Saturday, July 23, 2011

പാകിസ്ഥാൻ മുക്ക്‌

ഇടക്കുളങ്ങര ഗോപൻ















ള്ളിനിക്കറിട്ട ബാല്യം
പാറ്റോലിത്തോട്ടിൽ
പരൽമീൻകളി കാണാൻ
ചിറ്റുമൂലതൈക്കാവിൽ നിന്നും
ഇറങ്ങിയോടി.

ക്ഷുരകകത്തിക്ക്‌ കീഴിൽ
കുനിഞ്ഞിരിക്കുമ്പോൾ,
മറവേലി കടന്ന്
സൈനബക്കുഞ്ഞിന്റെ വാക്കേറ്;‌
'പടച്ചോനേ ചെന പിടിച്ചൊരാടിന്റെ
പിരാന്ത്‌ നോക്കണേ?'
തലയ്ക്കുമീതേ കത്തി കാടുകയറുമ്പോൾ
പുറം ചൊറിയാനാവാതെ
ഞെളിപിരിക്കൊണ്ടതും
ചെവിക്കീഴിൽ കൊള്ളിയാൻ മിന്നി.

ഇളംവെയിലിൽ,
മലേക്കള്ളൻ മമ്മൂഞ്ഞിന്റെ
മീൻകൊട്ടയിലെ ചാളത്തിളക്കത്തിൽ
കടലിന്റെ ആഴമളക്കാൻ കൊതിച്ചു തുടിച്ച
മത്തിക്കുഞ്ഞുങ്ങൾ
'കടലമ്മേ'യെന്നു വിളിച്ചപോലെ.

കോതേരിക്കാവിൽ വെള്ളില-
നെറ്റിപ്പട്ടങ്ങൾ
കൊട്ടയ്ക്ക പഴുത്തതു മറച്ചുവെച്ചു.
അമ്പലപ്പറമ്പിലെ സൂര്യനടത്തം
കാൽ വെള്ളയിൽ കനലാട്ടമാടി.
തെക്കോട്ടോടുമ്പോൾ
വള്ളിനിക്കർ തോളത്തുനിന്നൂർന്നു
പോയപോലെ.

കൈതമുള്ളുകൾക്കിടയിലൂടെ
കുറ്റിയയ്യത്തെപ്പട്ടിയുറങ്ങുന്നതു നോക്കി
പൂച്ചനടത്തം.
'എവിടെപ്പോയതാ'ന്ന്
മാടത്തി.
'പാകിസ്ഥാൻ മുക്കി'ലെന്ന്
മാറ്റൊലി.

കാറ്റുതുടയ്ക്കാത്ത വിയർപ്പുതുള്ളികൾ
മൂക്കിന്റെ തുമ്പത്ത്‌
തുളുമ്പി തുളുമ്പി നിന്നു.

O
PHONE: 9447479905

1 comment:

  1. The poem "Pakisthan mukku" by Sri. Edakkulangara Gopan is good. Feature "Nalumanikkattu" is also interesting.


    Nidhi Alex M Ninan

    ReplyDelete

Leave your comment