Saturday, August 13, 2011

വീണ്ടെടുക്കപ്പെട്ട സമ്മാനം

മണി.കെ.ചെന്താപ്പൂര്‌















                              2007 ജൂൺ 17 ന്‌ കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു.   'അവാർഡിൽ ദൈവം വേണ്ട,കൊട്ടാരം വക പുരസ്കാരം നിന്നു.' ശ്രീപത്മനാഭസ്വാമി ബാലസാഹിത്യ പുരസ്കാരം സാഹിത്യ അക്കാദമി നിർത്തലാക്കി എന്ന   ഞെട്ടിക്കുന്ന വാർത്ത. വായിച്ചറിഞ്ഞപ്പോൾത്തന്നെ ഈ അനീതിക്കെതിരെ പോരാടണമെന്നും പുരസ്കാരം ഏറ്റെടുത്ത്‌ നൽകണമെന്നും  മനസ്സിലുറപ്പിച്ചു. 2007 ജൂൺ 18 ന്‌ പ്രസ്തുതപത്രം അത്‌ വിവാദമുയർത്തുന്ന ചർച്ചയാക്കി. 'അക്കാദമിയിൽ അയിത്തം ദൈവത്തിനോ?' എന്നതായിരുന്നു വിവാദചർച്ചയുടെ തലക്കെട്ട്‌. കാക്കനാടനും വിഷ്ണുനാരായണൻ നമ്പൂതിരിയും പി.കെ.കൃഷ്ണദാസും ,എൻ.പി.ഹാഫിസ്‌ മുഹമ്മദും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചു. പുരസ്കാരം നിലനിർത്തണമെന്ന് വ്യാപകമായി ആവശ്യമുയർന്നു. ഏറ്റെടുക്കലിന്റെ ധീരത എങ്ങുനിന്നും ഉണ്ടായില്ല.


1956 ആഗസ്റ്റ്‌ 15 ന്‌ തിരുവിതാംകൂർ മഹാരാജാവ്‌  ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയാണ്‌ കേരളസാഹിത്യ അക്കാദമിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്‌. 1956 മുതൽ വിവിധ സാഹിത്യശാഖകളിൽ സമ്മാനങ്ങൾ നൽകി തുടങ്ങിയെങ്കിലും 1959 മുതലാണ്‌ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി എൻഡോവ്‌മെന്റ്‌ നൽകി തുടങ്ങിയത്‌. ആദ്യപുരസ്കാരം സി.എ.കിട്ടുണ്ണിയുടെ 'മുടന്തനായ മുയൽ' എന്ന കൃതിയ്ക്കായിരുന്നു.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയാണ്‌ ബാലസാഹിത്യത്തിന്റെ വളർച്ചയ്ക്കും ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്‌. കേരളത്തിൽ ബാലസാഹിത്യത്തിനുള്ള ആദ്യത്തെ അവാർഡെന്ന ബഹുമതിയും ഇതിനുണ്ട്‌.


പുരസ്കാരത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവിലും പ്രതിഷേധത്തിന്റെ ആവേശത്തിലും ആരോടും ആലോചിക്കാതെ കൊല്ലത്തെ വൈക്കം ചന്ദ്രശേഖരൻനായർ സ്മാരകസമിതിയുടെ ജോയിന്റ്‌ സെക്രട്ടറി എന്ന നിലയിൽ പുരസ്കാരം സമിതി ഏറ്റെടുക്കുന്നതായുള്ള വാർത്ത മാധ്യമങ്ങൾക്ക്‌ നൽകി. വാർത്തയുടെ കോപ്പി ആകാശവാണി വാർത്താവിഭാഗത്തിൽ നൽകുന്നതിനായി സുഹൃത്തും കവിയുമായ ശ്രീകുമാർ മുഖത്തലയെ ഏൽപ്പിച്ചശേഷമാണ്‌ സമിതിയുടെ പ്രസിഡന്റായ കാക്കനാടൻ സാറിനോട്‌ വിവരം പറയുന്നത്‌. വൈക്കം സ്മാരകസമിതിയുടെ പേരിൽ വൈക്കത്തിന്റെ അവാർഡ്‌ മാത്രം മതി എന്ന് അദ്ദേഹം സ്നേഹപൂർവ്വം എതിർത്തു. വിഷമത്തോടെ വാർത്ത പ്രക്ഷേപണം ചെയ്യരുതെന്ന് ശ്രീകുമാറിനോട്‌ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം പിന്നീട്‌ സാംസ്കാരികപ്രവർത്തകനായ അമ്പാടി സുരേന്ദ്രനുമായി ചർച്ച ചെയ്തു. ഏതു നല്ലകാര്യത്തിനും ഒപ്പം നിൽക്കുവാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സ്‌ തുടർപ്രവർത്തനങ്ങൾക്ക്‌ വേഗത കൂട്ടി.



