Thursday, December 29, 2011

സംസ്കാരജാലകം


ഡോ.ആർ.ഭദ്രൻ





                              11











 അകംപൊരുൾ ആയുധം എഴുത്ത്‌



തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'അകംപൊരുളി'ൽ വായനാസുഖവും ജീവിതപ്രകാശവും തരുന്ന കോളമാണ്‌ 'ആയുധം എഴുത്ത്‌'. സ്പോർട്സ്‌ ജേണലിസ്റ്റ്‌ ആയിരുന്ന ക്രിസ്‌ തോമസ്‌ ഇത്രമാത്രം ജീവിതവിജ്ഞാനം നേടിയിരിക്കുന്നല്ലോ എന്ന തിരിച്ചറിവ്‌ 'ആയുധം എഴുത്തി'ന്റെ ഓരോ ലക്കവും വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടാവും. കളി മാത്രമല്ല, ജീവിതക്കളിയും തനിക്ക്‌ വഴങ്ങുന്നു എന്ന് ലോകത്തോട്‌ എത്ര സൗമ്യമായാണ്‌ ഒരു സീനിയർ ജേണലിസ്റ്റിന്റെ കോളം അറിയിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ പൊതുധാരാ പ്രസിദ്ധീകരണങ്ങളിൽ നിന്നും മാറിനിന്ന് ഒരു സമാന്തരപ്രസിദ്ധീകരണത്തിൽ ഈ കോളം പ്രസിദ്ധീകരിച്ചുകൊണ്ട്‌ പൊതുധാരാ പ്രസിദ്ധീകരണങ്ങളുടെ താരശോഭയെ ക്രിസ്‌ തോമസ്‌ ഒരു കള്ളനെപ്പോലെ വെല്ലുവിളിക്കുന്നുമുണ്ട്‌. നമ്മുടെ പല എഴുത്തുകാർക്കും ഈ ആത്മവിശ്വാസം പാഠാമാക്കാവുന്നതാണ്‌.


ക്രിസ്‌ തോമസ്‌


ലളിതമായ ആഖ്യാനം കൊണ്ട്‌ അത്ഭുതങ്ങൾ കാണിക്കാമെന്നും ഈ കോളം നമ്മെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ലളിതമായി എഴുതുന്നതാണ്‌ മഹത്വമെന്നും ലളിതമായി എഴുതിയ രാജഗോപാലാചാരിയുടെ ഗദ്യം മഹത്തായതാണെന്നും ഡിഗ്രിക്ലാസ്സിൽ പ്രൊ.റാവു സാർ പറഞ്ഞത്‌ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. ക്രിസ്‌ തോമസിന്റെ ഓരോ കോളങ്ങളിലൂടെയും കടന്നുപോകുമ്പോൾ അതാണ്‌ ഓർത്തിരിക്കുന്നത്‌. ലളിതമായ ആഖ്യാനം കൊണ്ട്‌ മഹാലോകങ്ങൾ എയ്തുവീഴ്ത്തുന്ന ഒരനുഭവം.

എഴുത്തിനപ്പുറമുള്ള കഥകൾക്ക്‌ എഴുത്തിനേക്കാൾ മൂല്യം കൈവരുന്ന ജേണലിസത്തിന്റെയും സ്വന്തം ജീവിതാനുഭവങ്ങൾ മഹാപാഠങ്ങളായി മനുഷ്യർക്ക്‌ പകർന്നു കൊടുക്കുന്നതിന്റെയും വിസ്മയമാണ്‌ ഈ കോളം. ഒരു ധാർമ്മികന്റെ കിതപ്പ്‌ ഇതിൽ ഉടനീളം ഉണ്ട്‌. ഈ കോളങ്ങൾ പുസ്തകമാകുമ്പോൾ മലയാള ജേണലിസത്തിന്‌ ഒരു മികച്ച പാഠപുസ്തകമാവും ലഭിക്കുക. ധർമ്മം വെല്ലുവിളിയെ നേരിടുന്ന ഈ കാലത്ത്‌ ഇവ്വണ്ണമുള്ള പുസ്തകങ്ങളാണ്‌ വേദങ്ങളുടെ പ്രസരിപ്പ്‌ മനുഷ്യർക്ക്‌ കൊടുക്കുന്നത്‌. താൻ വലിയ ഒരു കാര്യം ചെയ്യുന്നു എന്ന നാട്യമേതുമില്ലാതെ ഒരു വന്മയുടെ ഒളിഞ്ഞിരിപ്പ്‌ കോളങ്ങളിലുണ്ട്‌. ക്രിസ്‌ തോമസ്‌ ഒരുപാട്‌ ഇവ്വണ്ണം എഴുതണം. എഴുതാതിരിക്കരുത്‌. എഴുത്ത്‌ ആയുധമായി പോരാട്ടം സൗമ്യവഴികളിലൂടെ രൂക്ഷമാവട്ടെ.



 വൈലോപ്പിള്ളി ശ്രീധരമേനോനും റഫീക്‌ അഹമ്മദും



'തോരാമഴ' റഫീക്‌ അഹമ്മദിന്റെ മികച്ച കവിതയാണ്‌. കുറ്റമറ്റ കവിത. ഉമ്മക്കുലുസ്‌ മരിച്ചപ്പോൾ ഉമ്മയ്ക്കുണ്ടായ ദു:ഖം അസാധാരണമായ കൈയ്യടക്കത്തോടെയാണ്‌ റഫീക്‌ പകർത്തിയിരിക്കുന്നത്‌. അതിവൈകാരികമായ ഒരു പ്രമേയത്തെ വൈകാരികത അടക്കി ആവിഷ്കരിച്ചതിന്റെ വിജയം ആണ്‌ 'തോരാമഴ' നേടിയിരിക്കുന്നത്‌. പൈങ്കിളി സിനിമാക്കാർക്കും സീരിയലുകാർക്കും എഴുത്തുകാർക്കും അറിയാത്ത കലയുടെ മഹാപാഠം.  ആഖ്യാനത്തിന്റെ സംയമനം കലാസൗന്ദര്യത്തിന്‌ നിദാനമാകുന്നതിന്റെ കാഴ്ച. ചമ്പകം, പുള്ളിക്കുട, പിന്നിയ കുഞ്ഞുടുപ്പ്‌ തുടങ്ങിയ ബാഹ്യസംയോജകങ്ങളെ (Objective Correlative) കവി ഇതിനുവേണ്ടി നന്നായി പ്രയോഗിച്ചിട്ടുണ്ട്‌. ഉമ്മക്കുലുസ്‌ മരിച്ചപ്പോൾ ഉമ്മയ്ക്കുണ്ടായ അതിദാരുണമായ കദനത്തെ റഫീക്‌ 'തോരാമഴ' എന്ന കവിതാനാമത്തിൽ വിദഗ്ദമായി കേന്ദ്രീകരിക്കുകയും ചെയ്തു


റഫീക്‌ അഹമ്മദ്‌

കവിതാപശ്ചാത്തലങ്ങളെയെല്ലാം സംയമനപൂർവ്വകമായ ചിത്രീകരണത്തിന്‌ കവി വിദഗ്ദമായി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ബാഹ്യസംയോജകവുമായി ബന്ധപ്പെടുത്തി കാറ്റിനെ കവി വികാരാവിഷ്കാരത്തിന്‌ പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌ കവിതയിലെ ഒരു ചേതോഹരകാഴ്ചയാണ്‌.

തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിന്നിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി.

ഇനി കുഞ്ഞു മരിച്ച അമ്മയുടെ ദു:ഖത്തെ 'മാമ്പഴം' എന്ന കവിതയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്നു നോക്കാം. ഉമ്മക്കുലുസിന്റെ ശവമാടത്തിൽ ഉമ്മ പുള്ളിക്കുട കൊണ്ടുവെയ്ക്കുന്നതുപോലെ ഒരു സന്ദർഭം നേരത്തെ തന്നെ 'മാമ്പഴ'ത്തിൽ നാം വായിച്ചിട്ടുള്ളതാണ്‌. ഈ കവിതയിലെ മാമ്പഴവും വികാരദ്യോതകമായ ബാഹ്യസംയോജകമായാണ്‌ വൈലോപ്പിള്ളിയും സ്വീകരിച്ചിട്ടുള്ളത്‌. മാമ്പഴം വെച്ചിട്ട്‌ അമ്മ ഇങ്ങനെയാണ്‌ മൊഴിഞ്ഞത്‌.

തന്നുണ്ണിക്കിടാവിന്റെ
താരുടൽ മറവു ചെയ്ത
മണ്ണിൽത്താൻ നിക്ഷേപിച്ചു
മന്ദമായേവം ചൊന്നാൾ
"ഉണ്ണിക്കൈയ്ക്കെടുക്കുവാ-
നുണ്ണി വായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം,
വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ
പോയിതെങ്കിലും,കുഞ്ഞേ,
നീയിതു നുകർന്നാലേ അമ്മയ്ക്ക്‌ സുഖമാവൂ"

വൈലോപ്പിള്ളി

വസ്തുനിഷ്ഠതയ്ക്ക്‌ അപ്പുറം സഞ്ചരിക്കുന്ന ഭാവനകൊണ്ടുകൂടിയാണ്‌ വൈലോപ്പിള്ളി 'മാമ്പഴം' എഴുതിയത്‌. വസ്തുനിഷ്ഠതയിൽ കവിത കണ്ടെത്തിയാണ്‌ റഫീക്‌ കവിതയെഴുതിയിരിക്കുന്നത്‌. കുഞ്ഞു മരിച്ച യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഉമ്മയുടെ യഥാതഥ ചിത്രീകരണമായി ഇതുയരുകയാണ്‌. വൈകാരിക മുഹൂർത്തങ്ങളെ സംയമനത്തിന്റെ ഭാഷകൊണ്ട്‌ കവിതയാക്കുന്നതിൽ ഇരുവരും രണ്ടുരീതിയിൽ വിജയിച്ചിട്ടുണ്ട്‌.



 അടിയന്തിരാവസ്ഥ തടവുകാർക്കും ആശ്രിതർക്കും പെൻഷൻ അനുവദിക്കണം



ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇവിടെ ഉണ്ടായ ഏറ്റവും വലിയ സ്വാതന്ത്ര്യനിഷേധം അടിയന്തിരാവസ്ഥയിലെ സ്വാതന്ത്ര്യനിഷേധമായിരുന്നു. കൊളോണിയൽ ഭരണകൂടം നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുത്തത്തിന്റെ രാഷ്ട്രീയം നമുക്ക്‌ മനസിലാക്കാം. ഇന്ത്യൻ ഭരണാധികാരികൾ തന്നെ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം കൊടുത്ത കോൺഗ്രസ്‌ സംഘടനയുടെ ഭാഗമായുള്ള ഭരണകൂടം ഇന്ത്യൻ പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പിന്നിലെ രാഷ്ട്രീയമാണ്‌ ഒരു പാരഡോക്സായി ഇപ്പോഴും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നിൽക്കുന്നത്‌. ജനാധിപത്യവികാസത്തിന്റെയും മനുഷ്യാവകാശബോധത്തിന്റെയും പൗരബോധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ സങ്കൽപ്പങ്ങളും വന്നുകഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്‌, സ്വാതന്ത്ര്യനിഷേധത്തിനെതിരെ പോരാടി തടവിലാവുകയും യാതന അനുഭവിക്കുകയും ചെയ്തവർക്കും അവരുടെ പിൻഗാമികൾക്കും പെൻഷൻ അനുവദിക്കുകയും അവരെ സ്വാതന്ത്ര്യസമരപോരാളികളായി ഇന്ത്യയൊട്ടുക്ക്‌ ആദരിക്കുകയും ചെയ്യുന്നതിന്‌ നാം അലംഭാവം കാണിക്കുവാൻ പാടില്ല. മൃതിയേക്കാൾ ഭയാനകമാണ്‌ പാരതന്ത്ര്യം എന്ന് നാം മറക്കുകയാണ്‌.



 കെ.പി. പിഷാരടിയുടെ 'പ്രണാമം' എന്ന കവിത



ഗാനഗന്ധർവ്വൻ യേശുദാസ്‌ ചലച്ചിത്ര ഗാനാലാപനം തുടങ്ങിയിട്ട്‌  2011 നവംബർ 14 -ന്‌ 50 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച്‌ എഴുതിയ കവിതയാണിത്‌. (കലാകൗമുദി 2011 നവംബർ 20 ). തുറന്നുപറയട്ടെ ഇതൊരു പാഴ്‌വേലയാണ്‌. ഇതുപോലുള്ള കവിതകൾ പ്രസിദ്ധീകരിച്ച്‌ കലാകൗമുദി നിലവാരത്തകർച്ച വിലകൊടുത്ത്‌ വാങ്ങിക്കരുത്‌. ഞങ്ങൾ കലാകൗമുദിയെ സ്നേഹിക്കുന്നവരാണ്‌. മലയാളത്തിലെ വഞ്ചനാത്മകമല്ലാത്ത ഒരാഴ്ചപ്പതിപ്പായതിനാലാണ്‌ കലാകൗമുദിയെ ഇഷ്ടപ്പെടുന്നത്‌.



