Sunday, July 14, 2013

ഒരു തവളയുടെ ജീവചരിത്രത്തിൽ നിന്നൊരേട്‌


കഥ
സിയാഫ്‌ അബ്ദുൾഖാദിർ

ജീവിതം ഇതുവരെ

ആയകാലത്ത്‌ തവള ഒരു രാജകുമാരി ആയിരുന്നു. പിന്നെങ്ങനെയാണ്‌ രാജകുമാരി തവള ആയിത്തീർന്നത്‌? അതിനു പിന്നിൽ ഒരു കഥയുണ്ട്‌.

സർവ്വാഭരണവിഭൂഷിതയായ രാജകുമാരിയും പരിവാരങ്ങളും ഐസ്ക്രീം പാർലറിൽ ഇരുന്നുകൊണ്ട്‌ ഫലൂദ ആസ്വദിക്കുകയായിരുന്നു. രാജകുമാരി പുതിയ ബീറ്റിൽ എടുത്തതിന്റെ ചെലവാണ്‌. പഴയ കുതിരവണ്ടി ഔട്ട്‌ ഓഫ്‌ ഫാഷനായി, അതുകൊണ്ട്‌ പുതിയ കാർ വാങ്ങിത്തരാതെ കോളേജിൽ പോകില്ല എന്ന് രാജകുമാരിക്ക്‌ ഒരേ വാശി.

"കുതിരവണ്ടിയിൽ പോകുന്നത്‌ പൈതൃകമായി കിട്ടിയ ആചാരമാണ്‌, അത്‌ തെറ്റിക്കാൻ പാടില്ല, പ്രിവി പഴ്സ്‌ നിർത്തലാക്കിയതുകൊണ്ട്‌ പഴ്സ്‌ കാലിയാണ്‌" എന്നൊക്കെപ്പറഞ്ഞ്‌ പിശുക്കൻ രാജാവ്‌ തടിയൂരാൻ ശ്രമിച്ചു. പക്ഷെ കിം ഫലം...? രാജകുമാരി അന്നത്തെ അത്താഴക്കഞ്ഞിക്കൊപ്പമുള്ള ചുട്ട പപ്പടവും മുളകുചമ്മന്തിയും ബഹിഷ്കരിച്ചു. ആ പ്രതിഷേധത്തിൽ രാജാവിന്റെ പഴ്സ്‌ തുറക്കപ്പെടാതിരിക്കാൻ നിവൃത്തിയില്ലാതെയായി.

രാജകുമാരിയുടെ തോഴിമാരെല്ലാം കൂടെ രാജകുമാരിയെ വട്ടം പിടിച്ചു. "വേറൊരു ദിവസം ചെലവു ചെയ്യാടാ ഡൂഡ്സ്‌" എന്നൊക്കെപ്പറഞ്ഞ്‌ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും അവളുമാർ വഴങ്ങിയില്ല. ഐസ്ക്രീം പാർലറിൽ ചെന്നപ്പോൾ ആകട്ടെ ഓരോ അവളുമാര്‌ ജീവിതത്തിൽ ആദ്യമായി ഐസ്ക്രീം കാണുന്ന പോലെ വെട്ടിക്കേറ്റുകയും ചെയ്തു. മനുഷ്യരല്ലേ, ശത്രുത കാണും... എന്നാലും ഇങ്ങനെ ആകാമോ?

ആ സമയത്താണ്‌ വിശന്നു വലഞ്ഞ ഡാകിനിയമ്മൂമ്മ ആ വഴി വന്നത്‌. രാജകുമാരിയുടെ പകിട്ടും പത്രാസും കണ്ടിട്ടാവണം നേരേവന്ന് വിശക്കുന്നു, വല്ലതും തരണം എന്ന് യാചിച്ചു. വായിൽ നിറച്ചും ഐസ്ക്രീം ആയതുകൊണ്ട്‌ രാജകുമാരി വരൂ ഇരിക്കൂ എന്ന് കൈയാംഗ്യം കാട്ടി.

അതാണ്‌ പുലിവാലായത്‌. ദുർമന്ത്രവാദിനികളെ കൈകാട്ടി വിളിക്കുന്നത്‌ അവർക്ക്‌ അപമാനകരമാണെന്ന് പാവം രാജകുമാരിക്ക്‌ അറിയില്ലായിരുന്നു. ചെകിടന്മാരെ മൂക്കു ചൊറിഞ്ഞുകാണിക്കുന്നതുപോലെ അപകടകരം. ക്രോധം കൊണ്ട്‌ തിളച്ച ഡാകിനി ഐസ്ക്രീമും വിശപ്പും ഒക്കെ മറന്ന്, രാജകുമാരിയെ ശപിച്ചു.

"നീ ഒരു തവള ആയിപ്പോകട്ടെ"

തവള ആകും എന്ന് കേട്ടതോടെ രാജകുമാരിയും തോഴിമാരും ആകെ ഡെസ്പ്‌ ആയി. രാജകുമാരി ഓടിവന്ന് ഡാകിനിയുടെ കാലിൽ വീണ്‌ ശാപമോക്ഷത്തിനായി യാചിച്ചു. ശാപവും ശാപമോക്ഷവും ഒരു പാക്കേജാണ്‌. ശപിച്ചാൽ ശാപമോക്ഷം കൊടുത്തേ തീരൂ. എന്നാലും ദുർമന്ത്രവാദിനിയും കുശുമ്പിയും ഒക്കെയായ ഡാകിനി ഒരു പണി കൂടി കൊടുക്കാം എന്നുകരുതി ഒരു സ്വയമ്പൻ ശാപമോക്ഷം തന്നെ കൊടുത്തു.