1985 മുതൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചുവരുന്ന എന്റെ 'ഗ്രാമം' മാസികയുടെ ഭാഗമായി 'ഗ്രാമം സാംസ്കാരികവേദി' രൂപീകരിച്ച്‌ പുരസ്കാരം ഏറ്റെടുത്ത്‌ നൽകുവാൻ നിശ്ചയിച്ചു. ശേഷം കവടിയാർ കൊട്ടരവുമായി ബന്ധപ്പെട്ടു. അശ്വതിതിരുനാൾ ഗൗരിലക്ഷിഭായിയോടും ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മയോടും ഞങ്ങൾ ദൗത്യം അറിയിക്കുകയും അവാർഡ്‌ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച്‌ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കേസിനും മറ്റും അവർക്ക്‌ താൽപര്യമുണ്ടായിരുന്നില്ല. പുരസ്കാരത്തിൽ മതത്തെയും ദൈവത്തെയും കണ്ടത്‌ അനീതിയാണെന്ന് മാത്രം പറഞ്ഞു. പ്രവർത്തനങ്ങൾക്ക്‌ വിജയം നേരുകയും ചെയ്തു.


ഒഴിവാക്കപ്പെട്ട ഒരു സാഹിത്യസമ്മാനം ഉജ്ജ്വല പ്രൗഡിയോടെ തിരിച്ചുവരുന്നത്‌ ചരിത്രത്തിൽ ആദ്യമാണ്‌. 2006 ൽ ഗ്രാമം സാംസ്കാരികവേദി പുരസ്കാരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഡോ.എം.ജി.ശശിഭൂഷൺ, കൊല്ലം മധു, പി.കേശവൻനായർ, പ്രസീദവേണു തുടങ്ങിയവരുൾപ്പെട്ട പുരസ്കാരസംരക്ഷണ സമിതിയും രൂപീകരിച്ചു. പുരസ്കാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യസമ്മാനം പി.ആർ.നാഥൻ ഏറ്റുവാങ്ങി. രണ്ടാമത്‌ ഡോ.കെ.ശ്രീകുമാറിനും 2009 ലെ പുരസ്കാരം ശ്രീകുമാരൻതമ്പിക്കും 2010 ൽ എസ്‌.രമേശൻനായർക്കും ലഭിച്ചു. ദൈവത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട സമ്മാനം ദൈവവിശ്വാസികളും സ്വതന്ത്രരുമായ എഴുത്തുകാർക്ക്‌ നൽകാനാണ്‌ തീരുമാനിച്ചത്‌. സ്വതന്ത്രനായ എഴുത്തുകാരൻ ധീരനായ പോരാളിയാണ്‌. സാംസ്കാരിക സമൂഹം അവരെയാണ്‌ കൂടുതൽ മാനിക്കേണ്ടത്‌.


