Sunday, September 8, 2013

മറ്റൊരു നഗരത്തിൽ സായാഹ്നം

കഥ
അമൽ


“Lets say that modern art insists upon the individual as Fragmented, wandering, at loose ends, as one who cannot find himself in the mirror of any ideology.  It seizes this moment of fragmentation in a gesture that does not give it meaning, but is, in its very formal existence, a gesture of fleeting sovereignty and of momentary enthusiasm”
Julia Kristeva (1986) പ്രധാനസാക്ഷി

കൃഷ്ക്‌... ക്‌..ക്‌...

ഒരു വലിയ മഞ്ഞുമലയിലേക്ക്‌ തീവണ്ടി ഇടിച്ചുകയറുന്നത്‌ സ്വപ്നം കണ്ടാണ്‌ ഞാൻ ഞെട്ടിയുണർന്നത്‌. കണ്ണ് പരമാവധി തുറന്നു പിടിച്ചങ്ങനെ കിടന്നു. യാത്ര പുറപ്പെടുമ്പോൾ റെയിൽവേ സ്റ്റേഷനാകെ മൂടൽമഞ്ഞ്‌ പടർന്ന് കിടന്നതാകാം ഇത്തരമൊരു സ്വപ്നത്തിന്‌ ഉപോദ്‌ബലകമായത്‌. പല ട്രാക്കുകളിൽക്കൂടി മഞ്ഞിനെത്തുളച്ച്‌ തീവണ്ടികളോടിക്കൊണ്ടിരുന്നത്‌ തലച്ചോറ്‌ ഉറക്കത്തിനിടെ വീണ്ടെടുത്തതാവണം. അല്ലാതെ, പണ്ടെങ്ങോ കണ്ട ടൈറ്റാനിക്‌ എന്ന സിനിമ സ്വപ്നത്തിലതിക്രമിച്ചതൊന്നുമാവില്ല. തീവണ്ടിത്താളം ആസ്വദിച്ചുകൊണ്ട്‌ സമയം നോക്കി. 2 AM

ഹോ, ഇപ്പോൾ പുറത്ത്‌ കൊടുംതണുപ്പും മൂടൽമഞ്ഞുമാവണം. അതോ കൊടുംചൂടോ? കുറച്ച്‌ മുകളിലായി മുരളുന്ന ഫാനിന്റെ വക കുറച്ച്‌ തണുപ്പ്‌ മാത്രമേ എനിക്കനുഭവപ്പെടുന്നുള്ളൂ. ഇനി തണുപ്പും കൊടുംമഞ്ഞുമെല്ലാം സ്വപ്നത്തിന്റെ ഭാഗമായിരുന്നോ? ദീർഘകാലം ഗുഹയിലുറങ്ങിക്കിടന്ന ശേഷം പുറത്തേക്ക്‌ വന്ന കരടിയുടെ മട്ടിൽ ചുറ്റും കണ്ണോടിച്ചു. എതിർബർത്തുകളിൽ പ്രായം ചെന്ന നാലുപേർ ചെരിഞ്ഞ്‌ കിടന്നുറങ്ങുന്നു. എതിരെയുള്ള രണ്ട്‌ ബർത്തുകളിൽ മധ്യവയസ്സിനോടടുത്ത ദമ്പതികളാണ്‌. അവരും ചെരിഞ്ഞ്‌ സുഖസുഷുപ്തിയിലാണ്‌. തല കൈകൊണ്ട്‌ മറച്ച്‌, ചെളിയിലേക്ക്‌ കാലുയർത്തിയൂന്നി പെരുമഴയിലൂടെ നടന്നുപോകുന്നത്‌ പോലെയുണ്ട്‌ അവരുടെ കിടപ്പ്‌. ഒരുപക്ഷേ, അവരുടെ സ്വപ്നങ്ങൾ ഇപ്പോൾ ചോർന്നൊലിക്കുന്നുണ്ടാവും. ഭയക്കണ്ട. ഉരുക്കിന്റെ കുടപിടിച്ചാണ്‌ ഈ തീവണ്ടി മഴയിലൂടെ കൂകിപ്പായുന്നത്‌. ഏറ്റവും താഴത്തെ രണ്ട്‌ ബർത്തുകളിൽ മധ്യവയസിനോടടുത്ത, മുഖാമുഖം അകലമിട്ട്‌ ഉറങ്ങുന്നവർ. വളരെ സാധാരണ വേഷം ധരിച്ച ആ ദമ്പതികളോട്‌ ഒരു മമത തോന്നി. കട്ടിപ്പുതപ്പ്‌ പോയിട്ട്‌ നേരിയൊരു തോർത്തുമുണ്ട്‌ കൊണ്ടുപോലും അവർ പുതച്ചിട്ടില്ല. അപ്പോൾ തണുപ്പല്ല, ഉഷ്ണമാണ്‌. ചൂട്‌ പിടിച്ച വായുവിനെ കഷ്ടപ്പെട്ട്‌ ചുറ്റും ചലിപ്പിക്കുകയാണ്‌ കറുത്ത അസ്ഥികൾ വൃത്തത്തിലടുക്കിയ പോലെയുള്ള തീവണ്ടിഫാനുകൾ. ഒന്നുകൂടി സമയം നോക്കി. 2.05 AM

