Monday, December 27, 2010

പൊരുതി നേടിയ പിറന്നാള്‍ സമ്മാനം

നിധി അലക്സ്.എം.നൈനാന്‍              

                           ഞ്ജിത് സിംഗ് ഗേക്ക് വാദ്  ആഹ്ലാദത്തിലാണ്. തരളിതമായ തന്‍റെ ബാല്യത്തിന് ഉല്ലാസത്തിന്‍റെ നിറക്കൂട്ടുകള്‍ സമ്മാനിച്ച ചങ്ങാതിയെ തിരികെ ലഭിച്ചതിന്‍റെ ആഹ്ലാദം. ബാല്യത്തില്‍ ലഭിക്കുകയും യൌവനത്തില്‍ നഷ്ടപ്പെടുകയും ചെയ്ത വിലപിടിപ്പുള്ള ഈ ചങ്ങാതിയെ സ്വന്തമാക്കാന്‍ വാര്‍ധക്യത്തില്‍ അദ്ദേഹത്തിന്  ഒരു നിയമയുദ്ധം തന്നെ വേണ്ടി വന്നു.
രഞ്ജിത് സിംഗ്ആ കഥ പറയും മുന്‍പ്,കാലത്തിന്‍റെ സൂചി നമുക്ക് എഴുപതു വര്‍ഷം പിന്നിലേക്ക്‌ തിരിച്ചു വെക്കേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ്‌ 23 ലേക്ക്. അന്നായിരുന്നു രഞ്ജിത് സിംഗിന്‍റെ അഞ്ചാം ജന്മദിനം.രഞ്ജിത് സിംഗ് ആരാണെന്നല്ലേ ? നാട്ടുരാജ്യമായ ബറോഡയിലെ പ്രതാപ്സിംഗ് ഗേക്ക് വാദ്  മഹാരാജാവിന്‍റെ എട്ടുമക്കളില്‍ ഏറ്റവും ഇളയസന്താനം.ലക്ഷ്മിവിലാസ് കൊട്ടാരംരാജകുടുംബം താമസിക്കുന്ന ലക്ഷ്മിവിലാസ് കൊട്ടാരവും പരിസരവും ജന്മദിനാഘോഷ ലഹരിയില്‍ മുങ്ങിയിരിക്കുന്നു. ചടങ്ങുകളില്‍ നിറസാന്നിധ്യമായി വിദേശീയരുള്‍പ്പെട്ട അതിഥികളുടെ സഞ്ചയം. പെട്ടെന്നാണ് ഉച്ചത്തില്‍ ചൂളംമുഴക്കി ഒരു തീവണ്ടി എങ്ങുനിന്നോ ഓടിക്കിതച്ചു കൊട്ടാരമുറ്റത്തെത്തിയത്. കാര്യമെന്തെന്നറിയാതെ അതിഥികള്‍ തെല്ലമ്പരന്നെങ്കിലും മഹാരാജാവ് പുത്രനു നല്‍കിയ ജന്മദിനസമ്മാനമാണെന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ അത്ഭുതം കൂറി.
ലോകത്തൊരു പിതാവും നല്‍കിയിട്ടില്ലാത്ത അപൂര്‍വവും അമൂല്യവുമായ ജന്മദിനസമ്മാനമാണ്‌ പ്രതാപ്സിംഗ് മകനായ രഞ്ജിത് സിംഗിന്  നല്‍കിയത്. ആവിഎഞ്ചിനും മൂന്ന് ബോഗികളുമുള്ള തീര്‍ത്തും പ്രവര്‍ത്തനക്ഷമമായ ആ കൊച്ചുതീവണ്ടി ഒരു യഥാര്‍ത്ഥ തീവണ്ടിയുടെ തനിപകര്‍പ്പ് തന്നെയായിരുന്നു.


