Saturday, December 10, 2011

ശബ്ദം


കൃഷ്ണകുമാർ.എം
















തെരുവിൻ നടുവിലമർന്നലറുന്നൊരു ശബ്ദം
നിയന്ത്രണമില്ലാ ശബ്ദം
നിയതാർത്ഥങ്ങൾ വഴുതിയ ശബ്ദം
മുടി-ഉടയാടകളാകെ
പാറിപ്പറിഞ്ഞുലഞ്ഞൊരു ശബ്ദം.

നമ്മുടെ ആസക്തികളുടെ
നേർക്കതു ശരം തൊടുക്കുന്നൂ
നമ്മുടെ കാണാക്കണ്ണിൻ മീതേ
പടർന്നു കത്തുന്നൂ
നമ്മുടെ ദിനരേഖകളി-
ലതാർത്തനാദം തീർക്കുന്നു.

ജീവിതദുരിതപ്പൊല്ലാപ്പു-
കളാർത്തലറിപ്പെയ്യും നഗരത്തിൽ
മീതേ ചൂടാനൊരു കുട-
യില്ലാതലഞ്ഞു പായും വ്യഗ്രതയിൽ
കേൾക്കാതറിയാതമരും ശബ്ദം
അമർന്നുകത്തും ശബ്ദം
അലറിപ്പെയ്യും ശബ്ദം.

ചീറിപ്പാഞ്ഞലറിക്കുതികൊള്ളും
നാഗരവിഭ്രമകേളികളാടിപ്പൊള്ളിയ വീഥികളിൽ
അറിയാതാരോ തൂവിയ നിറമായ്‌
ആരോ അലസം കോറിയ വരയായ്‌
നഗരത്തിൻ പാഴ്മുറ്റത്തി-
വളൊരു വിളറിയ വെയിലായി.

അർദ്ധാച്ഛാദിതമെയ്യിൽ
സ്ത്രൈണദ്യുതികളിടയ്ക്കിടെ മിന്നുമ്പോൾ
നിസ്സംഗതയാലുറഞ്ഞ കണ്ണുകൾ
പെട്ടെന്നെന്തോ പൊള്ളിയ മാതിരി
ഒന്നു പിടഞ്ഞു തെറിക്കുമ്പോൾ
പൊട്ടിച്ചിതറും പാത്രം പോലാ-
പൊട്ടിച്ചിരി വീണുടയുമ്പോൾ
യാത്രാലസ്യം പടരും തെരുവിൻ
പരതി നടക്കും ചോരക്കണ്ണുകൾ
ആർത്തുമദിച്ചു രസിക്കുന്നു...

ഏതോ നിസ്ത്രപനിശയുടെ സ്മൃതിപോൽ
ഏതോ നോവിൽ പൊള്ളിയ വടുപോൽ
കഠിനം ദുർഗ്ഗമവീഥിയിലെങ്ങോ
ഞെരിച്ചു കടഞ്ഞു കശക്കിത്തുപ്പിയ
ദുർമ്മദ കാമന തന്നടയാളം പോൽ
പേറി നടക്കുകയാണീ നിഴലും
തെരുവിൽ നിന്നൊരു വിഷബീജം.

നമ്മുടെ മിഴിയാ മിഴികളിൽനിന്നും
ഉരുകാ,തൊഴുകാ,തുറഞ്ഞുപോയൊരു
മിഴിനീരാണീ ശബ്ദം;
നമ്മുടെ നെറിവിൻ ഞൊറികളിലാകെ
പടർന്നുകയറിക്കത്താനാളും
രുദ്രതയാണീ ശബ്ദം.

O

  PHONE : 9447786852




1 comment:

  1. Krishnaa,
    Thante kavitha vayichu
    enpathukalile
    bhavukathuvam feel cheyyunnu
    thante shabdhum vayikkanalla
    thante shabdhum kelkkananenikkishttum
    DAVID JOHN Oachira

    ReplyDelete

Leave your comment