ഇപ്പോൾ വായുവിന്‌ നല്ല ചൂട്‌ തോന്നി. എന്നിലെ കാലാവസ്ഥാബോധം ചൂളംകുത്തി. തീവണ്ടി ഏതോ വിജനമായ സ്റ്റേഷനിലേക്കടുക്കുന്നത്‌ പോലെ തോന്നി. അരം തേഞ്ഞ സൈറണടങ്ങിയപ്പോൾ വേഗത കുറഞ്ഞുതുടങ്ങി. അപ്പോഴാണ്‌ ഞാൻ ആ പെൺകുട്ടിയെക്കുറിച്ചോർത്തത്‌. ധൃതിയിൽ ചാടിക്കയറി, ഉന്തിത്തള്ളി വന്ന് നമ്പർ നോക്കി, സൈഡ്‌ അപ്പർ ബർത്തിലേക്ക്‌ ചാടിക്കയറി സുരക്ഷിതനാവുന്നതിനിടയിലേപ്പൊഴോ ആ പാവം ദമ്പതികൾക്ക്‌ നടുവിൽ ഒരു പെൺകുട്ടി കൈവെള്ളയിലമർത്തി വെച്ച മൊബൈലും നോക്കിയിരിക്കുന്നത്‌ തെല്ലിട ശ്രദ്ധിച്ചിരുന്നു.

അവളെവിടെപ്പോയി?

