Saturday, March 16, 2013

തനിയാവർത്തനം

കവിത
വി.ഗീത











നി അവൾ നാലുചുവട്‌ ഇടത്തോട്ടുനടന്ന്
ടിന്നിൽനിന്നും പഞ്ചസാരയെടുത്ത്‌
ചായയിലിടുമെന്നും,
കൃത്യമായി ആറുതവണ ആറ്റി
എല്ലാവർക്കും കൊടുത്തശേഷം
കറിക്കരിയുന്നതിനിടയിൽ
സ്വയം കുടിക്കാൻ മറന്നുപോകുമെന്നും
ഗ്യാസടുപ്പ്‌ അരവുയന്ത്രത്തോട്‌ ചിരിച്ചു.


അടുക്കളയിലെ റേഡിയോയിൽ
രാവിലെ പ്രഭാതഭേരി കഴിഞ്ഞുള്ള
പരസ്യം കേൾക്കുകയായിരുന്നു അവർ.
അവളുടെ ദിനചര്യകൾ അവർക്ക്‌ മന:പാഠം.
'ഈ റേഡിയോയിലെ പെൺകുട്ടിയെപ്പോലെ
ഇവൾ കൊഞ്ചാത്തതെന്ത്‌?' ഫ്രിഡ്ജ്‌ സംശയിച്ചു.


'ഇനി അരമണിക്കൂറും എട്ടുമിനിട്ടും കഴിഞ്ഞാൽ
അടുക്കളയിൽ കണ്ണീരിന്റെ ഒരു ചാറ്റൽമഴ,
പിറുപിറുപ്പിന്റെ ഒരു മണൽക്കാറ്റ്‌'-
അളന്നുകുറിച്ച ചുവടുകളുമായി
നൃത്തം വയ്ക്കുന്ന സൂചികൾക്ക്‌
ക്ലിക്‌-ക്ലാക്‌ എന്നു താളമിട്ടു കൊടുക്കുന്നതിനിടയിൽ
ചുവരിലെ നാഴികമണിയും പറഞ്ഞു.


ചോദ്യങ്ങളും ആജ്ഞകളും അവൾക്കു ചുറ്റും
ഉറഞ്ഞു തുള്ളും.
"എന്റെ ടിഫിൻ റെഡിയായില്ലേ?"
"ഫോണടിച്ചാൽ എടുക്കാൻ ഇവിടാരുമില്ലേ?"
"അമ്മേ, എന്റെ ടൈയെവിടെ?"
"പത്രം വന്നോന്ന് നോക്ക്‌!"


അവൾ എത്തുമ്പോഴേക്കും
ഒമ്പതേകാലിന്റെ സൂപ്പർഫാസ്റ്റ്‌
ചിന്നം വിളിച്ച്‌ പൊയ്ക്കഴിയും.


ജീവിതദണ്ഡകങ്ങളുടെ തനിയാവർത്തനങ്ങളിൽ
ഭീതി പരിതാപ പരിഭൂതയായി, ആസ്യം നമിച്ച്‌
ഓഫീസിൽ വൈകിയെത്തുമ്പോൾ,
കത്തിവേഷങ്ങളുടെയും, ചുവന്ന താടിയുടെയും
കലാശങ്ങൾ, അട്ടഹാസം!


വൈകുന്നേരങ്ങളിൽ അവൾ
വെറുമൊരു പഴന്തുണിക്കെട്ട്‌.


ചുവട്ടിലെ സിലിണ്ടറിൽ നിറഞ്ഞ വിങ്ങലുകൾ
പൊട്ടിത്തെറിച്ച്‌, സീതയെപ്പോലെ അഗ്നിപ്രവേശം ചെയ്ത്‌
അവൾ ശുദ്ധി തെളിയിക്കേണ്ടതെന്നാണ്‌
എന്നു മാത്രമേ ഇനി അറിയാനുള്ളൂ.


മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌
നമുക്ക്‌ കാവ്യാഞ്ജലിയും കഥകളിപ്പദങ്ങളും കേട്ട്,
അടുക്കളയിലെ റേഡിയോയുമായി സല്ലപിച്ച്‌
സുഖമായങ്ങനെ കൂടാം,
എന്ന് ഷോക്കുള്ള മിക്സി
ലീക്കുള്ള ഇസ്തിരിപ്പെട്ടിയോട്‌ പറഞ്ഞു.


O



6 comments:

  1. അടുക്കളയില്‍ ഓടിത്തളര്‍ന്ന്, ഓഫീസില്‍ കിതപ്പണച്ച് , വൈകുന്നേരം ഒരു പഴന്തുണിക്കെട്ടായി വന്ന് ,അഗ്നിപ്രവേശം ചെയ്ത് ശുദ്ധി തെളിയിക്കേണ്ട ഗതികേടിന്റെ പര്യായമെന്ന സ്ത്രീയെ ആവാഹിച്ചെടുത്ത കവിത...വളരെ മനോഹരം. ഞാനിതില്‍ എന്നെത്തന്നെയാണ് കണ്ടത്.

    ReplyDelete

  2. ചോദ്യങ്ങളും ആജ്ഞകളും അവൾക്കു ചുറ്റും
    ഉറഞ്ഞു തുള്ളും....സത്യം .... പരമ സത്യം ... ഇതൊക്കെ എനിക്ക് ചുറ്റും ഉണ്ടെന്നെ ...ആ തലക്കെട്ട്‌ അനുയോജ്യം തന്നെ ...അഭിനന്ദനങ്ങൾ

    ReplyDelete
  3. enganeyo ivide vannu ............ ee kavitha vaayichu.........

    manoharamaayirikkunnu

    ReplyDelete

Leave your comment