"നിന്റെമേൽ ഒരു രാജകുമാരന്റെ മൂത്രം വീണാൽ നീ വീണ്ടും രാജകുമാരിയായിത്തീരും"

ദേഷ്യം സഹിക്കവയ്യതെ ഡാകിനി കാണുന്നില്ല എന്നുറപ്പുവരുത്തി രാജകുമാരി അവരെ ഒന്നുകൂടി കൈയ്യാംഗ്യം കാണിച്ചു. ഇത്തവണ ദുർമന്ത്രവാദിനികൾക്ക്‌ മാത്രമല്ല,.... മനുഷ്യർക്ക്‌ കൂടി അപമാനകരമായ ഒരു കൈയ്യാംഗ്യം. "വൃത്തികെട്ട തള്ള, ഒടുക്കത്തെ ശാപവും അതിനേക്കാൾ നാറിയ ഒരു ശാപമോക്ഷവും! ഇമ്മാതിരി ഒരു ശാപമോക്ഷം കിട്ടാതിരിക്കുന്നതായിരുന്നു നല്ലത്‌" രാജകുമാരി പല്ല് ഞറുമ്മി.


ഇനി തുടർന്ന് വായിക്കുക....


അധികം താമസിയാതെ രാജകുമാരി ഒരു മരത്തവളയായി രൂപംമാറി-പച്ചനിറത്തിൽ പുള്ളിയുടുപ്പിട്ട ഒരു സുന്ദരിത്തവള. ഡാകിനി കൈയോടെ രാജകുമാരിത്തവളയെ ഒരു കുപ്പിയിലാക്കി കാട്ടിലെ കുന്നിൻമോളിലെ വലിയ കൊട്ടാരത്തിൽ താമസിക്കുന്ന രാക്ഷസനു കൊടുത്തു. ആരെ കിട്ടിയാലും ഉടനെ തവളയോ പൂച്ചയോ പൂച്ചിയോ ഒക്കെയാക്കി രാക്ഷസനു കൊടുക്കുന്നത്‌ ഡാകിനിയുടെ ഒരു ഹോബിയായിരുന്നു.

രാജകുമാരിത്തവളയ്ക്ക്‌ രാത്രികാലങ്ങളിൽ തന്റെ ഉടൽ തീനാളം പോലെ പ്രകാശിപ്പിക്കുവാൻ ഒരു കഴിവ്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌, രാത്രിയായാൽ രാക്ഷസൻ തവളയെ അടച്ച കുപ്പി എടുത്തു വെക്കും. വെട്ടം കണ്ടു ഭക്ഷണം കഴിക്കാമല്ലോ. ഇടയ്ക്കിടെ കുപ്പിയിലേക്ക്‌ പുല്ലോ ഇലയോ ഒക്കെ ഇട്ടുകൊടുക്കും, തവള ചത്തുപോകരുതല്ലോ, അത്‌ മാത്രമല്ല രാക്ഷസനു തവളയെ ഭയങ്കര ഇഷ്ടവുമായിരുന്നു. രാക്ഷസന്‌ കുന്നിൻമോളിൽ വലിയ കൊട്ടാരം ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. അതിൽ നിറയെ പരിവാരങ്ങളും ഡാകിനി കുപ്പിയിലാക്കിക്കൊടുത്ത രാജകുമാരന്മാരും രാജകുമാരിമാരും ആയിരുന്നു. രാക്ഷസൻ ആണെങ്കിലോ; ആള്‌ ഒരു പഞ്ചപാവമായിരുന്നു. എല്ലാ അർത്ഥത്തിലും ഒരു വെജിറ്റേറിയൻ.

എല്ലാ ദിവസവും രാവിലെ രാക്ഷസൻ കാടുചുറ്റാനിറങ്ങും. കുറുക്കനും ആമയും വാഴകൃഷി ചെയ്യുന്ന വയലിൽ രാക്ഷസൻ നാലഞ്ചു ചാൽ നടന്നാൽ കുറ്റിയും കളകളും മുള്ളും മുരടുമൊക്കെ ഒഴിഞ്ഞ്‌ അത്‌ ഉഴുതുകിട്ടും. അരുവിയിൽ പതച്ചുകുളിക്കുമ്പോൾ അഴുക്കും ചെളിയും കലങ്ങിയടിഞ്ഞ്‌ അരുവിയിലെ വെള്ളം കണ്ണുനീരായ്‌ തെളിയും. പഴങ്ങളും കായ്കളും രാക്ഷസന്റെ പെരുംകാലിനടിയിലമർന്നു പൊടിഞ്ഞ്‌ ചെറുപുഴുക്കൾക്ക്‌ പോലും തിന്നാൻ യോഗ്യമാകും. പുൽച്ചാടികളും പൂമ്പാറ്റകളും രാക്ഷസൻ പോലുമറിയാതെ അവന്റെ ദേഹത്ത്‌ പറ്റി ഒരിടത്തുനിന്ന് വേറൊരിടത്തേക്ക്‌ യാത്രചെയ്യും. ശാപ്പാട്ടുരാമനായ രാക്ഷസൻ തിന്നതിന്റെ എച്ചിൽ തിന്നു കിളികളും മൃഗങ്ങളും വയറുപുലർത്തി.