ഒരിക്കൽ മൃദുവായിരുന്ന ഇപ്പോൾ കല്ലുപോലെ കല്ലിച്ച ബർത്തിന്റെ മേൽക്കൂരയിലേക്ക്‌ ഘടിപ്പിച്ചിരുന്ന ഇരുമ്പ്‌ കൊളുത്തിൽപ്പിടിച്ച്‌ ഞാൻ താഴേക്ക്‌ തലനീട്ടിനോക്കി. ഒരിക്കലും മറക്കാനാവാത്ത, കണ്ണിനെ സുഖദമായൊരു കാലാവസ്ഥയിലേക്ക്‌ പറിച്ചുനട്ട ഒരു കാഴ്ചയായിരുന്നു എന്റെ തൊട്ടുതാഴെ ഉണ്ടായിരുന്നത്‌. കടുംമഞ്ഞ സൂര്യകാന്തിപ്പൂവുകൾ നിരനിരയായി വിടർന്ന ഒരു ഇറുകിയ ടീഷർട്ടും ഇളം നീലാകാശം മാതിരി പ്രശാന്തമായൊരു ഹാഫ്‌ പാന്റ്സും ധരിച്ച്‌ ആ പാവം ദമ്പതികളുടെ മകൾ മലർന്നു കിടക്കുന്നു. എന്റെ മനസ്സിലെവിടെയോ ഒളിച്ചിരുന്ന ഒരു കള്ളൻ അവളെ രണ്ടാമതൊന്ന് നോക്കും മുമ്പ്‌ അപ്പുറവും ഇപ്പുറവും ഇടനാഴിയും മുഴുവൻ കണ്ണുകളെ പറഞ്ഞുവിട്ടു. പാളിപ്പാളി വീഴുന്ന വെട്ടത്തിൽ എല്ലാവരും ആടിയാടി ഉറങ്ങുകയാണ്‌. അവളും മെല്ലെ ആടുന്നുണ്ട്‌. ജീവിതത്തിലിതുവരെ ഇങ്ങനെയൊരു വിഗഹവീക്ഷണത്തിന്‌ ഭാഗ്യം സിദ്ധിച്ചിട്ടില്ല. ബോർഡറിൽ ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങി കുറ്റിക്കാടുകൾ വകഞ്ഞ്‌ ഒളികണ്ണിട്ട്‌ അപ്പുറത്തെ നീക്കങ്ങൾ പഠിക്കുന്ന സൈനികന്റെ ഭവത്തിൽ ഞാൻ താഴേക്കുറ്റുനോക്കിക്കിടന്നു. തുറന്നുകിടക്കുന്ന, ബാറുകളില്ലാത്ത ജനാലയിലൂടെ ഇടയ്ക്കിടെ വലിയ തോതിൽ വെട്ടം വന്നുവീഴുന്നതും കാറ്റ്‌ ചെമ്പിച്ച തലമുടിയിൽ ആഞ്ഞ്‌ വലിക്കുന്നതും നോക്കിക്കണ്ടു. കൊടുംചൂടാണ്‌ പുറത്ത്‌. അതാണിവൾ ജനാലയടയ്ക്കാതെ, പുതപ്പിട്ടു ശരീരം മൂടാതെ ഇങ്ങനെ കിടക്കുന്നത്‌. എത്ര പിടിച്ചു മാറ്റിയിട്ടും കണ്ണുകൾ അവളുടെ ഇറുകിയ ടീഷർട്ടുമായുള്ള ഉന്തും തള്ളും തുടരുകയാണ്‌. കടുംമഞ്ഞ സൂര്യകാന്തിപ്പൂവുകൾ ഉയർന്നു താഴുന്നു. മൂക്ക്‌ പൂപോലെ വിടരുന്നു. ഇവൾ മരിച്ചു മലർന്നു കിടക്കുന്ന ഒഫീലിയയാണ്‌. അവളൊരു കാൽ ഉയർത്തി വെച്ചതിനാൽ പിന്നെ ഹാഫ്‌ പാന്റുമായിട്ടായി കണ്ണുകളുടെ വടംവലി. വണ്ണമുള്ള കാല്‌ എന്ന് സ്പഷ്ടതയോടെ തലച്ചോറ്‌ ആവർത്തിച്ചു പറയുന്നു. ഇറുകിയ വസ്ത്രങ്ങൾ പൊട്ടിച്ച്‌ പുറത്തേക്കിറങ്ങുന്ന ശരീരാഗ്നിയിലേക്ക്‌ ഈയാംപാറ്റക്കണ്ണുകൾ പാറിപ്പറന്നടുക്കുന്നു. ആർക്കാണ്‌ ഇത്തരമൊരു സാഹചര്യത്തിൽ ഒഴുക്കിനെതിരെ നീന്താൻ കഴിയുക? വളരെ പാവം, സാധാരണവസ്ത്രങ്ങൾ ധരിച്ച ആ ദമ്പതികൾക്ക്‌ ഇവളിങ്ങനെ കിടക്കുന്നതിൽ എന്താണ്‌ പങ്ക്‌? വളരെയധികം മോഷ്ടാക്കൾ ചുറ്റിപ്പറക്കുന്ന ഈ നേരത്ത്‌ ആ ജനാല അടയ്ക്കാതെ ഇത്രയും ഇറുകിയ വസ്ത്രങ്ങൾ ധരിച്ച്‌ എന്തിനാണവൾ മലർന്ന് കിടക്കുന്നത്‌? ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും കുതറുന്ന മനസ്സിനെ അഗ്നിപർവ്വതങ്ങൾ പുകയുന്ന ഒരു താഴ്‌വാരത്തിലേക്ക്‌ പറിച്ചുനടാൻ ശ്രമിച്ചത്‌ വിജയിച്ചില്ല. കണ്ണും മനസ്സും മതിലുകൾ അനായാസം ചാടി അവളുടെ രൂപത്തിലേക്ക്‌ ആവർത്തിച്ച്‌ പായുന്നു. അടുത്തടുത്തായി ഇല്ലാത്ത സഹോദരിമാരെയും അമ്മയെയുമൊക്കെ മനസ്സിലേക്കടുക്കാൻ ശ്രമിച്ചു. നിയന്ത്രണാതീത തടങ്ങളെ കുറച്ച്‌ അടക്കിപ്പിടിക്കാനായി സത്യം, ധർമ്മം, നന്മകൾ, കടമകൾ.... തഥൈവ. വീണ്ടും അത്‌ മടകൾ തകർത്ത്‌ താഴേക്കൊഴുകി അവളിലേക്ക്‌ വീണു. വളരെ നല്ല വിദ്യാഭ്യാസവും, വിവേകവും, തിരിച്ചറിവും, സമൂഹത്തിൽ ബഹുമാന്യതയുള്ള ജോലിയുമൊക്കെയുള്ള ഒരാളിനെപ്പോലും ഒരിറുകിയ മഞ്ഞടീഷർട്ടും ഒരു ഹാഫ്‌പാന്റ്സും വടംകെട്ടി വലിച്ചു കൊണ്ടുപോകുന്നു. തമോഗർത്തങ്ങൾ എല്ലാം വലിച്ച്‌ വിഴുങ്ങുന്നു. സ്വയം നിയന്ത്രിക്കാനാവാത്ത ബോധത്തെ വലിച്ചെടുക്കുന്ന പ്രകോപന ശൃംഖലകളോട്‌ മല്ലിട്ട്‌ അവൾ മകളാണെന്ന് ചിന്തിക്കാൻ ശ്രമിച്ചു. അപ്പോഴുണ്ട്‌, നമ്മുടെ മകൾ പ്രകോപിത വേഷം ധരിക്കില്ല, അഥവാ ധരിച്ചാലും ഇങ്ങനെ മലർന്ന് കിടക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കില്ല എന്നൊരു ആരവം ഹൃദയത്തിൽ നിന്ന് കൊട്ടിപ്പാടി വന്ന് തലച്ചോർ കുഴച്ചുമറിച്ചു. നോക്ക്‌! നോക്ക്‌! താഴേക്ക്‌ നോക്ക്‌!! നോക്കരുതെന്നും നോക്കാനും ഞാൻ തന്നെ പറയുന്നു. രണ്ടവസ്ഥകളിൽ ഹൃദയം പിടയ്ക്കവേ, ഫാഷൻ വസ്ത്രങ്ങളോടും അത്‌ വാങ്ങിയുടുത്ത്‌ പരിസരം മറക്കുകയോ പരിസരത്തെ ആകർഷിക്കുകയോ ചെയ്യുന്ന പെൺകുട്ടികളോടും ഒരസ്വസ്ഥത തോന്നി. പക്ഷേ കണ്ണുകൾ രണ്ട്‌ സൂര്യകാന്തിപ്പൂവുകൾ മറയിട്ടിട്ടും തള്ളിവരുന്ന അവളുടെ നെഞ്ചിൽ തന്നെയിരുന്നു.
        
