Saturday, September 17, 2011

ജെ.എൻ.യു കുറിപ്പുകൾ


രാജു വള്ളിക്കുന്നംരവല്ലി പർവ്വതത്തിലെ ഒരു ഗുഹ
ജെ എൻ യു കാമ്പസിലാണ്‌
പൊരിച്ച കോഴിയെ തിന്നുകൊണ്ട്‌
ആന്ത്രോപ്പോളജി ഗവേഷകർ
ബന്ധുത്വത്തിലെ ഭാഷാവ്യവസ്ഥയുടെ
ആദിമഗോത്രപാരമ്പര്യമന്വേഷിക്കുന്നതിവിടെയാണ്‌.


വെറുതേ നടക്കുമ്പോൾ എതിരെ വരുന്ന
ശാസ്ത്രനയത്തിലെ ഗവേഷകന്റെ ബിരുദം
ഹിന്ദിയിലാണെന്നോർത്ത്‌ നടുങ്ങരുതെന്ന് മാത്രം
എയ്സ്തെറ്റിക്സിലെ പുതിയ പ്രഫസർക്ക്‌
സൗന്ദര്യശാസ്ത്രമറിയണമെന്നില്ല
റഷ്യൻ സ്റ്റഡീസിലെ ഗവേഷകൻ
തിരുപ്പതിയിൽ നിന്നുവന്ന
ജ്യോതിഷകനായിരിക്കുന്നപോലെ.
പക്ഷെ ഇടക്കിടെ ബാഹ്‌,ഈഗിൾടൺ,ഡർക്കീം
എന്നൊക്കെ പറഞ്ഞാൽ മതിയാകും
യക്ഷഗാനത്തിന്റെ ഫോട്ടോ കാണുമ്പോൾ
വാഹ്‌ വാഹെന്ന് പറഞ്ഞ്‌
വാപൊളിച്ചു നിൽക്കണമെന്നു മാത്രം.


കഴുകനെ കാക്ക റാഞ്ചുന്ന പാഴ്മരച്ചുവട്ടിൽ
പട്ടികൾ കടിപിടികൂട്ടുന്നു
അവ ഒരിക്കലും കുരയ്ക്കാറില്ല.
ലോകത്തെ പലതായി മുറിച്ച്‌
വെസ്റ്റേഷ്യൻ,ഈസ്റ്റേഷ്യൻ സൗത്തേഷ്യൻ
വിദഗ്ധരുണ്ടാകുന്നതു നോക്കി
പട്ടികൾ ഓരോ വിഭാഗത്തിലേക്ക്‌ ഓടിപ്പോകുന്നു
കോപ്പൻഹേഗനിലെ കാലാവസ്ഥ ഉച്ചകോടി
തകർന്നതോർത്ത്‌ പൂച്ച വിഷണ്ണയാകുന്നു
നന്ദിഗ്രാമിൽ നിന്ന് പുറത്താക്കിയ കീരിയെ
മിസോറാംകാരി തോളിലേറ്റി പോകുന്നു.


തഞ്ചാവൂരിൽ നിന്ന് വന്ന ഗവേഷക
മഥുരയിലെ വേശ്യകളുടെ മൂക്കൂത്തിയെക്കുറിച്ച്‌ വാചാലയാകുന്നു
അതു കാൺകെ പാലക്കാട്ടുകാരൻ
ഗോതമ്പ്‌ കാണാൻ പോയ കാര്യം പറയുന്നു
പാർത്ഥസാരഥി റോക്കിൽ നാഗാലാൻഡ്കാരിയുടെ
ജീൻസിന്റെ സിബ്‌ തുറന്ന്
ഗോവാക്കാരൻ ഐസ്ക്രീം തേയ്ക്കുന്നു
മലർന്നു കിടക്കുന്ന മലയാളിയുടെ
അരയ്ക്കുചുറ്റി പിടിച്ച ബംഗാൾകാരിയുടെ
മാറ്‌ ചുറ്റിവരിഞ്ഞിരിക്കുന്നത്‌
ഒരു മഹാരാഷ്ട്രക്കാരനാണെന്ന് മാത്രം.പ്രണയത്തിന്റെ മാനസികഭാവങ്ങളെക്കുറിച്ച്‌
കർണാടകക്കാരി വാചകമടിക്കുന്നു
പാറയരുകിന്‌ താഴെക്കണ്ട സോഷ്യൽ സയന്റിസ്റ്റിനൊപ്പം
പെട്ടന്നവൾ ഓടിപ്പോകുന്നു
പഴയ കാമുകർ തങ്ങളുടെ നഷ്ടസ്വപ്നങ്ങളെക്കുറിച്ച്‌
പറയുന്നിടത്തേക്ക്‌ പെട്ടെന്ന് കടന്നുവരുന്ന
സിക്കുകാരൻ കാമുകിയെ കൈവശപ്പെടുത്തുന്നു.
ശല്യമൊഴിഞ്ഞെന്നു കരുതിയ കാമുകന്റെ കഴുത്തിൽ
ചുറ്റിപ്പിടിച്ച തെലുങ്കുകാരി
പോക്കറ്റിലെ പേഴ്സിലെന്തുണ്ടെന്ന് ചോദിക്കുന്നു
സിവിൽ സർവ്വീസിലെ അമാനവികതയെക്കുറിച്ച്‌
ഉറക്കെ സംസാരിക്കുന്ന ബീഹാറുകാരൻ
തൊട്ടുമുമ്പുള്ള പരീക്ഷയിൽ തോറ്റതാണെന്നത്‌ വേറെ കാര്യം.
എം.ജീ യിൽ നിന്നുവരുന്നവരുടെ ഇംഗ്ലീഷിനെ കുറ്റപ്പെടുത്തുന്ന
മധ്യപ്രദേശ്കാരൻ ഹിന്ദിയിലാണ്‌ സംസാരിക്കുന്നതെന്ന് മാത്രം
ഭാഷാവിഭാഗത്തിൽ നിന്നിറങ്ങി വരുന്ന ഭല്ലയും നാരംഗും
തൊട്ടുമുൻപ്‌ നടന്ന ഇന്റർവ്യൂവിൽ
മലയാളിയെ ഒതുക്കിയതിൽ പുളകംകൊള്ളുന്നു.

തിരികെപ്പോരുമ്പോൾ ഞാൻ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.


O

PHONE : 9447570621

 

No comments:

Post a Comment

Leave your comment