Sunday, September 15, 2013

പരാജിതരുടെ രാത്രി

കഥ
എസ്‌.ജയേഷ്‌
       വർഷത്തെ പരാജിതരുടെ ഒത്തുകൂടൽ ആർക്കും താൽപര്യമില്ലാത്തെ ഒരു ദിവസമായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാലും തുടക്കത്തിലെ മുറുമുറുപ്പുകളും എതിരഭിപ്രായങ്ങളും മാറ്റിവെച്ച്‌ എല്ലാവരും എത്തിച്ചേർന്നു. രാത്രി പത്തുമണിയോടെ അംഗങ്ങളെല്ലാം എത്തിക്കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം അസോസിയേഷൻ പ്രസിഡന്റ്‌ മത്തായി ചാക്കോ സ്വാഗതപ്രസംഗം ആരംഭിച്ചു.

"പ്രിയപ്പെട്ടവരേ, എല്ലാ വർഷത്തെയും പോലെ നമ്മുടെ സംഘടനയുടെ ഒത്തുകൂടൽ ആരംഭിക്കാവുന്നതാണ്‌. പരാജിതർക്കു വേണ്ടിയുള്ള ലോകത്തിലെ ഒരേയൊരു സംഘടനയുടെ പ്രസിഡന്റ്‌ എന്ന നിലയ്ക്ക്‌ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ്‌ നമ്മൾ പരാജിതരായെന്ന ചോദ്യത്തിന്‌ ഇവിടെ പ്രസക്തിയില്ല. പരാജയബോധം ഉള്ളിലടക്കിപ്പിടിച്ച്‌ വിങ്ങിക്കരയുന്ന നമ്മളെപ്പോലുള്ളവർ മറ്റുള്ളവരുടെ കണ്ണിൽ കോമാളികളായിരിക്കാം. അത്‌ നമ്മൾ കാര്യമാക്കേണ്ടതില്ല. എല്ലാവർഷവും ഞാൻ ഈ വാക്കുകൾ ആവർത്തിക്കുന്നെന്ന് നിങ്ങൾക്ക്‌ തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം പറയട്ടെ; നമ്മുടെ പരാജയബോധം അൽപംപോലും കുറഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ്‌, ഓർമ്മപ്പെടുത്തലാണ്‌ ഈ ഒത്തുചേരലിന്റെ ലക്ഷ്യം. നമ്മൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. മരണം വരെയും. എന്റെ എല്ലാ ദു:ഖങ്ങളും ചേർന്ന് എന്നെ വല്ലാത്ത ഭീതിയിലാഴ്ത്തുന്നു. എനിക്ക്‌ എപ്പോഴും കരയാൻ തോന്നുന്നു, വിങ്ങി വിങ്ങി എന്റെ ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നുന്നു..."

മത്തായി നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട്‌ തുടർന്നു: "പ്രിയപ്പെട്ടവരേ, ഞാൻ ഒരുപാട്‌ സംസാരിച്ച്‌ ഈ രാത്രിയുടെ മഹത്വം ഇല്ലാതാക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നമ്മുടെ സംഘടനയിലുണ്ടായ മാറ്റങ്ങൾ മാത്രം അറിയിക്കാം. മൂന്ന് മരണങ്ങളാണ്‌ ഒരു വർഷത്തിനിടയിൽ സംഘടനയിൽ നടന്നത്‌. ബിസിനസ്സിൽ പരാജിതനായ പ്രകാശൻ തൂങ്ങിമരിച്ചു. പ്രണയപരാജയം നേരിട്ട ആന്റണി ഒരു വഹനാപകടത്തിൽ മരിച്ചു. അവസാനമായി വിദേശത്തുപോയി ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഷിഹാബ്‌ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി അറിഞ്ഞു. അവരുടെ ആത്മാക്കൾക്ക്‌ നിത്യശാന്തി നേരുന്നു."

"രണ്ടാമതായി സംഘടനയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയാണ്‌. അഞ്ച്‌ പരാജിതരാണ്‌ പുതിയതായി എത്തിയിട്ടുള്ളത്‌. വിവാഹജീവിതത്തിൽ പരാജയപ്പെട്ട രമ്യ, പരീക്ഷകളിൽ പരാജയപ്പെട്ട ഷൈജു, ഉയർന്ന ഉദ്യോഗം നിലനിർത്തുന്നതിൽ പരാജയപ്പെട്ട അശോകൻ, മക്കളെ വളർത്തി വലുതാക്കിയ ശേഷം അവരാൽ ഉപേക്ഷിക്കപ്പെട്ട്‌ പരാജിതനായ റിട്ടയേർഡ്‌ അദ്ധ്യാപകൻ ദാമോദരൻ മാഷ്‌, പിന്നെ പരാജയകാരണം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റോസമ്മ വർഗ്ഗീസ്‌. ഇവരെ നാം നമ്മുടെ സംഘടനയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഇനി നമുക്കെല്ലാവർക്കും വേണ്ടി പരാജയപ്പെട്ട കവി വത്സൻ കോഴിപ്പറ്റ ഒരു കവിത ചൊല്ലുന്നതായിരിക്കും."

