Saturday, December 27, 2014

2/143

കഥ
ബിനോയ്‌.എം.സി 
       വെയിലിന്‌ വേണ്ടത്ര ചൂടായിട്ടില്ല. സമോവറിനടുത്ത്‌ അലക്ഷ്യമായിട്ടിരുന്ന സാറ്റിൻതുണിയിൽ ചുരുണ്ടുകിടന്ന് സിമ്യു കഴുത്തൊന്നു കറക്കി, തലനീട്ടി പാതി കണ്ണുതുറന്നു. ഒരു ഈച്ച പറന്നുവന്ന് മീശയിൽ മുട്ടി. അവൾ തലകുടഞ്ഞ്‌ വീണ്ടും കഴുത്തു നീട്ടി. കുറച്ചുസമയം കൂടി കിടക്കാം, അവൾ വിചാരിച്ചു. വിശക്കുന്നുണ്ട്‌ എങ്കിലും നല്ല സുഖം.

'നൗസിൽ നിയാസ്ഖാൻ ഐബിയത്ത്‌' എന്ന എട്ടുവയസ്സുകാരന്റെ അരുമ പൂച്ചക്കുട്ടിയാണ്‌ സിമ്യു. ഐബിയത്ത്‌ ഖാന്‌ ഒരു വളർത്തുജീവിയെയും താൽപര്യമില്ല. പക്ഷെ സാഹിയത്ത്‌ ബീവിക്കും നൗസിലിനും വേണ്ടി അതിനെ സഹിക്കുന്നു. അവന്റെ എല്ലാ കുറുമ്പിനും സാഹിയത്ത്‌ കുടചൂടുന്നു എന്ന പരാതി ആ സൈനികനുണ്ട്‌. ഇടയ്ക്ക്‌ അവർ കാണാതെ സിമ്യുവിന്റെ ചെവിയിൽ അയാൾ ഞൊട്ടി വേദനിപ്പിക്കാറുണ്ട്‌. സിമ്യുവിന്‌ അയാളോട്‌ അത്രയ്ക്ക്‌ താൽപര്യവുമില്ല.

അവൾ മയക്കം മതിയാക്കി കാൽ മുന്നോട്ടാക്കി, നടുവളച്ച്‌ കോട്ടുവായിട്ട്‌ നേരേ നിവർന്നുനിന്നു. ഇപ്പോൾ ആരെങ്കിലും കണ്ടാൽ അവൾ ഉണർന്നിട്ട്‌ മണിക്കൂറുകൾ ആയെന്നു കരുതും. എത്ര പെട്ടെന്ന് ഭാവം മാറാൻ ഇവൾക്ക്‌ കഴിയുന്നു?

ഷിഖാവത്ത്‌ അലിയുടെ ക്വാർട്ടേഴ്സിൽ ഒരു പ്രാവിനെ നോട്ടം വെച്ചിട്ടുണ്ട്‌, അവൾ. പക്ഷെ അതിനെ പിടിക്കാൻ  ഇതുവരെ അവസരം കിട്ടിയിട്ടില്ല. അലിയുടെ മകൾ സിയ (എട്ടുവയസ്‌ മാത്രമേ ഉള്ളുവെങ്കിലും വലിയ സുന്ദരിയാണെന്നാണ്‌ അവളുടെ ഭാവം) സ്കൂളിൽ പോകുന്നതുവരെയും സ്കൂൾവിട്ട്‌ തിരിച്ചുവരുന്ന സമയം തുടങ്ങിയും ആ പ്രാവിന്റെ കൂടെത്തന്നെയാകും. ഇന്നിപ്പോൾ അവളെ പുറത്തേക്കൊന്നും കാണുന്നില്ല. അതോ നേരത്തെ തന്നെ പോയോ? ക്വാർട്ടേഴ്സിന്റെ പിൻവശത്തെ കതക്‌ അടഞ്ഞുകിടന്നതിനാൽ ജനലിന്റെ കീഴ്പ്പടിയിലേക്ക്‌ ചാടിക്കയറി പുറത്തേക്ക്‌ ഇറങ്ങി.  വീട്ടിൽ ആരുമില്ല. വിശപ്പ്‌ കലശലുമാണ്‌. ഇന്നലെ മുതൽ എവിടെപ്പോയി നൗസിലും സാഹിയത്തും ഐബിയത്തുമൊക്കെ?  ആരെയും കാണുന്നില്ല.

