Saturday, April 2, 2011

അഞ്ചുവിളക്കിന്റെ നാട്

രാജേഷ് കടമാന്‍ചിറ















                   ചങ്ങനാശേരി എന്ന നാടിന്റെ സ്ഥലനാമചരിത്രം തേടിയാല്‍ ചങ്ങഴി,നാഴി,ഉഴി എന്നിങ്ങനെ ധാന്യമളക്കാന്‍ ഉപയോഗിച്ചിരുന്ന അളവുപാത്രങ്ങളുടെ പേരുകളിലേക്കാണ് ചെന്നെത്തുക.ക്ഷേത്രത്തിലെ ശംഖൊലിയും പള്ളിമണിയുടെ നാദവും ബാങ്ക് വിളിയുടെ അലകളും കേട്ട് പള്ളിയുണരുന്നതിനായി പണ്ടെങ്ങോ ഒരു തെക്കുംകൂര്‍ നാടുവാഴി, കൊട്ടാരത്തില്‍ നിന്നും ഒരേഅകലത്തില്‍ ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും മസ്ജിദും പണികഴിപ്പിച്ച ചരിത്രത്തോടൊപ്പം 'ചങ്ങഴിമറ്റം' ഇല്ലത്തിന്റെ പ്രസക്തിയും ചേര്‍ത്തുവായിക്കുമ്പോള്‍ പഴയ നന്തുഴൈനാടിന്റെ നെല്ലോലകള്‍ കാറ്റിലാടുന്നത് കാണാം.

തിരുവിതാംകൂറിന്റെ വാണിജ്യസിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ചങ്ങനാശേരി, അക്കാലത്ത് കുട്ടനാട്ടില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നുമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടത്താവളമായിരുന്നു. മലഞ്ചരക്കുകളുമായി കാളവണ്ടികള്‍ മണികിലുക്കി മലയിറങ്ങി വന്നിരുന്ന ഒരു കാലത്തിലേക്ക് വെളിച്ചം പൊഴിച്ചുകൊണ്ട് മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായി ചങ്ങനാശേരി ചന്തയിലെ 'അഞ്ചുവിളക്ക്' ഇപ്പോഴും നിലകൊള്ളുന്നു.പഴയ എണ്ണവിളക്കുകള്‍ ഇപ്പോള്‍ വൈദ്യുതവിളക്കുകള്‍ക്ക് വഴിമാറിയെന്നു മാത്രം.






കൊല്ലവര്‍ഷം 980 തുലാമാസം പതിനേഴാം തീയതി രാജശ്രീ വേലുത്തമ്പി ദളവയാണ് അഞ്ചുവിളക്ക് നിലനില്ക്കുന്ന ചങ്ങനാശേരി ചന്ത സ്ഥാപിച്ചത്. ആദ്യം വ്യാപാരം നടത്തിയത് ഒരു 'ഗജവീര'നെയാണ് എന്നത് ഈ ചന്തയുടെ അക്കാലത്തെ പ്രാധാന്യം എടുത്തുകാണിക്കുന്നു. വൈദ്യുതവിളക്കുകള്‍ ഇല്ലാതിരുന്ന കാലത്ത്, ചന്തയിലും ചുറ്റുപാടുകളിലും രാത്രികാലങ്ങളില്‍ പ്രകാശം ലഭിക്കുന്നതിനായി അന്ന് സ്ഥാപിച്ചതാണ് ഈ വിളക്ക്. ഉയര്‍ന്നുനില്‍ക്കുന്ന വിളക്കുകാലിന് മുകളറ്റത്തായി ഒരു വിളക്കും വശങ്ങളില്‍ നാലുദിക്കുകളിലേക്കായി ഓരോ വിളക്കുകളും ചേര്‍ന്നുനില്‍ക്കുന്ന രൂപത്തിലാണ് ഇതിന്റെ നിര്‍മ്മിതി.


കുട്ടനാട്ടില്‍ നിന്നുള്ള നെല്ലും കിഴക്കുദിക്കുകളില്‍ നിന്നും കാളവണ്ടികളില്‍ എത്തിച്ചിരുന്ന മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കൊച്ചി,കൊല്ലം തുടങ്ങിയ പ്രധാനവിപണികളില്‍ എത്തിച്ചിരുന്നത് ചങ്ങനാശേരി ചന്ത വഴിയായിരുന്നു. ചരക്കുനീക്കത്തിനായി പ്രധാനമായും ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന അക്കാലത്ത്, ചന്തയോട് ചേര്‍ന്നുള്ള ബോട്ടുജെട്ടിയില്‍ നിന്ന് കേവുവള്ളങ്ങളിലും കെട്ടുവള്ളങ്ങളിലുമായി ചരക്കുകള്‍ ദേശം കടന്നു. ഇക്കാലങ്ങളിലെല്ലാം പ്രൌഡിയോടെ ദേശത്തിന് വെളിച്ചം പകര്‍ന്ന്,അഞ്ചുവിളക്ക്‌ നിലകൊണ്ടു.'അഞ്ചുവിളക്കിന്റെ നാട്' എന്ന് ചങ്ങനാശേരി അറിയപ്പെട്ടുതുടങ്ങിയ കാലമായിരുന്നു അത്.