ഇത്രയും പറഞ്ഞ്‌ മത്തായി മൈക്ക്‌ വത്സന്‌ കൈമാറി. അപ്പോൾ അസ്വസ്ഥതയോടെ രംഗവീക്ഷണം ചെയ്യുകയായിരുന്ന അശോകന്റെ കണ്ണുകൾ രമ്യയുടെ മേലുടക്കി. നല്ല പാകമൊത്ത തുടകളെ പൊതിഞ്ഞിരുന്ന ഇറുക്കമുള്ള ജീൻസായിരുന്നു അവൾ ധരിച്ചിരുന്നത്‌. അതിനു ചേരുന്നവിധം അൽപം ഇറുക്കമുള്ള ടീഷർട്ടും. കാലിന്മേൽ കാൽ കയറ്റിവെച്ച്‌ അവൾ ഇരിക്കുന്നത്‌ കാണാൻ നല്ല ചന്തമുണ്ടെന്ന് അയാൾ മനസ്സിൽ പറഞ്ഞു. തന്റെ നോട്ടം അവളെ സ്കാൻ ചെയ്യുന്നത്‌ ദാമോദരൻ മാഷ്‌ കണ്ടുപിടിച്ചെന്നറിഞ്ഞപ്പോൾ ജാള്യതയോടെ മുഖം തിരിച്ചു.

വത്സൻ കവിത ചൊല്ലാനാരംഭിച്ചു:

പരാജിതർ നമ്മൾ
നിത്യ പരാജിതർ
നമ്മൾ പടുത്തുയർത്തുന്നു
ദു:ഖത്തിന്റെ പിരമിഡുകൾ
നമ്മുടെയുള്ളുകളിൽ
പരാജയത്തിന്റെ തിരമാലകൾ

പരാജിതർ നമ്മൾ
തോറ്റോടിയ ജനതയുടെ
പുസ്തകച്ചട്ടകൾ
മുഖമൊളിപ്പിക്കാൻ
മുഖങ്ങൾ തേടുന്നവർ...

വത്സന്റെ കവിത അശോകനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട്‌ അയാൾ പരാജയപ്പെട്ട കവിയായെന്ന് അയാൾക്ക്‌ മനസ്സിലായി. മുഷിപ്പോടെ എഴുന്നേറ്റ്‌ ഹാളിന്റെ ഒരു കോണിലേക്ക്‌ നടന്നു. പരാജിതർ പലരും കവിത ശ്രദ്ധിക്കാതെ സംസാരിക്കുകയാണെന്ന് കണ്ടു. അയാൾ ഒരറ്റത്തേക്ക്‌ മാറി. അവിടെ നിൽക്കുമ്പോൾ രമ്യയുടെ വ്യക്തതയുള്ള കാഴ്ച കിട്ടുമായിരുന്നു. താൻ അവളെ നോക്കുന്നത്‌ ആരും കണ്ടുപിടിക്കുകയുമില്ല. അവളുടെ വിവാഹജീവിതം പരാജയപ്പെടാൻ കാരണമെന്താണെന്ന് ആലോചിച്ചുകൊണ്ട്‌ അയാൾ ഒരു സിഗററ്റ്‌ കൊളുത്തി. പരാജയപ്പെട്ടവരുടെ ആത്മരോദനം പോലെ പുക അയാളുടെ മൂക്കിലൂടെ പുറത്തേക്ക്‌ വന്നു.

കവിത കഴിഞ്ഞപ്പോൾ കുറച്ചുനേരം ഒരു ശൂന്യത ഹാളിൽ നിറഞ്ഞു. പെട്ടെന്നുണ്ടായ ഇടവേളയിൽ എന്തു ചെയ്യണമെന്നറിയാതെ അംഗങ്ങൾ വിഷമിക്കുന്നതായി തോന്നി. മുൻപരിചയമുള്ളവർ മാത്രം എന്തൊക്കെയോ ചർച്ചകളിൽ ഏർപ്പെട്ടു. പുതിയതായി വന്ന അംഗങ്ങൾ പരിചയക്കേട്‌ ഉണ്ടാക്കിയ അസ്വസ്ഥതയിൽ ,അരക്ഷിതാവസ്ഥയിൽ കുടുങ്ങി ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോൾ മത്തായി വീണ്ടും മൈക്ക്‌ കൈയിലെടുത്ത്‌ പിരിമുറുക്കത്തിന്‌ അയവു വരുത്താൻ ശ്രമിച്ചു.