പാളിപ്പോവുന്ന മനസ്സുള്ള ഞാനോ കുഴപ്പക്കാരൻ?
പ്രകോപിതവേഷം ധരിക്കുന്ന പെൺകുട്ടികളാവില്ല കുറ്റക്കാർ.

തീവണ്ടി ഒരു സ്റ്റേഷനിൽ വന്നടിഞ്ഞു. രണ്ടേകാലായി മണി. പുറത്ത്‌ ഇടിമിന്നലുണ്ടോ? കൊള്ളിയാൻ മിന്നുന്ന വെളിച്ചമാണോ അവളെ വന്ന് പുൽകി തിരിച്ചുപോകുന്നത്‌? ആരും കയറുന്നില്ല. ആരും ഇറങ്ങുന്നില്ല. ആരും ഉണരുന്നുമില്ല. ട്രെയിൻ വിസിലൂതി. ഇങ്ങനെ ശരീരാകൃതി തളംകെട്ടി നിൽക്കവേ ഒരു നിഴൽ വന്നതിൽ വീണു. ജഢകെട്ടിയ താടി മാത്രമേ കണ്ടുള്ളൂ. അഴുക്ക്‌ കറുപ്പിച്ച കൈപ്പത്തികൾ പാമ്പുകളെപ്പോലെ അകത്തേക്ക്‌ നീണ്ടുവന്നു. എന്റെ പ്രവചനം ശരിയായേ ഹായ്‌ ഹായ്‌. പാറിപ്പറന്നിരുന്ന കള്ളനൊരാൾ ഇതാ സ്വർണ്ണമാലപ്പൂവിലേക്ക്‌ പറന്നിറങ്ങുന്നു. അശ്രദ്ധയും സ്വബോധരാഹിത്യവും ക്ഷണിച്ച്‌ വരുത്തിയ വിന. ഉള്ളിൽ ഇങ്ങനെയൊരു സന്തോഷം മുളപൊട്ടിയത്‌ ഞെട്ടിപ്പൊട്ടി. ആ കറുത്ത കൈകൾ മലർന്ന് സർവ്വവും മറന്ന് കിടക്കുന്ന പെൺകുട്ടിയുടെ സൂര്യകാന്തിപ്പൂവുടുപ്പിൽ തൊട്ടു. പിന്നെ ഒരു വട്ടം മൃദുമാറിടങ്ങളിൽ ഇറുകെ ഒന്നമർത്തി മിന്നലുപോലെ പിന്മാറി. ട്രെയിൻ മെല്ലെ ചലിച്ചു തുടങ്ങി. വീണ്ടും ആ കൈകൾ കടന്നുകയറി രണ്ട്‌ പൂവുകളിലും പിടിച്ച്‌ ഇതളുകൾ ഞെരിച്ചു. ട്രെയിൻ ചെറുവേഗം പ്രാപിച്ചു. സ്വന്തം ശരീരം ഒരജ്ഞാത ആക്രമി പിഴുതെടുക്കുന്നതറിയാതെ കിടന്നുറങ്ങുന്ന അവളിനി വല്ല മാനസികക്കുഴപ്പവും ബാധിച്ച പെണ്ണാണോയെന്ന് തോന്നിപ്പോയി. ട്രെയിൻ മെല്ലെ ചലിക്കുന്നതോടൊപ്പം പുറത്തെ അക്രമി വീണ്ടും ഓടിവന്നു. ഇറച്ചിയിലേക്ക്‌ തിരിച്ചുവരുന്ന ഈച്ചകളെ ഓർത്തു. വീണ്ടുമവൻ ശക്തിയായി മാറിടം ഞെക്കി. അവൾ ഉണരാത്തതും, പ്രതിഷേധിക്കാത്തതും പിന്നെ അത്യാഗ്രഹവും കൊണ്ടാവണം ട്രെയിൻ സാമാന്യവേഗത്തിലായപ്പോഴും അവൻ പാഞ്ഞുവന്ന് ഒരിക്കൽക്കൂടി കൈകളിട്ടത്‌.

എന്നെ ഞെട്ടിച്ചുകൊണ്ടവൾ ഇരുകൈത്തണ്ടകളിലും ഒറ്റപ്പിടി പിടിച്ചു - വളരെ ദൃഢമായി ഒരു നീരാളിപ്പിടിത്തം. അവന്റെ കുതറലും വലിയുമൊന്നും ഏശിയില്ല. പാളങ്ങളിൽ ലോഹച്ചക്രങ്ങൾ ഭ്രാന്തമായുരയുന്ന ശബ്ദത്തിൽ അവന്റെ ഭാഗത്ത്‌ നിന്നുണ്ടായിരുന്നിരിക്കാവുന്ന അലറലും പതറലുമൊന്നും കേൾക്കാൻ പറ്റിയില്ല. പ്ലാറ്റ്‌ഫോം കടന്ന് കുറച്ച്‌ മുന്നോട്ട്‌ പോയപ്പോൾ ഒരിടുങ്ങിയ പാലമാണതെന്ന് ഉറപ്പായി. ഒരു ഭാവവ്യത്യാസവുമില്ലാതെ അടച്ചുപിടിച്ച കണ്ണുകൾ ഒരിക്കൽപ്പോലും തുറക്കാതെ കൈയിലെ പിടി തരിമ്പും വിടാതെ അവൾ മലർന്ന് കിടപ്പാണ്‌. എന്നിൽ ഇടിവെട്ടി മിന്നലുകൾ പെയ്തു.

ട്രഷ്ക്ക്‌ ..പ്‌..ർ..ട്ട്‌...

ഒരുവട്ടം-രണ്ടുവട്ടം - മൂന്നുവട്ടം - നാലുവട്ടം ഞെക്കിയിട്ടും അത്യാഗ്രഹം മാറാത്ത അവന്റെ ശരീരം പാലത്തിലിടിച്ച്‌ നുറുങ്ങുന്ന ദൃശ്യം ഭാവനയിൽ കണ്ട്‌ വിറച്ച്‌ ഞാൻ തിരിഞ്ഞ്‌ കിടന്നു. വേറൊരു ബോഗിയിൽ, താഴെ സീറ്റുണ്ടായിട്ടും, ടി.ടി.ഇക്ക്‌ കൈക്കൂലിയിട്ട്‌ ഈ അപ്പർബർത്ത്‌ കൈക്കലാക്കിയത്‌ തെറ്റായിപ്പോയി.