 വള്ളത്തോളിന്റെ ഭാഷാദർശനം



മാതൃഭാഷയുടെ മഹിമ ഉയർത്തിക്കാട്ടുവാൻ മിക്ക പ്രസംഗകരും വള്ളത്തോളിന്റെ 'എന്റെ ഭാഷ' എന്ന കവിതയിലെ രണ്ടുവരികൾ ഉദ്ധരിക്കുക ഒരു ദിനചര്യപോലെയായി മാറിയിട്ടുണ്ട്‌. ആ വരികൾ ഇതാണ്‌ - 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ,മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ'. എന്നാൽ വൈജ്ഞാനിക ലോകത്ത്‌ മാതൃഭാഷയുടെ സർവ്വതലസ്പർശിയായ പ്രാധാന്യം ഒരു വിദ്യാഭ്യാസവിചക്ഷണനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ വള്ളത്തോൾ 'എന്റെ ഭാഷ'യിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ ഒരു പ്രസംഗകനും പറയുന്നത്‌ കേട്ടിട്ടില്ല. മാതൃഭാഷയുടെ പ്രാധാന്യം അനുഭൂതിയുള്ള ധൈഷണികാനുഭവമായും 'എന്റെ ഭാഷ'യിൽ വള്ളത്തോൾ നിരീക്ഷിച്ചിട്ടുണ്ട്‌ എന്നത്‌ സൂക്ഷ്മബുദ്ധികൾക്ക്‌ കാണുവാൻ കഴിയും. ഏതൊരു വേദവും ശാസ്ത്രവും സാഹിത്യവും ഹൃദയദർപ്പണത്തിൽ പതിയണമെങ്കിൽ സ്വന്തം ഭാഷയിലൂടെ തന്നെ കേൾക്കണമെന്ന് കവിയിലെ വിദ്യാഭ്യാസശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്‌. ഇക്കാര്യങ്ങൾ ആലങ്കാരികമായി ചമൽക്കാരഭാഷയിൽ കവി അവതരിപ്പിക്കുന്നുണ്ട്‌. സ്വന്തം ഭാഷയുടെ ശക്തിയെക്കുറിച്ച്‌ - ഏതു ജ്ഞാനവും ഉൾക്കൊള്ളാനുള്ള- പറയുന്ന വള്ളത്തോൾ സ്വത്വബോധമാർജ്ജിച്ച്‌ ലോകത്തെ ഏറ്റെടുക്കുവാനുള്ള ജ്ഞാനം ഒരുവനു സിദ്ധിക്കുന്നത്‌ മാതൃഭാഷയിലൂടെ മത്രമേയുള്ളൂ എന്ന ഏറ്റവും വലിയ വിദ്യാഭ്യാസ തത്വം 'എന്റെ ഭാഷ'യിൽ കൊണ്ടുവന്നിട്ടുണ്ട്‌. ഭാഷയെ സംബന്ധിച്ച്‌ വിദ്യാഭ്യാസശാസ്ത്രത്തിന്റെ കാവ്യകലയാണ്‌ 'എന്റെ ഭാഷ'യിൽ നിന്ന് പ്രവഹിക്കുന്നത്‌. സ്വന്തം ഭാഷ ഒരുവനിൽ സൃഷ്ടിക്കുന്ന സ്വത്വരൂപീകരണത്തെക്കുറിച്ചുള്ള ഉന്നതജ്ഞാനം നിറഞ്ഞിരിക്കുന്ന ഈ വരികൾ പ്രസംഗകർ മറക്കാതെ ഉപയോഗിക്കുക.

കൊണ്ടാടി നാനാവിചിന്തനതന്തുക്കൾ
കൊണ്ടാത്മ ഭാഷയെ വായ്പ്പിക്കായ്കിൽ
കേരളത്തിന്നീയിരുൾക്കുണ്ടിൽ നിന്നൊന്നു
കേറാൻ പിടിക്കയറതെന്തു വേറെ ?

എം.എൻ.വിജയൻ സൂചിപ്പിച്ച അച്ഛനമ്മമാരെ പുറത്താക്കിക്കൊണ്ടിരിക്കുന്ന ഡാഡി-മമ്മി സംസ്കാരത്തിനു പിന്നാലെ ഭ്രാന്തമായി അലയുന്ന മാതാപിതാക്കൾ വള്ളത്തോളിന്റെ 'എന്റെ ഭാഷ' വായിച്ച്‌ വിവേകശാലികളാവുക. മലയാളിയെ ഇരുട്ടിലാക്കുന്നതിന്റെ കാരണം കാലങ്ങൾക്ക്‌ മുമ്പ്‌ മഹാകവി പ്രവചിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ വള്ളത്തോൾ നാരായണമേനോന്റെ കാലുകളിൽ കേരളം സാഷ്ടാംഗം പ്രണമിക്കണം.



 ഞാൻ മാപ്പു ചോദിക്കുന്നു



സച്ചിദാനന്ദന്റെ സ്ഥിരം പാറ്റേണിലുള്ള കവിതയാണെങ്കിലും വിഭവങ്ങളുടെ പുതുമകൊണ്ട്‌ കവിത വായനക്കാരിലേക്ക്‌ നന്നായി പ്രവർത്തിക്കുന്നു.'മാപ്പു ചോദിക്കുന്നു' (കലാകൗമുദി 2011 നവംബർ 20 ) ഒരു കവിക്ക്‌ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികരണമായി കണക്കാക്കാം.



 മധുപാൽ കാടടച്ചു വെടിവെക്കുന്നു


"മലയാളത്തിലെ നിരൂപണം ഒരു വലിയ ഫലിതമായിട്ടാണ്‌ ഓർമ്മ വരിക. കാരണം നിരൂപകരിൽ ഭൂരിപക്ഷവും കോളേജ്‌ അധ്യാപകരാണ്‌. മറ്റൊരു ജോലിയും ഇല്ലാത്തതു പോലെയാണ്‌ അവർ നിരൂപണത്തിൽ ഏർപ്പെടുന്നത്‌. ശിഷ്യന്മാരെ പുകഴ്ത്തിയും ചുറ്റുവട്ടത്തുള്ളവരെ പ്രശംസിച്ചും അവർ കഴിഞ്ഞുകൂടുന്നു. ചിലപ്പോൾ ചില സിദ്ധാന്തചർച്ചകളും കൂട്ടിനുണ്ടാകും.അവർ നിരൂപണമേഖലയിൽ നിന്നും മാറിനിൽക്കുന്നതാണ്‌ ഉചിതം. കാരണം ഇപ്പോഴും 40 വർഷം അവർ പിറകിലാണ്‌ " (അഭിമുഖം-മധുപാൽ / കെ.ബി.ശെൽവമണി,ചന്ദ്രിക ഓണപ്പതിപ്പ്‌ 2011 )