"പ്രിയമുള്ളവരേ... ഇനി നമുക്ക്‌ പുതിയ അംഗങ്ങളെ വിശദമായി പരിചയപ്പെടാം. ആദ്യം ദാമോദരൻമാഷ്‌ അദ്ദേഹത്തിന്റെ പരാജയകഥ പങ്കുവെക്കുന്നു.... ദാമോദരൻമാഷ്‌ ..."

ദാമോദരൻമാഷ്‌ എഴുപതുകളിൽ സഞ്ചരിക്കുന്ന പഴയ വാഹനമയിരുന്നു. നിഷ്ഠയുള്ള ജീവിതം നയിക്കുന്നയാളാണെന്ന് അശോകന്‌ തോന്നി. പ്രായത്തിന്റെ ചില അസ്കിതകളല്ലാതെ വേറെയൊന്നും ശാരീരികമായി അലട്ടുന്നുണ്ടെന്ന് തോന്നിയില്ല. ഒട്ടേറെ വിഷമങ്ങൾ മനസ്സിലുള്ളതുകൊണ്ടായിരിക്കണം, ഒരു തരം വൈമുഖ്യഭാവം മുഖത്തുണ്ടായിരുന്നു.

അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ രമ്യ കസേരയിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണ്‌ അയാൾ അവളുടെ അനാട്ടമി ശരിക്കും കണ്ടത്‌. ഇറുകിയ ജീൻസിനുള്ളിൽ അവൾക്ക്‌ തീപിടിക്കുന്നുണ്ടെന്ന് തോന്നി. തുടകൾ പിശാചിന്റെ നിർമ്മിതി പോലെ വശ്യമായിരുന്നു. ഒട്ടും പാകപ്പിഴയില്ലാത്ത നിതംബവും. ഒതുങ്ങിയ വയറിൽ ടീഷർട്ട്‌ വാത്സല്യത്തോടെ ഒട്ടിച്ചേർന്നു കിടക്കുന്നു. കൂടുതലൊന്നും നിരൂപിക്കാൻ അയാൾക്ക്‌ തോന്നിയില്ല. അവൾ സൗന്ദര്യത്തിൽ പരാജയമല്ലെന്ന് മാത്രം മനസ്സിൽ വിധിയെഴുതി.

അവൾ ചുറ്റുംനോക്കി താൻ നിൽക്കുന്നയിടത്തേക്ക്‌ മന്ദം മന്ദം നടന്നുവരുന്നത്‌ കണ്ടപ്പോൾ അയാൾക്ക്‌ ഉള്ളിലൊരാളലുണ്ടായി.

"അശോക്‌ റൈറ്റ്‌?" അവൾ ചോദിച്ചു.

"അതെ... രമ്യ?"

"അതെ... ഞാൻ താങ്കളെ വന്നപ്പോൾ തൊട്ട്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യു ലുക്ക്‌ സോ യങ്ങ്‌... പിന്നെന്തിനാണ്‌ ഈ ക്ലബ്ബിൽ എന്നാലോചിക്കുകയായിരുന്നു... സോറി ഞാൻ താങ്കളുടെ വ്യക്തിപരമായ കാര്യത്തിൽ ...."

"ഏയ്‌... അങ്ങിനെയൊന്നുമില്ല രമ്യ... എല്ലാം പങ്കുവയ്ക്കാൻ കൂടിയല്ലേ നമ്മളിവിടെ കൂടിയിരിക്കുന്നത്‌..."

അവൾ വിഷാദപൂർവ്വം മന്ദഹസിച്ചു.

"നമുക്ക്‌ കുറച്ചുനേരം പുറത്തുപോയി സംസാരിച്ചാലോ അശോക്‌? ഇവിടെ വല്ലാതെ ശ്വാസം മുട്ടുന്നു..."

അത്‌ പറയുമ്പോൾ അവളുടെ നെഞ്ച്‌ ഉയർന്നു താഴുന്നത്‌ ഒരു ഉൾക്കിടിലത്തോടെ അയാൾ കണ്ടു.

"ഓ അതിനെന്താ... ഞാനും കുറച്ചുനേരം പുറത്തു പോയിരിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

അവൾ ഹാളിനു പുറത്തുവന്നു. ചെറിയ രീതിയിൽ ഒരു പൂന്തോട്ടം ഒരു വശത്തുണ്ടായിരുന്നു. നിരത്തിലെ സോഡിയം വിളക്കിന്റെ മഞ്ഞച്ച വെളിച്ചം പൂന്തോട്ടത്തിൽ ആവോളം തത്തിക്കളിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിൽ അമർന്നുപോകുന്ന കാൽവയ്പ്പുകളോടെ അവർ അൽപം നടന്നു. ഹാളിലെ ശബ്ദം ഇപ്പോൾ ഒട്ടും കേൾക്കാനില്ല. അന്യഗ്രഹത്തിലെത്തിപ്പെട്ട രണ്ട്‌ ജീവബിന്ദുക്കളെപ്പോലെ അവർ പകച്ചു.

