Sunday, July 28, 2013

സംസ്കാരജാലകം

സംസ്കാരജാലകം-17
ഡോ.ആർ.ഭദ്രൻ












സ്നോഡെൻ - മനുഷ്യാവകാശപ്രവർത്തകർ ഒന്നിക്കുക




അമേരിക്കയുടെ ആഗോളചാരപ്പണി വെളിപ്പെടുത്തിയതിന്റെ പേരിൽ അമേരിക്ക വേട്ടയാടുന്ന എഡ്വേർഡ്‌ സ്നോഡന്‌ രാഷ്ട്രീയ അഭയം നൽകാൻ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രകടിപ്പിച്ച ധീരത അഭിനന്ദനാർഹമാണ്‌. ഇപ്പോൾ റഷ്യയിലുള്ള സ്നോഡന്‌ താൽക്കാലികാഭയം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഒരു മനുഷ്യന്‌ രാജ്യം ഇല്ലാതാകുന്ന അവസ്ഥ എത്ര ആത്മഘാതിയായ ഒരവസ്ഥയാണെന്ന് ആലോചിച്ചുനോക്കുക. അതും ലോകോത്തരമായ നന്മ പ്രവർത്തിച്ചതിന്റെ പേരിൽ. സ്നോഡനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഒന്നിക്കണം.


വിപണി വാർത്തകളെ വിഴുങ്ങുന്നു


വിപണി വാർത്തകളെ വിഴുങ്ങുന്നത്‌ ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്‌. 2013 ജൂൺ 16 ലെ മാതൃഭൂമി പത്രത്തിലെ ഒന്നാം പേജ്‌ ഉദാഹരണമായി നോക്കുക. പകുതി വിപണി കൊണ്ടുപോയി. Club FM ഉം Joy Alukas ഉം ഈ പകുതി വീതിച്ചെടുത്തിരിക്കുകയാണ്‌. വാർത്തകളെ വിഴുങ്ങുന്ന വിപണി (Market) ലോകത്തിൽ എല്ലാം വിഴുങ്ങും. വിപണിവത്കൃതലോകം ഒരു കടുത്ത വഞ്ചനയാണെന്ന് ലോകം മനസ്സിലാക്കി വരുമ്പോഴേക്കും നാം ഒരുപാട്‌ ലേറ്റായിരിക്കും. Better to be late than never.



 സി.വി.ബാലകൃഷ്ണൻ




എഴുത്തിലുള്ള നിരാശ സി.വി.ബാലകൃഷ്ണന്റെ ചില എഴുത്തുകളിൽ നേരത്തെ വായിച്ചിട്ടുണ്ട്‌. പരിതപിക്കാൻ ഒരു കാലം എന്ന ലേഖനത്തിൽ (ഭാഷാപോഷിണി, വാർഷികപ്പതിപ്പ്‌ 2013) അദ്ദേഹം എഴുത്തിലുള്ള വലിയ വിശ്വാസത്തെ തിരിച്ചുപിടിച്ചിരിക്കുന്നു, സന്തോഷം. പുസ്തകങ്ങളെ എന്നെന്നേക്കുമായി ഇല്ലാതക്കുകയാണ്‌ തന്റെ അന്തിമലക്ഷ്യമെന്ന മൈക്രോസോഫ്റ്റ്‌ മേധാവിയായ ബിൽഗേറ്റ്സിന്റെ ഔദ്ധത്യം കലർന്ന പ്രസ്താവത്തെ നിശിതമായി ഖണ്ഡിച്ചുകോണ്ട്‌ പുസ്തകങ്ങളുടെ നിലനിൽപ്പ്‌ നരരാശിയെ സംബന്ധിച്ച്‌ എക്കാലത്തും പ്രധാനമാണെന്ന് മരിയോ വാർഗസ്‌ യോസ പറഞ്ഞു വെച്ചതിനെ അവലംബിച്ചുകൊണ്ടാണ്‌ സി.വി.ബാലകൃഷ്ണന്റെ പുതിയ ഉത്സാഹം.



