Saturday, December 4, 2010

അന്യം നിന്നു പോകുന്ന ആചാരങ്ങള്‍

നിധി അലക്സ്‌.എം.നൈനാന്‍








                                 

                         രു സമൂഹത്തിന്‍റെ തനിമയും സത്തയും ഉള്‍ക്കൊള്ളുന്നത് അത് രൂപം നല്‍കുന്ന സാംസ്കാരിക ബിംബങ്ങളിലാണ്. ഇത് മതവും വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. സുറിയാനി ക്രിസ്ത്യാനികളായ പൂര്‍വികര്‍ പാലിക്കുകയും പിന്തുടരുകയും ചെയ്തു പോന്ന പല ആചാരങ്ങളും പുതിയ തലമുറയ്ക്ക് അന്യമാണിന്ന്. കാലം വരുത്തിയ മാറ്റമെന്ന് ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ക്രൈസ്തവരുടെ തനതായ വ്യക്തിത്വത്തിന് അവ മാറ്റ് കുറച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹ,ഏ.ഡി.52 ല്‍ കേരളത്തില്‍ വരികയും ക്രൈസ്തവ സഭ സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. തുടര്‍ന്ന് ഏ.ഡി.345 ല്‍ 'ക്നായി തൊമ്മന്‍' എന്ന പേര്‍ഷ്യന്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ മെത്രാന്മാരും വൈദികരുമടങ്ങുന്ന ഒരു സംഘം കൊടുങ്ങല്ലൂരിലെത്തുകയും അത് ക്രൈസ്തവസഭയുടെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും ആക്കം കൂട്ടുകയും ചെയ്തു എന്ന് ചരിത്രം.

         ജീവിതരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും  വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു കേരളത്തിലെ  സുറിയാനി ക്രിസ്ത്യാനികള്‍. പരമ്പരാഗതമായി ഉണ്ടായിരുന്ന ആചാരങ്ങള്‍ പിന്തുടരുകയും അതേ സമയം ക്രിസ്തുമതത്തിന്‍റെ പല ആചാരങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടാണ് അവര്‍ ഇത് നേടിയെടുത്തത്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇവയില്‍ ഒട്ടുമിക്കതും  ഇന്ന് കൈമോശം വരികയോ  ഉപേക്ഷിക്കപ്പെടുകയോ  ചെയ്തിരിക്കുന്നു.

ക്രൈസ്തവരുടെ വസ്ത്രധാരണരീതിയിലുള്ള മാറ്റം തന്നെയെടുക്കാം. ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പ് വരെ കേരളത്തിലെ  ക്രൈസ്തവര്‍ ശുഭ്രവസ്ത്രങ്ങള്‍ മാത്രമാണുപയോഗിച്ചിരുന്നത്. വിശുദ്ധിയുടെ  പര്യായമായിരുന്നു വെള്ളവസ്ത്രങ്ങള്‍. സ്ത്രീകള്‍ ചട്ടയും മുണ്ടും ധരിച്ചപ്പോള്‍ പുരുഷന്മാര്‍ വെള്ളമുണ്ടും തോളില്‍ തോര്‍ത്തും ധരിച്ചു. വിവാഹത്തിന് വെള്ളനിറത്തിലുള്ള മന്ത്രകോടി ധരിച്ചു. പശ്ചിമേഷ്യയില്‍ നിന്ന് ഇവിടേയ്ക്ക് വന്ന കുടിയേറ്റക്കാരാണ് അരയോളമെത്തുന്ന ഇറക്കമില്ലത്ത അരക്കയ്യന്‍ കുപ്പായമായ 'ചട്ട' ഇവിടെ പ്രചാരത്തിലാക്കിയത്. ജൂത,മുസ്ലിം സ്ത്രീകളും ഒരുകാലത്ത്  ഉപയോഗിച്ചിരുന്നെങ്കിലും  അവ നിറമുള്ള തുണിയാല്‍ നെയ്തവയായിരുന്നു. ക്രിസ്ത്യന്‍വനിതകള്‍ ധരിക്കുന്ന മുണ്ടിനുമുണ്ടായിരുന്നു പ്രത്യേകത. 5 മുഴം നീളവും
3 മുഴം വീതിയുമുള്ള മുണ്ടിന്‍റെ പിന്‍ഭാഗം വിശറിയുടെ ആകൃതിയില്‍ ഞൊറിഞ്ഞിട്ടു. നല്ല കരവിരുത് വേണ്ട ഈ ഞൊറിയിടീല്‍ കാണാന്‍ ഏറെ ആകര്‍ഷകമായിരുന്നു. പള്ളിയിലോ വിശേഷാവശ്യങ്ങള്‍ക്കോ പുറത്തേക്ക് പോകേണ്ടിവരുമ്പോള്‍ കവണി  കൊണ്ട് അവര്‍ ശരീരം മൂടി.