"ഞാൻ പുറത്തേക്ക്‌ വരാമെന്ന് പറഞ്ഞത്‌ ... ഇഫ്‌ യു ഡോണ്ട്‌ മൈന്റ്‌... എനിക്കൊരു സിഗററ്റ്‌ തരാമോ?" രമ്യ ചോദിച്ചു.

"അതിനെന്താ..." അശോകൻ സിഗററ്റ്‌ പാക്കറ്റ്‌ അവൾക്ക്‌ നീട്ടി. അവൾ നീണ്ട്‌ മെലിഞ്ഞ വിരലുകൾ കൊണ്ട്‌ ഒരെണ്ണം കൊത്തിയെടുത്തു. അയാൾ ലൈറ്റർ കത്തിച്ച്‌ നീട്ടിയപ്പോൾ വില്ല് പോലെ ആകൃതിയുള്ള നേർത്ത ചുണ്ടുകൾക്കിടയിൽ സിഗററ്റിനു ജീവൻ വെച്ചു.

"ചോദിക്കുന്നതിൽ വിരോധമൊന്നും തോന്നരുത്‌..." അയാൾ പറഞ്ഞു.

"ഓ നോ.. ചോദിക്കൂ...ഹാ.. എന്റെ വിവാഹജീവിതം അല്ലേ... അതല്ലേ അറിയേണ്ടത്‌?"

"ഉം..അതെ"

"ശരി പറയാം... രണ്ട്‌ വർഷം മുമ്പാണ്‌ ഞാൻ വിവാഹം കഴിച്ചത്‌. ഇറ്റ്‌ വാസ്‌ എ ലവ്‌ മാരീജ്‌... കുറച്ചുനാളത്തെ പ്രണയം. അന്നൊന്നും കുഴപ്പമില്ലായിരുന്നു. ബട്ട്‌... വിവാഹം കഴിഞ്ഞതോടെ പ്രശ്നമായി."

"ഉം?"

"വിവാഹം കഴിഞ്ഞപ്പോൾ അയാളുടെ ഗ്രേസ്‌ എല്ലാം പോയതുപോലെ... അയാൾ ഒരു വിഷാദരോഗിയാണെന്നു തോന്നുന്നു. എപ്പോഴും ഒരുതരം എരിപൊരി സഞ്ചാരം....പേടി. ടു ബി ഫ്രാങ്ക്‌... എന്നെ ഒന്ന് ഉമ്മ വയ്ക്കാൻ പോലും പേടിയായിരുന്നെന്ന് തോന്നി..."

"ഓ.."

"ഞാൻ അടുത്ത്‌ കിടക്കുമ്പോൾ അയാൾ പനിപിടിച്ചത്‌ പോലെ വിറയ്ക്കുമായിരുന്നു. എന്റെ സാന്നിധ്യം പോലും അയാളെ അസ്വസ്ഥനാക്കുമായിരുന്നു.... എത്ര നാൾ? അശോക്‌ അറിയാമോ, വിവാഹം കഴിഞ്ഞ്‌ ഞങ്ങൾ ഒന്നിച്ച്‌ ഒരു യാത്ര പോലും നടത്തിയിട്ടില്ലായിരുന്നു. ഹി വാസ്‌ സ്കേർഡ്‌... എന്തിനാണെന്നറിയില്ല... പക്ഷേ അതേസമയം സദാ എന്റെ മേൽ ഒരു കണ്ണുണ്ടായിരുന്നു.... ഞാൻ ഓടിപ്പോകുമോയെന്ന് പേടിക്കുന്നതുപോലെ..."

"സഹിക്കാൻ വയ്യാതായപ്പോൾ, വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസമായപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു. അത്‌ അയാൾക്ക്‌ വീണ്ടും പ്രശ്നമുണ്ടാക്കി. എന്നെ കാണുന്നതുപോലും അയാളെ പേടിപ്പിക്കുന്നതുപോലെ... ദെൻ ഐ ഡിസൈഡഡ്‌..."

"ഹും. മനസ്സിലാകുന്നു.."

"ഹാ.... വാട്ട്‌ അബൗട്ട്‌ യൂ...  ഇത്ര ചെറുപ്പത്തിൽ പരാജയം?"

"ഞാനൊരു ആർക്കിട്ടെക്ട്‌ ആണ്‌. കുറച്ചുകാലം ഒരു വലിയ കമ്പനിയിൽ നല്ല ജോലിയിലായിരുന്നു. പിന്നീടെനിക്ക്‌ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി ജോലി രാജിവെച്ചു. ഒരു കൂട്ടുകാരനുമായി ചേർന്ന് സ്വന്തം ബിസിനസ്‌ തുടങ്ങി. ആദ്യമെല്ലാം കുഴപ്പമില്ലായിരുന്നു. പിന്നീട്‌ ബിസിനസ്‌ പൊളിയാൻ തുടങ്ങി. കൂട്ടുകാരൻ കിട്ടിയതെല്ലാമെടുത്ത്‌ കടന്നു കളഞ്ഞു..."