പോലീസ്‌ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കരുത്‌


പോലീസ്‌ വിദ്യാർത്ഥികളുടെ രാഷ്ട്രീയസമരങ്ങളെ തല്ലിച്ചതയ്ക്കുന്നതിന്റെ വാർത്തയും ഫോട്ടോയും നിരന്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാനുള്ള അധികാരം പോലീസിന്‌ ആരാണ്‌ നൽകിയിട്ടുള്ളത്‌? മനുഷ്യാവകാശകമ്മീഷൻ എന്തുകൊണ്ടാണ്‌ ഇതിനെതിരെ കേസെടുക്കാതിരിക്കുന്നത്‌? ചിന്താപരമായും ആധുനികവത്കരിച്ച ഒരു പോലീസാണ്‌ ഇനി നമുക്ക്‌ ആവശ്യം. പ്രാകൃതമായ മർദ്ദനമുറകൾ പോലീസ്‌ അറബിക്കടലിൽ തള്ളുക. മാധ്യമങ്ങളൊന്നും ഇക്കാര്യം സംവാദത്തിന്‌ വിധേയമാക്കാതിരിക്കുന്നതും മനസിലാകുന്നില്ല. ജോൺ ബ്രിട്ടാസിന്റെയും ശ്രീകണ്ഠൻനായരുടെയും ഷാനി പ്രഭാകരന്റെയും വീണാ കുര്യാക്കോസിന്റെയും പ്രമോദ്‌ രാമന്റെയും നികേഷ്‌കുമാറിന്റെയുമൊക്കെ പൊതുബോധം എന്തേ കാശിക്കു പോയിരിക്കുകയാണോ?



കടത്തുവഞ്ചി





'കടത്തുവഞ്ചി'യിലെ കവിതകൾ അക്കാലത്ത്‌ എന്തുകൊണ്ടാണ്‌ ശ്രദ്ധിക്കപ്പെടാതെ പോയത്‌ എന്ന് ഇന്നു നാം ആലോചിക്കണം. കെടാമംഗലം പപ്പുക്കുട്ടി ഈഴവസമുദായാംഗവും പുരോഗമന രാഷ്ട്രീയദർശനത്തിന്റെ ഉടമയും ആയതുകൊണ്ടാണെന്നു വ്യക്തം.ഇക്കാര്യം അവതാരികയിൽ കേസരിയും നിരീക്ഷിച്ചിരുന്നു. പപ്പുക്കുട്ടിയുടെ കവിതകളെ ശരിയാംവണ്ണം ലോകത്തിനു പ്രകാശിപ്പിച്ചുകൊടുക്കുന്ന അവതാരികയാണ്‌ കേസരി കാഴ്ചവെച്ചത്‌. കവിതകളും അവതാരികയും ഒരുപോലെ തമസ്കരിക്കപ്പെട്ടു. Fittest will Survive. ഇതുരണ്ടും കാലം വീണ്ടെടുക്കേണ്ട സമയമായി. പുരോഗമന രാഷ്ട്രീയദർശനത്തിന്റെ പുളകോദ്ഗമകാരിയായ കവിതകളാണ്‌ ഈ സമാഹാരത്തിലെ കവിതകളോരോന്നും. സംശയമേ ഇല്ല. ദർശനത്തിന്റെ കരുത്തുള്ള അദ്ദേഹത്തിന്റെ നാലുവരികൾ വായിച്ചുകൊള്ളുക.

