Sunday, December 9, 2012

സൂം ഇൻ - 6

സിനിമ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ








പാപബോധത്തിന്റെ കല

      

    ടുത്ത പാപബോധത്തിൽ നിന്നാണ്‌ ഇംഗ്‌മർ ബർഗ്‌മാന്റെ (Ingmar Bergman) സിനിമകൾ പിറവികൊള്ളുന്നത്‌. ദൈവാസ്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്തീയ വിശ്വാസത്തിൽ ആഴത്തിൽ മുറിപ്പെടുകയും ചെയ്ത ബർഗ്‌മാന്റെ സിനിമകൾ കാലത്തിന്റെ പകയടങ്ങാത്ത കനൽക്കാഴ്ചകളാണ്‌. ബർഗ്‌മാൻ എഴുതുമ്പോഴും രംഗങ്ങൾ പകർത്തിവെക്കുമ്പോഴും സംഭവിക്കുന്ന അനുഭവങ്ങൾക്ക്‌ തമ്മിൽ വലിയ അന്തരമില്ല. അവ ഒരേകാലം വായനക്കാരനെയും കാഴ്ചക്കാരനെയും വേട്ടയാടുന്നു. 1994 ൽ എഴുതിയ ആദ്യ തിരക്കഥ (ടോൾമെന്റ്‌) യിൽ തന്നെ, ബർഗ്‌മാൻ തന്റെ വന്യമായ സർഗാത്മകവ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ട്‌. ജീവിതത്തിനു നേരെ ദൈവം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പകയിടങ്ങളെ ബർഗ്‌മാൻ ധീരതയോടെയാണ്‌ നേരിടുന്നത്‌. ബർഗ്‌മാൻ പറയുംപോലെ 'അവിടെ ഭീരുത്വത്തിന്റെ കുപ്പായമിട്ടുകൊണ്ട്‌ സദാചാരം പ്രസംഗിക്കേണ്ട ആവശ്യമില്ല. വാക്കിന്റെ തെളിഞ്ഞ സാധ്യത പോലെ തന്നെ കാഴ്ചയ്ക്കും ചില സാധ്യതകളുണ്ട്‌. ആയുധമേന്തി നടക്കുന്ന മനുഷ്യനേക്കാൾ വലിയ അപകടകാരിയാണ്‌ ഒറ്റയ്ക്ക്‌ നടക്കുന്ന മനുഷ്യൻ' എന്ന് ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ ഭ്രമാത്മകമായൊരു ലോകം നമുക്കു മുന്നിൽ ജാഗരൂകമായി നിൽക്കുന്നത്‌ കാണാം.

ബർഗ്‌മാൻ

ബർഗ്‌മാന്റെ സർഗാത്മക ജീവിതത്തിലാകെ അപകടകരമായി ജീവിക്കുന്നതിന്റെ കരുത്തും ആനന്ദവുമുണ്ട്‌. ബർഗ്‌മാന്റെ 'ദൈവം' ഇത്തരമൊരു ആനന്ദത്തിന്റെ സൃഷ്ടിയാണ്‌. ദയാരഹിതനായ ദൈവം മനുഷ്യർക്ക്‌ നേരേ വിധി നടപ്പിലാക്കുന്നു. എല്ലാ രക്ഷപ്പെടലുകളും അവനിലാണ്‌ ചെന്നവസാനിക്കുന്നത്‌. അബോധമനസ്സ്‌ ബോധമനസ്സുമായി നടത്തുന്ന കലനത്തിന്‌ സാക്ഷിയാകുന്ന ദൈവമാണ്‌ പിന്നീട്‌ അരങ്ങിൽ നിന്നുകൊണ്ട്‌ മനുഷ്യാന്തസ്സിനെ കുറിച്ച്‌ സംസാരിക്കുന്നത്‌. ഇത്‌ കാലത്തിന്റെ തലതിരിഞ്ഞ വേദാന്തമായി കാണാമെങ്കിലും ബർഗ്‌മാനെ സംബന്ധിച്ചിടത്തോളം സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ്‌ ഈ തുറന്നുപറച്ചിൽ.