"ഐ സീ... എന്നിട്ടിപ്പോൾ എന്തു ചെയ്യുന്നു?"

"ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നു. പക്ഷെ സത്യം പറഞ്ഞാൽ അതല്ല എന്റെ പരാജയം..."

"പിന്നെ?"

"ആദ്യം ജോലിയിലായിരുന്ന സമയത്ത്‌ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഞാൻ അത്‌ അവളോട്‌ തുറന്നുപറഞ്ഞു. അവൾക്ക്‌ എതിർപ്പൊന്നും ഇല്ലായിരുന്നു. കുറച്ചുമാസങ്ങൾ കൊണ്ട്‌ ഞങ്ങൾ പിരിയാൻ പറ്റാത്തവിധം അടുത്തു..."

"എന്നിട്ട്‌?"

അശോകൻ കഥ തുടരാനാഞ്ഞപ്പോൾ അവരുടെ സംഭാഷണത്തിനെ മുറിച്ചുകൊണ്ട്‌ മത്തായി പൂന്തോട്ടത്തിലേക്ക്‌ വന്നു. അയാളുടെ മുഖത്ത്‌ കൃത്രിമമായൊരു ഗൗരവം ഉണ്ടായിരുന്നു.

"കുട്ടികളേ.. നിങ്ങൾ പുതിയ അംഗങ്ങളായതുകൊണ്ട്‌ അറിയില്ലായിരിക്കാം. നമ്മുടെ നിയമമനുസരിച്ച്‌ ഒത്തുചേരലിന്റെയന്ന് അംഗങ്ങൾ തമ്മിൽ സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല. എന്തുണ്ടെങ്കിലും എല്ലാവരുടെയും മുന്നിൽ വെച്ച്‌ പറയണം എന്നാണ്‌. ഇവിടെയിങ്ങനെ നിൽക്കാതെ അകത്തേക്ക്‌ പോ. അവിടെ നമ്മുടെ സുഹൃത്തുക്കൾ കഴിഞ്ഞ വർഷത്തെ പരാജയങ്ങൾ പങ്കുവയ്ക്കുകയാണ്‌."

അവൾ ചുമൽ കുലുക്കിയിട്ട്‌ ഹാളിലേക്ക്‌ നടക്കാൻ തുടങ്ങി. അശോകനും പതിയെ നടന്നു. ഇപ്പോൾ നിയോൺ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നെന്ന് അയാൾക്ക്‌ തോന്നി. പ്രത്യേകിച്ച്‌ അലസമായി പാറിക്കളിക്കുന്ന മുടി. മത്തായി കൈകൾ പിന്നിൽക്കെട്ടി ഗൗരവം വിടാതെ അവരെ പിൻതുടർന്നു.

ഹാളിൽ ദാമോദരം മാഷ്‌ പരാജയം പങ്കുവെക്കുകയായിരുന്നു. ഇടയ്ക്കിടെ വിതുമ്പിക്കൊണ്ട്‌, കണ്ണുകൾ തുടച്ചുകൊണ്ട്‌ സാവധാനത്തിലായിരുന്നു മാഷ്‌ ദുഃഖങ്ങൾ പങ്കുവെച്ചത്‌.

"ഓ... ഇങ്ങനെ ഒരു ഏർപ്പാടുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ..." അവൾ അതൃപ്തിയോടെ പറഞ്ഞു.

"എന്താണ്‌? അശോകൻ ചോദിച്ചു.

"ഇതൊക്കെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ വേറെ കഥയുണ്ടാക്കിക്കൊണ്ട്‌ വരാമായിരുന്നു." അവൾ പതിയെ ചിരിച്ചു.

"അതാണ്‌ ഞാൻ ബിസിനസ്സ്‌ തകർച്ചയുടെ കഥയുണ്ടാക്കിയത്‌."

"അപ്പോൾ യഥാർത്ഥത്തിൽ?"

"ഇല്ല... ഞാൻ പറഞ്ഞില്ലേ ആ പെൺകുട്ടിയുമായുള്ള ബന്ധം..."

"അതുശരി...എന്നിട്ട്‌ അവൾക്ക്‌ എന്തുപറ്റി?"

അപ്പോൾ മത്തായി അവരുടെ അടുത്തു വന്നു. ഒരിക്കലും അശോകന്റെ കഥ രമ്യ അറിയരുതെന്ന വാശിയുള്ളതുപോലെ.

"നിങ്ങൾ ആ കസേരയിൽ പോയിരിക്കൂ... പരാജയം പങ്കുവെച്ചു കഴിഞ്ഞാൽ അപ്പുറത്ത്‌ ബുഫേ ഒരുക്കിയിട്ടുണ്ട്‌. കഴിക്കാം... ഇപ്പോൾ എല്ലാവരും എല്ലാവരുടെയും കഥ കേൾക്കണം. അത്‌ നിർബന്ധമാണ്‌."

