Saturday, January 19, 2013

ഒറ്റപ്പെടലിന്റെ അഥവാ സന്തോഷത്തിന്റെ സമയം

കവിത
കൃഷ്ണ ദീപക്‌




റ്റപ്പെടലിന്റെ സമയമാണിത്.
ഭ്രമിപ്പിച്ചു മറഞ്ഞ
ചുംബനത്തിന്റെ തീരാത്ത ചൂട്
ജനലരികുകളില്‍ പറ്റിപ്പിടിച്ച്
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.

ഒരൊറ്റ നോട്ടത്തില്‍ തന്നെ
ഞാനതിന്റെ പൊരുള്‍
മനസ്സിലാക്കും.

പിന്നെ -

വെയിൽ പൊള്ളിക്കുന്ന
ഈന്തപ്പനകള്‍ക്കിടയിലൂടെ
ആരുടെ കണ്ണിലും പെടാതെ
നിലയ്ക്കാത്ത തിരയില്‍
ആടിയുലഞ്ഞ്...
ഏഴു കടലുംതാണ്ടി
കുതിച്ചു പൊന്തും.

മ‍ത്സ്യക്കുഞ്ഞുങ്ങളുടെ പുളച്ചിലില്‍
തിരമാലകള്‍ക്ക്
താളം നഷ്ടപ്പെടുന്നതുകണ്ട്‌
നിഗൂഢമായി ചിരിച്ച്‌...
അപ്പോഴും ആ ചുംബനം
എനിക്ക് പിന്നാലെ ഉണ്ടാകും.

എങ്കിലും -

നിനക്ക് പിടിതരാതെ
വഴുതി ഓടുമ്പോഴുള്ള
ഒരു സുഖമുണ്ടല്ലോ
ആ നിമിഷങ്ങളുണ്ടല്ലോ
അവിടെ...
അവിടെയാണ്
നിന്നെ ഞാന്‍ ഒറ്റപ്പെടുത്തുന്നതും
നിറഞ്ഞു സന്തോഷിക്കുന്നതും.

O


3 comments:

  1. ഒറ്റപ്പെടല്‍ അപ്പോള്‍ മാത്രമേ സന്തോഷത്തിന്‍റെ സമയമാകുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്

    ReplyDelete

Leave your comment