ഭാരതത്തിലെ 
ഏറ്റവും സമ്പന്നമായ നാട്ടുരാജ്യമായിരുന്നു
ബറോഡ ( ഇന്നത്തെ വഡോദര ).അവിടം ഭരിച്ചിരുന്ന 
ഗേക്ക് വാദ് രാജാക്കന്മാരുടെ ഉള്‍ക്കാഴ്ചയുള്ള ഭരണമാണ്‌
ബറോഡയ്ക്ക്  ഇന്നുള്ള പ്രൌഡികള്‍ നേടിക്കൊടുത്തത്. 
പ്രശസ്ത ചിത്രകാരന്‍ രാജരവിവര്‍മ്മ പത്തുവര്‍ഷത്തോളം 
ലക്ഷ്മിവിലാസ് രാജകൊട്ടാരത്തില്‍ താമസിച്ചു ചിത്രരചന 
നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തചിത്രങ്ങളധികവും 
രചിക്കപ്പെട്ടത്‌ ഇവിടെ വെച്ചാണ്. ഡോ.ബി.ആര്‍.അംബേദ്‌കര്‍ക്ക്
താങ്ങും തണലും നല്‍കിയതും അദ്ദേഹത്തെ 
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തയച്ചതും
പ്രതാപ്സിംഗ് ഗേക്ക് വാദാണ്.
രാജഭരണം ഇന്നും തുടര്‍ന്നിരുന്നെങ്കില്‍ രഞ്ജിത് സിംഗ് 
ആയിരുന്നേനെ ഇപ്പോഴത്തെ 
മഹാരാജാവ്.  


തീവണ്ടിയെക്കുറിച്ചു  പറയുമ്പോള്‍ രഞ്ജിത് സിംഗിന്‍റെ  ഓര്‍മ്മകളില്‍ ഇന്നും സുഗന്ധം. "മധുരസ്മരണകളുടെ ഉറവിടമാണ് എനിക്ക് ഈ തീവണ്ടി. കുട്ടികളായ ഞങ്ങള്‍ അതില്‍ നടത്തിയിട്ടുള്ള യാത്രകള്‍ .... അച്ഛന്‍ മഹാരാജാവ് തന്നെ,ഒരിക്കല്‍ ടിക്കറ്റ് വില്പ്പനക്കാരനായി വന്നത് ... റെയില്‍വേ കാബിനിലിരുന്ന് എനിക്കും സഹോദരങ്ങള്‍ക്കും ടിക്കറ്റ് സ്റ്റാമ്പ് ചെയ്തു തന്നത്. വളരെ വികാരഭരിതമായ ഒരു ബന്ധമാണ് എനിക്കതിനോടുള്ളത്". - അദ്ദേഹം പറയുന്നു.