അവർ ഓരോ കസേരകളിലിരുന്നു. ദാമോദരൻമാഷ്‌ പറഞ്ഞ്‌ പറഞ്ഞ്‌ ദുഃഖഭാരത്താൽ അവശനായിപ്പോയിരുന്നു. ഇനി വയ്യെന്ന മട്ടിൽ മൈക്ക്‌ മത്തായിയെ ഏൽപ്പിച്ച്‌ മാഷ്‌ കസേരയിൽ വന്നിരുന്നു.

"പാവം മനുഷ്യൻ" അശോകൻ പറഞ്ഞു. അവൾ പ്രതികരിച്ചില്ല. വേദിയിൽ പങ്കുവയ്ക്കേണ്ട പരാജയകഥ ആലോചിക്കുകയായിരിക്കുമെന്ന് കരുതി പിന്നയാൾ ഒന്നും പറഞ്ഞില്ല. പക്ഷെ അവളിൽ ഒരു നോട്ടം ബാക്കിവെച്ചിരുന്നു. അവൾ ഹൃദയത്തിന്റെ നല്ലൊരു ഭാഗം കൈവശപ്പെടുത്തിയതായി അയാൾക്ക്‌ തോന്നി.

അവൾ ഒരു കെട്ടുകഥയുണ്ടാക്കി പറഞ്ഞൊപ്പിച്ചു. യുക്തിഭംഗമുണ്ടാക്കാതെ നല്ല രീതിയിൽ തന്നെ അവളത്‌ അവതരിപ്പിച്ചു. അയാളും തന്റെ ബിസിനസ്‌ പൊളിഞ്ഞ കഥ സരസമായി പറഞ്ഞു. എല്ലാവരും പരാജയകഥകൾ പറഞ്ഞതിനുശേഷം അവർ അത്താഴം കഴിക്കാൻ പുറപ്പെട്ടു.

എപ്പോഴും അവളുടെ സാമീപ്യത്തിലായിരിക്കാൻ അയാൾ ശ്രമിച്ചു. പക്ഷെ മത്തായി ഒരു രസംകൊല്ലിയായി എപ്പോഴും അവതരിച്ചുകൊണ്ടിരുന്നു. ഒരവസരത്തിൽ അവൾ എന്തിനോ പോയ അവസരത്തിൽ അയാൾ മത്തായിയോട്‌ ചോദിച്ചു:

"സംഘടനയിലെ രണ്ടുപേർ വിവാഹം കഴിക്കുന്നത്‌ നിയമവിരുദ്ധമാണോ?"

"അല്ല, ഒരിക്കലുമല്ല. പക്ഷെ അങ്ങിനെയുള്ളവരുടെ അംഗത്വം റദ്ദാക്കപ്പെടും. അവർ വിവാഹം കഴിച്ചാൽ അത്‌ വിജയമല്ലേ? പിന്നീടെപ്പോഴെങ്കിലും വിവാഹജീവിതം പരാജയപ്പെട്ടാൽ തിരിച്ചു വരാവുന്നതാണ്‌."

"ഓ... അതുശരി..."

പക്ഷെ ആ മറുപടി മത്തായിയുടെ ഹൃദയത്തിൽ നിന്നും വന്നതായിരുന്നില്ല. പരാജിതരുടെ അംഗസംഖ്യ കുറയുന്നതും വിജയികളായി സംഘടന വിട്ടുപോകുന്നവർ പിന്നീട്‌ സംഘടനയെ പുച്ഛിച്ച്‌ സംസാരിക്കുന്നതും അയാൾക്ക്‌ വല്ലാത്ത മനോവിഷമമുണ്ടാക്കിയിരുന്നു. മനുഷ്യരെല്ലാവരും എപ്പോഴും പരാജയപ്പെടണമെന്നും അങ്ങിനെ ഈ ഭൂമി മുഴുവൻ സംഘടനയുടെ പ്രശസ്തിയും ശക്തിയും പരക്കണമെന്നും അയാൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

അത്താഴത്തിനു ശേഷം കാര്യമായ പരിപാ‍ടികളൊന്നുമില്ലായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് മറ്റുദുഃഖങ്ങൾ പങ്കുവെക്കുകയും പരാജിതർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഒത്തുചേരൽ അവസാനിച്ചതായി മത്തായി അനൗൺസ്‌ ചെയ്തപ്പോഴേക്കും രാത്രി ഒരുപാട്‌ വൈകിയിരുന്നു. ഓരോരുത്തരായി പിരിഞ്ഞുപോകാനും തുടങ്ങി.

രമ്യ അവളുടെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നപ്പോൾ അശോകൻ പിന്നാലെ ചെന്നു.

"രമ്യാ... ഒരു കാര്യം ചോദിക്കട്ടെ?"