മധുപാൽ

മധുപാൽ കാര്യങ്ങൾ മനസ്സിലാക്കാതെ നടത്തിയ കാടടച്ചു വെടിവെക്കലാണിത്‌. മലയാളത്തിൽ തലപ്പൊക്കമുള്ള നിരൂപകർ പലരും കലാലയാധ്യാപകരായിരുന്നു. എം.പി.പോൾ, കുറ്റിപ്പുഴ, ജോസഫ്‌ മുണ്ടശ്ശേരി, സി.ജെ.തോമസ്‌, ഡോ.കെ.ഭാസ്കരൻനായർ, രാജകൃഷ്ണൻ, കെ.പി.അപ്പൻ, എസ്‌.ഗുപ്തൻനായർ, വി.സി.ശ്രീജൻ, പി.പി.രവീന്ദ്രൻ, തുടങ്ങി ലിസ്റ്റ്‌ നീട്ടുന്നില്ല. കൂടാതെ മലയാളത്തിലെ നിരൂപണത്തിലെ പുതുനാമ്പുകൾ മിക്കവാറും എല്ലാവരും തന്നെ കലാലയാധ്യാപകരാണ്‌.

എന്നാൽ സി.എസ്‌.ചന്ദ്രികയുടെ സ്ത്രീപക്ഷ പ്രവർത്തനത്തെ അരുന്ധതി റോയിയുടെ പ്രവർത്തനങ്ങളേക്കാൾ ഞാൻ വിലമതിക്കുന്നു. ചന്ദ്രിക പ്രവർത്തിക്കുന്നത്‌ ഏജൻസിയുടെ സഹായമില്ലാതെയാണ്‌ - എന്നു പറയുവാൻ മധുപാൽ പ്രകടിപ്പിച്ച ആർജ്ജവം അനുമോദനാർഹവുമാണ്‌.


 ആർത്തി മൂത്തവർക്ക്‌ ഒരു ചിന്തൗഷധം



പണത്തെ നിങ്ങളുടെ ദൈവമാക്കുക. അത്‌ നിങ്ങളെ പിശാചിനെപ്പോലെ ദ്രോഹിക്കും. ഹെൻറി ഫീൽഡിംഗ്‌ മുന്നോട്ടുവെക്കുന്ന ഈ ചിന്തൗഷധം നമ്മുടെ ജനങ്ങൾ നല്ലതുപോലെ പഠിക്കണം. ലാഭമാത്രകേന്ദ്രിത ജീവിതമനോഭാവങ്ങളുടെ ഇക്കാലത്ത്‌,പ്രത്യേകിച്ചും.



 ചിത്രപാഠാവലി



പാഠപുസ്തകങ്ങൾ എത്രമാത്രം ജീവിതബദ്ധമാകണം എന്ന ആശയം- ആശയങ്ങളല്ലാതാക്കി ത്തീർത്തുകൊണ്ട്‌- എഴുതപ്പെട്ടതുകൊണ്ടാണ്‌ 'ചിത്രപാഠാവലി' നല്ല കവിതയായത്‌. സെബാസ്റ്റ്യന്റെ കവിതയെഴുത്ത്‌ മികച്ചുവരുന്നു എന്ന സൂചനയും ഇത്‌ മുന്നോട്ടു വെക്കുന്നുണ്ട്‌. സെബാസ്റ്റ്യന്റെ മുൻകാല കവിതകളിൽ നിന്നും പ്രകടമായ ഒരു വ്യത്യാസവും കവിത പ്രകടിപ്പിക്കുന്നുണ്ട്‌  (മാതൃഭൂമി, 2011 ഡിസംബർ 11).



 കേട്ടതും കേൾക്കേണ്ടതും / വാചകമേള



മാതൃഭൂമി ദിനപത്രത്തിൽ ശനിയാഴ്ചകൾ തോറും വരുന്ന 'കേട്ടതും കേൾക്കേണ്ടതും' മലയാളമനോരമയിൽ വരുന്ന വാചകമേള എന്നീ കോളങ്ങളും, കേരളത്തിലെ മാസികകളിലും ദിനപത്രങ്ങളിലും വാരികകളിലും വരുന്ന സമാനസ്വഭാവമുള്ള കോളങ്ങളും കേരളത്തിലെ ചിന്തിക്കുന്ന വായനക്കാർ വളരെ താൽപര്യപൂർവ്വമാണ്‌ വായിക്കുന്നത്‌. ഈ കോളങ്ങളിൽ വരാൻ പാടില്ലാത്ത ചില ചിന്തകൾ എന്തുകൊണ്ട്‌ ഇവിടെ വരുന്നു എന്നതും, വരേണ്ടത്‌ എന്തുകൊണ്ട്‌ വരാതിരിക്കുന്നു എന്നതും മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങളും കാര്യമായി ആലോചിക്കേണ്ടതാണ്‌. വിവാദാത്മകമാകാൻ ഇടയുള്ളതുമാത്രം തെരഞ്ഞുകണ്ടുപിടിച്ച്‌ ഇവിടെ ചേർക്കുക എന്ന സമീപനത്തിനു പിന്നിൽ ദുഷ്ടമായ ജേണലിസമാണുള്ളത്‌ എന്ന് ഈ കോളങ്ങൾ തയ്യാറാക്കുന്നവർ അറിയുക. ചിന്തോദ്ദീപകമായതും അറിവിന്റെ ഒരുണർവ്‌ സൃഷ്ടിക്കുന്നതുമാകണം ഇവിടെ വരേണ്ട വാക്യങ്ങൾ.