പരാതിക്കാരൻ

ജീവനാണോ ശരീരമാണോ വലുത്‌?


വളരെ അപ്രതീക്ഷിതമായിരുന്നു ആ പെൺകുട്ടിയുടെ നീക്കം. അവൾ അക്ഷരാർത്ഥത്തിൽ ചവണക്ക്‌ കുടുക്കിക്കളഞ്ഞു. എന്റെ ശക്തി മുഴുവൻ ക്ഷയിച്ച്‌ തൂങ്ങിക്കിടന്നു. പ്ലാറ്റ്‌ഫോം തീർന്നതും ഞാൻ മരണമുറപ്പിച്ചു. മുറിവ്‌ വ്രണമായ കൈമുട്ട്‌ ജനാലവക്കിലുരഞ്ഞ്‌ അസഹ്യമായി വേദനിച്ചു. അപ്പോഴേക്കും ട്രെയിൻ നല്ല വേഗത്തിലായി. എന്റെ കാലുകൾ നിലയില്ലാതെ, ഗതി കെട്ടലഞ്ഞു. ഉരുക്ക്‌ പാലത്തിലൂടെ ട്രെയിൻ കയറിയപ്പോൾ കാതടപ്പിക്കുന്ന ഒച്ച ഉയർന്നതെന്നെ കൊല്ലാതെ കൊന്നു. അവളിപ്പോൾ കൈവിടുമെന്നും ഞാൻ തണുത്തുറഞ്ഞ നദിയിലേക്ക്‌ തലകീഴായി വീഴുമെന്നും ഉറപ്പിച്ചു.

ഛ്ലഷ്ക്‌... ധഡ്‌.. ഗ്ലം..ശ്ല്...

എവിടെയൊക്കെയോ ഇടിച്ചും അടിച്ചും താഴേക്ക്‌ തെറിച്ചു. തുറന്നുകിടക്കുന്ന തീവണ്ടിജനാലകൾ കാത്ത്‌ ഉറക്കമൊളിപ്പിച്ച്‌ കാത്തിരിക്കാറുണ്ടായിരുന്ന രാത്രികളെപ്പോലെയല്ലായിരുന്നു ഇത്‌. പഴ്സോ, ബാഗോ സ്വർണ്ണാഭരണങ്ങളോ തേടി കൈയ്യിടാറുണ്ടായിരുന്നതുപോലെയല്ലയിരുന്നു ഇത്‌. അഴുകിയ ഗലികളിൽ അന്തിയുറങ്ങുന്ന, കീറിപ്പറിഞ്ഞ ചെളിപിടിച്ച ചണത്തുണികൾ ധരിക്കുന്ന, പട്ടിണിയും, പീഢകളും കോലം കെടുത്തിയ എനിക്ക്‌ സ്വർണ്ണമോ പണമോ തേടുക തന്നെയായിരുന്നു അഭികാമ്യം. എന്നാൽ മനസ്സിന്റെ നിയന്ത്രണരേഖ എവിടെ വെച്ചാണ്‌ പൊട്ടുന്നത്‌? സ്വർണ്ണത്തെ മറന്ന് ഒന്ന് രണ്ട്‌ മൂന്ന് നാല് വട്ടം അവളുടെ യുവമാറിടങ്ങളെ ഞെക്കിനോക്കുകയാണുണ്ടായത്‌. എന്നെപ്പോലെ പണത്തിനാവശ്യക്കാരനായ, പട്ടിണിയും പീഢകളും അതിന്‌ മാത്രം മനസ്സിനെ രൂപപ്പെടുത്തിയ ഒരുവനെപ്പോലും അവയൊക്കെ മറന്ന് ബോധം മറിച്ച്‌ വീഴ്ത്തുവാൻ മാത്രം എന്താണിത്‌? ഇറുകിയ മഞ്ഞസൂര്യകാന്തിപ്പൂക്കളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നോ, കുറ്റപ്പെടുത്തണമെന്നോ അറിയില്ല. ഇതൊരുപക്ഷെ പ്രപഞ്ചനിയമമായിരിക്കാം. അതിൽപ്പെട്ട്‌ ജീവൻ നഷ്ടപ്പെട്ടതെനിക്കാണ്‌. മാംസവും പണവും വെച്ച്‌ നീട്ടി ഏതെടുക്കുമെന്ന് ചോദിക്കുന്നതാവും ഇതിലുമെളുപ്പം.