"യേസ്‌"

"എനിക്ക്‌ നിന്നെ ഇഷ്ടമായി... നമ്മൾ രണ്ടുപേരും പരാജിതർ... എന്തുകൊണ്ട്‌ നമ്മൾക്ക്‌..."

"ഞാനും അതിനെപ്പറ്റി ആലോചിക്കാതിരുന്നില്ല അശോക്‌... നിങ്ങളെ എനിക്കും ഇഷ്ടമായി... പക്ഷേ..."

"എന്റെ ആദ്യത്തെ വിവാഹം പരാജയമായിരുന്നല്ലോ. ഇനി ഒരിക്കൽക്കൂടി പരീക്ഷിക്കാൻ ധൈര്യം വരുന്നില്ല."

"അങ്ങിനെയൊന്നും വിചാരിക്കണ്ട. നമുക്ക്‌ എല്ലാം വിശദമായി സംസാരിക്കാം."

അവൾ അതിനു സമ്മതിച്ചു. അയാൾ അവളുടെ സ്കൂട്ടിയിൽത്തന്നെ കയറി യാത്രയായി. ഇതെല്ലാം കാണുകയും കേൾക്കുകയുമായിരുന്ന മത്തായി അപാരമായ പരാജയഭീതിയിൽ കുടുങ്ങി. സംഘടനയുടെ മൊത്തം ഉദ്ദേശ്യത്തെത്തന്നെ ഹനിക്കുന്നതായിരുന്നു അയാൾക്ക്‌ അവരുടെ തീരുമാനം.

OOO

അശോകൻ കട്ടിലിൽ മലർന്നു കിടക്കുന്നു. കുളിമുറിയിൽ നിന്നും ഈറനായ മുടി കോതിക്കൊണ്ട്‌ രമ്യ വന്നു. അയാൾ അവൾക്കു വേണ്ടി അക്ഷമനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നും. അവളെ വാരിയണച്ച്‌ അയാൾ ഉമ്മ വയ്ക്കാൻ തുടങ്ങി. അവളാകട്ടെ, കുളി കഴിഞ്ഞ്‌ ഒരു ടവ്വലിന്റെ മറയിൽ മാത്രമായിരുന്നതിനാൽ അയാളുടെ ആലിംഗനത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു. പക്ഷേ ഏതാനും നിമിഷങ്ങളെ ആ കുതറൽ നിലനിന്നുള്ളൂ. പിന്നീട്‌ അവളും തെന്നിമാറിയ ടവലിനെ മറന്ന് അയാളിലേക്ക്‌ ലയിച്ചു...

മത്തായി ഞെട്ടിയുണർന്നു. ഇങ്ങനെയൊരു സ്വപ്നം തനിക്കുണ്ടാകാൻ കാരണമെന്തെന്ന് ആലോചിച്ചു. അയാളുടെ കഷണ്ടി കയറി വിശാലമായ നെറ്റിയിൽ വിയർപ്പുതുള്ളികൾ ഉറപൊട്ടി. തകർന്ന ഹൃദയവും മനസ്സുമായി അയാൾ പ്രാർത്ഥിച്ചു.

അവരുടെ പരാജയബോധത്തിന്‌ വിള്ളലുണ്ടാകാതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു:

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 22 -23

പരാജിതരുടെ മാതാവേ
നിന്റെ കുഞ്ഞുങ്ങളെ കാത്തോളണമേ
പരാജിതരുടെ വഴിയിലെ കാരമുള്ളുകളെ ഇല്ലാതാക്കണേ
പരാജയം ജീവിതലക്ഷ്യമാക്കേണമേ
വഴിതെറ്റിപ്പോകുന്ന പരാജിതരെ തിരിച്ചുവിളിക്കണേ
അവരുടെ മനസ്സുകളിൽ ആശയുടെ പാപചിന്തകൾ കുത്തിവയ്ക്കരുതേ
നിന്റെ ലോകം വരുമാറാകണേ
ഭൂമിയും സ്വർഗ്ഗവും നരകവും പരാജിതരെക്കൊണ്ട്‌ നിറയേണമേ...

അത്രയും പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യം പരാജയപ്പെടുമോയെന്ന ചിന്തയിൽ അയാൾ വലഞ്ഞു. ഒരു ദിവസം രമ്യയും അശോകനും അയാളെ കാണാനെത്തി. അവർ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഈ അവസരം ഒരുക്കിത്തന്ന പരാജിതരുടെ രാത്രിയെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ഹൃദയം നടുങ്ങുന്ന വേദനയോടെ മത്തായി അവർക്ക്‌ ആശംസകൾ നൽകി. ഒപ്പം പരാജിതരുടെ ഭൂമിയിലെ വെളിപാടുകളെക്കുറിച്ചും വിശദീകരിച്ചു.