 ആദാമിന്റെ മകൻ അബു


ഈ സിനിമയിൽ വരുന്ന ജീവിതത്തിന്റെ മതേതരസൗന്ദര്യം ഓർത്തുകൊണ്ട്‌ പറയുകയാണ്‌,
ജാതിമതചിന്തകളുടെ ഇടുങ്ങിയ കാരാഗൃഹത്തിൽ മനുഷ്യരെ തടവുകാരാക്കാൻ ശ്രമിക്കുന്നവർ ആദാമിന്റെ മകൻ അബു കണ്ട്‌ കണ്ണുതുറക്കുക! മതം ഒരു രാഷ്ട്രീയമല്ലാതായി മാറുകയും ഒരു മൂല്യമായി മാറുകയും ചെയ്യുകയാണിവിടെ. ഇത്‌ മതത്തിന്റെ യഥാർത്ഥവഴിയാണ്‌. മതേതരത്വത്തിന്റെ സൗന്ദര്യമുള്ള കൂട്ടായ്മയുടെ ജീവിതം ആ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്‌. സമൂഹത്തെ അക്രമവൽക്കരിക്കുകയും ലൈംഗികവൽക്കരിക്കുകയും ചെയ്യുന്ന നമ്മുടെ ബഹുഭൂരിപക്ഷം കച്ചവടസിനിമകൾക്ക്‌ ഒരു താക്കീതാണ്‌ ഈ സിനിമ. ഈ സിനിമയിലെ ജീവിതത്തിലെ നന്മ കണ്ടുകണ്ട്‌ ലയിച്ചിരുന്നുപോയി. താരാരാധനയ്ക്കെതിരെയുള്ള അഴീക്കോട്‌ മാഷിന്റെ കലാപത്തിന്റെ ഒരു സദ്ഫലമായിട്ടു കൂടിയാണ്‌ ഈ സിനിമ ആസ്വദിച്ചിരുന്നത്‌. നന്മയുടെ ഒരു നേർത്ത നൂലിട്ട്‌ തിന്മയുടെ വിളയാട്ടങ്ങൾ കാണിക്കുന്ന കച്ചവടസിനിമയുടെ ഫോർമുല ഇവിടെ തകർന്നു വീഴുകയാണ്‌. ഇതു സൃഷ്ടിക്കുന്ന സാമൂഹികവിപത്തുകളിൽ നിന്ന് നമ്മുടെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ആർക്കും കൈകഴുകി മാറാം എന്നു കരുതേണ്ട. ഇതിലൂടെ സമ്പാദിക്കുന്ന പണക്കുന്നിന്റെ പുറത്തിരുന്ന് ഇവർ കാണിക്കുന്ന കോമാളിത്തരങ്ങൾ ഏറ്റവും വലിയ സാമൂഹികഅശ്ലീലമായി കേരളത്തിലെ ചിന്തിക്കുന്നവർ കണ്ടുകൊണ്ടിരിക്കുകയാണ്‌. കച്ചവടസിനിമയിലെ അഭിനയത്തിന്റെ അശുദ്ധികൾ ഈ സിനിമയിൽ കഴുകി വെടിപ്പാക്കി ആസ്വാദകരായ നമുക്ക്‌ കിട്ടുകയാണ്‌. സലിംകുമാറും, മുകേഷും,സുരാജ്‌ വെഞ്ഞാറമ്മൂടും നമുക്ക്‌ പ്രിയപ്പെട്ട നടന്മാരായി മാറിയ നിമിഷങ്ങളാണ്‌ സിനിമയിൽ ഉള്ളത്‌. സലിംകുമാറിന്‌ അഭിനയിച്ചു തകർക്കാൻ കുറേ അവസരം കൂടി സിനിമയിൽ ഒരുക്കണമായിരുന്നു എന്ന് സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നി. കേരളത്തിലെ സ്കൂൾകുട്ടികളെ മുഴുവൻ ഈ സിനിമ കാണിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാകണം. ദുഷ്ടലാക്കോടുകൂടിയ ജാതി- മത മേലാളന്മാരിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപെടട്ടെ ! മതജീവിതത്തിന്റെ വിശുദ്ധിയോടൊപ്പം കൃത്യമായ മതവിമർശനവും സമന്വയിപ്പിക്കുന്നതിൽ തിരക്കഥാകാരൻ ശ്രദ്ധിച്ചിട്ടുണ്ട്‌.






മതത്തെ കണ്ണടച്ച്‌ എതിർക്കുന്ന പലർക്കും മതത്തിന്റെ മൂല്യലോകത്തിന്റെ സൗന്ദര്യം തുറന്നിട്ടുകൊടുക്കാനും തിരക്കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്‌. അനാഥമാകുന്ന വാർദ്ധക്യത്തിലേക്കും ചലച്ചിത്രം കണ്ണാടി പിടിച്ചിട്ടുണ്ട്‌. മതചിന്തകൾക്ക്‌ അപ്പുറമുള്ള മതേതരത്വത്തിന്റെ വഴികളാണ്‌ സിനിമയെ കൂടുതൽ കാലനിഷ്ഠമാക്കിത്തീർക്കുന്നത്‌. നമ്മൾ പിൻതുടരേണ്ട പ്രായോഗികതയുടെ സൗന്ദര്യവും അതിലുണ്ട്‌.


 സായ്‌കുമാർ


സായ്‌കുമാർ



മലയാള ചലച്ചിത്രത്തിൽ അഭിനയത്തിന്റെ ജ്യാമിതീയ സൗന്ദര്യം (Geometric Beauty) ആസ്വദിക്കുവാൻ കഴിയുന്നത്‌ സായ്‌കുമാറിന്റെ അഭിനയകലയിലാണ്‌. സായ്‌കുമാറിന്റെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻനായരിലും ഈ ജ്യാമിതീയ സൗന്ദര്യം അതിശക്തമായിരുന്നു. ഇത്‌ മലയാളത്തിലെ ഓരോ നടീനടന്മാരിലും ഓരോ രീതിയിലുണ്ട്‌.



 മറക്കില്ല ആ ഗോൾ

ദേശാഭിമാനി വാരാന്തപ്പതിപ്പ്‌ നവംബർ 20,2011
വി.കെ.സുധീർകുമാർ.
 
ദേശാഭിമാനി വാരാന്തം മികച്ചതായിക്കൊണ്ടിരിക്കുന്നു. 1970 നവംബർ 19 ന്‌ പെലെയുടെ ഏറ്റവും പ്രിയങ്കരമായ സ്റ്റേഡിയമായ റിയോവിലെ മറക്കാനയിലായിരുന്നു ലോകം കണ്ണിമയ്ക്കാതെ കാത്തിരുന്ന ഗോളിന്റെ പിറവി. അത്‌ ചരിത്രത്തിലേക്കുള്ള ഗോളായിരുന്നു. കാൽപന്തിലെ കറുത്തമുത്തിന്റെ ആയിരാമത്തെ ഗോൾ. ആ വിവരങ്ങൾ വായനക്കാർക്ക്‌ തന്ന വി.കെ. സുധീർകുമാറിലെ ഫുട്‌ബോളിനെ സ്നേഹിക്കുന്ന കാൽപനികതയ്ക്ക്‌ അനുമോദനങ്ങൾ. 'ഒടുവിൽ നവംബർ 19 ന്‌ ആ സുന്ദരനിമിഷം വന്നണഞ്ഞു. പെലെയുടെ പെനാൽട്ടി, ഗോൾവലയത്തിൽ കടന്നപ്പോൾ ഇരച്ചുകയറിയ കാണികൾ പെലെയുടെ പത്താം നമ്പർ കുപ്പായം വലിച്ചുകീറുകയും ആയിരം എന്ന അക്കമുള്ള കുപ്പായം അണിയിക്കുകയും ചെയ്തത്‌ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നു'. സൗന്ദര്യാത്മക സ്പോർട്സ്‌ ജേണലിസത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌ ഇപ്രകാരമുള്ള എഴുത്തുകൾ.



