Sunday, February 26, 2012

വായനയുടെ കണക്ക്

കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലെ നൂറാമത്തെ പോസ്റ്റ്‌, സ്നേഹപൂർവ്വം
.

ബെന്യാമിൻ










                     മയമില്ല..! എപ്പോഴും എവിടെയും കേൾക്കുന്ന ഒരു പല്ലവിയാണല്ലോ ഇത്. അത് വായനയെ സംബന്ധിച്ചാണെങ്കിൽ അതിത്തിരി ഉച്ചത്തിലുള്ള പല്ലവിയുമാണ്.  വായനയൊക്കെ എനിക്കിഷ്ടമാണ് പക്ഷേ ഈ ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞിട്ട് അതിനൊക്കെ എവിടെയാ സമയം എന്നാണ് സ്ഥിരം സങ്കടം പറച്ചിൽ. ഇപ്പറയുന്ന തിരക്കുകൾ ഒക്കെയുണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ വർഷം എനിക്ക് 40 പുസ്‌തകങ്ങൾ വായിക്കുവാൻ കഴിഞ്ഞു. ഇക്കാര്യം ഞാൻ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ നിങ്ങൾക്കിതെങ്ങനെ സാധിച്ചു എന്ന് പലരും ചോദിക്കുകയുണ്ടായി. അതുശരിയാണല്ലോ ഞാനതെങ്ങനെ സാധിച്ചു എന്നൊരു ചോദ്യം എനിക്കു തന്നെയും ഉണ്ടായി. 


വായനയുടെ കണക്ക് അവിടെ നില്ക്കട്ടെ. കഴിഞ്ഞ വർഷത്തെ മറ്റ് ചില കണക്കുകൾ ഞാൻ ഒന്ന് പരിശോധിച്ചു നോക്കി. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂർ വച്ച് കൂട്ടി നോക്കിയാൽ‌പ്പോലും 2190 മണിക്കൂർ നേരം ഞാൻ കഴിഞ്ഞ വർഷം ഉറങ്ങിത്തീർത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം! ഒരു ദിവസം ഞാൻ രണ്ടു മണിക്കൂർ നേരം വാർത്ത, കോമഡി, താരനിശ, സീരിയൽ എന്നിവയുടെ പേരിൽ ടീവിയ്ക്കു മുന്നിൽ ചിലവിടുമെങ്കിൽ കഴിഞ്ഞ വർഷം ഞാൻ കുറഞ്ഞത് 30 ദിവസങ്ങൾ ടി വിയ്ക്കു മുന്നിൽ ചിലവിട്ടു കഴിഞ്ഞു. ദിവസം എട്ടു മണിക്കൂർ വച്ച് ജോലി ചെയ്താൽ ഞാൻ വർഷത്തിൽ 121 ദിവസങ്ങൾ ജോലി ചെയ്‌തുകഴിഞ്ഞു. യാത്രയ്ക്കു വേണ്ടി ഞാൻ ദിവസത്തിൽ ഒരു മണിക്കൂർ ചിലവിടേണ്ടി വന്നാൽ വർഷത്തിൽ 15 ദിവസം മുഴുവൻ ഞാൻ യാത്രയിലായിരുന്നു. ഇങ്ങനെ കണക്കുകൾ എത്ര വേണമെങ്കിലും നല്കാം. 


ശരി, എങ്കിൽ എന്റെ ഇഷ്ടവും സ്വപ്‌നവുമായ വായനയ്ക്കുവേണ്ടി വർഷത്തിൽ എത്ര സമയം ഞാൻ ചിലവഴിച്ചു എന്ന് നോക്കാം. ഞാൻ കഴിഞ്ഞ വർഷം ആകെ വായിച്ച പുസ്‌തകങ്ങൾ 40. അതിൽ 80 പേജു മുതൽ 400 പേജുവരെയുള്ള പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ശരാശരി 250 പേജുകൾ ഓരോ പുസ്‌തകത്തിനും കണക്കുകൂട്ടാം. എത്ര അവധാനതയിൽ വായിച്ചാലും ഒരു പേജു വായിക്കാൻ രണ്ടു മിനുറ്റിലധികം സമയം എടുക്കില്ല. എന്നുവച്ചാൽ ഒരു പുസ്‌തകം വായിച്ചു തീരാൻ വേണ്ട സമയം 500 മിനുറ്റ് അഥവാ ഏട്ടര മണിക്കൂർ. അങ്ങനെയാണെങ്കിൽ നാല്പതു പുസ്‌തകങ്ങൾ വായിക്കാൻ വേണ്ട സമയം 340 മണിക്കൂർ അഥവാ പതിനാല് ദിവസം..!! 