ഒരു മരക്കൊമ്പിലിരുന്നാണ്‌ രാക്ഷസൻ ഉറങ്ങുക. പട്ടുമെത്തയും കൊട്ടാരവും അസുരഗണങ്ങളും ഒക്കെ ഉണ്ടാകുന്നതിനു മുന്നേ ഉള്ള ശീലമാണ്‌. അതുകൊണ്ട്‌ എന്തെല്ലാമായാലും മരക്കൊമ്പിലിരുന്നാലേ രാക്ഷസന്‌ ഉറക്കം വരൂ. ഉറങ്ങുമ്പോഴും തവളയുടെ കുപ്പി കൈയിൽ പിടിക്കും. രാക്ഷസന്‌ ഇരുട്ട്‌ പേടിയായിരുന്നു. ഇരുട്ടത്തുവരുന്ന ചില മനുഷ്യരെയും. രാക്ഷസൻ ഉറങ്ങിക്കഴിഞ്ഞാൽ തവള വെട്ടം ഓഫാക്കും; ഉറങ്ങും.

ആ മരത്തിന്റെ താഴെക്കൂടെ ഒരു റോഡ്‌ കടന്നുപോകുന്നുണ്ട്‌. അത്‌ ഒരു പ്രൈവറ്റ്‌ റോഡാണ്‌. ശിക്കാർ കഴിഞ്ഞ്‌ രാജാക്കന്മാർക്ക്‌ പോകാൻ വേണ്ടി ഉണ്ടാക്കിയതാണ്‌. ഒരു ദിവസം മരത്തിലിരുന്ന് ഉറങ്ങുന്നതിനിടെ രാക്ഷസൻ ഒരു സ്വപ്നം കണ്ടു. പുന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ ഷക്കീലയുമൊത്ത്‌ ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നതായിട്ടായിരുന്നു സ്വപ്നം. ഊട്ടിയിലെ പുൽമേടുകളിൽ രാക്ഷസനും ഷക്കീലയും കൂടെ ഡ്യുവറ്റ്‌ പാടി നൃത്തം വെച്ചു. സംവിധായകനും ക്യാമറാമാനും കൂടെ പുറകേ ഓടി നടന്ന് ഷൂട്ട്‌ ചെയ്തു. ഫീല്‌ പോരാ ഫീല്‌ പോരാ എന്ന് സംവിധായകൻ ഇടയ്ക്കിടെ പറഞ്ഞികൊണ്ടിരുന്നു. രാക്ഷസൻ ഫീലു കൂട്ടി. ഇനീം... രാക്ഷസൻ പിന്നേം ഫീല്‌ കൂട്ടി.

"ഇനീം... ഇനീം..."

"സ്ക്ലിന്‌ക്ലിം സ്‌ച്ച്‌ലിം"

ഫീൽ വല്ലാതെ കൂടിവന്നപ്പോൾ രാക്ഷസന്റെ കൈയ്യിലിരുന്ന കുപ്പി പൊട്ടി കഷ്ണങ്ങളായി ചിതറി. കുപ്പിയിൽ പറ്റിപ്പിടിച്ച്‌ ഉറങ്ങുകയായിരുന്ന പാവം തവള നേരേ താഴോട്ട്‌ പതിച്ചു. അപ്പോഴും ഒന്നുമറിയാതെ രാക്ഷസൻ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു.

എന്തായാലും രാജകുമാരിത്തവളയുടെ ഭാഗ്യം എന്നല്ലാതെ എന്തുപറയാൻ? അന്ന് നൈറ്റ്‌ ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ്‌ കുടിച്ചു കുന്തംമറിഞ്ഞു താഴേക്കൂടി തന്റെ സ്പോർട്ട്സ്‌ ബൈക്കിൽ അടിച്ചുമിന്നിച്ച്‌ നൂറേനൂറിൽ പോയിക്കൊണ്ടിരുന്ന രാജകുമാരന്റെ ഷർട്ടിന്റെ പോക്കറ്റിലാണ്‌ തവള വന്നു ലാൻഡ്‌ ചെയ്തത്‌. രാജകുമാരൻ നല്ല ഫിറ്റായിരുന്നതുകൊണ്ട്‌ അങ്ങേര്‌ ഇതൊന്നും അറിഞ്ഞതുമില്ല.

പിറ്റേന്ന് രാജകുമാരൻ എഴുന്നേൽക്കാൻ രാവിലെ ഒമ്പതുമണി കഴിഞ്ഞു. അതുതന്നെ ഒടപ്രന്നോളുടെ സന്താനം രാജകുമാരന്റെ നെഞ്ചിൽ കയറി ഡിസ്കോ കളിച്ചിട്ട്‌. ചെക്കനെ കുമാരൻ എടുക്കുന്നതും, മുത്തം കൊടുക്കുന്നതും, ഫ്ലയിംഗ്‌ കിസ്സ്‌ മേടിക്കുന്നതും ഒക്കെ കണ്ടുകൊണ്ടു വന്ന അമ്മത്തമ്പുരാട്ടി മകന്‌ ഒരുപദേശം കൊടുത്തു.

