![]() |
ഡോ.ആര്‍.ഭദ്രന്‍ |
1
ഏ.സി.ശ്രീഹരി പുതുമലയാള കവിതയിലെ ശ്രദ്ധേയനായ കവിയാണ്. മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഒക്ടോബര്‍ 4 ലക്കത്തില്‍ വന്ന 'പ്രണയമേ' എന്ന കവിത,കാലത്തിനുനേരേ പിടിച്ച തൂലികയില്‍ നിന്ന് അടര്‍ന്നുവീണ കവിതയാണ്. ആധുനികോത്തരകവികള്‍ വര്‍ത്തമാന കാലത്തിന്‍റെ കെടുതികളെ വാങ്ങ്മയമാക്കുന്നവരാണ്. പ്രണയം നഷ്ട്ടപ്പെട്ടുപോയ കാലത്തെ, ഒരു കവി കവിതയിലൂടെ എങ്ങനെയാണ് പിടിച്ചെടുക്കുന്നത് എന്ന് സൂക്ഷ്മഭംഗിയില്‍ നാം അറിയുന്നു. സംയമനപൂര്‍വ്വം ആഖ്യാനത്തെ ചലിപ്പിച്ച് കാലം നഷ്ടപ്പെടുത്തിയ ജലിമയെ വരള്‍ച്ചപ്പെടുത്തിയെടുക്കുന്നു ഈ കവിത.നമ്മുടെ കാമ്പസുകളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് മരിച്ചുപോയ പ്രണയത്തെക്കുറിച്ച് ഒരു കവിതാനാടകം ഏ.സി.ശ്രീഹരി സംവിധാനം ചെയ്തിരിക്കുന്നത്. ഈ കവിതയെക്കുറിച്ച് കാവ്യകലയുടെ അത്യല്‍ഭുതം എന്നല്ലാതെ എന്തു പറയാന്‍ !
മനോജ് കുറൂര്‍ പുതിയ കാലത്തിനുവേണ്ടി ഒരു പാസ്റ്ററല്‍ എലിജി എഴുതിയിരിക്കുന്നു. (മലയാളം 2010 ജൂലായ് 2) ഉത്തരാധുനികമായ കാലത്തിലെ ഇടയന്‍,ആടുകളോട് എങ്ങനെ എന്നറിയാന്‍ മനോജിന്‍റെ പാസ്റ്ററല്‍ എലിജി ക്ലിക്ക് ചെയ്‌താല്‍ മതി. ഇടയനെയും ആടുകളെയും പല മാനത്തില്‍ നിര്‍ത്തി വായിച്ചെടുക്കാന്‍ പറ്റിയ കവിത. പുതിയ ഒരു ആടുജീവിതം തന്നെ ഈ കവിതയില്‍ ഉണ്ട്. ശബ്ദം കൊണ്ടും ചലനം കൊണ്ടും കവിത ഇത് നേടിയിരിക്കുന്നു. കവിതയെ ശബ്ദനിഷ്ഠമാക്കുക കൂടി ചെയ്തിരിക്കുന്നു മനോജ്. അതായത് കവിത ചെവികള്‍ക്കായികൂടി ബലമായി തുറന്നുകൊണ്ട് ആധുനികോത്തരതയില്‍ പുതിയ വായന സാധ്യമാക്കിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ തിന്മകളെ ഇന്ദ്രിയങ്ങള്‍ കൊണ്ട് തൊട്ടുകാണിക്കുന്ന ഇന്ദ്രജാലം - ഗംഭീരം !
ഇടക്കുളങ്ങര ഗോപന്‍റെ 'അമ്മ വിളിക്കുന്നു' ( ഉണ്മ പബ്ലിക്കേഷന്‍സ് ) എന്ന സമാഹാരത്തിലെ കാവല്‍ എന്ന കവിതയുടെ ആദ്യത്തെ എട്ടുവരികള്‍ പി.കുഞ്ഞിരാമന്‍നായരുടെ കവിത വായിക്കുന്ന അനുഭവം പകരുന്നു. പ്രണയകവിതയുടെ പ്രശ്നദീപ്തിയാണ് ഈ വാങ്ങ്മയത്തിലൂടെ ഗോപന്‍ നിവേദിക്കുന്നത്. പ്രണയത്തിന്‍റെ ഉദ്വേഗം കവിത പ്രകടിപ്പിക്കുന്നുണ്ട്. പ്രണയം കവിതാനുഭവം ആക്കുക എന്നത് എന്നും കവികള്‍ക്ക് ലഹരിയായിരുന്നുവല്ലോ. എ.സി.ശ്രീഹരിയും ഇടക്കുളങ്ങര ഗോപനും ഇത് രണ്ടു തരത്തില്‍ നിറവേറ്റുകയാണ്.
2010 നവംബര്‍ 7 ലക്കത്തില്‍ കലാകൌമുദിയില്‍ വന്ന വനംവകുപ്പ്മന്ത്രി ബിനോയ് വിശ്വത്തിന്‍റെ കവിതയ്ക്ക് കവിത എന്ന പെരു വിളിക്കാമോ ? എന്തായാലും അദ്ദേഹത്തിന്‍റെ കവിത - 'ശൂന്യത '- Poetic experience ഉണ്ടാക്കുന്ന കാര്യത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിബദ്ധതയുള്ള നല്ല മന്ത്രിയും മനുഷ്യനും പൊതുപ്രവര്‍ത്തകനുമാണ് ബിനോയ് വിശ്വം. കവിത എന്ന സ്നേഹത്തില്‍ കൈവയ്ക്കുവാന്‍ വിശ്വം ശ്രമിച്ചത് അദ്ദേഹത്തിന്‍റെ ഉന്നതമായ മൂല്യബോധത്തെ കാണിക്കുന്നു എന്നത് മറ്റൊരു കാര്യം. 'ശൂന്യത'യ്ക്കു താഴെ, 'അയ്യപ്പനു വിട' എന്ന പേരില്‍ കെ.പി.സദാനന്ദന്‍ എഴുതിയ കവിതയും തഥൈവ. അയ്യപ്പനെ വെറുതെ വിടുക എന്നതു മാത്രമേ അതിനെക്കുറിച്ചു പറയുന്നുള്ളു. എന്നാല്‍ ഭാഷാപോഷിണി 2010 നവംബര്‍ ലക്കത്തില്‍ വന്ന അന്‍വര്‍ അലിയുടെ 'അയ്യപ്പന്‍ ' എന്ന കവിതയ്ക്ക് എഴുത്തുവെളിച്ചം നല്‍കാന്‍ കഴിയുന്നുണ്ട്. 20 വര്‍ഷം മുന്‍പ് കുങ്കുമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കവിതയാണിത്. അന്നേ അന്‍വര്‍ നന്നായി കവിതയെഴുതിയിരുന്നു എന്നതിന്‍റെ തെളിവ് കൂടിയായാണിത്.
O
ഫോണ്‍ - 9895734218
The critic is apt on his views of various writers and their works. Good work
ReplyDeleteyour criticisms are so sharp and well placed. In your criticisms i feel a creativeminds thoughts and visions. Thanks. By Sreesylum Unnikrishnan
ReplyDelete