ആധുനിക തലമുറയ്ക്ക് തീര്‍ത്തും അന്യമായ ആഭരണശീലങ്ങളാണ് അക്കാലത്ത് ക്രൈസ്തവവനിതകള്‍ക്കുണ്ടായിരുന്നത്. കാതുകളില്‍ മേക്കാമോതിരം (കുണുക്ക്), കീഴ്ക്കാതില്‍ തോട (വാളിക), കാതില, കഴുത്തില്‍ മിന്നുമാല, കൈകളില്‍ കാപ്പ്, കാലില്‍ തള ഇവയൊക്കെയായിരുന്നു ആഭരണങ്ങള്‍. അവ ഇന്നത്തെപോലെ കടകളില്‍ നിന്ന് നേരിട്ട് വാങ്ങുകയല്ല, പണിയിക്കുകയാണ് പതിവ്. മദ്ധ്യകേരളത്തിലെ തൃശൂര്‍, കുന്നംകുളം പ്രദേശങ്ങളില്‍ പഴമയുടെ ബാക്കിപത്രം പോലെ ചട്ടയും മുണ്ടും കവണിയും ധരിച്ച് കാതില്‍ കുണുക്കും കൈകളില്‍ കാപ്പുമണിഞ്ഞ മുത്തശ്ശിമാരെ ഇന്നും കാണാന്‍ കഴിയും.




                                     ശൈശവവിവാഹങ്ങളായിരുന്നു അക്കാലത്തെ മറ്റൊരു പ്രത്യേകത. ആണ്‍കുട്ടികള്‍ക്ക്18 ഉം പെണ്‍കുട്ടികള്‍ക്ക് 14 ഉം വയസ്സായിരുന്നു ശരാശരി വിവാഹപ്രായം. വിവാഹപ്രായമെത്തുംമുമ്പേ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ രീതി. വിവാഹത്തിന് വധുവിനെ തോളിലേറ്റി പള്ളിയിലേക്ക് കൊണ്ടുവരുന്നത് പതിവ് കാഴ്ചയായിരുന്നു എന്ന് പഴമക്കഥ. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ കാരണവന്മാര്‍ വിവാഹകാര്യത്തില്‍ തീരുമാനമെടുത്തുപോന്നു. ഭരണഘടനാഭേദഗതി മൂലം സ്ത്രീപുരുഷന്മാരുടെ വിവാഹപ്രായം നിശ്ചയിക്കപ്പെട്ടപ്പോള്‍ ആ സമ്പ്രദായം അവസാനിച്ചു.

കഴിഞ്ഞകാലവും ആധുനികകാലവും തമ്മില്‍ 'തീന്‍ മുറ'യിലുമുണ്ട് സാരമായ വ്യത്യാസങ്ങള്‍. വിവാഹവേളകളില്‍ വരനും വധുവും ഉള്‍പ്പെടെ വിരുന്നുകാര്‍ പായ വിരിച്ചു നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിക്കുക. ഊണ് വിളമ്പുന്നത് തൂശനിലയിലാണ്. ഇലയുടെ തുമ്പ് ഇടതുവശത്താക്കി അടിയിലേക്ക് മടക്കി വെക്കുന്നത് സുറിയാനിക്രിസ്ത്യാനികള്‍ അവകാശമായി കരുതി. ബ്രാഹ് മണന്‍മാരില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരാണ് തങ്ങള്‍ എന്നതിന്‍റെ സൂചനയാണിത്. ഉപ്പും മധുരവും ഇലയില്‍ ആദ്യം വിളമ്പിയശേഷം ചോറും മത്സ്യമാംസാദികളുമുള്‍പ്പെട്ട കറികളും വിളമ്പും. ഒടുവിലായി മോര്,പഞ്ചസാര,പൂവമ്പഴം ഇവ കൂട്ടി ഊണ് അവസാനിപ്പിക്കും. തുടര്‍ന്ന് വിസ്തരിച്ച് മുറുക്കിയശേഷം നെറ്റിയില്‍ ചന്ദനക്കുറിയുമണിഞ്ഞാണ് വിരുന്നുകാര്‍ യാത്രയാവുക. എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയത്തില്‍ കാറ്ററിംഗ് കമ്പനികള്‍ വിളമ്പുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്കൊടുവില്‍  പുഡ്ഢിങ്ങും ഐസ്ക്രീമും കഴിച്ച് സ്ഥലംവിടുന്ന ഇന്നത്തെ തലമുറയ്ക്ക്, ഈ രീതി പരിചിതമാവാനിടയില്ല.