തിരുവിതാംകൂർ രാജകുടുംബം അവാർഡുനൽകുന്നതിനാവശ്യമായ തുക അക്കാലത്തു തന്നെ അക്കാദമിയിൽ നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞതുപ്രകാരം എത്ര തുക നിക്ഷേപിച്ചു എന്നും പലിശ എത്ര,നീക്കിയിരുപ്പ്‌ എത്ര എന്നും വിവരാവകാശനിയമപ്രകാരം അന്വേഷിച്ചു (11.01.2010). തിരുവിതാംകൂർ രാജകുടുംബം പുരസ്കാരത്തിന്‌ തുക നിക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ പലിശയും നീകിയിരുപ്പു തുകയും ലഭ്യമല്ല  എന്നുമാണ്‌ അക്കാദമിയിൽ നിന്നും ഇടതുപക്ഷസർക്കാരിന്റെ കാലത്ത്‌ അറിയിപ്പുണ്ടായത്‌. സത്യത്തിൽ പ്രസ്തുത തുകയുടെ പലിശ ഉപയോഗിച്ചാണ്‌ 2005 വരെ പുരസ്കാരം നൽകി വന്നത്‌. അതിനുശേഷമാണ്‌ ദൈവത്തിന്റെയും മതേതരത്വത്തിന്റെയും പേര്‌ പറഞ്ഞ്‌ അക്കാദമിയിലെ ഒരു കൂട്ടം കപടമതേതരവാദികളും കുബുദ്ധികളും വിശുദ്ധമായ ബാലസാഹിത്യസമ്മാനം ഒഴിവാക്കിയത്‌.


മതേതരവാദികളുടെ കുതിരകയറ്റം ഹൈന്ദവവിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും ചിഹ്നങ്ങൾക്കും മേൽ മാത്രമാണെന്നതാണ്‌ ശ്രദ്ധേയം. നാം കണ്ടുകൊണ്ടിരിക്കുന്ന ഇടതുസാംസ്കാരിക കാപട്യമാണിത്‌. സ്വതത്രമായി പ്രവർത്തിക്കേണ്ട അക്കാദമിയുടെ നടപടി തികച്ചും അപഹാസ്യമായിരുന്നു. മയ്യഴിയുടെ സാഹിത്യകാരൻ എം.മുകുന്ദൻ അന്യായങ്ങൾക്ക്‌ കൂട്ടുനിൽക്കുകയും ചെയ്തു. അവാർഡുകളും ആദരിക്കലും സ്വപ്നം കാണുന്ന ഭൂരിപക്ഷം സാഹിത്യകാരന്മാരും, പുരസ്കാരം ഏറ്റുവാങ്ങിയവരിൽ ജീവിച്ചിരിക്കുന്നവരും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചില്ല. സർക്കാരിന്റെ അപ്രീതി എന്തിന്‌ വരുത്തിവെയ്ക്കണമെന്ന് അവർ വിചാരിച്ചിരിക്കണം. പേരിനും പ്രശസ്തിക്കും എന്തും കാഴ്ച വെക്കുന്ന സാംസ്കാരിക അടിയാളന്മാരാണ്‌ ചുറ്റുമെന്ന് അങ്ങനെ ബോദ്ധ്യമാവുകയും ചെയ്തു.