കഷ്ടിച്ച് പത്ത് ഇഞ്ചു മാത്രം വീതിയുള്ള പാളങ്ങളിലൂടെ ഒരു ഡസന്‍ ആളുകളുമായി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലായിരുന്നു തീവണ്ടിയുടെ സഞ്ചാരം. തീവണ്ടിയുടെ അന്നത്തെ വിലയാകട്ടെ സുമാര്‍ ഒന്നേ കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയും.
ബറോഡ രാജാവിനു വേണ്ടി ഈ തീവണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചത് ലണ്ടനിലെ പ്രശസ്തമായ 'റോയല്‍ ലോക്കൊമോട്ടീവ്സ്' എന്ന തീവണ്ടി നിര്‍മ്മാണകമ്പനിയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി 1938  ജൂണ്‍ മാസത്തില്‍ തീവണ്ടി കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ എത്തിച്ചു. കൊട്ടാരമുറ്റത്ത് നിന്നും മൃഗസംരക്ഷണകേന്ദ്രം വരെയും ഉദ്യാനത്തിലൂടെ രണ്ട് കിലോമീറ്റര്‍  അകലെ സ്കൂള്‍മുറ്റം വരെയും തീവണ്ടിയുടെ സഞ്ചാരപഥം നിര്‍ണയിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്നും തൊഴിലാളികള്‍ നേരിട്ടെത്തിയാണ് ട്രാക്കുകളും അനുബന്ധജോലികളും പൂര്‍ത്തിയാക്കിയത്.ആദ്യനാളുകളില്‍ രാജകുമാരന്മാരുടെ ഉല്ലാസയാത്രകള്‍ക്ക് മാത്രമായി  തീവണ്ടി ഉപയോഗപ്പെടുത്തിയെങ്കിലും ക്രമേണ അവരുടെ ജീവിതചര്യയുടെ തന്നെ ഭാഗമായി അതുമാറി. രഞ്ജിത് സിംഗിന്‍റെയും ഏഴു സഹോദരങ്ങളുടെയും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര, തീവണ്ടി മാര്‍ഗ്ഗമാക്കിയത് മഹാരാജാവാണ്‌. മുമ്പ് വാല്യക്കാരോടൊപ്പം സ്കൂളിലേക്ക് പോയിരുന്ന കുമാരന്മാര്‍ മിക്കപ്പോഴും ക്ലാസ്സില്‍ കയറാതെ ഉദ്യാനത്തില്‍ കറങ്ങി നടക്കുകയായിരുന്നു പതിവ്. ഇത് പറയുമ്പോള്‍ രഞ്ജിത് സിംഗിന്‍റെ മുഖത്ത് കുസൃതി നിറഞ്ഞ ചിരി. യാത്ര തീവണ്ടിയിലേക്ക് മാറ്റിയതോടെ ക്ലാസ് ബഹിഷ്കരണം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടി വന്നു. കാരണം കൊട്ടാരമുറ്റത്ത് നിന്നും തിരിക്കുന്ന തീവണ്ടിക്ക്  ഒരേയൊരു സ്റ്റോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ - സ്കൂള്‍ മുറ്റത്ത്.  എന്നാല്‍ തീവണ്ടിയാത്ര ഹരമായി മാറിയതോടെ സ്കൂള്‍മുടക്കം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത് സിംഗിന്‍റെ സാക്ഷ്യപത്രം.
കുമാരന്മാരുടെ സ്കൂള്‍ വിദ്യാഭ്യാസകാലത്തിനു ശേഷം ഉല്ലാസയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന തീവണ്ടി അവര്‍ മുതിര്‍ന്നതോടെ നിശ്ചലമായി.കാലം കടന്നു പോയി. തീവണ്ടി ഉപയോഗമില്ലാതെ കൊട്ടാരത്തിന്‍റെ പോര്‍ട്ടിക്കോയില്‍ ദീര്‍ഘകാലം ആലസ്യത്തിലാണ്ടുകിടന്നു.അപ്പോഴാണ്‌ നഗരത്തിലെ 'സായാജിറാവു' പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്ക് ഉല്ലസിക്കാനായി അതു വിട്ടുകൊടുത്താലോ എന്ന് രാജകുടുംബം ചിന്തിച്ചത്. കോര്‍പ്പറേഷന്‍ അധികാരികളെ വിളിച്ചു വരുത്തി തീവണ്ടി കൈമാറാനുള്ള തീരുമാനം അറിയിച്ചു. 1959 - ലായിരുന്നു ഇത്. ഉദ്ദേശ്യം രണ്ടുലക്ഷം രൂപ വിലമതിപ്പുള്ള തീവണ്ടി ഒരു നാമമാത്രവിലയെന്ന നിലയില്‍ കേവലം 25000 രൂപ രാജാവിന്‍റെ സെക്രട്ടറിക്കു നല്‍കി ഏറ്റുവാങ്ങിയ രേഖകള്‍ ബറോഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇന്നുമുണ്ട്. തുടര്‍ന്ന്,നഗരമധ്യത്തില്‍ തന്നെയുള്ള സായാജിറാവു പാര്‍ക്കില്‍ തീവണ്ടി തന്‍റെ പ്രയാണം പുനരാരംഭിച്ചു.
