Saturday, July 21, 2012

പറങ്കിച്ചുവപ്പ്

കവിത
രാജൻ കൈലാസ്‌












റങ്കിമാങ്ങകൾ
കൊരുത്തൊരീർക്കിലായ്‌
മലകളെപ്പാളം
തുരന്നുപോകുന്നു...

ഇടയ്ക്കിടയ്ക്കിരുൾ-
തുരുത്തുകൾ താണ്ടി
ഇരച്ചുപായുമീ-
ട്രെയിനിനുള്ളിൽ ഞാൻ
ഇരിക്കവേ മുന്നിൽ
ചിരിച്ചു നിൽക്കുന്നു
പറങ്കിമാമ്പഴം
തുടുത്ത പെണ്ണിവൾ...
കരഞ്ഞുണങ്ങിയ
മിഴിമിനുക്കങ്ങൾ
കരങ്ങളിൽ കത്തി-
ക്കരിഞ്ഞ പാടുകൾ ...
ട്രെയിനിനുള്ളിലായ്‌
കളിക്കോപ്പും പിന്നും
വളകളും വിൽക്കാൻ
കടന്നു വന്നവൾ...
പറങ്കിമാങ്ങകൾ
പഴുത്തു നിന്നൊരു
പഴങ്കഥയിലെ
ചവർപ്പുനീരുകൾ
പതഞ്ഞു പൊങ്ങുന്നു
പുതിയ ജീവിതം
കുതിക്കുന്നു കൊങ്കൺ-
റെയിൽപ്പഥങ്ങളിൽ
പറങ്കി മുത്തശ്ശി
പറന്നു പോകുമ്പോൾ
പകർന്നു നൽകിയ
പകിട്ടും മോടിയും
പുണർന്നു കൊണ്ടിവൾ
പുകഞ്ഞ ജീവിത-
ത്തിരികളിൽ വീണ്ടും
തിലം നനയ്ക്കുന്നു...

(2)

ഇതു ഗോവ സ്റ്റേഷൻ,
ഇറങ്ങി ഞാൻ രാവിൽ
ഇരന്നു നിൽപ്പവൾ
ചിരിച്ച കണ്ണുമായ്‌...
ചിരിക്കുമ്പോഴെന്റെ
മകൾ ചിരിച്ചപോൽ
നുണച്ചുഴികളും
ചുവന്ന പൂക്കളും.
"തനിച്ചല്ലേ അങ്കിൾ!വരുന്നുവോ വീട്ടിൽ
ഉറക്കം വിശ്രമം
പുലർച്ചേ പോയിടാം.
പറങ്കിമാങ്ങ തൻ
മധുരവും ഇളം-
ലഹരിയും കൂട്ടും
നുണഞ്ഞു പോയിടാം"
ഉടലുണർത്തിയുംമിഴി കൊളുത്തിയും
ഒരു മുത്തം ചുണ്ടി-
ലൊരുക്കി നിൽപ്പവൾ....
പകച്ചു ഞാൻ നിൽക്കേ
കരച്ചിലിൻ വക്കിൽ
കരം പിടിച്ചെന്നെ
വലിക്കയാണവൾ ....
"കടന്നുപോയ്‌ അച്ഛൻ,
കിടപ്പിലാണമ്മ
മരുന്നിനു പോലും
തികയില്ല, അങ്കിൾ!"
സിമന്റുബഞ്ചിൽ ഞാൻ
തളർന്നിരിക്കവേ
അകലെ മറ്റൊരാൾ,
നടന്നുപോയ്‌ അവൾ...

O



PHONE : 9497531050




3 comments:

  1. ഇ-ദളം എന്ന എഫ്ബി കയ്യെഴുത്ത്മാസികയുടെ രക്ഷാധികാരിയായ രാജന്‍ കൈലാസ് സാറിന്റെ കവിത ഇവിടെ കണ്ടതില്‍ അഭിമാനം തോന്നുന്നൂ...പക്ഷെ ആരും ഈ നല്ല കവിത ഗൗനിക്കാതെ പോയതില്‍ സങ്കടവുമുണ്ട്.

    ReplyDelete

Leave your comment