 മാറാത്ത വനിത


വനിത, വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക്‌ വായിക്കാൻ കൊള്ളാവുന്ന പ്രസിദ്ധീകരണമല്ല. പരസ്യങ്ങളുടെ ഒരു ഗാലറിയുമാണത്‌. കേരളത്തിന്റെ തനത്‌ ജീവിതത്തെ തകർക്കുന്നതിൽ കൊല്ലങ്ങളായി അതു നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വിജയിച്ചു കൊണ്ടിരിക്കുകയാണ്‌. എങ്കിലും 'അതിശയരാഗം അപൂർവ്വനാദം' ( പാട്ടിന്റെ 50 വർഷം പൂർത്തിയാക്കുന്ന ഗാനഗന്ധർവ്വനെ മകൻ വിജയ്‌ ഇന്റർവ്വ്യൂ ചെയ്യുന്നത്‌ -വനിത,ഒക്ടോബർ 01.14.2011) പോലുള്ള എന്തെങ്കിലും വായിക്കാൻ കൊള്ളാവുന്നത്‌ അവർ ഇടയ്ക്ക്‌ ചേർക്കും. ഒരുപാട്‌ തിന്മകൾ നമ്മളിലേക്ക്‌ കൊണ്ടുവരുവാൻ ഇത്‌ ഒരുപകരണമാക്കുകയാണിവിടെ. സ്ത്രീയ്ക്ക്‌ തന്നിലെ യഥാർത്ഥ സ്ത്രീയെ തിരിച്ചറിയാൻ വനിത എന്തുചെയ്യുന്നു എന്ന ചോദ്യം ഭാവിയുടെ വിചാരണയാണ്‌. 'വനിത'യുടെ കവർ പേജിലെ വാൽ ദയവുചെയ്ത്‌ മുറിച്ചുകളയണം. അനുകരണദോഷമാണിത്‌.


 ഇ. ചന്ദ്രശേഖരൻനായർ


ഇ. ചന്ദ്രശേഖരൻനായർ


ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ കരുത്തനും നീതിമാനുമായ ഭക്ഷ്യ-സിവിൽ സപ്ലൈസ്‌ മന്ത്രിയാവാം ഇ. ചന്ദ്രശേഖരൻനായർ. അദ്ദേഹം കേരളത്തിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ്‌ മന്ത്രിയായ കാലത്താണ്‌ ജനങ്ങൾക്ക്‌ ന്യായവിലയ്ക്ക്‌ ഭക്ഷ്യോൽപ്പന്നങ്ങൾ കിട്ടിത്തുടങ്ങിയത്‌. അതിനുമുമ്പ്‌, ഈ രംഗത്തുള്ള മുതലാളിമാർക്കും /വൻകിട മുതലാളിമാർക്കും ലാഭം കുന്നുകൂട്ടാനുള്ള രംഗമായി ഇതിനെ തീറെഴുതി കൊടുത്തിരിക്കുകയായിരുന്നു. ന്യായവിലയ്ക്ക്‌ സാധനങ്ങൾ കിട്ടുന്നതിന്‌ ധാരാളം നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുമുണ്ടായി. നീതിയും ന്യായവും മൂല്യവും വിലമതിക്കുന്ന ഒരു സമൂഹം ഒരിക്കലും ഇ. ചന്ദ്രശേഖരൻനായരുടെ സേവനം അനുസ്മരിക്കാതെ പോകരുത്‌. സിവിൽ സപ്ലൈസ്‌ രംഗം കൊള്ളയടിക്കാൻ വിട്ടുകൊടുത്ത മന്ത്രിമാർക്കും ചരിത്രം മാപ്പുനൽകില്ല. ഇ. ചന്ദ്രശേഖരൻനായർക്ക്‌ ശേഷമുള്ള ഈ വകുപ്പിന്റെ പ്രവർത്തനങ്ങളും ഒരു സോഷ്യൽ ഓഡിറ്റിംഗിന്‌ വിധേയമാക്കേണ്ടതാണ്‌. ഇത്രയും നീതിബോധവും കഴിവും സാമൂഹികപ്രതിബദ്ധതയുമുള്ള അദ്ദേഹം എന്തുകൊണ്ടാണ്‌ മായം ചേർക്കൽ, ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ, അളവുകളിലേയും തൂക്കങ്ങളിലേയും വെട്ടിപ്പ്‌ തുടങ്ങിയ കൊടിയ സാമൂഹികദ്രോഹങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്താതിരുന്നത്‌ ? ഇന്നും ഈ വക കാര്യങ്ങൾ വലിയ സാമൂഹികവിപത്തായി നമ്മെ തുറിച്ചുനോക്കി ക്കൊണ്ടിരിക്കുകയാണ്‌. പല വികസിതരാജ്യങ്ങളിലും ഇത്‌ ശക്തമായ ഭരണനടപടികളാൽ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യവും നാം മനസിലാക്കണം.


 മുല്ലപ്പെരിയാർ അണക്കെട്ട്‌


മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ ചർച്ചകളാണ്‌ മാധ്യമങ്ങളിൽ നിറയുന്നത്‌. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമ്പോൾ ആർക്കാണ്‌ കൈയ്യും കെട്ടി നോക്കിനിൽക്കാൻ കഴിയുക? പക്ഷെ, നമ്മുടെ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്തേ മതിയാവൂ. സുപ്രീം കോടതി തന്നെ പ്രധാനമന്ത്രി ഇടപെടണം എന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ഈ കലാപത്തിന്റെ പേരിൽ തമിഴ്‌ നാട്ടിലെ മലയാളികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന്‌ കേരള ഭരണകൂടവും അവസരത്തിനൊത്ത്‌ ഉയർന്ന് പ്രവർത്തിക്കാത്തത്‌ പ്രതിഷേധാർഹമാണ്‌. കേരളത്തിലെ തമിഴരുടെ സുരക്ഷയും നമുക്ക്‌ പ്രധാനമാണ്‌. നേരത്തെ ഒരിക്കൽ, പ്രകാശ്‌ കാരാട്ട്‌ സൂചിപ്പിച്ചിട്ടുള്ളതു പോലെ നമ്മുടെ പ്രധാനമന്ത്രി കുത്തകകളുടെ താൽപര്യങ്ങൾക്ക്‌ തടസ്സംഉണ്ടാകുമ്പോഴും ഇവിടെ അമേരിക്കൻ താൽപര്യങ്ങൾ ഹനിക്കപ്പെടുമ്പോഴുമേ ക്ഷുഭിതനാവുകയുള്ളൂ. അല്ലാത്തപ്പോഴൊക്കെ മൗനമാണ്‌. ആനന്ദിന്റെ മരണസർട്ടിഫിക്കറ്റിലെ ഒരു കഥാപാത്രത്തെപ്പോലെ.