കഷ്ടം..! വർഷത്തിൽ 91 ദിവസം ഉറങ്ങിയ ഞാൻ, മുപ്പത് ദിവസങ്ങൾ ടി.വിയ്ക്കു മുന്നിൽ ചിലവിട്ട ഞാൻ, 121 ദിവസങ്ങൾ ജോലി ചെയ്‌ത ഞാൻ, 15 ദിവസം യാത്ര ചെയ്‌ത ഞാൻ എന്റെ സ്വപ്‌നമായ വായനയ്ക്കുവേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങൾ. എന്നുവച്ചാൽ ഞാൻ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറിൽ താഴെ..!! 


വായന നമ്മുടെ സ്വപ്‌നമാണ് എങ്കിൽ അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീർക്കാ‍ൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ടി സമയം കണ്ടെത്തുക ഒരു വലിയ പ്രശ്നമായി ഞാൻ കാണുന്നതേയില്ല. ദിവസവും ആഹാരം കഴിക്കാൻ, ഉറങ്ങാൻ, ദിനകൃത്യങ്ങൾ ചെയ്യുവാൻ ഒക്കെ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്നമാണെന്ന് തോന്നുന്നതേയില്ല. അതിനുവേണ്ടത് വായിക്കാനുള്ള മനസ് മാത്രം. എങ്കിൽ നമുക്ക് വർഷത്തിൽ നാല്പത് പുസ്‌തകങ്ങൾ അല്ല എൺപതു പുസ്‌തകങ്ങൾ വരെ വായിച്ചു തീർക്കാൻ കഴിയും. നിശ്ചയം..! 


O


12 comments:

  1. പരിശ്രമിക്കുന്നുട് പ്രിയ എഴുത്തുകാരാ......
    പ്രചോദനം തന്നതിന് നന്ദി.

    ReplyDelete
  2. priya benyamine,
    nandi.Malayali, kanda ethu alankolathinte perilum vivadamundakkunna athe malayali, evideyum kodi pidikkunna malayali, samskarikamayi unnath nilayilennu Abhimanikkunna malayali, lokathile ettavum vivramullavanennu swayam dharikkunna malayali, vayanayude karyathil ethra purakilanennu kanakku vachu kanichu thannathinu nandi, Swantham katha paranjathu mattullavare kuttappeduthi enna perudosham ozhivakkanavam. Pakshe Benyamin Thankal vayichathilum ethrayo Kuravayirikkam Keralathil Jeevikkunna oro Malayaliyudeyum Kazhinja varshathe vayana. Thank you. Thaks a lot.

    Ravivarma Thampuran

    ReplyDelete
  3. കഴിഞ്ഞ വര്‍ഷത്തെ എന്റെയും വായന തെറ്റില്ലാത്തതായിരുന്നു. ഏതാണ്ട് 30നു മുകളില്‍ ബുക്കുകള്‍ വായിച്ചു എന്ന് പറയാം.. പൂര്‍ത്തിയാക്കാത്തവ വേറെയും..

    ReplyDelete
  4. WE ARE SHAMELESSLY COMPROMISING AND RESTLESSLY ABUSING!FIGHT OUT THIS COMPROMISING TREND FROM ALL THE PHASES OF PERSONAL AND SOCIAL LIFE.

    ................KRISHNA KUMAR.M

    ReplyDelete
  5. കഴിഞ്ഞ വര്‍ഷം ജൂണില്‍ നാട്ടില്‍ പോയി മടങ്ങും നേരം ഞാനും കൂടെ കൂട്ടിയിരുന്നു തിരഞ്ഞെടുത്ത 11 പുസ്തകങ്ങള്‍. (അഭിമാനത്തോടെ പറയട്ടെ...അതിലൊന്ന് മലയാളികള്‍ നെഞ്ജോടു ചേര്‍ത്ത, ഞങ്ങള്‍ പ്രവാസികളുടെ വേവുന്ന ചൂടിന്റെ കഥ പറഞ്ഞ ആടുജീവിതവും ഉണ്ടായിരുന്നു.) ഈ തിരക്കിന്റെ ഇടയിലും എല്ലാ പുസ്തകവും വായിക്കാനായി....
    പ്രിയ എഴുത്തുകാരന് നന്ദി...വീണ്ടും താങ്കളുടെ വരികള്‍ വായിക്കാനായതില്‍ സന്തോഷം. എല്ലാ വിധ നന്മകളും നേരുന്നു....