1957 ൽ ബർഗ്‌മാൻ സംവിധാനം ചെയ്ത 'ഏഴാംമുദ്ര' (The Seventh Seal) യിൽ മരണവുമായി ചതുരംഗം കളിക്കുന്ന അന്റോണിയോസ്‌ ബ്ലോക്കിൽ ബർഗ്‌മാന്റെ സ്വത്വാന്വേഷണത്തിന്റെ തുടർച്ചയുണ്ട്‌. കുരിശുയുദ്ധത്തിൽ പങ്കെടുത്ത്‌ വിശ്വാസങ്ങൾ നഷ്ടപ്പെട്ട അന്റോണിയോസ്‌ ബ്ലോക്ക്‌ കടൽത്തീരത്തു വെച്ച്‌ മരണത്തെ കണ്ടുമുട്ടുന്നു. മൃത്യുഭയവും വിശ്വാസവും അന്റോണിയോസ്‌ ബ്ലോക്കിനെ മാറി മാറി ഭരിക്കുകയും  അതിൽ നിന്ന് പുതിയൊരു ഊർജ്ജം സംഭരിച്ചു കൊണ്ട്‌ ബ്ലോക്ക്‌ ഒരന്വേഷണത്തിന്‌ തുടക്കം കുറിക്കുകയും ചെയ്യുന്നു.അന്വേഷണം നീണ്ടു നിൽക്കുന്ന കാലത്തോളം ആയുസ്സ്‌ കുറയില്ലെന്നും വിശ്വാസത്തെ പരീക്ഷിക്കുന്നതിലൂടെ കരുത്ത്‌ നഷ്ടപ്പെടില്ലെന്നും ബ്ലോക്ക്‌ വിശ്വസിക്കുന്നു. എന്നാൽ ഭൂമിയിലെ എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്ന അതേ മൃത്യുവിന്റെ ഗുഹയിലേക്ക്‌ തന്നെ ബ്ലോക്ക്‌ എത്തപ്പെടുകയും ചെയ്യുന്നു. മരണത്തിന്റെ മലമുകളിലേക്ക്‌ നീങ്ങുന്ന ബ്ലോക്കിൽ കാലത്തിന്റെ നിസംഗത്വവും പൊട്ടിപ്പിളർന്ന വികാരങ്ങളുടെ ദയനീയതയുമുണ്ട്‌. എന്നാൽ മൃത്യുവിന്റെ നൃത്തം, ഭൂമിയിലെ എല്ലാ വേദനകൾക്കും മുന്നിൽ നടത്തുന്ന ആനന്ദനടനമാണ്‌. അത്‌ പ്രപഞ്ചത്തിന്റെ അലിഖിത നിയമമാണെന്ന് 'ഏഴാംമുദ്ര'യിൽ ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ സിനിമ ജീവിതത്തിന്റെ അപകടകരമായ നിർവ്വചനമായി മാറുന്നത്‌ കാണാം.

'ഏഴാംമുദ്ര'യിൽ നിന്ന്

'ഏഴാംമുദ്ര'യുടെ ഓരോ കാഴ്ചയും കാലത്തിനോടുള്ള കനത്ത വെല്ലുവിളിയായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്‌. ചരിത്രത്തിനും കാലത്തിനുമിടയിൽ തളംകെട്ടി കിടക്കുന്ന ഒരനുഭവമാണ്‌ 'എഴാംമുദ്ര' യിലെ മരണം. ആത്യന്തികമായി വിജയിയായി നിൽക്കുന്നത്‌ മരണമാണെങ്കിലും ഒഴുകുവാനാകാത്ത വിധം ബർഗ്‌മാൻ മരണത്തെ ഈ സിനിമയിൽ തളച്ചിടുന്നുണ്ട്‌. അവിടെ ഒരുവേള മനുഷ്യന്റെ നിസ്സഹായാവസ്ഥ വിജയിക്കുന്നത്‌ പോലെ തോന്നും. പക്ഷെ, അതൊരു ദു:സ്വപ്നം മാത്രമായിരുന്നുവെന്ന്  തൊട്ടടുത്ത നിമിഷം തിരിച്ചറിയേണ്ടി വരുന്നു എന്നതാണ്‌ ഈ സിനിമ നമുക്ക്‌ നൽകുന്ന കനത്ത ശിക്ഷകളിലൊന്ന്. 

O


PHONE : +919447865940



No comments:

Post a Comment

Leave your comment