 അനുശോചനം


കാക്കനാടൻ, മുല്ലനേഴി, കെ.തായാട്ട്‌, കോന്നിയൂർ രാധാകൃഷ്ണൻ, എന്നിവരുടെ നിര്യാണത്തിൽ സംസ്കാരജാലകം അതീവദു:ഖം രേഖപ്പെടുത്തുന്നു.



 കെ.പി.അപ്പൻ എന്ന സ്നേഹവും കാലം തട്ടിത്തെറിപ്പിച്ച സംവാദവും


ചാത്തന്നൂർ മോഹന്റെ 'കിഴക്കുദിച്ച നക്ഷത്രത്തിന്റെ ഓർമകളിൽ' വായിച്ചു. (2011 ഡിസംബർ 11 ഞായർ - മാതൃഭൂമി വാരാന്തപ്പതിപ്പ്‌). അപ്പോഴാണ്‌ കെ.പി.അപ്പൻസാറിന്റെ നിർവ്യാജവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ഓർമകൾ മനസിൽ നിറഞ്ഞത്‌. ജീവിതാന്ത്യത്തോടടുത്ത്‌ അപ്പൻസാർ എത്രമാത്രം വേദനയിൽ ആയിരുന്നെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ സാർ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല. വേദന കടിച്ചമർത്തുന്നത്‌ കാണുകയായിരുന്ന ഞാൻ പ്രാർത്ഥിക്കുമ്പോൾ ആ വേദനയിലും സാർ പറയും. 'ഓമനേ നീ എന്റെ വായനമുറിയിലെ ഗുരുദേവന്റെ ചിത്രത്തിന്‌ മുമ്പിലിരുന്ന് പ്രാർത്ഥിക്ക്‌'. അവസാനം വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക്‌ പോകുന്നതിനു തൊട്ടുമുമ്പായിരുന്നു ശ്രീനാരായണഗുരുദേവനെക്കുറിച്ച്‌ സാറുമായി ഞാൻ നടത്താൻ നിശ്ചയിച്ചിരുന്ന സംവാദത്തെക്കുറിച്ച്‌ സംസാരിച്ചത്‌. ആ കടുത്ത വേദനയിലും എത്ര സ്നേഹസമ്പന്നതയോടെയായിരുന്നു സാർ സംസാരിച്ചത്‌ എന്ന് ഇപ്പോൾ ഓർത്ത്‌ ദു:ഖിക്കുകയാണ്‌. സംവാദത്തിലെ ചോദ്യങ്ങളെക്കുറിച്ച്‌ ഞങ്ങൾ നേരത്തെ പലപ്പോഴും സംസാരിച്ചിട്ടുണ്ടായിരുന്നു. ഈ സംഭാഷണത്തിലും ആ ചോദ്യങ്ങളെക്കുറിച്ചും സംവാദത്തെ ക്കുറിച്ചും സാർ എന്നോട്‌ സംസാരിച്ചിരുന്നു. ആശുപത്രിയിൽ നിന്നും വന്നാൽ ഉടൻ തന്നെ സംവാദം നടത്താമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ചോദ്യങ്ങളെല്ലാം മികച്ചതാണെന്ന് അഭിനന്ദിക്കുവാനും മറന്നില്ല. പിന്നീട്‌ ദിവസങ്ങൾക്ക്‌ ശേഷം സാറിന്റെ മരണമാണ്‌ കേൾക്കുന്നത്‌. ആ സംവാദത്തിന്റെ ചോദ്യങ്ങൾ എന്റെ അലക്ഷ്യമായ മുറിയിൽ ഇപ്പോഴും എവിടെയെങ്കിലും അനാഥമായി കിടക്കുന്നുണ്ടാവാം. കടുത്ത വേദനയിലും ഒളിമങ്ങാതിരുന്ന ആ സ്നേഹത്തിന്റെ പൊരുളെന്തൊക്കെയായിരുന്നു....


കെ.പി.അപ്പൻ

'ബൈബിൾ വെളിച്ചത്തിന്റെ കവച'വും 'മധുരം നിന്റെ ജീവിത'വും 'ചരിത്രത്തെ അഗാധമാക്കിയ ഗുരു'വും എഴുതിയ കലാപകാരിയായ കെ.പി.അപ്പനിൽ പരമമായ സ്നേഹദീപം അടിസ്ഥാനപരമായി ഉണ്ടായിരുന്നു എന്ന് പലപ്പോഴും ഞാൻ മനസ്സിലാക്കിയിരുന്നു.


 ശ്രദ്ധേയമായ ചിന്ത


ഇൻകം ടാക്സ്‌ വെട്ടിച്ചുകൊണ്ട്‌ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ചെയ്തിരിക്കുന്നത്‌ ക്രിമിനൽ കുറ്റമല്ലേ? കൃത്യമായി നികുതി കൊടുക്കുന്നതിന്റെ പേരിൽ കമലാഹാസനെ ആദായനികുതി ആഫീസിൽ വിളിച്ചുവരുത്തി ആദരിക്കുന്നതിന്റെ പടവും വാർത്തയും നമ്മൾ പത്രത്തിൽ കണ്ടതല്ലേ ? ആനക്കൊമ്പും കള്ളപ്പണവുമൊക്കെ കണ്ടെത്തിയിട്ടും അന്വേഷണം വേണ്ടരീതിയിൽ നടക്കാതിരിക്കുന്നത്‌ ഉമ്മൻചാണ്ടി സർക്കാരിനും ഭൂഷണമായിരിക്കില്ല.


'ഡിസ്കവറി ഓഫ്‌ ഇൻഡ്യ'യെക്കുറിച്ച്‌ ഒരു ക്വിസ്‌ മത്സരം നടത്തിയാൽ ആദ്യറൗണ്ടിൽ തന്നെ പുറത്താവാൻ സാദ്ധ്യതയുള്ള ഒരു പയ്യനെയാണ്‌ പ്രാധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ കാണുന്നതെങ്കിൽ സങ്കടകരം തന്നെയാണത്‌. ('ഞാനിപ്പോഴും പാർട്ടിയുടെ സുപ്പീരിയർ അഡ്വൈസർ'- ഡോ.സുകുമാർ അഴീക്കോട്‌/എ.കെ അബ്ദുൾ ഹക്കീം , മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2011).


