Friday, August 27, 2010

പള്ളിക്കല്‍ പുത്രന്‍

ഇടക്കുളങ്ങര ഗോപന്‍


ന്നലെവരെ,
നഗരത്തിന്‍റെ കറുത്ത രാത്രികളില്‍
സിന്ദൂരം ചൂടിയ നിന്‍റെ ഗന്ധം
വേശ്യകള്‍ക്കും മോഷ്ടാക്കള്‍ക്കും,
കൂട്ടത്തില്‍ രാത്രി സഞ്ചാരികള്‍ക്കും
ഒളിത്താവളമൊരുക്കി.
കമ്പിയഴികള്‍ക്കുള്ളില്‍
ആരോടും മിണ്ടാതെ ധ്യാനബദ്ധനായിരുന്നതും
അതിനും എത്രയോ നാള്‍മുമ്പ്
അമ്പലച്ചിറയില്‍,
അലക്കുകല്ലായി കമിഴ്ന്നു കിടന്നതും
ഒരു വിറളിപിടിച്ച  ഇടവപ്പാതിയില്‍
ചിറ തകര്‍ന്ന് വിശ്വരൂപം കാട്ടിയതും
ശിഷ്യരല്ലെങ്കിലും നിന്നെ ശിക്ഷിച്ചവരുടെ
പിന്‍ഗാമികള്‍,
ഉന്തു വണ്ടിയില്‍ പാതയോരത്തെത്തിച്ചതും
നിന്‍റെ കാരാഗൃഹവാസത്തിനു തുടക്കമായി.


ശൈവര്‍ ദ്രാവിഡപ്പെരുമ വിടാതെ
നിന്‍റെ കഴുത്തില്‍ അരളിയും തുളസിയും ചാര്‍ത്തി.
തിമിര്‍ത്തു പെയ്ത മഴയില്‍
കൂട്ടുകാരില്ലാതെ നീ ഒറ്റയ്ക്കിരുന്നു വിയര്‍ത്തു.
ഗയയില്‍ കണ്ടുമറന്ന കപടസന്യാസിമാര്‍
കുഷ്ഠരോഗിയെ ആട്ടിയോടിച്ചതും 
നിലയ്ക്കാത്ത വാഹനപ്പെരുക്കത്തില്‍
ശ്വാനരും, മനുഷ്യരും ചേതനയറ്റ്‌
ചോരവാര്‍ന്നതും
പാതയോരത്ത് കണ്ണുകളടച്ചിരുന്ന നീ
കണ്ടതേയില്ല.


ഉടുവസ്ത്രമില്ലാതെ ചമ്രം പടിഞ്ഞിരുന്ന
നിന്നെക്കുറിച്ച്
കോളേജുകുമാരിമാര്‍  കുശുകുശുത്തു.
കൊടുംവെയിലില്‍ ടാക്സിഡ്രൈവര്‍മാര്‍
നിന്നെയോര്‍ത്തു സഹതപിച്ചു.
മദ്യപിച്ചു ലക്കുകെട്ട ചുമട്ടുതൊഴിലാളി
സന്ധ്യയില്‍ വന്ന് പുലഭ്യം പറഞ്ഞു
ധ്യാനം മുറിക്കാതെ കാലം കഴിയ്ക്കവേ
ബ്രേക്ക് നഷ്ടപ്പെട്ട മാലുമേല്‍ക്കടവ്
സര്‍ക്കാര്‍ ശകടം
നിന്‍റെ ജയില്‍വാസം തകര്‍ത്തു.


ദിവസങ്ങള്‍ നിനക്കിരിക്കാന്‍ മൂന്നടി മണ്ണിനായി
പലരും വാമനരായി.
മഹാബലിയായി ശിരസ്സുകുനിക്കാന്‍
ആരുമില്ലാതെ പോയത്
നിന്‍റെ മഹാഭാഗ്യമെന്നു പറയുന്നില്ല.
കൃഷ്ണപുരത്തെ കൊട്ടാരവളപ്പില്‍
പഴയ ചക്രവര്‍ത്തിയെ ഇരുത്തി
തൃപ്തരായവര്‍ ഞങ്ങള്‍.


പടനിലങ്ങളിലും പള്ളിസങ്കേതങ്ങളിലും
നിന്‍റെ ചരിത്ര സ്മൃതികളില്‍
അഭിമാനിക്കാറുണ്ടെങ്കിലും
ഓച്ചിറയില്‍ മുറിഞ്ഞു വീണ
നിന്‍റെ ശിഷ്യരുടെ ചേതനയറ്റ അംഗഭാഗങ്ങള്‍
ഞങ്ങള്‍ നടയ്ക്കല്‍ വെച്ച് നമസ്ക്കരിക്കുന്നു.
രക്തം പുരണ്ട ചെളിതിലകവും  പ്രസാദവുമാക്കി
ആദരിക്കുന്നു.
പക്ഷെ;
ഞങ്ങളുടെ നാണമില്ലായ്മകള്‍ക്കും പിന്നില്‍
വലിയൊരു ബോധിവൃക്ഷം വളരുകയാണിപ്പോഴും.
O
[ കരുനാഗപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന ബുദ്ധപ്രതിമ ഇപ്പോള്‍ കൃഷ്ണപുരം
കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.]

phone-9447479905


            

3 comments:

  1. ethu doosara sankalpathil valarnalum...
    eethu yanthravalkritha lokathu pularnalum...
    manasilundakatte
    gramathin manavum mamathayum
    ithiri konnappoovum....
    with love
    ani varavila.
    anivaravila77@gmail.com

    ReplyDelete
  2. അല്ലങ്കില്‍തന്നെ ഒരു കവിതയായിത്തീരുന്നതിന് മന്വന്തരങ്ങള്‍ തപസ്സിലും അപമാനത്തിലും കഴിഞ്ഞാലെന്തു നഷ്ടം പള്ളിക്കല്‍ പുത്രാ...

    ReplyDelete

Leave your comment