ശ്രീപത്മനാഭസ്വാമി പുരസ്കാര തുക മുൻഭരണസമിതി വക മാറ്റിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ശ്രീപത്മനാഭന്റെ പേരായിരുന്നു മുഖ്യം. 2500 രൂപയായിരുന്നു എൻഡോവ്‌മെന്റ്‌ തുക. അത്‌ 20,000 രൂപയാക്കി വർദ്ധിപ്പിച്ചാണ്‌ പിന്നീട്‌ ബാലസാഹിത്യസമ്മാനം നൽകിയത്‌. കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി.ജോസഫ്‌, പവനൻ, ഇടമറുക്‌ തുടങ്ങിയ പണ്ഡിതന്മാരായിരുന്ന മുൻ അക്കാദമി അദ്ധ്യക്ഷന്മാരൊന്നും പത്മനാഭസ്വാമി സമ്മാനത്തിൽ വർഗ്ഗീയത കണ്ടിരുന്നില്ല. 47 വർഷം കാണാത്ത വർഗ്ഗീയത, അവാർഡ്‌ നിർത്തലാക്കാൻ ആരോപിച്ചതിനു പിന്നിൽ സങ്കുചിതവും മാലിന്യം നിറഞ്ഞ മനോഭാവവും മാത്രമാണുണ്ടായിരുന്നത്‌. ഇത്തരം പുരസ്കാരങ്ങളെ അംഗീകരിക്കാനുള്ള വിശാലഹൃദയത്തിലൂടെയാണ്‌  മതേരത്വമനോഭാവം വളർന്നുവരേണ്ടതെന്ന് അറിയേണ്ടതാണ്‌. പി.നരേന്ദ്രനാഥ്‌, പി.ടി.ഭാസ്കരപ്പണിക്കർ, കുഞ്ഞുണ്ണിമാഷ്‌, സുമംഗല, ജി.ശങ്കരപ്പിള്ള, എൻ.പി.മുഹമ്മദ്‌ തുടങ്ങിയവരൊക്കെ പത്മനാഭസമ്മാനം ആദരവോടെ സ്വീകരിച്ചിട്ടുണ്ടെന്നും നാമോർക്കണം.



2011 ജൂലൈ പതിനഞ്ചാം തീയതി 'ശ്രീപത്നാഭസ്വാമി ബാലസാഹിത്യപുരസ്കാരം' സാഹിത്യ അക്കാദമി പു:നസ്ഥാപിച്ചതായി  പത്രവാർത്ത വന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം! കഴിഞ്ഞ നാലു വർഷമായുള്ള ഗ്രാമം സാംസ്കാരികവേദിയുടെ പ്രതിഷേധപ്രവർത്തനത്തിന്റെ വിജയം. പുരസ്കാരത്തിന്റെ തിരസ്കാരവും അത്‌ എറ്റെടുത്ത്‌ നൽകുവാനുള്ള ദൈവത്തിന്റെ അദൃശ്യപ്രേരണയും കേരളത്തിലെമ്പാടുമുള്ള സാംസ്കാരിക പ്രവർത്തകർ തന്ന പി ന്തുണയും വിസ്മരിക്കാവുന്നതല്ല.


ശ്രീപത്മനാഭസ്വാമി പുരസ്കാരം പു:നസ്ഥാപിച്ച നടപടിയിൽ ആഹ്ലാദിക്കുകയും പെരുമ്പടവം അദ്ധ്യക്ഷനായുള്ള പുതിയ ഭരണസമിതിയെയും സർക്കാരിനെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി ശബ്ദമുയർത്തിയ കഥയുടെ കുലപതി ടി.പത്മനാഭൻ, ബാബുകുഴിമറ്റം, ഡോ.എം.ആർ.തമ്പാൻ, പ്രയാർ ഗോപാലകൃഷ്ണൻ, കാക്കനാടൻ,വിഷ്ണുനാരായണൻ നമ്പൂതിരി, പി.കെ.കൃഷ്ണദാസ്‌, എൻ.പി.ഹാഫിസ്‌ മുഹമ്മദ്‌ തുടങ്ങിയവരെയും നന്ദിയോടെ ഓർക്കുന്നു. അക്കാദമിയുടെ ചരിത്രരേഖയായ ഏറ്റെടുക്കൽ വിളംബരത്തിന്‌ വേഗത കൂട്ടിയ സാംസ്കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫിനും ഏറെ അഭിമാനിക്കാം. ശ്രീപത്മനാഭനെ പോലെത്തന്നെ ഈ പുരസ്കാരത്തിനും ഇപ്പോൾ ശതകോടി തിളക്കം.
O

PHONE : 9388539394

No comments:

Post a Comment

Leave your comment