സന്ധ്യാസമയത്ത് അഞ്ചുവിളക്ക്‌ തെളിയിക്കുന്നതിനായി രാജഭരണകാലത്ത് ആളുകളെ നിയമിച്ചിരുന്നു.രാജഭരണം അവസാനിച്ചപ്പോള്‍ കച്ചവടത്തിനായി ചന്തയില്‍ വന്നിരുന്നവരും സമീപവാസികളുമൊക്കെ ഇത് നേരംതെറ്റാതെ കൃത്യമായി തെളിയിച്ചുപോന്നു.കാലംമാറുകയും വികസനം അതിവേഗം വന്നെത്തുകയും ചെയ്തതോടെ ബോട്ടുജെട്ടിയോട് ചേര്‍ന്നുള്ള ചന്തയുടെ പ്രാധാന്യം കുറഞ്ഞു. പുതിയ റോഡുകള്‍ വരികയും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള മോട്ടോര്‍വാഹനങ്ങള്‍ എത്തിച്ചേരുകയും ചെയ്തതോടെ റോഡുമാര്‍ഗ്ഗമുള്ള ചരക്കുനീക്കം താരതമ്യേന എളുപ്പമായി.കച്ചവടക്കാര്‍ കൊച്ചി പോലെയുള്ള പ്രധാനവിപണികളെ നേരിട്ട് സമീപിക്കാന്‍ തുടങ്ങി. ഉള്‍നാടന്‍ ജലഗതാഗതം മുഖേനയുള്ള ചരക്കുനീക്കത്തിന് പ്രസക്തിയില്ലാതായതോടെ ചങ്ങനാശേരി ചന്തയുടെ പ്രാധാന്യം കുറയുകയും,അതോടെ അഞ്ചുവിളക്ക്‌ വിസ്മൃതിയിലാണ്ടുതുടങ്ങുകയും ചെയ്തു.   

പഴയ പ്രതാപം നഷ്ടമായെങ്കിലും ചങ്ങനാശേരി ചന്ത ഇപ്പോഴും സജീവമാണ്. പ്രാദേശികമായ കച്ചവടങ്ങളാണ് നടക്കുന്നതെന്ന് മാത്രം. വിസ്മൃതിയിലായെങ്കിലും വികസനത്തിന്റെ മാറ്റങ്ങള്‍ അഞ്ചുവിളക്കിലും പ്രകടമായി. വിളക്കുകാല്‍ സ്ഥാപിച്ചിരുന്ന അടിത്തറ,ടൈലുകള്‍ പാകി പുതുക്കി. പഴയ എണ്ണവിളക്കുകള്‍ക്ക് പകരം ഇപ്പോള്‍ വൈദ്യുതവിളക്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ചന്ത സ്ഥാപിച്ചതിന്റെ പ്രധാനവിവരങ്ങള്‍ കൊത്തിവെച്ച ഫലകം വിളക്കുകാലിന്റെ ചുവട്ടില്‍ ഇപ്പോഴുമുണ്ട്. 





'ചങ്ങനാട്ടുശേരി'യുടെ പഴംപുരാണങ്ങളില്‍ നിന്ന് വീശിവരുന്ന കാറ്റ്, പെരുന്നക്ഷേത്രത്തിന്റെ ഗോപുരങ്ങളില്‍ തട്ടി, പുതൂര്‍പള്ളിയും പഴയപള്ളിയും കടന്നുപോകുമ്പോള്‍ മതസൌഹാര്‍ദ്ദത്തിന്റെ കുടമണികിലുക്കങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് പഴയ ബോട്ടുജെട്ടിയിലേക്കും ചന്തയിലേക്കും വെളിച്ചക്കീറുകള്‍ എറിഞ്ഞുകൊണ്ട്, മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായി നിലകൊള്ളുന്ന ഈ വിളക്കുകാല്‍ ഇനിയെത്ര നാള്‍ കൂടി ....?

                                                            O

ഫോണ്‍ : 9846136524   

4 comments:

  1. Its the first time I came to know about these details, thanks for sharing.

    ReplyDelete
  2. സത്യം പറയാലോ,ഈ സ്ഥലം ഇച്ചിരി പരിചയമൂണ്ടെങ്കിലും അഞ്ചു വിളക്ക് പുതിയ അറിവാണ്‍...നന്ദി ട്ടൊ.

    ReplyDelete
  3. എന്റെ നാട്..., അഞ്ചുവിളക്കിന്റെ നാട്..

    ReplyDelete
  4. .പഴയ എണ്ണവിളക്കുകള്‍ , ഇപ്പോള്‍ വൈദ്യുതവിളക്കുകള്‍ക്ക് വഴിമാറിയെന്നു മാത്രം.

    ഇങ്ങനല്ലേ വേണ്ടത്..ഒന്ന് ശ്രദ്ധിക്കുമല്ലോ..

    ReplyDelete

Leave your comment