Saturday, January 14, 2012

സമാനതകളില്ലാത്ത വിപ്ലവകാരി


ടി.മണിയൻ തോട്ടപ്പുഴ
             ലിത്‌ ജനതയുടെ വിമോചകനും നവോത്ഥാനപിതാവുമാണ്‌ മഹാത്മാ അയ്യൻകാളി. കാലത്തിന്റെ താളുകളിൽ എഴുതപ്പെടാതെപോയ അധ:സ്ഥിതവർഗ്ഗത്തെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവന്ന വിപ്ലവകാരിയായിരുന്ന അയ്യൻകാളി ഇന്നും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ആശയും ആത്മാവുമാണ്‌.


സവർണ്ണതയുടെ പ്രേതവാഹകരായ ചില ചരിത്രകാരന്മാർ അയ്യൻകാളിയെ കേരളചരിത്രത്തിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തിയെങ്കിലും ചാരം മൂടിയ കനലുകളിൽ നിന്നും അയ്യൻകാളി തീജ്വാലയായി ആളിപ്പടർന്നു. വർത്തമാനകാലത്ത്‌, പുരോഗമന ചിന്തകർക്കും ചരിത്രാന്വേഷികൾക്കും മഹാത്മ അയ്യൻകാളി വിസ്മയമാവുകയാണ്‌.


ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും അസ്ഥികൾ മരവിക്കുന്ന മഞ്ഞിലും മൃഗതുല്യരായി പണി ചെയ്യണം, കൂലി ചോദിക്കാൻ പാടില്ല, കിട്ടുന്നതു വാങ്ങിക്കൊള്ളണം. അടിമ, ജന്മിക്ക്‌ സ്വന്തം. അടിമയെ വാങ്ങുന്നതിനും വിൽക്കുന്നതിനും എന്തിന്‌, കൊല്ലുന്നതിനു പോലും ജന്മിക്ക്‌ അവകാശമുണ്ടായിരുന്നു. ജന്മിയുടെ നിലത്തിൽ, സംസാരിക്കുന്ന പണിയായുധങ്ങളായിരുന്നു ദലിതർ. സവർണ്ണഭൂവുടമകളായ ജന്മികൾക്ക്‌ ഭരണകൂടവും ഹൈന്ദവദൈവങ്ങളും നൽകിയ അധികാരത്തിന്റെ കീഴിൽ ദലിതരുടെ ജീവിതം ഉമിത്തീയിലെന്നപോൽ എരിഞ്ഞമർന്നു കൊണ്ടിരിക്കുമ്പോൾ ഈ അനീതിക്കെതിരെ ഒരു  പോരാളിയാവുകയായിരുന്നു, അയ്യൻകാളി.


അയ്യൻകാളി


അവർണ്ണർക്ക്‌ പൊതുവഴിയിലൂടെ  സഞ്ചരിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചു കൊണ്ട്‌ 1893 ൽ അയ്യൻകാളി നടത്തിയ 'വില്ലുവണ്ടി യാത്ര' ജന്മിത്വത്തിനും ഭരണകൂടത്തിനും നൽകിയ ശക്തമായ അടിയായിരുന്നു. വെള്ളക്കാളയെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളി നടത്തിയ യാത്ര, മനുഷ്യാവകാശങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കമായിരുന്നു. ഈ യാത്രയ്ക്ക്‌ ശേഷമാണ്‌ എല്ലാ അവർണ്ണവിഭാഗങ്ങൾക്കും പൊതുവഴിയിലൂടെ നടക്കാൻ കഴിഞ്ഞത്‌ എന്നുള്ളത്‌ ചരിത്രസത്യം.


1905 ൽ ദലിത്‌ ജനതയ്ക്കായി അയ്യൻകാളി സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു. സമുദായത്തിന്‌ മാനുഷികമുഖം നൽകുവാനും സംഘത്തെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിനും കഴിഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ വർഗത്തിനു മുന്നേറുവാൻ കഴിയൂ എന്ന് അയ്യൻകാളി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സമരങ്ങളിൽ കൂടുതലും വിദ്യാഭ്യാസം നേടുന്നതിനെ മുൻനിർത്തിയുള്ളവയായി കാണാം. ദലിത്‌ വർഗത്തിന്റെ സ്കൂൾ പ്രവേശനത്തിനുവേണ്ടി 1907 ൽ അയ്യൻകാളി നടത്തിയ പണിമുടക്കുസമരം ലോകത്തിലെ ആദ്യ കർഷകതൊഴിലാളി സമരമായിരുന്നു. പണിമുടക്ക്‌ എന്ന് കേട്ടുകേൾവി പോലുമില്ലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സമരം നടന്നത്‌. ഒക്ടോബർ വിപ്ലവത്തിനും 10 വർഷം മുമ്പ്‌.


