Saturday, August 18, 2012

തിരക്കുള്ള തെരുവിലെ ഈ വീട്‌

കവിത
വി.ജയദേവ്‌











വീട്ടിലെന്നും തിരക്ക്‌,
തിരക്കുള്ള തെരുവിലെ
വീട്ടിൽ.


വീടിറങ്ങിയാൽ റോഡ്‌.
റോഡിറങ്ങിയാൽ തിരക്ക്‌.
പായുന്ന വേഗങ്ങൾ.
ട്രാഫിക്‌ വിളക്കിൽ
നിൽക്കാത്ത ദുരിതങ്ങൾ.
നോക്കുകുത്തിയാക്കുന്ന
ആകാശപ്പരസ്യങ്ങൾ.
ഓട വഴിഞ്ഞൊഴുകുന്ന
ദൈന്യച്ചാലുകൾ.
പട്ടിണി,പാട്ടുകോളാമ്പി,
പകർച്ചവ്യാധികൾ,
വിലവിവരപ്പട്ടിക
നീട്ടുന്ന ആധികൾ.
കാമം വറ്റുന്ന കണ്ണിണ.


തിരക്കുള്ള വീട്ടിലേക്ക്‌
വാഹനപ്പുകയിൽ നിന്ന്‌
ഒരു മണം മാത്രം ദൂരം.
മുദ്രാവാക്യങ്ങളിൽ നിന്ന്‌
ഒരു മുദ്രമാത്രമകലം.
പ്രത്യയശാസ്ത്രങ്ങളിൽ നിന്ന്‌
ഒരു മതിൽക്കനം.
അറുകൊലയിൽ നിന്ന്‌
ഒരു പ്രാണന്റെ അകലം.


ലോറിയിടിച്ചു മരിച്ചൊരു ജീവൻ
ഉമ്മറത്ത്‌ നിയമത്തെയും കാത്ത്‌.
സ്കൂളിലേക്കോ വീട്ടിലേക്കോ
വഴിതെറ്റിയെന്ന്‌ ശങ്കിച്ച്‌
ആലീസ്‌ വിസ്മയത്തുമ്പത്ത്‌.
ചോരയടർന്ന രക്തസാക്ഷി
കൊടിനിറം നെഞ്ചിൽക്കൊണ്ട്‌.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട
കുഞ്ഞ്‌ കരച്ചിലിന്റെ കൈപിടിച്ച്‌.
ചോരയിറ്റുന്ന വടിവാൾ
അടുത്ത തലയ്ക്കു കാത്ത്‌.


തിരക്കുള്ള തെരുവിലെ വീട്ടിൽ
തെരുവു നിറയുന്നു.
കാലാവധി കഴിഞ്ഞ
വാഹനപ്പുകയുടെ ശ്വാസംമുട്ടൽ.
നിയമങ്ങളഴിഞ്ഞ അട്ടഹാസം.
നേരുപറയുന്ന ഭ്രാന്തന്റെ
വായനാറ്റമുള്ള തുപ്പൽ.
മതിലിലൊട്ടുന്ന പുലഭ്യവും
പരദൂഷണങ്ങളും.
ചുറ്റുമതിലിന്റെ നിഴൽപറ്റി
കാമമിറ്റുന്ന നോട്ടങ്ങൾ.


അതിനിടയിൽ സംസാരിക്കാൻ
നമുക്ക്‌ ആകാശമെവിടെ?
ശബ്ദമെവിടെ?
ഒളിച്ചു ജീവിക്കാൻ ഭൂമിയും
ഒരു ജീവിതവും?
പറയാനൊരുങ്ങുമ്പോൾ
തെരുവത്രയും പറയുന്നു.
തെരുക്കൂത്ത്‌ ഉറയുന്നു.


തിരക്കുള്ള വീട്ടിലെ
മനസ്സിലും തെരുവാണ്‌ നിറയെ.
ഘടികാരസൂചികൾ മാത്രം
മുൻസമ്മതം വാങ്ങാതെ
തെരുവിന്റെ വാതിലിൽ മുട്ടുന്നു.


O

1 comment:

  1. കാഴ്ചകൾ ജയദേവ് സാറിന്റെ ബോധമണ്ഡലത്തിൽ വീണ് വിശ്ലേഷണം ചെയ്ത് പരശ്ശതം ബിംബകൽപ്പനകളായി പ്രതിഫലിപ്പിക്കപ്പെടുന്നു.... നിരീക്ഷണങ്ങളെ മൊഴിയാട്ടമാക്കി ജയദേവ് സാർ തനതായൊരു കാവ്യശൈലിയും ഭാവുകത്വവും നിർമ്മിക്കുന്നു.....

    ReplyDelete

Leave your comment