മുഖ്യധാരാഭാവുകത്വം ഇന്നും ചില പ്രവണതകളെ മാത്രം താലോലിക്കുകയും സ്ഥാപിച്ചെടുക്കാൻ യത്നിക്കുകയും ചെയ്യുമ്പോൾ റദ്ദുചെയ്യപ്പെടുന്ന ശബ്ദങ്ങളെയും ജീവിതങ്ങളെയും അടയാളപ്പെടുത്തേണ്ടത്‌ അനിവാര്യമാകുന്നു. (യരലവ കവിതാ മുമ്മാസിക, എൽ.തോമസുകുട്ടി, ജൂലൈ-സെപ്റ്റംബർ 2011)


 മോഹൻ രാഘവൻ



മോഹൻ രാഘവൻ

മോഹൻ രാഘവന്റെ മരണം ഏറെ ദു:ഖത്തോടെയാണ്‌ ശ്രവിച്ചത്‌. 'ടി.ഡി.ദാസൻ STD VI B' സംവിധാനം ചെയ്ത മോഹൻ രാഘവനെ മറക്കുവാൻ ഏത്‌ ചലചിത്രാസ്വാദകനാണ്‌ കഴിയുക ? നടുക്കുന്ന ജീവിതാനുഭവത്തോടുകൂടിയ ആ ചലച്ചിത്രവും അതിന്റെ പരീക്ഷണാത്മകതയും ഓർമ്മയിൽ ഇപ്പോഴും ആഘാതമായി നിൽക്കുന്നു. നമ്മുടെ മനസിനെ വിമലീകരിക്കാൻ ഒരു ചലച്ചിത്രത്തിനു കഴിയണം. ആസ്വാദകന്റെ താൽപര്യത്തിനൊത്ത്‌ ചലച്ചിത്രമെടുക്കുകയല്ല വേണ്ടത്‌. ആസ്വാദകനെ നല്ല താൽപര്യങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ഒരു ചലച്ചിത്രത്തിന്റെ ദൗത്യം എന്ന് തിരിച്ചറിയാത്ത കാലത്തോളം നമ്മുടെ ചലച്ചിത്രലോകത്ത്‌ വൻചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയില്ല. ഇത്തരത്തിൽ ഒരുപാട്‌ സിനിമകൾ മലയാളത്തിന്‌ മോഹൻ രാഘവനിൽ നിന്ന് ലഭിക്കുമായിരുന്നു. കാലത്തിന്റെ നിർദ്ദയ അതെല്ലാം തകർത്തു. പ്രതിഭാശാലിയായ ഈ കലാകാരന്റെ ഓർമ്മകൾക്ക്‌ മുമ്പിൽ പ്രണാമം.



 പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ


പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പിന്റെ ആദ്യത്തെ മേധാവിയായിരുന്നു. തിരുനെല്ലൂർ കരുണാകരൻ, ഒ.എൻ.വി, പന്മന രാമചന്ദ്രൻനായർ, എസ്‌.ഗുപ്തൻനായർ, അമ്പലപ്പുഴ രാമവർമ്മ എന്നിവരുടെ ഗുരുവായിരുന്നു പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ. പന്മന രാമചന്ദ്രൻനായർ സ്വന്തം ഭവനത്തിൽ കോന്നിയൂർ മീനാക്ഷിയമ്മയുടെ ഫോട്ടോ ഫ്രെയിം ചെയ്ത്‌ ആദരപൂർവ്വം വെച്ചിട്ടുണ്ട്‌. പന്മന, ആത്മകഥയിൽ ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌. മേൽപ്പറഞ്ഞ പ്രഗത്ഭവ്യക്തികളിൽ തിരുനെല്ലൂർ ആയിരുന്നു ഏറ്റവും കവിത്വവും പ്രതിഭാവിലാസവും ഉള്ള കവി എന്നായിരുന്നു പ്രൊ.മീനാക്ഷിയമ്മയുടെ അഭിപ്രായം. ഈ വിവരങ്ങൾ 'സംസ്കാരജാലക'ത്തിന്‌ വെളിപ്പെടുത്തിയത്‌ സ്പീഡ്‌ കാർട്ടൂണിങ്ങിലൂടെ കേരളത്തിൽ സാംസ്കാരിക അലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാർട്ടൂണിസ്റ്റ്‌ അഡ്വ.എസ്‌.ജിതേഷാണ്‌.



 നമ്മുടെ ഡോക്ടർമാർ



റിയൽ എസ്റ്റേറ്റ്‌ ബിസിനസിലേക്കും പുതിയ കാർ മോഡലുകളിലേക്കും ഷെയർ മാർക്കറ്റിലേക്കും ടോട്ടൽ ഫോർ യൂ പോലുള്ള സ്ഥാപനങ്ങളിലേക്കും ആർഭാട ജീവിതത്തിലേക്കും മാത്രം ആർത്തിപൂണ്ടിരിക്കുന്ന നമ്മുടെ ചില ഡോക്ടർമാർ ഡോ.നാരായണപൈയുടെയും ഡോ.എം.എസ്‌ വല്യത്താന്റെയും ഡോ.ബി.ഇക്ബാലിന്റെയും ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചും അവരുടെയൊക്കെ ജീവിതം മനസിലാക്കിയും മനസിന്റെ ശരിയായ ദിശകൾ ശരിയായ ആംഗിളുകളിലേക്ക്‌ ചാനലൈസ്‌ ചെയ്യുക.ആതുരശുശ്രൂഷയുടെയും പ്രതിബദ്ധതയുടെയും കൊടി ഉയർത്തിപ്പിടിക്കുക.



O


 PHONE : 9895734218

ചിത്രങ്ങൾ: Google

1 comment:

  1. "കേരളത്തിലെ പൊതുധാരാ പ്രസിദ്ധീകരണങ്ങളിൽ നിന്നും മാറിനിന്ന് ഒരു സമാന്തരപ്രസിദ്ധീകരണത്തിൽ ഈ കോളം പ്രസിദ്ധീകരിച്ചുകൊണ്ട്‌ പൊതുധാരാ പ്രസിദ്ധീകരണങ്ങളുടെ താരശോഭയെ ക്രിസ്‌ തോമസ്‌ ഒരു കള്ളനെപ്പോലെ വെല്ലുവിളിക്കുന്നുമുണ്ട്‌." ഡോ.ആർ.ഭദ്രൻ : താങ്കൾ ചെയ്യുന്നതും മറ്റൊന്നല്ല. എല്ലാവിധ ഭാവുകങ്ങളും ഇരുവർക്കും.

    ReplyDelete

Leave your comment