സത്യം സമത്വവും സ്നേഹധർമ്മാദിയും
കോർത്തിട്ട മാല്യം കൊടിക്കൂറയാക്കണം
വിശ്വം ധരിക്കും വിഷച്ചട്ട മാറ്റണം
ശാശ്വത സൗഖ്യവും ശാന്തിയും നേടണം.
(യുവഭടൻ)




മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി


മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്‌ സന്തോഷകരമാണ്‌. തമിഴിന്‌ ശ്രേഷ്ഠഭാഷാപദവി കിട്ടിയതിനു ശേഷം കന്നഡയ്ക്കും തെലുങ്കിനും ഈ പദവി കിട്ടിയതിനു പിന്നിൽ രാഷ്ട്രീയസമ്മർദ്ദങ്ങൾ ഏറെയുണ്ടായിരുന്നു. മലയാളത്തിനും ഈ രാഷ്ട്രീയസമ്മർദ്ദം വേണ്ടിവന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. എം.ജി.എസ്‌.നാരായണൻ പറയുന്നതുപോലെ ശ്രേഷ്ഠഭാഷാപദവി എന്ന സങ്കൽപം മറ്റുഭാഷകളെ നികൃഷ്ടഭാഷയാക്കി മാറ്റുന്നതിലേക്ക്‌ നയിക്കാം. എല്ലാ ഭാഷകളും ശ്രേഷ്ഠമാണെന്ന യാഥാർത്ഥ്യത്തെ നാം ഒരിക്കലും മറക്കാൻ പാടില്ല.



മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ





എരുമേലി പരമേശ്വരൻപിള്ളയുടെ 'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' കറന്റ്‌ ബുക്സ്‌ പുറത്തിറക്കി. 1966 ലാണ്‌ ഈ കൃതി പിറന്നത്‌. 47 വർഷത്തിനു ശേഷം മലയാള സാഹിത്യം സൈബർയുഗത്തിൽ എത്തിനിൽക്കുമ്പോൾ മലയാളസാഹിത്യത്തിന്റെ എല്ലാ ചലനങ്ങളും ഏറ്റെടുത്തുകൊണ്ടാണ്‌ പതിനഞ്ചാം പതിപ്പ്‌ പുറത്തുവരുന്നത്‌. ഇതിനുപിന്നിലുള്ള എരുമേലിയുടെ കഠിനാദ്ധ്വാനവും അർപ്പണബുദ്ധിയും ഏറെ അഭിനന്ദനീയമാണ്‌. മലയാള സാഹിത്യത്തിലെ എല്ലാ ശാഖകളെയും ഒരു സാഹിത്യചരിത്ര ഗ്രന്ഥത്തിനുള്ളിൽ വിദഗ്ദമായി ഉള്ളടക്കിയിരിക്കുന്നു എന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ മഹത്വം. ഓരോ പതിപ്പ്‌ പുറത്തിറങ്ങിയപ്പോഴും അതുവരെയുള്ള പുതുചലനങ്ങളെ ഏറ്റെടുത്തുകൊണ്ടാണ്‌ അത്‌ വെളിച്ചം കാണുന്നത്‌. 'ഒരു ജനതയുടെ ആത്മാവിഷ്കാരത്തിൽ സംഭവിക്കുന്ന ഭാവുകത്വപരമായ പരിണാമത്തെ നിരന്തരം പിൻതുടർന്നുകൊണ്ട്‌ ഒരു സാഹിത്യചരിത്രം വളരുന്നതിന്റെ കൗതുകകരമായ കാഴ്ചയാണ്‌ 'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' പങ്കുവെക്കുന്നത്‌ എന്ന സി.ഉണ്ണികൃഷ്ണന്റെ അഭിപ്രായം നൂറുശതമാനം ശരിയാണ്‌. (ഗ്രന്ഥാലോകം മെയ്‌ 2013)