സയാജിറാവു പാര്‍ക്കില്‍വിശ്രമമെന്തെന്നറിയാതെ മൂന്ന് പതിറ്റാണ്ടുകള്‍! പാര്‍ക്കിനുള്ളില്‍ തീവണ്ടി  ചുറ്റിയടിക്കുമ്പോള്‍ മറ്റെല്ലാം മറന്നു ഹരംപിടിച്ചു നോക്കി നില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. ഒരിക്കല്‍ സവാരി തരപ്പെടുമ്പോഴുള്ള കുട്ടികളുടെ ആഹ്ലാദാരവങ്ങള്‍. നഗരത്തിലെ കുട്ടികളുടെ ഇഷ്ടതോഴനായി തീവണ്ടി മാറി. ബറോഡയിലെ ചെറുപ്പക്കാര്‍ക്ക് ഇന്നും നൊസ്റ്റാള്‍ജിയയാണ്  ഈ കൊച്ചുതീവണ്ടി.കാലം കഴിഞ്ഞതോടെ തീവണ്ടിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടു തുടങ്ങി. 1990-ല്‍ ബോയിലര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉപയോഗശൂന്യമായി,തീര്‍ത്തും രോഗാതുരനായി മാറി,രഞ്ജിത് സിംഗിന്‍റെ ഈ കൊച്ചുതീവണ്ടി. ഇവിടെത്തന്നെ അതു നേരേയാക്കാനുള്ള ഉദ്യമങ്ങള്‍ താല്‍ക്കാലികമായി വിജയിച്ചെങ്കിലും 1993  അവസാനത്തോടെ തീവണ്ടി തന്‍റെ അവസാന വിസിലൂതി. തുടര്‍ന്ന്,ഏഴുലക്ഷം രൂപ ചെലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ സംഘടിപ്പിച്ചു യാത്ര തുടര്‍ന്നെങ്കിലും ആദ്യവണ്ടിയുടെ ഒളിമങ്ങാത്ത അഴകും ആകാരസൌഭഗവും അതിനുലഭിച്ചില്ല. ഏറെനാള്‍ കഴിയുംമുമ്പ് ഡീസല്‍ എഞ്ചിനും പണിമുടക്കിയതോടെ തീവണ്ടി പാര്‍ക്കിന്‍റെ മൂലയിലേക്ക് തള്ളപ്പെട്ടു.ഇതിനിടെ 1989 - ല്‍ സഹോദരന്‍ ഫത്തേസിംഗിന്‍റെ മരണത്തോടെ മഹാരാജാവായി അവരോധിതനായിരുന്ന രഞ്ജിത് സിംഗ് തന്‍റെ  ബാല്യകാലകൌതുകങ്ങളുടെ മുഖ്യസ്രോതസ്സായിരുന്ന തീവണ്ടിക്ക് വന്നു ചേര്‍ന്ന ദുര്‍വിധി അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. വൈകാരികമായി തനിക്കു ഏറെ ബന്ധമുള്ള തീവണ്ടി നശിച്ചുപോകാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. 2000 -ല്‍ കൊട്ടാരംവക മ്യുസിയത്തില്‍ സംരക്ഷിക്കുന്നതിനായി തീവണ്ടി മടക്കിനല്‍കണമെന്ന് ബറോഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു. ഇത് വലിയ വിവാദമായി. ഒരിക്കല്‍ ദാനം നല്‍കിയ സമ്മാനം തിരികെ ചോദിക്കുന്നത് ഔചിത്യമല്ലാത്തതിനാല്‍ മടക്കി കൊടുക്കേണ്ടതില്ല എന്നായിരുന്നു കോര്‍പ്പറേഷന്‍ അധികാരികളുടെ തീരുമാനം. മാത്രമല്ല, ലണ്ടനില്‍നിന്നും ആളെവരുത്തി തീവണ്ടി ഉപയോഗയോഗ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. തീവണ്ടിയുടെ പുരാവസ്തുമൂല്യത്തിലാണ് രാജാവിന്‍റെ കണ്ണ് എന്നായിരുന്നു അവരുടെ ഭാഷ്യം.എന്നാല്‍ ഈ ആരോപണം ശക്തമായി  നിഷേധിച്ച  രാജാവ്,തീവണ്ടിയുടെ വൈകാരികമൂല്യമാണ് ഉയര്‍ത്തിക്കാട്ടിയത്. തീവണ്ടിയെച്ചുറ്റി വിവാദങ്ങള്‍ നീണ്ടു. ഒന്നിന് പുറകെ ഒന്നായി കേസുകളും തര്‍ക്കങ്ങളും നീണ്ടുപോയി. ഒടുവില്‍ 2003 ജൂണ്‍ മാസത്തില്‍ കോര്‍പ്പറേഷന്‍ അധികാരികളുടെ മനസ്സ്  മാറി. തീവണ്ടിയോടുള്ള രഞ്ജിത് സിംഗിന്‍റെ  വികാരപരമായ ബന്ധം മാനിച്ച് തീവണ്ടി, മഹാരാജാവിനു തന്നെ സൌജന്യമായി മടക്കികൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

അടിക്കുറിപ്പ് - ആവി എഞ്ചിനില്‍ ഓടുന്ന ലോകത്തിലെ ഏറ്റവും ചെറിയ തീവണ്ടി, സ്വകാര്യവ്യക്തിയുടെ കൈവശമുള്ള ഏക തീവണ്ടി എന്നീ  ബഹുമതികള്‍ രഞ്ജിത്ത്സിംഗിന്‍റെ തീവണ്ടിക്ക് സ്വന്തം.

                                                       O 
 ഫോണ്‍ : 9497778283

1 comment:

Leave your comment