നൗസിലിന്റെ സ്കൂൾ, ക്വാർട്ടേഴ്സിനടുത്ത്‌ തന്നെയാണ്‌. അവനെവിടെപ്പോയതാവും...? ഇന്നലെ ഇടിമുഴക്കം പോലെ ശബ്ദം തുടരെ കേട്ടിരുന്നു. നൗസിലിനെ കാണാത്തതു കൊണ്ടാണോ എന്തോ സിയയുടെ സംരക്ഷണയിൽ അല്ലാതിരുന്നിട്ടു കൂടി അടുത്തുകിട്ടിയ പ്രാവിനെ പിടിക്കാൻ അവൾക്ക്‌ തോന്നിയില്ല. മീശയിൽ വന്നിരുന്ന ഈച്ചയ്ക്ക്‌ ചോരയുടെ മണമുണ്ടായിരുന്നോ എന്നവൾ സംശയിച്ചു.

ആരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി വാതിൽപ്പടിയിൽ അവൾ കിടന്നു.

പെഷവാറിലെ ആ വിളറിയ പ്രഭാതത്തിൽ, അപ്പോൾ നൗസിലിനുള്ള അന്ത്യചുംബനം അർപ്പിച്ച്‌ ഐബിയത്ത്‌ ഖാൻ എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒരിറ്റു കണ്ണുനീർ സിയയ്ക്കും അയാൾ ബാക്കിവെച്ചിരുന്നു.

O


(കടപ്പാട്‌: ചുമർമാസിക, സായുധ റിസർവ്വ്‌ ക്യാമ്പ്‌, കോട്ടയം.)


11 comments:

 1. നീണ്ട കഥ തുടങ്ങുകയാണോ എന്ന് തോന്നി.
  പെട്ടെന്ന് ഒരു പാട് ചിത്രങ്ങൾ ഒന്നിച്ചു മിന്നി മറയുന്നു, പറയാത്ത കഥ തെളിയുന്നു. പൂച്ചയെ പോലെ പല പ്രതീകങ്ങളും!

  ReplyDelete
 2. സിയയുടെ സംരക്ഷണയിലല്ലാതിരുന്നിട്ടുകൂടി ആ പ്രാവിനെ പിടികൂടാതെ വിട്ട ആ പൂച്ചയുടെ മാനസികാവസ്ഥ പോലുമില്ലാത്ത മനുഷ്യര്‍ ! ചോരമണക്കുന്ന ഈച്ച ! ഹോ ! അതിഭീകരം ഈഎഴുത്ത് !

  ReplyDelete
 3. Gambheeram.manassine thodunna avatharanam.congrats to the writer

  ReplyDelete
 4. വളരെ ചുരുങ്ങിയ വാക്കുകകളിൽ കോറിയിട്ടത്‌ ഗംഭീരം

  ReplyDelete
 5. വളരെ അപ്രതീക്ഷിതമായി ഞാൻ ഇവിടെ എത്തി ..ബിനോയി എഴുതിയ കഥ വായിക്കാനായിരിക്കും ...
  നൂറു വാര്ത്തക ളേ ക്കാൾ ശ ക്തം നന്ദി നിധീഷ് നേരിൽ കാണണം 9496792493

  ReplyDelete
 6. വാര്‍ത്തകള്‍ക്കു പിന്നിലെ നോവുണര്‍ത്തുന്ന ജീവിതകാഴ്ചകളിലേയ്‌ക്കൊരു എത്തിനോട്ടം. പറയാതെ പറഞ്ഞ കഥ... നന്നായിട്ടുണ്ട്.
  .

  ReplyDelete
 7. Binoy sir, Congrats on your creation and keep writing

  ReplyDelete
 8. Very good , i cant believe that it was your creation !

  ReplyDelete
 9. ഇന്നാണ് വായിച്ചത്,വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന ബാക്കിയാവുന്നു... തുടർന്നും എഴുതുക..... അഭിനന്ദനങ്ങൾ

  ReplyDelete

Leave your comment