സോളാർ തട്ടിപ്പ്‌/ ജോസ്‌ തെറ്റയിൽ


സോളാർ തട്ടിപ്പിലൂടെ യു.ഡി.എഫിന്‌ കേരളത്തിൽ ഭരിക്കാനുള്ള ധാർമ്മികാവകാശം പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്‌. എത്രയും പെട്ടെന്ന് രാജിവെച്ച്‌ അവർ ജനാധിപത്യബോധത്തെ സംരക്ഷിക്കുവാൻ മുന്നോട്ട്‌ വരണം. ഈ അഴിമതി പുറത്തുകൊണ്ടുവന്ന കൈരളി ചാനൽ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്‌ വലിയ സംഭാവനയാണ്‌ നൽകിയിട്ടുള്ളത്‌. കേരളരാഷ്ട്രീയം ലൈംഗികതയിലേക്ക്‌ വഴുതിവീഴുന്നത്‌ എന്തുകൊണ്ടും അപലപനീയമാണ്‌. ജോസ്‌ തെറ്റയിലും രാജിവെച്ച്‌ രാഷ്ട്രീയധാർമ്മികതയുടെ പാഠങ്ങൾ കേരളത്തിന്‌ കാണിച്ചുകൊടുക്കണം.




വീരാൻകുട്ടി/ സ്മാരകം




വീരാൻകുട്ടി 'പറക്കം' എന്നൊരു കവിതയെഴുതിയിട്ടുണ്ട്‌. അത്‌ ഒരു പക്ഷിയുടെ പറക്കത്തിന്റെ കവിതയാണ്‌. അക്കവിതയോടു ചേർന്നു നിൽക്കുന്ന ഒരു രചനയാണ്‌ 'സ്മാരകം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2013 ജൂൺ 7). സ്വന്തം കുഞ്ഞിനെയെന്നപോലെ വിത്തിനെ മടിയിൽ വെച്ചുള്ള ഒരു പഞ്ഞിയുടെ പറക്കലാണ്‌ ഇവിടെ കവിതാവിഷയം. പഞ്ഞിയുടെ വിത്ത്‌ ഒരു സ്മാരകമായി എങ്ങനെ മാറുന്നു എന്നതിന്റെ ഭാവനാത്മകസഞ്ചാരം എത്ര മനോജ്ഞമായാണ്‌ സംഭവിക്കുന്നതെന്ന് നോക്കുക!

വിനീതമെങ്കിലും
ധീരമായ അതിന്റെ ശ്രമം
വീണുപോകുന്നിടത്ത്‌
സ്മാരകമായി
ഉയർന്നുവന്നേക്കും
ആരുമറിയാതെ
നാളെ
ഒരു മരം.

പുതുമലയാള കവിത എങ്ങനെ ധ്യാനവഴിയിലൂടെ സഞ്ചരിക്കുന്നു എന്നതിന്റെ മാതൃകയുമാണിത്‌. വല്ലാത്ത ഒരു ശാന്തത കവിതയായി സാന്ദ്രമാകുന്നു. ഗംഭീരമായ ഒരു കവിതാനുഭവമാണ്‌ വീരാൻ ഇതിലൂടെ മലയാളത്തിന്‌ നൽകിയിരിക്കുന്നത്‌.


കെ.വി.തമ്പി മാഷ്‌ (കാതോലിക്കേറ്റ്‌ കോളേജ്‌, പത്തനംതിട്ട)




കെ.വി.തമ്പി മാഷ്‌ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. സാഹിത്യത്തിലൂടെ ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും മഹാപ്രകാശം ഞങ്ങളുടെ ഹൃദയത്തിൽ തെളിയിച്ച മഹാഗുരുവിന്‌ പ്രണാമം. ആരും മനസ്സിലാക്കാതെ പോയ ഈ പ്രഹേളികയെ ഓരോരുത്തർ അവരവരുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച്‌ വ്യാഖ്യാനിച്ചു. പക്ഷെ ഈ വ്യാഖ്യാനങ്ങൾക്കിടയിൽ ഈ പ്രഹേളികയുടെ സത്യം ഞെരിഞ്ഞമർന്നു. ഈ ദുരന്താത്മകത തീർക്കുന്നത്‌ മറ്റൊരു പ്രഹേളികയല്ലാതെ വേറെന്താണ്‌?


O


PHONE : 9895734218



No comments:

Post a Comment

Leave your comment