വരന്‍റെ വീട്ടില്‍ വെച്ചു നടക്കുന്ന വിവാഹാനന്തരചടങ്ങുകളില്‍, ഭക്ഷണം പാചകം ചെയ്യുന്നത് ബന്ധുമിത്രാദികളായിരിക്കും.പനിനീര്‍ തളിച്ച് കൊണ്ട് വധൂവരന്മാരെ സ്വീകരിക്കുമ്പോള്‍ പന്തലില്‍ പ്രധാനസ്ഥലത്ത് വെള്ളയും കരിമ്പടവും വിരിക്കും. സമീപത്ത് കത്തിച്ച നിലവിളക്കും ഒരു കിണ്ടിയില്‍ വെള്ളം നിറച്ചതും ഉണ്ടാവും. കരിമ്പടം,ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും പ്രലോഭനങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോള്‍ ധവളനിറം വിജയവും പരിശുദ്ധിയും  സൂചിപ്പിക്കുന്നു. വധൂവരന്മാര്‍ മണവറയിലേക്ക് പ്രവേശിക്കുക, അവര്‍ യാത്ര തിരിക്കുമ്പോള്‍ അമ്മ ശകുനം വരിക, വധുവിന്‍റെ അമ്മയ്ക്ക് കച്ച സമ്മാനിക്കുക തുടങ്ങിയ ചടങ്ങുകളെല്ലാം ( ഇവയെല്ലാം നാടുവാണിരുന്ന ചേരമാന്‍ പെരുമാളില്‍ നിന്നും ക്നായി തൊമ്മന്‍ നേടിയെടുത്ത പദവികളും അവകാശങ്ങളുമാണ് ) ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കുന്ന പതിവ് ആദ്യകാലങ്ങളില്‍ സുറിയാനി   ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നെങ്കിലും സഹന്നദോസ് പിന്നീടതിന് വിലക്കേര്‍പ്പെടുത്തി. എങ്കിലും യാത്രകള്‍ക്ക് രാഹുകാലം നോക്കുന്ന പതിവ് ഇന്നും തുടരുന്നുണ്ട്.

ആധുനികതയെ ഇരുകൈകളും നീട്ടി വാരിപ്പുണരാന്‍ വെമ്പുന്ന പുതിയ തലമുറ തങ്ങളുടെ തനതായ പാരമ്പര്യവും വ്യക്തിത്വവും കാത്ത് സൂക്ഷിക്കുന്നതില്‍ ഒട്ടും തല്പരരല്ല തന്നെ. അണുകുടുംബങ്ങളുടെ വളര്‍ച്ച, ആധുനിക വിദ്യാഭ്യാസരീതിയുടെ സ്വാധീനം, തൊഴില്‍ മേഖലയിലുണ്ടായ മാറ്റം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നിങ്ങനെ വിവിധഘടകങ്ങള്‍ പരമ്പരാഗതമായ ആചാരങ്ങള്‍ പിന്തുടരുന്നതിന് തടസ്സമായി തീര്‍ന്നു. എന്നിരുന്നാലും തിരക്കേറിയ ജീവിതചര്യകള്‍ക്കിടയില്‍ വല്ലപ്പോഴുമെങ്കിലും, ഇങ്ങനെയും ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും.
                                                                                                                 O
ഫോണ്‍ - 9497778283

4 comments:

  1. കേരളപഴമ നിറഞ്ഞു നില്‍ക്കുന്ന ബ്ലോഗ്‌.......

    ReplyDelete
  2. madhurikkunna ormakal


    Jose

    ReplyDelete

Leave your comment