പാളിപ്പോവുന്ന മനസ്സുള്ള, ജന്മനാ തെണ്ടിയും, കള്ളനുമായ ഞാനാണോ കുറ്റക്കാരൻ?
പ്രകോപിതവേഷം ധരിക്കുന്ന പെൺകുട്ടികളാവില്ല കുറ്റക്കാർ.

പ്രതി

സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നിയമങ്ങൾക്ക്‌ കീഴിൽ വരുന്നതായെനിക്കറിവില്ല. അതൊക്കെ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നിടത്താവും ഒരു പക്ഷെ നിയമത്തിന്‌ സാധ്യത.

സ്വപ്നം സ്വാതന്ത്ര്യം നൽകുമെന്നാണ്‌ തോന്നുന്നത്‌.

എന്റെ സീറ്റിന്‌ മുകളിൽ ഒരു ദൃക്‌സാക്ഷിയുടെ ഒളിക്കണ്ണുകളുണ്ടായിരുന്നതോ ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ തെരുവ്‌ തെണ്ടിയായൊരു കള്ളൻ എന്റെ ശരീരത്തിൽ തുടർച്ചയായി ഞെക്കുകയും തുടർന്ന് ഞാൻ കൈയിൽ കടന്നുപിടിച്ചതുമൂലം പാലത്തിൽ തലയിടിച്ച്‌ നദിയിലേക്ക്‌ വീണ്‌ കൊല്ലപ്പെട്ടതൊന്നും ഞാനറിഞ്ഞതേയില്ല. ഇതും ഒരു വിചിത്രസ്വപ്നത്തിലെ ഉപസ്വപ്നമായിട്ടു തന്നെ ഞാൻ കരുതുന്നു. നടന്ന സംഭവത്തിന്‌ മാത്രമാണിവിടെ പ്രസക്തി. അടുത്ത ബർത്തിലെ എന്റെ സാധാരണവേഷധാരികളായ മാതാപിതാക്കളെപ്പറ്റിയോ; എന്റെ വളരെ ഇറുകിയ സൂര്യകാന്തിപ്പൂവുകളുള്ള ടീഷർട്ടിനെപ്പറ്റിയോ, മഴവില്ലിന്റെ ആകാശനീലപ്പാന്റിനെപ്പറ്റിയോ, മലർന്നുള്ള എന്റെ കിടപ്പിനെപ്പറ്റിയോ വിശദീകരിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. കാരണം അതെല്ലാം യാഥാർത്ഥ്യമായിരുന്നു. ഇതിനിടയിലെന്താണ്‌ നടന്നതെന്ന് ഒന്നുകൂടി സ്വപ്നം പോലെ കാണാം. സ്വപ്നം രണ്ടാമത്‌ കാണുമ്പോൾ അത്‌ യാഥാർത്ഥ്യത്തോടടുക്കുമെന്നത്‌ എന്റെ വാദത്തെ അസ്ഥിരപ്പെടുത്തുമോ?

