് തോമസ്‌ കല്ലറ എന്ന നോവലിസ്റ്റ്‌ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം ആസ്വദിക്കേണ്ടത്‌ വായനക്കാരാണ്‌. വായനക്കാരന്റെ സർഗപ്രതിഭയെയും ആസ്വാദനപ്രതിഭയെയും തൊട്ടുണർത്തുവാൻ പര്യാപ്തമാകുന്നതു തന്നെയാണ്‌ തോമസ്‌ കല്ലറയുടെ 'ഓർമയുടെ താരാട്ട്‌' എന്ന നോവൽ സാഹിത്യം.

ഓർമയുടെ താരാട്ട്‌
നോവൽ
തോമസ്‌ കല്ലറ
അസെൻഡ്‌ പബ്ലിക്കേഷൻസ്‌
വില 240 രൂപ.

O


No comments:

Post a Comment

Leave your comment