"മാതുലനെ അഭിഷേകം നടത്താൻ മറക്കരുത്‌ ട്ടോ , ഉണ്ണീ..."

അനുസരണയുള്ള കുട്ടിയാ ഉണ്ണിത്തമ്പുരാൻ. പറയേണ്ട താമസം കുഞ്ഞ്‌ രാജകുമാരനമ്മാവനെ ചീച്ചി മുള്ളി അഭിഷേകം ചെയ്തു. രാജകുമാരനും, കൂട്ടത്തിൽ പോക്കറ്റിൽ കിടന്നിരുന്ന നമ്മുടെ തവളയും മൂത്രത്തിൽ നനഞ്ഞു കുളിച്ചു. തവള മെല്ലെ രൂപം മാറാൻ തുടങ്ങി !!

അഴുക്കായ ഷർട്ട്‌ കഴുകാനായി അഴുക്കുകൊട്ടയിലേക്ക്‌ ഊരിയെറിയുമ്പോൾ രാജകുമാരനെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സുന്ദരിയായ ഒരു ചെറുപ്പക്കാരി അവിടെ പ്രത്യക്ഷപ്പെട്ടു. അതിശയിച്ചുപോയ രാജകുമാരനോട്‌ പൂർവ്വരൂപം തിരിച്ചുകിട്ടിയ രാജകുമാരി, കഥകളെല്ലാം പറഞ്ഞു. പക്ഷെ ഡാകിനി കൊടുത്ത ശാപമോക്ഷത്തിൽ എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടായിരുന്നതുകൊണ്ടാവണം രാജകുമാരിക്ക്‌ എന്തുചെയ്തിട്ടും പൂർവ്വാശ്രമത്തിലെ അഡ്രസ്‌ മാത്രം ഓർമ്മ വന്നില്ല. എങ്കിലും രാജകുമാരനും രാജകുമാരിയും പ്രഥമദൃഷ്ടിയിൽ ത്തന്നെ അനുരക്തരായിക്കഴിഞ്ഞിരുന്നു. താമസിയാതെ രണ്ടുപേരും വിവാഹിതരാകുകയും ചെയ്തു.

ഹണിമൂൺ ഒക്കെ ജോറായിരുന്നു. രാവിലെ പാൽക്കഞ്ഞി നെയ്യൊഴിച്ചു കുടിച്ച്‌ രണ്ടുപേരും രാജകൊട്ടാരത്തിലെ പൂന്തോട്ടത്തിലേക്കിറങ്ങും. രാജകുമാരൻ പൂന്തോട്ടത്തിലെ വള്ളിക്കുടിലിലിരുന്ന് പുല്ലാങ്കുഴൽ വായിക്കും. രാജകുമാരി ഊഞ്ഞാലിലിരുന്നു മന്ദഹസിച്ചുകൊണ്ട്‌ രാജകുമാരനുവേണ്ടി മാലകോർക്കും. ഒരു പുഷ്പകിരീടം പോലും ഒരു ദിവസം രാജകുമാരി, രാജകുമാരനുവേണ്ടി ഉണ്ടാക്കി ശിരസ്സിൽ ചൂടിക്കൊടുത്തു. അതിൽ സംപ്രീതനായ കുമാരൻ "മുത്തുമുത്തുപോലൊരു മിന്നാരം" എന്ന സിനിമാപ്പാട്ട്‌ സുന്ദരമായി പാടി.

'പറഞ്ഞില്ലല്ലോ, രാജകുമാരൻ മനോഹരമായി പാടുമായിരുന്നു. മ്യൂസിക്കിൽ ബിട്ടെക്ക്‌ എടുത്തു, ബീഹാറിൽ നിന്ന് കാശുകൊടുത്തു മേടിച്ച ഒരു എം.ബി.എ വേറെ. ഐ.എ.എസും ഐ.പി.എസും ഒരുമിച്ചു കിട്ടിയെങ്കിലും അടിമപ്പണിക്ക്‌ പോകേണ്ടെന്ന് കൊട്ടാരത്തിലുള്ളവർ പറഞ്ഞതുകൊണ്ട്‌ പോയില്ല. ഇപ്പോൾ ഹോബിക്കൊരു കമ്പ്യൂട്ടർ സെന്റർ നടത്തുന്നുണ്ട്‌. ആള്‌ കട്ട സിക്സ്‌പാക്ക്‌ ആണുതാനും. ഇടയ്ക്ക്‌ ഒരു ദിവസം ഒരു ഗുണ്ടയെ അങ്ങാടിയിൽ വെച്ച്‌ തല്ലി നിലപരിശാക്കിയിട്ടുമുണ്ട്‌.' ഒരൊറ്റ കുഴപ്പമേയുള്ളൂ. അമ്മത്തമ്പുരാട്ടിയെ 'അമ്മമഹാരാജാവ്‌' എന്നും അച്ഛനെ 'അച്ഛൻ മഹാറാണീ' എന്നുമാണ്‌ വയസ്സിത്രയായിട്ടും വിളിക്കുക.