1908ൽ വെങ്ങാനൂരിൽ പ്രൈമറിസ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തന്റെ വിദ്യാഭ്യാസ അവകാശസമരങ്ങൾക്ക്‌ കരുത്തുനേടി. 1910ൽ ദലിത്‌ കുട്ടികൾക്ക്‌ സർക്കാർ സ്കൂളിൽ പ്രവേശനം ലഭിച്ചുവെങ്കിലും ഉത്തരവ്‌ നടപ്പിലായത്‌ രക്തപങ്കിലമായ സമരമാർഗത്തിലൂടെയായിരുന്നു. പഞ്ചമി എന്ന പെൺകുട്ടിയുമായി ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിച്ച അയ്യൻകാളിക്കും കൂട്ടർക്കും സവർണ്ണഗുണ്ടകളെ നേരിടേണ്ടിവന്നു. സ്കൂൾ പിന്നീട്‌ സവർണ്ണർ തീയിട്ടു നശിപ്പിച്ചു. തിരുവല്ലയിലെ പുല്ലാട്‌ എന്ന സ്ഥലത്തെ സമാനസംഭവം ചരിത്രപ്രസിദ്ധമാണ്‌.


ആധുനിക ചരിത്രകാരന്മാർ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നാഴികക്കല്ലെന്ന് കൊട്ടിഘോഷിക്കുന്ന വൈക്കം, ഗുരുവായൂർ സമരങ്ങൾ ബ്രാഹ്മണരുടെ വീട്ടുപടിക്കൽ നടന്ന യാചനാസമരമായിരുന്നു. എന്നാൽ അതിന്‌ വർഷങ്ങൾക്കു മുമ്പ്‌ മഹാത്മ അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്ര, ചരിത്രം മാറ്റിയെഴുതിയ മാനുഷിക ധർമ്മസമരമായിരുന്നു. മനുഷ്യാവകാശങ്ങൾക്ക്‌ വേണ്ടി ആരുടെ മുന്നിലും യാചിക്കുകയായിരുന്നില്ല, എതിർപ്പിനെ തോൽപ്പിച്ച്‌ അവകാശങ്ങൾ ഉപയോഗിക്കുകയാണ്‌ അയ്യൻകാളി ചെയ്തത്‌.  അദ്ദേഹത്തെ ഒരു നവോത്ഥാന നായകനാക്കുന്നത്‌, വ്യത്യസ്തമായ പ്രവർത്തശൈലിയാണ്‌.


1911 ഫെബ്രുവരി 13 തീയതി അയ്യൻകാളി പ്രജാസഭയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദലിതരുടെ ഭൂമിപ്രശ്നം, സർക്കാർ തൊഴിൽ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, അയിത്ത നിർമാർജ്ജനം തുടങ്ങിയ വിഷയങ്ങൾ പ്രജാസഭയിലുയർത്തുകയും നേടിയെടുക്കുന്നതിന്‌ സാധുജന പരിപാലനസംഘത്തിലൂടെ സമരപോരാട്ടം നടത്തുകയും ചെയ്തു.


1936 നവംബർ 12 ന്‌ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കപ്പെട്ടു. എന്നാൽ ക്ഷേത്രപ്രവേശനവിളംബരത്തിൽ അയ്യൻകാളി ആഹ്ലാദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇത്‌ സർ.സി.പി.രാമസ്വാമിയെയും ഭരണകൂടത്തെയും ഞെട്ടിച്ചു. "കല്ലായ വിഗ്രഹത്തിന്‌ പണം വേണ്ട, അത്‌ കൊണ്ട്‌ വിശക്കുന്ന കുഞ്ഞിനു പാൽ വാങ്ങിക്കൊടുക്കൂ" എന്ന് അയ്യൻകാളി സമുദായത്തെ ഉദ്ബോധിപ്പിച്ചു.


അയ്യൻകാളിയുടെ ധിക്കാരത്തിനു പിന്നിൽ ജാതി-ഉപജാതി വ്യത്യാസമില്ലാതെ ദലിതർ ഒന്നായി പ്രവർത്തിക്കുന്ന സാധുജന പരിപാലനസംഘം എന്ന സംഘടനയുടെ ശക്തിയാണെന്ന് സർ.സി.പി മനസിലാക്കി. 1937 ജനുവരി 14 ന്‌ മഹാത്മാഗാന്ധി കേരളം സന്ദർശിച്ച വേളയിൽ സി.പി, മഹാത്മാഗാന്ധി അയ്യൻകാളിയെ സന്ദർശിക്കുന്നതിനുള്ള അവസരമൊരുക്കി കൊടുക്കുകയും, യോഗത്തിൽ മഹാത്മാഗാന്ധി അയ്യൻകാളിയെ 'പുലയരാജാവ്‌' എന്ന് സംബോധന ചെയ്യുകയും ഉണ്ടായി. ഈ സംഭവത്തിനു ശേഷം, സംഘടനയിൽ ഉപജാതി ചിന്ത കടന്നുകൂടുകയും സംഘം തകർച്ചയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പുലയപ്രയോഗം സി.പി യുടെ തന്ത്രമായിരുന്നു. ആയുസ്സ്‌ മുഴുവൻ ജീവൻ നൽകി പരിപാലിച്ച പ്രസ്ഥാനം തകരുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക്‌ അയ്യൻകാളി സാക്ഷിയാകേണ്ടി വന്നു.


അയ്യൻകാളി ഉയർത്തിവിട്ട സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കുവാൻ വരുംതലമുറയ്ക്ക്‌ കഴിയണം. ദൈവികപരിവേഷം നൽകി അയ്യൻകാളിയെ വിഗ്രഹമാക്കുന്നതിൽ നിന്നു മാറി, ആദർശങ്ങളെ നെഞ്ചേറ്റി പ്രവർത്തിക്കുവാൻ ദലിതർ തയ്യാറാകണം.  

OPHONE : 9747862634

No comments:

Post a Comment

Leave your comment