പുറത്ത്‌ മഞ്ഞ്‌ പഞ്ഞിക്കായ പൊട്ടിച്ച്‌ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മൃദുലപുഷ്പങ്ങൾക്ക്‌ മേൽ മയങ്ങുകയായിരുന്നു. അവൻ ആദ്യമായി തലനീട്ടി. മഴവില്ലു തുറന്ന് എന്റെ കുറച്ച്‌ മുകളിലായി നിന്നു. മഞ്ഞുവാരിയെറിഞ്ഞു. എനിക്ക്‌ തണുത്തു. പിന്നെ കടുത്ത ഉഷ്ണം തോന്നി. സൂര്യൻ തീതുപ്പുന്നു. സൂര്യകാന്തിപ്പൂവുകൾക്ക്‌ പറ്റിയ വേനൽ. അൽപനേരം പൂക്കൾക്കിടയിൽ മലർന്നുകിടന്നു. അതിസുന്ദരനായ അവൻ മുകളിൽ നിന്ന് ഒഴുകിവന്ന് എന്റെയരികിലിരുന്നു. അതോടെ ചെറിയ കാറ്റിലൂടെ വസന്തം വന്നു. അവനോടെനിക്ക്‌ സ്വാർത്ഥപ്രണയം തോന്നി. അവനെ വിടാൻ മനസ്സനുവദിച്ചില്ല. നക്ഷത്രങ്ങൾ ഉദിച്ച അവന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ വിറച്ചുകിടന്നു. അവന്റെ ചെറുചിരിയിൽ ഇടിവെട്ടി. മഴയുടെ കളകളാരവം വന്നെന്ന മൂടി. സൂര്യകാന്തിപ്പൂവുകൾ പതിയെ അവൻ നുള്ളിയെടുത്തു. അവന്റെ വസന്തം നനഞ്ഞ കൈകൾ എന്നെ ലാളിച്ചുകൊണ്ടിരുന്നു. ഞാൻ പൊഴിഞ്ഞുതുടങ്ങി. ഒന്ന്-രണ്ട്‌-മൂന്ന്-നാല്‌ സ്വപ്നസദൃശ്യമായ കാലാവസ്ഥ വ്യതിയാനങ്ങളിൽപ്പെട്ട്‌ അവനൊരു കാലാവസ്ഥാദേവനാണെന്ന് ഞാൻ സ്വപ്നം കണ്ടു. അവനെ വേർപിരിയാനെനിക്ക്‌ കഴിയുമായിരുന്നില്ല. കുറച്ചുസമയം മുകളിൽ മഞ്ഞും, താഴെ വേനലും, പുറത്തു മഴയും സൃഷ്ടിക്കാൻ കഴിവുള്ള അവനെ ഞാൻ തട്ടിയെടുക്കാൻ തീരുമാനിച്ചു. അവനെ ഞാൻ ഇറുകെ എന്നിലേക്ക്‌ പിടിച്ചടുപ്പിച്ചു. അവനെ ഞാൻ പൂട്ടി. പക്ഷേ, ഞൊടിയിടകൊണ്ട്‌ സുഗന്ധവാഹിച്ചെറുകാറ്റായി അവനൂർന്ന് പോയ്ക്കളഞ്ഞു. അവന്‌ സ്വാതന്ത്ര്യം ലഭിച്ചു. സ്വപ്നം സ്വാതന്ത്ര്യം നൽകുകയായിരുന്ന ഈ വേളയിൽ ഒരു ദൃക്‌സാക്ഷിയും ഒരു പരാതിക്കാരനും എന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്നെന്നുള്ളത്‌, സത്യം പറയൂ. സ്വപ്നമായിരുന്നില്ലേ?

വിധി

ഉചിതമായൊരു വിധി പ്രസ്താവിക്കാനും മാത്രം കഴിവുള്ളൊരു വായനക്കാരൻ/വായനക്കാരിയാണ്‌ നിങ്ങളെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ?

O


PHONE : 08129293357

7 comments:

 1. നല്ല കഥയുടെ നല്ല വായന നടത്തി.... ഇവിടെ വിധി പ്രസ്താവിക്കാന്‍ ഞാന്‍ അര്‍ഹനല്ല എന്ന തോന്നലോടെ വായന അവസാനിപ്പിച്ചു.....

  ReplyDelete
 2. Replies
  1. ഞാൻ പറഞ്ഞ പത്തു ശതമാനത്തിൽ ഒന്ന് ... സിയാഫ്ഭായ് ഓണ്‍ലൈനിൽ ഇങ്ങനെയുള്ള എത്ര പേരെ ചൂണ്ടിക്കാണിക്കാനാവും ? :)

   Delete
 3. മൂന്നു കഥാപാത്രങ്ങള / മൂന്നു അവസ്ഥകൾ / മൂന്നു ആഖ്യാനങ്ങൽ
  വായനക്കാരന് പെരുക്കിക്കൂട്ടാൻ മുത്തുമണികൾ ധാരാളം - ഇതാണ് കഥ

  ReplyDelete
 4. ആഹാ.. എന്ന് പറയാതെ വയ്യ!! ആശംസകള്‍ (വിധി - സ്വപ്നം കണ്ടുറങ്ങിയ ആ മഞ്ഞ പൂക്കളുള്ള ഉടുപ്പിട്ട പെണ്‍കുട്ടി കുറ്റക്കാരി അല്ല എന്ന് വിധിക്കാന്‍ തോന്നുന്നു :) )

  ReplyDelete
 5. കഥ വളരെയധികം ഇഷ്ടപ്പെട്ടു..പല തലങ്ങളില്‍ നിന്നുള്ള കഥ പറച്ചില്‍ ഒരു പ്രത്യേക വായനാസുഖം നല്‍കി

  ReplyDelete
 6. നല്ല കഥ തന്നെ...അമല്‍ പ്രതീക്ഷയാണ്...

  ReplyDelete

Leave your comment