പക്ഷെ രണ്ടുദിവസംകൊണ്ട്‌ ഹണിമൂൺ രണ്ടുപേർക്കും മടുത്തു. രാജകുമാരിക്ക്‌ രാജകുമാരൻ ഫേസ്‌ബുക്കിൽ ഫുൾടൈം ഫിലിപ്പിനികളോട്‌ ചാറ്റ്‌ ചെയ്യുന്നതിന്റെ കലിപ്പ്‌. അസൂയമൂത്ത്‌ കമ്പ്യൂട്ടർ സെന്റർ പോലും രാജകുമാരി പൂട്ടിച്ചു. രാജകുമാരിക്ക്‌ ഒട്ടും സഹിക്കാൻ കഴിയാതിരുന്നത്‌ എന്തു പറഞ്ഞാലും ഹാ ഹൂ എന്നൊക്കെ മൂളിക്കേട്ടിട്ട്‌ കുറേക്കഴിഞ്ഞ്‌, "നീ നേരത്തെ എന്തുവാ പറഞ്ഞത്‌?" എന്നു ചോദിച്ചുവരുന്ന രാജകുമാരന്റെ ശീലമായിരുന്നു.

രാജകുമാരന്റെ പരാതി വേറൊന്നായിരുന്നു. ഏതുനേരവും രാജകുമാരിക്ക്‌ രാക്ഷസനെപ്പറ്റിയേ പറയാനുള്ളൂ. എന്ത്‌ പറഞ്ഞാലും ഒടുവിൽ ചെന്നെത്തുക രാക്ഷസനിൽ ആയിരിക്കും. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും രാജകുമാരിയുടെ വാ തുറന്നാൽ രാജകുമാരൻ പൊട്ടൻ കടിച്ചപോലെ ചാടിത്തുള്ളുന്ന സ്ഥിതിയിലായി കാര്യങ്ങൾ. ഹണിമൂൺ കഴിഞ്ഞ്‌ മൂന്നിന്റെ അന്നോ മറ്റോ ആണെന്നു തോന്നുന്നു, ഉച്ചതിരിഞ്ഞ നേരത്ത്‌ രാജകുമാരി ജനാലയിലൂടെ മഴ കാണുകയായിരുന്നു. മുറ്റത്തെ ദേവദാരു മരത്തിലെ ഇലകളിൽ മഴത്തുള്ളികൾ നൃത്തം വെക്കുന്നത്‌ രാജകുമാരി കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. മഴയത്തേക്കിറങ്ങിയോടാൻ രാജകുമാരിക്ക്‌ തോന്നുന്നുണ്ടായിരുന്നു. നോക്കിനിൽക്കെ, പടിഞ്ഞാറുഭാഗത്ത്‌ കിടിലനൊരു മഴവില്ല് വിരിഞ്ഞു. രാജകുമാരി സന്തോഷത്തോടെ ഓടിപ്പോയി ലാപ്‌ടോപ്പിൽ 'അമേരിക്കൻ റീയൂണിയൻ' എന്ന പടം രസിച്ചു കണ്ടുകൊണ്ടിരുന്ന രാജകുമാരനെ പിടിച്ചുവലിച്ചു കൊണ്ടുവന്നു.

മനസ്സില്ലാമനസ്സോടെ കാര്യമെന്തെന്നറിയാൻ വന്നുനോക്കിയ രാജകുമാരൻ കണ്ടത്‌ മുറ്റത്തെ അയയിൽ ഉണക്കാനിട്ടിരുന്ന രാജകുമാരൻ ആശിച്ചു മോഹിച്ചു വാങ്ങിയ പട്ടുകോണകം അലപലാ നനയുന്നതാണ്‌.

"കഴ്‌വർഡ മോളെ, നിനക്ക്‌ കണ്ണ്‌ കണ്ടൂടെഡി? എന്റെ പട്ടുകോണകം നനയുന്നത്‌ കണ്ടില്ലേടീ ......മോളെ?" രാജകുമാരൻ അരിശത്തോടെ പട്ടുകോണകം എടുക്കാനോടി. അന്ന് രാജകുമാരിക്ക്‌ തെറിയുടെ പെരുന്നാളായിരുന്നു.

അതുകൊണ്ടും പ്രശങ്ങൾ തീർന്നില്ല. അന്നുരാത്രി വീണ്ടും രണ്ടുപേരും എന്തോ ചില്ലറ കാര്യത്തിന്‌ വഴക്കുകൂടി. പൈയുടെ വില മൂന്നോ നാലോ എന്നോ മറ്റോ ആയിരുന്നു തർക്കം. രണ്ടുപേരും തങ്ങൾ പറയുന്നതാണ്‌ ശരി എന്നുവാദിച്ചു. ജയിച്ചേ തീരൂ എന്നു വാശിയായപ്പോൾ രാജകുമാരൻ പറഞ്ഞു.

"അല്ലെങ്കിലും നിനക്ക്‌ എന്തറിയാം? ഒരു വെറും തവളയ്ക്ക്‌? വെറും മാക്കാച്ചിയായി നടന്നിരുന്നതാ. ബാക്കിയുള്ളവൻ കഷ്ടപ്പെട്ട്‌ ശാപമോക്ഷം കൊടുത്തപ്പോൾ നെഗളിപ്പ്‌ നോക്കിക്കേ..." വായിൽ തോന്നിയതൊക്കെ രാജകുമാരൻ അരിശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

"ഞാൻ ഒരുത്തൻ കാരണമാ അവൾക്ക്‌ ശാപമോക്ഷം കിട്ടിയത്‌. അല്ലെങ്കിൽ ഇപ്പോൾ കാണാമായിരുന്നു. ഏതെങ്കിലും നീർക്കോലീടെ വായിലിരുന്നേനെ..."