പരാജിതരുടെ പ്രാർത്ഥനാപുസ്തകം - 12 -1

ഒരിക്കൽ പരാജയപ്പെട്ടവർ പിന്നീടൊരിക്കലും കര കയറാറില്ല. അവർക്ക്‌ പ്രതീക്ഷയുടെ ലോകം സാത്താൻ സമ്മനിക്കുന്നതാകുന്നു. സാത്താൻ പരാജിതരെ നീചന്മാരുടെയും വഞ്ചകന്മാരുടെയും ലോകത്തേക്ക്‌ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഒരിക്കൽ പരാജയം നുണഞ്ഞവർ പിന്നീടൊരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യനെ പരാജിതരാക്കാനുള്ള ശക്തികളാണത്രേ ലോകം മുഴുവനും. പരാജിതർ പരാജിതരെ സ്നേഹിക്കുന്നു. അവരുടെ പരാജയത്തിൽ പങ്കുചേരുന്നു. എല്ലാ മേഖലകളിലും വിജയിക്കുന്ന മണ്ടന്മാർ പരാജിതരെ പുച്ഛിക്കുന്നു, ആട്ടിയോടിക്കുന്നു, പക്ഷേ ഒന്നറിയുക, പരാജിതർക്കേ ജീവിതത്തെ അനുഭവിക്കാൻ കഴിയുന്നുള്ളൂ. വിജയികൾ ആത്മരതിയിൽ മുഴുകി മരിച്ചുപോകുന്നതുപോലും അറിയുന്നില്ല...

അല്ലാം പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന രമ്യയും അശോകനും യാത്ര പറയാൻ തുടങ്ങിയപ്പോൾ ചുവരിൽ ഒരു പല്ലി ചിലച്ചു. അത്‌ പ്രത്യേകം ശ്രദ്ധിച്ച മത്തായിക്ക്‌ കാര്യങ്ങളുടെ അർത്ഥം മനസ്സിലായി.

അടുത്ത ദിവസം അശോകൻ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അതിനടുത്ത ദിവസം രമ്യ ഒറ്റയ്ക്ക്‌ മത്തായിയെ കാണാനെത്തി.

അശോകൻ പറഞ്ഞു: സാർ അന്ന് പറഞ്ഞത്‌ വളരെ ശരിയാണ്‌. അവളെ വിവാഹം കഴിച്ചിരുന്നെങ്കിൽ എന്റെ ജീവിതം നരകമായേനേ. ഞാൻ പരാജിതനായിത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

രമ്യ പറഞ്ഞു: ഞാൻ അയാളെ വിശ്വസിച്ചുപോയി. എന്ത്‌ ഭീകരമായിരുന്നു അയാളുടെ യഥാർത്ഥമുഖം. ഞാൻ പരാജിതയായി പരാജയത്തെ ഉപവസിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നു.

നീ എന്റെ പ്രാർത്ഥന കേട്ടു ദൈവമേ. നിന്റെ കഴിവുകൾ അനന്തം അജ്ഞാതം. മത്തായി പ്രാർത്ഥിച്ചു.

പക്ഷേ അതോടെ തീരുന്നില്ലല്ലോ. അടുത്ത വർഷത്തെ ഒത്തുകൂടലിനെപ്പറ്റി ചർച്ച ചെയ്യാനെത്തിയ പരാജിതരുടെ ജനറൽ ബോഡി അംഗങ്ങൾ മത്തായിക്കെതിരെ രൂക്ഷവിമർശനം നടത്തി. ആ രണ്ട്‌ ചെറുപ്പക്കാരെ ദാമ്പത്യജീവിതത്തിലെ കയ്പ്‌ നുണഞ്ഞ്‌ പരാജയപ്പെട്ട്‌ വേർപിരിയാനനുവദിക്കാതെ അവരുടെ പരാജയത്തിന്‌ തടസ്സം നിന്ന മത്തായി അസോസിയേഷൻ പ്രസിഡന്റായി തുടരാൻ യോഗ്യനല്ലെന്ന് അവർ വിധിയെഴുതി.

പരാജിതരുടെ നിയമാവലി 1:31:A

ഒരു പരാജിതൻ മറ്റൊരു പരാജിതന്റെ പരാജയത്തിനായി പ്രാർത്ഥിക്കുന്നത്‌ മൂലം ആ പരാജയം സംഭവിക്കുന്നത്‌ വിജയമായി കണക്കാക്കി ടി പരാജിതനെ പരാജിതനല്ലാതായി വിധിക്കുകയും സംഘടനാവിരുദ്ധപ്രവർത്തനത്തിന്‌ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാകുന്നു. 


O

3 comments:

  1. വ്യത്യസ്തമായ ചിന്ത. നന്നായി. പരാജിതരുടെ ആഗോള സംഘടന സ്വപ്നം കണ്ട്‌. ഒരു പരാജിതൻ .

    ReplyDelete
  2. ഇത് വ്യത്യസ്തമായ ഉള്ളടക്കം കൊണ്ട് തന്നെ വളരെ ശ്രദ്ധേയം. നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു..കൊള്ളാം

    ReplyDelete

Leave your comment