![]()  | 
| ഇടക്കുളങ്ങര ഗോപന് | 
പ്ലാറ്റ്ഫോമില്‍ നിന്നും വണ്ടിനീങ്ങുമ്പോള്‍  
പതുങ്ങി പിന്നാലെ കൂടുന്നുഈറന് പുതച്ചൊരു നിലാവെളിച്ചം.
കമ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍,
സാന്ധ്യശോഭ ഞെട്ടറ്റുവീഴുമ്പോള്‍
കാറ്റുചൂടിയ ജമന്തിപ്പൂമണം
തൊട്ടുനോക്കുന്നു,ഹൃദയപക്ഷത്തില്‍.
വിശുദ്ധരുടെ വീഞ്ഞുപാത്രത്തില്‍
പ്രതിബിംബിച്ച തലതിരിഞ്ഞ-
ച്ഛായാചിത്രങ്ങള്‍ പോലെ യാത്രക്കാര്‍.
നിശബ്ദയാമത്തില്‍ വിലാപഗാനം പോലെ,
നിരങ്ങിനീങ്ങുമ്പോള്,
ഓരോ കമ്പാര്‍ട്ട്മെന്റും ഓരോ കുമ്പസാരക്കൂടുകള്‍.
മനസ്സിലെ തിരുമുറ്റത്ത്
മയങ്ങിവീണ പ്രതീക്ഷകളില്‍
ആരുടേയും മുഖം തെളിയുന്നില്ല.
ചുരങ്ങള്‍ താണ്ടി തെക്കോട്ടോടുമ്പോള്‍
ചിങ്ങവനത്തെ കഠോരശബ്ദങ്ങള്‍
ഉറക്കം കെടുത്തിയ സര്‍ക്കാര്‍ഗുമസ്തന്‍,
കണ്കോണില് കൊളുത്തിവെച്ച പരിഭ്രമംകെടുത്തി,
കാലുനീട്ടിയിരിക്കുന്ന സര്‍വ്വേസൂപ്രണ്ടിനെ
ഒളിഞ്ഞുനോക്കുമ്പോള്‍,
പണ്ട് മറന്നുവെച്ചതൊക്കെ
പൊടിതട്ടിയെടുത്തു.
ചെങ്ങന്നൂരില്‍ ക്രോസ്സിംഗിനായി പിടിച്ചിടുമ്പോള്‍,
കുഞ്ഞിനെ ഇട്ടെറിഞ്ഞോടിപ്പോന്നൊരമ്മയ്ക്ക്
മുലകഴയ്ക്കുന്നു,പാലൂട്ടുവാന്‍.
ചിറകില്ലാത്തതിന്റെ കുറവില്‍,
വൈവശ്യം കുഴച്ച്, മനസ്സില്‍ ശപിക്കുന്നുണ്ട്;
റെയില്‍വേ ടൈംടേബിളിനെ.
ഗോതമ്പു ചീഞ്ഞ ഗന്ധത്തില്‍
മൂക്കുടക്കുമ്പോള്‍,
'ദരിദ്രന്റെ രഥം' ചവച്ചുതുപ്പുന്നു പാളങ്ങള്‍.
ദുരിതകേദാരമൊഴിഞ്ഞെന്ന് ചിലര്‍.
മുറുമുറുപ്പുകള്‍ക്കിടയിലൂടൊരു ചകിതവേഗം
കടന്നുപോകുമ്പോള്‍; ഇറങ്ങുക വേഗമിവിടെ -
ജീവിതം വഴിതിരിയുന്നു.
അടുത്തയാത്രയ്ക്ക് നിതാന്തജാഗ്രത
ഉയര്‍ത്തിക്കെട്ടുന്നു മനസ്സിലുള്‍വിളി.
O
ഫോണ്‍ : 9447479905
PHOTO - NIDHISH


Good poem.The referred incidents are touching.Congrats!
ReplyDeleteNidhi Alex
കൂടെ ഞാനും സഞ്ചരിച്ചു..നന്ദി.
ReplyDeleteയാത്രക്കാഴ്ച്ചകളിലെ ജീവിതം വരച്ചിടാൻ നടത്തിയ ശ്രമം നന്നായി.
ReplyDeleteആശംസകൾ.
train... athoru vallaatha sanchaaramanu,aa anubhavathe ormmappeduthiyathinu nandi
ReplyDelete