ദേഷ്യം വന്നാൽ രാജകുമാരൻ സുകുമാർ അഴീക്കോടാണ്‌. ഉത്തരം മുട്ടിപ്പോയ രാജകുമാരി കരച്ചിലടക്കാൻ വായിൽ ഉത്തരീയം കുത്തിത്തിരുകി പള്ളിയറയിലേക്കോടി. പട്ടുമെത്തയിൽ കമിഴ്‌ന്നുകിടന്നു കരയുമ്പോൾ (അതാണ്‌ അതിന്റെയൊരു സ്റ്റൈൽ) ആലോചിച്ചു.

"രാജകുമാരൻ ഇമോഷണൽ ബ്ലാക്ക്‌ മെയിലിംഗ്‌ തുടങ്ങിയിരിക്കുന്നു. എന്തെല്ലാം പറഞ്ഞാലും തവള എന്നുവിളിച്ച്‌ ആക്ഷേപിച്ചില്ലേ? എന്തെല്ലാമായിരുന്നു. മുത്താണ്‌, മുന്തിരിയാണ്‌, ചക്കരയാണ്‌... ഇപ്പോൾ പറയുന്നത്‌ കേൾക്കൂ.. മാക്കാച്ചി എന്ന്" ഓരോന്ന് ഓർക്കുന്തോറും രാജകുമാരിക്ക്‌ സങ്കടവും അരിശവും കൂടിക്കൂടിവന്നു. ജീവിതം അവസാനിപ്പിച്ചാലോ എന്നാണ്‌ രാജകുമാരി ആദ്യം വിചാരിച്ചത്‌. കുറച്ചൊന്ന് ആലോചിച്ചപ്പോൾ രാജകുമാരിക്ക്‌ അത്‌ ഭോഷ്ക്‌ ആണെന്നു തോന്നി. ഇമ്മാതിരി കോന്തന്മാർക്ക്‌ വേണ്ടി എന്തിനാണ്‌ നല്ലോരു ജീവിതം നശിപ്പിക്കുന്നത്‌? ഒടുവിൽ കുറെ കുറെ ആലോചിച്ച്‌ രാജകുമാരി ഒന്നാന്തരമൊരു തീരുമാനത്തിലെത്തി.

"വീണ്ടും തവള ആകുക!!"

അത്‌ നല്ല ഐഡിയ ആണ്‌. രാജകുമാരി വിചാരിച്ചു. "അങ്ങനെ മാത്രമേ ആ നീചനെ തോൽപ്പിക്കാൻ കഴിയൂ. തവളയായി വീണ്ടും ഞാൻ എന്റെ രാക്ഷസന്റെ അടുത്തേക്ക്‌ പോകും. എന്റെ രാക്ഷസന്റെ വിളക്കായി സുഖമായി കഴിയും. ആർക്ക്‌ വേണം ഇവന്റെയൊക്കെ ശാപമോക്ഷം." ഉടുത്ത വസ്ത്രത്തോടെ അന്നു രാത്രിക്ക്‌ രാത്രി രാജകുമാരി കൊട്ടാരം വിട്ടിറങ്ങി. ഡാകിനിയെ തേടിപ്പിടിക്കുകയായിരുന്നു രാജകുമാരിയുടെ ലക്ഷ്യം. ഇരുട്ടിൽ തപ്പിത്തടഞ്ഞ്‌, പൊടിയിലും ചേറിലും വിയർപ്പിലും കുഴഞ്ഞ്‌, വിശപ്പിലും ദാഹത്തിലും മുങ്ങി, രാജകുമാരി ഡാകിനിയെ അന്വേഷിച്ചിറങ്ങി.

അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ. രാജകുമാരി ഡാകിനിയെ കണ്ടെത്തുകതന്നെ ചെയ്തു. പക്ഷെ മഹാവിളവത്തിയായ ഡാകിനി ആ സമയം തന്നെ നോക്കി വേലയിറക്കി. രാജകുമാരിക്ക്‌ അത്യാവശ്യമെന്നു കണ്ടപ്പോൾ അവർ തന്റെ ബിസിനസ്‌ മൈൻഡ്‌ പുറത്തെടുത്തു.

"അയ്യോ, കുറച്ചു നേരത്തെ വരാൻ പാടില്ലായിരുന്നോ? എന്റെ കൈയിലുണ്ടായിരുന്ന ശാപം മുഴുവൻ തീർന്നുപോയല്ലോ."

