സമ്പാദകൻ : ശാസ്താംകോട്ട ഭാസ്
( ഓണക്കാലത്ത് പെണ്ണുങ്ങൾ കൂട്ടംചേർന്ന് പാടിക്കളിക്കുന്ന പാട്ട്. പെൺവീട്ടുകാരെന്നും ആൺവീട്ടുകാരെന്നും രണ്ട് നിരയായി നിന്ന് പെണ്ണിനെ ചോദിക്കുകയാണ്. കുന്നത്തൂർ ഇടയ്ക്കാട് ഗ്രാമത്തിലെ മാല എന്ന കർഷകത്തൊഴിലാളി സ്ത്രീ പാടിത്തന്നത്. )
അശകൊശലേ പെണ്ണുണ്ടോ
ചെറുകോശാലേം പെണ്ണുണ്ടോ
സാമിരണ്ടുക്കും പെണ്ണുണ്ടോ
തൃക്കാമേനിമാപ്പിളയ്ക്ക്
അശകൊശലേ പെണ്ണില്ല
ചെറുകോശാലേം പെണ്ണില്ല
സാമിരണ്ടുക്കും പെണ്ണില്ല
തൃക്കാമേനിമാപ്പിളയ്ക്ക്
ഒരു കുടുക്കാപൊന്നുംതരാം
പെണ്ണിനെത്തരുമോ തോഴിമാരേ
രണ്ടുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല
രണ്ടുകുടുക്കാപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരേ
നാലുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല
അഞ്ചുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരേ
ആറുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല
ഏഴുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരെ
എട്ടുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല
പത്തുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരെ
പത്തുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല
ഒരുമുറിപ്പുടവയുംകച്ചയുംതന്നാ
പെണ്ണിനെത്തരുമോടിമാത്തൂരേ
രണ്ടുമുറിപ്പുടവയുംകച്ചയുംതന്നാ
ഈയാണ്ടിപ്പെണ്ണിനെകിട്ടത്തില്ല
മൂന്നുമുറിപ്പുടവയുംകച്ചയുംതന്നാ
പെണ്ണിനെത്തരുമോടിമാത്തൂരേ
നാലുമുറിപ്പുടവയുംകച്ചയുംതന്നാ
ഈയാണ്ടിപ്പെണ്ണിനെകിട്ടത്തില്ല
വാളയ്ക്കാപോലെ
വളഞ്ഞിട്ടുനിക്കുന്ന
ചന്ദ്രനെത്തന്നാലും
പെണ്ണിനെത്തരണം
ചൂളയ്ക്കാപോലെ
ചുളഞ്ഞിട്ടുനിൽക്കുന്ന
സൂര്യനെത്തന്നാലും
പെണ്ണുമില്ല
പൊന്നുതരാം മിന്നുതരാം
പൊന്നിട്ട പെട്ടകം പൂട്ടീത്തരാം
പൂട്ടാത്താക്കോലൊളിച്ചും തരാം
പെണ്ണിനെത്തരുമോടി നാത്തൂനേ...
മാനം മയങ്ങുന്നു
മന്ദാരം ചിന്തുന്നു
മാനത്തു ചന്ദ്രക്കുടകളും കാണുന്നു.
പന്തലിവെച്ച വെളക്കണയുന്നു
മാരനുമാലയ്ക്കു നേരോമായി.
മാനം മയങ്ങട്ടെ
മന്ദാരം ചിന്തട്ടെ
മാനത്തുചന്ദ്രക്കുടങ്ങളും കാണട്ടെ
പന്തലിവെച്ച വെളക്കങ്ങണയട്ടെ
പെണ്ണിനുമാലയ്ക്കുനേരോവില്ല.
മാരനുമാലയ്ക്കുനേരം
അരനാഴിക വൈകാതെവേണം
പെണ്ണിനുമാലയ്ക്കുനേരം
അരനാഴികതാമസമൊണ്ടേ
മാരനുമാലയ്ക്കുനേരം
അരനാഴിക വൈകാതെവേണം
പെണ്ണിനുമാലയ്ക്കുനേരം
അരനാഴികതാമസമൊണ്ടേ.
O
ശാസ്താംകോട്ട ഭാസ് |
ഫോൺ : 9446591287
No comments:
Post a Comment
Leave your comment