    ReplyDelete
  6. വായന... അതിന്റെ കുറവ് സമൂഹത്തിൽ ശരിക്കും പ്രതിഫലിക്കുന്നുണ്ട്. താങ്കളെ പോലെയുള്ള എഴുത്തുകാർക്ക് പിന്നിൽ അണിനിരക്കാൻ ഞങ്ങൾ തയ്യാർ.. ഇനി വിട്ടു വീഴ്ചയില്ലാത്ത വായന.

    ReplyDelete
  7. കൃത്യമായ കണക്കുകൾ വെച്ച് ഒന്നും ചെയ്യാനാവാറില്ല. എവിടെയൊക്കെയോ കണക്കുകളൊക്കെ പാളിപ്പോവും. എന്നാലും പ്രിയങ്കരനായ എഴുത്തുകാരന്റെ വാക്കുകൾ പുതിയൊരു വെളിച്ചമാണ്....

    ReplyDelete
  8. പ്രിയ ബെന്‍,
    കണക്കുകള്‍ വായിച്ചെങ്കിലും അത് യാഥാര്‍ഥ്യത്തില്‍ നിന്നും ഇത്തിരി വിട്ടു നില്‍ക്കുന്നില്ലേ എന്ന് തോന്നി, സീരിയലുകള്‍ അരങ്ങു വാഴുന്ന കാലമാണെങ്കിലും,TV കണ്ട് കൊണ്ട് ചെയ്യാവുന്ന പണികള്‍ കൂടുന്നുണ്ട്, നഗരത്തിന്‍റെതിരക്കില്‍ യാത്രക്കിടയിലും വായനക്ക് സമയം കണ്ടെത്താനാവുന്നില്ല,ഉറക്കം ഇല്ലാതായിരിക്കുന്നു, പിന്നെ എല്ലാത്തിനും നമുക്ക് ഓരോ കാരണങ്ങള്‍ ഉണ്ട്, വായിക്കാനും, വായിക്കാതിരിക്കാനും! ജനുവരി മുതല്‍ വായിക്കാന്‍ സാധിച്ചത് 8-10 പുസ്തകങ്ങളാണ്,(അതിലൊന്ന് ആടുജീവിതം,നന്നായി ഇഷ്ടപ്പെട്ടു എന്നറിയിക്കട്ടെ!)നമ്മുടെ കണക്കുകളും കണക്കു കൂട്ടലുകളും തെറ്റാന്‍ തുടങ്ങിയിരിക്കുന്നു!

    ReplyDelete
  9. സക്കറിയയുടെ ഒരു കഥ ഓർമ്മ വന്നു. തിന്നാനും ഉറങ്ങാനും അപ്പിയിടാനും ചിലവാക്കിയ സമയത്തിന്റെ പാതി പോലും ലൈംഗികതയ്ക്കായി ചിലവഴിച്ചിട്ടില്ലെന്ന കണക്ക് കണ്ട് വിഷമത്തിലായ ഒരാൾ ഇനിയങ്ങ് തുടങ്ങിക്കളയാം എന്ന് വിചാരിക്കുന്നതും സിദ്ധി കൂടുന്നത്

    ReplyDelete
  10. പഠിക്കുന്ന കാലത്ത് അന്നന്നുള്ള പഠനം കഴിഞ്ഞ് , ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങുമ്പോഴേക്കും വന്നു ലൈറ്റ് അണയ്ക്കുന്ന അമ്മയെ ഒരുപാട് പ്രാകിയിട്ടുണ്ട് മനസ്സിൽ . ഒരുപാട്നല്ല പുസ്തകങ്ങൾ, എല്ലാമൊന്നും ഈ ആയുസ്സിൽ വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ,കുറച്ചെങ്കിലും വായിക്കാൻ കഴിഞ്ഞെങ്കിൽ...ഇപ്പോൾ പിന്നെ അമ്മയുടെ സ്ഥാനം കയ്യേറിയിരിക്കുന്നത് മക്കളും ഭർത്താവുമാണെന്ന് മാത്രം....പക്ഷെ ഞാനിനിയും വായിക്കും...വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നു പറയുന്ന പോലെ ....

    ReplyDelete

Leave your comment