രാജകുമാരിക്ക്‌ സൂത്രം മനസ്സിലായി. ഡാകിനിയെ സോപ്പിട്ടുനോക്കി. ഡാകിനി അനങ്ങിയില്ല. കാലുപിടിച്ചു കരഞ്ഞുപറഞ്ഞു. കിഴവിയുടെ മനസ്സലിഞ്ഞില്ല. അവരെ ദേഷ്യം പിടിപ്പിക്കാനായി കൈയ്യാംഗ്യം കാണിച്ചുനോക്കി. ഡാകിനി മന:പൂർവ്വം സംയമനം പാലിച്ചു. ഒടുവിൽ അറ്റകൈപ്രയോഗം എന്ന നിലയിൽ രാജകുമാരി തന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ കെട്ടുതാലി അടക്കം അഴിച്ചുനീട്ടി. (ഇത്‌ പക്ഷെ പിന്നീട്‌ രാജകുമാരിക്ക്‌ പാരയാകും. എന്നാലും എങ്ങനെയെങ്കിലും തവള ആയാൽ മതി എന്നൊരു ചിന്ത മാത്രമേ രാജകുമാരിക്ക്‌ അപ്പോൾ ഉണ്ടായിരുന്നുള്ളൂ) ഒടുവിൽ ഓരോ ആഭരണവും എടുത്തു തൂക്കവും മാറ്റും ഒക്കെ പരിശോധിച്ച്‌ തൃപ്തിപ്പെട്ടപ്പോൾ ഡാകിനി രാജകുമാരിയെ വീണ്ടും തവളയാക്കിമാറ്റി. 

ഒരു തവളയുടെ സ്വപ്നങ്ങളുടെ പരിമിതികൾ പുറത്തിറങ്ങിയപ്പോഴാണ്‌ രാജകുമാരിക്ക്‌ മനസ്സിലായത്‌. വഴി തിരിയുന്നില്ല. നോക്കുന്നിടത്തെല്ലാം മതിലുകൾ വന്നു നിറഞ്ഞിരിക്കുന്നു. മതിലുകൾ ഇല്ലാത്തിടത്ത്‌ ഒരു തവളച്ചാട്ടം പോലും ചാടാനിടമില്ലാത്ത വിധം ആറുവരിപ്പാതകൾ. ഒരു നിമിഷം പോലും ഇടവേളയില്ലാതെ, കണ്ണൊന്നു തെറ്റിയാൽ ചമ്മന്തിയാക്കുവാൻ വേണ്ടി ചീറിപ്പായുന്ന പാണ്ടിലോറികൾ. തന്റെ രാക്ഷസന്റെ അടുത്തെത്താനുള്ള വഴിയേതെന്നറിയാതെ തവള വിഷമിച്ചു. ഓരോ മതിലും ചാടിക്കടന്നു. ഓരോ പാണ്ടിലോറിയും പോവാൻ ക്ഷമയോടെ കാത്തിരുന്നു. ഓരോ വഴിയിലും തെരഞ്ഞുതെരഞ്ഞ്‌ ഒടുവിൽ തവൾ രാക്ഷസൻ താമസിച്ചിരുന്ന കാട്ടിലെ കൊട്ടാരത്തിനടുത്തെത്തി.

അവിടം പക്ഷെ തവളയ്ക്ക്‌ തിരിച്ചറിയാൻ കഴിയാത്തവിധം വലിയൊരു മൈതാനമായി മാറിപ്പോയിരുന്നു. ഇടതൂർന്ന് പന്തലിച്ചിരുന്ന മരങ്ങൾ പലതായി മുറിച്ച ചെറുകഷ്ണങ്ങളായും കരിയിലകളായും മാറിയിരുന്നു. കരിങ്കല്ലിനാലും വന്മരങ്ങളുടെ തടികളാലും പടുത്ത രാക്ഷസന്റെ കൊട്ടാരം ഒരു വെറും കൽക്കൂനയായി മാറിയിരുന്നു. അവിടവിടെയായി നാട്ടിയ നിരവധി വിളക്കുകൾ ചൂടും വെളിച്ചവും തുപ്പി രാത്രിയെ പകലാക്കി. കരകര ഒച്ചകളുണ്ടാക്കി, തവള ഇന്നേവരെ കണ്ടിട്ടില്ലാത്ത പലതരം വിചിത്രജീവികൾ അങ്ങുമിങ്ങും പാഞ്ഞു. നിരന്തരം പൊടിയും മണ്ണും കാറ്റിനൊപ്പം മേലേക്കുയർന്നു. രാക്ഷസനും പാടേ മാറിപ്പോയിരുന്നു. മഞ്ഞനിറത്തിലെ ഉരുക്ക്‌ ഉടുപ്പണിഞ്ഞ്‌, എങ്ങോട്ടും തിരിക്കാവുന്ന വിധം നീളംവെച്ച കഴുത്തോടെ പല്ലുകൾ വെളിയിൽ കാണാവുന്ന വലിയ വായ പൊളിച്ച്‌ താനിരുന്ന കുന്നുതന്നെ കുറേശ്ശെയായി തിന്നു തീർക്കുകയായിരുന്നു രാക്ഷസൻ.

"രാക്ഷസനെ... എന്റെ രാക്ഷസനെ... ഞാൻ വന്നു ക്രോം ക്രോം..."

ഒരു കൽക്കൂനയുടെ മുകളിൽ കയറി നിന്ന് തവള രാജകുമാരി ആഹ്ലാദത്തോടെ വിളിച്ചുകൂവി. പക്ഷെ, രാക്ഷസൻ അതൊന്നും കേട്ടില്ല. 'ഇവിടെ ആരാണ്‌ ഇത്രയും വെളിച്ചം വിരിച്ചത്‌?' തവള വിചാരിച്ചു. "അതുകൊണ്ടല്ലേ രാക്ഷസൻ എന്നെ കാണാത്തത്‌? ഈ ജീവികൾ ഇത്ര ഒച്ചയുണ്ടാക്കുന്നതെന്തിന്‌? അതുകൊണ്ടല്ലേ എന്നെ കേൾക്കാത്തെ?"   

അപ്പോഴാണ്‌ തവള തന്റെ ദേഹം ശ്രദ്ധിച്ചത്‌. തവളയുടെ തൊലി നിറംകെട്ട്‌ ചുരുണ്ട്‌ അറപ്പുതോന്നിപ്പിക്കുന്ന ചൊറികളോടെ വിരൂപമായിരുന്നു.

"എവിടെപ്പോയി തന്റെ പ്രകാശിക്കുന്ന ഉടൽ?" ഡാകിനിക്ക്‌ ആഭരണങ്ങൾ അഴിച്ചുകൊടുക്കുമ്പോൾ രാജകുമാരി ഇങ്ങനെയൊരു വിപത്ത്‌ മുന്നിൽ കണ്ടിരുന്നില്ല. 
  
"രാക്ഷസൻ തന്നെ കാണുന്നില്ലേ? രാക്ഷസനു തന്നെ മനസ്സിലായില്ലേ?"

തവളയ്ക്ക്‌ സങ്കടം വന്നു. അത്‌ ആർത്തലച്ചു കരഞ്ഞു. കരച്ചിലുകേട്ട്‌ ആകാശത്ത്‌ അമ്പിളിക്കലയുടെ തോളിൽ കൈയ്യിട്ടു പോയിരുന്ന ഒരു മേഘപ്പെൺകൊടി താഴേക്കു നോക്കി. അവളുടെ ഒക്കത്തിരുന്ന തണ്ണീർക്കുടം ചെരിഞ്ഞുതുളുമ്പി. ഒരു നീർത്തുള്ളി തവളയുടെ മേൽ പതിച്ചു. നീർത്തുള്ളി വീണിടം പ്രശോഭിതമായി. തവള വീണ്ടും കരഞ്ഞു. വീണ്ടും നാലഞ്ചു തുള്ളികൾ കൂടി. പ്രകാശരേണുക്കൾ പൊഴിക്കുന്ന കുറെ പുള്ളികൾ കൂടി തവളയുടെ തൊലിയിൽ പ്രത്യക്ഷമായി.

അവിടെ തെളിച്ചിരുന്ന എല്ലാ ദീപങ്ങളെയും തോൽപ്പിക്കുംവിധം ഒളിവിതറുന്ന ദേഹത്തോടെ ഒരു കൽക്കൂനയുടെമേൽ കയറിനിന്ന് തന്റെ ദേഹം ആവുന്നത്ര വീർപ്പിച്ചുപിടിച്ച്‌ തവള രാക്ഷസനെ നോക്കി വിളിച്ചുകൂവി.

"ദേ നോക്യേ രാക്ഷസാ, നിനക്ക്‌ വെളിച്ചമേകാനായി ദാ നിന്റെ തവള രാജകുമാരി വന്നിരിക്കുന്നു. ഇങ്ങോട്ടൊന്നു നോക്കിയേ, ഒന്നു നോക്കെന്റെ രാക്ഷസാ..."

ആ ആഹ്ലാദാരവം കേട്ടിട്ടോ, വിശപ്പ്‌ തീരാഞ്ഞിട്ടോ എന്തെന്നറിഞ്ഞീലാ, രാക്ഷസൻ വെട്ടിത്തിരിഞ്ഞ്‌ തന്റെ ഭീമൻ വായ പിളർന്ന് തവള ഇരുന്നിരുന്ന കൽക്കൂനയിലേക്ക്‌ കഴുത്തുനീട്ടി പാഞ്ഞടുത്തു! പിന്നെ കൽക്കൂനയടക്കം തവളയെ നാവുകൊണ്ട്‌ കോരിയെടുത്തു മുകളിലേക്കുയർത്തി. തന്റെ രാക്ഷസൻ തന്നെ കണ്ടല്ലോ എന്ന ആഹ്ലാദത്തിൽ മതിമറന്ന് തവള 'പോക്രോം പോക്രോം' എന്നുദ്ഘോഷിച്ച് മുകളിലേക്കും താഴേക്കും ചാടിക്കൊണ്ടിരിക്കെ അൽപം പോലും കരുണ്യമില്ലാതെ രാക്ഷസൻ ആ കൽക്കൂന മുഴുവൻ കോൺക്രീറ്റ്‌ കുഴയ്ക്കുന്ന മെഷീനിലേക്ക്‌ തുപ്പി. ഒരു കോടി നക്ഷത്രത്തിളക്കങ്ങളും പ്രണയാതുരമായ ഒരു പാട്ടും കാടിന്റെയും നിലാവിന്റെയും മണമുള്ള കുറേ ഓർമ്മകളും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട്‌ സിമന്റിലും മണലിലും മെറ്റലിലും ഒക്കെ കുഴഞ്ഞുപോയി.


O3 comments:

 1. ഇങ്ങള് പുലിയാണ് കേട്ടാ.

  ReplyDelete
 2. ഗംഭീരം. അല്ല.... അതിഗംഭീരം!
  എന്റെ മകൻ ഈ കഥ കേട്ട് മനസ്സിലാകാൻ പ്രായമാകുമ്പോൾ ഞാൻ വായിച്ചു കൊടുക്കും.

  ReplyDelete
 3. എന്തൊക്കെയാണ് മാഷെ!!

  ReplyDelete

Leave your comment